അശ്വിനി, ചെലവൂര്‍ വേണു; രാഷ്ട്രീയസിനിമകളുടെ ഇടത്താവളങ്ങള്‍

ചലച്ചിത്ര പ്രവര്‍ത്തകനും ഫിലിം സൊസൈറ്റി പ്രവര്‍ത്തനത്തിന്റെ ആദ്യകാല പഥികരിലൊരളായ ചെലവൂര്‍ വേണുവിനെക്കുറിച്ച്
അശ്വിനി, ചെലവൂര്‍ വേണു;
രാഷ്ട്രീയസിനിമകളുടെ ഇടത്താവളങ്ങള്‍
Updated on
7 min read

ടൂർ ഗോപാലകൃഷ്ണന്റെ ജൂനിയറായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിച്ച് പുറത്തിറങ്ങിയ എം.സി. രാമവർമ്മരാജ, അസീസിന്റെ അവൾ (1967) എന്ന ചിത്രത്തിന്റെ നിർമ്മാണ സഹായിയായി പ്രവർത്തിച്ച ശേഷം സിനിമ എന്ന മാധ്യമം ഉപേക്ഷിച്ച് എത്തിയത് കോഴിക്കോട് കൊക്കാകോല ഏജൻസിയുടെ മാനേജരായിട്ടാണ്. കൊക്കാകോല വർമ്മ എന്ന് നാട്ടുകാരുടെയിടയിലും അമ്മാൻ എന്ന് സുഹൃദ്‌സംഘങ്ങളിലും വിളിപ്പേരുണ്ടായിരുന്ന യൂണിവേഴ്‌സൽ അമ്മാമനായിരുന്ന എം.സി. രാമവർമ്മ താൻ താമസിച്ചിരുന്ന കോഴിക്കോട് പുതിയപാലത്ത് ടൗൺ പ്ലാനിംഗ് ഓഫീസിന് നേരെ എതിർവശത്തുള്ള ലോഡ്ജിലെ സഹവാസികളായ സുഹൃത്തുക്കളെ ഒന്നിച്ചുചേർത്താണ് കേരളത്തിലെ ആറാമത്തെ ഫിലിം സൊസൈറ്റിയായ അശ്വിനി രൂപീകരിക്കാൻ മുൻകയ്യെടുത്തത്.

പ്രസിദ്ധ സിനിമോട്ടോഗ്രാഫർ മങ്കട രവിവർമ്മയുടെ സഹോദരനായിരുന്നു അദ്ദേഹം. ഒരു സിനിമയും രാമവർമ്മ ചെയ്തിട്ടുണ്ട്. അന്ന് മലബാർ ക്രിസ്ത്യൻ കോളേജിലെ ഗോപാലകൃഷ്ണൻ, ഫറൂഖ് കോളേജ് പ്രിൻസിപ്പല്‍ ജയപ്രകാശ്, കവി ആർ. രാമചന്ദ്രൻ, ഗുരുവായൂരപ്പൻ കോളേജ് പ്രിൻസിപ്പലായ സി.വി. വാസുദേവനുണ്ണി, ആശ്രമം ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്റർ ഏട്ടനുണ്ണി രാജ എന്നിവർ ചേർന്ന് രൂപീകരിച്ചതാണ് അശ്വിനി ഫിലിം സൊസൈറ്റി. കേരളത്തിൽ ഇന്ന് പ്രവർത്തിക്കുന്ന ഏറ്റവും പ്രായം കൂടിയ സൊസൈറ്റി 1968 ആഗസ്റ്റിൽ ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത അശ്വിനി ഫിലിം സൊസൈറ്റിയാണ്. ഒക്‌ടോബറിൽത്തന്നെ ഫിലിം ഫെഡറേഷന്റെ അംഗീകാരം ലഭിച്ചു. ചിത്രലേഖയുടെ ബൈലോതന്നെ ഉപയോഗിക്കുകയായിരുന്നു. പ്രസിഡന്റില്ല. സെക്രട്ടറിമാർ മാത്രം. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഘടനയായിരുന്നു ചിത്രലേഖയ്ക്ക് കമ്യൂണിസ്റ്റുകാരനല്ലാത്ത അടൂർ തയ്യാറാക്കിയത്. അശ്വിനി ഫിലിം സൊസൈറ്റിയിലും സ്വാഭാവികമായും അതുതന്നെ ആവർത്തിച്ചു. വേണ്ട ഗ്രൗണ്ട്‌വർക്ക് എം.സി. രാമവർമ്മരാജ ചെയ്തിരുന്നു. അടൂരിന്റെ മാർഗ്ഗനിർദ്ദേശവുമുണ്ടായിരുന്നു. കവി ആർ. രാമചന്ദ്രനാണ് അശ്വിനി എന്ന പേര് നിർദ്ദേശിച്ചത്.

അടൂര്‍ ഗോപാലകൃഷ്ണന്‍, ജി. അരവിന്ദന്‍, ആര്‍. രാമചന്ദ്രന്‍, പവിത്രന്‍
അടൂര്‍ ഗോപാലകൃഷ്ണന്‍, ജി. അരവിന്ദന്‍, ആര്‍. രാമചന്ദ്രന്‍, പവിത്രന്‍

ചെറിയൊരു ഉദ്ഘാടനച്ചടങ്ങ്. ദേവഗിരി കോളേജിൽ പിന്നീട് പ്രിൻസിപ്പലായ, അന്നത്തെ സാമ്പത്തികശാസ്ത്ര വിഭാഗം മേധാവി പി.കെ.എം. രാജ ആയിരുന്നു ഉദ്ഘാടകൻ. ആദ്യപടം കല്ലായി ലക്ഷ്മി തിയേറ്ററിലായിരുന്നു പ്രദർശിപ്പിച്ചിരുന്നത്. ഫിലിം സൊസൈറ്റിയിൽ അംഗമായ ശങ്കരനാരായണന് ലക്ഷ്മി തിയേറ്ററിൽ പാർട്ട്ണർഷിപ്പുണ്ടായിരുന്നു. ഏതാനും പടങ്ങൾ കൂടി ലക്ഷ്മി തിയേറ്ററിൽ കളിച്ചു. പിന്നീട് നഗരത്തിലെ ഗീതാ തിയേറ്ററിലേക്ക് പ്രദർശനം മാറ്റി.

