'യതിചരിതം' എന്ന ആത്മകഥയുടെ ആദ്യഭാഗം പുനര്‍വായിക്കുമ്പോള്‍

യതി തന്റെ പഠനമുറിയില്‍
യതി തന്റെ പഠനമുറിയില്‍ Dethan Punalur
Updated on
6 min read

രുവന്‍ മറ്റൊരുവനെ ചൂണ്ടിക്കാണിച്ച് പരിഹാസം ഊറിനില്‍ക്കുന്ന ചിരിയോ ദൈന്യതയുളവാക്കുന്ന അനുകമ്പയോ കാണിക്കുന്നതിലും നല്ലതാണ് തന്നെത്തന്നെ ഒരു നിമിത്തമാക്കിക്കൊണ്ട്, മനുഷ്യജീവിതം അവനറിയാതെ തന്നെ എത്രയോ പ്രാവശ്യം ഇടറി ഇരുളില്‍ വീണ്ടും പോകും എന്ന് മറ്റുള്ളവര്‍ക്ക് ദൃഷ്ടാന്തമാക്കിക്കൊടുക്കുന്നത്' നിത്യചൈതന്യയതി 'ആമുഖ'ത്തില്‍ മുകളില്‍ ഉദ്ധരിച്ച വരികളില്‍ യതിയുടെ ആത്മകഥയായ 'യതിചരിത'ത്തിന്റെ ഹൃദയമുണ്ട്. ഒരു പുസ്തകം ആത്മാവില്‍നിന്നും പറിച്ചെടുക്കാനാവാത്ത അനുഭൂതിയായി പരിണമിക്കുന്നു, അതിന്റെ വായന ജീവിതത്തിലുടനീളം നമ്മെ അനുധാവനം ചെയ്യുന്ന അത്യപൂര്‍വ്വമായ അനുഭവമാകുന്നു. ഹൃദയം

വെന്തുരുകുന്ന ഈ വായനാനുഭവം സൃഷ്ടിച്ച കൃതിയാണ് ഗ്രീക്ക് നോവലിസ്റ്റായ കസാന്‍ദ്‌സാക്കിസിന്റെ ദൈവത്തിന്റെ നിര്‍ധനന്‍. ഏതാണ്ട് ഇതിനു സമാനമായ ആത്മീയാനുഭൂതി സൃഷ്ടിച്ച ബൃഹത് ഗ്രന്ഥമാണ് ഗുരുവിന്റെ 'യതിചരിതം'. കേവലം ഒരു പുസ്തകമെന്നതിനുപരി നമുക്കിടയില്‍ അഗാധമായി വായിച്ചും മൂന്നൂറിലേറെ പുസ്തകങ്ങള്‍ എഴുതിയും ജീവിച്ച മനുഷ്യസ്‌നേഹിയായ ഒരു പരിവ്രാജകന്റെ ജീവന്റെ സ്പന്ദനങ്ങളാണ് ഇതിന്റെ താളുകളിലൂടെ കാലാതീതമാകുന്നത്. ഉന്നതമായ സര്‍ഗ്ഗാത്മക സൃഷ്ടികളുടെ ക്ലാസ്സിക് നിരയിലേക്ക് ഈ പുസ്തകത്തെ ഉയര്‍ത്തുന്നത് ഋഷിയും കവിയും സമന്വയിക്കുന്ന നിത്യചൈതന്യയതിയുടെ അസാധാരണ അനുഭവങ്ങളും കാലത്തെ പൊളിച്ചെഴുതുന്ന അനുപമലാവണ്യകലാപം സ്ഫുരിക്കുന്ന പ്രതിഭാശാലിത്വവുമാണ്.

ശൈശവവും ബാല്യവും, കൗമാരവും യൗവനവും, ഗുരുവും ശിഷ്യനും, പരിധിയില്ലാത്ത ലോകം, ഉണ്മയുടെ പൊരുള്‍, അനുബന്ധം എന്നിങ്ങനെ ആറു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന 921 പേജുകളുള്ള ഈ ബൃഹത്തായ ആത്മകഥ മനുഷ്യരാശിയെക്കുറിച്ചുള്ള, പ്രപഞ്ചസത്യങ്ങളെക്കുറിച്ചുള്ള, അന്തര്‍ദര്‍ശനങ്ങളുടെ മഹാസാഗരമാണ്; ഇതിലെ ഒരു കൈക്കുമ്പിള്‍ ജലം മാത്രമെടുത്ത് ഇരുള്‍മൂടിയ സമൂഹത്തിന് ആത്മീയവെളിച്ചം പകര്‍ന്ന, ജ്ഞാനത്താല്‍ നയിച്ച ആ മഹാപുരുഷന്റെ സ്മരണയ്ക്കു മുന്‍പില്‍ ഇവിടെ

പ്രണമിക്കുകയാണ്. 'ശൈശവവും ബാല്യവു'മെന്ന ഓര്‍മ്മകളും മനസ്സും മനശ്ശാസ്ത്രവും വേദാന്തവും തത്ത്വചിന്തയുമൊക്കെ കോര്‍ത്തിണക്കിയ ആദ്യഭാഗത്തിലെ സര്‍ഗ്ഗലാവണ്യമൂറുന്ന ചില വായനാനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണിവിടെ ചെയ്യുന്നത്. 'അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുമ്പോഴുള്ള ഓര്‍മ്മ മുതല്‍ പതിനൊന്ന് വയസ്സുവരെയുള്ള കഥകളാണ് ഇവിടെ പ്രതിപാദിക്കുന്നത്' ഗുരു നിത്യചൈതന്യയതിയുടെ അന്തേവാസിയും പ്രിയശിഷ്യനുമായിരുന്ന ഷൗക്കത്തിന്റെ 'സ്‌നേഹാദരങ്ങളോടെ' എന്ന ആമുഖത്തിലെ വരികളാണിവ. ഗുരു എഴുതിയ ഓരോ വാക്കിലും ജീവന്റെ സ്പന്ദനമുള്ളതുപോലെ പുസ്തകത്തിന്റെ നിര്‍മ്മാണവേളയില്‍ ഷൗക്കത്തിന് അനുഭവപ്പെട്ടു. മലയാള പഠനഗവേഷണകേന്ദ്രമാണ് ഇതിന്റെ പ്രസിദ്ധീകരണം നിര്‍വ്വഹിച്ചത്.

ബാലന്റേയും കുമാരന്റേയും യുവാവിന്റേയും മദ്ധ്യവയസ്‌കന്റേയും വൃദ്ധന്റേയും മനസ്സിനെ അപഗ്രഥിക്കുകയാണ് വാര്‍ദ്ധക്യത്തിലേക്കു കടന്ന യതി. ജലാലുദ്ദീന്‍ റൂമിയുടെ ഒരു കവിതയില്‍ ചിന്തോദ്ദീപകമായ ഒരു വരിയുണ്ട്: 'മാവിന്‍ കൊമ്പുകള്‍ മുളയ്ക്കുന്നതു മാങ്കനി ഉണ്ടാകുന്നതിനു വേണ്ടിയാണ്' എന്ന്. 'അതുപോലെ എനിക്കു തോന്നുന്നത്, കുഞ്ഞുങ്ങള്‍ ജനിക്കുന്നത് അവരില്‍നിന്നും വൃദ്ധന്മാരും വൃദ്ധകളും ഉണ്ടാകുന്നതിനു വേണ്ടിയാണെന്ന്' യതി നിരീക്ഷിക്കുന്നു. എവിടെ പോയാലും തന്നെ ആകര്‍ഷിക്കുന്നത് കുഞ്ഞുങ്ങളും വൃദ്ധന്മാരും വൃദ്ധകളുമാണെന്ന് അദ്ദേഹം പറയുന്നു. പ്രിയഗുരു (അദ്ദേഹവും നടരാജഗുരുവുമായുള്ള ആജീവനാന്ത ബന്ധത്തെക്കുറിച്ച് ഗുരുവും ശിഷ്യനും എന്ന അദ്ധ്യായത്തിലുണ്ട്), തന്റെ ബാല്യകാലത്തെ നിദര്‍ശനമാക്കിക്കൊണ്ട് മനസ്സിന്റെ ആവിര്‍ഭാവവും അതിനു ബാല്യകാലത്തുണ്ടാകുന്ന

വൈകല്യവും സൗഭാഗ്യവും എടുത്തുകാണിക്കുവാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് താന്‍ 'യതിചരിതം' എഴുതിയതെന്നും അതിനെ ആധാരമാക്കിയാണ് ഗ്രന്ഥം വിപുലീകരിച്ചതെന്നും നിത്യചൈതന്യയതി ആമുഖത്തില്‍ പറയുന്നുണ്ട്.

ഈ ആത്മകഥയുടെ ആരംഭത്തിലെ 'ജനനം' എന്ന അദ്ധ്യായത്തിന് വൈക്കം മുഹമ്മദ് ബഷീറിന്റെ രചനാശൈലിക്ക് സമാനമായ വിഭ്രമിപ്പിക്കുന്ന ഭ്രമാത്മക ലാവണ്യമുണ്ട്, മാജിക്കല്‍ റിയലിസത്തിന്റെ മാന്ത്രിക വശ്യതയുണ്ട്. മനശ്ശാസ്ത്രപരമായ ആഴങ്ങളിലൂടെ ദാര്‍ശനിക ഫലിതമൂറുന്ന അസാധാരണമായ സര്‍ഗ്ഗസഞ്ചാരമാണ് ഈ ഓര്‍മ്മ. കന്യാകുമാരിക്കടുത്തുള്ള ഒരു ഗ്രാമത്തില്‍ തമിഴ് സ്‌കൂളിന്റെ ഹെഡ്മാസ്റ്ററായെത്തിയ യതിയുടെ അച്ഛനും പ്രശസ്ത സാഹിത്യകാരനുമായ പന്തളം രാഘവപ്പണിക്കരും അമ്മ വാമാക്ഷിയമ്മയും (അവരുടെ വിവാഹം കഴിഞ്ഞിട്ട് അധികനാള്‍ ആയിട്ടില്ലായിരുന്നു) ഒരു പഴയ വീട്ടില്‍ താമസിക്കുന്നു. കോണിപ്പടികളും ഇടനാഴികളും കൊണ്ടു നിറഞ്ഞ നാല്‍പ്പതോളം മുറികളുള്ള ഭീമാകാരനായ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ ഒരു ചെറിയ മുറിയില്‍ താമസിക്കാനെത്തിയ അവരെ നാട്ടുകാര്‍ ജിന്നിന്റെ കഥ പറഞ്ഞു ഭയപ്പെടുത്തുന്നു. 'ഈ വീട്ടില്‍ ജിന്നിന്റെ ശല്യമുണ്ട്, ഉറങ്ങാന്‍ കിടന്നാല്‍ കട്ടിലില്‍നിന്നും എടുത്തു നിലത്തടിക്കും, രക്തം തുപ്പി മരിക്കും, ധൈര്യമായി അവിടെ കിടന്നുറങ്ങിയ ഒരാളെ റോഡിലേക്കെടുത്തെറിഞ്ഞു, അയാള്‍ രക്തം തുപ്പി മരിച്ചെന്നും' അവര്‍ ഭയപ്പെടുത്തി. പക്ഷേ, അതിലൊന്നും പതറാതെ ആ ദമ്പതിമാര്‍ ജിന്നിനെ വശത്താക്കി. 'ക്രമേണ പണിക്കരും ജിന്നുമായിട്ട് നല്ല ഇണക്കത്തിലായി. ഉറങ്ങാനുള്ള സമയമായാല്‍ ജിന്നിന്റെ വരവും കാത്ത് അവര്‍ കിടക്കും അവന്‍ വന്നു ചെവിയിലൂതി അവരെ ഉറക്കും. പ്രഭാതത്തില്‍ വെടി പൊട്ടിച്ച് ഉണര്‍ത്തും. അങ്ങനെ അവിടെ അവരുടെ ദിനരാത്രങ്ങള്‍ മുന്നോട്ടു നീങ്ങി.' മാന്ത്രിക സൗന്ദര്യമുള്ള ഭാഷയില്‍ തന്റെ മാതാപിതാക്കളുടെ ജീവിതകഥ അവതരിപ്പിക്കുന്ന യതി പക്ഷേ, പൊടുന്നനെ, എഴുത്തിന്റെ ഗതിയും നടയും മാറ്റി, ലളിതശൈലിയില്‍നിന്ന് കഠിനവും സങ്കീര്‍ണ്ണവുമായ ദാര്‍ശനിക ശൈലിയിലേക്ക് വ്യതിചലിക്കുന്നു. ദിഗന്തങ്ങളിലേക്കും കാലാന്തരങ്ങളിലേക്കും പടര്‍ന്നൊഴുകുന്ന ആകാശസീമകളെ ഉല്ലംഘിക്കുന്ന പ്രതിഭയുടെ പ്രൗഢാനുഭൂതിയാണിത്. 'പണിക്കരില്‍ പ്രവേശിച്ച ഞാനെന്ന ബീജം അദ്ദേഹത്തിന്റെ ക്രോമസോമുകളില്‍നിന്നും രസാസ്വാദനം, കാവ്യകല, പ്രസംഗചാതുരി, സത്യദീക്ഷ, ശിക്ഷണ വൈദഗ്ദ്ധ്യം, എന്നിങ്ങനെ 23 കോപ്പുകള്‍ തിരഞ്ഞെടുത്തു. വാമാക്ഷിയമ്മയില്‍ ഒരു അണ്ഡമായിത്തീര്‍ന്ന ഞാന്‍ അമ്മയില്‍നിന്നും സ്ഥിരോത്സാഹം, ആസ്തിക്യബുദ്ധി എന്നിങ്ങനെ വേറെ 23 കോപ്പുകളും കണ്ടെത്തി. ഇതെല്ലാം ചേര്‍ന്നിണങ്ങിയപ്പോള്‍ ഞാന്‍ താമസം പൂര്‍ണ്ണമായും അച്ഛനില്‍നിന്നും അമ്മയിലേക്കു മാറ്റി. 1924 നവംബര്‍ രണ്ടാം തീയതി ആയില്യം നക്ഷത്രത്തില്‍ അമ്മയിലെ സുഖനിദ്രയില്‍നിന്നുമുണര്‍ന്ന് ഞാന്‍ പുറത്തുവന്നു. ഭൂജാതനായി എന്നു സാരം' ഇതിലെ ഏതെങ്കിലും ഒരു വാക്ക് വിട്ടുപോയാല്‍ അനുപമസുന്ദരമായ ഗദ്യശൈലിയുടെ അനുസ്യൂതിക്ക് ഭംഗം നേരിടുമെന്നതിനാല്‍ അതേപടി ചേര്‍ത്തിരിക്കുന്നു.

'ഓര്‍മ്മയുടെ ഒന്നാമത്തെ കണ്ണി' മാജിക്കല്‍ റിയലിസത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. ഗുപ്തമായ അര്‍ത്ഥവ്യാപ്തിയും മൂല്യസംബന്ധവും പ്രതീകാത്മക സ്വരൂപവുമുള്ള ഓര്‍മ്മകളെ യുങ്ങ് വിവരിച്ചിട്ടുള്ളതിന്റെ അടിസ്ഥാനമാക്കിയ സ്മൃതിധാരയാണിത്. ജനനത്തിന് രണ്ടു മാസം മുന്‍പു തന്നെ തന്റെ ഓര്‍മ്മ തുടങ്ങി എന്ന യതിയുടെ സൂചനയില്‍ പ്രതിഭയും സ്വപ്നവും ഒത്തുചേരുന്ന ക്രാന്തദര്‍ശിത്വമുണ്ട്. വായനക്കാര്‍ ഇതു വിശ്വസിക്കുകയില്ലെന്നും തന്നെ സംബന്ധിക്കുന്ന ഒട്ടേറെ കാര്യങ്ങളില്‍ അവിശ്വസനീയമായ അസാധാരണത്വം വന്നുകൂടുകയാല്‍ അടുത്ത സ്‌നേഹിതന്മാരോടുപോലും സ്വന്തം കഥ പറയാന്‍ തനിക്ക് ആശങ്കയുണ്ടെന്നും എന്നാല്‍ കാര്യങ്ങള്‍ തുറന്നുപറയാതിരിക്കാന്‍ ആവില്ല എന്നും അദ്ദേഹം വിശദമാക്കുന്നു. ഈ അസാധാരണത്വവും, ദിശാവ്യതിയാനവും സര്‍ഗ്ഗാത്മക സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണവും ഗുരുവിന്റെ രചനകളെ സര്‍ഗ്ഗവിസ്മയമാക്കുന്നു. ശൈശവകാലസ്മൃതി മാജിക്കല്‍ റിയലിസത്തിന്റെ മാന്ത്രികതലത്തിലേക്കു പടര്‍ന്നുകയറുന്നത് സ്വപ്നാത്മകമായാണ്.

യതിയും അനുയായികളും
യതിയും അനുയായികളുംDethan Punalur

ഓര്‍മ്മകളുടെ ഒഴുക്ക്

'ഗര്‍ഭിണിയായ അമ്മ ഒരിക്കല്‍ പച്ചവിരിച്ച നെല്‍വയലുകളില്‍ ഒന്നുലാത്താന്‍ പോയി. മടങ്ങിവരുമ്പോള്‍ ഒരു തോടിനു കുറുകേ ഇട്ടിരുന്ന ചതുക്കിയ ഒറ്റത്തടിപ്പാലം കടക്കാനുണ്ടായിരുന്നു. അതില്‍

കാലുവെച്ചു മെല്ലെ നീങ്ങുമ്പോള്‍ ഞാന്‍ അകത്തു കിടന്നു വല്ല കുസൃതിയും കാട്ടിയോ? പാലം വിറച്ചിളകി, അതൊടിഞ്ഞോ? ഏതായാലും അമ്മ തോട്ടില്‍ വീണു ഒപ്പം ഞാനും.' ഈ സംഭവമെല്ലാം കണ്ടതുപോലെ യതി വിവരിക്കുന്നതാണ് ഇതിലെ കവിത്വം. തന്റെ ഓര്‍മ്മയുടെ ഒന്നാമത്തെ കണ്ണി അമ്മയുടെ വീഴ്ചയാണ്. എല്ലാവരും ജീവിതത്തില്‍ നിസ്സന്ദേഹം സ്വീകരിച്ചുപോരുന്ന വഴിവിട്ടു നടക്കുവാനിടയാക്കിയത് ആ വീഴ്ച ആയിരിക്കുമോ? യതി അരവിന്ദസൂക്തമുദ്ധരിച്ചുകൊണ്ട് ചോദിക്കുന്ന ചോദ്യത്തില്‍ അസാധാരണ പ്രതിഭയുടെ ആവിര്‍ഭാവത്തിന്റെ ധ്വനിസൗന്ദര്യമുണ്ട്. മസ്തിഷ്‌കത്തില്‍ ഒരിക്കലുണ്ടാകുന്ന അനുഭവം എത്ര തന്നെ വലുതായാലും നിസ്സാരമായാലും ഒരിക്കലും മാഞ്ഞുപോകുന്നില്ല. സ്വയം നിയന്ത്രിക്കപ്പെടുന്ന ഒരു സര്‍ഗ്ഗശക്തി വിസ്മൃതമായിപ്പോകുന്ന ഓര്‍മ്മകളെ ഒരു ഫോട്ടോഗ്രാഫിയിലെന്നപോലെ അത്രയും സത്യസന്ധവും സ്ഫുടവുമായി പുനരാവര്‍ത്തിക്കപ്പെടുന്നുവെന്ന് ഇവിടെ നിരീക്ഷിക്കുന്നു.

