ദൈവത്തിന്റെ പരമാധികാരം രാഷ്ട്രീയ പരമാധികാരമായി പകര്‍ത്തിയെഴുതിയപ്പോള്‍; രാഷ്ട്രീയ ദൈവവിശ്വാസത്തെക്കുറിച്ച്

ദൈവത്തിന്റെ പരമാധികാരം  രാഷ്ട്രീയ പരമാധികാരമായി പകര്‍ത്തിയെഴുതിയപ്പോള്‍; രാഷ്ട്രീയ ദൈവവിശ്വാസത്തെക്കുറിച്ച്
Francisco Seco
Updated on
6 min read

മതവും രാഷ്ട്രീയവും അഥവാ സഭയും രാഷ്ട്രവും തമ്മിലുള്ള വ്യവസ്ഥാപിത ബന്ധത്തെക്കുറിച്ചു വിശദീകരിക്കുന്ന പഠനമേഖലയാണ് രാഷ്ട്രീയ ദൈവശാസ്ത്രം. ജര്‍മനിയില്‍ നാസി ഭരണകൂടകാലത്ത് കാള്‍ സ്മിത്ത് (Carl Schmitt) എന്ന നിയമജ്ഞനാണ് രാഷ്ട്രീയ ദൈവശാസ്ത്രം (1922) എന്ന പേരിലുള്ള തന്റെ പുസ്തകത്തിലൂടെ പ്രസ്തുത പഠനശാഖയ്ക്ക് നിയതമായ ഒരു രൂപരേഖ നല്‍കിയത്. കാള്‍ സ്മിത്തിന്റെ രാഷ്ട്രീയ ദൈവശാസ്ത്രം പരമാധികാരത്തിന്റെ രാഷ്ട്രീയ തത്ത്വശാസ്ത്രം കൂടിയായിരുന്നു. കാള്‍ സ്മിത്ത് ഒരു നിയമപണ്ഡിതന്‍ എന്നതിനെക്കാള്‍ ഉപരി ഒരു ദൈവശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു. ആധുനിക ഭരണകൂട സങ്കല്പത്തിന്റെ ഉപജ്ഞാതാവ് എന്നു വിളിക്കാവുന്ന തോമസ് ഹോബ്‌സിന്റെ ചിന്താപദ്ധതിയെത്തന്നെയാണ് കാള്‍ സ്മിത്തും പിന്തുടര്‍ന്നത്.

ദൈവത്തിന്റെ പരമാധികാരം രാഷ്ട്രീയ പരമാധികാരമായി പകര്‍ത്തിയെഴുതുകയായിരുന്നു തോമസ് ഹോബ്സ് ചെയ്തത്. അതിലൂടെ രാഷ്ട്രീയ പരമാധികാരവും നിയതമായ ഒരു ഘടനാരൂപമായി വിവക്ഷിക്കപ്പെട്ടു. ദൈവശാസ്ത്രത്തിന്റെ ഈ രാഷ്ട്രീയവല്‍കരണം അഥവാ സെക്കുലര്‍വല്‍കരണം ഭരണകൂടവും ദൈവശാസ്ത്രവും തമ്മിലുള്ള കൂട്ടുകെട്ടിനെയാണ് വെളിപ്പെടുത്തിയത്. ഇത് ആധുനിക കാലത്ത് മാത്രമല്ല, ക്രൈസ്തവസഭ വ്യവസ്ഥാപിതമായ ഘടനാരൂപം ആര്‍ജിക്കുന്ന ആദ്യ നൂറ്റാണ്ടുകളിലും പ്രത്യേകിച്ചും കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്തും പ്രകടമായിരുന്നു.

എന്നാല്‍, ആധുനിക ലിബറലിസത്തിന്റെ കാലത്ത് ഭരണകൂടത്തിന്റെ കേന്ദ്രീകൃത അധികാരം ചോദ്യം ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് കാള്‍ സ്മിത്തിന്റെ പരമാധികാര രാഷ്ട്രീയ ദൈവശാസ്ത്രം ശക്തിയാര്‍ജിക്കുന്നത്. രാഷ്ട്രീയപരമായിരുന്നാലും ദൈവശാസ്ത്രപരമായിരുന്നാലും പരമാധികാരം, ഭരണകൂടവും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അപരിഹാര്യമായ ഭിന്നത നിലനിര്‍ത്തുന്നു എന്നും അത് ഭരിക്കപ്പെടുന്നവരുടെ രാഷ്ട്രീയ അധികാരം എന്ന പരമമായ ജനാധിപത്യ സത്യം ഉള്‍ക്കൊള്ളുന്നില്ലായെന്നുമുള്ള സമകാലിക ബോധ്യത്തില്‍ നിന്നാണ് പരമാധികാര രഹിതമായ രാഷ്ട്രീയവും ദൈവശാസ്ത്രവും ചര്‍ച്ചയ്ക്ക് വിഷയീഭവിക്കുന്നത്.

