റ്റി.ജെ.എസിന്റെ ഏഷ്യാവീക്ക് കാലം; രസകരവും സാഹസികവും ആയ ഹോങ്കോങ്ങ് കഥകളിലൂടെ

Image of TJS George
റ്റി.ജെ.എസ്. ജോര്‍ജ്Samakalika Malayalam
Updated on
6 min read

റ്റി.ജെ.എസിനെ ഞാനാദ്യം അറിയുന്നത് കേട്ടുകേഴ്‌വിയിലൂടെയാണ്. എന്റെ മുതിർന്ന ബന്ധുക്കളായ എം.പി. ഗോപാലനും എം.പി. നാരായണപിള്ളയും പറഞ്ഞുതന്ന രസകരവും സാഹസികവും ആയ ഹോങ്കോങ്ങ് കഥകളിലൂടെ. ഞാൻ അവർക്ക് ഇളമുറക്കാരനായിരുന്നതിനാൽ സാഹസിക കഥകളുടെ പല വിശദാംശങ്ങളും അവർ എന്നോട് വെളിപ്പെടുത്തിയിട്ടില്ലായിരിക്കാം.

പക്ഷേ, കേട്ട കഥകളിൽനിന്നുതന്നെ റ്റി.ജെ.എസ് ഒരു ഹീറോ ആയി എന്റെ മനസ്സിൽ രൂപപ്പെട്ടിരുന്നു.

Image of PKV and TJS
പി.കെ.വിയും റ്റി.ജെ.എസുംSamakalika Malayalam

എന്റെ അച്ഛന്റേയും (പി. ഗോവിന്ദപ്പിള്ള) ചിറ്റപ്പന്റേയും (പി.കെ.വി) അടുത്ത ചങ്ങാതി ആയിരുന്നു റ്റി.ജെ.എസ്. കാരണവന്മാർ ജീവിച്ചിരുന്ന കാലത്ത് പുല്ലുവഴിയിലെ ഞങ്ങളുടെ മിക്കവാറുമെല്ലാ കുടുംബ ചടങ്ങുകളിലും നിത്യസാന്നിധ്യമായിരുന്നു അദ്ദേഹവും ഭാര്യ അമ്മുച്ചേച്ചിയും. കുടുംബത്തിലെ കാരണവന്മാരെല്ലാം കാലയവനികയ്ക്ക് പിന്നിലേയ്ക്ക് പോയശേഷം 2016-ൽ എന്റെ മകളുടെ വിവാഹത്തിനു തലേന്നുതന്നെ അമ്മു ചേച്ചിയുമായി എത്തിയപ്പോൾ തന്റെ അവശേഷിച്ച കുടുംബ കാരണവനായി ആണ് താൻ ബാംഗ്ലൂരിൽ നിന്നെത്തിയതെന്ന് അദ്ദേഹം പറഞ്ഞത് മറക്കാനാവില്ല. റ്റി.ജെ.എസിന്റെ സ്വന്തം നാട് എന്റെ അമ്മയുടെ സ്വദേശമായ പന്തളത്തിനടുത്ത് തുമ്പമൺ ആയിരുന്നതും ഞങ്ങളുടെ ഒരു പൊതുഘടകമായി. കുറച്ചുകാലമായി അദ്ദേഹത്തെ വിളിച്ചാൽ ഫോൺ എടുത്തിരുന്നത് അമ്മുച്ചേച്ചി ആയിരുന്നു. പല നാടുകളിലൂടെ ഒട്ടേറെ കയറ്റവും ഇറക്കവും കണ്ട സുദീർഘമായ ജീവിതയാത്രയിൽ തന്റെ പ്രിയപ്പെട്ട നിത്യസഹചാരി ആയിരുന്ന ഭാര്യയുടെ മരണശേഷം സന്ദർശകരെ കാണുമെങ്കിലും റ്റി.ജെ.എസ് പൂർണമായും തന്നിലേക്ക് ഒതുങ്ങിക്കൂടിയിരുന്നു. ഞങ്ങൾക്ക് പിന്നീട് പരസ്പരം സംസാരിക്കാൻ കഴിഞ്ഞില്ല. ബാംഗ്ലൂരിൽ ചെന്ന് കാണണമെന്ന് വിചാരിച്ചെങ്കിലും നടന്നില്ല.

