ലിറ്റററി ജേര്‍ണലിസത്തിലെ ത്രിമൂര്‍ത്തികള്‍; എം.എസ്. മണിയും എസ്. ജയചന്ദ്രന്‍ നായരും എന്‍.ആര്‍.എസ്. ബാബുവും

എസ്. ജയചന്ദ്രന്‍ നായര്‍, എം.എസ്. മണി, എന്‍.ആര്‍.എസ്. ബാബു
എസ്. ജയചന്ദ്രന്‍ നായര്‍, എം.എസ്. മണി, എന്‍.ആര്‍.എസ്. ബാബു
Updated on
8 min read

രുനോക്ക് കാണാനാകാതെ ജയന്‍സാര്‍ വിടപറഞ്ഞു. ഏതാണ്ടൊരു മൂന്നാഴ്ച മുന്‍പാണ് ബാംഗ്ലൂരില്‍നിന്നുള്ള ജയന്‍സാറിന്റെ വിളി അവസാനം കേട്ടത്. എന്നോട് പറഞ്ഞു: ''എം.ടി തീരെ അവശനാണ്, നിങ്ങള്‍ പഴയ കലാകൗമുദിയിലെ കൂടല്ലൂര്‍ യാത്രയുടെ ഓര്‍മ്മ ഒന്ന് എഴുതി വയ്ക്കൂ. ഞാനും തീരെ അവശനാണ്...'' സാറിന്റെ ശബ്ദം കുഴഞ്ഞിരുന്നു. എങ്കിലും ചിരിച്ചുകൊണ്ട് ഞാന്‍ കളിയാക്കി. മനസ്സില്‍ പക്ഷേ, വിഷമമായി. ഞാന്‍ ലണ്ടനില്‍ ജോലിചെയ്യുന്ന സാറിന്റെ മകന്‍ ഡോ. ജയദീപിന് ഒരു മെസ്സേജിട്ടു, സാറിന് എന്തുപറ്റി? ജയദീപ് തിരക്കേറിയ ഒരു ഡോക്ടറാണ്. പിറ്റേ ദിവസമാണ് ജയദീപിന്റെ മറുപടി വന്നത്: ''അച്ഛന് നല്ല സുഖമില്ല. നാളെ ഞാന്‍ ബാംഗ്ലൂരിലെത്തും, എന്നിട്ട് വിളിക്കാം.'' ബാംഗ്ലൂരില്‍ വന്നശേഷം ജയദീപ് എന്നെ വിളിച്ചു. അച്ഛനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു, കടുത്ത ന്യുമോണിയയാണ്... പിറ്റേ ദിവസം തിരക്കുമ്പോള്‍ ജയദീപിന്റെ ശബ്ദം ഇടറിയിരുന്നു: ''ന്യൂമോണിയ വല്ലാതെ കടുത്തു, ഡിലീരിയം'' സ്റ്റേജിലെത്തി. ചെറുതായൊന്ന് തണുത്തപ്പോള്‍ വീട്ടില്‍ പോകണമെന്ന ബഹളമായി, ഞങ്ങള്‍ വീട്ടിലേയ്ക്ക് കൊണ്ടുവന്നു. ഇവിടെ ഡ്രിപ്പും മറ്റുമൊക്കെ തയ്യാറാക്കി. ഞാന്‍ അടുത്തുണ്ട് അനിയത്തിയും അമ്മയുമുണ്ട്. നഴ്സിങ് അറ്റന്‍ഡിനെ സഹായത്തിനു വെച്ചിട്ടുണ്ട്. ''എനിക്ക് വല്ലാത്ത വിഷമം തോന്നി. ബാംഗ്ലൂരുവരെ പോകാമെന്നു കരുതി, ജയദീപ് പറഞ്ഞു: ''വേണ്ട ഞാന്‍ വിളിക്കാം.'' ജയദീപിനു ഞാന്‍ തുടര്‍ച്ചയായി മെസ്സേജിട്ടു, ഞാന്‍ വിളിക്കാം എന്നായിരുന്നു ജയദീപിന്റെ മറുപടി. രണ്ടാംതീയതി ഉച്ചയ്ക്ക് ഒരു മണിക്ക് വീണ്ടും മെസ്സേജിട്ടു. ജയദീപ് ഫോണെടുക്കുന്നില്ലെന്നു മനസ്സിലായി, വൈകുന്നേരം 3.35-ന് എനിക്കൊരു കോള്‍: ''അച്ഛന്‍ അരമണിക്കൂര്‍ മുന്‍പ് മരിച്ചു.'' ജയദീപിന്റെ പൊട്ടിക്കരച്ചില്‍.

