

ലോകജനസംഖ്യയുടെ 52%സ്ത്രീകളാണ്.എന്നാല്‍ അധികാരത്തിന്റെ ഉന്നത പദവികളില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്.എന്തുകൊണ്ടാണ് പെണ്‍കുട്ടികളെ നാം അടക്കവും ഒതുക്കവും ഉള്ളവരാക്കി വളര്‍ത്താന്‍ ശ്രമിക്കുന്നത്?.എങ്ങനെയാണ് പാചകവും മറ്റു വീട്ടുജോലികളും,കുട്ടികളെ പരിപാലിക്കുന്നതെല്ലാം സ്ത്രീകളുടെ മാത്രം ചുമതലയാകുന്നത്?. വീട്ടമ്മ എന്ന വാക്ക് നാം പതിവായി കേള്‍ക്കാറുണ്ടെങ്കിലും എന്തുകൊണ്ട് വീട്ടച്ഛന്‍ എന്ന് കേള്‍ക്കുന്നില്ല ?
മനുഷ്യരുടെ വ്യക്തിത്വത്തേക്കാള്‍ അവരുടെ ' ജെന്‍ഡര്‍ ' നമ്മുടെ സമൂഹത്തില്‍ വളരെ പ്രധാനപെട്ടതാണ്. കലക്രമേണ ഒരുപാട് മാറ്റങ്ങള്‍ വന്നെങ്കിലും നമ്മുടെ മനസ്സില്‍ ഇന്നും ആഴത്തില്‍ പതിഞ്ഞു കിടക്കുന്നു.ഈ ഗോത്ര ആശയങ്ങള്‍ നമ്മെ വളരെയധികം പിന്നോട്ടു വലിക്കുന്നു. നന്നേ ചെറുപ്പത്തില്‍ത്തന്നെ ഈ ആശയങ്ങള്‍ നാം ചുറ്റുമുള്ളവരില്‍നിന്നും പഠിക്കുന്നു. കാലഹരണപ്പെട്ട ചിന്തകള്‍ കൊണ്ടുനടക്കുന്ന മുതിര്‍ന്നവരെ നാം വിദ്യാലയങ്ങളിലും, പൊതു ഇടങ്ങളിലും, എല്ലാത്തിനുമുപരിയായി വീടുകളിലും കാണുന്നു.നാമറിയാതെ ഈ ദുഷിച്ച ആശയങ്ങള്‍ നമ്മുടെ ലോകവീക്ഷണത്തിന്റെ ഭാഗമാകും.
വേര്‍തിരിവ് എന്നത് വളരെ സ്വാഭാവികമായ ഒന്നാണെന്നു നമുക്ക് തോന്നിപ്പോകും. അത്രയധികം സാധാരണമായി സമൂഹത്തില്‍ അത് നമുക്ക് കാണാനാകും. ഈ അനീതിയുടെ തുടക്കം കുടുംബങ്ങളില്‍നിന്നാണ്. സ്‌കൂളുകളും ഒട്ടും മെച്ചമല്ല.നിത്യജീവിതത്തിന്റെ ഭാഗമായ ഈ വേര്‍തിരിവ് തിരിച്ചറിയാന്‍ നന്നേ ബുദ്ധിമുട്ടാണ്.ഇക്കാരണത്താലാണ് നാമിന്നും സ്ത്രീവിരുദ്ധ തമാശകള്‍ക്ക് ചിരിക്കുകയും അത് മറ്റുള്ളവര്‍ക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ അയച്ചു കൊടുക്കുകയുമൊക്കെ ചെയുന്നത്.സ്ത്രീകള്‍ക്കുനേരെയുള്ള വേര്‍തിരിവ് നാട്ടില്‍ പ്രാബലമായതുകൊണ്ട് അത് അനീതിയാകാതിരിക്കുന്നില്ല.
തുല്യത എന്നത് വളരെ വിശാലമായ ഒരു വാക്കാണ്. ഒരു സമൂഹത്തിലെ ഒരു വിഭാഗം മനുഷ്യര്‍ മാറ്റിനിര്‍ത്തപ്പെടുമ്പോള്‍,അത് സ്ത്രീകളാകുമ്പോള്‍, അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുകയെന്നത് നമ്മുടെ ധാര്‍മിക ഉത്തരവാദിത്വമാണ്. അതാണ് ഫെമിനിസം. എല്ലാവര്‍ക്കും തുല്യനീതി ലഭിക്കണമെന്നുവിശ്വസിക്കുന്ന വ്യക്തി, ഒരു ഫെമിനിസ്റ്റാണ്.
കാലം മുന്നോട്ടു നീങ്ങുമ്പോള്‍ മാറി ചിന്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.എല്ലാവരും തുല്യരായ ഒരു സമൂഹത്തില്‍ ആളുകള്‍ക്ക് അവരായിത്തന്നെ, സ്വാതന്ത്രവ്യക്തികളായി ജീവിക്കാം. എത്ര മനോഹരമായിരിക്കും ആ നാട്!
