

ജോർജ് ഓർവെൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് എഴുതിയ ഒരു കുറിപ്പുണ്ട്. ‘അനിമൽ ഫാം’ എന്ന വിഖ്യാതരചനയ്ക്ക് മുഖവുര എന്ന തരത്തിൽ എഴുതിയ ആ കുറിപ്പ് ’72-ലാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്.
അതിൽ ഒരു പത്രപ്രവർത്തകന് ധൈഷണിക ഭീരുത്വം (intellectual cowardice) ഒരിക്കലും ഉണ്ടായിരിക്കരുത് എന്ന് ഓർവെൽ പറയുന്നുണ്ട് (intellectual cowardice is the worst enemy a writer or journalist has to face).
ഏഴു പതിറ്റാണ്ടു നീണ്ട തന്റെ പത്രപ്രവർത്തന ജീവിതത്തിൽ തുടക്കം മുതൽ റ്റി.ജെ.എസ്. ജോർജ് ശ്രമിച്ചത് ധൈഷണിക ഭീരുത്വത്തിനു അടിപ്പെടാതിരിക്കാനാണ്. ധൈഷണികവും അതിലേറെ ധാർമികവുമായ ധൈര്യവും സത്യസന്ധതയും റ്റി.ജെ.എസിൽ ഉണ്ടായിരുന്നു. ഉയർന്ന ജേണലിസ്റ്റിക്ക് മൂല്യബോധം വെച്ചുപുലർത്തിയ റ്റി.ജെ.എസ്. വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. അതുകൊണ്ടാണ് റ്റി.ജെ.എസ്. സ്വതന്ത്ര ഇന്ത്യയിൽ ജയിലിലടക്കപ്പെട്ട ആദ്യ എഡിറ്റർ ആയത്. അധികാര രാഷ്ട്രീയത്തിന്റെ ധാർഷ്ട്യത്തെ അതിശക്തമായി റ്റി.ജെ.എസ്. എതിർത്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മേഖലകളുടെ സവിശേഷപ്രകൃതം (ethos) അറിയാൻ ജോർജിന്റെ കുറിപ്പുകൾ വായിച്ചാൽ മതിയാകും. റ്റി.ജെ.എസ്. ജോർജ് വരച്ചിട്ടത് ഇന്ത്യയുടെ ജീർണതയെയാണ്.
ഇന്ത്യ സ്വതന്ത്ര റിപ്പബ്ലിക്കായി മാറി മൂന്നു വർഷം കഴിഞ്ഞപ്പോൾ (1950) റ്റി.ജെ.എസ്. ബോംബെയിലെ ‘ദ് ഫ്രീ പ്രസ് ജേണലി’നുവേണ്ടി എഴുതി തുടങ്ങി. നെഹ്രുവിന്റെ സമഗ്രവും നീതിപൂർണവുമായ ദേശീയ വികസനത്തിൽ റ്റി.ജെ.എസ്. പങ്കാളിയായത് പത്രപ്രവർത്തനത്തെ വെറുമൊരു തൊഴിലായി കണ്ടു കൊണ്ടായിരുന്നില്ല. പത്രപ്രവർത്തനത്തെ വലിയ ഉത്തരവാദിത്വമായി റ്റി.ജെ.എസ്. കണ്ടു. രാജ്യത്തിനു ദിശാബോധം നഷ്ടമാകുന്നു എന്ന് തോന്നിയപ്പോഴൊക്കെ റ്റി.ജെ.എസ്. ശക്തമായി പ്രതികരിച്ചു. പുതിയ പ്രസിദ്ധീകരണങ്ങൾ തുടങ്ങി. എഡിറ്ററായി. ഏഷ്യാവീക്ക് ഓർക്കുക. സാഹസികമായി ചരക്കു കപ്പലിൽ യാത്ര ചെയ്തു അന്യദേശങ്ങൾ കണ്ടു. മറ്റുള്ളവരുടെ സർഗാത്മക പത്രപ്രവർത്തനത്തിനെ പ്രോത്സാഹിപ്പിച്ചു. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മേഖലകളെ നയിച്ചവരുമായി അടുത്ത ബന്ധം സ്ഥാപിച്ചു. മാനവിക മൂല്യങ്ങളെ ഹൃദയത്തോട് ചേർത്തുപിടിച്ച് ജാഗരൂകനായി റ്റി.ജെ.എസ്. മുന്നേറി.
***
പന്തളത്തിനടുത്തുള്ള തുമ്പമണിൽ ജനിച്ച തയ്യിൽ ജേക്കബ് സോണി ജോർജ് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി, 20-ാം വയസ്സിൽ ബോംബെയിലെ ദ് ഫ്രീ പ്രസ് ജേണലിൽ ചേരുമ്പോൾ, ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽനിന്നും സ്വാതന്ത്ര്യം നേടിയ ആവേശത്തിലായിരുന്നു. ഇന്ത്യ-പാക് വിഭജനത്തിലുണ്ടായ ചോരപ്പുഴയും ഗാന്ധിജിയെ വെടിവെച്ചു കൊന്നതും കണ്ടാണ് റ്റി.ജെ.എസ്. തന്റെ കരിയർ തുടങ്ങുന്നത്. അതുകൊണ്ടാകാം റ്റി.ജെ.എസ്. ജീവിതാന്ത്യം വരെ സമൂഹത്തിന്റെ ഏറ്റവും കൊടിയ വിഷമായി മതസ്പർദ്ധയെ കണ്ടത്.
ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനുവേണ്ടി കാൽനൂറ്റാണ്ട് കാലയളവിൽ എഴുതിയ ‘Point of View’ എന്ന പംക്തിയിൽ ഏതാണ്ട് ആയിരത്തിമുന്നൂറോളം കുറിപ്പുകളുണ്ട്. എഴുത്തിൽ റ്റി.ജെ.എസ്. ‘പ്രോലിഫിക്ക്’ ആയിരുന്നു. നർഗീസ്, എം.എസ്. സുബ്ബലക്ഷ്മി, വി.കെ. കൃഷ്ണമേനോൻ, പോത്തൻ ജോസഫ്, ലീ ക്വാൻ യൂ (സിംഗപ്പൂരിന്റെ ആദ്യ പ്രധാനമന്ത്രി) എന്നിവരുടെ ജീവചരിത്രവും എഴുതി. ബെംഗലൂരുവിൽ സ്ഥിരതാമസമാക്കിയ റ്റി.ജെ.എസ്. ആ നഗരത്തെക്കുറിച്ചും രസകരമായ ഒരു പുസ്തകം രചിച്ചു. മലയാളത്തിൽ എഴുതിയ ‘ഘോഷയാത്ര’ എന്ന ആത്മകഥ പത്രപ്രവർത്തന വീര്യത്തിന്റേയും പോരാട്ടത്തിന്റേയും കഥ കൂടിയാണ്.
സാംസ്കാരിക ലോകത്തിന്റെ സ്പന്ദനങ്ങളെ സൂക്ഷ്മമായി നീരിക്ഷിക്കുകയും അവയെ വിമർശനാത്മകമായി സമീപിക്കുകയും ചെയ്ത റ്റി.ജെ.എസിന്റെ ഉദ്യമങ്ങൾക്ക് വിശാലമായ വായന കരുത്തേകി. സർഗാത്മക വിമർശത്തിൽ പരിഹാസത്തിനു വലിയ പങ്കുണ്ടല്ലോ. ‘The Dismantling of India’ എന്ന പുസ്തകത്തിൽ ഇന്ത്യയിലെ 35 വ്യക്തിത്വങ്ങളുടെ ചിത്രണമുണ്ട്. പരിഹാസവും നർമവും കൂടിക്കലരുന്ന അസാധാരണ കൃതിയാണത്. പതിറ്റാണ്ടുകളിലൂടെ ഇന്ത്യയുടെ സാമൂഹ്യ അപചയത്തെ നേരിൽ കണ്ട റ്റി.ജെ.എസിന് എഴുത്ത് ഒരേസമയം പ്രതിരോധവും പ്രതിഷേധവുമായിരുന്നു.
അഴിമതി എല്ലാ മേഖലകളേയും കീഴടക്കുന്നതും മതവിദ്വേഷം നോർമലായ മനഃസ്ഥിതിയായി അംഗീകരിക്കപ്പെടുന്നതും നീതിന്യായ വ്യവസ്ഥിതി തകരുന്നതും നോക്കിക്കണ്ടാണ് റ്റി.ജെ.എസ്. വിടവാങ്ങുന്നത്. ‘Point of View’ എന്ന പംക്തിയുടെ അവസാന കുറിപ്പിൽ (2022 ജൂൺ) പത്രപ്രവർത്തകർ അവരുടെ പോരാട്ടം തുടരട്ടെ എന്ന് റ്റി.ജെ.എസ്. ആശിക്കുന്നുണ്ട്. ബഷീറിയൻ രീതിയിൽ ‘ശുഭം’ എന്ന് കുറിക്കുന്നുമുണ്ട്.
ഇന്ത്യയെ കുറിച്ചുള്ള തന്റെ സ്വപ്നത്തിന്റെ മരണം കാണാൻ ജീവിച്ച ഒരു പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു റ്റി.ജെ.എസ്. എങ്കിലും ഇന്ത്യയുടെ വൈവിധ്യം റ്റി.ജെ.എസിന് പ്രത്യാശ നൽകി. സ്വാതന്ത്ര്യം ഭാരമായി മാറുമ്പോൾ, സ്വാതന്ത്ര്യത്തെ ഭയപ്പെടുന്ന ഒരു ഘട്ടത്തിലേക്ക് നമ്മൾ നീങ്ങുമ്പോൾ റ്റി.ജെ.എസിനെപ്പോലെയൊരു പത്രപ്രവർത്തകൻ ഇനിയുണ്ടാകുമോ എന്ന ചോദ്യം ബാക്കിനിൽക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates