ആ മീശ ആരുടേത്?... ആരാണ് പോരാളി ഷാജി?

സൂക്ഷ്മ രഹസ്യങ്ങള്‍ പോലും അറിയാവുന്ന പാര്‍ട്ടിക്ക് അതു മാത്രമായി അറിയാതിരിക്കുമോ?
പോരാളി ഷാജി ഫെയ്സ്ബുക്ക് പേജിന്റെ കവർ ഫോട്ടോ
പോരാളി ഷാജി ഫെയ്സ്ബുക്ക് പേജിന്റെ കവർ ഫോട്ടോ
Updated on
2 min read

'പോരാളി ഷാജി'യുടെ ഫെയ്സ് ബുക്ക് പ്രൊഫൈല്‍ ഫോട്ടോ പവന്‍ കല്യാണ്‍ എന്ന തെലുങ്ക് സിനിമാനടന്റേതാണ്. 'മീശ ചുരുട്ടി' നില്‍ക്കുന്ന ആ മുഖം, ഇന്ന് സൈബറിടങ്ങളില്‍ പരിചിതമാണ്. ഇതേ 'മീശ ചുരുട്ടല്‍' മോഹന്‍ലാലില്‍ നാം പല പടങ്ങളിലായി കാണുന്നുണ്ട്; 'ആണത്തം' നെഞ്ചുവിരിച്ച് വന്ന് എതിരാളികള്‍ക്കു നേരെ മീശ പിരിച്ചു നിന്നു. ദിലീപിന്റെ 'മീശ മാധവ'നിലാണ് 'മീശ' ഒരു തുടര്‍ച്ചയായ സാധ്യതയായി നിറഞ്ഞുനിന്നത്. 'മീശ' എസ്. ഹരീഷിന്റെ നോവലില്‍, ചരിത്രത്തിലേക്ക് നീട്ടിവളര്‍ത്തിയ ഒരു മരമായി വളര്‍ന്നു. ആചാരവാദികളെ ഇത്രയും അസ്വസ്ഥമാക്കിയ മറ്റൊരു മീശയില്ല. ആ മീശ സാഹിത്യത്തിലെ കാലസങ്കല്പത്തെ രണ്ടായി പിളര്‍ത്തി. മീശ, ഒരു ചിഹ്നകമാണ്. 'ആണത്ത'മാണ് അത് പ്രതിഫലിപ്പിക്കുന്ന ഒരു സങ്കല്പനം.

എന്നാല്‍, പോരാളി ഷാജി കണ്ണൂര്‍ ഇടത് രാഷ്ട്രീയ സൈബര്‍ പ്രതിനിധാനമാണോ? ആ 'മീശ' കണ്ണൂരിന്റെ 'മീശ'യാണോ? ഉയര്‍ത്തിയ മുഷ്ടികളാണ് കണ്ണൂര്‍ സഖാക്കളുടെ രാഷ്ട്രീയ പ്രതിനിധാനം. 

കണ്ണൂര്‍ കണ്ട ഏറ്റവും ധീരരായ വിപ്ലവകാരികള്‍ സഖാക്കള്‍ സി. കണ്ണനും കെ.പി.ആര്‍. ഗോപാലനുമാണ്. പഴയ രാഷ്ട്രീയ കഥകള്‍ കേള്‍ക്കാന്‍ സി. കണ്ണന്റെ വീട്ടില്‍ ഈ ലേഖകന്‍ പോകാറുണ്ടായിരുന്നു. ആറന്‍മുള കണ്ണാടിപോലെ തിളക്കമുള്ള ആ മുഖം ആദരവോടെ നോക്കി നിന്നിട്ടുണ്ട്. എന്നാല്‍, 'ചാപ്ലിന്‍ മീശ' വെച്ച സി. കണ്ണനുമുണ്ട്. പില്‍ക്കാലത്ത് ഒരു 'സ്പിരിച്വല്‍ പൊളിറ്റിക്‌സാ'ണ് കെ.പി.ആറിന് എന്നു തോന്നിയിട്ടുണ്ട്. ചുവരില്‍ സിദ്ധവൈദ്യന്മാരെന്നു തോന്നുന്ന ചില സന്ന്യാസിമാരുടെ ചിത്രങ്ങള്‍ തൂക്കിയിട്ടിരുന്നു. കെ.പി.ആര്‍. ഗോപാലന്റെ വീട്ടിലും പോയിട്ടുണ്ട്. ഒറ്റയ്ക്ക് ചെസ് കളിച്ചിരിക്കുന്ന കെ.പി.ആറിനേയും വിസ്മയത്തോടെ നോക്കി നിന്നിട്ടുണ്ട്. മലബറിനെ ഒരുകാലത്ത് പ്രചോദിപ്പിച്ച യുക്തിചിന്താ ആത്മീയധാരകള്‍ സി. കണ്ണനെ പ്രചോദിപ്പിച്ചിരിക്കാം. രാത്രി എട്ടുമണി, മഴയുള്ള ദിവസം, ഒരു കമ്പിളി ബനിയന്‍ ധരിച്ച് വീടിന്റെ ഇറയത്തിരുന്ന് മഴ നോക്കി കുത്തിയിരിക്കുന്ന കെ.പി.ആര്‍. ഗോപാലന്‍. ഇരമ്പലോടെ പെയ്യുന്ന മഴയാണ് ഓര്‍മ്മകളെന്ന് ആ മുഖം കണ്ടിരിക്കേ ഓര്‍ത്തുപോയി.

ഇ.കെ. നായനാരില്‍ ഇളം ചിരിയായി ഒരു മീശ കാണാം. മേഘശകലം പോലെ. അഴീക്കോടന്‍ രാഘവനിലുമുണ്ട് മീശ. ചുരുട്ടാത്ത സൗമ്യതയാണ് ആ മീശയ്ക്കും. കണ്ണൂരിന്റെ രൗദ്രമായിരുന്ന 'മാടായി മാടന്‍' എം.വി. രാഘവനും മീശയുണ്ടായിരുന്നില്ല.

എതിരാളികള്‍ക്കു നേരെ സിനിമയില്‍ മീശ വിരിച്ചു വരുന്ന മോഹന്‍ലാലിനെപ്പോലെയല്ല ഇവരൊന്നും. എ.കെ.ജിക്കും വിറപ്പിക്കുന്ന ആ ഒരു മീശയുണ്ടായിരുന്നില്ല. ഉജ്ജ്വലമായ സമര പൈതൃകമുള്ള പിണറായി വിജയനും മീശയുടെ ആണത്തപ്രതീകത്തില്‍ അഭിരമിക്കുന്ന സഖാവല്ല. 

പ്രൗഢവും അസൂയപ്പെടുത്തുന്നതുമായ മീശ, എം.പി. നാരായണന്‍ നമ്പ്യാര്‍ എന്ന കര്‍ഷക നേതാവിലാണ് കണ്ണൂര്‍ക്കാര്‍ കണ്ടത്. സംഘചേതനയുടെ സ്ഥാപകന്‍. കൊമ്പന്‍ മീശയുണ്ടായിരുന്നെങ്കിലും ഏറെ സഹൃദയനായിരുന്നു, ആ സഖാവ്. ഒരു പാവം മീശ. കണ്ണൂര്‍ സഖാക്കളുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരായ എം.വി. ജയരാജനും പി. ജയരാജനും 'നീട്ടിപ്പിരിച്ചു വെച്ച' രൗദ്രമായ മീശയില്ല. വ്യക്തിപരമായി ഇവരോട് സംസാരിച്ചു നോക്കൂ, ഇത്രയും ആര്‍ദ്രമായി സംസാരിക്കുന്നവര്‍ വേറെയുണ്ടാവില്ല.

കണ്ണൂരിനെ രാഷ്ട്രീയമായി പ്രചോദിപ്പിച്ച നേതാക്കന്മാര്‍ മീശ വളര്‍ത്തിയിരുന്നില്ലെങ്കിലും പ്രാദേശിക നേതാക്കന്മാരില്‍ മീശയുടെ ആണ്‍ ഹുങ്ക് കാണാം. എഴുപതുകളുടെ അന്ത്യ യാമങ്ങളിലും എണ്‍പതുകളുടെ മധ്യാഹ്നം വരെയും നീട്ടിവളര്‍ത്തിയ മീശയുടെ പ്രാദേശിക കാലമായിരുന്നു. അത് പല തൊഴില്‍സമരങ്ങളുടേയും കാലമായിരുന്നു.

കര്‍തൃത്വമില്ലാത്ത ഷാജിമാര്‍

ഇപ്പോള്‍ പോരാളി ഷാജി ആര് എന്ന ചോദ്യം സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. റഹീം ഉന്നയിച്ചതുപോലെ അത് ഒരു അജ്ഞാതസംഘമാണോ? ഇവിടെ പരിഗണിക്കുന്ന വിഷയം തീര്‍ച്ചയായും അതല്ല. ആ മീശ മാത്രമാണ്. വ്യവസ്ഥാപിതമായ പാര്‍ട്ടി പാഠങ്ങളോട് പോരാളി ഷാജിയുടെ പല കുറിപ്പുകളും കലഹിക്കുന്നതു കാണാം. സൈബര്‍ വ്യവഹാരം എന്നതിനപ്പുറം, അവ, സാധാരണ മനുഷ്യരുടെ ഇച്ഛകളേയാണ് പ്രതിഫലിപ്പിക്കുന്നത്. പലപ്പോഴും രാഷ്ട്രീയ അവബോധമുണ്ടാക്കുന്നവ, മറ്റു ചിലപ്പോള്‍ രാഷ്ട്രീയ 'അബോധ'ത്തിലൂന്നിയവ. ഇടക്കാലത്ത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട 'ടിന്റുമോന്‍' ഫലിതങ്ങളുടെ കര്‍ത്തൃത്വം ആര്‍ക്ക് എന്നത് പോലെ, ഇവിടെയും 'കര്‍ത്തൃത്വം' അജ്ഞാതമായിത്തന്നെ നില്‍ക്കുന്നു. പരുഷമായ ഒരു ശൈലി ഭാഷയില്‍ കാണാം, പക്ഷേ, ജനപ്രിയമെന്നു തോന്നുന്ന ആശയങ്ങളാണ് പങ്കുവെയ്ക്കുന്നത്. എന്നാല്‍, ഏറ്റവും ജനപ്രിയ ആശയങ്ങളാണ് ഇടതുപക്ഷവും ഇന്നു മുന്നോട്ടുവെയ്ക്കുന്നത്. സൈബറിടങ്ങളിലെ സംവാദങ്ങള്‍പോലെ 'ഒരവിയല്‍ രൂപ'ത്തില്‍ ആശയങ്ങള്‍ ആവിഷ്‌കരിക്കാന്‍ പാര്‍ട്ടിക്ക് സാധ്യമല്ല. കാരണം, പാര്‍ട്ടി 'അജ്ഞാതസംഘ'മല്ല. അയഥാര്‍ത്ഥമായി സംസാരിക്കുന്നതിനു പരിമിതികളേറെയുണ്ട്. പാര്‍ട്ടിയുടെ കര്‍ക്കശമായ രീതിശാസ്ത്രം വിശദീകരിക്കേണ്ട ബാധ്യത റഹീമിനുണ്ട്; 'മുന്നില്‍നിന്ന്' സംസാരിക്കേണ്ടവര്‍ക്കുണ്ട്. 'മറഞ്ഞിരുന്ന്' സംസാരിക്കുന്ന പോരാളി ഷാജിക്കോ സൈബര്‍ സഖാക്കള്‍ക്കോ ആ രാഷ്ട്രീയ ബാധ്യത ഇല്ല. പാര്‍ട്ടിയുടെ രീതിശാസ്ത്രങ്ങള്‍ വിശദീകരിക്കാനുള്ള രാഷ്ട്രീയ ബാദ്ധ്യത 'ചുമതലയര്‍പ്പിക്കപ്പെട്ട' പാര്‍ട്ടി അംഗങ്ങള്‍ക്കുണ്ട്. ആത്മപ്രേരിതമായ വാക്കുകള്‍ക്ക് അവിടെ പ്രസക്തിയില്ല. അജ്ഞാതമായിരിക്കുന്നതിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യം, ദൃഷ്ടിഗോചരനായി മുന്നില്‍ നില്‍ക്കേണ്ട ഒരു സഖാവിനില്ല എന്നതാണ് റഹീം രാഷ്ട്രീയമായി പറയുന്നത്.

അപ്പോഴും, ആ ചോദ്യം ബാക്കിനില്‍ക്കുന്നു. ആരാണ് പോരാളി ഷാജി? സൂക്ഷ്മ രഹസ്യങ്ങള്‍ പോലും അറിയാവുന്ന പാര്‍ട്ടിക്ക് അതു മാത്രമായി അറിയാതിരിക്കുമോ? ആര്‍ക്കറിയാം!
എന്തായാലും, സോഷ്യല്‍ മീഡിയ 'ഔപചാരികമായി സംഘടിപ്പിക്കപ്പെട്ട' ഒരു രാഷ്ട്രീയ ഇടമല്ല. ആവേശത്തിരമാലകളുടെ കടലാണത്.

ഏത് പ്രസ്ഥാനവും പക്ഷേ, കരയിലാണ് ചുവടുറപ്പിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com