

മികവാര്‍ന്ന രാഷ്ട്രീയ ഇടപെടലുകളിലൂടെ താരത്തിളക്കം നേടിയ അപൂര്‍വ്വം ചില കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് വടശ്ശേരി ദാമോദരന്‍ സതീശന്‍ എന്ന വി.ഡി. സതീശന്‍. പ്രതിപക്ഷ നേതൃസ്ഥാനം അദ്ദേഹത്തിനു നല്‍കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ്സിലെ യുവനിര മാത്രമല്ല, കോണ്‍ഗ്രസ്സുകാരല്ലാത്ത നിഷ്പക്ഷമതികളും സന്തോഷിച്ചിരിക്കാനിടയുണ്ട്. പാര്‍ട്ടിഭേദമില്ലാതെ മിക്ക രാഷ്ട്രീയ നേതാക്കളും അധികാരം, അര്‍ത്ഥം, ഖ്യാതി എന്നീ ത്രിമോഹങ്ങളില്‍ മതിമറന്നഭിരമിക്കുമ്പോള്‍ ആവക പ്രലോഭനങ്ങള്‍ക്ക് വല്ലാതെ വഴങ്ങാതെ സംസ്ഥാനത്തിന്റെ ഉത്തമ താല്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന നേതാവാണ് സതീശന്‍ എന്ന് അവര്‍ കരുതുന്നു എന്നതാണ് കാരണം.
അത്തരക്കാരുടെ പ്രതീക്ഷയ്‌ക്കൊത്തുയരുംവിധമായിരിക്കും തന്റെ പ്രവര്‍ത്തനമെന്ന് സതീശന്‍ ഇതിനകം വ്യക്തമാക്കിയിരിക്കുന്നു. കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് ഹൈക്കമാന്റ് തന്നെ നിയോഗിച്ചതിനു തൊട്ടുപിന്നാലെ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്, ഭരണപക്ഷം കൈക്കൊള്ളുന്ന നടപടികളെയെല്ലാം കണ്ണടച്ചെതിര്‍ക്കുന്നതിനു പകരം ഗുണദോഷ വിചിന്തനം നടത്തി മാത്രം വിമര്‍ശിക്കുന്ന രീതിയാണ് താന്‍ പിന്തുടരുകയെന്നാണ്. നാടിന്റെ വികസനവിഷയത്തില്‍ ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാ കക്ഷികളും ഐക്യപ്പെടണമെന്ന് 1980-കളില്‍ ഇ.എം.എസ് മുന്നോട്ടുവെച്ച നിര്‍ദ്ദേശത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു സതീശന്റെ പ്രസ്താവന. എതിര്‍പ്പിനുവേണ്ടി എതിര്‍പ്പ് എന്നതാവില്ല, എതിര്‍ക്കപ്പെടേണ്ടതിനെതിരെ മാത്രം എതിര്‍പ്പ് എന്നതാവും തന്റെ ശൈലിയെന്നത്രേ അദ്ദേഹം വെളിപ്പെടുത്തിയത്.
അതേ ദിവസം തന്നെ സതീശന്‍ ഒരു പ്രമുഖ മലയാള പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. തന്റെ ഒന്നാമത്തെ പരിഗണന വര്‍ഗ്ഗീയതയ്‌ക്കെതിരേയുള്ള പോരാട്ടം എന്നതായിരിക്കുമെന്നാണ് മാതൃഭൂമിയുടെ പ്രതിനിധിയുമായി നടത്തിയ മുഖാമുഖത്തില്‍ പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയത്. ''കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും മതേതര വിശ്വാസികളാണെന്നും അവര്‍ക്കിടയില്‍ മതേതരത്വത്തിന്റെ ആട്ടിന്‍തോലണിഞ്ഞു പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗീയശക്തികള്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ യു.ഡി.എഫ് മുന്‍നിരയിലുണ്ടാവും'' എന്നും പ്രതിപക്ഷ നേതാവ് തറപ്പിച്ചു പറയുകയുണ്ടായി. സംഘപരിവാര്‍ ശക്തികള്‍ക്കെതിരേയുള്ള രാഷ്ട്രീയ യുദ്ധത്തില്‍ മുന്നണിപ്പോരാളിയാകാന്‍ കേരളത്തിലെ കോണ്‍ഗ്രസ്സുണ്ടാകുമെന്നു ചൂണ്ടിക്കാട്ടുക കൂടി ചെയ്തു അദ്ദേഹം.
