'അതിനു ശേഷം പറഞ്ഞതാണ് മാരകമായ വേര്‍ഷന്‍: സിനിമ കാണുന്ന നേരത്ത് നിനക്ക് ഹലാലായ എന്തെങ്കിലും ചെയ്തൂടെ?'

ആണുങ്ങള്‍ മാത്രം കയറിയിറങ്ങുന്ന പള്ളികള്‍ അവള്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും ജല സംഭരണിയില്‍നിന്ന് 'വുളു' എടുക്കാന്‍ അവള്‍ ആഗ്രഹിച്ചു
'അതിനു ശേഷം പറഞ്ഞതാണ് മാരകമായ വേര്‍ഷന്‍: സിനിമ കാണുന്ന നേരത്ത് നിനക്ക് ഹലാലായ എന്തെങ്കിലും ചെയ്തൂടെ?'
Updated on
4 min read

ങ്ങളുടെ കൗമാരത്തില്‍ പള്ളി 'ഹൗളി'ല്‍ (ജലസംഭരണി) നിന്ന് 'വുളു' (നിസ്‌കാരത്തിനു മുന്‍പു നിര്‍വ്വഹിക്കുന്ന അംഗസ്‌നാനം) എടുക്കാന്‍ ആഗ്രഹിച്ച ഒരു കൂട്ടുകാരിയുണ്ടായിരുന്നു. രണ്ടു മൂന്ന് ആഗ്രഹങ്ങള്‍ ആ കാലത്ത് അവള്‍ക്കുണ്ടായിരുന്നു.

ഒന്ന്: 

പള്ളീല് കേറി വുളു എടുക്കണം. നിസ്‌കരിക്കാന്‍ എന്നാല്‍ അവള്‍ക്ക് ആഗ്രഹമുണ്ടായിരുന്നില്ല. വയസ്സന്മാരുടെ നോട്ടം അവള്‍ക്കിഷ്ടമല്ലാതിരുന്നതുകൊണ്ടു മാത്രമായിരുന്നു, അത്. സിനിമാ നടന്മാരില്‍ അനില്‍ കപൂറിനെ ഇഷ്ടപ്പെട്ടിരുന്ന അവള്‍ക്ക് അത്രയും സൗന്ദര്യമുള്ള ആരെയും നാട്ടില്‍ കണ്ടില്ല. ചെറുപ്പത്തില്‍ അവള്‍ക്കു ദാരുണമായ ഒരു ഓര്‍മ്മയുണ്ട്. പീട്യയില്‍നിന്നു പരിപ്പും പഞ്ചാരയും വാങ്ങി പുരയിലേക്ക് തിരിച്ചുവരുന്ന വഴിയില്‍ ഒരു വയോധികന്‍ ''കോഴിപ്പൂവ് കാണണോ'' എന്നു ചോദിച്ച് അയാളുടെ മുണ്ട് പൊക്കി നഗ്‌നത കാണിക്കാന്‍ ശ്രമിച്ചപ്പോള്‍, ആ കൂട്ടുകാരി ലോകത്തെ മുഴുവന്‍ പുരുഷന്മാരേയും വെറുത്തുപോയി. അതിനുശേഷം ആണുങ്ങള്‍ ചേരുന്നിടം അവള്‍ നരകമായി കണ്ടു. ഒരിക്കല്‍ അവള്‍ എന്നോട് ഒരു ചോദ്യമുന്നയിച്ചു: 

''സ്വര്‍ഗ്ഗത്തില് പടച്ചോന്‍ അതിസുന്ദരികളായ 'ഹൂറി'കളുണ്ട് എന്നു പറഞ്ഞത് എന്തിനാ?''

എന്തിനായിരിക്കുമെന്നറിയാത്തതിനാല്‍ ഞാന്‍ തിരിച്ചു അറിയില്ലെന്ന മട്ടില്‍ ഉത്തരം മുട്ടി നിന്നു.

''ആണുങ്ങള് മാത്രമുള്ള സ്ഥലം നരകമാ. അതോണ്ടാ സ്വര്‍ഗ്ഗത്തില് ഹൂറികള്ണ്ട് എന്ന് പടച്ചോന്‍ പറഞ്ഞത്.'' 

ആണുങ്ങള്‍ മാത്രം കയറിയിറങ്ങുന്ന പള്ളികള്‍ അവള്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും ജല സംഭരണിയില്‍നിന്ന് 'വുളു' എടുക്കാന്‍ അവള്‍ ആഗ്രഹിച്ചു. അതെന്തുകൊണ്ടാണെന്ന് അന്നു ചോദിച്ചില്ല. കുറേ കാലം കഴിയുമ്പോഴാണ് ചോദിക്കാതെ പോയ ചോദ്യങ്ങള്‍ ഓര്‍മ്മവരിക.

രണ്ട്: 

കുളങ്ങര പള്ളിയിലെ കുളത്തില്‍ ആങ്കുട്ട്യോളോടൊപ്പം നീന്തണമെന്നത് അവളുടെ വലിയ മോഹമായിരുന്നു. മാടായിക്കുന്നിന്റെ താഴ്വരയില്‍ ഉള്ള ആ പള്ളിക്കുളം മാടായിയിലെ മുസ്ലിം ആണ്‍ബാല്യങ്ങളുടെ നിത്യപ്രചോദന നീന്തല്‍കുളമാണ്. മഴക്കാലമായാല്‍ അവിടെ ആണ്‍ബാല്യങ്ങളുടെ നീന്തല്‍ച്ചാട്ടങ്ങളും അതിന്റെ നാനാവിധം ആരവങ്ങളുമാണ്. അവിടെ നീന്താന്‍ പോയ ആണ്‍കൂട്ടുകാര്‍ പറഞ്ഞ നീന്തലിരമ്പങ്ങളെക്കുറിച്ചുള്ള കഥകള്‍ കേട്ടാണ് അവള്‍ക്കും അങ്ങനെയൊരു പൂതി തോന്നിയത്. നിര്‍ഭാഗ്യവശാല്‍ അന്നു മാത്രമല്ല, മാടായിയില്‍ അത്യാവശ്യം സ്വാധീനമുള്ള ഈ കാലത്തും പെണ്‍കുട്ടികളുടെ അത്തരം ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കാന്‍ സാധ്യമല്ല. പള്ളിക്കുളങ്ങള്‍ ആണ്‍കുട്ടികള്‍ക്കു നീന്താനുള്ളതാണ്. മതമെന്നു പറഞ്ഞാലെന്താ? ആണുങ്ങളുടെ ആത്മശാന്തിക്കായി നിര്‍മ്മിക്കപ്പെട്ടതാണ് അതിന്റെ ഉള്ളടക്കത്തിലേറെയും. സ്ത്രീകള്‍ക്കു മാത്രം നീന്താനുള്ള കുളങ്ങള്‍ അവളുടെ മോഹമായിരുന്നു. ഒരു മഴക്കാലത്ത്, ഞങ്ങളുടെ നാട്ടിലെ കഥകളുടെ വളര്‍ത്തുകേന്ദ്രമായ മുതലക്കുണ്ടില്‍ ഞാനവളോടൊപ്പം പോയി. വെള്ളം കവിഞ്ഞുനില്‍ക്കുന്ന ആ കുണ്ടില്‍നിന്നു തട്ടം വീശി പിലോപ്പി മീനിനെ പിടിച്ചെങ്കിലും ഞങ്ങള്‍ നീന്തിയില്ല. നീന്തലറിയാത്ത ഒരു പഹയനാണ് ഞാന്‍. അവള്‍ക്കും നീന്താനറിയില്ലായിരുന്നു. അതുകൊണ്ട് പിലോപ്പി പിടിച്ച് ഞങ്ങള്‍ സായൂജ്യരായി. പിലോപ്പി മാപ്പിള പുരയില്‍ വെക്കുന്ന മീനല്ല. ആ കാലത്താണേ. ഇപ്പോ മാറി മറിഞ്ഞോ എന്നറിയില്ല. ഞങ്ങളത് അയല്‍ക്കാരനായ ബെന്നിയേട്ടന്റെ വീട്ടില്‍ കൊടുത്തു. 