16 എം.എം. സിനിമകൾ പ്രദർശിപ്പിച്ചിരുന്നത് ഇംപീരിയൽ ഹോട്ടലിലായിരുന്നു. പിന്നീട് അളകാപുരിയിലെ തട്ടിൻപുറത്തേക്ക് മാറ്റി. ഗോപാലകൃഷ്ണനു ശേഷം സെക്രട്ടറിയായിരുന്ന വി.ആർ.കെ. നമ്പ്യാരുടെ കേരളാ ട്രാവൽസിന്റെ ഓഫീസ് ഇംപീരിയൽ ഹോട്ടലിന്റെ ഒന്നാം നിലയിലായിരുന്നു. ഇസ്‌കസിന്റെ (iscus) പ്രവർത്തകനായിരുന്ന നമ്പ്യാർ, ഇസ്‌കസിന്റെ 16 എം.എം റഷ്യൻ പ്രൊജക്ടർ സൊസൈറ്റി ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു. പിന്നീട് വർഷങ്ങൾക്കു ശേഷം ചെലവൂർ വേണുവിന്റെ കാലത്ത് ഈ പ്രൊജക്ടർ ഫിലിം സൊസൈറ്റി വിലയ്ക്കുവാങ്ങി.

ഉദ്ഘാടനത്തിനടക്കം ആദ്യകാലത്ത് സിനിമകൾ നൽകി സഹായിച്ചത് അടൂരാണ്. ചിത്രലേഖയിൽ വരുന്ന പടങ്ങൾ കൊല്ലം, കോട്ടയം സൊസൈറ്റിക്കും അടൂർ നൽകി. ഒന്നരക്കൊല്ലത്തോളം ഗോപാലകൃഷ്ണൻ സെക്രട്ടറിയായിരുന്നു. പിന്നീട് സെക്രട്ടറി പദം നമ്പ്യാർക്കു കൈമാറി. “നമ്പ്യാർ നന്നായി ഉത്സാഹിച്ചിരുന്നു’’- ഗോപാലകൃഷ്ണൻ മാഷ് ഓർക്കുന്നു.

തിക്കോടിയന്‍, പട്ടത്തുവിള കരുണാകരന്‍, രാമു കാര്യാട്ട്
തിക്കോടിയന്‍, പട്ടത്തുവിള കരുണാകരന്‍, രാമു കാര്യാട്ട്

അശ്വിനി ഫിലിം സൊസൈറ്റി കാലം

സിനിമാനിരൂപകനായ സിനിക്കും കോഴിക്കോടനും പതിവായി സിനിമ കാണാനെത്താറുണ്ടായിരുന്നു. കഥയ്ക്ക് മുൻതൂക്കം നൽകിക്കൊണ്ട് സിനിമയെ വിലയിരുത്തുന്ന അവരുടെ രീതിയോട് പലരും വിയോജിച്ചു. അരവിന്ദനും തിക്കോടിയനും പട്ടത്തുവിളയും മറ്റും പതിവുകാരായിരുന്നു. ഉറൂബ് വല്ലപ്പോഴും സിനിമ കാണാൻ എത്തിച്ചേർന്നു. അക്കാലത്ത് ഡോ. പി.കെ.ആർ. വാര്യർ സിനിമ കാണാൻ വരുമായിരുന്നു. ആർ. രാമചന്ദ്രൻ ആർ.ഇ.സിയിൽനിന്ന് വിൻസെന്റ്, ശങ്കരനാരായണൻ തുടങ്ങിയ ദേവഗിരി കോളേജ് അദ്ധ്യാപകർ, പ്രഭു, രാധാകൃഷ്ണ ചെട്ടിയാർ, വെങ്കിടേഷ് തുടങ്ങിയവരെല്ലാം സ്ഥിരമായി എത്തിയിരുന്നു. ക്രിസ്ത്യൻ കോളേജ്, ഗുരുവായൂരപ്പൻ കോളേജ്, ദേവഗിരി കോളേജ്, ഫറൂഖ് കോളേജ് തുടങ്ങിയ ഇടങ്ങളിൽനിന്നൊക്കെ വിദ്യാർത്ഥികൾ വരുമായിരുന്നു.