സംഘപരിവാറിന്റെ വര്‍ഗ്ഗീയതയില്‍ മാത്രം ഊന്നി വി.ഡി. സതീശന്‍ സംസാരിച്ചപ്പോള്‍ സ്വാഭാവികമായി ന്യൂനപക്ഷ വര്‍ഗ്ഗീയത പ്രശ്‌നമല്ലേ എന്ന ചോദ്യം പത്രപ്രതിനിധിയില്‍ നിന്നുയര്‍ന്നു. അതിന് പ്രതിപക്ഷ നേതാവിന്റെ മറുപടി ഇങ്ങനെയായിരുന്നു: ''ന്യൂനപക്ഷ വര്‍ഗ്ഗീയതയോടും അതേ നിലപാടാണുള്ളത്. പരസ്പരം പാലൂട്ടി വളര്‍ത്തുന്ന ശത്രുക്കളാണ് ഇത് രണ്ടും. ന്യൂനപക്ഷ വര്‍ഗ്ഗീയത തടയുന്നതില്‍ മുസ്ലിംലീഗ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്.'' (മാതൃഭൂമി, 23-5-2021)
സതീശന്റെ മറുപടിയിലെ അവസാനത്തെ വാചകം വര്‍ഗ്ഗീയതയുടെ വിഷയത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണെന്നു പറഞ്ഞേ മതിയാവൂ. ഭൂരിപക്ഷ വര്‍ഗ്ഗീയത തടയുന്നതില്‍ ബി.ജെ.പി വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്നു പറയുന്നത് എത്രത്തോളം അസംബന്ധവും വസ്തുതാവിരുദ്ധവുമാണോ അത്രത്തോളം അസംബന്ധവും വസ്തുതാവിരുദ്ധവുമാണ് ന്യൂനപക്ഷ വര്‍ഗ്ഗീയത തടയുന്നതില്‍ മുസ്ലിംലീഗ് വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്നു പറയുന്നത്. കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ പ്രതിനിധാനം മുസ്ലിംലീഗല്ലെങ്കില്‍, പിന്നെ ഏത് സംഘടനകളാണ് അതിന്റെ പ്രതിനിധാനങ്ങള്‍-ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രന്റ്, ഇന്ത്യന്‍ നാഷണല്‍ ലീഗ്, പി.ഡി.പി എന്നിവയോ? ഇപ്പറഞ്ഞ നാല് സംഘടനകളും വര്‍ഗ്ഗീയകക്ഷികളാണെന്നതില്‍ സംശയമില്ല. പക്ഷേ, അവ നാലും ഒരുമിച്ചുനിന്നാല്‍പ്പോലും ലീഗിന്റെ ഏഴയലത്തെത്തില്ല. ഇനി അതല്ല, കേരള കോണ്‍ഗ്രസ്സുകളാണ് സംസ്ഥാനത്തെ ന്യൂനപക്ഷ വര്‍ഗ്ഗീയ സംഘടനകള്‍ എന്നാണോ സതീശന്‍ അര്‍ത്ഥമാക്കുന്നത്? ആണെങ്കില്‍ ജോസഫ് കേരളയും ജേക്കബ് കേരളയും യു.ഡി.എഫില്‍ അംഗങ്ങളാണെന്ന കാര്യം മറക്കരുത്.
വെല്‍ഫെയര്‍ പാര്‍ട്ടിയെ ഉപേക്ഷിക്കുമോ?
നാല് പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയിലെ പ്രമുഖ ഘടകകക്ഷി എന്ന നിലയില്‍ മുസ്ലിംലീഗിന് തികച്ചും അനര്‍ഹമായി മതേതരത്വത്തിന്റെ ആടയാഭരണങ്ങള്‍ അണിയിച്ചുകൊടുക്കുന്ന പഴയ കോണ്‍ഗ്രസ് ശൈലി വി.ഡി. സതീശനും തുടരുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. 'മതേതരത്വത്തിന്റെ ആട്ടിന്‍തോലണിഞ്ഞു പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗീയശക്തി'കളെക്കുറിച്ച് പ്രതിപക്ഷ നേതാവ് സംസാരിച്ചത് കാണാം. ആ ഗണത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് പെടില്ല എന്നതിന് എന്ത് തെളിവാണ് സതീശന്റെ കൈവശമുള്ളത്? ഹിന്ദുവികാരം മാറ്റിനിര്‍ത്തിയാല്‍ ബി.ജെ.പിക്ക് നിലനില്‍പ്പുണ്ടാവില്ല എന്നതു പോലെ മുസ്ലിം വികാരം മാറ്റിനിര്‍ത്തിയാല്‍ ലീഗിനും നിലനില്‍പ്പുണ്ടാവില്ല. പ്രത്യേക മതത്തിന്റേയോ പ്രത്യേക സമുദായത്തിന്റേയോ വികാരം മൂലധനമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളാണ് വര്‍ഗ്ഗീയ പാര്‍ട്ടികള്‍. 