മൂന്ന്:

നോമ്പുകാലത്ത് അത്താഴത്തിന് എണീറ്റ് സുബഹ് നേരത്ത് കടപ്പുറം വരെ നടക്കണമെന്നത് അവളുടെ മോഹമായിരുന്നു. ആ കാലത്ത് അതു നടക്കുന്ന കാര്യമേ ആയിരുന്നില്ല. ഈ കാലത്താണെങ്കില്‍ നിത്യവ്യായാമത്തിന്റെ ഭാഗമായി 'മോണിങ്ങ് വാക്ക്' ഒരു സാധ്യതയാണ്. ഒരു ദിവസം അത്താഴത്തിനെഴുന്നേറ്റപ്പോള്‍ അവള്‍ സ്വന്തം ഏട്ടനോട് ചായ ഉണ്ടാക്കാനും പത്തിരി ചൂടാക്കി തന്നത്താന്‍ എടുത്തു തിന്നാനും പറഞ്ഞു. അതിനുശേഷം ഉമ്മ കുറച്ചു ദിവസം അവളെ അത്താഴത്തിനു വിളിച്ചില്ല. എന്നിട്ടും അവള്‍ നോമ്പൊന്നും ഉപേക്ഷിച്ചിരുന്നില്ല.

നാല്:

മൊട്ടാമ്പ്രം സ്റ്റാര്‍ ടാക്കീസില്‍നിന്നു ക്യൂ നിന്നു ടിക്കറ്റ് എടുത്ത് സിനിമ കാണാന്‍ അവള്‍ ആഗ്രഹിച്ചു. ജയന്‍ അഭിനയിച്ച 'മൂര്‍ഖന്‍' മുതല്‍ ഞങ്ങള്‍ ആണ്‍കുട്ടികളും മുസ്ലിമേതര പെണ്‍കുട്ടികളും അവിടെ നിന്നു സിനിമ കാണുന്നു (ആ ടാക്കീസ് ഉണ്ടായിരുന്ന ഇടത്ത് ഇപ്പോള്‍ ഒരു മസ്ജിദാണ്). ഒരു മുസ്ലിം പെണ്‍കുട്ടിയും ആ കാലത്ത്, എണ്‍പതുകളുടെ അവസാനം, അവിടെനിന്നു സിനിമ കണ്ടിരുന്നില്ല. അമിതാഭ് ബച്ചന്റെ 'ഡോണ്‍' എന്ന സിനിമ കണ്ടു വന്ന ശേഷം അതിന്റെ കഥ പറഞ്ഞപ്പോള്‍ ഒരു ദിവസം അവള്‍ നിരാശയോടെ പറഞ്ഞു: ''നിങ്ങ ആണ്‍കുട്ട്യോള്‍ക്ക് ഏടയും പോകാം, എന്തും കാണാം. എന്താ രസം...''

ഈയിടെ 'പ്രണയ വിലാസം' എന്ന സിനിമ കണ്ട് നാട്ടില്‍ ബസിറങ്ങിയ ഞാന്‍, മറ്റൊരു ദിശയിലേക്കുള്ള ബസ് കാത്തുനില്‍ക്കുന്ന അവളെ കണ്ടു. പര്‍ദ്ദയിട്ട അവള്‍ എന്നെ കണ്ടപ്പോള്‍ ചിരിച്ചുവെന്നു മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. ചിരിച്ചോ എന്നുറപ്പില്ല.

''എടീ മുന്‍പ് നീ സിനിമ കാണാന്‍ ആഗ്രഹിച്ചിരുന്നില്ലേ? കണ്ണൂര്‍ ഫിലിം സിറ്റിയില്‍ പോയി ടിക്കറ്റ് എടുത്ത് സിനിമ കണ്ടോ... നല്ലൊരു സിനിമ കളിക്കുന്നുണ്ട്...''

കുട്ടിക്കാലത്തെ അതേ സ്വാതന്ത്ര്യമെടുത്ത് ഞാന്‍ പറഞ്ഞു. അവള്‍ മറുപടിക്ക് കാത്തുനിന്നില്ല.