സിനിമയെക്കുറിച്ചുള്ള അനൗപചാരികമായ ചർച്ചകൾ നടന്നിരുന്നു. 10-15 പേർ ഉണ്ടാവും. രാമവർമ്മരാജയാണ് ചർച്ചകൾക്കു മുൻകയ്യെടുക്കുക. അദ്ദേഹം നല്ല നിരീക്ഷണങ്ങളും അവതരിപ്പിക്കുമായിരുന്നു. സിനിമയെ ശുദ്ധകലയായി കണ്ടവരുടെ സംഘമായിരുന്നു അശ്വിനി ഫിലിം സൊസൈറ്റി നടത്തിയത്. വിനോദോപാധി എന്ന നിലയ്ക്കും അതോടൊപ്പം വിദേശ ചിത്രങ്ങളായതിനാൽ വിദേശീയരായ ആളുകൾ, സ്ഥലങ്ങള്‍, ജീവിതരീതികൾ എന്നിവയെല്ലാം മനസ്സിലാക്കാൻ കഴിയുമെന്നും ചിലർ കരുതി. ആ ചിത്രം എങ്ങനെയുണ്ടായിരുന്നുവെന്നും സാമൂഹ്യവീക്ഷണത്തെക്കുറിച്ചും സിനിമയുടെ കാര്യങ്ങളെക്കുറിച്ചും സിനിമയ്ക്കകത്തെ രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം ചർച്ചയുണ്ടാവും. ‘ഹിരോഷിമ മോൺ അമോർ’ ഇങ്ങനെ രാഷ്ട്രീയമായി ചർച്ച ചെയ്ത സിനിമയാണ്.

ഔപചാരികമായാണ് അശ്വിനി ഫിലിം സൊസൈറ്റി ആദ്യഘട്ടത്തിൽ പ്രവർത്തിച്ചിരുന്നത്. തീരെ ജനകീയമായിരുന്നില്ല. അദ്ധ്യാപകരായിരുന്നു കൂടുതലായുണ്ടായിരുന്നത്. അശ്വിനി ഫിലിം സൊസൈറ്റിയെ നിയന്ത്രിച്ചിരുന്നത് ഒരു വരേണ്യവർഗ്ഗം തന്നെയായിരുന്നു. സാധാരണക്കാർ വലിയ ഉത്സാഹത്തോടെ വന്നുചേർന്നിരുന്നെങ്കിലും അവർ പിന്നീട് പെട്ടെന്നുതന്നെ വിട്ടുപോയി. പൊതുവെ വിദേശരാജ്യങ്ങളിലെ സിനിമ എന്തെന്നറിയാനുള്ള താല്പര്യമായിരുന്നു ആളുകളിൽ. കാണുന്ന സിനിമകളെ ഹിന്ദി സിനിമയുമായൊക്കെ താരതമ്യവിധേയമാക്കും. ബംഗാളി സിനിമകളും താരതമ്യത്തിനു സഹായകമായി. സത്യജിത് റായിയുടെ അപുത്രയത്തിലെ മൂന്ന് സിനിമകളും കളിച്ചിട്ടുണ്ട്. റായിയോട് എല്ലാവർക്കും മതിപ്പായിരുന്നു. ഫിലിം സൊസൈറ്റി വാർത്തകൾക്ക് അന്ന് പത്രങ്ങൾ തീരെ പ്രാധാന്യം നൽകിയിരുന്നില്ല. വാർത്തകൾ കൊടുത്തിരുന്നില്ല. ഇന്നത്തെ പരിപാടി, നഗരത്തിൽ ഇന്ന് തുടങ്ങിയ പംക്തികളും ഇല്ലായിരുന്നു. പ്രദർശനത്തിന്റേയും മറ്റു പരിപാടിയുടേയും വിവരങ്ങൾ അംഗങ്ങളെ അറിയിച്ചിരുന്നു. ഒരു ചെറിയ സംഘമായതിനാൽ അധികം പ്രശ്‌നങ്ങളുണ്ടായില്ല. ഫോൺ സൗകര്യങ്ങളുള്ളവരെ ഫോണിൽ വിവരമറിയിക്കും. ജാപ്പനീസ്, ഫ്രെഞ്ച്, ജർമൻ, ഹംഗറി, ചെക്കോസ്ലോവാക്യ, പോളണ്ട്, റുമാനിയ, റഷ്യൻ തുടങ്ങിയ കിഴക്കൻ യൂറോപ്യൻ സിനിമകളും ബംഗാളി സിനിമകളുമായിരുന്നു പ്രദർശിപ്പിച്ചിരുന്നത്.

1970-1971 ഓടെ ചെലവൂർ വേണു അശ്വിനി ഫിലിം സൊസൈറ്റിയിലെത്തിയതോടെ അതിന്റെ രീതികൾ തന്നെ പാടെ മാറുകയായിരുന്നു. ഒരു വരേണ്യവിഭാഗത്തിന് ശുദ്ധ സിനിമകൾ ആസ്വദിക്കാനുള്ള ഉപാധിയായ ഫിലിം സൊസൈറ്റി ജനപങ്കാളിത്തവും വ്യത്യസ്തമായ സിനിമകളുടെ പ്രദർശനവും കൊണ്ടുമാത്രമല്ല, മലയാളത്തിലെ നവസിനിമകളുടെ നിർമ്മാണത്തിലും വിതരണത്തിലും വഴികാട്ടിയാവുന്നതും ഇതോടെയാണ്. സി.പി.എമ്മിന്റെ നേതൃത്വത്തിലുണ്ടായിരുന്ന വിദ്യാർത്ഥി പ്രസ്ഥാനമായ കേരളാ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളുമായിരുന്നു ചെലവൂർ വേണു. സജീവ രാഷ്ട്രീയ പ്രവർത്തനം മതിയാക്കി 1966-ൽ രാമു കാര്യാട്ടിന്റെ അസിസ്റ്റന്റായി പ്രവർത്തിക്കാൻ മദിരാശിയിലെത്തി. എസ്.കെ. പൊറ്റക്കാടിന്റെ മരുമകനാണ് വേണു. വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് സിനിമയാക്കാൻ രാമു കാര്യാട്ട് തിരക്കഥ തയ്യാറാക്കുകയാണ്. പക്ഷേ, പലതുകൊണ്ടും പടംപിടിത്തം വൈകിപ്പോയി.