ലിബറലിസവും പരമാധികാര രാഷ്ട്രീയത്തിന്റെ പ്രതിസന്ധിയും

പൊതു രാഷ്ട്രീയ ചരിത്രത്തെ ശത്രുവും മിത്രവും നന്മയും തിന്മയും ദൈവവും പിശാചും ധാര്‍മികതയും അധാര്‍മികതയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭൂമികയായിട്ടാണ് കാള്‍ സ്മിത്ത് കണ്ടത്. ഇവിടെ ധാര്‍മികമായൊരു തെരഞ്ഞെടുപ്പ് നടത്താന്‍ മനുഷ്യന് മതത്തിന്റെ (ദൈവശാസ്ത്രത്തിന്റെ) സഹായം ആവശ്യമുണ്ട് എന്ന് സ്മിത്ത് വാദിച്ചു. തെരഞ്ഞെടുപ്പുകള്‍ അനിവാര്യമാക്കുന്ന ലിബറല്‍ ചിന്താഗതിയുടെ പ്രതിസന്ധിയാണിത് എന്ന് വ്യക്തമാക്കിയ സ്മിത്ത്, ആത്യന്തികമായ രാഷ്ട്രീയ നിലപാടുകള്‍ക്ക് മതവും അതിന്റെ ധാര്‍മിക പ്രമാണങ്ങളും അനിവാര്യമാണെന്ന് വാദിച്ചു.

ലിബറലിസത്തിന്റെ കാലത്ത് ജനങ്ങളുടെ അനിയന്ത്രിതമായ സ്വാതന്ത്ര്യം അരാജകത്വം സൃഷ്ടിക്കുമെന്നും അതുകൊണ്ട് ഭരണകൂട പരമാധികാരം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു വച്ചു. ഈ ചിന്താഗതിയാണ് ഹിറ്റ്ലറിന്റെ ഏകാധിപത്യ ഭരണക്രമത്തെ പിന്താങ്ങാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്നു കരുതാം.

കാള്‍ സ്മിത്തിന്റെ പരമാധികാരം പക്ഷേ, ബഹിഷ്‌കൃതത്തിന്റെ ഇടം (state of exception) നീതിമല്‍രിക്കുന്ന ഒന്നായിരുന്നു. പരമാധികാര ഭരണകൂടം അധികാര കേന്ദ്രീകരണം നടത്തുമ്പോള്‍തന്നെ ബഹിഷ്‌കൃതത്തിന്റെ ഇടം സ്വാഭാവികമായി സൃഷ്ടിക്കപ്പെടുമെന്നും ആ ബഹിഷ്‌കൃതയിടം നിയപരമായിത്തന്നെ നിര്‍വചിക്കപ്പെട്ടതാണെന്നും അദ്ദേഹം വാദിച്ചു. അതായത്, ബഹിഷ്‌കൃതത്വം നിയപരമായി നിലനിര്‍ത്തപ്പെടുന്ന അന്തച്ഛിദ്രത്തിന്റെ രാഷ്ട്രീയ ക്രമമാണ് ആധുനിക ജനാധിപത്യം എന്നു സാരം. ഭരണകൂടവും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ഭിന്നത അപരിഹാര്യമായിത്തന്നെ തുടരുന്നുവെന്നതാണ് ഇവിടത്തെ കാതലായ പ്രശ്‌നം.

ഈ സ്ഥായിയായ ഭിന്നതയുടെ പ്രശ്‌നം അഡ്രസ് ചെയ്യാതെ അല്ലെങ്കില്‍ ജനാധിപത്യ ക്രമത്തെ അടിസ്ഥാനപരമായി അഴിച്ചുപണിയാതെ ഭരണകൂടവും ആ ഭരണക്രമത്തിന്റെ പരമാധികാര രാഷ്ട്രീയവും പുറന്തള്ളുന്ന ജനസമൂഹങ്ങളും തമ്മിലുള്ള ഒത്തുതീര്‍പ്പിന് ശ്രമിക്കുന്ന ഒത്തുതീര്‍പ്പിന്റെ ജനാധിപത്യക്രമം (managed democracy) ആണ് നമുക്കുള്ളത്. ഇവിടെ രാഷ്ട്രീയം കേവലം ഉള്‍ക്കൊള്ളലിന്റെ (accommodation) ഭരണക്രമമായി മാറുന്നു. ഭരിക്കപ്പെടുന്നവരുടെ രാഷ്ട്രീയ അധികാര പ്രവേശനം അഥവാ രാഷ്ട്രീയ കര്‍തൃത്ത്വം എന്ന സമസ്യ ഇവിടെ അഡ്രസ് ചെയ്യുന്നതേയില്ല. ഇതാണ് സമകാലിക ജനാധിപത്യം നേരിടുന്ന കാതലായ പ്രതിസന്ധി.

എന്നാല്‍, നിയോലിബറലിസത്തിന്റേയും നവമുതലാളിത്തത്തിന്റേയും സമകാലിക കാലം ഭരണകൂട പരമാധികാരത്തിന് പുതിയ ആവിഷ്‌കാരങ്ങള്‍ നല്‍കുന്നു. ദേശ-രാഷ്ട്രങ്ങളുടെ അധികാരം നിഷ്പ്രഭമാക്കുകയും അതേസമയം പുതിയ ആഗോള സാമ്പത്തിക ക്രമത്തിന്റെ അടിസ്ഥാനത്തിലുള്ള സാമ്പത്തിക പരമാധികാരം രൂപപ്പെടുകയും ചെയ്യുന്നു. മൂലധന ആഗോളവല്‍കരണത്തിന്റെ ഭാഗമായി സംഭവിച്ചതാണത്. വികസിത രാജ്യങ്ങളും അവരുടെ സാമ്പത്തിക ദല്ലാളുകളായ കോര്‍പറേറ്റുകളും കൂടിച്ചേരുന്ന ഈ കൂട്ടുകെട്ടിനെ സാമ്രാജ്യത്വം (Empire) എന്നാണ് അന്റോണിയോ നെഗ്രിയും മിഷേല്‍ ഹാര്‍ട്ടും വിളിക്കുന്നത്.