പ്രിയപ്പെട്ട വായനക്കാരെ, എന്റെ കഴിഞ്ഞ അരനൂറ്റാണ്ടുകാല ജീവിതത്തിലെ നിത്യസാന്നിദ്ധ്യമായിരുന്നു ജയന്‍സാര്‍. പിതൃതുല്യമായ വാത്സല്യം, സൗമ്യമായ ആ ചിരി എന്റെ മനസ്സിലൊരു വിഷാദമായി നിറയുകയാണ്. ഏതാണ്ട് ഒന്നരവര്‍ഷം മുന്‍പാണ് ജയന്‍സാറ് അവസാനം തിരുവനന്തപുരത്ത് വന്നത്. പട്ടത്ത് വൃന്ദാവന്‍ കോളനിയിലുള്ള ആ വീട് അടച്ചിട്ടിരുന്നു. രണ്ട് ദിവസങ്ങള്‍ അതൊന്നു തുറന്നു. നീണ്ട വടിയുടെ സഹായം വേണ്ടിയിരുന്നു നടക്കാന്‍, ബാംഗ്ലൂരില്‍നിന്ന് ജയദീപിനൊപ്പമാണ് എത്തിയത്. ഞാന്‍ വീട്ടില്‍ ചെല്ലുമ്പോള്‍ പൂമുഖത്ത് ഇരിക്കുകയാണ്. കേരളകൗമുദിയുടെ മുന്‍ ഫോട്ടോഗ്രാഫര്‍ ശങ്കരന്‍കുട്ടിയുണ്ട്. കലാകൗമുദിയുടെ എഡിറ്ററായിരുന്ന പ്രസാദ് ലക്ഷ്മണനുമുണ്ട്. ഞാന്‍ കയ്യിലിരുന്ന സഞ്ചി മുന്നില്‍ വെച്ചു. ''ഇതെന്താണ്'' ചിരിച്ചുകൊണ്ടു ചോദിച്ചു. വരിക്കച്ചക്ക വരട്ടിയതും കുറച്ച് കോട്ടുക്കോണം മാമ്പഴവും പുഷ്പ (എന്റെ ഭാര്യ) തന്നതാണ്... സന്തോഷത്തോടെ പറഞ്ഞു: ''അവരെ കണ്ടിട്ട് ഒരുപാട് നാളായി, ഞാന്‍ സ്ഥിരമായി തിരുവനന്തപുരത്ത് താമസിക്കാനായി വരികയാണെന്ന് അവരോട് പറയണം. കണ്ടില്ലേ വീട് പുതുക്കുകയാണ്. അടുത്ത മാസം താമസത്തിനു വരും.'' വീട് വൃത്തിയാക്കുന്നവരെ ചൂണ്ടി എന്നോട് പറഞ്ഞു. ഞാന്‍ ചിരിച്ചു. ''ഇവിടെ വന്നാലേ ശരിയാകൂ. ഇവിടെ കിടന്നു മരിക്കണം.'' എന്നോട് ചോദിച്ചു: ''നമുക്കൊന്ന് ബാബുവിനെ കണ്ടാലോ...'' എന്‍.ആര്‍.എസ്. ബാബുവിന്റെ കാര്യമാണ് പറഞ്ഞത്. നാലഞ്ച് വര്‍ഷങ്ങളായി ബാബുസാര്‍ കിടപ്പിലാണ്. ഓര്‍മ്മകള്‍ നഷ്ടമായി ആരെയും തിരിച്ചറിയാനാവാത്ത ഒരു അവസ്ഥ. കാണുക തന്നെ പ്രയാസം. കൊച്ചു മാരുതി കാറില്‍ ബുദ്ധിമുട്ടിയാണ് കയറിയത്. കൂടെ ശങ്കരന്‍കുട്ടിയും. വൃന്ദാവനം കോളനിയുടെ തുടക്കത്തിലാണ് ബാബുസാറിന്റെ വീട്, എസ്.യു.റ്റി ആശുപത്രി വളപ്പിനോട് ചേര്‍ന്നു വീടിന്റെ മുകള്‍നിലയില്‍ ബാബു സാര്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് പക്ഷേ, ബാബുസാറിനെ കാണാനായില്ല. മുകള്‍നിലയിലേക്കുള്ള വാതില്‍ പൂട്ടി ബാബുസാറിന്റെ ഭാര്യ ആശുപത്രിയില്‍ പോയിരിക്കുകയാണ്. താഴത്തെ നിലയുടെ കവാടത്തില്‍ ബാബുസാറിന്റെ മരുമകനും കൊച്ചു മകളും നില്‍പ്പുണ്ടായിരുന്നു. മരുമകനെ അരികില്‍ വിളിച്ച് ജയന്‍സാര്‍ പറഞ്ഞു: ''ഞാന്‍ ബാംഗ്ലൂരില്‍നിന്നു വരുകയാണ്, ബാബുവിനെ കാണാതെ മടങ്ങേണ്ടിവരികയാണ്. പ്രയാസമുണ്ട്.'' മരുമകന്‍ ഒന്നും പറഞ്ഞില്ല. കാറിലിരിക്കുമ്പോള്‍ വിങ്ങിപ്പൊട്ടിയിരുന്നു. ജീവിതം ഇങ്ങനെയാണല്ലോ ദൈവമേ. ബാംഗ്ലൂരില്‍ എത്തിയശേഷം വിളിച്ചു. അപ്പോഴും പറഞ്ഞു: ''ബാബുവിനെ കാണാന്‍ കഴിഞ്ഞില്ല, എന്താണ് ഇങ്ങനെയൊരു ജീവിതം...''

വലിയ കഷ്ടപ്പാടില്‍നിന്നു കയറിവന്ന മനുഷ്യനാണ്. കലാകൗമുദി വിട്ട് അസ്വസ്ഥമായിരുന്ന കാലത്ത് ഒരു ദിവസം വൈകുന്നേരം ഞാന്‍ വീട്ടില്‍ ചെന്നു. ജയന്‍സാറിനെ കൂട്ടി ഞാന്‍ മ്യൂസിയത്തിലേയ്ക്കു പോയി. വിജനമായ മ്യൂസിയം വളപ്പില്‍ നടന്നു. സാര്‍ നിശ്ശബ്ദനായിരുന്നു.

റോസാദലങ്ങളുടെ സൗരഭ്യം

വായന കഴിഞ്ഞ് യാതൊരു കുറിപ്പുകളും തയ്യാറാക്കാതെ ഒരു എഴുത്ത്. എട്ടു പത്ത് പേജുകളിലായി ആസ്വാദനം തയ്യാറാവുകയാണ്. എന്തുകൊണ്ട് ഇഗ്‌നേഷ്യസ് പുസ്തകം അപ്പാടെ മലയാളത്തിലാക്കിക്കൂടാ എന്ന എന്റെ സംശയത്തിനു വെറുമൊരു ചിരിയായിരുന്നു മറുപടി. ഏറ്റവും പുതിയ വാര്‍ത്ത ഏറ്റവും വേഗത്തില്‍ കൃത്യമായി ജനങ്ങളെ അറിയിക്കുക എന്ന പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ധാരണ തന്നെയാണ് ലിറ്റററി ജേണലിസത്തിലും പിന്തുടര്‍ന്നിരുന്നു. പ്രൊഫ. എം. കൃഷ്ണന്‍നായരുടെ വിയോഗത്തോടെ നമ്മുടെ ലിറ്റററി ജേണലിസത്തിലുണ്ടായ വലിയ വിടവ് വായനക്കാര്‍ ഓര്‍ക്കുക. ജയചന്ദ്രന്‍ നായരുടെ 'റോസാദലങ്ങള്‍' പക്ഷേ, വ്യത്യസ്തമായിരുന്നു. അതിന് ആഴവും പരപ്പുമുണ്ടായിരുന്നു, അത് വര്‍ണ്ണാഭമായിരുന്നു. ഏഴെട്ടു പേജുകളില്‍ ഒരു ലോക ക്ലാസിക് വായനക്കാര്‍ക്കു മുന്നില്‍ വിടരുകയാണ്. ചേതോഹരങ്ങളായ കുറിപ്പുകള്‍. 'ജീവിതത്തിന്റെ വിശുദ്ധത' എന്ന കുറിപ്പു തുടങ്ങുകയാണ്, ഫിഡല്‍ കാസ്ട്രോയുമായി നൂറു മണിക്കൂര്‍ സംഭാഷണം നടത്തിയ ഇഗ്‌നേഷ്യാ റമോനെ രചിച്ച 'മൈ ലൈഫ്: ഫിഡല്‍ കാസ്ട്രോ' എന്ന ഗ്രന്ഥം കാസ്ട്രോയും ഒരു വാക്യത്തോടെ അവസാനിക്കുന്നു. ''ഒരിക്കലും നിങ്ങളോട് ഞങ്ങള്‍ നുണ പറയില്ല.'' ഒരു ഇതിഹാസത്തില്‍ മുങ്ങിത്താഴുന്ന അവസ്ഥ സൃഷ്ടിക്കുന്നതാണ് ഈ ഗ്രന്ഥം. ടോള്‍സ്റ്റോയിയുടേയോ വിക്ടര്‍ ഹ്യൂഗോയുടേയോ സെര്‍വന്റീസിന്റേയോ ഓര്‍മ്മ ജ്വലിപ്പിക്കുന്നതോടൊപ്പം നമ്മെ വിനയാന്വിതരാക്കുന്ന അസാധാരണമായ അനുഭവമാണ് 626 പേജുകളില്‍ നിറഞ്ഞുതൂവുന്നത്. ജെന്റില്‍ മാഡ്നസ് എന്ന ഗ്രന്ഥത്തെക്കുറിച്ചെഴുതിയ 'പുസ്തകപ്രേമികളും ഭ്രാന്തന്മാരും' എന്ന ലേഖനം നോക്കുക. ''പുസ്തകപ്രേമം ഒരു രോഗമല്ല. അതൊരു ആത്മീയത്വരയാണ്.'' വായനയുടെ വഴികള്‍ക്കു നിശ്ചിതമായൊരു വഴിയില്ലെന്നു പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകളില്‍ നാം വായിക്കുന്നു.

മലയാളം വാരിക വിട്ട് കൊച്ചിയില്‍നിന്ന് ബാംഗ്ലൂരിലേയ്ക്കു താമസം മാറ്റി. മകളോടൊപ്പമായി താമസം. എങ്കിലും തിരുവനന്തപുരമായിരുന്നു മനസ്സ് നിറയെ. പട്ടത്തെ കൊച്ചുവീട്ടില്‍ പുസ്തകങ്ങളുടെ നടുവില്‍ ചാരുകസേരയിലിരുന്നുള്ള വായന. ബാംഗ്ലൂരില്‍നിന്ന് ഇടയ്ക്കിടെ തിരുവനന്തപുരത്തു വരും. പ്രായത്തിന്റെ അവശതകള്‍ വകവയ്ക്കാതെയുള്ള യാത്രകളായിരുന്നു. വീട്ടിലേയ്ക്ക് ചെല്ലുമ്പോള്‍ പുറം വാതിലുകള്‍ തുറന്നു കിടപ്പുണ്ടാകും. ശബ്ദമുണ്ടാക്കി അകത്തു കയറുമ്പോള്‍ പൊടിപിടിച്ച പുസ്തകങ്ങള്‍ക്കു നടുവില്‍ ചാരുകസേരയില്‍. നാലഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ദിവസം അകത്തു ചെല്ലുമ്പോള്‍ പുസ്തകങ്ങള്‍ക്കു നടുവില്‍ കിടക്കുകയാണ്. പനി പിടിച്ച് അവശനായുള്ള കിടപ്പ്. ആസ്ത്മാരോഗിയായ ഞാന്‍ അറച്ചുനിന്നു. അപ്പോഴേക്ക് മെല്ലെ എഴുന്നേറ്റിരുന്നു. കയ്യിലിരുന്ന തോര്‍ത്തെടുത്ത് മുന്നിലെ കസേര തുടച്ച് എനിക്ക് ഇരപ്പിടമാക്കി. കിതയ്ക്കുന്നുണ്ടായിരുന്നു. ഞാനൊരു ജാലകം തുറന്നിട്ടു. എന്നിട്ടും ചുമച്ചുകൊണ്ടേയിരുന്നു. രണ്ട് വലിയ കാര്‍ഡ്‌ബോര്‍ഡു പെട്ടികള്‍ ചാരുകസേരയുടെ ചുവട്ടില്‍ തുറന്നുവെച്ചിരുന്നു അതിലേയ്ക്ക് കുറെ പുസ്തകങ്ങള്‍ അടുക്കിവെയ്ക്കുകയാണ്, ബംഗ്ലൂരിലേയ്ക്ക് കൊണ്ടുപോകാന്‍. പുസ്തകങ്ങള്‍ കയ്യിലെടുത്ത് മക്കളെപ്പോലെ തലോടുകയാണ്. ''പുസ്തകങ്ങള്‍ കണ്ടില്ലേ, നശിക്കുകയാണ്. ഇനിയും ഞാന്‍ ബാംഗ്ലൂരില്‍ തുടര്‍ന്നാല്‍ ഇതൊക്കെ ചിതലെടുക്കും. ആറ് ലക്ഷം രൂപയ്ക്ക് ഇത് വാങ്ങാന്‍ ഒരാള്‍ കരാര്‍ വെച്ചു. ഞാന്‍ പറഞ്ഞു; വേണ്ട എന്റെ കാലം വരെ ഇത് ഇവിടെ വേണം.'' എന്നിട്ട് വീണ്ടും പറയുകയാണ്: ''രണ്ട് മൂന്ന് മാസങ്ങള്‍ക്കകം ഞാന്‍ തിരികെ വരും.'' അന്ന് ബാംഗ്ലൂരിലേയ്ക്ക് പോയ ജയന്‍സാര്‍ പിന്നെ വന്നത് ഞാന്‍ മുകളിലെഴുതിയില്ലേ, ഒന്നര വര്‍ഷം മുന്‍പ്. അപ്പോഴും പറഞ്ഞു: ''ഞാന്‍ ഉടനെ മടങ്ങിവരും. എനിക്ക് തിരുവനന്തപുരത്തെ ഈ വീട്ടില്‍ കിടന്നു മരിക്കണം.'' മിക്കവാറും എല്ലാ ആഴ്ചകളിലും ചിലപ്പോള്‍ ദിവസങ്ങള്‍ അടുപ്പിച്ചും ഞങ്ങള്‍ സംസാരിച്ചിരുന്നു. തിരുവനന്തപുരത്തേയ്ക്ക് തിരിച്ചുവരണമെന്നത് വലിയ മോഹമായിരുന്നു. ഇടയ്ക്ക് വളരെ വിഷമത്തോടെ പറഞ്ഞു: ''ഞാന്‍ വരുകയാണ്, എനിക്കു കഞ്ഞി തരണമെന്ന് പുഷ്പയോട് പറയണം.'' ജീവിതത്തില്‍ വല്ലാതെ പതറിപ്പോയ ദിവസമായിരുന്നു അത്. ഞാന്‍ ലണ്ടനില്‍ ഡോക്ടറായ മകന്‍ ജയദീപിനു മെസ്സേജിട്ടു. ജയദീപ് പറയുകയാണ്. അച്ഛനു നാട്ടില്‍ പോകണമെന്ന വാശിയിലാണ്. ഞാനെന്തു ചെയ്യാന്‍. ബംഗ്ലൂരിലാകുമ്പോള്‍ സഹോദരിയുണ്ട്. ജയദീപിന്റെ ധര്‍മ്മസങ്കടം നമുക്കു മനസ്സിലാകും. പ്രിയപ്പെട്ട വായനക്കാരെ, ജയന്‍ സാര്‍ ഇന്നത്തെ കേരളത്തിന്റെ ഒരു ചിത്രവുമാണ്. നമ്മുടെ ജീവിതങ്ങള്‍ നമ്മുടെ കയ്യില്‍നിന്നു വഴുതിപ്പോകുന്ന അവസ്ഥയില്‍ നമ്മള്‍ നിസ്സഹായരായിപ്പോകുന്നു. ആര്‍ക്ക് എന്തു ചെയ്യാനാവും? സ്വന്തം നാട് എന്നൊന്ന് ഉണ്ടോ, എനിക്കറിയില്ല അത് വെറുമൊരു മിഥ്യയാണെന്ന് യാഥാര്‍ത്ഥ മലയാളി പണ്ടേ അംഗീകരിച്ചതല്ലേ. ബാംഗ്ലൂരിലെ മാറനഹള്ളി ശ്മശാനത്തില്‍ എസ്. ജയചന്ദ്രന്‍ നായര്‍ എന്ന മലയാളത്തിലെ പത്രാധിപര്‍ ഒരുപിടി ചാരമായി മറഞ്ഞുവെന്ന് എന്നെ വിശ്വസിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കുകയാണ്. ''നീയൊന്നും തിരിഞ്ഞുനോക്കിയില്ലല്ലോ'' അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടാകുമോ ആവോ. എനിക്കറിയില്ല.