''നീ ഇപ്പോം ദുന്‍യാവിനെക്കുറിച്ചന്നെ ചിന്തിക്ക്ന്നത്? ടൗണിലെ പള്ളിയില്‍... ഉസ്താദിന്റെ വഅളുണ്ട്. ഞാനതു കേള്‍ക്കാന്‍ പോകുകയാ. റമളാനല്ലേ വരാന്‍ പോക്ന്നത്.''

അവള്‍ സ്വാതന്ത്ര്യത്തെ അവളുടേതായ രീതിയില്‍ ആത്മീയമായി നിര്‍വ്വചിച്ചു കഴിഞ്ഞിരുന്നു. അത്രയും എനിക്കു മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍, അതിനുശേഷം പറഞ്ഞതാണ് മാരകമായ വേര്‍ഷന്‍: സിനിമ കാണുന്ന നേരത്ത് നിനക്ക് ഹലാലായ എന്തെങ്കിലും ചെയ്തൂടെ?''

ആരാണ് പറഞ്ഞത്, മുസ്ലിം പുരുഷന്മാരാണ് സ്ത്രീകളെ നിയന്ത്രിക്കുന്നത് എന്ന്? എവിടെ നിന്നാണ് ആ ഒച്ചകള്‍? വെറുതെ ഒച്ചപ്പാടുണ്ടാക്കുന്ന ചില ലിബറല്‍  #&@*# കള്‍.

*********

വലിയ നോമ്പും  മാപ്പിള നോമ്പും

എന്റെ കുട്ടിക്കാലത്ത് ഞാന്‍ കേട്ട പരിഹാസങ്ങളിലൊന്ന് റമളാന്‍ മാസമാകുമ്പോള്‍ ചില ക്രിസ്തീയ ചങ്ങാതിമാര്‍ തമാശയായി പറഞ്ഞ ഈ വാക്കുകളാണ്:

''നിങ്ങള്‍ക്ക് വയറ് നെറച്ചും തിന്നാന്‍ പറ്റുന്ന മാസമാണല്ലോ വരുന്നത്.''

പരിപാവനമായ, പട്ടിണി കിടക്കുന്നതിലൂടെ പോരിശ കിട്ടുന്ന മാസത്തെയാണ് അവരില്‍ ചിലര്‍ കളിയാക്കുന്നത്. അവരുടെ കാഴ്ചപ്പാടില്‍ മുസ്ലിങ്ങള്‍ എന്തും പതിവില്‍ കൂടുതല്‍ വാരി വലിച്ചു തിന്നുന്ന മാസം റമളാനാണ്. ആ കാലത്ത്, നോമ്പു തുറന്നയുടന്‍ അമിതാഹാരം കൊണ്ടുണ്ടാവുന്ന വയറ് പൊകച്ചിലിനും മറ്റുമുള്ള ശമനൗഷധമായി 'അയമോദക' ഗുളികയും 'ദാനേന്ദ്രിയം' ഗുളികകളും കൂടുതല്‍ കൊണ്ടുവെച്ചിരുന്നു കരീമാ ജീക്കാന്റെ പീട്യയില്. ഗള്‍ഫില്‍നിന്നും സിംഗപ്പൂരില്‍നിന്നും കൊണ്ടുവരുന്ന ടൈഗര്‍ ബാം, ആക്‌സ് ഓയില്‍ എന്നിവയും മുസ്ലിമുകള്‍ ആ മാസം കൂടുതല്‍ ഉപയോഗിച്ചു. ഊദിന്റേയും അത്തറിന്റേയും മണമല്ല, ടൈഗര്‍ ബാമിന്റെ മണമായിരുന്നു പുരകള്‍ക്ക്. കൂട്ടുകാരിയുടെ നെറ്റിയില്‍ നോമ്പുതുറന്നു കഴിഞ്ഞാല്‍ അവള്‍ക്കുണ്ടാവുന്ന തലവേദന മാറ്റാന്‍ ടൈഗര്‍ ബാം പുരട്ടുന്നതില്‍ ഞാന്‍ ആഹ്ലാദം കണ്ടെത്തിയ മാസമായിരുന്നു. ആ നാളുകളിലെ നോമ്പുതുറ പ്രണയത്തിന്റെ ടൈഗര്‍ ബാം പുരട്ടല്‍ തുറകളായി മാറി. ഒരു ദിവസം അവളെ 'ഔത്ത്' (അകത്ത്) കൂട്ടി. പുയ്യാപ്ലയെ അന്വേഷിക്കുന്നു എന്നറിഞ്ഞു. ടൈഗര്‍ ബാം നോമ്പുതുറ സന്ധ്യകള്‍ എന്നേക്കുമായി നഷ്ടമായി. നോമ്പുതുറകളുടെ ഭംഗി നഷ്ടപ്പെട്ടു. പ്രണയനഷ്ടമാണ് നോമ്പ് എന്നറിഞ്ഞു. ആത്മാവിന്റെ പട്ടിണി, പിടച്ചില്‍. എത്ര നോമ്പുകള്‍ തുറന്നാലും അതു ശോകസന്ധ്യയായി ഇപ്പോഴുമുണ്ട്.