സാമ്രാജ്യത്വം പക്ഷേ, പഴയകാലങ്ങളിലെപ്പോലെ പട്ടാള കടന്നുകയറ്റമോ ഭൂപ്രദേശങ്ങള്‍ കീഴടക്കുന്നതോ ആയ സൈനിക സാമ്രാജ്യത്വമല്ല, മറിച്ച് മാനസികമായും ശാരീരികമായും പിന്നെ മനുഷ്യ സാമൂഹ്യ-സാംസ്‌കാരിക സങ്കല്പങ്ങളിലും ഒക്കെയുള്ള കീഴടക്കപ്പെടലുകളിലൂടെയാണ് നവ സാമ്രാജ്യത്വം ദേശ-രാഷ്ട്രങ്ങളുടെ പരമാധികാരത്തെ അതിജീവിക്കുന്നത്. ഇത് മറ്റൊരു തരത്തിലുള്ള പരമാധികാരമാണ്.

ആഗോള സാമ്പത്തിക മൂലധനത്തിന്റെ ഈ ഉണ്‍മാശാസ്ത്രം പുറമെ സമജാതീയത സൃഷ്ടിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുമെങ്കിലും ഉള്ളില്‍ അന്തച്ഛിദ്രത്തിന്റേതാണ്. ഇവിടെ വടക്കും തെക്കും, ഉള്ളവനും ഇല്ലാത്തവനും തൊഴിലാളിയും തൊഴിലുടമയും, വെളുത്തവനും കറുത്തവനും എന്നൊക്കെയുള്ള വിഭജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു. കൊവിഡ് കാലത്ത് അത് നമ്മള്‍ കണ്ടറിഞ്ഞതാണ്. ഇന്ത്യന്‍ തെരുവുകളിലും റെയില്‍വേ സ്റ്റേഷനകളിലും ഒക്കെ ആള്‍കൂട്ടമായി മാറിയ പ്രവാസി തൊഴിലാളികളുടെ ജീവിതങ്ങള്‍ തന്നെ ഇത്തരത്തിലുള്ള സാമ്പത്തിക പരമാധികാര പ്രവണതയുടെ ജീവിക്കുന്ന അടയാളങ്ങളാണ്.

ഈ കോര്‍പറേറ്റ്വല്‍കരണ കാലത്ത് ഇന്ത്യയിലെമ്പാടും ഉണ്ടാകുന്ന കര്‍ഷകരുടേയും തൊഴിലാളികളുടേയും പൗരത്വം നിഷേധിക്കപ്പെട്ടവരുടേയും അടിസ്ഥാന സമൂഹങ്ങളുടേയും അതിജീവന സമരങ്ങള്‍ വാസ്തവത്തില്‍ ഈ പരമാധികാര ജനാധിപത്യത്തിന്റെ ചൂഷണാത്മകമായ (അ)ക്രമത്തെയാണ് വെളിവാക്കുന്നത്.

ജനാധികാരത്തെ ഭരണകൂടവുമായി ബന്ധിപ്പിച്ചു നിര്‍ത്തുക എന്ന തന്ത്രമാണ് ആധുനിക ലിബറല്‍ ജനാധിപത്യത്തിന്റെ കാതല്‍. ഭരണകൂടപൂര്‍വമായ ജനാധികാരത്തെക്കുറിച്ചുള്ള ചിന്തകള്‍ ഇന്ന് പ്രസക്തമാകുന്നതും അതുകൊണ്ടാണ്. അത്തരമൊരു അധികാരത്തെക്കുറിച്ചുള്ള ചര്‍ച്ച പാശ്ചാത്യ തത്ത്വചിന്തയില്‍ തുടക്കമിടുന്നത് ബാരൂക്ക് സ്പിനോസയാണ്.

മനുഷ്യര്‍ തമ്മില്‍ ഭൗതികമായി കണ്ടെത്തുന്ന ബന്ധുത്വത്തിന്റെ ജൈവ അധികാരം (potentia) ജനസാമാന്യത്തിന് മുകളിലൂടെ അടിച്ചേല്പിക്കുന്ന അതിഭൗതിക/ദൈവിക/ഭരണകൂട അധികാരത്തെക്കാള്‍ സ്വാഭാവികവും പുനരാവിഷ്‌കാരത്തിനു സാധ്യതയുള്ളതുമാണെന്ന് സ്പിനോസ പറഞ്ഞുവച്ചു. അതിഭൗതികതയെ നിരാകരിച്ച ഫ്രെഡറിക് നീസ്‌ചെയും ഭൗതികതയുടെ പരിക്രമണത്തെക്കുറിച്ച് പ്രത്യയശാസ്ത്ര നിരൂപണം മുന്നോട്ടുവച്ച കാറല്‍ മാര്‍ക്സും പരമാധികാരത്തെ ഭൗതികതലത്തില്‍ അഴിച്ചുപണിയാന്‍ ശ്രമിച്ചവരാണ്.