വലിയ കഷ്ടപ്പാടില്‍നിന്നു കയറിവന്ന മനുഷ്യനാണ്. കലാകൗമുദി വിട്ട് അസ്വസ്ഥമായിരുന്ന കാലത്ത് ഒരു ദിവസം വൈകുന്നേരം ഞാന്‍ വീട്ടില്‍ ചെന്നു. ജയന്‍സാറിനെ കൂട്ടി ഞാന്‍ മ്യൂസിയത്തിലേയ്ക്കു പോയി. വിജനമായ മ്യൂസിയം വളപ്പില്‍ നടന്നു. സാര്‍ നിശ്ശബ്ദനായിരുന്നു. ഒരു അരളിമരത്തിന്റെ ചുവട്ടില്‍ ജയന്‍സാര്‍ ഇരിക്കുകയാണ്. എന്നോട് ജീവിതദുരന്തങ്ങള്‍ പറയുകമായിരുന്നു: ''എന്റെ അച്ഛനെക്കൊണ്ട് ഞാന്‍ മകനാണെന്ന് അംഗീകരിപ്പിക്കാന്‍ കുട്ടിക്കാലത്ത് ഞാന്‍ പരാജയപ്പെട്ടുപോയി. അച്ഛന്‍ എന്നെ disown ചെയ്തു. അങ്ങനെ വന്ന ഒരാളാണ് ഞാന്‍. എന്റെ അമ്മ അച്ഛന്റെ രണ്ടാം ഭാര്യയായിരുന്നു. പരസ്യമായി അതു പറയാന്‍ അച്ഛനു മടിയായിരുന്നു. അമ്മ കോര്‍പ്പറേഷനിലെ മിഡ്വൈഫായിരുന്നു. ആറ് സഹോദരിമാരും ഞാനും അമ്മയുടെ തുച്ഛ വരുമാനത്തിലാണ് ജീവിച്ചത്. പഠിക്കാന്‍ മിടുക്കനായിരുന്ന ഞാന്‍ എസ്.എം.വി സ്‌കൂളില്‍ എട്ടാം ക്ലാസ്സില്‍ ചേരുന്നതിനു മുന്‍പ് അച്ഛനെ പോയി കണ്ടു. എന്നോടൊപ്പം സ്‌കൂള്‍ അഡ്മിഷന് അച്ഛന്‍ വരണമെന്നു പറഞ്ഞു. അദ്ദേഹം തിരക്കുള്ള ഒരു ബിസിനസ്സുകാരനായിരുന്നു. എടുത്തടിച്ചപോലെ അദ്ദേഹം പറഞ്ഞു: ''നീ എന്റെ മകനല്ല.'' അന്നു ഞാന്‍ കരഞ്ഞു. എന്റെ ബാല്യം അതായിരുന്നു. ജയന്‍സാര്‍ നിശ്ശബ്ദനായി. ഒരുപാട് ബാല്യകാല ചിത്രങ്ങള്‍. ഏറെയും ഒറ്റപ്പെടലിന്റേയും അവഗണനയുടേയും ചിത്രങ്ങള്‍. സാറിന്റെ നോവലുകളില്‍ പലതിലും അതു പകര്‍ത്തിയിട്ടുണ്ട്. പഴയ ബാല്യകൗമാരങ്ങളും ചെറുപ്പവും അതിലുണ്ട്. ശ്രീവരാഹത്തും മണക്കാട്ടുമൊക്കെയായിരുന്നു ജീവിതം. ആ കഷ്ടപ്പാടുകള്‍ക്കിടയില്‍ കുത്തിയിരുന്നു വായിച്ചു. ചില്ലറകള്‍ ഒരുക്കിക്കൂട്ടി സിനിമകള്‍ കണ്ടു. ഒരു ഘട്ടത്തില്‍ ശ്രീകുമാര്‍ തിയേറ്ററില്‍ വരുന്ന എല്ലാ സിനിമകളും കാണുമായിരുന്നു. അവധി ദിവസങ്ങളില്‍ മാറ്റിനി ഷോ കഴിഞ്ഞ് യു.എസ്.ഐ.എസ്സിന്റെ ലൈബ്രറിയില്‍. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് എതിരെ ഉണ്ടായിരുന്ന ആ ലൈബ്രറി പിന്നെ കമ്യൂണിസ്റ്റുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് അടച്ചുപൂട്ടി ചെന്നൈയിലേയ്ക്കു പോയി. അമേരിക്കന്‍ ലൈബ്രറി സി.ഐ.എയുടെ താവളമെന്നായിരുന്നു കമ്യൂണിസ്റ്റുകാര്‍ അന്നു കണ്ടുപിടിച്ചത്. അമേരിക്കന്‍ എന്നു വിളിക്കപ്പെടുന്ന എല്ലാം പൂട്ടിക്കുന്ന കമ്യൂണിസ്റ്റ് വിപ്ലവകാലമായിരുന്നു അത്. അന്നു സഖാക്കള്‍ ചികിത്സയ്ക്ക് അമേരിക്കയില്‍ പോകുന്നത് വെറുത്തിരുന്നു. മക്കളെ അമേരിക്കയില്‍ പഠിപ്പിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. അമേരിക്കന്‍ ലൈബ്രറിയും മുന്നിലെ യൂണിവേഴ്സിറ്റി കോളേജും ശ്രീകുമാര്‍ തിയേറ്ററിലെ സിനിമകളും വീട്ടിലെ കഷ്ടപ്പാടുകളും ഒത്തുചേര്‍ന്നു വളര്‍ത്തിയതാണ് എസ്. ജയചന്ദ്രന്‍ നായര്‍ എന്ന മനുഷ്യനെ, എഴുത്തുകാരനെ, പത്രപ്രവര്‍ത്തകനെ. യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബി.എ പാസ്സാകുമ്പോള്‍ ജേണലിസ്റ്റാകുകയാണ് ലക്ഷ്യമെന്നു മനസ്സില്‍ കുറിച്ചിട്ടിരുന്നു. സഹോദരിയുടെ ഭര്‍ത്താവ് പ്രസാദ് പറഞ്ഞു: നമുക്ക് സി.എന്‍. ശ്രീകണ്ഠന്‍ നായരെ ഒന്നു കാണാം, 1957-ല്‍. പുറത്തു കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാഹളം. സി.എന്‍. അന്ന് കെ. ബാലകൃഷ്ണന്റെ കൗമുദി പത്രാധിപസമിതിയില്‍. സി.എന്‍ അന്നു നാടകത്രയങ്ങള്‍ക്കു തുടക്കമിട്ടിരുന്നില്ല. ഒരു വര്‍ഷം കഴിഞ്ഞ് '58-ലാണ് 'കാഞ്ചനസീത' പുറത്തുവരുന്നത്. കൗമുദിയില്‍ അന്ന് കൈനിക്കര പത്മനാഭപിള്ള, കെ. ബാലകൃഷ്ണന്‍, സി.എന്‍. ശ്രീകണ്ഠന്‍നായരും കെ.സി.എസ്. മണിയും കെ. വിജയരാഘവനും വേണുഗോപാലും ഉണ്ടായിരുന്നു. സി.എന്‍ പറഞ്ഞു: ''നാളെ മുതല്‍ വന്നുകൊള്ളൂ'' അങ്ങനെ കൗമുദിയിലെ പ്രഗത്ഭരുടെ പിന്നിലെ ഒരു കസേരയില്‍ ഞാന്‍ ഇരുന്നു. ഞാനൊരു പത്രപ്രവര്‍ത്തകനായി. കെ. ബാലകൃഷ്ണന് എന്നെ ഇഷ്ടമായി എന്ന് എനിക്കു മനസ്സിലായി. കൗമുദിയില്‍ ചെന്ന് ആറാം മാസത്തില്‍ അദ്ദേഹം എന്നെ എഡിറ്റോറിയല്‍ എഴുതാന്‍ അനുവദിച്ചു! കോഴിക്കോട്ടെ മാതൃഭൂമിയില്‍നിന്നും കോട്ടയത്തെ മനോരമയില്‍നിന്നും ഭിന്നമായിരുന്നു കെ. ബാലകൃഷ്ണന്റെ കൗമുദി. തകഴിയും ദേവും ബഷീറുമൊക്കെ ആ കൗമുദിയിലുണ്ടായിരുന്നു എങ്കിലും പൊളിറ്റിക്കല്‍ ജേണലിസമായിരുന്നു കൗമുദിയുടെ ശക്തി. കെ. ബാലകൃഷ്ണന്റെ രാഷ്ട്രീയക്കുറിപ്പുകള്‍. എത്ര അളന്നു മുറിച്ചാണ് അദ്ദേഹം എഴുതിയിരുന്നത്. ഇടതുപക്ഷ ജീവിതങ്ങളില്‍നിന്ന് ഉരുകിത്തിളച്ച രാഷ്ട്രീയവും സാഹിത്യവും. അതൊരു കാലമായിരുന്നു. കഷ്ടിച്ച് നാല് വര്‍ഷമേ കൗമുദിയില്‍ പണിയെടുത്തുള്ളൂ. പിന്നെ കൊല്ലത്തെ മലയാളരാജ്യത്തില്‍. മലയാളരാജ്യം അക്കാലത്തെ പ്രമുഖ ദിനപത്രമായിരുന്നു. മലയാളരാജ്യത്തിലും നാലു വര്‍ഷങ്ങള്‍. 1966-ലാണ് കേരളകൗമുദിയില്‍ ചേരുന്നത്. അസിസ്റ്റന്റ് എഡിറ്റര്‍ ജി. ഗോവിന്ദപിള്ളയുടെ ക്ഷണപ്രകാരം. പി.കെ. ബാലകൃഷ്ണനും വേണാട് കരുണാകരനും വിജയരാഘവനും ജി. വേണുഗോപാലും അന്ന് കേരളകൗമുദിയിലുണ്ടായിരുന്നു. ആദ്യം മുതല്‍ വീക്കെന്‍ഡിന്റെ ചാര്‍ജു കിട്ടി. അതൊരു വലിയ അനുഭവമായിരുന്നു. ഞായറാഴ്ച പത്രത്തിലും അന്ന് എഡിറ്റോറിയലുണ്ടായിരുന്നു. എഡിറ്റോറിയല്‍ എഴുതാനുള്ള സ്വാതന്ത്ര്യം പത്രാധിപര്‍ നല്‍കിയിരുന്നു. അങ്ങനെ ജയചന്ദ്രന്‍ നായര്‍ കേരളകൗമുദിയുടെ ഭാഗമായി. അടിയന്തരാവസ്ഥയ്ക്കു മുന്‍പ് എം.എസ്. മണിയായിരുന്നു കേരളകൗമുദിയുടെ എഡിറ്റര്‍. ആ കാലത്താണ് കോളിളക്കം സൃഷ്ടിച്ച 'അടിയോടി കേസ്' എന്ന വനം കൊള്ളക്കേസ് ഉണ്ടാകുന്നത്. എസ്. ജയചന്ദ്രന്‍ നായരും എന്‍.ആര്‍.എസ്. ബാബുവും ചേര്‍ന്നു വനംകൊള്ളയെപ്പറ്റി വിശദമായി പഠിച്ചു റിപ്പോര്‍ട്ടുകള്‍ എഴുതി. മലയാളത്തിലെ ആദ്യ സമഗ്ര അന്വേഷണാത്മക പത്രറിപ്പോര്‍ട്ടുകള്‍. കാട്ടുകള്ളന്മാര്‍ എന്ന പേരില്‍ വന്ന റിപ്പോര്‍ട്ടുകള്‍ കരുണാകരന്‍ മന്ത്രിസഭയെ ഉലച്ചു. അടിയോടി രാജിവെച്ചു. പത്രത്തിനെതിരെ കേസായി. എഡിറ്ററായ എം.എസ്. മണി ഉറച്ചുനിന്നു. പക്ഷേ, രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കിടയില്‍ എം.എസ്. മണിക്ക് രാജിവെയ്‌ക്കേണ്ടി വന്നു. കൂടെ എസ്. ജയചന്ദ്രന്‍ നായരും എന്‍.ആര്‍.എസ്. ബാബുവും രാജിവെച്ചു. ഏതാണ്ട് പത്തു വര്‍ഷക്കാലത്തെ കേരളകൗമുദി ജീവിതം അവസാനിച്ചു.

മലയാളത്തിലെ ലിറ്റററി ജേണലിസത്തിന് അതൊരു വഴിത്തിരിവുണ്ടാക്കി. തൈയ്ക്കാട് മ്യൂസിക് കോളേജിനടുത്തുള്ള ഒരു വാടകക്കെട്ടിടത്തില്‍ കലാകൗമുദി ആരംഭിക്കുന്നു. വലിയ മാനസിക സംഘര്‍ഷങ്ങളുടെ കാലം. കലാകൗമുദി വിജയിക്കുമോ എന്ന പ്രശ്‌നം. കുടുംബ പ്രശ്‌നങ്ങള്‍ മറ്റൊരു വശത്ത്. എം.എസ്. മണിയും ജയചന്ദ്രന്‍ നായരും മദിരാശിയിലെത്തി. എം. ഗോവിന്ദനെ കാണുന്നു. ഗോവിന്ദന്‍ വലിയൊരു വഴിവിളക്കായിരുന്നു. മലയാള മനസ്സിനെ ആധുനീകരിക്കാന്‍ ജീവിച്ച ഗോവിന്ദനായിരുന്നു കലാകൗമുദിയുടെ അണിയറ ശില്പി. ഒരു സായാഹ്നത്തില്‍ തെരുവോരത്തെ വിളക്കുകാലിനു മുന്നില്‍നിന്ന് ഗോവിന്ദന്‍ പറഞ്ഞു. ജയാ ഇത് വലിയൊരു അവസരമാണ്. സത്യത്തില്‍ അതുതന്നെ സംഭവിച്ചു. പക്ഷേ, എത്ര വലിയ കഷ്ടപ്പാടുകളായിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞപ്പോള്‍ കലാകൗമുദി പിന്നെ പേട്ടയില്‍ വന്ന എം.എസ്. മണി കേരളകൗമുദിയുടെ എഡിറ്ററായപ്പോള്‍ ജയചന്ദ്രന്‍ നായര്‍ കലാകൗമുദിയുടെ എഡിറ്ററായി. ഒ.വി. വിജയന്റെ കാര്‍ട്ടൂണുകള്‍, 'ഇത്തിരി ദര്‍ശനം ഇത്തിരി നേരമ്പോക്ക്', വി.ടി. ഭട്ടതിരിപ്പാടിന്റെ 'ദക്ഷിണായനം', 'കണ്ണീരും കിനാക്കളു'ടേയും തുടര്‍ച്ച. 'അരവിന്ദനും എം.ടിയും നമ്പൂതിരിയും' കലാകൗമുദിയില്‍. 1984 ജൂണ്‍ 25-ന് 445-ാം ലക്കത്തില്‍ എം.ടിയുടെ 'രണ്ടാംമൂഴം' നമ്പൂതിരിയുടെ വരകളോടെ. പഴയ ആഴ്ചപ്പതിപ്പ് രീതികളെ മാറ്റിമറിച്ചു. വലിയ സൗഹൃദങ്ങള്‍, ബന്ധങ്ങള്‍. പ്രൊഫ. എം. കൃഷ്ണന്‍ നായര്‍ സാഹിത്യവാരഫലത്തിലൂടെ ചെറുപ്പക്കാരുടെ ഹൃദയം കവര്‍ന്നു. കള്ളിക്കാട് രാമചന്ദ്രനും ഇ.വി. ശ്രീധരനും വിജു വി. നായരും റോയി മാത്യുവും ഭട്ടതിരിയും രാജേന്ദ്രനും ശങ്കരന്‍കുട്ടിയും കുഞ്ചുഫോര്‍മാനും ഗോപാലകൃഷ്ണനും ചന്ദ്രമോഹനും കാരക്കാമണ്ഡപം വിജയകുമാറും തുടങ്ങി എത്രയോ പേര്‍ പിന്നണിയിലുണ്ടായിരുന്നു.

പ്രിയപ്പെട്ട വായനക്കാര്‍ ക്ഷമിക്കുക, യാതൊരു അടുക്കുകളുമില്ലാതെ കാലഗണനകളൊക്കെ മറന്ന് എഴുതുകയാണ്. സ്‌നേഹബന്ധങ്ങളുടെ വലിയ ഊഷ്മളതയായിരുന്നു ജയന്‍സാര്‍. മലയാളം ആരംഭിക്കുമ്പോള്‍ നമ്പൂതിരിയും കൃഷ്ണന്‍നായര്‍ സാറും കൂടെ വന്നു. നമ്പൂതിരിയെപ്പറ്റി പലവട്ടം എഴുതിയതാണ് പറഞ്ഞതാണ്. ഇതുപോലൊരു മനുഷ്യനും കലാകാരനും. ഹൃദയം നിറയെ സ്‌നേഹമാണ്. കലാകൗമുദി വിട്ടപ്പോള്‍ നമ്പൂതിരി പറഞ്ഞു: ജയേന്ദ്രന്‍ നായരെ, എനിക്കു നിങ്ങളുമായാണ് ബന്ധം. നിങ്ങളോടൊപ്പം ഞാനും കലാകൗമുദി വിടുന്നു. അങ്ങനെ പറയാനും ചെയ്യാനും ഒരു നമ്പൂതിരിക്കേ കഴിയൂ... ജയന്‍സാര്‍ എന്ന ഊഷ്മളതയ്ക്കുള്ള വലിയ അംഗീകാരമായിരുന്നു അതൊക്കെ. അതേ സ്‌നേഹം എം.ടിക്കുമുണ്ടായിരുന്നു. എം.ടി നിരവധി കുറിപ്പുകളെഴുതി. വാരാണസി എഴുതി. വിട്ടുപോകാത്ത ആ ബന്ധം മരണം വരെ തുടര്‍ന്നിരുന്നു. ഈ കുറിപ്പിന്റെ തുടക്കത്തില്‍ എഴുതിയത് ഓര്‍മ്മയില്ലേ.

എന്‍.ആര്‍.എസ്. ബാബു
എന്‍.ആര്‍.എസ്. ബാബു
സര്‍വ്വ മനുഷ്യര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്ന ഒരു നാട്ടില്‍ നീണ്ട 60 വര്‍ഷങ്ങള്‍ നമ്മുടെ ഭാഷയ്ക്കും സംസ്‌കാരത്തിനും ഇടതുപക്ഷ രാഷ്ട്രീയത്തിനും വേണ്ടി നിലകൊണ്ട ഒരാളുടെ സര്‍ക്കാരിനുള്ള അവസാന കത്ത്. പിണറായി സര്‍ക്കാരിനു സാര്‍ കണ്ണിലെ കരടായിരുന്നു. പിണറായിസം വലിയ അപകടമാണ് സൃഷ്ടിക്കാന്‍ പോകുന്നതെന്നു വിളിച്ചുപറഞ്ഞതിനുള്ള ശിക്ഷയായിരുന്നു പെന്‍ഷന്‍ നിഷേധിക്കല്‍.
T P Chandrasekharan
ടിപി ചന്ദ്രശേഖരന്‍ ഫയല്‍

ഉറച്ച ചുവടുകള്‍, നിലപാടുകള്‍

എം.ടിയുടെ അസുഖ വിവരം എന്നെ ആദ്യം അറിയിച്ചത് ജയന്‍സാറായിരുന്നു. ഞാനും അവശനാണെന്നു പറഞ്ഞ് അവസാനിപ്പിച്ചപ്പോള്‍ എന്റെ മനസ്സ് അസ്വസ്ഥമായി. കഴിഞ്ഞയാഴ്ച മലയാളം വാരികയിലും പ്രസാധകനിലും എം.ടിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എഴുതി. ഈ ആഴ്ച ജയന്‍ സാറിനെക്കുറിച്ച്. ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കുന്നു. ഇതാണ് ജീവിതം. അസുഖബാധിതനായി ഒരുപാട് കിടക്കേണ്ടിവന്നില്ലല്ലോയെന്ന് ഓര്‍ത്തു സമാധാനപ്പെടുകയാണ്. മരണത്തിനു മുന്‍പ് ഒന്നു കാണാന്‍ കഴിഞ്ഞില്ല, വലിയ ദു:ഖമാണത്. ശാന്തമായ മുഖവും നേര്‍ത്ത ചിരിയും. മലയാള ഭാഷയിലെ എന്റെ പരിമിതമായ അറിവില്‍, അവസാനത്തെ പത്രാധിപരാണ് വിടപറഞ്ഞത്. ഭട്ടതിരിയെപ്പോലെ, മറ്റ് അസംഖ്യം എഴുത്തുകാരെപ്പോലെ അങ്ങനെ കരുതാനാണ് ഇഷ്ടം. ഈ കുറിപ്പ് എഴുതുന്നതിനിടയില്‍ എനിക്കൊരു ഫോണ്‍കോള്‍ വന്നു. കായംകുളത്ത് നിന്ന് ചന്ദ്രബാബു എന്നൊരാള്‍ വിളിക്കുകയാണ്. ആള്‍ ഇന്ത്യാ റേഡിയോയില്‍ എന്‍ജിനീയറായി റിട്ടയര്‍ ചെയ്തു വിശ്രമജീവിതം നയിക്കുന്ന ഒരാള്‍. ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാള്‍. അദ്ദേഹത്തിന് കേരളകൗമുദിക്കാലം മുതലുള്ള ജയചന്ദ്രന്‍ നായരെ അറിയാം. അദ്ദേഹം പറഞ്ഞു: ഇന്നു പത്രപ്രവര്‍ത്തനം കച്ചവടമാണ്. അക്ഷരങ്ങളെ സ്‌നേഹിക്കുന്നവരും സത്യസന്ധരായവരും ഇന്നു മഷിയിട്ടു നോക്കിയാലേ കാണാനുണ്ടാവു. ഒരു കണക്കില്‍ ജയചന്ദ്രന്‍ നായര്‍ പോയതു നന്നായി, ഇനി എഴുതിയിട്ട് കാര്യമില്ല. കാലം മാറിപ്പോയി... ഒരു ഉപദേശംപോലെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ''ഇനി എഴുതരുത്. അക്ഷരങ്ങളെ സരസ്വതിദേവിയുടെ അനുഗ്രഹങ്ങളായി കരുതിയിരുന്ന തലമുറപോയി...'' സാറിന്റെ മരണം അറിഞ്ഞ് ഖത്തറില്‍നിന്നു വിളിച്ച ഷൈജുവും പറഞ്ഞത് ഏതാണ്ട് അങ്ങനെയായിരുന്നു.

അതില്‍ സത്യമില്ലാതില്ല, അത് അവരുടെ സങ്കടമായിരുന്നു. നമ്മുടെ കാലത്തോടുള്ള ക്ഷോഭമായിരുന്നു. ഒരു കാര്യംകൂടി കൂട്ടിച്ചേര്‍ക്കാതെ ഈ കുറിപ്പിന് അടിവരയിടാന്‍ എനിക്കാവുന്നില്ല. ഇക്കാര്യവും മുന്‍പ് എഴുതിയതാണ്. 2012-ല്‍ സാര്‍ പത്രപ്രവര്‍ത്തനത്തില്‍നിന്നു വിരമിച്ചു. വിരമിച്ച പത്ര പ്രവര്‍ത്തകര്‍ക്കു പെന്‍ഷന്‍ കൊടുക്കുന്ന ഒരു രീതിയുണ്ട് നമ്മുടെ നാട്ടില്‍. റിട്ടയര്‍ ചെയ്തു വെറുതെയിരിക്കുമ്പോള്‍ ചെറിയൊരു താങ്ങ്. സര്‍ക്കാരിന്റെ ആ സഹായം, ഏതാണ്ട് മാസം 10,000 രൂപയാണ്, വലിയൊരു സഹായമാണ്. മക്കളെ ശല്യപ്പെടുത്താതെ വാര്‍ദ്ധക്യകാലത്ത് അഭിമാനിയായ ഒരു മനുഷ്യനുള്ള നിത്യനിദാനച്ചെലവുകള്‍ക്ക് അതു സഹായകമാവും. ജയന്‍സാറിന്റെ രണ്ടു മക്കളും നല്ല നിലയിലാണ്. മകന്‍ ഡോക്ടര്‍ മകള്‍ ബാംഗ്ലൂരില്‍ ഐ.റ്റി ഫീല്‍ഡില്‍ എന്‍ജിനീയര്‍. പക്ഷേ, പെന്‍ഷന്‍ എന്നത് റിട്ടയര്‍ ചെയ്ത മനുഷ്യന്റെ സേവനത്തെ ബഹുമാനിക്കലാണ്. സമൂഹത്തിന്റെ ഒരു കടപ്പാടാണത്. സാര്‍ രണ്ട് പ്രാവശ്യം അപേക്ഷിച്ചു. ഉമ്മന്‍ ചാണ്ടിക്കും പിണറായി വിജയനും അപേക്ഷ കൊടുത്തു. രണ്ടു സര്‍ക്കാരുകളും ഗൗനിച്ചില്ല. ഒരു മറുപടിപോലും കൊടുത്തില്ല. 2020 ആഗസ്റ്റില്‍ അദ്ദേഹം മുഖ്യമന്ത്രിക്ക് ഒരു കത്തെഴുതി. വായനക്കാര്‍ പത്രങ്ങളില്‍ വന്ന വിവാദം ഓര്‍ക്കുന്നുണ്ടാകും. ഇനി താങ്കളുടെ സൗജന്യത്തിനായി കാത്തുനില്‍ക്കുന്നില്ലെന്നായിരുന്നു കത്തിലെ അവസാന വാചകം. സാര്‍ അന്തസ്സുള്ളവനായിരുന്നു. ഗതികെട്ട് അധികാരിയുടെ കാല് തടവാന്‍ തയ്യാറായില്ല.