എന്നാല്‍, ക്രൈസ്തവ ചങ്ങാതിമാരുടെ പരിഹാസത്തിനു മറുപടിയുണ്ടായില്ല. നോമ്പു തുറന്നാല്‍ വാരിവലിച്ചു തിന്നുന്ന ശീലം ഉള്ളതാണല്ലൊ. മുത്താഴം, അത്താഴം എന്നൊക്കെയുണ്ടെങ്കിലും നോമ്പുതുറന്നാല്‍ പത്ത് മിനിട്ടുകൊണ്ട് വയറ്, 'സ്തംഭന വയറാ'ക്കും. കണ്ണൂര്‍ മാര്‍ക്കറ്റിലെ എല്ലാം കിട്ടുന്ന പീട്യയാണ് പിന്നെ വയറ്. ഒരു വര്‍ഷം, ഇതേപോലെ, മാപ്പിള റമളാനും ക്രിസ്ത്യാനികളുടെ വലിയ നോമ്പും ഒന്നിച്ചാണ് വന്നത്. കുരുത്തോല കരിച്ച ഭസ്മംകൊണ്ട് വിഭൂതിപ്പെരുന്നാള്‍ തൊട്ട് വലിയ നോമ്പ് തുടങ്ങുന്ന ദിവസം ശീമോന്‍ എന്ന ചങ്ങാതിയോട് ഞാന്‍ ചോദിച്ചു: 

''നിങ്ങളെ നോമ്പ് എങ്ങനെയാ?''

''ഒരു നേരം ആഹാരം വര്‍ജ്ജിക്കണം. ഇഷ്ടമുള്ളത് കൂട്ടാന്‍ പാടില്ല. മീന്‍ ഇഷ്ടമുള്ളവര്‍ മീന്‍ കറി ഉപേക്ഷിക്കണം. മാംസം ഇഷ്ടമുള്ളവര് അത് ഉപേക്ഷിക്കണം. നല്ല വാക്കുകള്‍ പറയണം. പിന്നെ പെമ്പിള്ളോരുമായി ഇടപഴകുന്നത് കുറക്കണം.'' ശീമോന്‍ എന്നോടു പറഞ്ഞ കാര്യം ഞാന്‍ ശാഹുല്‍ ഹമീദ് എന്ന കൂട്ടുകാരനോട് പറഞ്ഞു. അപ്പോള്‍ അവന്റെ മറുപടി: ''പടച്ചോന്‍ ഇങ്ങനെയുള്ള നമുക്കു നോമ്പ് വിധിച്ചെങ്കില്‍ കൊല്ലം മുഴുവന്‍ എടുക്കായിരുന്നു.''