എന്നാല്‍, മാര്‍ക്സിന്റെ വര്‍ഗരഹിത സമൂഹവും വര്‍ഗവിപ്ലവവും ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ യുഗാന്ത്യ ദൈവശാസ്ത്രത്തിന്റെ വാര്‍പ് മാതൃകയാണെന്നും മനുഷ്യരുടെ അധ്വാനവും ഉല്പാദന പ്രക്രിയയിലെ പങ്കാളിത്തവും എങ്ങനെയാണ് ജൈവാധികാരത്തെ ഉല്പാദിപ്പിക്കുന്നതെന്നുമുള്ള ചോദ്യങ്ങള്‍ പോസ്റ്റ് മാര്‍ക്സിസ്റ്റ് ചിന്തകള്‍ക്ക് തുടക്കം കുറിച്ചു. അതില്‍ ഏറ്റവും വ്യക്തമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര വിശദീകരണങ്ങള്‍ നല്‍കിയത് അന്റോണിയോ നെഗ്രിയും മിഷേല്‍ ഹാര്‍ട്ടുമാണ്.

മാര്‍ക്സിസത്തിന്റെ പൊതുവായത് (common) എന്ന സങ്കല്പം ഏകീകൃതമാണെന്നും ജനം എന്നും തൊഴിലാളി എന്നും ഒക്കെയുള്ള സംജ്ഞകള്‍ ബഹുസ്വരാത്മകമല്ലെന്നും സാംസ്‌കാരിക സാമ്പത്തിക മൂലധന രൂപീകരണത്തില്‍ അദൃശ്യനായി മാത്രം പങ്കെടുക്കുന്ന സമൂഹങ്ങളെ ഇത് പരിഗണിക്കുന്നില്ലായെന്നും ഹാര്‍ട്ടും നെഗ്രിയും വ്യക്തമാക്കി. പകരം ജനസഞ്ചയ രാഷ്ട്രീയം എന്ന ആശയമാണ് അവര്‍ മുന്നോട്ടുവയ്ക്കുന്നത്.

നെഗ്രിയും ഹാര്‍ട്ടും മുന്നോട്ടുവയ്ക്കുന്ന ജനസഞ്ചയ രാഷ്ട്രീയം (Multitude) പക്ഷേ, പരമാധികാര ജനാധിപത്യത്തെ പുറത്തുനിന്ന് പരിവര്‍ത്തിപ്പിക്കുന്ന ഒരു പ്രത്യയശാസ്ത്രമല്ല, മറിച്ച് അതിനുള്ളില്‍ നിന്നുതന്നെ അതിനെ പുനരാവിഷ്‌കരിക്കുന്ന ബദല്‍ ജൈവ അധികാര പ്രക്രിയയാണ്. പരമാധികാരം ജൈവശരീരത്തിലും സാമൂഹ്യശരീരത്തിലും ആധിപത്യം സ്ഥാപിക്കുന്ന നവമുതലാളിത്ത കാലത്ത് പുനര്‍നിര്‍മിതിയിലൂടെ നവീകരിക്കാനാവുന്ന ജൈവാധികാരം (potentia) തിരിച്ചറിയുക എന്ന ആശയമാണ് അവര്‍ മുന്നോട്ടുവയ്ക്കുന്നത്.

ജൈവശരീരത്തിലും സാമൂഹ്യശരീരത്തിലും നിരന്തരം പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്ന ഈ പ്രതിഭാസത്തിന് പരിക്രമണത്തിന്റെ ഉണ്‍മാശാസ്ത്രം (Ontology of becoming) എന്നാണ് ഗില്‍ ഡെല്യൂസ് വിളിക്കുന്നത്. മനുഷ്യശരീരങ്ങളാകട്ടെ, സാമൂഹ്യശരീരങ്ങളാകട്ടെ അത് സ്വയം പരിവര്‍ത്തനത്തിന് സാധ്യത ഉള്ളതാണെന്ന മെര്‍ലിയോ പോണ്ടിയുടെ വീക്ഷണങ്ങളാണ് നെഗ്രിയും ഹാര്‍ട്ടും പിന്തുടരുന്നത്. നിരന്തരം പരിവര്‍ത്തനോന്മുഖമായ ഭൗതികതയെ അടിസ്ഥാനമാക്കിയുള്ള ഭൗതികശാസ്ത്രവും ഉണ്‍മാശാസ്ത്രവും അതിഭൗതികയുടെ രാഷ്ട്രീയ-സാമ്പത്തിക ക്രമത്തേയും ദൈവശാസ്ത്രത്തേയുമാണ് വാസ്തവത്തില്‍ പൊളിച്ചെഴുതിയത്.

ഭൗതികതയുടെ ജൈവാധികാരം ബഹിഷ്‌കൃത സമൂഹങ്ങളുടെ അതിജീവന പോരാട്ടങ്ങളെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. പരമാധികാരത്തിനെതിരെയുള്ള ബദല്‍സമരങ്ങള്‍ എന്നതിനു പകരം പ്രസ്തുത ഭരണീയതയെ അതിന്റെ ഉള്ളില്‍നിന്നും അഴിച്ചുപണിയുന്ന അന്തച്ഛിദ്രത്തിന്റെ വിള്ളലുകള്‍ എന്ന നിലയ്ക്ക് നമുക്കവയെ നിര്‍വചിക്കാനാവുന്നു എന്നതാണ് സവിശേഷത. Politics of Governed എന്നാണ് പാര്‍ത്ഥ ചാറ്റര്‍ജി ഇതിനെ വിളിക്കുക.

Roger Viollet Collection

പരമാധികാര രഹിതമായ രാഷ്ട്രീയ ദൈവശാസ്ത്രം

ക്രൈസ്തവ ദൈവശാസ്ത്രം ഉത്ഭവം തൊട്ടുതന്നെ അതിഭൗതികതയുടെ രാഷ്ട്രീയ-പ്രത്യയ ശാസ്ത്രമായിരുന്നു. ഭൗതികതയെ/പദാര്‍ത്ഥ ലോകത്തെ ദൈവത്തിന്റെ സമഗ്ര രക്ഷാപദ്ധതിയുടെ ബഹിഷ്‌കൃത ഇടം (state of Exception) എന്ന നിലയിലാണ് അത് നിര്‍വചിച്ചത്. ദൈവത്തിന്റെ പരമാധികാരത്തെ നിലനിര്‍ത്തുക എന്നത് തന്നെയാണ് ഈ അപരത്വ നിര്‍മിതിയുടെ അടിസ്ഥാനം. അതിഭൗതികതയുടെ നിര്‍വചനാടിസ്ഥാനത്തില്‍ ഭൗതികതയുടെ കര്‍തൃത്വം നിഷേധിക്കപ്പെട്ടപ്പോള്‍ ഭിന്നസ്വരമായിത്തന്നെയാണ് ബാറൂക്ക് സ്പിനോസയുടേയും ഫ്രെഡറിക് നീസ്‌ചെയുടേയും കാള്‍ മാര്‍ക്സിന്റേയും ഫോയര്‍ബാക്കിന്റേയും ഭൗതികവാദം രൂപപ്പെട്ടത്.

പ്രസ്തുത ഭൗതികവാദധാര ദൈവശാസ്ത്രത്തില്‍ പ്രതിഫലിപ്പിക്കപ്പെട്ടത് 1960-കളില്‍ രൂപംകൊണ്ട ദൈവമരണ (Death of God) ദൈവശാസ്ത്രങ്ങളിലൂടെയാണ്. നീസ്‌ചെയുടെ പരമാധികാരിയായ ദൈവത്തിന്റെ മരണസിദ്ധാന്തവും മാര്‍ട്ടിന്‍ ഹൈഡഗറുടെ പോസ്റ്റ് മെറ്റാഫിസിക്കല്‍ തത്ത്വചിന്തയും ഏറെ സ്വാധീനിച്ച ദൈവശാസ്ത്രജ്ഞന്മാരാണ് ദൈവ-മരണ ദൈവശാസ്ത്രം മുന്നോട്ടുവച്ചത്. പരമാധികാരിയായ ദൈവം മരിച്ചുകഴിഞ്ഞപ്പോള്‍ പിന്നെ ഉണ്ടാകുന്നത്/ഉണ്ടാകേണ്ടത് ചരിത്രത്തിന്റെ വിധി നിര്‍ണയിക്കാനായി സ്വയം തയ്യാറെടുക്കുന്ന രാഷ്ട്രീയ കര്‍തൃത്ത്വമുള്ള മനുഷ്യരെയാണ് എന്ന് ഗബ്രിയേല്‍ വഹാനിയന്‍, പോള്‍ വാന്‍ ബുരാന്‍, വില്യം ഹാമില്‍ട്ടണ്‍, ജോണ്‍ റോബിന്‍സണ്‍ തോമസ് ജെ.ജെ. അല്‍ടൈസര്‍ എന്നിവര്‍ പറഞ്ഞുവച്ചു.

ദൈവത്തിന്റെ മരണം അഥവാ പരമാധികാരത്തിന്റെ മരണം എന്ന വിപ്ലവകരമായ ചിന്ത, മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നവീനങ്ങളായ ആശയങ്ങളാണത് സൃഷ്ടിച്ചെടുത്തത്. മാര്‍ട്ടിന്‍ ഹെയ്ഡ്ജറാകട്ടെ, അതിഭൗതികതയില്‍നിന്നും വേറിട്ട് ചിന്തിക്കാന്‍ സാധിക്കുന്ന മനുഷ്യാസ്തിത്വത്തെക്കുറിച്ചാണ് സംസാരിച്ചത്. ഇതെല്ലാം തന്നെ ദൈവമരണ ദൈവശാസ്ത്രജ്ഞന്മാരെ സ്വാധീനിച്ചുവെന്നുവേണം കരുതാന്‍. സാന്നിധ്യത്തെക്കുറിച്ചും അസാന്നിധ്യത്തെക്കുറിച്ചുമുള്ള ഷാക് ദരിദയുടെ സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ ദൈവത്തിന്റെ അസാന്നിധ്യത്തെ പരമാധികാര രഹിതമായ മനുഷ്യാവസ്ഥയുടെ പ്രതിഫലനമായി അവര്‍ കണ്ടു. എല്ലായ്പോഴും ദൈവത്തെ പഴിചാരി സ്വന്തം ഉത്തരവാദിത്വങ്ങള്‍ ചെയ്യാതിരിക്കുന്ന മനുഷ്യന് ഇതൊരു പുത്തനുണര്‍വായി മാറി.

എന്നാല്‍, രണ്ടാം ലോകമഹായുദ്ധത്തിന്റെ ദുരന്തഭൂമികയില്‍നിന്ന് രാഷ്ട്രീയ ദൈവശാസ്ത്രം രൂപീകരിച്ച യുര്‍ഗന്‍ മോള്‍റ്റ്മാനും ജൊഹാന്‍ ബാപ്റ്റിസ്റ്റ് മെറ്റ്സും ദൈവത്തിന്റെ പരമാധികാരത്തെ തള്ളിക്കളയാതെ അത് ദുര്‍ബലരോട് സഹാനുഭൂതിയുള്ള സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും അടയാളം എന്ന നിലയ്ക്ക് കാണാന്‍ ശ്രമിച്ചു. അത് ലിബറേഷന്‍ തിയോളജിക്ക് ഐക്യദാര്‍ഢ്യത്തിന്റെ പ്രത്യയശാസ്ത്രം എന്ന ലേബല്‍ നല്‍കി. മറുലോകത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലും പരമാധികാരത്തിന്റെ ആഘോഷമായ ലിറ്റര്‍ജികളിലും അഭിരമിച്ചിരുന്ന പാശ്ചാത്യ ക്രൈസ്തവസഭയ്ക്ക് സമൂഹോന്മുഖവും ദരിദ്രോന്മുഖവുമായ ദൈവശാസ്ത്രത്തിലേക്ക് പരിവര്‍ത്തിക്കാനുള്ള ആഹ്വാനമാണ് ലിബറേഷന്‍ തിയോളജി ചെയ്തതെങ്കിലും ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ അടിസ്ഥാന അതിഭൗതിക ശിലകളെ അഴിച്ചുപണിയാന്‍ അതിന് സാധിച്ചില്ല എന്നുള്ളത് പ്രധാന പരിമിതിയായി ഇന്നും അവശേഷിക്കുന്നു.

മാര്‍ക്സിസത്തെ അടിസ്ഥാന പ്രമാണമായി കണ്ട വിമോചന ദൈവശാസ്ത്രം (Liberation Theology) പക്ഷേ, മാര്‍ക്സിന്റെ മതവിമര്‍ശനം (ക്രിസ്തുമത വിമര്‍ശനം) പോലും ശരിക്ക് മനസ്സിലാക്കാന്‍ കഴിയാതെപോയെന്നും അതുകൊണ്ടുതന്നെ യാഥാസ്ഥിതിക ദൈവശാസ്ത്രമായി മാത്രം അത് കാലാന്തരത്തില്‍ പരിണമിച്ചുവെന്നും അലിസ്റ്റര്‍ കീ വിമര്‍ശിക്കുന്നു. ക്രൈസ്തവ ചിന്താപദ്ധതികള്‍ക്കപ്പുറത്തോ സഭാവിജ്ഞാനീയത്തിനപ്പുറത്തേക്കോ പോകാന്‍ കഴിയാതെ ഒരു പുരോഗമന പ്രതീതി സൃഷ്ടിച്ച രാഷ്ട്രീയ ദൈവശാസ്ത്രം മാത്രമായിരുന്നു ലിബറേഷന്‍ തിയോളജിയെന്ന് വിലയിരുത്തേണ്ടിവരുന്നു.

വിമോചന ദൈവശാസ്ത്രം പറയുന്ന ദൈവത്തിന്റെ പരമാധികാര ത്യാഗം വീണ്ടും പരിവര്‍ത്തന പ്രക്രിയയുടെ താക്കോല്‍ ദൈവത്തിന്റെ കയ്യില്‍തന്നെ ഭദ്രമായി വയ്ക്കുന്നുവെന്നതും ബഹിഷ്‌കൃതരുടെ രാഷ്ട്രീയ അധികാരം അഡ്രസ് ചെയ്യാതിരിക്കുന്നതും ലിബറേഷന്‍ തിയോളജിയെ വിമര്‍ശനത്തിനു വിധേയമാക്കുന്നതിനു കാരണമാകുന്നു. ഇവിടെയാണ് സമകാലിക റാഡിക്കല്‍ ദൈവശാസ്ത്രത്തിന്റെ പ്രസക്തിയും പ്രതീക്ഷയും.

ഇവിടെ, ഈ കാലത്തുതന്നെയുണ്ടായ ഒരു ഉത്തരാധുനിക രാഷ്ട്രീയ ദൈവശാസ്ത്രത്തെക്കുറിച്ചുകൂടി പ്രതിപാദിക്കേണ്ടതുണ്ട്. റാഡിക്കല്‍ ഓര്‍ത്തോഡോക്സി എന്നാണതിന്റെ നാമം. 1990-കളില്‍ ബ്രിട്ടീഷ് കേംബ്രിഡ്ജ് സര്‍വകലാശാലയുമായുള്ള ബന്ധത്തില്‍ രൂപീകൃതമായ ഒരു ദൈവശാസ്ത്ര പ്രസ്ഥാനമാണിത്. ജോണ്‍ മില്‍ബാങ്കും റൊവാന്‍ വില്യംസും ഒക്കെ നേതൃത്വം കൊടുത്ത ഈ പ്രസ്ഥാനം രാഷ്ട്രീയമായും ദൈവശാസ്ത്രപരമായും ദൈവത്തിന്റെ പരമാധികാര ഭരണക്രമത്തിലേക്ക് മടങ്ങിപ്പോകണമെന്നും ഭരണകൂടത്തിന്മേല്‍ സഭ ആധിപത്യം സ്ഥാപിച്ചിരുന്ന ക്രൈസ്തവാധിപത്യത്തിലേക്കു മടങ്ങിപ്പോകണമെന്നും രാഷ്ട്രീയമല്ല, ലിറ്റര്‍ജിയാണ് ആവശ്യമെന്നും അവര്‍ വാദിച്ചു.

ലോകം ദൈവത്തിന്റെ ഭരണീയതയ്ക്ക് കീഴിലാണെന്നും (ക്രൈസ്തവ) സഭയാണ് സമൂഹത്തെ നയിക്കേണ്ടതെന്നും റാഡിക്കല്‍ ഓര്‍ത്തോഡോക്സി ദൈവശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ലിബറേഷന്‍ തിയോളജിയെ അവര്‍ ശക്തമായി വിമര്‍ശിക്കുന്നു. അതീന്ദ്ര യാഥാര്‍ത്ഥ്യമായ ദൈവത്തെ ലിബറേഷന്‍ തിയോളജി സാമൂഹ്യവല്‍കരിക്കുന്നുവെന്നും ദൈവത്തിന്റെ സമഗ്ര രക്ഷാപദ്ധതിയെ സാമൂഹ്യശാസ്ത്രമായി ചുരുക്കിക്കാണുന്നുവെന്നും അവര്‍ വാദിക്കുന്നു. പരമാധികാര രാഷ്ട്രീയ ഭരണക്രമത്തെ പിന്താങ്ങുന്ന വലതുപക്ഷ ചിന്താപദ്ധതിയായിട്ടു മാത്രമേ നമുക്കിതിനെ കാണാനാവൂ. എന്നാല്‍, ആശ്ചര്യമെന്ന് പറയട്ടെ, കേരളത്തിലെ സവര്‍ണ ക്രൈസ്തവ സമൂഹങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തുന്ന ആധുനികാനന്തര രാഷ്ട്രീയ ദൈവശാസ്ത്ര പദ്ധതിയാണിത്.

ലിബറേഷന്‍ തിയോളജിയുടെ അപര്യാപ്തതയും റാഡിക്കല്‍ ഓര്‍ത്തഡോക്സിയുടെ ആധിപത്യ സ്വഭാവവും അതേസമയം തന്നെ ദൈവമരണ ദൈവശാസ്ത്രത്തിന്റെ നിര്‍വികാരതയും കണക്കിലെടുത്തുകൊണ്ട് സമകാലിക രാഷ്ട്രീയ ചിന്താപദ്ധതികളുടെ പിന്‍ബലത്തില്‍ രൂപമെടുക്കുന്ന റാഡിക്കല്‍ രാഷ്ട്രീയ ദൈവശാസ്ത്രം പരമാധികാര രഹിതമായൊരു രാഷ്ട്രീയവും ദൈവശാസ്ത്രവും മുന്നോട്ടുവയ്ക്കുന്നു. ഹാര്‍ട്ടും നെഗ്രിയും മാത്രമല്ല, ജോര്‍ജിയോ അഗംബനും കാതറിന്‍ മലബുവും അലൈന്‍ ബാഡിയോയും ഗില്‍ ഡെല്യൂസും എല്ലാം ഈ നിരയിലുണ്ട്. പരമാധികാരത്തിന്റെ ഉണ്‍മാശാസ്ത്രത്തെ നിഷേധിച്ച് പരിക്രമണത്തിന്റെ ഭൗതിക ഉണ്‍മയെക്കുറിച്ച് അവര്‍ സംസാരിക്കുമ്പോള്‍ ചരിത്രബാഹ്യമായ രക്ഷാപദ്ധതിക്കായോ യുഗാന്ത്യ പ്രത്യാശയായ വര്‍ഗസമരത്തിനോ വേണ്ടി കാത്തുനില്‍ക്കാതെ പരമാധികാരത്തിന്റെ എല്ലാ രൂപങ്ങളേയും അതിനുള്ളില്‍നിന്നും നിരന്തരം അസ്ഥിരമാക്കുന്ന ഒരു ജൈവാധികാരത്തെക്കുറിച്ചാണ് അവര്‍ പറയുന്നത്. ഇത് തികച്ചും ഭൗതികവും ചരിത്രപരവും അതുകൊണ്ടുതന്നെ രാഷ്ട്രീയപരവുമാണ്.

