ഫെഡറലിസം മുഖ്യശത്രുവാകുമ്പോള്‍

വിദ്യാഭ്യാസരംഗത്തെ പുതിയ നയസമീപനങ്ങളുടെ പശ്ചാത്തലത്തില്‍ ഫെഡറലിസം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ പരിഗണനാവിഷയങ്ങളാകേണ്ടത് എന്തൊക്കെ?
Image of protesters
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെതിരേ അധ്യാപകരും വിദ്യാര്‍ത്ഥികളും ഡല്‍ഹിയില്‍ പ്രതിഷേധിച്ചപ്പോള്‍ AFP
Updated on
7 min read

ക്യം (Uniting), ഉണ്ടാക്കുന്നതിലല്ല ഏകീകരിക്കുന്നതിലാണ് (Uniformize) സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആര്‍.എസ്.എസ്സിന്റെ ഊന്നല്‍.

എല്ലാം ഒരുപോലെയാക്കുക എന്നതാണ് Uniformizing.

നിര്‍ബന്ധം ചെലുത്തുന്നതിന്റെ, ബലപ്രയോഗത്തിന്റെ ഉള്ളടക്കം സാരമായ തോതില്‍ അതിലുണ്ട്. ചുരുങ്ങിയപക്ഷം അതിനു വിധേയമാകുന്ന ജനതയുടെ നിശ്ശബ്ദതയെങ്കിലും. ഏതെല്ലാം മേഖലയില്‍, ഏതെല്ലാം വിധത്തില്‍ ഏകീകരണം സാധ്യമാക്കാമോ അതിനെല്ലാം ആര്‍.എസ്.എസ് ശ്രമിക്കും. പുതിയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പി.എം. ശ്രീയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുമ്പോള്‍ നാം കാണേണ്ട വസ്തുത അതാണ്. എന്നാല്‍, അത്രയും പറഞ്ഞതുകൊണ്ടായില്ല. ഈ ഏകീകരണശ്രമത്തില്‍ സംഘ്പരിവാര്‍ നിയന്ത്രണത്തിലുള്ള ഗവണ്‍മെന്റിന് മറ്റൊരു സഖ്യകക്ഷി കൂടിയുണ്ട്.

ആര്‍.എസ്.എസ് ആചാര്യനായ ഗോള്‍വല്‍ക്കറുടെ, ദേശത്തേയും സാംസ്കാരികസ്വത്വത്തേയും നിര്‍വചിക്കുന്ന ‘We or our Nationhood defined’ എന്ന പുസ്തകം പ്രസിദ്ധീകൃതമാകുന്നത് 1939-ലാണ്. ഈ പുസ്തകത്തില്‍ എന്താണ് രാഷ്ട്രത്തെ സംബന്ധിച്ച തന്റെ കാഴ്ചപ്പാടെന്ന് സംശയരഹിതമായി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ എന്നു വിവക്ഷിക്കുന്ന ഈ ഭൂപ്രദേശത്ത് ജീവിക്കുന്ന എല്ലാവരേയും രാഷ്ട്രത്തിന്റെ ഭാഗമായി കാണണമെന്ന ആശയത്തോട് തികഞ്ഞ പരിഹാസമായിരുന്നു ഗോള്‍വല്‍ക്കര്‍ക്ക്.

ഇന്ത്യ ആര്‍ക്കും വരികയും താമസിക്കുകയും ചെയ്യാവുന്ന ഒരു വഴിയമ്പലമായിട്ടാണ് ബഹുസ്വര ദേശരാഷ്ട്രം എന്ന കാഴ്ചപ്പാട് രാജ്യത്തെ കാണുന്നത് എന്നായിരുന്നു ഗോള്‍വല്‍ക്കറുടെ പക്ഷം. ദേശീയതയെ സംബന്ധിച്ച ‘Serai’ സിദ്ധാന്തം എന്നാണ് ആ ബഹുസ്വര ദേശരാഷ്ട്ര സങ്കല്പത്തെ അദ്ദേഹം വിളിച്ചത്. ഇന്ത്യയുടെ ശിഥിലീകരണത്തിലേക്ക് നയിക്കുന്ന ഒരു നീക്കമായിട്ട് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ പുനഃസംഘടനയെ അദ്ദേഹം കാണുകയും ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനയെ എതിര്‍ക്കുകയും ചെയ്തു.

‘Bunch of Thoughts’ (1966) എന്ന പുസ്തകത്തില്‍ ‘Wanted A Unitary State’ എന്ന തലക്കെട്ടില്‍ ഒരു മുഴുവന്‍ അദ്ധ്യായം തന്നെ തന്റെ ഈ കാഴ്ചപ്പാട് വിശദീകരിക്കാനായി നീക്കിവെച്ചിട്ടുണ്ട്. രാജ്യത്തിന്റെ യഥാര്‍ത്ഥ ദേശീയതയുമായി പൊരുത്തപ്പെടാത്ത ആശയമായിട്ട് ഫെഡറലിസത്തെ കാണുകയും അതിനെ അദ്ദേഹം അപലപിക്കുകയും ചെയ്യുന്നുണ്ട് ആ അദ്ധ്യായത്തില്‍. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ഇന്ത്യന്‍ ദേശീയതയെ തകര്‍ക്കുന്നത് ലക്ഷ്യമിട്ട് രണ്ടു നീക്കങ്ങളാണ് ഉണ്ടായിട്ടുള്ളത്. രാജ്യത്തെ വിഭജിച്ച് പാകിസ്താന്‍ എന്ന രാഷ്ട്രം രൂപീകരിച്ചതാണ് ഒരു നീക്കമെങ്കില്‍ മറ്റൊന്ന് ഭരണഘടനയിലുള്‍ച്ചേര്‍ന്ന ഫെഡറലിസ്റ്റ് കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഭാഷാസംസ്ഥാനങ്ങള്‍ രൂപീകരിക്കാനെടുത്ത തീരുമാനമാണ്. രാഷ്ട്രത്തിന്റെ ഏകത കാക്കുന്നതിനു ഭരണഘടനയിലെ ഫെഡറലിസം എന്ന ഘടകത്തെക്കുറിച്ചുള്ള എല്ലാ സംസാരവും അവസാനിപ്പിക്കുകയാണ് മാര്‍ഗമെന്നും വേണ്ടിവന്നാല്‍ ഭരണഘടനതന്നെ ഈ ലക്ഷ്യം മുന്‍നിര്‍ത്തി പുന:പരിശോധിക്കുകയും വീണ്ടും എഴുതുകയും വേണമെന്നും ഗോള്‍വല്‍ക്കര്‍ നിര്‍ദേശിക്കുന്നുണ്ട്.

“Towards this end the most important and effective step will be to bury deep for good all talk of a federal structure of our country’s Constitution autonomous semi-autonomous ‘states’ within the one State viz., Bharat and proclaim “One Country, One State, One Legislature, One Executive” with no trace of fragmentational, regional, sectarian, linguistic or other types of pride being given a scope for playing havoc with our integrated harmony Let the Constitution be re-examined and re-drafted, so as to establish this Unitary form of Government...” (See Bunch of Thoughts, p 227). ആ പുസ്തകത്തില്‍നിന്ന് മുകളില്‍ എടുത്തെഴുതിയ കാര്യങ്ങള്‍ പ്രാവര്‍ത്തികമാകുന്നതാണ് ഇപ്പോള്‍ നാം കാണുന്നത്. എന്നാല്‍, ചെറിയൊരു വ്യത്യാസമുണ്ട്. അതെന്താണെന്ന് വിശദമാക്കാന്‍ വിദ്യാഭ്യാസ മേഖലയെത്തന്നെ ഉദാഹരണമാക്കാം.

Image of protesters
ദേശീയ വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ New Indian Express

ദേശീയ വിദ്യാഭ്യാസ നയങ്ങളും അധികാര കേന്ദ്രീകരണവും

അഖിലേന്ത്യാതലത്തില്‍ നമുക്കൊരു ദേശീയ വിദ്യാഭ്യാസനയം ഉണ്ടാകുന്നത് 1968-ലാണ്. ഇന്ദിരാഗാന്ധിയുടെ ചുവന്ന ദശകത്തില്‍. അന്നതിന്റെ ഉദ്ദേശ്യം പുരോഗമനപരമായിരുന്നു എന്ന് വിശേഷിച്ച് പറയേണ്ടതില്ലല്ലോ. എന്നാല്‍, എഴുപതുകളുടെ പകുതിയെത്തുമ്പോഴേയ്ക്കും ഇന്ദിരയുടെ രാഷ്ട്രീയത്തില്‍ സാരമായ മാറ്റം വന്നു. അടിയന്തരാവസ്ഥാക്കാലത്ത്, 1976-ൽ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ദിരാഗാന്ധി ഗവണ്‍മെന്റ് വിദ്യാഭ്യാസം എന്ന വിഷയം സംസ്ഥാന പട്ടികയില്‍നിന്നും സമവര്‍ത്തി പട്ടികയിലേക്ക് (Concurrent list) മാറ്റി. അതോടെ മുന്‍പ് സംസ്ഥാനങ്ങൾക്കു മാത്രമായി സംവരണം ചെയ്തിരുന്ന വിദ്യാഭ്യാസ നയത്തെ അടിസ്ഥാനമാക്കി നിയമനിർമാണം നടത്താനുള്ള അധികാരം യൂണിയന്‍ ഗവണ്‍മെന്റിനായി. എല്ലാ അധികാരവും യൂണിയന്‍ ഗവണ്‍മെന്റില്‍, കൃത്യമായി പറഞ്ഞാല്‍ ഇന്ദിരാഗാന്ധിയുടെ കൈകളില്‍ കേന്ദ്രീകരിച്ച അടിയന്തരാവസ്ഥയുടെ (1975–1977) സമയത്താണ് ഈ ഭേദഗതി കൊണ്ടുവരുന്നത്. വിദ്യാഭ്യാസം കൂടാതെ, അന്ന് മറ്റു നാല് വിഷയങ്ങൾകൂടി സംസ്ഥാന പട്ടികയിൽനിന്നും സമവര്‍ത്തി പട്ടികയിലേയ്ക്ക് മാറ്റിയിരുന്നു. വനങ്ങൾ, അളവുകളും തൂക്കങ്ങളും വന്യമൃഗങ്ങളുടേയും പക്ഷികളുടേയും സംരക്ഷണം, നീതിന്യായ ഭരണം എന്നിവയായിരുന്നു അവ. ഈ നീക്കം രാജ്യത്തെ അധികാരങ്ങൾ കേന്ദ്രീകരിക്കാനുള്ള ഒരു വലിയ ശ്രമത്തിന്റെ ഭാഗമായിരുന്നു. വന്‍കിട മുതലാളിത്തവുമായുള്ള ചങ്ങാത്തത്തിനുള്ള ഇന്ദിരയുടെ ശ്രമങ്ങള്‍ക്ക് ആക്കം വര്‍ദ്ധിക്കുന്നതും ഇക്കാലത്തു തന്നെ. 1980-ല്‍, തന്റെ രണ്ടാംവരവില്‍ ട്രേഡ് താരിഫില്‍ ഇളവുകള്‍ ചെയ്തുകൊണ്ട് ഇന്ന് നാം നവലിബറല്‍ എന്നു വിശേഷിപ്പിക്കുന്ന സാമ്പത്തികനയങ്ങള്‍ക്ക് അടിത്തറയിട്ടു.

1991-ല്‍ അധികാരത്തില്‍ വന്ന നരസിംഹറാവു ഗവണ്‍മെന്റ് കാര്‍ഷിക, വ്യാവസായിക, സേവനമേഖലകളെ പൂര്‍ണമായും നവലിബറല്‍ നയങ്ങള്‍ക്കു കീഴ്‍പെടുത്തി. നവലിബറല്‍ നയങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ അധികാരകേന്ദ്രീകരണം അനിവാര്യമാണ്. സ്വാഭാവികമായും അതിനുള്ള ശ്രമങ്ങള്‍ ആ ഗവണ്‍മെന്റ് ശക്തിപ്പെടുത്തി. സംസ്ഥാന ഗവണ്‍മെന്റുകളുടെ അധികാരം പരിമിതപ്പെടുത്താന്‍ ലക്ഷ്യമിട്ട് രാജീവ് ഗാന്ധിയുടെ കാലത്ത് തുടക്കമിട്ട പഞ്ചായത്തിരാജ് - നഗരപാലിക ബില്‍ ഭരണഘടനയുടെ 73, 74 ഭേദഗതിയിലൂടെ 1992-ല്‍ പാര്‍ലമെന്റില്‍ പാസ്സാകുന്നത് ഇതിന്റെ ഭാഗമായാണ്. എന്നാല്‍, നവലിബറല്‍ രാഷ്ട്രീയക്കാര്‍ ഉദ്ദേശിച്ച രീതിയില്‍ ആ നിയമനിര്‍മാണത്തെ പ്രയോജനപ്പെടുത്താനും സംസ്ഥാന ഗവണ്‍മെന്റുകളുടെ ‘വരിയുടക്കാനും’ സാദ്ധ്യമായില്ല. എന്നാലും അതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവന്ന കോണ്‍ഗ്രസ് - ബി.ജെ.പി ഗവണ്‍മെന്റുകള്‍ അവസാനിപ്പിക്കുകയുണ്ടായില്ല. 2020-ലെ പുതിയ വിദ്യാഭ്യാസനയത്തില്‍ കേന്ദ്രീകരണത്തിനുള്ള പരിശ്രമം അതിന്റെ പൂര്‍ണമായ ഫലപ്രാപ്തിയിലെത്തിയതായി കാണാം. ഈ കേന്ദ്രീകരണമാകട്ടെ (Centralisation), ആ മേഖലയുടെ വാണിജ്യവല്‍ക്കരണവുമായും (Commercialisation) വര്‍ഗീയവല്‍ക്കരണവുമായും (Communalisation) ബന്ധപ്പെട്ടിരിക്കുന്നു. ഈ മൂന്നു കാര്യങ്ങളും പരസ്പരബന്ധിതവും ഒരൊറ്റ രാഷ്ട്രീയ പരിപാടിയുടെ ഭാഗവുമാണ്. ഇതില്‍ ആദ്യത്തെ രണ്ട് പ്രക്രിയകള്‍ക്ക് മുഖ്യമായും കോണ്‍ഗ്രസ് ഗവണ്‍മെന്റാണ് മുന്‍കയ്യെടുക്കുന്നത് എങ്കില്‍ മൂന്നാമത്തെ കാര്യത്തിന് ഭൂരിപക്ഷ വംശീയ രാഷ്ട്രീയത്തിന്റെ മുഖം നല്‍കുന്നതും അത് വ്യാപകമാക്കുന്നതും വാജ്‍പേയ് ഗവണ്‍മെന്റിന്റെ കാലത്താണ്.

നരസിംഹറാവു ഗവണ്‍മെന്റിന്റെ കാലത്തുതന്നെയാണ് വിദ്യാഭ്യാസരംഗവും മൂലധനശക്തികള്‍ക്കായി പൂര്‍ണമായും തുറന്നുകൊടുക്കുന്നത്. വാണിജ്യവല്‍ക്കരണം (Commercialisation) അതിനുമുന്‍പ് തന്നെ ന്യൂനപക്ഷ അവകാശങ്ങളുടെ മറവില്‍ കേരളത്തിലടക്കം പല സംസ്ഥാനങ്ങളിലും ആരംഭിച്ചിരുന്നു. 1986-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഒരു പരിഷ്കരിച്ച രൂപമാണ് റാവു സർക്കാർ അംഗീകരിച്ചത്. അനൗപചാരിക വിദ്യാഭ്യാസംപോലുള്ള സംവിധാനങ്ങളും വരേണ്യ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായുള്ള നവോദയ വിദ്യാലയങ്ങൾപോലുള്ള ആശയങ്ങളും 1986-ലെ നയം മുൻപേ കൊണ്ടുവന്നിരുന്നു. എങ്കിലും 1992-ലെ ഈ പുതിയ മാറ്റവും അതിന്റെ കർമപരിപാടിയും (Programme of Action) നടപ്പിലാക്കിയത് പുതിയ നവലിബറൽ സാമ്പത്തിക നയത്തിന്റെ (neo liberal economic frame work) ചട്ടക്കൂടിലായിരുന്നു. ഇത് വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ പങ്കാളിത്തം കൂടുന്നതിന് വഴിയൊരുക്കി. ഡി.പി.ഇ.പി (District Primary Education Programme) പല രീതികളിലൂടെയാണ് വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണം (commercialisation) എളുപ്പമാക്കിയത്. സമാന്തരവും നിലവാരം കുറഞ്ഞതുമായ ഒരു വ്യവസ്ഥ സൃഷ്ടിക്കുക, ആ മേഖലയില്‍ ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വം കുറയ്ക്കുക, സർക്കാർ സ്കൂളുകളുടെ പ്രാധാന്യം ഇല്ലാതാക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

Image of V. shivankutty
വി. ശിവന്‍കുട്ടിNew Indian Express

ഡി.പി.ഇ.പി സാദ്ധ്യമാക്കിയ തന്ത്രപരമായ ബന്ധം

ഡി.പി.ഇ.പിയും (DPEP) ’90-കളിൽ കേരളം നടപ്പിലാക്കിയ പുതിയ സിലബസ്സും തമ്മിൽ അടുത്ത ബന്ധമുണ്ടെങ്കിലും അവയെ ഉദ്ദേശ്യലക്ഷ്യങ്ങളിലും തത്ത്വശാസ്ത്രത്തിലും വ്യത്യസ്തമായ രണ്ടു പദ്ധതികളായിട്ടുതന്നെ വേണം കാണാന്‍. 1994-ൽ ആരംഭിച്ച ഡി.പി.ഇ.പി ലോക ബാങ്കിന്റെ സഹായത്തോടെയുള്ള ഒരു കേന്ദ്ര പദ്ധതിയായിരുന്നു. 2020-ലെ പുതിയ വിദ്യാഭ്യാസ നയത്തില്‍ അതിന്റെ പ്രയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നതുപോലെ ഇതിനും ഉദാത്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുക, കൊഴിഞ്ഞുപോക്ക് കുറയ്ക്കുക, സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുക എന്നിവയിലായിരുന്നു അതിന്റെ ശ്രദ്ധ. പ്രധാനമായും പരിപാലനപരമായ കാര്യക്ഷമതയിലും (Management efficiency) പരിമാണപരമായ ലക്ഷ്യങ്ങൾക്കും (Quantitative targets) ആണ് ഡി.പി.ഇ.പി പ്രാധാന്യം നൽകിയത്. എന്നാല്‍, സൂക്ഷ്മവിശകലനത്തില്‍ അത് അക്കാലത്തെ സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായിരുന്നുവെന്നും കാണാം.

എന്നാൽ, 1997-ൽ നടപ്പിലാക്കിയ കേരളത്തിന്റെ പുതിയ കരിക്കുലമാകട്ടെ,, സംസ്ഥാനം തന്നെ മുൻകയ്യെടുത്ത അക്കാദമിക് പരിഷ്കാരമായിരുന്നു. ജ്ഞാനനിർമിതി സിദ്ധാന്തത്തിൽ (Constructivism) ഊന്നിയ ഈ പരിഷ്കാരം ഗുണപരമായ മാറ്റങ്ങൾക്കാണ് (Qualitative change) പ്രാധാന്യം നൽകിയത്. വെറുതെ കാണാപ്പാഠം പഠിക്കുന്ന രീതി മാറ്റി, കുട്ടികൾ സ്വയം പ്രവർത്തനങ്ങളിലൂടെയും വിമർശനാത്മക ചിന്തയിലൂടെയും അറിവ് നേടുന്ന ഒരു ക്ലാസ്‍മുറി സംവിധാനം ഉണ്ടാക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. അന്ന് ഡി.പി.ഇ.പിയെ എതിര്‍ത്തവര്‍ വരുത്തിയ വലിയൊരു തെറ്റ് ഈ രണ്ടുസംഗതികളേയും ഒന്നായി കണ്ടു എന്നതാണ്.

പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്ന ഈ രണ്ട് പദ്ധതികളേയും കൂട്ടിയോജിപ്പിച്ചത് ഒരു തന്ത്രപരമായ നീക്കമാണ്. ഡി.പി.ഇ.പി വഴി ലഭിച്ച വൻതോതിലുള്ള സാമ്പത്തിക സഹായം, കേരളത്തിലെ വിദ്യാഭ്യാസ നേതൃത്വം ഒരു അവസരമായി കണ്ടു. ഡി.പി.ഇ.പി. നൽകിയ വലിയ സാമ്പത്തിക സ്രോതസ്സുകൾ കേരള സർക്കാർ ഉപയോഗിച്ചു. കേന്ദ്ര പദ്ധതി യാന്ത്രികമായി നടപ്പിലാക്കുന്നതിനുപകരം, കേരളത്തിനു നേരത്തെ തന്നെയുണ്ടായിരുന്നതും കൂടുതൽ വിപ്ലവകരവുമായ വിദ്യാഭ്യാസ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കാൻ ഡി.പി.ഇ.പിയുടെ പണം വിനിയോഗിച്ചു. കേരളത്തിനു സ്വന്തമായി ഉണ്ടായിരുന്നതും കൂടുതൽ പുരോഗമനപരവുമായ വിദ്യാഭ്യാസ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഈ ഫണ്ട് വിനിയോഗിക്കപ്പെട്ടു. ഈ പരിഷ്കാരത്തിന്റെ അക്കാദമിക് രൂപരേഖയും (Intellectual Blueprint) ആത്മാവും കേരളത്തിന്റേതായിരുന്നുവെങ്കിൽ, അതിന്റെ അഭിലാഷപൂർണമായ വലിയ തോതിലുള്ള നടപ്പാക്കലിന് (Large-scale implementation) ആവശ്യമായ സാമ്പത്തിക ഊർജം നൽകിയത് ഡി.പി.ഇ.പിയായിരുന്നു. പതിനായിരക്കണക്കിന് അദ്ധ്യാപകർക്ക് പുതിയ രീതിയിൽ പരിശീലനം നൽകുക, പുതിയ പാഠപുസ്തകങ്ങൾ ഉണ്ടാക്കുക, റിസോഴ്‌സ് സെന്ററുകൾ സ്ഥാപിക്കുക തുടങ്ങിയ വലിയ ജോലികൾക്ക് ആവശ്യമായ സാമ്പത്തികവും അടിയന്തരവുമായ സഹായം നൽകിയത് ഡി.പി.ഇ.പിയുടെ ഫണ്ടാണ്. ചുരുക്കത്തിൽ, ഈ പരിഷ്കാരത്തിന്റെ അക്കാദമിക് ആശയം കേരളത്തിന്റേതായിരുന്നുവെങ്കിൽ, അത് വലിയ തോതിൽ നടപ്പിലാക്കാൻ സഹായിച്ച സാമ്പത്തിക പിൻബലം ഡി.പി.ഇ.പി നൽകി.

ഈ രണ്ട് വ്യത്യസ്ത പദ്ധതികളും തമ്മിലുള്ള നിർണായകമായ ബന്ധം ഒരു തന്ത്രപരമായ അവസരമൊരുക്കലായിരുന്നു. എന്നാല്‍, വിദ്യാഭ്യാസ മേഖലയുടെ വാണിജ്യവൽക്കരണത്തിന് ആക്കം കൂട്ടുക എന്ന ഡി.പി.ഇ.പി ലക്ഷ്യത്തിനു പുതിയ സിലബസ് ആക്കം കൂട്ടി എന്നു തന്നെയാണ് പറയേണ്ടത്. കേരളം നടപ്പാക്കിയ പുതിയ സിലബസ്, ശിശുകേന്ദ്രീകൃതവും പ്രവർത്തന - അധിഷ്ഠിതവുമായ പഠനരീതിക്ക് പ്രാധാന്യം നൽകി. അതിന്റെ ലക്ഷ്യം ഗുണപരമായി വിദ്യാഭ്യാസം മെച്ചപ്പെടുത്തുക എന്നതായിരുന്നു. എന്നാൽ, ഈ പരിഷ്കാരം ക്ലാസ്‌മുറികളിൽ ഫലപ്രദമായി നടപ്പാക്കുന്നതിലുണ്ടായ പാളിച്ചകൾ വാണിജ്യവൽക്കരണത്തിന് പരോക്ഷമായി വഴിയൊരുക്കി. പുതിയ രീതിയെക്കുറിച്ച് പല അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൃത്യമായ അറിവില്ലായ്മയും അക്കാദമിക് അരക്ഷിതാവസ്ഥയും ഉണ്ടായി. ഈ അരക്ഷിതാവസ്ഥയുടെ ഫലമായി, കുട്ടികൾക്ക് പുതിയ സിലബസ് വഴിയുള്ള പഠനം ലഭിക്കുന്നില്ലെന്ന് ആശങ്കപ്പെട്ട രക്ഷിതാക്കൾ സ്വകാര്യ ട്യൂഷൻ കേന്ദ്രങ്ങളെ ആശ്രയിക്കാൻ തുടങ്ങി. ട്യൂഷൻ സെന്ററുകൾ പഴയ രീതിയിലുള്ള മനഃപാഠ പഠനത്തിന് പ്രാധാന്യം നൽകിയത് ഈ മേഖലയ്ക്ക് വലിയ വളർച്ച നൽകി. കൂടാതെ പുതിയ സിലബസ് നടപ്പിലാക്കിയ ശേഷം പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം കുറഞ്ഞുവെന്ന പ്രചാരണവും പൊതുധാരണയും വർദ്ധിച്ചു. ഇത് ഉയർന്ന നിലവാരം തേടുന്ന മധ്യവർഗത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്ക് ചേക്കേറാനും പ്രേരിപ്പിച്ചു. അതിനാൽ, പുതിയ സിലബസ് നേരിട്ടുള്ള വാണിജ്യവൽക്കരണ ഉപകരണമല്ലായിരുന്നെങ്കിൽപോലും അതിന്റെ നടപ്പാക്കലിലെ പാളിച്ചകൾ സ്വകാര്യ മേഖലയ്ക്ക് വളരാനുള്ള സാഹചര്യം ഒരുക്കി എന്നതാണ് വിമർശകരുടെ പ്രധാന വാദം. എന്തായാലും ഡി.പി.ഇ.പിയുടെ ലോജിസ്റ്റിക്സും സാമ്പത്തിക സഹായവും ഉപയോഗിച്ചുകൊണ്ട് പുതിയ പാഠ്യപദ്ധതി നടപ്പാക്കാന്‍ മുതിര്‍ന്നവര്‍ പ്രതീക്ഷിച്ചതല്ല ഈ പരിണാമമെന്നത് തീര്‍ച്ച. എന്തെന്നാല്‍ പില്‍ക്കാലത്ത് അധികാരത്തില്‍ വന്നപ്പോഴൊക്കെ പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുക എന്ന അജന്‍ഡ മുന്നോട്ടു കൊണ്ടുപോകാന്‍ ആത്മാര്‍ത്ഥമായ ശ്രമം അവരുടെ ഭാഗത്തുനിന്നുണ്ടായതായി കാണാം. സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം എന്ന കാഴ്ചപ്പാട് ഉപേക്ഷിക്കുകയും വിദ്യാഭ്യാസ മേഖലയിലെ ഉത്തരവാദിത്വം കയ്യൊഴിയുകയും ചെയ്യുമ്പോള്‍ ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന ഒരു ഫെഡറല്‍ ചട്ടക്കൂടിനുള്ളിനുള്ളില്‍നിന്നു പ്രതിരോധവും ബദല്‍ സമീപനവും എത്രത്തോളം സാദ്ധ്യമാണ് എന്നു വ്യക്തമാക്കുന്നതിനാണ് വാണിജ്യവല്‍ക്കരണം, വര്‍ഗീയവല്‍ക്കരണം, കേന്ദ്രീകരണം എന്നിങ്ങനെയുള്ള ഭരണകൂട ശ്രമങ്ങള്‍ പരസ്പരബന്ധിതമാണ് എന്നു വിശദീകരിക്കുന്നതിനിടയില്‍ ഡി.പി.ഇ.പിയുടെ കേരളാനുഭവം ഇവിടെ പ്രതിപാദിച്ചത്.