കോഴിക്കോട് വന്ന ഉടൻ ചെയ്തത് കോഴിക്കോട് ഒരു ഫിലിം സൊസൈറ്റി രൂപീകരിക്കാൻ താല്പര്യമുണ്ടെന്ന് അടൂരിനെ അറിയിക്കുകയായിരുന്നു. അടൂരിന്റെ മറുപടി വന്നു. “കോഴിക്കോട് ഇപ്പോൾത്തന്നെ ഒരു ഫിലിം സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്.

കാര്യാട്ട് ഇതിനിടയിൽ ഒരു തമിഴ് സിനിമയെടുക്കാൻ നോക്കി. അങ്ങനെയുള്ള അനിശ്ചിതത്വങ്ങൾക്കിടയിൽ മദിരാശി വാസം ചെലവൂർ വേണുവിനെ ടി നഗറിലെ രാജ്കുമാരി തിയേറ്ററിലേക്കെത്തിച്ചു. അവിടെവെച്ചാണ് റായിയുടെ സിനിമകൾ ആദ്യമായി കാണുന്നത്. ഞായറാഴ്ചദിവസങ്ങളിൽ രാജ്കുമാരിയിൽ പതിവായി ഇത്തരം സിനിമകൾ പ്രദർശിപ്പിച്ചിരുന്നു. നല്ല സിനിമയിൽ ചെലവൂർ വേണുവിന് നേരത്തേ താല്പര്യമുണ്ടായിരുന്നു. മദിരാശിയിൽ പോകുന്നതിനു മുൻപ് പതിവായി കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കുന്ന ചന്ദ്രിക വീക്കിലിയിൽ സിനിമാ ലേഖനങ്ങൾ 1960 മുതൽ എഴുതിയിരുന്നു. “അക്കാലത്തെ ചുരുക്കം ചില സിനിമാ നിരൂപകരിൽ ഒരാളായിരുന്നു ഞാൻ”- ചെലവൂർ വേണു പറഞ്ഞിട്ടുണ്ട്. ഒടുവിൽ റായിയുടേയും മറ്റും സിനിമകൾ സിനിമാസങ്കല്പങ്ങളെത്തന്നെ മാറ്റിമറിച്ചു. മുഖ്യധാരാ സിനിമയുടെ തടവുകാരനായിരിക്കാൻ താല്പര്യം ജനിച്ചു. മദിരാശി ജീവിതം ഒരു പാഠം നൽകി. നല്ല സിനിമയുണ്ടാക്കാൻ മൂലധനമാവശ്യമാണ്. അങ്ങനെയെങ്കിൽ നാട്ടിൽ പോയി പ്രസിദ്ധീകരണങ്ങൾ ആരംഭിച്ച് അതിൽനിന്ന് വരുമാനമുണ്ടാക്കി സിനിമ ചെയ്യാം എന്നു തോന്നി. ഇങ്ങനെ നല്ല സിനിമ നിർമ്മിക്കാൻ കാശുണ്ടാക്കാൻ പ്രസിദ്ധീകരണങ്ങൾ ആരംഭിക്കുന്നതിനുവേണ്ടി 1970-ൽ വേണു നാട്ടിൽ തിരിച്ചെത്തി. അന്ന് അടൂരിനെക്കുറിച്ചും ചിത്രലേഖയെക്കുറിച്ചുമുള്ള കേട്ടറിവുണ്ട്.

കോഴിക്കോട് വന്ന ഉടൻ ചെയ്തത് കോഴിക്കോട് ഒരു ഫിലിം സൊസൈറ്റി രൂപീകരിക്കാൻ താല്പര്യമുണ്ടെന്ന് അടൂരിനെ അറിയിക്കുകയായിരുന്നു. അടൂരിന്റെ മറുപടി വന്നു. “കോഴിക്കോട് ഇപ്പോൾത്തന്നെ ഒരു ഫിലിം സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്. അവരുമായി ചേർന്ന് പ്രവർത്തിക്കുക”- ഗോപാലകൃഷ്ണൻ മാഷെ ബന്ധപ്പെടേണ്ടതിനെക്കുറിച്ചും അതിൽ വിശദമായി എഴുതിയിട്ടുണ്ടായിരുന്നു. ഇങ്ങനെ അശ്വിനിയിൽ 16 എം.എം ചിത്രങ്ങൾ പ്രദർശിപ്പിച്ച ഇംപീരിയൽ ഹോട്ടലിന്റെ ചൂടും പുകയും നിറഞ്ഞ മട്ടുപ്പാവിൽ ചെലവൂർ വേണു എത്തിച്ചേർന്നു. അതോടെ അശ്വിനിയുടെ ചരിത്രംതന്നെ മാറുകയായിരുന്നു.

അശ്വിനിയിൽ ചെലവൂർ വേണു എത്തിപ്പെടുമ്പോൾ പരിമിതമായ അംഗങ്ങളേയുള്ളൂ. അധികം കാറ്റും വെളിച്ചവും കടക്കാത്ത ഒന്നായിരുന്നു അശ്വിനി ഫിലിം സൊസൈറ്റി.