ഈ ബദല്‍ രാഷ്ട്രീയ പ്രക്രിയ, നിരന്തരം തുടരുന്ന ചെറുത്തുനില്‍പുകളെ 'വരാനിരിക്കുന്ന ജനാധിപത്യത്തിന്റെ' (ഷാക് ദരിദ) സമകാലിക അനുഭവമായി കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഈ ജൈവാധികാരം മനുഷ്യന്റെ ദൈനംദിന ജീവിതാനുഭവങ്ങളില്‍ നിരന്തരം അനുഭവവേദ്യമാകുന്ന സ്നേഹത്തിന്റേയും കരുതലിന്റേയും കരുണയുടേയും ത്യാഗത്തിന്റേയും അധികാരമാണ്. ഇത് കേവലം ഭരണകൂടത്തിന്റെ അധികാരമല്ല; ദൈനംദിന ജീവിതാനുഭവങ്ങളില്‍ മനുഷ്യര്‍ നിരന്തരം അനുഭവിക്കുന്ന ദൈവീകതയാണ്; മാനുഷികതയാണ്; ഭൗതികതയാണ്. നവ മുതലാളിത്തത്തിന്റെ ശീലങ്ങളേയും ശിക്ഷണങ്ങളേയും നിരന്തരം പ്രതിരോധിച്ചു പോകാനുള്ള ശക്തി (energy) ആണിത്. ഇവിടെ രാഷ്ട്രീയവും ദൈവശാസ്ത്രവും അനുഭവപരതയുടെ പ്രയോഗശാസ്ത്രമായി മാറുന്നു.

നവ ഭൗതികതയുടെ ഈ രാഷ്ട്രീയവും ദൈവശാസ്ത്രവും ദൈവനിഷേധത്തിന്റേതല്ല; മറിച്ച് അമ്മയുടെ ഗര്‍ഭപാത്രംപോലെ ദൈവീകതയെ ഉള്ളില്‍ ഒരു ബദല്‍ശക്തിയായി (energy) ആവാഹിക്കുകയാണ്. ഭൂമിയും അതിന്റെ വിഭവങ്ങളും നിരന്തര ഇടപെടലുകളിലൂടെ പുനരുജീവിപ്പിക്കുകയും എല്ലാ ജീവജാലങ്ങളേയും ജീവനില്ലാത്തവയേയും ജീവല്‍ബന്ധത്തില്‍ കണ്ണിചേര്‍ത്തുകൊണ്ട് പരിവര്‍ത്തനത്തിലേക്ക് ആനയിക്കുകയാണ്. ഇത് നിശ്ചല ഭൗതികതയല്ല, നിരന്തരം പരസ്പരാശ്രയത്വത്തിന്റെ ഉണ്‍മ കണ്ടെത്തുന്ന ഒരു ജൈവ-രാഷ്ട്രീയ പ്രക്രിയയാണ്. അതുകൊണ്ടുതന്നെ ഇത് ഒരു ഭൗമരാഷ്ട്രീയ നിലപാടാണ്.

സ്ലാവോജ് ഷിഷേക് ഓര്‍മപ്പെടുത്തുംപോലെ കുരിശിലെ ദൈവത്തിന്റെ മരണമാണ് സഭയുടെ ഉത്ഭവത്തിനു കാരണമായതെങ്കില്‍ ഒരുപക്ഷേ, പരമാധികാര രഹിതമായ ജീവിതം വരാനിരിക്കുന്ന മിശിഹാസമൂഹമായി സഭയെ പരിവര്‍ത്തിക്കാന്‍ സഹായിക്കും. സഭയുടെ തിരുവത്താഴം ഉള്‍പ്പെടെയുള്ള സാക്രമെന്റുകള്‍ ആധിപത്യക്രമത്തിന്റെ ആരാധനക്രമം എന്നതിന് ഉപരി ദുര്‍ബലരുടെ ചെറുത്തുനില്‍പിനെ ദ്യോതിപ്പിക്കുന്ന നീതിയുടെ പ്രയോഗങ്ങളായി മാറാനുള്ള സാധ്യതയാണ് ഇവിടെയുള്ളത്. പരമാധികാര ക്രമങ്ങളേയും അതിനെ നിലനിര്‍ത്തുന്ന ലിറ്റര്‍ജികളേയും ഉള്ളില്‍നിന്നും നിരാകരിക്കുന്ന ഒരു മിശിഹാസമൂഹമായി മാറാനുള്ള വെല്ലുവിളിയാണ് പ്രസ്തുത റാഡിക്കല്‍ രാഷ്ട്രീയ ദൈവശാസ്ത്രം സഭയ്ക്കു മുന്നില്‍ വയ്ക്കുന്നത്. പക്ഷേ, എന്നും പരമാധികാരത്തിന്റെ പക്ഷത്തു നിലനില്‍ക്കുകയും മേന്‍പൊടിക്ക് ദരിദ്രര്‍ക്കുവേണ്ടി വാദിക്കുകയും ചെയ്യുന്ന സമകാലിക ക്രൈസ്തവസഭ യാതൊരു പ്രതീക്ഷകളും അവശേഷിപ്പിക്കുന്നില്ലെന്ന് തോന്നുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com