Student organizations protest against PM Shri scheme in front of BSNL office in Coimbatore
കോയമ്പത്തൂരിലെ ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ പിഎം ശ്രീ പദ്ധതിക്കെതിരേ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം S SENBAGAPANDIYAN

കാവിവല്‍ക്കരണം എന്ന വര്‍ഗീയവല്‍ക്കരണം

ഗവണ്‍മെന്റ് രക്ഷാകര്‍ത്തൃത്വത്തില്‍ വിദ്യാഭ്യാസമേഖലയുടെ വന്‍തോതിലുള്ള വര്‍ഗീയവല്‍ക്കരണത്തിന് തുടക്കമിടുന്നത് വാജ്പേയ് സര്‍ക്കാരിന്റെ കാലത്താണ്. 2000-ൽ ഒരു പുതിയ ദേശീയ കരിക്കുലം ചട്ടക്കൂടിന് (National Curriculum Framework) രൂപം നല്‍കുകയുണ്ടായി. ഇതേത്തുടർന്ന് പുറത്തിറങ്ങിയ പരിഷ്കരിച്ച എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ മതേതര ചരിത്രകാരന്മാരുടേയും പ്രതിപക്ഷ പാർട്ടികളുടേയും പക്ഷത്തുനിന്നുള്ള കടുത്ത വിമർശനത്തിന് ഇടയാക്കി. ഈ മാറ്റങ്ങളിൽ ന്യൂനപക്ഷങ്ങളുടെ, വിശേഷിച്ചും മുസ്‍ലിങ്ങളുടെ സംഭാവന കുറച്ചുകാണിക്കുക, ഹിന്ദു ഭരണാധികാരികളെ മഹത്വവൽക്കരിക്കുക, കൂടാതെ ഹിന്ദു പാരമ്പര്യങ്ങളേയോ ജാതിസമ്പ്രദായംപോലുള്ള സാമൂഹിക ഘടനകളേയോ വിമർശിക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്യുക എന്നിവ പുതിയ പരിഷ്കാരത്തിന്റെ ഭാഗമായി നടപ്പായി. ഈ ഘട്ടത്തിൽ എൻ.സി.ഇ.ആർ.ടി, ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് (ICHR) പോലുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് ആര്‍.എസ്.എസ്സിനോടു പ്രത്യയശാസ്ത്ര ചായ്‍വ് പുലര്‍ത്തുന്ന വ്യക്തികളെ നിയമിക്കുകയും മാറ്റങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

എന്നാല്‍, 2002-ല്‍ അരുണാ റോയ് V/s യൂണിയന്‍ ഒഫ് ഇന്‍ഡ്യ കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു സുപ്രധാന വിധിയില്‍, വിദ്യാഭ്യാസം മതേതരമായിരിക്കണം എന്നും മതപരമായ പ്രചാരണങ്ങളിൽനിന്നു മുക്തമായിരിക്കണമെന്നും തീര്‍പ്പുണ്ടായി. തുടര്‍ന്ന് യു.പി.എ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ പ്രൊഫ. യശ്‌പാല്‍ ചെയര്‍മാനായിട്ടുള്ള ഒരു സമിതിയെ ഗവണ്‍മെന്റ് നിയോഗിക്കുകയും പുതിയ ഒരു വിദ്യാഭ്യാസ കരിക്കുലം ചട്ടക്കൂട് നിര്‍ദേശിക്കുകയും ചെയ്തു. ചരിത്രം തിരുത്തി എഴുതുന്നതും വിദ്യാഭ്യാസത്തിൽ പ്രത്യയശാസ്ത്രപരമായ നിയന്ത്രണം ഏർപ്പെടുത്തുന്നതും ഈ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (2005) ഉയർത്തിപ്പിടിച്ച തത്ത്വങ്ങൾക്ക് വിരുദ്ധമാണ്. ഉൾക്കൊള്ളൽ (Inclusivity), യുക്തിസഹത്വം (Rationality), ഭരണഘടനാപരമായ മൂല്യങ്ങളോടുള്ള (Constitutional values) കൂറ് എന്നിവ പ്രോത്സാഹിപ്പിക്കപ്പെട്ടു.

എന്നാല്‍, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ 2014-ൽ അധികാരത്തിൽ വന്ന ശേഷവും 2019-ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷവും ഈ പ്രക്രിയ കൂടുതൽ തീവ്രമായി, കൂടുതൽ സമഗ്രവും. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-നെ ഒരു ചട്ടക്കൂടായി ഉപയോഗിച്ചാണ് വ്യവസ്ഥാപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നത്. സിലബസ് ‘യുക്തിസഹമാക്കുക’ (Rationalising) എന്ന പേരിൽ, മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള അദ്ധ്യായങ്ങൾ, ഹിന്ദു-മുസ്‌ലിം ഐക്യത്തിനായുള്ള മഹാത്മാഗാന്ധിയുടെ ശ്രമങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ, 2002-ലെ ഗുജറാത്ത് കലാപം, ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തം എന്നിവയുൾപ്പെടെ പാഠപുസ്തകങ്ങളുടെ ഗണ്യമായ ഭാഗങ്ങൾ ഒഴിവാക്കപ്പെട്ടു. ഇതിനോടൊപ്പം, യൂണിവേഴ്‌സിറ്റികളിലും വിദ്യാഭ്യാസ കൗൺസിലുകളിലും ആർ.എസ്.എസ്സിനോട് അനുകൂല മനോഭാവമുള്ള വ്യക്തികളെ നേതൃസ്ഥാനങ്ങളിൽ നിയമിക്കുന്നതിനുള്ള സമ്മർദവും നടക്കുന്നുണ്ട്. ഇതു വഴി പ്രത്യയശാസ്ത്രപരമായ ഈ മാറ്റം മുകൾത്തട്ടിൽനിന്ന് താഴോട്ട് മുഴുവൻ വിദ്യാഭ്യാസ മേഖലയിലും നടപ്പിലാക്കുന്നു എന്ന് ഉറപ്പാക്കുന്നു. പുത്തന്‍ വിദ്യാഭ്യാസ നയമായാലും സര്‍വകലാശാലകളിലും വിദ്യാഭ്യാസ കൗണ്‍സിലുകളിലും നടത്തുന്ന ഇടപെടലുകളായാലും ഇവയെല്ലാം ഒരു ബൃഹദ്പദ്ധതിയുടെ ഭാഗമായിട്ടുവേണം കാണാന്‍. ക്ഷേമവും സമത്വവും ലക്ഷ്യമിട്ട ഗവണ്‍മെന്റുകളുടെ കാലം എഴുപതുകളുടെ പകുതിയോടെ ലോകമെമ്പാടും അവസാനിക്കുകയും നവലിബറല്‍ സാമ്പത്തികനയങ്ങള്‍ക്ക് സമാരംഭമാകുകയും ചെയ്തതോടെ ലോകത്തെവിടേയും മൂലധനം ശക്തവും കേന്ദ്രീകൃതവുമായ അധികാരത്തിന്റെ കൂട്ടുതേടിയിട്ടുണ്ട്. 1973-ല്‍ ചിലിയില്‍ മാര്‍ക്സിസ്റ്റ് പ്രസിഡന്റ് സാല്‍വദോര്‍ അയന്ദെയെ കൊലപ്പെടുത്തി അട്ടിമറിയിലൂടെ അധികാരത്തില്‍ വന്ന പിനോഷെയുടെ കാലത്താണ് നവസാമ്പത്തിക നയങ്ങള്‍ക്ക് ലോകത്താദ്യമായി തുടക്കമാകുന്നത്. മിൽട്ടൺ ഫ്രീഡ്‌മാൻ, ആർനോൾഡ് ഹാർബെർഗർ എന്നിവരുടെ കീഴിൽ ചിക്കാഗോ സർവകലാശാലയിൽ പരിശീലനം നേടിയ ചിക്കാഗോ ബോയ്സ് എന്നറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദ്ധരെ പിനോഷെ പ്രധാന സർക്കാർ സ്ഥാനങ്ങളിൽ നിയമിച്ചു. അടിമുടി കമ്പോള കേന്ദ്രീകൃതമായ ഒരു പരിഷ്കരണ പരിപാടി നടപ്പാക്കുകയും ചെയ്തു. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളുടെ സ്വകാര്യവൽക്കരണം, സർക്കാർ ചെലവുകൾ കൂടുതല്‍ ആലോചനകള്‍ക്ക് ഇടംകൊടുക്കാതെ കുറയ്ക്കുക, വ്യാപാര നിയന്ത്രണങ്ങൾ നീക്കം ചെയ്യുക, പണപ്പെരുപ്പം (Inflation) ചെറുക്കുന്നതിനായി ‘ഷോക്ക് തെറാപ്പി’ നടപ്പാക്കുക എന്നിവയായിരുന്നു ആ പരിപാടികൾ. ഈ പരിഷ്കാരങ്ങൾ അംഗീകരിക്കുന്നതിന് ഒരു നയംമാറ്റത്തിന് സഹായിച്ചുകൊണ്ട്, 1975-ൽ ഫ്രീഡ്‌മാൻ ചിലി സന്ദർശിക്കുകയും ഈ പരിഷ്കാരങ്ങൾ മുന്നോട്ടുകൊണ്ടുപോകാന്‍ പിനോഷെയോട് നേരിട്ട് ശുപാർശ ചെയ്യുകയും ചെയ്തു.