ഇതിനിടയിൽ ചെലവൂർ വേണു ‘സ്റ്റേഡിയം’ എന്ന പേരിൽ ഒരു സ്‌പോർട്‌സ് മാസിക തുടങ്ങി. പിന്നീട് ‘സൈക്കോ’ എന്ന മനശ്ശാസ്ത്ര മാസികയും. ‘രൂപകല’ എന്ന വനിതാ മാസികയും ‘സെർച്ച് ലൈറ്റ്’ എന്ന രാഷ്ട്രീയ മാസികയും തുടങ്ങി. എല്ലാം അതാത് രംഗത്തെ ആദ്യങ്ങൾ. സൈക്കോ മാത്രം പിടിച്ചുനിന്നു. സൈക്കോയുടെ ഓഫീസ് തന്നെയായിരുന്നു പിന്നീട് അശ്വിനിയുടെ ഓഫീസും. സൈക്കോയുടെ ഓഫീസ് മാറിയപ്പോഴെല്ലാം അശ്വിനിയുടെ വിലാസവും മാറി. മാസിക നടത്തി ശീലമുള്ളതിനാലാവാം അശ്വിനിയുടെ രേഖകളെല്ലാം ചെലവൂർ വേണു ഭദ്രമായി സൂക്ഷിക്കുന്നത്.

ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍

അശ്വിനിയിൽ ചെലവൂർ വേണു എത്തിപ്പെടുമ്പോൾ പരിമിതമായ അംഗങ്ങളേയുള്ളൂ. അധികം കാറ്റും വെളിച്ചവും കടക്കാത്ത ഒന്നായിരുന്നു അശ്വിനി ഫിലിം സൊസൈറ്റി. ഇംപീരിയൽ ഹോട്ടലിലെ താഴെ അടുക്കളയിൽനിന്നുള്ള ചിമ്മിനിയിലൂടെ എത്തുന്ന ചൂടും പുകയും നിറഞ്ഞ പ്രദർശനശാല. ഇങ്ങനെയല്ല വേണ്ടതെന്ന് വേണു പറഞ്ഞപ്പോൾത്തന്നെ വേണുവിലെ സംഘാടകനെ അറിയുന്ന നമ്പ്യാർ എല്ലാം വേണുവിനെ ഏല്പിച്ച് ഇനി നീ തന്നെ നോക്കിനടത്തണം എന്നു പറഞ്ഞു.

അങ്ങനെ അശ്വിനി ഫിലിം സൊസൈറ്റിയുടെ സെക്രട്ടറി ചെലവൂർ വേണുവായി. 1970-ൽ ഒരു ദിവസം ടൗണിലൂടെ നടക്കുമ്പോൾ വിചിത്രമായ ഒരു പരസ്യം ചെലവൂർ വേണു കണ്ടു. സത്യജിത് റായിയുടെ ‘സുബർണ രേഖ’ എന്ന ബംഗാളി സിനിമ പ്രദർശിപ്പിക്കുന്നുവെന്ന് രാധ തിയേറ്ററിന്റെ മുന്‍പിൽ എഴുതിവെച്ചിരിക്കുന്നു. റായിയുടെ സിനിമകളെപ്പറ്റി ധാരണയുണ്ടായിരുന്നതിനാൽ വേണുവിന് അത്ഭുതമായി. വേണു സിനിമ കാണാൻ കയറി. കയറിയപ്പോഴാണ് മനസ്സിലായത് ഋത്വിക് ഘട്ടക്കിന്റെ സിനിമയാണ് ഇതെന്ന്. പടം കഴിഞ്ഞ ശേഷം തിയേറ്ററിന്റെ ഓഫീസിൽ കയറി. എവിടെനിന്നാണ് പ്രിന്റ് കിട്ടിയതെന്ന് അന്വേഷിച്ചപ്പോൾ രാജശ്രീ ഫിലിംസ് വിതരണം ചെയ്തതാണെന്നറിഞ്ഞു. അവരുടെ ഓഫീസിൽ കയറി ഇത് റായിയുടെ പടമല്ല, ഋത്വിക് ഘട്ടക്കിന്റേതാണെന്ന് പറഞ്ഞു. അങ്ങനെ ആ പടം ഒരു ദിവസത്തേക്ക് ബുക്ക് ചെയ്തു. ഗംഭീരമായ പരസ്യപ്രചാരണത്തോടെ രാധ തിയേറ്ററിൽ സൊസൈറ്റി വക പടം കളിച്ചു. അന്ന് കുങ്കുമത്തിൽ സുബർണരേഖയെക്കുറിച്ച് ഒരു ലേഖനം അതിന്റെ കഥയോടെ വിശദമായി

പ്രസിദ്ധീകരിച്ചു വന്നിരുന്നു. ഇത് കോപ്പിയെടുത്ത് വിതരണം ചെയ്തു. വിരലിലെണ്ണാവുന്നവർ മാത്രമുണ്ടായിരുന്ന ഷോയായിരുന്നു നേരത്തേ നടന്നിരുന്നതെങ്കിൽ ഇക്കുറി കഥ മാറി. ആളുകൾ ഒഴുകുകയായിരുന്നു. മെഡിക്കൽ കോളേജിലേയും സമീപപ്രദേശങ്ങളിലേയും വിദ്യാർത്ഥികളടക്കം ആളുകൾ ഇടിച്ചുകയറി. ബംഗാളികളടക്കം വന്നു. ഒറ്റയടിക്ക് 20-30 അംഗങ്ങളിൽനിന്ന് നാനൂറിലധികം ആളുകൾ അംഗങ്ങളായി ചേർന്നു.