സര്‍വ്വ മനുഷ്യര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്ന ഒരു നാട്ടില്‍ നീണ്ട 60 വര്‍ഷങ്ങള്‍ നമ്മുടെ ഭാഷയ്ക്കും സംസ്‌കാരത്തിനും ഇടതുപക്ഷ രാഷ്ട്രീയത്തിനും വേണ്ടി നിലകൊണ്ട ഒരാളുടെ സര്‍ക്കാരിനുള്ള അവസാന കത്ത്. പിണറായി സര്‍ക്കാരിനു സാര്‍ കണ്ണിലെ കരടായിരുന്നു. പിണറായിസം വലിയ അപകടമാണ് സൃഷ്ടിക്കാന്‍ പോകുന്നതെന്നു വിളിച്ചുപറഞ്ഞതിനുള്ള ശിക്ഷയായിരുന്നു പെന്‍ഷന്‍ നിഷേധിക്കല്‍. മലയാളം വാരികയുമായി ബന്ധപ്പെട്ട ആ പഴയ അനുഭവം വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെ ന്യായീകരിച്ചും പ്രതിരോധിച്ചും മലയാളത്തിലെ പ്രശസ്തനായൊരു കവി ദേശാഭിമാനിയില്‍ എഴുതിക്കൊണ്ടിരുന്നപ്പോള്‍, ആ കവിയുടെ ഖണ്ഡശ്ശ വന്നിരുന്ന കവിതയുടെ പ്രസിദ്ധീകരണം എഡിറ്റര്‍ എന്ന നിലയില്‍ ജയന്‍സാര്‍ നിറുത്തിവച്ചു. മലയാളം വാരികയില്‍ കാര്‍മുകില്‍ വര്‍ണ്ണന്റെ പ്രണയലീലകളും ദേശാഭിമാനിയില്‍ പാര്‍ട്ടി നടത്തിയ ആരും കൊലയ്ക്ക് പ്രതിരോധവും! ഈ കാപട്യം അസഹനീയമാണെന്ന് സാറിനു തോന്നി. കവി സത്യസന്ധനാകണം, കാരുണ്യവാനാകണം. ദൈവികമായി കിട്ടുന്ന അനുഗ്രഹമാണത്. കവി കുടിലനായ ഒരു രാഷ്ട്രീയക്കാരനായി മാറരുത്. അതായിരുന്നു എസ്. ജയചന്ദ്രന്‍ നായര്‍ എന്ന എഡിറ്ററുടെ നിലപാട്. നിങ്ങള്‍ക്കു യോജിക്കാം വിയോജിക്കാം. സ്റ്റാലിനിസത്തിലും ഇത്തരം കവികള്‍ ഉണ്ടായിരുന്നു. സ്റ്റാലിനിസത്തിന്റെ കടുത്ത ശത്രുവായ ഒരു എഡിറ്ററുടെ ആ നടപടി സ്വാഭാവികമായി പിണറായി സര്‍ക്കാരിനു ദഹിക്കുന്നതായിരുന്നില്ല. മാത്രമല്ല, വി.എസ്- പിണറായി പോരുകാലത്ത് ജയന്‍സാര്‍ കടുത്ത വി.എസ്. അനുകൂലിയുമായിരുന്നു. അതും പിണറായിസ്റ്റുകളുടെ കടുത്ത രോഷത്തിന് ഇടയാക്കി. എന്നെ വിഷാദിപ്പിച്ചത് അതൊന്നുമല്ല. പെന്‍ഷനുമായുള്ള ചെറിയ വിവാദമുണ്ടായപ്പോള്‍ പക്ഷേ, കേരളത്തിലെ പുകള്‍പെറ്റ സാംസ്‌കാരിക ലോകം നിശ്ശബ്ദത പാലിച്ചു. ജയചന്ദ്രന്‍ നായരുടെ സ്‌നേഹപരിലാളനങ്ങള്‍ ഏറ്റുവളര്‍ന്ന പുതുതലമുറ എഴുത്തുകാരും സാംസ്‌കാരിക മാധ്യമപ്രവര്‍ത്തകരും നിശ്ശബ്ദരായിരുന്നു. പിണറായിസം എന്ന ഭീകരതയുടെ നിഴലിലായിരുന്നു അവരൊക്കെ. സ്‌നേഹമില്ലാത്ത ഈ ലോകത്തില്‍ ഇനിയെന്തിന് ജയചന്ദ്രന്‍ നായര്‍. മുന്‍പ് സൂചിപ്പിച്ച ചന്ദ്രബാബുവിന്റെ വാക്കുകള്‍ ഞാന്‍ ഓര്‍ത്തുപോകുന്നത് ഈ സന്ദര്‍ഭത്തിലാണ്. ജയചന്ദ്രന്‍ നായര്‍ ഈ കാലത്തിനു പറ്റിയവനല്ല. ഞങ്ങളുടെ പാര്‍ട്ടിയെ തഴുകുന്നവനെ മാത്രമേ ഞങ്ങള്‍ അംഗീകരിക്കൂ. അസഹ്യമായ അക്രമങ്ങളും അല്പത്തരങ്ങളും അരങ്ങ് വാഴുകയാണ്. 60 വര്‍ഷങ്ങള്‍ പത്രപ്രവര്‍ത്തനം ജീവിത വ്രതമായി കൊണ്ടുനടന്നിരുന്ന ഒരു മനുഷ്യനെ, നമ്മുടെ ഭാഷയുടെ സംസ്‌കാരത്തിന്റെ കാവലാളായി നിന്ന ഒരാളെ ഇങ്ങനെയല്ലേ ഭരണകൂടത്തിന് അപമാനിക്കാനാകൂ. ''കേഴുക പ്രിയനാടേ'' എന്നല്ലാതെ എന്തെഴുതാന്‍.

ശ്രീകുമാര്‍ തിയേറ്ററിലെ ഇരുട്ടില്‍നിന്നു കിട്ടിയ ജയചന്ദ്രന്‍ നായരുടെ സിനിമയെപ്പറ്റി ഞാനൊന്നും എഴുതിയില്ല. 'പിറവി', 'സ്വം' ഒക്കെ വരും തലമുറകള്‍ പഠിക്കും. 1989-ല്‍ പിറവിയുടെ തിരക്കഥ എഴുതി ഷാജിക്കു നല്‍കി, ഷാജി പറഞ്ഞു: ''നിങ്ങള്‍ സംവിധാനം, ഞാന്‍ ക്യാമറ''' ജയന്‍സാര്‍ തിരുത്തി. ''ഷാജി സംവിധാനം ഞാന്‍ നിര്‍മ്മാതാവ്'' അതുവരെ ക്യാമറാമാനായിരുന്ന ഷാജി എന്‍. കരുണ്‍ 'പിറവി'യോടെ സംവിധായകനായി. 'പിറവി' അന്താരാഷ്ട്രതലത്തില്‍ ആഘോഷിക്കപ്പെട്ടു. ഷാജി 'പിറവി'യുമായി ലോകം ചുറ്റി. പിന്നെ കാനില്‍ 'A Great Indian Film' എന്നു വിശേഷിപ്പിക്കപ്പെട്ട 'സ്വം', 'പിറവി'യുടെ പാതയിലൂടെ. ഷാജിയോട് വലിയ വാത്സല്യമായിരുന്നു. ഷാജി എസ്. ജയചന്ദ്രന്‍ നായരെ ഇപ്പോള്‍ ഓര്‍മ്മിക്കുന്നുവോ, ആവോ? ഒരു പൊതുപരിപാടിയിലും സാര്‍ പങ്കെടുത്തില്ല. ഒരു വേദികളിലും കയറിനിന്ന് സാരോപദേശങ്ങള്‍ ചൊരിഞ്ഞില്ല. ഒരു ഒറ്റയാനായി ഒഴിഞ്ഞുനിന്നു മനുഷ്യരെ നോക്കി. മണ്ണിനെ നോക്കി, ചുറ്റുപാടുകള്‍ നോക്കി പ്രതികരിച്ചുകൊണ്ടിരുന്നു. ആറ്റുകാലമ്പലത്തിലെ പൊങ്കാലയും മണക്കാട്ടെ ഗുസ്തിക്കാരന്‍ ഫയല്‍മാന്‍ നാരായണപിള്ളയും സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഫുട്ബോളും ഒരുപോലെ ഇഷ്ടപ്പെട്ടു. വിദേശങ്ങളില്‍ പോകാന്‍ അവസരം വന്നിട്ടും പോയില്ല. ഇവിടെ ഈ നാട് മതിയെന്നായിരുന്നു നിലപാട്. പക്ഷേ, ജീവിതവും മരണവും ഇങ്ങനെയാണ്, അതു പകിടകളിച്ചുകൊണ്ടിരിക്കും. ജയന്‍സാറിനെ ഇഷ്ടപ്പെടുന്ന അസംഖ്യം പേരില്‍ ഒരാളായി, ഒരുപാട് ഓര്‍മ്മകളോടെ, ഒരുപാട് സ്‌നേഹത്തോടെ ഞാന്‍ ഈ കുറിപ്പിന് അടിവരയിടട്ടെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com