മതങ്ങള്‍ മിക്കപ്പോഴും സ്ത്രീവിരുദ്ധമാണ്.സ്ത്രീകളുടെ വസ്ത്രധാരണത്തിലും, സ്വഭാവത്തിലുമെല്ലാം നിയന്ത്രണങ്ങള്‍ വെക്കുന്ന,പിന്തിരിപ്പന്‍ ആചാരങ്ങള്‍ ഇന്നും പിന്തുടരുന്ന മതങ്ങളിലെ മനുഷ്യാവകാശലംഘനങ്ങളെ നാം എതിര്‍ക്കണം.വിശ്വാസങ്ങളെ നാം മാനിക്കേണ്ടതാണ് ,എന്നാല്‍ നമ്മുടെ നീതിബോധത്തിന് മുകളിലാകരുത് ഒരു ആചാരവും.
പുരുഷധിപത്യ സമൂഹങ്ങള്‍ സ്ത്രീകള്‍ക്കെന്നപോലെ പുരുഷന്മാര്‍ക്കും അപകടകരമാണ് .ചെറുപ്പത്തില്‍ത്തന്നെ നാം അവരെപൗരുഷം ' എന്നത് വളരെ ഇടുങ്ങിയ രീതിയിലാണ് പറഞ്ഞു കൊടുക്കുന്നത്.പേടിയെയും ദൗര്‍ബല്യങ്ങളെയും ഭയപ്പെടാന്‍ നാമവരെ പഠിപ്പിക്കുന്നു. എപ്പോഴും ധൈര്യവാന്മാരായും, കരുത്തുള്ളവരായും,സ്വന്തം വികാരങ്ങളെ മറയ്ക്കാന്‍ നാം അവരെ പഠിപ്പിക്കുന്നു. വീട് നോക്കേണ്ടതും ജോലി ചെയ്തു പണം സമ്പാദിക്കേണ്ടതും അവരുടെ ഉത്തരവാദിത്വമാണെന്ന് പഠിപ്പിക്കുന്നു. ആണ്‍കുട്ടികളോട് ചെയ്യുന്ന വലിയ അനീതിയാണിത്.ഇതുകൊണ്ടുതന്നെ പുരുഷാധിപത്യ സമൂഹം പുരുഷന്മാരുടെ മാനസികാരോഗ്യത്തെ സാര മായി ബാധിക്കുന്നു.എല്ലാവരും തുല്യരാണെങ്കില്‍, സമ്പാദിക്കേണ്ടതും വീട്ടുചിലവ് നിര്‍വഹിക്കേണ്ടതുമെല്ലാം, അതിനു കഴിയുന്ന വ്യക്തിയുടെ ചുമതലയായിമാറും. സ്ത്രീപുരുഷ തുല്യത ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ പുരുഷന്മാരുടെ മാനസികാരോഗ്യം പുരുഷധിപത്യ സമൂഹങ്ങളെക്കാള്‍ വളരെ മെച്ചപ്പെട്ടതാണ്. അടുക്കളജോലി സ്ത്രീകളുടേതുമാത്രമല്ല, അത് എല്ലാവരുടെയും ജോലിയാണ്.എത്ര വീടുകളിലാണ് എല്ലാവരും അടുക്കളയില്‍ കയറി പാചകം ചെയുന്നത്. സ്വന്തം ഭക്ഷണം ഉണ്ടാക്കാനറിയുക എന്നത് അടിസ്ഥാനപരമായ അറിവാണ്. നമ്മുടെ സീരിയലുകള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആശയങ്ങളാണ് ഇപ്പോഴും കാണിക്കുന്നത്.നമ്മുടെ നാട് ഇനിയും ഒരുപാടു പുരോഗമിക്കാനുണ്ട് എന്ന് തോന്നിപ്പോകും.
ഇന്ന്, ഫെമിനിസത്തിന്റെ പ്രസക്തിയും ആവശ്യകതയും തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ചിമ്മമാണ്ട എന്‍ഗോഡി അടീച്ചി എഴുതിയ മനോഹരമായ പുസ്തകമാണ് ' വി ഷുഡ് ഓള്‍ ബി ഫെമിനിസ്റ്റ് '.അവര്‍ നല്‍കിയ ഒരു ടെഡ്ഡ് ടോക്കിന്റെ വിപുലീകരിച്ചാണ് പുസ്തകം എഴുതിയിരിക്കുന്നത്.
എല്ലാവരും വായിച്ചിരിക്കേണ്ട ഒരു ചെറിയ പുസ്തകമാണിത്. നമ്മുടെയുള്ളിലുള്ള ധാരണകളെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഈ പുസ്തകം വളരെ വ്യക്തമായാണ് ആശയങ്ങള്‍ സംവദിക്കുന്നത്.
സമത്വമുള്ളൊരു ലോകത്തിനായി നാം പെണ്‍കുട്ടികളെ വ്യത്യസ്തമായി വളര്‍ത്തണം.അതുപോലെതന്നെ ആണ്‍കുട്ടികളെയും വ്യത്യസ്തമായി വളര്‍ത്തണം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