മതജീവിയായ എനിക്ക് നോമ്പുകാലത്ത് വലിയ സഹനം തന്നെ നേരിടേണ്ടിവന്നു. എരഞ്ഞോളി മൂസക്കയുടെ ജീവിതമെഴുതുന്നതിന്റെ ഭാഗമായി ഒരു ദിവസം ഒരു നോമ്പുകാലത്ത് ഞങ്ങള്‍ കോഴിക്കോട്ട് തെരുവിലൂടെ നടക്കുകയായിരുന്നു. എനിക്കു നല്ല ദാഹം തോന്നി.

''യാത്രക്കാര്‍ക്ക് നോമ്പു നിര്‍ബ്ബന്ധമില്ല.''

അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഒരു ഹോട്ടലില്‍ കയറി. ചായ കുടിച്ചു. പുറത്തിറങ്ങുമ്പോള്‍ മൂസക്കയെ തിരിച്ചറിഞ്ഞ ഒരു ചെറുപ്പക്കാരന്‍ വന്ന് സലാം ചൊല്ലി.

''അസ്സലാമുഅലൈക്കും.''

''വഅലൈക്കും വസ്സലാം'' ഞങ്ങള്‍ സലാം മടക്കി. ''നോമ്പുകാലത്ത് മൂസക്കയെപ്പോലെയുള്ള ഒരാള്‍ പരസ്യമായി ഹോട്ടലില്‍ കയറുന്നത് സമൂഹത്തിനു നല്ല സന്ദേശമല്ല നല്‍കുന്നത്.''

മൂസക്ക അവന്റെ തോളില്‍ തട്ടി പറഞ്ഞു: ''യൗവ്വനത്തില്‍ ഞാന്‍ നോമ്പുകാലത്തും കുടിക്കുമായിരുന്നു. ഇപ്പോ കൊറേ കാലമായി ആ കുടി നിര്‍ത്തി, ചായ കുടി മാത്രേ ഉള്ളൂ...''

''നിങ്ങള് ഒരു മുസ്ലിമല്ലേ?''

ആ ചെറുപ്പക്കാരന്‍ എന്നോടു ചോദിച്ചു. അവന്റെ ചോദ്യത്തിന് ''ഒന്നു പോ ചങ്ങായി'' എന്നു മാത്രം മറുപടി പറഞ്ഞു. അങ്ങനെ ചോദിക്കാന്‍ ഓനാരാ? 

ഇപ്പോള്‍ ഇതോര്‍ക്കാന്‍ ഒരു സംഗതിയുണ്ട്.

എനിക്കറിയാവുന്ന വയോധികനായ ഒരു മുസ്ലിം പ്രൊഫസര്‍, ദാഹിച്ച് അവശനായി തീരെ തളര്‍ന്നുവീഴും എന്നു തോന്നിയപ്പോള്‍ ടൗണിലെ ഒരു ഹോട്ടലില്‍ കയറി ചായയും തുടര്‍ന്നു ഗുളികയും കഴിച്ചു. അദ്ദേഹം ഹോട്ടലില്‍നിന്ന് ഇറങ്ങിവരുന്നതു കണ്ട എന്റേയും അദ്ദേഹത്തിന്റേയും ഒരു മുസ്ലിം സുഹൃത്ത് പറഞ്ഞു: ''ഓ, നമ്മുടെ... ആ മാഷ് നോമ്പുകാലത്ത് പരസ്യമായി ഹോട്ടലില്‍ കയറുന്നത് കണ്ടു.''

''അതിന്?''

ഞാന്‍ ചോദിച്ചു:

''സമൂഹത്തിന് നല്ല മെസ്സേജല്ല അത്.''

''സമൂഹമോ, ഏത് സമൂഹം?''

അവന്‍ ഒന്നും പറയാതെ നിന്നു.

ഈസ്റ്റര്‍, വിഷു, റമദാന്‍ - എല്ലാം ആത്മീയതയുടെ പല കൈവഴികളായി ദൈവമെന്ന ആ മഹാസമുദ്രത്തെ/അല്ലെങ്കില്‍ ആകാശത്തിലും ഭൂമിയിലും സൂക്ഷ്മ കോണുകളിലും പരന്നുകിടക്കുന്ന ആ അനശ്വരതയെ ചെന്നു തൊടുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com