മലബാറിൽ ഫിലിം സൊസൈറ്റികളുടെ ഊർജ്ജമായ ചെലവൂർ വേണു പിന്നീട് പത്തോളം ഫിലിം സൊസൈറ്റികൾ മലപ്പുറം, വയനാട് ജില്ലകളിൽ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഫിലിം സൊസൈറ്റികൾക്ക് പ്രദർശനത്തിനാവശ്യമായ സിനിമകൾ ലഭിക്കാതിരുന്ന ആ കാലത്ത് ഫിലിം പ്രിന്റ് എത്തിച്ചുനൽകിയും വിതരണക്കാരുടെ വിലാസം നൽകിയും സഹായിച്ചു. പലപ്പോഴും രാജശ്രീയിൽനിന്ന് സുബർണരേഖ ബുക്ക്‌ചെയ്ത് കൊണ്ടുപോയി ഉദ്ഘാടനചിത്രമായി പ്രദർശിപ്പിച്ചു. അങ്ങനെയാണ് കേരളത്തിൽ ഘട്ടക് സിനിമകൾ പരിചയമാകുന്നത്. ഘട്ടക്കിനു വ്യക്തിത്വം പോലും നൽകാതെ റായിയുടെ പേരിലായിരുന്നു ആദ്യം രാധയിൽ സുബർണരേഖ പ്രദർശിപ്പിച്ചിരുന്നതെന്നോർക്കുക. റായിയുടെ അശനി സങ്കേത് അടക്കമുള്ള പടങ്ങൾ കൽക്കത്തയിലെ വിതരണക്കാരിൽനിന്ന് നേരിട്ട് വരുത്തിയതായിരുന്നു. സംസ്‌കാര, ഘടശ്രാദ്ധ തുടങ്ങിയവയും നേരിട്ടുവരുത്തി മറ്റു ഫിലിം സൊസൈറ്റികൾക്ക് നൽകി. ‘കാട്’ എന്ന സിനിമ കർണാടകയിൽ പോയാണ് സംഘടിപ്പിച്ചത്. 1970-ൽത്തന്നെ കന്നഡ ഫിലിം ഫെസ്റ്റിവൽ അശ്വിനി സംഘടിപ്പിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്തിനു മുൻപുതന്നെ മൃണാൾസെൻ ചിത്രങ്ങളുടെ ഫെസ്റ്റിവൽ നടത്തി. കൽക്കത്ത 71, ഭുവൻഷോം, കോറസ് തുടങ്ങിയ പടങ്ങൾ ഉൾപ്പെടുന്നു.ഇന്ത്യയിൽത്തന്നെ ആദ്യത്തെ സത്യജിത് റായി ഫിലിം ഫെസ്റ്റിവൽ നടത്തിയത് അശ്വിനി ഫിലിം സൊസൈറ്റിയാണ്. ഫെസ്റ്റിവൽ തീരുമാനിച്ച് റായിക്കെഴുതി. റായി മറുപടി എഴുതി: ‘‘ആദ്യമായാണ് തന്റെ സിനിമകളുടെ ഒരു ഫെസ്റ്റിവൽ നടത്തുന്നത്. കൽക്കത്തയിൽപോലും ഇങ്ങനെയൊന്ന് നടത്തിയിട്ടില്ല. വളരെ സന്തോഷം. കഴിയുന്നതും വരാൻ ശ്രമിക്കാം.’’ സന്തോഷവും ആശങ്കയും വേണുവിൽ ഒന്നിച്ചു.

അശ്വിനി, ചെലവൂര്‍ വേണു;
രാഷ്ട്രീയസിനിമകളുടെ ഇടത്താവളങ്ങള്‍
ചെലവൂര്‍ വേണു അന്തരിച്ചു

ഗതാഗതം സ്തംഭിച്ചു, ഒടുവിൽ പൊലീസെത്തി ലാത്തിവീശി. ഗതാഗത തടസ്സം ഒഴിവാക്കി. ചലച്ചിത്രമേള നന്നായി നടന്നു. ബാങ്ക് വായ്‌പയായി തന്ന 2000 രൂപ എടുത്തു. ബാക്കി എൻ.എഫ്.ഡി.സിക്ക് അയച്ചുകൊടുത്തു. അടൂരും എം.ടിയും പത്മരാജനും ഒക്കെ സജീവമായി പങ്കെടുത്തു. ചർച്ചകൾ നടന്നു. ഉദ്ഘാടനം ടൗൺ ഹാളിലായിരുന്നെങ്കിലും പടങ്ങൾ കളിച്ചത് പുഷ്പ തിയേറ്ററിലായിരുന്നു. ചലച്ചിത്രമേള പത്തുദിവസമായിരുന്നു ഉദ്ദേശിച്ചത്. തിയേറ്റർ വാടകയ്‌ക്കെടുക്കാൻ പോയപ്പോൾ അവർ പറഞ്ഞു. 14 ദിവസം എടുക്കണം എന്നാലേ തിയേറ്റർ കിട്ടൂ. ദിവസം 2000 രൂപയാണ് വാടക. അങ്ങനെ ചലച്ചിത്രോത്സവം 14 ദിവസമാക്കി.

കെ.ടി. മുഹമ്മദ് 1980-ൽ കെ.എസ്.എഫ്.ഡി.സി ചെയർമാനായപ്പോൾ കെ.എസ്.എഫ്.ഡി.സിയുടെ സഹായത്തോടെ കോർണറേഷൻ തിയേറ്ററിൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. പലപ്പോഴും പോളണ്ട്, ഹംഗറി, ചെക്കോസ്ലോവാക്യ തുടങ്ങിയ കിഴക്കൻ യൂറോപ്യൻ സിനിമകളുടെ മേളകൾ നടത്തിയിട്ടുണ്ട്. കൂടാതെ ആദ്യമായി ഇന്ത്യൻ പനോരമ എന്ന പേരിൽ വിവിധ ഭാഷകളിലെ സിനിമകളുടെ ഒരു ഉത്സവം നടത്തി. ഇക്കാലമാകുമ്പോഴേക്കും 600-ൽ അധികം മെമ്പർമാരുണ്ടായിരുന്നു.

സൊസൈറ്റിയിൽ പടങ്ങൾ പ്രദർശിപ്പിക്കുമ്പോൾ അളകാപുരിയിലെ ഹാൾ നിറഞ്ഞുകവിഞ്ഞു. പുഷ്പ, ഗീത തിയേറ്ററുകളിലും തിരക്കുതന്നെയായിരുന്നു. 1980-ലെ വിയറ്റ്‌നാം ചലച്ചിത്രോത്സവവും വൻ വിജയമായിരുന്നു. 1992-ൽ സ്മിതാ പാട്ടിലിന്റെ ചിത്രങ്ങളുടെ മേള സംഘടിപ്പിച്ചു. അന്ന് നടീനടന്മാരുടെ പേരിൽ മേളകൾ ആരും സംഘടിപ്പിക്കാറില്ലായിരുന്നു. അതവരുടെ മികച്ച സിനിമകളുടെ പാക്കേജായിരുന്നു.

മറ്റു ഫിലിം സൊസൈറ്റികളിൽനിന്ന് വ്യത്യസ്തമായി മലയാളത്തിലെ രാഷ്ട്രീയ സിനിമകളുടെ ഇടത്താവളമായിരുന്നു അശ്വിനി ഫിലിം സൊസൈറ്റി. അടിയന്തരാവസ്ഥയിൽ പുറത്തിറങ്ങിയ കബനീനദി ചുവന്നപ്പോൾ എന്ന ബക്കറുടെ സിനിമയുടെ പ്രിവ്യു കാണിക്കുന്നത് അശ്വിനിയാണ്. കബനിയുടെ പ്രിന്റുമായി ബക്കറും പവിത്രനും കോഴിക്കോട്ടെത്തി. പ്രിവ്യു കാണിക്കുവാനുള്ള ഏർപ്പാടുകൾ ചെയ്യണമെന്ന് എം.ടിയോട് അഭ്യർത്ഥിച്ചു. എം.ടി ചെലവൂർ വേണുവിനെ വിളിച്ച് “പവിത്രനും ബക്കറും അവരുടെ പടത്തിന്റെ പ്രിന്റുമായി വന്നിട്ടുണ്ട്, നിങ്ങളുടെ സൊസൈറ്റിയിൽ കാണിക്കാൻ സൗകര്യം ചെയ്യണമെന്ന് പറഞ്ഞു.” ഒറ്റ പ്രിന്റു മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുഷ്പ തിയേറ്ററിൽ പ്രിവ്യു വെച്ചു. അപ്പോൾ പൊലീസ് ആ പടത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. പിന്നീട് റിലീസിനുശേഷം തിയേറ്ററിൽ വിതരണം ചെയ്യാൻ തുടങ്ങിയപ്പോഴാണ് പൊലീസ് ഇടപെട്ടത്. പ്രിന്റുകൾ പരിശോധിച്ച് ചില ദൃശ്യങ്ങൾ മുറിച്ചുമാറ്റി. പല ഇടപെടലുകളുമുണ്ടായി. ഇക്കാലത്ത് പി. ഗോവിന്ദപ്പിള്ള ദേശാഭിമാനിയിൽ കബനീനദിയെക്കുറിച്ചെഴുതിയ ലേഖനം ആളുകളെ ആ സിനിമ കാണാൻ പ്രേരിപ്പിച്ചു. പിന്നീട് പവിത്രന്റെ ‘യാരോ ഒരാളി’ലും ബക്കറിന്റെ ‘ചുവന്ന വിത്തുകളി’ലും പ്രൊഡക്ഷൻ എക്‌സിക്യൂട്ടിവായി നിന്നത് ചെലവൂർ വേണുവാണ്. ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ’, ‘ആലീസിന്റെ അന്വേഷണം’, ‘ഒരേ തൂവൽപക്ഷികൾ’ എന്നിവയടക്കം പല രാഷ്ട്രീയ സിനിമകളുടേയും പ്രൊഡക്ഷൻ കൺട്രോളറും ചെലവൂർ വേണുവായിരുന്നു. മുടങ്ങിനിന്നിരുന്ന അഗ്രഹാരത്തിലെ കഴുതയെ രക്ഷിച്ചെടുത്തതും ചെലവൂർ വേണുവാണ്.

നവസിനിമകളുടെ പിന്നില്‍

ഒട്ടേറെ നവ സിനിമകൾക്ക് താങ്ങും തണലുമാവാൻ ചെലവൂർ വേണുവിന്റെ ഒപ്പം അശ്വിനി ഫിലിം സൊസൈറ്റിക്കുമായി. അതുകൊണ്ട് നവസിനിമാക്കാരുടെ പ്രധാന താവളം കോഴിക്കോട്ടായിരുന്നു. കബനിയുടെ പ്രിവ്യൂവിനു ശേഷം പവിത്രനും ബക്കറും കോഴിക്കോട് വിട്ടില്ല. മറ്റൊരു സൗഹൃദം അരവിന്ദനായിരുന്നു. അരവിന്ദൻ അശ്വിനിയിൽ ആദ്യകാലം തൊട്ടേ സജീവമായിരുന്നു. അദ്ദേഹം പാരഗൺ ലോഡ്ജിലെ താമസക്കാരനായിരുന്നു. അപൂർവമായി മാത്രം സംസാരിക്കും. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ മറുപടി പറയും. പാരഗൺ സംഘത്തോടൊപ്പം സിനിമയ്‌ക്കെത്തുന്ന അധികം സംസാരിക്കാത്ത അരവിന്ദൻ പലപ്പോഴും സിനിമയെക്കുറിച്ച് സംസാരിച്ചിരുന്നു.

അരവിന്ദനും പട്ടത്തുവിളയും അശ്വിനിയുടെ കമ്മിറ്റിയംഗങ്ങളായിരുന്നു. തിക്കോടിയനും സജീവം. സി.വി. ശ്രീരാമൻ കുന്നംകുളത്തുനിന്നും പതിവായി സിനിമയ്‌ക്കെത്തി. ധാരാളം ആളുകൾ കൂടുന്നതിനാൽ പലരേയും തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. ഒരു ദിവസം രാത്രി തന്നെ പടമയക്കേണ്ടതിനാൽ റെയിൽവെ സ്റ്റേഷനിലെത്തിയപ്പോൾ അരവിന്ദനാണ് സി.വി. ശ്രീരാമനെ പരിചയപ്പെടുത്തിക്കൊടുത്തത്. “ആദ്യമായല്ല, വളരെ വർഷമായി ഞാൻ പതിവുകാരനാണ്”- സി.വി. ശ്രീരാമൻ പറഞ്ഞു.

ഉത്തരായണത്തിന്റെ ശില്പികൾക്ക് പടം പുറത്തുവന്ന ഉടനെ 1973-ൽ അശ്വിനിയിൽ സ്വീകരണം നൽകി. വിപുലമായ ചടങ്ങിനോടൊപ്പം പടവും സ്‌ക്രീൻ ചെയ്തു. സ്വപ്നാടനം റിലീസുമായി ചെലവൂർ വേണു നടത്തിയ പ്രവർത്തനങ്ങൾ പിന്നീട് കെ.ജി. ജോർജ് അനുസ്മരിക്കുന്നുണ്ട്. സൈക്കോയിൽ ആദ്യത്തെ മലയാള മനശ്ശാസ്ത്ര സിനിമ എന്ന പേരിൽ

സി.വി. ശ്രീരാമന്‍, പി.കെ. നായര്‍
സി.വി. ശ്രീരാമന്‍, പി.കെ. നായര്‍

ചെലവൂർ വേണു ഒരു ലേഖനമെഴുതി. അളകാപുരിയിൽ വിപുലമായ ചടങ്ങും സംഘടിപ്പിച്ചു. പത്രങ്ങളിൽ നല്ല കവറേജ് ലഭിച്ചു. ശ്രദ്ധയിൽപെടാതെ പോയേക്കാവുന്ന ഒരു സിനിമ അങ്ങനെ ശ്രദ്ധിക്കപ്പെട്ടു.

കേരളത്തിലെ ഒരു ഫിലിം സൊസൈറ്റി വിദേശ സിനിമകൾ കാണിക്കുക മാത്രമല്ല, തദ്ദേശീയമായ ചിത്രങ്ങളുടെ പ്രോത്സാഹനം കൂടി ഉറപ്പുവരുത്തേണ്ടതുണ്ട്. അത്തരത്തിൽ ഒരു വലിയ റോൾ നിർവ്വഹിച്ചത് അശ്വിനി ഫിലിം സൊസൈറ്റിയാണ്. ചിത്രലേഖ അടൂരിന്റെ രണ്ട് സിനിമകളും ഒട്ടേറെ ഗവൺമെന്റ്

ഡോക്യുമെന്ററികളും തയ്യാറാക്കി മലയാളത്തിലെ നവസിനിമയ്ക്ക് അടിത്തറയിടുകയും ആസ്വാദന സമൂഹത്തെ രൂപപ്പെടുത്തിയെടുക്കാൻ ശ്രമിക്കുകയും അതിനായി ഫിലിം സൊസൈറ്റികളുടെ രൂപീകരണത്തിനാവശ്യമായ വഴികാട്ടിയുമായി പ്രവര്‍ത്തിച്ചപ്പോൾ അശ്വിനി അതിനെ മുന്നോട്ടുകൊണ്ടുപോയി ജനകീയതയുടെ ആഘോഷമാക്കുകയായിരുന്നു. അതോടൊപ്പം മലയാളത്തിലെ രാഷ്ട്രീയ സിനിമകളുടെ നിർമ്മാണത്തിലും വിതരണത്തിലും ഒരു പ്രധാന റോൾ വഹിക്കുകയും ചെയ്തു. കേരളത്തിലെ സിനിമാ ജേർണലിസ്റ്റുകളിൽ നല്ല സിനിമയെക്കുറിച്ചുള്ള അവബോധം രൂപപ്പെടുത്തിയെടുക്കാൻ അശ്വിനി ഫിലിം സൊസൈറ്റി വളരെയധികം ഉതകിയിട്ടുണ്ട്.

വരേണ്യവിഭാഗത്തിന്റെ വിനോദത്തിനായി സ്ഥാപിച്ച ഫിലിം സൊസൈറ്റിയെ അപവർഗ്ഗീകരിച്ച് സാധാരണ ജനങ്ങളിലേക്കെത്തിച്ച ചെലവൂർ വേണുവിന് ഇതിനുള്ള ഊർജ്ജം ലഭിച്ചത് തന്റെ പഴയ രാഷ്ട്രീയ പ്രവർത്തനത്തിൽനിന്നാണ്. രാഷ്ട്രീയപ്രവർത്തനം അദ്ദേഹത്തിന് ഒരു വികാരമായിരുന്നു. അതുപോലെത്തന്നെ പിന്നീട് ഫിലിം സൊസൈറ്റി പ്രവർത്തനവും. അതുകൊണ്ടുതന്നെയാണ് അശ്വിനിയുടെ ഫയലുകൾ ചിട്ടയായി സൂക്ഷിക്കാൻ കഴിഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com