നവലിബറലിസം (Neo liberalism) എപ്പോഴും കൂടുതൽ കേന്ദ്രീകൃതവും എക്സിക്യൂട്ടീവിന് ശക്തമായ അധികാരമുള്ളതുമായ ഒരു ഭരണസംവിധാനത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. കമ്പോളത്തെ അടിസ്ഥാനമാക്കിയുള്ള പരിഷ്കാരങ്ങൾക്കെതിരെ ഉയരുന്ന പ്രാദേശികവും ജനാധിപത്യപരവുമായ പ്രതിരോധങ്ങളെ അടിച്ചമർത്താൻ അത്തരമൊരു സംവിധാനത്തിന് എളുപ്പത്തിൽ കഴിയുമെന്നതാണ് കാരണം. പൊളിറ്റിക്കല്‍ ഇക്കണോമിസ്റ്റായ ഇയാൻ ബ്രഫ് തന്റെ Authoritarian Neo liberalism: Philosophies, Practices, Contestations എന്ന പുസ്തകത്തില്‍ ഇതിനെ ‘അഥോറിറ്റേറിയന്‍ നവലിബറലിസം’ എന്നാണ് വിശേഷിപ്പിക്കുന്നത്. അത്തരമൊരു ഭരണവ്യവസ്ഥയില്‍ സാമൂഹികവും രാഷ്ട്രീയവുമായ തർക്കങ്ങളിൽ ഭരണകൂടം ഒരു വിഷയമേ ആകുന്നില്ല. ഇങ്ങനെയൊരു വ്യവസ്ഥ ലക്ഷ്യമിട്ട് ഭരണഘടനാപരവും നിയമപരവുമായ മാറ്റങ്ങളിലൂടെ, ജനാധിപത്യപരമായ സ്വഭാവം കുറഞ്ഞ ഒരു സ്ഥാപനമായി രാജ്യത്തെ പുനഃക്രമീകരിക്കുന്ന തന്ത്രമാണിത്. ബ്രഫ് വിശദീകരിക്കുന്നതുപോലെ, കേവലം ബലം പ്രയോഗിക്കുന്നതിനേക്കാൾ നവലിബറലിസത്തിന്റെ വക്താക്കള്‍ പ്രാധാന്യം നൽകുന്നത്, നയങ്ങള്‍ക്ക് മുന്‍പേ തന്നെ നിയമസാധുത സൃഷ്ടിക്കുന്നതിനാണ്. അതുവഴി ട്രേഡ് യൂണിയനുകളടക്കം എതിർപ്പുകൾ ഉയര്‍ത്താന്‍ സാദ്ധ്യതയുള്ള വിഭാഗങ്ങളിൽനിന്നുള്ള ചർച്ചകളും സംവാദങ്ങളും ഒഴിവാകും. സാമ്പത്തിക, ധനകാര്യ നിയന്ത്രണം ജനപ്രതിനിധി സഭകളില്‍നിന്നും വിദഗ്ദ്ധ സമിതികളിലേക്കും എക്സിക്യൂട്ടീവിലേക്കും മാറും. സ്വകാര്യവൽക്കരണം, തൊഴിൽ നിയമങ്ങളുടെ നിയന്ത്രണം ഒഴിവാക്കൽ, വ്യാപാര ഉദാരവൽക്കരണം, വിദ്യാഭ്യാസരംഗം പൊളിച്ചുപണിയല്‍ തുടങ്ങിയ പരിഷ്കാരങ്ങൾ വേഗത്തിലും വിപുലമായും നടപ്പാക്കാന്‍ കേന്ദ്രീകരണം സഹായകമാകും.

നവലിബറലിസത്തിന്റെ നടത്തിപ്പിന് ഈ വിധത്തില്‍ ഭരണകൂടത്തിനു കേന്ദ്രീകൃതവും ശക്തവുമായ ഒരു കേന്ദ്രീകൃത സ്വഭാവം ആവശ്യമായി വരുന്നതിനു മറ്റൊരു പ്രധാന കാരണം അതിന്റെ സാങ്കേതികപരമായ വശം തന്നെയാണ്. നവലിബറലിസത്തിന്റെ അടിസ്ഥാന സ്വഭാവം, സമ്പദ്‌വ്യവസ്ഥയെ തുടർച്ചയായ ജനകീയ ചർച്ചകൾക്ക് വിട്ടുകൊടുക്കാതെ, കമ്പോളത്തിന്റെ യുക്തിക്ക് അനുസരിച്ചുള്ള നിയമങ്ങൾക്ക് വിധേയമാക്കുക എന്നതാണ്. രാഷ്ട്രീയ ചിന്തകനായ മൈക്കിൾ വിൽക്കിൻസൺ പറയുന്നതുപോലെ, “സാമ്പത്തിക കാര്യങ്ങളെ ജനാധിപത്യ അധികാരത്തിന്റേയും ചോദ്യം ചെയ്യലിന്റേയും പരിധിയിൽനിന്നു മാറ്റുക” എന്ന ലക്ഷ്യം ‘സ്വേച്ഛാധിപത്യ ലിബറലിസത്തിനുണ്ട്.’

ഇങ്ങനെയൊരു സംവിധാനം നിലവില്‍ വന്നാല്‍ പ്രധാനപ്പെട്ട സാമ്പത്തിക തീരുമാനങ്ങളെ തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റുകളുടെ കയ്യിൽനിന്നും ജനകീയ എതിർപ്പുകളിൽനിന്നും അകറ്റി നിർത്താൻ സാധിക്കുന്നു. അതുകൊണ്ടാണ്, പിനോഷെയുടെ ചിലിയിലായാലും ഐ.എം.എഫ് നിർദേശിച്ച പരിഷ്കാരങ്ങൾ നടപ്പാക്കിയ മറ്റു രാജ്യങ്ങളിലായാലും നവലിബറൽ ഭരണകൂടങ്ങൾ ശക്തമായ എക്സിക്യൂട്ടീവുകളിലേക്കും സാങ്കേതിക വിദഗ്ദ്ധർ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളിലേക്കും (നിയമം മാത്രം അനുസരിക്കുന്ന സ്വതന്ത്ര കേന്ദ്ര ബാങ്കുകൾ പോലുള്ളവ) ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതോടെ ആർക്കും തടസ്സപ്പെടുത്താൻ കഴിയാത്ത രീതിയിൽ പരിഷ്കാരങ്ങൾ നടപ്പാക്കാന്‍ എളുപ്പമാകും.

യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ഫെഡറല്‍ ഭരണസംവിധാനവും ഭരണഘടനയും ജനാധിപത്യത്തോടുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിബദ്ധതയും തന്നെയാണ് വിദ്യാഭ്യാസം ഉള്‍പ്പെടെ ഏതു മേഖലയിലും നവലിബറല്‍ നയങ്ങള്‍ക്കനുസരിച്ചുള്ള പൊളിച്ചുപണിക്ക് തടസ്സം. ആധുനികപൂര്‍വമെന്നോ ഫ്യൂഡല്‍ എന്നോ വിശേഷിപ്പിക്കാവുന്ന ഒരു രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന സംഘ്പരിവാറിനും പ്രയാസം സൃഷ്ടിക്കുന്നത് അതുതന്നെയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com