136 വയസ്സ് പിന്നിട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മതേതര പാര്‍ട്ടിയുടെ അദ്ധ്യക്ഷപദവിയില്‍ ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലിങ്ങളും ക്രൈസ്തവരും പാര്‍സികളുമെല്ലാമിരുന്നിട്ടുണ്ട്. 73 വയസ്സ് പിന്നിട്ട ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ അദ്ധ്യക്ഷപദവിയില്‍ മുസ്ലിങ്ങളല്ലാത്ത വല്ലവരുമിരുന്ന ചരിത്രം ചൂണ്ടിക്കാട്ടാന്‍ പ്രതിപക്ഷ നേതാവിനു സാധിക്കുമോ? ഹിന്ദുക്കളും മുസ്ലിങ്ങളും ക്രൈസ്തവരും അധിവസിക്കുന്ന കേരളത്തിലും തമിഴ്നാട്ടിലും പ്രവര്‍ത്തിക്കുന്ന ലീഗില്‍ ഹിന്ദുക്കളില്‍നിന്നോ ക്രൈസ്തവരില്‍നിന്നോ ഇന്നേവരെ അദ്ധ്യക്ഷന്മാരില്ലാതെ പോയത് എന്തുകൊണ്ടാണ്? പാര്‍ട്ടിയുടെ നിര്‍ണ്ണായക സ്ഥാനങ്ങളില്‍നിന്നെല്ലാം അമുസ്ലിങ്ങളെ അകറ്റിനിര്‍ത്തുന്നതില്‍ ലീഗ് പുലര്‍ത്തുന്ന നിഷ്‌കര്‍ഷതയ്ക്ക് പിന്നിലുള്ളത് അതിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വര്‍ഗ്ഗീയ സ്വഭാവമല്ലാതെ മറ്റൊന്നുമല്ല.
ഈ വസ്തുതയ്ക്കു നേരെ കണ്ണുചിമ്മുകയും ന്യൂനപക്ഷ വര്‍ഗ്ഗീയത തടയുന്നതില്‍ പ്രമുഖ പങ്കുവഹിക്കുന്ന മതേതര പാര്‍ട്ടിയായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിനെ വിലയിരുത്തുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവ് ഭൂരിപക്ഷ വര്‍ഗ്ഗീയതയ്‌ക്കെതിരെ മാത്രമല്ല, ന്യൂനപക്ഷ വര്‍ഗ്ഗീയതകള്‍ക്കെതിരേയും പോരാടുമെന്നു പറയുമ്പോള്‍ കേരളത്തിലെ ഏതെല്ലാം ന്യൂനപക്ഷ വര്‍ഗ്ഗീയകക്ഷികള്‍ക്കെതിരെയാണ് അദ്ദേഹം പോരാടാന്‍ പോകുന്നതെന്നു വ്യക്തമാക്കേണ്ടതുണ്ട്. മുകളില്‍ സൂചിപ്പിച്ചതുപോലെ, ലീഗിനെ മാറ്റിനിര്‍ത്തിയാല്‍ മുസ്ലിം ന്യൂനപക്ഷ വര്‍ഗ്ഗീയതയെ പ്രതിനിധാനം ചെയ്യുന്ന നാല് സംഘടനകളാണ് സംസ്ഥാനത്തുള്ളത്. ജമാഅത്തെ ഇസ്ലാമി (വെല്‍ഫെയര്‍ പാര്‍ട്ടി), പോപ്പുലര്‍ ഫ്രന്റ് (എസ്.ഡി.പി.ഐ), ഇന്ത്യന്‍ നാഷണല്‍ ലീഗ്, പി.ഡി.പി എന്നിവയാണവ.
ഇവയില്‍ ഇസ്ലാമിസം എന്ന മതമൗലിക പ്രത്യയശാസ്ത്രം മാറോട് ചേര്‍ക്കുന്ന സംഘടനകളാണ് ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യയും. ഇസ്ലാമിസത്തില്‍ വര്‍ഗ്ഗീയതയ്ക്ക് പുറമെ ഇസ്ലാമിക ഭരണവാദവും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ആര്‍.എസ്.എസ് ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുത്വ എന്ന ആശയത്തിന്റെ മുസ്ലിം രൂപമാണ് ഇസ്ലാമിസം എന്ന ആശയം. മതേതര ജനാധിപത്യവിരുദ്ധമായ പ്രസ്തുത ആശയത്തിന്റെ പ്രചാരകരായ ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രന്റ് എന്നിവയ്‌ക്കെതിരെ പൊരുതുമെന്നാണോ പ്രതിപക്ഷ നേതാവ് പറയുന്നത്? എങ്കില്‍ അദ്ദേഹം ആദ്യം ചെയ്യേണ്ടത് ജമാഅത്തിന്റെ രാഷ്ട്രീയഹസ്തമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുണ്ടാക്കിയ സഖ്യം അവസാനിപ്പിക്കുകയാണ്. ചില പഞ്ചായത്തുകളില്‍ വെല്‍ഫെയറിനെ മടിയിലിരുത്തിയാണിപ്പോള്‍ കോണ്‍ഗ്രസ് (യു.ഡി.എഫ്) ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്.