ദീർഘകാലം അമേരിക്കയിലെ മാധ്യമപ്രവർത്തനത്തിനുശേഷം കുറച്ച് വർഷമായി കോവളത്ത് താമസിക്കുന്ന അദ്ദേഹത്തിന്റെ അനുജൻ റ്റി.ജെ. മാത്യുവും അടുത്ത് മാത്രം അന്തരിച്ച അമേരിക്കക്കാരി ഭാര്യ സാലിയും എന്റെ സുഹൃത്തുക്കളാണ്. കോവളത്ത് മത്സ്യതൊഴിലാളി കുടുംബങ്ങളിൽനിന്നുള്ള ചെറപ്പക്കാരെ കൂട്ടി ഒരു ഒന്നാംതരം ഫുട്‌ബോൾ ക്ലബ്ബ് അവർ നടത്തുന്നുണ്ടായിരുന്നു. റ്റി.ജെ.എസ് വരുമ്പോഴും അല്ലാതേയും കടൽത്തീരത്തെ അവരുടെ മനോഹരമായ വസതിയിൽ ഞങ്ങൾ കൂടി. ഒക്ടോബർ മൂന്നിനു വൈകുന്നേരം അനി എന്നു വിളിക്കുന്ന മാത്യു ആണ് റ്റി.ജെഎസ് യാത്രയായ വിവരം ഒറ്റവരി സന്ദേശത്തിലൂടെ അറിയിച്ചത്: “TJS had a cardiac arrest last night and passed on.”

Image of MG Radhakrishnan
എം.ജി. രാധാകൃഷ്ണന്‍ https://rolibooks.com/

ഗോപാലൻ കൊച്ചച്ഛന്റേയും നാണപ്പൻ ചേട്ടന്റേയും കഥകളിൽ എന്നെ ഏറ്റവും അതിശയപ്പെടുത്തിയത് കേരളത്തിലെ കുഗ്രാമങ്ങളിൽ ജനിച്ചുവളർന്ന് വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാതെ തന്നെ ഹോങ്കോങ്ങിൽ ചെന്നെത്തിയ ആ മലയാളികൾ പാശ്ചാത്യർ ഭരിച്ചിരുന്ന അവിടുത്തെ ആഗോളമാധ്യമ ലോകത്ത് പ്രധാന ചുമതലക്കാർ ആയതിനെപ്പറ്റിയായിരുന്നു. പുല്ലുവഴിക്കാരായ ഗോപാലനും നാണപ്പൻ എന്ന നാരായണപിള്ളയും പറവൂർക്കാരൻ കെ.പി. പിള്ളയും പുന്നപ്രക്കാരൻ പി. വിശ്വനാഥനും തിരുവനന്തപുരത്തെ ആർ.പി. നായരും ഹോങ്കോങ് ഗോപിയും ഒക്കെപ്പെടുന്നു. ഇക്കൂട്ടത്തിൽ തുമ്പമൺപോലെയൊരു കൊച്ചുഗ്രാമത്തിലായിരുന്നു ജനനം എങ്കിലും പിന്നീട് കൈവന്ന ഉന്നത അനുഭവങ്ങളുമായി എത്തിയത് റ്റി.ജെ.എസ് മാത്രമായിരുന്നു. മദിരാശി നഗരത്തിലെ ക്രിസ്ത്യൻ കോളേജിൽ വിദ്യാഭ്യാസവും ബോംബെയിലും ദില്ലിയിലും പാട്‌നയിലും അന്നത്തെ ഏറ്റവും പ്രധാന ഇംഗ്ലീഷ് പത്രങ്ങളിൽ പ്രവൃത്തിയും പ്രാമാണികരായ മാധ്യമപ്രവർത്തകരുമായുള്ള ബന്ധവും ബീഹാറിൽ സെർച്ച്‌ലൈറ്റ് പത്രാധിപരായിരുന്ന കാലത്ത് മുഖ്യമന്ത്രിയുമായി ഇടഞ്ഞ് അനുഭവിച്ച പ്രശസ്തമായ ജയിൽവാസവും ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിട്ട്യൂട്ടിലെ സേവനപരിചയവും ഒക്കെ അതിനകം അദ്ദേഹം പിന്നിട്ടിരുന്നു. സ്വാഭാവികമായും ആ മലയാളിക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമായ മാധ്യമ ജീവിതത്തിന് ഉടമയായതും അദ്ദേഹമായി. നിരീക്ഷണബുദ്ധിയും നർമവും നിറഞ്ഞ അതിഗംഭീരമായ എഴുത്തിനു പുറമേ ജീവിതത്തിലും തൊഴിലിലും ഉടനീളം പുലർത്തിയ ആർജവം, സത്യസന്ധത, അധികാരികളോട് മുഖം നോക്കി അഭിപ്രായം പറഞ്ഞ ധീരത, അഭിപ്രായസ്വാതന്ത്ര്യത്തിനായുള്ള ഒത്തുതീർപ്പില്ലാത്ത നിലപാട് എന്നിവയും റ്റി.ജെ.എസിനെ അനന്യൻ ആക്കുന്നു. കൃഷ്ണമേനോനും നർഗീസും എം.എസ്. സുബ്ബലക്ഷ്മിയും പോത്തൻ ജോസഫും ഉൾപ്പെടെയുള്ളവരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ജീവചരിത്രങ്ങളിൽ ആ വ്യക്തിത്വങ്ങളിലെ കറുപ്പും വെളുപ്പും അവരുടെ കഥയും കാലവും മഴവിൽനിറങ്ങളോടെ നിറഞ്ഞു. അവ ഒന്നും സ്തുതിഗീതങ്ങളായിരുന്നില്ല. സ്വേച്ഛാധിപതികളെ അദ്ദേഹം നിശിതമായി വിചാരണ ചെയ്തു. കപടനാട്യക്കാരെ കശക്കിവിട്ടു.

Image of BRP
ബി.ആര്‍.പി. ഭാസ്കര്‍ Google

സ്വാതന്ത്ര്യസമരത്തിലും പത്രപ്രവർത്തനത്തിലും സജീവമായിരുന്ന ബാരിസ്റ്റർ ജോർജ് ജോസഫ്, സഹോദരൻ പോത്തൻ ജോസഫ്, ഹിന്ദുസ്ഥാൻ ടൈംസ് സ്ഥാപക പത്രാധിപർ സർദാർ കെ.എം. പണിക്കർ, ഹിന്ദു പത്രാധിപർ കരുണാകരമേനോൻ, മദ്രാസ് സ്റ്റാൻഡേർഡ് പത്രാധിപർ ടി.എം. നായർ, പേട്രിയറ്റ്, ലിങ്ക് എന്നിവ സ്ഥാപിച്ച എടത്തട്ട നാരായണൻ, സുഭാഷ് ബോസിന്റെ സഹപ്രവർത്തകനും വിവിധ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ പേരെടുത്തയാളുമായ എം. ശിവറാം, ഹിന്ദുസ്ഥാൻ ടൈംസ് നയിച്ച സി.പി. രാമചന്ദ്രൻ, ബി.ജി. വർഗീസ്, കാർട്ടൂണിസ്റ്റുകളായ ശങ്കർ, ഒ.വി. വിജയൻ എന്നിങ്ങനെ സ്വാതന്ത്ര്യ ലബ്ധിക്ക് മുന്‍പ് ജനിച്ച ഒട്ടേറെ കേരളീയർ നാടിന്റെ അതിര്‌വിട്ടു പറന്ന് ദേശീയതലത്തിലെ ഇംഗ്ലീഷ് മാധ്യമലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആ അതികായരുടെ പട്ടികയിലെ അവസാന കണ്ണികൾ ആയിരുന്നു കഴിഞ്ഞ വർഷം നമ്മെ വിട്ടുപോയ ബി.ആർ.പി. ഭാസ്‌കറും റ്റി.ജെ.എസും. ’90-കൾ പിന്നിട്ട ദീർഘായുസ്സ് അവസാനിക്കുന്നതുവരെ ഇവർ രണ്ടുപേരും ഊർജസ്വലമായ എഴുത്ത് തുടരുകയും ചെയ്തു. ഇവർ കൂടി കഥാവശേഷർ ആയതോടെ ഒരു യുഗം അവസാനിക്കുകയാണ്.

അന്താരാഷ്ട്ര മാധ്യമലോകത്ത് റ്റി.ജെ.എസ് നൽകിയ സംഭാവന മറ്റ് പ്രശസ്ത ഇന്ത്യൻ മാധ്യമ പ്രവർത്തകരിൽ അദ്ദേഹത്തെ അനന്യൻ ആക്കുന്നു. ഏഷ്യാവീക്കിനെപ്പോലെ ഒരു ഇംഗ്ലീഷ് പ്രസിദ്ധീകരണം വിദേശത്ത് ആരംഭിച്ച് അന്താരാഷ്ട്ര നിലവാരവും പ്രചാരവും ഉറപ്പിക്കാൻ കഴിഞ്ഞ മറ്റൊരു ഇന്ത്യൻ പത്രപ്രവർത്തകൻ ഉണ്ടോ എന്ന് സംശയമാണ്. മാത്രമല്ല, ആഗോള മാധ്യമരംഗത്തെ പാശ്ചാത്യ ആധിപത്യത്തെ നിരന്തരം ചെറുത്തുകൊണ്ട് ഏഷ്യൻ വീക്ഷണം ഉയർത്തിപ്പിടിക്കാൻ അദ്ദേഹം അതിലൂടെ ശ്രമിക്കുകയും ചെയ്തുവെന്നതും സുപ്രധാനമാണ്.

പത്രപ്രവർത്തകർക്ക് പൊതുവെ സഹജമായ പൊങ്ങച്ചം പറയൽ തൊട്ട്തീണ്ടാത്ത ആളായിരുന്നു അദ്ദേഹം. ഞാൻ പലതവണ നിർബന്ധിച്ചിട്ടും സ്വന്തം കഥാകഥനത്തിൽനിന്നു ബോധപൂർവം വഴുതിപ്പോകുമായിരുന്നു. കണ്ണടയ്ക്കുള്ളിലെ ആ കൂർത്ത് തിളങ്ങുന്ന കണ്ണുകളിൽ ഒരു കുസൃതിച്ചിരിയോടെ ആ ബുൾഗാനിൻ താടി തടവി അദ്ദേഹം വിഷയം മാറ്റിക്കളയും. ഒരിക്കലും ആത്മകഥ എഴുതില്ലെന്ന് വാശിപിടിച്ചു.

ബ്രിട്ടീഷ് പത്രാധിപന്മാരുടെ നേതൃത്വത്തിൽ നടത്തിയ ഹോങ്ങ്‌കോങ്ങിലെ പ്രശസ്തമായ ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂ ആയിരുന്നു റ്റി.ജെ.എസ് അടക്കം മേൽപ്പറഞ്ഞ മലയാളികൾ മിക്കവരും ഒത്തു പ്രവർത്തിച്ച ഇടം. അവിടെ രാഷ്ട്രീയ ലേഖകൻ ആയിട്ടാണ് 1960-കളുടെ അവസാനം റ്റി.ജെ.എസ് ചേർന്നത്. 1975-ൽ വിടുമ്പോൾ ഡെപ്യൂട്ടി എഡിറ്റർ. ഏഷ്യൻ രാജ്യങ്ങളിലെല്ലാം നിരന്തരം യാത്ര ചെയ്തുകൊണ്ട് അദ്ദേഹം ഒട്ടേറെ പ്രമുഖരെ അഭിമുഖം ചെയ്യുകയും ആ പ്രദേശങ്ങളിലെ ജീവിതകഥ പറയുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം 1946-ൽ തുടങ്ങിയ റിവ്യൂ പാശ്ചാത്യ നേതൃത്വത്തിലായിരുന്നെങ്കിലും ഏഷ്യൻ ജനകീയ കാഴ്ചപ്പാട് മുന്നോട്ട് വെച്ചു. മാത്രമല്ല, ജനാധിപത്യത്തിനായി പ്രാദേശിക ഭരണാധികാരികളുമായി സംഘർഷങ്ങളിൽ എർപ്പെടുകയും ചെയ്തു. അതിലൊന്നായി തന്നു സിംഗപ്പൂരിന്റെ അധൃഷ്യനും സ്വേച്ഛാധികാരിയുമായിരുന്ന പ്രധാനമന്ത്രി ലീ ക്വാൻ യൂവും റിവ്യൂവും തമ്മിൽ നടന്ന പ്രമാദമായ മാനനഷ്ടക്കേസ്. ഡെറിക് ഡേവിസ് എന്ന ശക്തനായ പത്രാധിപരുടെ കാലത്ത് ആയിരുന്നു ഇത്. കേസിൽ ലീ ക്വാൻ യൂ ജയിച്ചെങ്കിലും ആരും ഭയക്കുന്ന സ്വേച്ഛാധിപതിയെ കോടതിയിൽ വിചാരണ ചെയ്യിച്ച റിവ്യൂവും ഡേവിസും പ്രശസ്തരായി. നിരവധി പാശ്ചാത്യ രാജ്യങ്ങളിൽനിന്ന് സമർത്ഥരായ വെള്ളക്കാർ റിവ്യൂവിലേക്ക് ഒഴുകി. അക്കൂട്ടത്തിലായിരുന്നു മേൽപ്പറഞ്ഞ മലയാളികളുടെ വരവും.

റ്റി.ജെ.എസ് എഴുതുന്നു: “വെള്ളക്കാർ മാത്രമായിരുന്നു റിവ്യൂവിന്റെ പത്രാധിപ സമിതിയിൽ എന്ന് കരുതിയാൽ തെറ്റി. ഇന്ത്യക്കാരില്ലാത്ത ലോകത്ത് ഒരു സംരംഭവും സാധ്യമല്ലല്ലോ. ആദ്യം മുതൽത്തന്നെ ഒന്നുംരണ്ടും ഇന്ത്യക്കാർ റിവ്യൂവിൽ സ്ഥലം പിടിച്ച അവർ മലയാളികളായിരുന്നു എന്നത് സ്വാഭാവികം. ചന്ദ്രനിൽ ആദ്യം കാണുന്നത് മലയാളി ചായക്കട എന്നപോലെ.” ഈ മലയാളികളെപ്പറ്റി റ്റി.ജെ.എസ് തന്റെ ‘ഘോഷയാത്ര’ എന്ന ഓർമപ്പുസ്തകത്തിൽ വിശദമായി, രസകരമായി എഴുതുന്നുണ്ട്. പ്രത്യേകിച്ച് കൂർമബുദ്ധിയും തന്റേടവുംകൊണ്ട് പ്രമാണികളായ വെള്ളക്കാരെ അമ്പരപ്പിച്ച നാണപ്പൻ എന്ന പ്രശസ്ത കഥാകൃത്ത് നാരായണപിള്ളയെക്കുറിച്ചുള്ള റ്റി.ജെ.എസിന്റെ ഓർമക്കുറിപ്പ് അതിഗംഭീരമാണ്. നാണപ്പൻചേട്ടനെ ആരാധിച്ച ആ വെള്ളക്കാരിൽ പലരും പുല്ലുവഴിയിലും വന്നിട്ടുണ്ട്.

Manifesto Asiaweek
ഏഷ്യാവീക്കിന്റെ ആദ്യ ലക്കത്തില്‍ റ്റി.ജെ.എസ്. എഴുതിയ കുറിപ്പ്Outlook

ഹോങ്കോങ്ങ് ആന്റ് ഷാങ്ഹായ് ബാങ്ക് ആയിരുന്നു റിവ്യൂവിന്റെ സാമ്പത്തിക ശക്തി. പക്ഷേ, 1973-ൽ അമേരിക്കൻ കമ്പനിയായ ഡൗ ജോൺസ് ഈ പ്രസിദ്ധീകരണം വാങ്ങിച്ചതോടെ നിലവാരം തകർന്നതായി റ്റി.ജെ.എസ് എഴുതി. 2004-ൽ റിവ്യൂ പൂട്ടി. ഡൗ ജോൺസ് റിവ്യൂ വാങ്ങിയതിനെത്തുടർന്നാണ് ഏഷ്യയുടെ സ്വരം ആകണമെന്ന ലക്ഷ്യത്തോടെ 1975-ൽ റ്റി.ജെ.എസ് ഏഷ്യാവീക്ക് തുടങ്ങിയത്. വളരെ വേഗം തന്നെ വലിയ ജനസമ്മതി ആർജിച്ച ഏഷ്യാവീക്ക് ഉള്ളടക്കത്തിലും രൂപത്തിലും അമേരിക്കയിലെ ടൈം വാരികയുടേയും ന്യൂസ് വീക്കിന്റേയും ഒക്കെ നിലവാരം കൈവരിച്ചു. റിവ്യൂവിൽ സഹപ്രവർത്തകനായിരുന്ന മൈക് ഒനീൽ എന്ന ന്യൂസിലാന്റുകാരനായിരുന്നു റ്റി.ജെ.എസിന്റെ കൂട്ടാളി. ഡൗ ജോൺസിന്റെ കയ്യിലായതോടെ റിവ്യൂ തനി പാശ്ചാത്യ കാഴ്ചപ്പാടുള്ള പ്രസിദ്ധീകരണം ആയതിനാൽ ‘ഏഷ്യൻ കണ്ണുകളിലൂടെ ഏഷ്യ’ എന്ന പ്രഖ്യാപനത്തോടെയായിരുന്നു ഏഷ്യാവീക്കിന്റെ വരവ്. “എല്ലാ മേഖലയിലേയും ഏഷ്യയുടെ കാര്യങ്ങൾ കൃത്യമായും നീതിയോടേയും അവതരിപ്പിക്കുക, ഏഷ്യൻ വീക്ഷണകോണിലൂടെ ലോകത്തെ കാണുക, ലോകത്ത് ഏഷ്യയുടെ ശബ്ദമാകുക”, ഏഷ്യാവീക്കിന്റെ ആദ്യലക്കം ലക്ഷ്യം പ്രഖ്യാപിച്ചു. റ്റി.ജെ.എസും ഒനീലും കാലത്തിനു മുന്നേ ചിന്തിച്ചതിന്റെ തെളിവായിരുന്നു ആ വാരിക എന്നു ദീർഘകാലം അതിൽ പ്രവർത്തിച്ച അലെജാണ്ടറോ റെയെസ് എഴുതുന്നു. “കാലം 1975 ആണെന്നോർക്കണം. അന്ന് ആഗോളവൽക്കരണത്തെപ്പറ്റി ആരും സംസാരിച്ചിരുന്നില്ല. ഏഷ്യൻ സ്വത്വം എന്നൊന്നും ആരുമധികം ചിന്തിച്ചിരുന്നില്ല. ആസിയാൻ എന്ന സംഘടന രൂപം കൊണ്ടിട്ട് എട്ട് വർഷമേ ആയിരുന്നുള്ളൂ. ഏഷ്യ പസിഫിക് ഇക്കണോമിക് കോർപ്പറേഷൻ (അപെക്) എന്ന ഏഷ്യൻ രാഷ്ട്രങ്ങളുടെ സംഘടന ഉണ്ടായിട്ടില്ല.” ഏഷ്യൻ നൂറ്റാണ്ട് എന്ന് പിന്നീട് വിളിക്കപ്പെട്ട 21-ാം നൂറ്റാണ്ട് പിറക്കുന്നതിനു കാൽനൂറ്റാണ്ട് മുന്‍പായിരുന്നു പ്രവചനസ്വഭാവമാർന്ന ഈ ചുവടുവെയ്പ് എന്നോർക്കണം.

റ്റി.ജെ.എസ് തന്റെ ആദ്യ മുഖപ്രസംഗത്തിൽ ഇങ്ങനെ എഴുതി: “യാഥാർത്ഥ്യങ്ങൾ മാറിയിരിക്കുന്നു. മൂല്യങ്ങളും. ഇന്ന് ഒരു പുതിയ ഏഷ്യ ഉദയം ചെയ്തിരിക്കുന്നു., പുതിയ വാരിക ആ പുതിയ ഏഷ്യയുടെ മുഖമായിരിക്കും.” ഏഷ്യൻ രാജ്യങ്ങളുടെ ആദർശങ്ങളും ആകാംക്ഷകളും സ്വാഭാവികമായി പങ്ക്‌വെക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്തതാണ് ഏഷ്യാവീക്കിന്റെ വിജയ രഹസ്യം എന്ന് റ്റി.ജെ.എസ് പറയുന്നു. ഏഷ്യയിൽ ഏറ്റവും പ്രചാരം ഉള്ള ഇംഗ്ലീഷ് വാരികയായി അത് വളരെ വേഗം ഉയർന്നു. അതുകൊണ്ട് തന്നെ ഏഷ്യൻ രാഷ്ട്രങ്ങളിലെ പ്രമുഖർക്ക് ഏഷ്യാ വീക്കിൽ പ്രത്യക്ഷപ്പെടാൻ വലിയ താല്പര്യം ആയി. റിവ്യൂ പല തവണ അഭ്യർത്ഥിച്ചിട്ടും അഭിമുഖം നൽകാതിരുന്ന ഇന്തോനേഷ്യയിലെ പട്ടാള ഭരണാധികാരി ജനറൽ സുഹാർത്തോ, മലേഷ്യയുടെ പ്രധാനമന്ത്രി മഹാതീർ, ഫിലിപ്പീൻസിലെ പ്രസിഡന്റ് മർക്കോസ്, തായ്‌ലാന്റ് പ്രധാനമന്ത്രി കുക്രിത് പ്രമോജ് തുടങ്ങിയവരൊക്കെ വിമർശിക്കപ്പെടുമ്പോഴും സസന്തോഷം ഏഷ്യാവീക്കിൽ പ്രത്യക്ഷപ്പെട്ടു. ആർക്കും വാരിക മുഖസ്തുതി പാടിയില്ല.

Image of Lee Kuan Yew
ലീക്വാൻ യൂ Newyork Times

സിംഗപ്പൂർ ഭരണാധികാരി ലീക്വാൻ യൂ മാത്രമായിരുന്നു അപവാദം. ലോകത്തിന്റെ ആരാധനാപാത്രമായ പ്രധാനമന്ത്രിക്ക് വെറുമൊരു പത്രക്കാരനായ തന്നോട് തോന്നിയ വിരോധം കാരണമാണ് അദ്ദേഹത്തിന് ഏഷ്യാവീക്ക് അനഭിമതമായതെന്ന് റ്റി.ജെ.എസ് എഴുതി: ‘ലീക്വാൻ യൂവിന്റെ സിംഗപ്പൂർ’ എന്ന റ്റി.ജെ.എസിന്റെ പുസ്തകം ആയിരുന്നത്രേ കാരണം. അതിൽ ലീയുടെ കടുത്ത ജനാധിപത്യവിരുദ്ധ രീതികളെ റ്റി.ജെ.എസ് നിശിതമായി വിമർശിച്ചിരുന്നു. അതാകട്ടെ, ന്യൂയോർക്ക് ടൈംസിൽ വന്ന ഒരു നിരൂപണലേഖനത്തിലൂടെ ലോകമാകെ ശ്രദ്ധിക്കുകയും ചെയ്തു. അതുവരെ ആരും ലീയ്‌ക്കെതിരെ ഇക്കാര്യങൾ പറഞ്ഞിരുന്നില്ല. ഒരു സിംഗപ്പൂരിനെ മാതൃകാ രാജ്യമാക്കിയ വികസനമാന്ത്രികൻ എന്നതായിരുന്നു ലീയുടെ ആഗോള പ്രതിച്ഛായ. തുടർന്ന് ഏഷ്യാവീക്കിന് സിംഗപ്പൂരിൽ പ്രവർത്തിക്കാൻ തന്നെ വിഷമമായി. ലീ എന്തും ചെയ്യുന്ന ആളായതിനാൽ റ്റി.ജെ.എസ് പിന്നെ സിംഗപ്പൂരിൽ കാൽകുത്തിയില്ല.

വിപണി മുതലാളിത്തത്തിന്റെ ചലനനിയമം എന്നും ചെറിയ സ്ഥാപനങ്ങളെ തകർത്തോ വിഴുങ്ങിയോ വലിയവ ആഗോളകുത്തകകളായി വളരുകയാണല്ലോ. ഇടയ്ക്ക് മുതൽമടക്ക് കൂടുതൽ ആവശ്യമായപ്പോൾ റ്റി.ജെ.എസ് ഏഷ്യാവീക്ക് ഓഹരികളിൽ വലിയ പങ്ക് റീഡേഴ്‌സ് ഡൈജസ്റ്റിനു കൈമാറി. പക്ഷേ, അത് ഒരു അപ്രതീക്ഷിത വഴിത്തിരിവിനു കാരണമായി. റ്റി.ജെ.എസിനു നൽകിയ തുകയുടെ പല മടങ്ങ് വിലയ്ക്ക് അധികം വൈകാതെ ഡൈജസ്റ്റ് ഓഹരികൾ ടൈം മാഗസീന് വിറ്റു. അതോടെ വാരികയുടെ അന്ത്യം കുറിക്കപ്പെട്ടു. പത്രാധിപരായി ഒനിൽ തുടർന്നെങ്കിലും ക്രമേണ അദ്ദേഹത്തെ മാറ്റി. റ്റി.ജെ.എസ് 1980-ൽ തന്നെ ഏഷ്യാവീക്ക് വിടുകയും തുടർന്ന് ഇന്ത്യയിലേയ്ക്ക് മടങ്ങുകയും ചെയ്തു. ടൈം-വാർണർ കമ്പനി 2001-ൽ ഏഷ്യാവീക്ക് പൂട്ടിയപ്പോഴും 1,30,000 കോപ്പി പ്രചാരം ഉണ്ടായിരുന്നു. ഏഷ്യയിൽ ടൈം മാഗസിനേക്കാൾ പ്രചാരം. ഒരിക്കലും നഷ്ടത്തിലുമായിരുന്നില്ല. 1980-കളിൽ വാരിക നടത്തിയ ഏഷ്യൻ ചെറുകഥാമത്സരം വലിയ വിജയമായിരുന്നു. 1987-ൽ ഒനീൽ ഒരു ചൈനീസ് ഭാഷാ പത്രവും (Yazhou Zhoukan) ആരംഭിച്ചിരുന്നു.

നെഞ്ചിൽ കത്തി ഇറക്കിയതുപോലെയായിരുന്നു ഏഷ്യാവീക്ക് പൂട്ടിയ വാർത്ത എന്ന് ഒരിക്കൽ റ്റി.ജെ.എസ് പറഞ്ഞു. റിവ്യൂവും ഏഷ്യാവീക്കും അമേരിക്കൻ കുത്തകകൾ നശിപ്പിച്ചതാണെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. 1994-ൽ ഒനീലിനെ മാറ്റിയപ്പോൾത്തന്നെ വാരിക മരിച്ചുവെന്നതിനാൽ 2001-ൽ അതു പൂട്ടിയപ്പോൾ തനിക്ക് അത്ഭുതമില്ലായിരുന്നു എന്നും അദ്ദേഹം എഴുതി: “വാരികയെ വളർത്തുമെന്ന് വാഗ്ദാനം ചെയ്തവർ തന്നെയാണ് അതിനെ കൊന്നുകളഞ്ഞത്. 1994-ൽ മരിച്ച ഏഷ്യാവീക്കിന്റെ ശവമടക്കം ആണ് 2001-ൽ ഉണ്ടായത്. അതുകൊണ്ട് ആ മരണത്തെ ഓർത്ത് എനിക്ക് കണ്ണീർ വാർക്കാനില്ല.” ഏഷ്യൻ വീക്ഷണത്തിനു പകരം ഏതൊരു പാശ്ചാത്യമാധ്യമത്തിന്റേയും ശൈലിയിലേക്ക് വാരിക മാറി സ്വന്തം പ്രസക്തി നശിപ്പിച്ചു. 26 വർഷം നിലനിന്ന ഏഷ്യാവീക്കിന് റ്റി.ജെ.എസും ഒനീലും കഴിഞ്ഞ് രണ്ട് പത്രാധിപന്മാർ മാത്രമേ ഉണ്ടായയുള്ളൂ. ആൻ മോറിസണും ഡോറിൻഡ എലിയട്ടും.

റിവ്യൂവിന്റെ പത്രാധിപർ ആയിരുന്ന ഫിലിപ്പ് ബൗറിങ്ങിനും റ്റി.ജെ.എസിന്റെ അഭിപ്രായം തന്നെയാണ്. ഡൗ ജോൺസ് ഏറ്റെടുത്ത റിവ്യൂവിന്റെ മരണത്തിനു സമാനമാണ് ടൈം ഏറ്റെടുത്തശേഷം ഏഷ്യാവീക്കിനുണ്ടായ അനുഭവം. പ്രചാരത്തിലും പരസ്യവിപണിയിലും തങ്ങളുമായി നേരിട്ട് മത്സരിച്ച ഏഷ്യവീക്കിനെ ടൈം വാങ്ങിപ്പൂട്ടിയത് തനിക്കാക്കി വെടക്കാക്കിയ മട്ടിലാണ്. നഷ്ടത്തിലായിരുന്ന ടൈമിന്റെ ഏഷ്യാ എഡിഷൻ എന്നിട്ടും അവർ തുടർന്നും നടത്തി. “ഡൌ ജോൺസ് റിവ്യൂ ഏറ്റെടുത്തതുപോലെത്തന്നെ ഏഷ്യാവീക്ക് പൂട്ടിയതിനു പിന്നിൽ ശരിയായ സാമ്പത്തിക കാരണങ്ങൾ അല്ല, കച്ചവട സാമ്രാജ്യത്വം ആയിരുന്നു എന്ന് വ്യക്തം. ഡൌ ജോൺസ് തങ്ങളുടെ നഷ്ടക്കമ്പനിയായ ഏഷ്യൻ വാൾ സ്ട്രീറ്റ് ജേണൽ നിർത്തുന്നതിനു പകരം ചെയ്തത് നന്നായി പോയിരുന്ന റിവ്യൂ പൂട്ടുകയായിരുന്നു.” ബൗറിങ്ങ് എഴുതി. ആഗോള പാശ്ചാത്യ മുതലാളിത്തം മറ്റെല്ലാവരേയും വിഴുങ്ങുന്ന കളി.

1997 മുതൽ കാൽനൂറ്റാണ്ട് കാലം തുടർന്ന ഇന്ത്യൻ എക്സ് പ്രസിലെ തന്റെ ‘പോയിന്റ് ഓഫ് വ്യൂ’ എന്ന കോളത്തിൽ 2009-ൽ റ്റി.ജെ.എസ് തന്റെ നിശിതമായ നിലപാട് ആവർത്തിച്ചു: “ക്രമേണ ടൈം ഏഷ്യാവീക്കിനേയും ഡൌ ജോൺസ് (ഇപ്പോൾ ഒരു മർഡോക് കമ്പനി) റിവ്യൂവിനേയും പൊളിച്ചടുക്കി. ഇപ്പോൾ മർഡോകിന്റെ വാൾ സ്ട്രീറ്റ് ജേണലും ടൈം മാഗസീനും മത്സരമൊന്നുമില്ലാതെ സ്വന്തം കൊടി പറപ്പിക്കുന്നു. ഏഷ്യൻ കണ്ണുകളിലൂടെ ഏഷ്യ എന്നത് ആയിരുന്നു ഏഷ്യാവീക്കിന്റെ മുദ്രാവാക്യം. ഇനി അത് ഒക്കെ മറന്നേക്കുക. ഏഷ്യ മാത്രമല്ല, ലോകത്തെയാകെ അമേരിക്കൻ കണ്ണുകളിലൂടെ കണ്ടാൽ മതി. വിശക്കുമ്പോൾ ഒരു മക്‌ഡോണാൾഡ് ചിക്കനും കൊക്കോകോളയും കഴിച്ചോളുക. മറ്റൊന്നും തെരഞ്ഞെടുക്കാൻ നിങ്ങൾക്കു മുന്നിൽ ഇല്ല.”

(‘Asia through Asian eyes’ was the slogan that helped Asiaweek rise. Forget it. You can only have Asia, and the world itself, through American eyes. Hungry kya? Have a MacChicken with Coke. You’ve no choice!)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com