മൂന്ന് വയസ്സുള്ളപ്പോള്‍ അമ്മ കുളത്തില്‍ കൊണ്ടുപോയി കുളിപ്പിക്കുന്നതും അവിടെ കണ്ണീരുപോലെ തെളിവുള്ള വെള്ളം കുളത്തിന്റെ അടിത്തട്ടു നല്ല വെണ്‍മയോടുകൂടി തെളിഞ്ഞു നില്‍ക്കുന്നതും ചെറിയ മാക്രികള്‍ കുളത്തില്‍ നീന്തിക്കളിക്കുന്നതും കുളത്തില്‍നിന്നും വെള്ളം നിലത്തേക്ക് ഒഴുകിപ്പോകുന്നതുമെല്ലാം ഒരു ചിത്രത്തിലെന്നതുപോലെ കഥാനായകന്‍ ഓര്‍ക്കുന്നു. 'അസൂയയ്ക്ക് ഒരു ന്യായീകരണം' എന്ന ശീര്‍ഷകത്തിനു മൂന്നാമത്തെ വയസ്സില്‍ താനൊരു യുവാവായിക്കഴിഞ്ഞു എന്ന് സ്‌ഫോടനാത്മകമായി വെളിപ്പെടുത്തുന്നു. 'മൂന്നാമത്തെ വയസ്സില്‍ ഒരു വലിയ അസൂയാലുവും നാലാമത്തെ വയസ്സില്‍ ഒരു ലൈംഗിക ഗവേഷണ വിശാരദനും അഞ്ചാമത്തെ വയസ്സില്‍ തീവ്രമായ അനുരാഗവായ്പുള്ള ഒരു കാമുകനുമായിത്തീര്‍ന്നു.' തന്റെ അനുജനെ അവന്‍ ജനിച്ച ദിവസം മുതല്‍ താന്‍ ഹൃദയപൂര്‍വ്വം സ്‌നേഹിച്ചു. എന്നാല്‍, അനുജനായതുകൊണ്ടുതന്നെ അവനെ ഞാന്‍ വെറുക്കുകയും ചെയ്യുന്നു എന്നു പറയുന്നതില്‍ ബാലമനസ്സിലെ മനശ്ശാസ്ത്രപരമായ വൈകല്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു. ആദിമനുഷ്യപുത്രന്മാരുടെ കാലം മുതലുള്ള സഹോദരബന്ധത്തിന്റെ, നിഴലും വെളിച്ചവും കറുപ്പും വെളുപ്പും ഇതിലുണ്ട്. വെറുക്കുമ്പോള്‍ തന്നെ അഗാധമായി സ്‌നേഹിക്കുന്നു എന്നുള്ളതാണ് ഈ വെറുപ്പിനുള്ളിലെ വൈരുദ്ധ്യം. ആദ്യമായി ബസ് കാണുമ്പോള്‍ ഏതോ ഭീകരജീവിയെ കണ്ടതുപോലെ പേടിച്ചു കരഞ്ഞ മൂന്നു വയസ്സുകാരന്‍, ഒരു വലിയ കളിപ്പാട്ടം കിട്ടിയ ഉത്സാഹത്തോടെ അനുജന്‍ ബസിനെ നോക്കി ചിരിക്കുന്നത് എങ്ങനെ സഹിക്കും?

മൂന്നു വയസ്സുള്ള ഒരു കുട്ടിക്ക് ഒരു പെണ്‍കുട്ടിയുടെ മുടിയില്‍ അഴകു കണ്ടെത്തുവാന്‍ കഴിയുമെന്ന് മനശ്ശാസ്ത്രപരമായി യതി കണ്ടെത്തുന്നു. ശരീരം എത്ര ചെറുതായിരുന്നാലും അതിലെ ജീവതന്ത്രപരമായ പ്രവര്‍ത്തനത്തിന് പല വികാസങ്ങളും ഉണ്ടാകേണ്ടിയിരുന്നാലും ത്രസിക്കുന്ന ആത്മാവ് എപ്പോഴും പൂര്‍ണ്ണമാണ്. വേണിയുമായുള്ള അടുപ്പത്തെ പ്രതിപാദിക്കുമ്പോള്‍ ബാല്യകാലത്തുള്ള ഈ സൂക്ഷ്മമായ പ്രാതിലൈംഗികരതിയെ മുതിര്‍ന്നവരുടെ മാംസനിബദ്ധമായ കാമത്വരയോട് സാദൃശ്യപ്പെടുത്തരുത് എന്ന് യതി സൂചിപ്പിക്കുന്നു. നൈസര്‍ഗികമായ രതിവിലാസമാണിത്.

'അനുഗ്രഹീതമായിത്തീര്‍ന്ന ശാപം' എന്ന ശീര്‍ഷകത്തില്‍ തന്റെ കുട്ടിക്കാലത്ത് ഭീതിയുടെ ഇരുള്‍ പരത്തിയ ചില കഥാപാത്രങ്ങളെ രതി അവതരിപ്പിക്കുന്നു. പ്രതാപത്തിന്റെ ഉച്ചകോടിയിലുള്ള തറവാടു കുടുംബത്തിലെത്തിയപ്പോള്‍ തന്റെ പ്രായത്തില്‍ അവിടെ വേറെയും കുട്ടികളുണ്ടായിരുന്നു. അമ്മയെന്നു വിളിക്കേണ്ടുന്ന വേറെ സ്ത്രീകളും. അമ്മയും മകനുമൊക്കെ അവിടെ അസ്തിത്വമില്ലാത്ത ഗതികേടാണ്. അതിലൊക്കെ ഭീതിദായകമായ ദൃശ്യം വീടിന്റെ കോലായില്‍ ഉഗ്രനായ ഒരു വലിയ മനുഷ്യന്റെ ഇരിപ്പാണ്. 21 വയസ്സുള്ള സ്വന്തം അമ്മയും 22, 26, 28, 30, 34, 40 എന്നീ വയസ്സുള്ള ആറമ്മമാരും ആ വലിയ മനുഷ്യന്റെ അടിമകളെപ്പോലെ പെരുമാറുന്നു. പഴയ ഫ്യൂഡല്‍ തറവാട്ടിലെ ഏകാധിപത്യത്തിന്റെ ഭയാനക ദൃശ്യമാണത്. ഉഗ്രനായ മനുഷ്യന്‍ അമ്മമാരുടെ അച്ഛനാണെന്നും വല്യച്ഛനെന്നു വിളിക്കണമെന്നും കുട്ടി മനസ്സിലാക്കുന്നു. നിഷേധിയായി അവന്‍ ഒരു ദിവസം പാത്രത്തില്‍ നിറച്ചുവെച്ചിരുന്ന അപ്പമെല്ലാം ഉഗ്രമനുഷ്യന്റെ കണ്‍മുമ്പില്‍ വെച്ചുതന്നെ ഒന്നൊന്നായി മുറ്റത്തേക്കു വലിച്ചെറിഞ്ഞു. തന്റെ നേര്‍ക്ക് തീപാറുന്ന കണ്ണുകളോടെ അടിക്കാന്‍ ഓങ്ങിയ കൈ നിശ്ചരമായ കരങ്ങളോടെ, വല്യച്ഛന്‍ കുട്ടിയെ ശപിക്കുന്നു: 'ഒരിക്കല്‍ തിന്നാനൊന്നും കിട്ടാതെ നീ വഴിനീളെ നടക്കേണ്ടിവരും അന്നു നീ ഇതറിയും.' ശാപം എന്ന വാക്കിന്റെ അര്‍ത്ഥം അന്നറിയില്ലായിരുന്നു. പില്‍ക്കാലത്ത് പുരാണങ്ങളിലെ പല ശാപങ്ങളേയും പറ്റി പഠിച്ചപ്പോള്‍ അതിന്റെ കേന്ദ്രബിന്ദുവായി നിന്നിരുന്ന ശാപവിവക്ഷ, 'അപ്പൂപ്പന്റെ ശാപം, അത് അനുഗ്രഹമായിത്തീര്‍ന്ന ശാപമായിരുന്നു.'

മനശ്ശാസ്ത്ര അപഗ്രഥനങ്ങള്‍

സ്വന്തം ബാല്യത്തിന്റെ ഓര്‍മ്മകളുടെ സഞ്ചാരത്തിലൂടെ യതി, ബാലമനസ്സുകളെ അവയുടെ അപകര്‍ഷതകളെ; വൈകല്യങ്ങളെ, പതര്‍ച്ചകളെ മനശ്ശാസ്ത്രപരമായി അപഗ്രഥിക്കുന്നു. 'മനസ്സില്‍ അച്ഛന്‍ ജനിക്കുന്നു' എന്ന ഭാഗത്തിന്റെ തുടക്കത്തിലെ 'കുട്ടികളുടെ ലോകവും വലിയവരുടെ ലോകവും രണ്ടായിത്തന്നെ നില്‍ക്കുന്നു' എന്ന കാഴ്ചപ്പാട് ഇന്നും ഏറെ പ്രസക്തമാണ്. സ്വന്തം കുടുംബത്തില്‍ നടക്കുന്ന അസംബന്ധ ജീവിതനാടകം കണ്ട് അമ്പരന്നുനില്‍ക്കുന്ന കഥാപുരുഷന്റെ മനസ്സ് പ്രതീകാത്മകമായി ആവിഷ്‌കരിക്കുന്നതു നോക്കുക: 'അതുവരെ ഞാന്‍ പരിചയിച്ചുവെച്ചിരുന്ന ലോകവും പൊട്ടിയൊഴുകുന്ന ഒരു മുട്ടപോലെ തോന്നുന്നു.'

കുട്ടിക്കാലത്ത് ഒരു അന്യനെപ്പോലെ പരിചയപ്പെട്ട കുടുംബത്തിലെ പുതിയ അതിഥിയുടെ പേര് രാഘവന്‍ എന്നായിരുന്നു. രാഘവന്‍ യതിയുടെ അച്ഛനായിരുന്നു. ഏറെനാള്‍ ജോലിസ്ഥലത്തായിരുന്നു അച്ഛന്‍. അച്ഛനെന്നു പറഞ്ഞാല്‍ ആ വീട്ടിലെ കുട്ടികള്‍ക്ക് ഒരു അപരിചിത കഥാപാത്രമായിരുന്നു. അമ്മയെന്നു പറയുന്നത് ഒരു സാമൂഹ്യ വിവക്ഷയായിരുന്നെങ്കില്‍ അച്ഛനെന്നത് വ്യവഹാരത്തില്‍ തീരെയില്ലാത്ത ശബ്ദവും. 'പിതൃലോക'ത്തില്‍ വല്യച്ഛന്റെ രോഗവും 'അപ്പോത്തിക്കിരി'യുടെ വരവും ചികിത്സയും മരണവും പ്രതിപാദിച്ചിരിക്കുന്നതില്‍ ഒരു നോവല്‍ വായനയുടെ സുഖം പകരുന്നു. തകഴിയുടെ 'കയറി'ലെപ്പോലെ ഒരു കാലഘട്ടത്തിലെ ഫ്യൂഡല്‍ കുടുംബവ്യവസ്ഥയുടെ രസകരവും ദൈന്യവുമായ ജീവിതകഥയുണ്ട്. 'പടികെട്ടി'കൊണ്ടുവരുന്ന അപ്പോത്തിക്കിരിയെന്ന ജന്തുവിനെ കാണുവാനുള്ള കുട്ടിയുടെ മോഹത്തില്‍ നര്‍മ്മവും ഒരു കാലഘട്ടത്തിലെ ചികിത്സാരീതിയുടെ യാഥാര്‍ത്ഥ്യവുമുണ്ട്. ഉഗ്രമൂര്‍ത്തിയായിരുന്ന വല്യച്ഛന്റെ പതനം, അഥവാ രോഗാവസ്ഥയില്‍നിന്നും മരണത്തിലേക്കുള്ള രൂപാന്തരം കുട്ടിയുടെ കാഴ്ചപ്പാടില്‍ ആവിഷ്‌കരിച്ചിരിക്കുന്നതില്‍ അപ്രതിഹതമായ കാലപരിണാമത്തിന്റെ പശ്ചാത്തലമുണ്ട്. പ്രതിനായകനായിരുന്ന വല്യച്ഛന്‍ ഒരു പാമ്പോ

കാക്കയോ ആയി പരിണമിക്കുന്നത് അവന്റെ മരണാനന്തര സങ്കല്പത്തെ രസിപ്പിക്കുന്നു. 'മരണം എന്ന വാതിലിനപ്പുറം' എന്ന യതിയുടെ തത്ത്വചിന്താപരമായ ഗ്രന്ഥം ഓര്‍മ്മയില്‍ വരുന്നു. മരണം പീറ്റര്‍ എന്ന പ്രിയപ്പെട്ട ബാല്യകാല സുഹൃത്തിനേയും പ്രിയപ്പെട്ട ഭാനുമതിയക്കച്ചിയേയും അപഹരിക്കുന്നു. കല്യാണസദ്യയുണ്ടു കഴിഞ്ഞയുടന്‍ വരന്‍ തന്റെ ഭാനുമതിയക്കച്ചിയെ അപഹരിച്ചുകൊണ്ടുപോയതുപോലെ കഥാപുരുഷനു തോന്നുന്നു. കല്യാണം ഒരു വന്‍ചതിയാണെന്ന ജീവിതവീക്ഷണം മനസ്സിന്റെ ആഴങ്ങളെ സ്പര്‍ശിക്കുന്നു. പില്‍ക്കാലത്ത് സന്ന്യാസത്തിലേക്കു തിരിയാന്‍ ഈ വെറുപ്പും ഭയവും കാരണമായിട്ടുണ്ടാവും. ബാഹ്യസംഭവങ്ങളില്‍നിന്നും മനസ്സിനെ വിച്ഛേദിച്ച് നിര്‍വികാരനായി ഇരിക്കാനുള്ള പ്രവണതയും എല്ലാറ്റില്‍നിന്നും പിന്തിരിഞ്ഞോടുവാനുള്ള മനോഭാവവും ഉണ്ടായിരുന്നു. 'എന്റെ ആത്മാവിലെവിടെയോ ബാല്യകാലത്തിലെ ലജ്ജ നനവോടുകൂടിത്തന്നെയിരിക്കുന്നു' യതി സ്വയം വിലയിരുത്തുന്നു.

സ്‌കൂള്‍ എന്ന സ്വപ്നാനുഭവത്തില്‍ ഒരു ഭീകര സ്വപ്നമോ തടവറയോ പോലെയാണ് ബാല്യകാലത്തെ സ്‌കൂള്‍ അനുഭവങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അത്ര പരിചയമില്ലാതിരുന്ന അച്ഛന്‍ തികച്ചും അപരിചിതവും ഭീകരവുമായ ഒരവസ്ഥയിലേക്ക് തന്നെ കൈവെടിഞ്ഞു എന്ന ദുരന്ത അനുഭവവുമായി സ്‌കൂള്‍ പ്രവേശനത്തെ അവതരിപ്പിക്കുന്നു. നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അപക്വവും പ്രാകൃതവും ഭീകരവുമായ അവസ്ഥയില്‍ ചുറ്റുമുള്ള ലോകം കറങ്ങുന്നതായി കഥാനായകന് തോന്നുന്നു. ആ ബാലന്‍ ബോധഹീനനായി വീഴുന്നു. അങ്ങേയറ്റം സെന്‍സിറ്റീവും പ്രതിഭാശാലിയുമായ ഒരു കുട്ടിയുടെ സ്‌കൂള്‍ ജീവിതത്തിന്റെ തുടക്കമാണിത്. 'കാടും സന്ന്യാസവും' എന്ന ഭാഗത്ത് വീടുവിട്ട് കാട്ടിലേക്കു രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുട്ടിയാണ്. കാട് മനസ്സിന്റെ പ്രതീകമായി ആവിഷ്‌കരിച്ചിരിക്കുന്നു. 'ജീവിതത്തില്‍ അറിയപ്പെടേണ്ട പലതും പ്രാഗ് ഭാവത്തിലുള്ള പ്രതീകങ്ങളായും കല്പനകളായും മനസ്സിന്റെ അടിത്തട്ടില്‍ ചില അജ്ഞാത പടലങ്ങള്‍പോലെ ചുരുണ്ടുകിടപ്പുണ്ട്. പൊതുധാരണകളെ മനസ്സില്‍ രൂപംകൊള്ളിക്കാനുള്ള ചേതനയുടെ അസംസ്‌കൃത പദാര്‍ത്ഥങ്ങളാണ് ഈ പ്രാഗ്ഭാവങ്ങള്‍.' യതിയുടെ ഇത്തരം നിരീക്ഷണങ്ങള്‍ ബാല്യകാല സ്മരണകള്‍ക്ക് മനശ്ശാസ്ത്രപരമായ ആഴം നല്‍കുന്നു.

വീട്ടില്‍ കിടന്നുറങ്ങാതെ കാട്ടില്‍ കിടന്നുറങ്ങുന്ന കുട്ടിയായിരുന്നു യതി. ആ കുട്ടിയോട് വല്ല സന്ന്യാസിയും പിടിച്ചുകൊണ്ട് പോകും എന്നൊരാള്‍ പറയുന്നു. കാട്ടില്‍ കഴിയുന്ന ഭീകരജീവിയെപ്പോലെയാണ് സന്ന്യാസിയെ കാണുന്നത്. പിന്നീട് ഈ കുട്ടി യതിയെന്ന ലോക പ്രശസ്തനായ സന്ന്യാസിയായി. 'കുടിപ്പള്ളിക്കൂടം' എന്ന കഥയില്‍ ഷാന്‍ പോള്‍ സാര്‍ത്രിന്റെ 'വാക്കുകള്‍' (ണീൃറ)െ എന്ന ബാല്യകാല സ്മരണകള്‍ ഒഴുകിവരുന്നു. നിഷ്‌കളങ്കനും സുന്ദരനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കുന്ന അദ്ധ്യാപകന്റെ ചെയ്തികളെ സാര്‍ത്രിന്റെ ബാല്യകാല സ്മരണകളിലെ സ്വവര്‍ഗ്ഗഭോഗിയായ അദ്ധ്യാപകന്റെ വികൃതമായ പെരുമാറ്റങ്ങളുമായി ബന്ധപ്പെടുത്തി ഓര്‍ക്കുന്നു. കണക്കു പഠിപ്പിച്ച അദ്ധ്യാപകനെപ്പറ്റി പറയുമ്പോഴും സാര്‍ത്രിന്റെ ബാല്യകാല സ്മരണകള്‍ ഓര്‍ക്കുന്നു. അദ്ധ്യാപകരുടെയും മുതിര്‍ന്നവരുടേയും സഹപാഠികളുടേയുമൊക്കെ ക്രൂരപീഡനങ്ങള്‍ക്കിരയായ ഇന്നും ഇരയാവുന്ന കുട്ടികളെക്കുറിച്ച് ഇതില്‍ പ്രതിപാദിക്കുന്നു. കുഞ്ഞാടുകളെപ്പോലെയോ പ്രാവുകളെപ്പോലെയോ പരിശുദ്ധി നിറഞ്ഞ ഒരു നിരപരാധിത്വം ശൈശവത്തിനുണ്ട്. കുഞ്ഞുങ്ങള്‍ കള്ളം പറയാതിരിക്കണമെങ്കില്‍ അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും സത്യം കേള്‍ക്കാനുള്ള സൗമനസ്യവും ചങ്കുറപ്പും വേണം. 'അപരിചിതരോടുള്ള എന്റെ ജീവിതം ദുഷ്‌കരമായിരുന്നു' എന്നിരുന്നാലും ശൈശവ ലൈംഗികം ജീവിതത്തിലേക്ക് കടന്നുവന്നത് ഒരു കറുത്ത ഗൂഢാലോചനപോലെയാണ് തോന്നിയത്. ഒരു പേടിസ്വപ്നത്തില്‍നിന്നും മറ്റൊന്നിലേക്ക് ഞെട്ടിവീഴുന്ന ശൈശവ ബാല്യയാത്രയുടെ മായാത്ത സ്മൃതിചിത്രങ്ങള്‍ ഇനിയുമേറെ 'യതിചരിത'ത്തിലുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ പ്രാകൃതാവസ്ഥയെക്കുറിച്ചുള്ള യതിയുടെ നിരീക്ഷണങ്ങള്‍ ഇന്നും പ്രസക്തമാണ്. കോളേജുകളിലും സ്‌കൂളുകളിലും വിദ്യാഭ്യാസത്തെ ഓര്‍മ്മശക്തി പരിശോധിക്കാന്‍ മാത്രമുള്ള ഉപാധിയായി തരംതാഴ്ത്തിയിരിക്കുന്നു. 'എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തോറ്റ റെനേ ദെക്കാര്‍ത്തേ യൂറോപ്യന്‍ ചിന്തയെ അടുക്കും ചൊവ്വുമുള്ളതാക്കാന്‍ നേര്‍വഴി കാട്ടിക്കൊടുത്ത മഹാദാര്‍ശനികനായതെങ്ങനെ?' ഇത്തരം നിരവധി പ്രസക്തമായ ചോദ്യങ്ങള്‍ ഇതിലുണ്ട്.

1999 മേയ് 14ന് ഊട്ടിയിലെ ഫേണ്‍ഹില്‍ നാരായണഗുരുകുലത്തില്‍ സമാധിയടഞ്ഞ ഗുരു നിത്യചൈതന്യയതിയുടെ വേര്‍പാടിന്റെ കാല്‍നൂറ്റാണ്ട് കഴിഞ്ഞു. വ്യവസ്ഥിതിയെ മാറ്റാന്‍ കഠിനമായി ചിന്തിക്കുകയും പരിശ്രമിക്കുകയും ചെയ്ത ലോകപ്രശസ്തനായ പരിവ്രാജകനും സര്‍ഗ്ഗപ്രതിഭയുമായിരുന്നു യതി. അദ്ദേഹം എഴുതിയ 'യതിചരിത'മെന്ന കാലത്തെ പിളര്‍ക്കുന്ന ക്ലാസ്സിക് ഗ്രന്ഥത്തെ ആദരവോടെ സ്‌നേഹപൂര്‍വ്വം ഒന്ന് സ്പര്‍ശിക്കുക മാത്രമാണ് ഇവിടെ; പുസ്തകങ്ങളെ അഗാധമായി പ്രണയിക്കുകയും മൂന്നൂറിലേറെ കൃതികള്‍ രചിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ പുണ്യസ്മരണയ്ക്കു മുന്നില്‍ മഹാപ്രണാമം!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com