വര്‍ഗ്ഗീയതയ്‌ക്കെതിരെ അങ്കംവെട്ടുമെന്നു പറയുന്നവര്‍ ഹിന്ദുത്വവാദത്തിനെതിരെ എന്നപോലെ ഇസ്ലാമിസത്തിനെതിരെയും അങ്കം വെട്ടേണ്ടതുണ്ട്. വി.ഡി. സതീശന്റെ വര്‍ഗ്ഗീയതാ വിമര്‍ശനത്തില്‍ ഇസ്ലാമിസം എന്ന പദപ്രയോഗം ഒരിക്കലും വന്നു കണ്ടിട്ടില്ല. കേരളമുള്‍പ്പെടെ ഇന്ത്യയ്ക്കകത്തും പുറത്തും വേരുകളുള്ള ഇസ്ലാമിസത്തെ പേരെടുത്ത് വിമര്‍ശിക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ മടിച്ചിട്ടേയുള്ളൂ എന്നും. എന്താവാം അതിനു കാരണം? ഭയം തന്നെ. മുസ്ലിം വോട്ട് നഷ്ടപ്പെടുമോ എന്ന ഭയം. ഇക്കാര്യത്തില്‍ നമ്മുടെ മുഖ്യധാരാ മതേതര മലയാളി ദിനപത്രങ്ങളുടെ പാദമുദ്രകളാണ് കോണ്‍ഗ്രസ് നേതൃത്വം പിന്തുടരുന്നത്. സര്‍ക്കുലേഷനെ പ്രതികൂലമായി ബാധിക്കുമോ എന്ന ഭീതി നിമിത്തം ഇസ്ലാമിസത്തെ തുറന്നു കാട്ടുന്നതില്‍ കടുത്ത വൈമുഖ്യം പുലര്‍ത്തുന്നു സംസ്ഥാനത്തെ മുഖ്യധാര മതേതര മലയാള പത്രങ്ങള്‍. ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് പശ്ചിമാഫ്രിക്കന്‍ രാഷ്ട്രമായ ബുര്‍മിന ഫാസോയിലെ സഹേല്‍ മേഖലയില്‍ ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയില്‍ 160-ല്‍പ്പരം മനുഷ്യര്‍ കൊല്ലപ്പെട്ടത് അവയ്ക്കു വാര്‍ത്തയായില്ല. മുഖ്യധാരാ സെക്യുലര്‍ ഇംഗ്ലീഷ് പത്രങ്ങള്‍ ആ സംഭവം പ്രാധാന്യപൂര്‍വ്വം റിപ്പോര്‍ട്ട് ചെയ്യുക മാത്രമല്ല, ആ കൊടുപാതകത്തിനെതിരെ മുഖപ്രസംഗമെഴുതുകയും ചെയ്തു.
മലയാളത്തിലെ മതേതര പത്രങ്ങള്‍ ഇസ്ലാമിസത്തെ വിമര്‍ശിക്കുന്നതില്‍ കാണിക്കുന്ന വിമുഖത വര്‍ഗ്ഗീയതയ്‌ക്കെതിരെ പൊരുതുമെന്നു പറയുന്ന കോണ്‍ഗ്രസ് നേതൃത്വം കാണിച്ചുകൂടാ. അങ്ങനെ ചെയ്താല്‍ അതിന്റെ ഗുണം കിട്ടുന്നത് ഹിന്ദുത്വവാദികള്‍ക്കാണ്. മുസ്ലിംലീഗിനെ ഒക്കത്തിരുത്തിയും ഇസ്ലാമിസം എന്ന വര്‍ഗ്ഗീയ, മതമൗലിക ആശയപ്രപഞ്ചത്തിനെതിരെ മൗനം ദീക്ഷിച്ചും വര്‍ഗ്ഗീയതയ്‌ക്കെതിരെ ഫലപ്രദമായി പൊരുതാന്‍ വി.ഡി. സതീശന് സാധിക്കില്ല. ന്യൂനപക്ഷ വര്‍ഗ്ഗീയതയോട് മൃദു സമീപനം സ്വീകരിച്ചുകൊണ്ട് ഭൂരിപക്ഷ വര്‍ഗ്ഗീയതയ്‌ക്കെതിരെ അടരാടാമെന്നു കരുതുന്നത് മിതമായി പറഞ്ഞാല്‍ സൂക്ഷ്മാലോചനാരാഹിത്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates