

ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും ഭവിഷ്യത്തുകള്‍ ലഘൂകരിക്കുന്നതിനും ലോകരാജ്യങ്ങള്‍ ഒരുമിച്ച് എടുത്ത തീരുമാനങ്ങളെ തിരസ്‌കരിച്ച രാജ്യങ്ങളില്‍ ഒന്നാമനാണ് അമേരിക്ക. കാലിഫോര്‍ണിയയെ സംബന്ധിച്ച് വേനല്‍ക്കാല കാട്ടുതീ പുതിയ അനുഭവമല്ല. ഈ പുതുവര്‍ഷത്തില്‍ കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചല്‍സില്‍ ഉണ്ടായ കാട്ടുതീ ചരിത്രത്തില്‍ സമാനതകളില്ലാത്തതായിരുന്നു.
ജനുവരി ഏഴിന് പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ 16 പേര്‍ വെന്തുമരിക്കുകയും 12,000-ത്തോളം കെട്ടിടങ്ങള്‍ വെണ്ണീറാവുകയും ചെയ്തു. 1,75,000 പേരെ മാറ്റിപാര്‍പ്പിക്കേണ്ടിവന്ന, അമേരിക്കയിലെ ജനസംഖ്യയില്‍ രണ്ടാംസ്ഥാനത്തുള്ള ലോസ് ആഞ്ചല്‍സില്‍ നഗരത്തിന്റെ 36,000 ഹെക്ടര്‍ ഭൂമിയാണ് അഞ്ച് ദിവസങ്ങള്‍കൊണ്ട് കാട്ടുതീ വിഴുങ്ങിയത്. 135 മുതല്‍ 150 ബില്യണ്‍ ഡോളര്‍ സാമ്പത്തിക നഷ്ടമാണ് അമേരിക്കയ്ക്ക് ഉണ്ടായിരിക്കുന്നത്. പ്രാദേശിക കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം ചൂടും വരണ്ടതുമായ സാഹചര്യം സൃഷ്ടിക്കുകയും ശക്തിയാര്‍ജിച്ചതും തീവ്രവും നാശംവിതയ്ക്കുന്നതുമായ കാട്ടുതീ തുടര്‍ക്കഥയാകുന്നതിനും കാരണമാകുന്നതായി ശാസ്ത്രസമൂഹം വിലയിരുത്തുന്നു. കാലാവസ്ഥ വ്യതിയാനം മിഥ്യയാണെന്നും ഊതിവീര്‍പ്പിച്ചതാണെന്ന് പരിഹസിക്കുകയും ആഗോള കാലാവസ്ഥാ ഉടമ്പടികളേയും തീരുമാനങ്ങളേയും നിരസിക്കുകയും ചെയ്ത ഡൊണാള്‍ഡ് ട്രംപിനേറ്റ പ്രഹരം കൂടിയാണിത്. ജനുവരി 20-ന് അമേരിക്കയുടെ പുതിയ പ്രസിഡന്റായി പ്രതിജ്ഞ ചൊല്ലുന്ന ട്രംപിന്റെ ഭരണകൂടത്തിന് കാട്ടുതീ അയവുവരുത്തുമോ എന്ന് കാത്തിരുന്ന് കാണാം.
കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത പ്രളയമായും കൊടുംകാറ്റായും ചുഴലിക്കാറ്റായും ഉഷ്ണവാതങ്ങളായും പൊടിക്കാറ്റായും മേഘവിസ്ഫോടനങ്ങളായും കൊടുംവരള്‍ച്ചയായും കാട്ടുതീയായും അതിതീവ്രമഴയായും ഉരുള്‍പൊട്ടലായും ആഗോളതലത്തില്‍ നടമാടുന്ന പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ ഉറ്റുനോക്കിയ കാലാവസ്ഥ ഉച്ചകോടിയാണ് ഇക്കഴിഞ്ഞ നവംബറില്‍ അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്നത്. ഉച്ചകോടി വിലപേശലുകള്‍ക്കും ഇറങ്ങിപ്പോകലുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ദിവസങ്ങള്‍ നീണ്ട് അസംതൃപ്തിയോടെയാണ് കൊടിയിറങ്ങിയത്.
കാലാവസ്ഥാമാറ്റങ്ങളുടെ ആഘാതം നിരവധി ദരിദ്രരാജ്യങ്ങളെ ദുരിതത്തിലാഴ്ത്തിയിരുന്നു. ഇതിന് കാരണക്കാരായ സമ്പന്ന വ്യാവസായിക രാഷ്ട്രങ്ങള്‍ നല്‍കേണ്ട സഹായധനത്തിലെ കുറവാണ് പ്രതിഷേധങ്ങള്‍ക്കും അസംതൃപ്തിക്കും കാരണമായത്. കാലാവസ്ഥ വ്യതിയാനത്തിന് കാരണമായ ഹരിതഗൃഹവാതകങ്ങളെ പുറന്തള്ളിക്കൊണ്ടാണ് വ്യാവസായിക രാഷ്ട്രങ്ങള്‍ സമ്പന്നരായത്. അതിന്റെ ഇരകളായി മാറിയത് ചെറുദ്വീപുകളും ആഫ്രിക്കയിലേയും ഏഷ്യ പസഫിക് മേഖലയിലേയും കാലാവസ്ഥ ദുര്‍ബലമായ ദരിദ്ര രാഷ്ട്രങ്ങളുമാണ്. ഈ യാഥാര്‍ത്ഥ്യത്തെ മുന്‍നിര്‍ത്തിക്കൊണ്ടാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികളെ നേരിടാനും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി അവികസിത /വികസ്വര രാഷ്ട്രങ്ങള്‍ക്ക് സമ്പന്നരാഷ്ട്രങ്ങള്‍ സാമ്പത്തിക സഹായം നല്‍കാന്‍ മുന്‍പ് നടന്ന ഉച്ചകോടികളില്‍ തീരുമാനമായത്.
കാലാവസ്ഥാ ധനകാര്യം
കാലാവസ്ഥ വ്യതിയാനങ്ങളെ ലഘൂകരിക്കുന്നതിനും അതിനനകൂലമായ ജീവിതത്തിനായി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഉണ്ടാകുന്ന നാശനഷ്ടങ്ങളും കേടുപാടുകളും പരിഹരിക്കുന്നതിനും വികസിത രാജ്യങ്ങള്‍ അവികസിത-വികസ്വര രാജ്യങ്ങള്‍ക്ക് നല്‍കേണ്ട ധനകാര്യ സംവിധാനമാണ് കാലാവസ്ഥ ധനകാര്യം. കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കുന്നതിനായുള്ള പദ്ധതികളുടെ വളര്‍ച്ചയ്ക്കും അതിനുള്ള കാര്യപ്രാപ്തി വികസിപ്പിക്കുന്നതിനും ഗവേഷണങ്ങള്‍ക്കും വളര്‍ച്ചയ്ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, കെടുതികള്‍ നേരിടുന്ന രാജ്യങ്ങളെ ധനപരമായി സഹായിക്കുക എന്നതാണ് ഉദ്ദേശ്യം. ദുരന്തങ്ങളെ നേരിടാന്‍ മനുഷ്യ-പാരിസ്ഥിതിക പ്രതിരോധ സംവിധാനങ്ങളെ വര്‍ദ്ധിപ്പിക്കുക, പരിസ്ഥിതി ദുര്‍ബലത, പരിസ്ഥിതി പരിപാലനം എന്നിവയാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നത്.
ഈ സാമ്പത്തിക സമാഹരണപ്രക്രിയ പ്രധാനമായും മൂന്നുതട്ടിലാണ്. അതില്‍ ഏറ്റവും അടിസ്ഥാന മാര്‍ഗ്ഗങ്ങളിലൊന്ന്, ഇരകളായ വികസ്വര/അവികസിത രാജ്യങ്ങള്‍ക്ക് ആവശ്യവും മുന്‍ഗണനയും പരിഗണിച്ച് വികസിത രാഷ്ട്രങ്ങള്‍ നല്‍കേണ്ട ധനസഹായമാണ്. രണ്ടാമതായി നൂതനപരിഷ്‌കരണ സാമ്പത്തിക സമാഹരണമാണ്. ഫോസില്‍ ഇന്ധനങ്ങളില്‍നിന്നുള്ള നികുതി, കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളില്‍ നിന്നും ഈടാക്കുന്ന നികുതി, കാര്‍ബണ്‍ വില്‍പ്പന എന്നിവ. മൂന്നാമതായി സ്വകാര്യമേഖലയില്‍നിന്നുള്ള സമാഹരണമാണ്. കാറ്റാടിപ്പാടങ്ങള്‍, സൗരോര്‍ജ്ജം തുടങ്ങിയ ഊര്‍ജ്ജോല്പാദന മേഖലയിലുള്ള സ്വകാര്യനിക്ഷേപങ്ങളില്‍നിന്നുള്ള സമാഹരണം.
1. 2009-ലെ കോപ്പന്‍ഹേഗ് കാലാവസ്ഥ ഉച്ചകോടിയിലാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തതീവ്രത കുറയ്ക്കുന്നതിനായുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിനുള്ള സാമ്പത്തിക സഹായ ചര്‍ച്ചകള്‍ ഉണ്ടാകുന്നത്. 2010-ലെ മെക്സിക്കോയിലെ കാന്‍കൂണ്‍ ഉച്ചകോടിയിലാണ് 'ഹരിത കാലാവസ്ഥ നിക്ഷേപം' എന്ന പേരില്‍ UNFCCC-യുടെ ട്രാന്‍സിഷണല്‍ കമ്മിറ്റി ധനകാര്യ സംവിധാനത്തിന് നിയമപരമായി രൂപംകൊടുത്തത്. അതുപ്രകാരം 100 ബില്യണ്‍ ഡോളര്‍ വികസിത രാജ്യങ്ങള്‍ അവികസിത /വികസ്വര രാജ്യങ്ങള്‍ക്ക് 2020 വരെയുള്ള കാലയളവില്‍ സഹായധനമായി കൊടുക്കാനുള്ള ചര്‍ച്ചകളായിരുന്നു നടന്നത്. തുടര്‍പ്രവര്‍ത്തനങ്ങളൊന്നും ചര്‍ച്ചകള്‍ക്കനുസരിച്ച് നടന്നിരുന്നില്ല. 2015-ലെ വിഖ്യാതമായ പാരീസ് ഉച്ചകോടിയിലാണ് ചര്‍ച്ചകള്‍ ആവര്‍ത്തിക്കുകയും 2020-ല്‍നിന്ന് 2025-ലേക്ക് കാലയളവ് നീട്ടിക്കൊണ്ട് കാലാവസ്ഥ നിക്ഷേപം നടപ്പിലാക്കുന്നതിനുള്ള തീരുമാനത്തിലെത്തുകയും ചെയ്തത്. അതുകൊണ്ടുതന്നെയാണ് പാരീസ് ഉടമ്പടി ചരിത്രപരമായത്.
പാരീസ് ഉടമ്പടിപ്രകാരം പുത്തന്‍ സഞ്ചിത സാമ്പത്തിക ലക്ഷ്യം 2025-ന് മുന്‍പ് പൂര്‍ത്തീകരിക്കണമെന്ന തീരുമാനത്തിലെത്തി. എന്നാല്‍, വര്‍ദ്ധിച്ചുവരുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭവിഷ്യത്തുകള്‍ പരിഹരിക്കാന്‍ സാമ്പത്തിക പിന്നാക്ക രാഷ്ട്രങ്ങള്‍ക്ക് നിലവിലെ തുക അപര്യാപ്തമാണെന്നും ചരിത്രപരമായ ഉത്തരവാദിത്വം ഉള്‍ക്കൊണ്ട് സമ്പന്ന പാശ്ചാത്യ രാഷ്ട്രങ്ങള്‍ കൂടുതല്‍ സാമ്പത്തികസഹായത്തിന് തയ്യാറാവണമെന്നും ദുരന്തങ്ങള്‍ പേറുന്ന രാജ്യങ്ങളില്‍നിന്നും നിരന്തരം സമ്മര്‍ദ്ദം ഉയര്‍ന്നു. ബാകുവിലെ ഉച്ചകോടിയിലെ വാദപ്രതിവാദങ്ങള്‍ക്കും വിഷയമായത് ഇതുതന്നെയായിരുന്നു.
പാരീസ് ഉടമ്പടിയും ക്ലൈമറ്റ് ഫിനാന്‍സും
കാലാവസ്ഥ വ്യതിയാനത്തിന് നിദാനമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറച്ച് ആഗോളതാപനത്തെ നിയന്ത്രിക്കാന്‍ 196 രാജ്യങ്ങള്‍ ചേര്‍ന്ന് കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസില്‍ അംഗീകരിച്ച ഉടമ്പടിയാണ് 2015-ലെ പാരീസ് ഉടമ്പടി. ഇതുപ്രകാരം ഓരോ രാജ്യവും പുറംതള്ളുന്ന ഹരിതഗൃഹവാതകങ്ങള്‍ പൂജ്യമാകുന്ന തരത്തില്‍ കാര്‍ബണ്‍ സംഭരണ ശേഷീപ്രവര്‍ത്തനങ്ങളെ വികസിപ്പിച്ച് നടപ്പിലാക്കണമെന്നും ഓരോ അഞ്ചുവര്‍ഷത്തിലും പദ്ധതിപ്രകാരമുള്ള ദേശീയ നിര്‍ണ്ണയ വിഹിതം സമര്‍പ്പിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. 2050-ഓടുകൂടി കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യത്തില്‍ എത്തിക്കണമെന്നും ഉടമ്പടിയിലുണ്ട്. ഇത് എത്രത്തോളം കാര്യക്ഷമമാണെന്ന് കഴിഞ്ഞകാല കണക്കുകള്‍ സൂചിപ്പിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗത്തിന്റെ യുടെ 2024 ഒക്ടോബറില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തിലെ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലില്‍ 2023-ലും വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ്. അതിന്റെ 77% ഉത്തരവാദികളും ആഫ്രിക്കന്‍ യൂണിയന്‍ ഒഴികെയുള്ള ജി-20 രാജ്യങ്ങളാണ്. അവികസിതങ്ങളായ 47 രാജ്യങ്ങളുടെ പങ്ക് കേവലം മൂന്നു ശതമാനം മാത്രമാണ്.
ഹരിതഗൃഹവാതക ഉല്‍സ്സര്‍ജ്ജനത്തില്‍ വികസിത രാജ്യങ്ങളുടെ പങ്ക് വലുതാണ്. അതിനാല്‍ കാലാവസ്ഥവ്യതിയാനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങളുടെ ധാര്‍മ്മികമായ ഉത്തരവാദിത്വങ്ങളില്‍നിന്നും ഈ രാജ്യങ്ങള്‍ക്ക് ഒളിച്ചോടാനാവില്ല. പാരിസ്ഥിതിക ദുരന്തങ്ങള്‍ക്ക് കാരണക്കാരാകുന്നവര്‍ക്ക് പിഴയൊടുക്കാനും ദുരന്തനഷ്ടപരിഹാരം നല്‍കാനുമുള്ള ഉത്തരവാദിത്വമുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ ഫ്രെയിംവര്‍ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് അനുശാസിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് പാശ്ചാത്യരാജ്യങ്ങള്‍ 100 ബില്യണ്‍ ഡോളര്‍ ദുരന്തനിവാരണ ദൗത്യങ്ങള്‍ക്കായും പ്രതിരോധ സംവിധാനങ്ങള്‍ക്കായും ഓരോ വര്‍ഷവും 2025 വരെ അവികസിത/വികസ്വര രാജ്യങ്ങള്‍ക്കു നല്‍കാന്‍ ധാരണയായത്. മാത്രമല്ല, അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ് നിയന്ത്രണവിധേയമാക്കി അന്തരീക്ഷതാപം വ്യവസായവല്‍ക്കരണത്തിന് മുന്‍പുള്ളതിനെക്കാള്‍ രണ്ടു ഡിഗ്രിയില്‍ കൂടുതലാകാതെ, മാതൃകാപരമായി 1.5 ഡിഗ്രി പരിമിതിക്കുള്ളില്‍ നിലനിര്‍ത്തുന്നതിനു ശ്രമിക്കണമെന്നും തീരുമാനിക്കുകയുണ്ടായി. അപകടകരമായ കാലാവസ്ഥ വ്യതിയാന ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ലഘൂകരിക്കുന്നതിനുമുള്ള ഒരു ആഗോള കര്‍മ്മപദ്ധതിയുടെ ഭാഗമായിട്ടാണ് ഈ നിയന്ത്രണപരിധി നിര്‍ണ്ണയിച്ചത്.
എന്നാല്‍, ജനസംഖ്യ വളര്‍ച്ചയും വര്‍ദ്ധിച്ച ഉപഭോഗസംസ്‌കാരവും വാഹനപ്പെരുപ്പവും വ്യാവസായിക വളര്‍ച്ചയും ഫോസില്‍ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗവും 1.5 ഡിഗ്രി പരിമിതി എന്ന ലക്ഷ്യത്തിലെത്താന്‍ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇവയ്‌ക്കൊന്നും തടയിടാതെ താപവര്‍ധന കുറയ്ക്കാന്‍ സാധ്യമല്ല. വികസിത രാജ്യങ്ങള്‍ ഉച്ചകോടി തീരുമാനങ്ങളെ മുഖവിലക്കെടുത്തില്ല. വികസിതരാജ്യങ്ങളിലെ നിലവിലെ കാര്‍ബണ്‍ ഉദ്ഗമനത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഉച്ചകോടികളുടെ തീരുമാനങ്ങള്‍ വെറുംവാക്കുകളായി മാറുന്നുവെന്നാണ്. ഉദാഹരണത്തിന് ചൈനയും അമേരിക്കയുമാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന രാജ്യങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 2023-ലെ കണക്കുപ്രകാരം ആഗോള കാര്‍ബണ്‍ പുറന്തള്ളലിന്റെ 35 ശതമാനവും ചൈനയുടേതാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ 2100 ആകുമ്പോഴേക്കും വ്യവസായവല്‍ക്കരണത്തിന് മുന്‍പുണ്ടായിരുന്നതിനെക്കാള്‍ 3.7 മുതല്‍ 4. 8 ഡിഗ്രി വരെ അന്തരീക്ഷവര്‍ദ്ധനവ് ഉണ്ടാകാം എന്ന് ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് ന്റെ അഞ്ചാമത് റിപ്പോര്‍ട്ടില്‍ തന്നെ പറഞ്ഞിരുന്നു. 2025 ഓടെ അവസാനിക്കുന്ന പാരീസ് ഉടമ്പടിയിലെ 100 ബില്യണ്‍ ഡോളര്‍ ധനസഹായം 2025-നുശേഷവും വികസിത രാഷ്ട്രങ്ങളില്‍നിന്നും വികസ്വര രാജ്യങ്ങള്‍ക്ക് അര്‍ഹിക്കുന്ന വിധത്തില്‍ തുടര്‍ന്നും ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള കാലാവസ്ഥ ധനകാര്യ ചര്‍ച്ചകളാണ് ബാകു ഉച്ചകോടിയെ ശ്രദ്ധാകേന്ദ്രമാക്കിയത്.
മുങ്ങിത്താഴുന്ന ദ്വീപുരാഷ്ട്രങ്ങള്‍
''വീശിയടിക്കുന്ന ശക്തമായ ഓരോ ചുഴലിക്കാറ്റില്‍ ഞങ്ങളുടെ ആളോഹരി വരുമാനത്തിന്റെ പകുതിയും നഷ്ടപ്പെടുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ 5 അതിശക്തമായ ചുഴലിക്കാറ്റുകളാണ് ഞങ്ങള്‍ നേരിട്ടത്. ഭീകരമായ കാലാവസ്ഥാ ഭീഷണിയെ നേരിടാന്‍ ശക്തമായ സാമ്പത്തിക അടിത്തറ ഉണ്ടാകണം. ഞങ്ങളുടെ മുന്നിലുള്ള ഒരേയൊരു പോംവഴി അതിനായി ഫണ്ട് സമാഹരിക്കുക എന്നതാണ്.'' പ്രകൃതിദുരന്തത്തെ നേരിടാന്‍ മറ്റുരാഷ്ട്രങ്ങളില്‍നിന്നും വായ്പയെടുക്കുന്നതുമൂലം വിദേശ കടബാധ്യത കൂടിവരുന്നു. തെക്കേ പസഫിക്കിലെ ദ്വീപുരാഷ്ട്രമായ വനുവാതുവിന്റെ രോദനമാണിത്. ബഹാമാസിന്റെ 40 ശതമാനം കടബാധ്യതയും പ്രകൃതിദുരന്തം മൂലം ഉണ്ടായിരിക്കുന്നതാണ്. കിഴക്കന്‍ കരീബിയന്‍ ദ്വീപുരാഷ്ട്രമായ ഡൊമിനിക്കയുടെ 226 ശതമാനം ജി.ഡി.പിയാണ് 2017-ലെ മരിയ ചുഴലിക്കാറ്റിലൂടെ ഒരുരാത്രികൊണ്ട് നഷ്ടമായത്. അന്താരാഷ്ട്ര വായ്പകളിലൂടെ കെടുതികളെ നേരിട്ടെങ്കിലും രണ്ടുവര്‍ഷത്തിനുശേഷവും ഇതിന്റെ ബാധ്യത മൊത്തം ജി.ഡി.പിയുടെ 98 ശതമാനമായി കൂടി.
ആഗോള താപവര്‍ദ്ധനയുടെ മാരകമായ പ്രഹരത്തില്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുകയാണ് ചെറുദ്വീപുരാഷ്ട്രങ്ങളായ തുവാലു, 78,000 പേര്‍ വസിക്കുന്ന കിരിബാട്ടി, ജനസാന്ദ്രത ഏറിയ, 2,69,000-ത്തോളം ജനങ്ങള്‍ പാര്‍ക്കുന്ന മാലിദ്വീപ് എന്നിവ ഊഷ്മാവ് വര്‍ദ്ധനയുടെ തിക്തഫലം നേരിടുന്നവരാണ്.
ചെറുദീപുരാഷ്ട്രങ്ങളുടെ മുറവിളികളെ ഗൗരവമായി കാണേണ്ടതുണ്ട്. കാലാവസ്ഥ വ്യതിയാനത്തില്‍ വ്യവസായിക രാഷ്ട്രങ്ങളുടെ ചരിത്രപരമായ ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞുമാറാനാകില്ല. 1870 മുതല്‍ 2019 വരെ വികസിത രാജ്യങ്ങളായ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, റഷ്യ, ബ്രിട്ടന്‍, ജപ്പാന്‍, ചൈന എന്നിവര്‍ മാത്രമാണ് 60 ശതമാനം കാര്‍ബണും പുറന്തള്ളിയത്. മറ്റു രാജ്യങ്ങളുടെ പങ്ക് 40 ശതമാനം മാത്രമാണ്. അതുകൊണ്ടുതന്നെ ദേശീയ നിര്‍ണ്ണയ വിഹിതത്തിന്റെ 68 ശതമാനം ഈ രാജ്യങ്ങള്‍ വഹിച്ച് വികസ്വര രാജ്യങ്ങളുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കണമെന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥകളോടുള്ള അധാര്‍മ്മികമായ വ്യതിചലനമാണ് വികസിത രാജ്യങ്ങളുടെ കാലാവസ്ഥ ധനകാര്യത്തോടുള്ള സമീപനം.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ചരിത്രത്തിലാദ്യമായാണ് കാലാവസ്ഥ നിയമവും പരിസ്ഥിതിനിയമവും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമവും ഒരുമിച്ചു പരിഗണിക്കേണ്ടിവരിക. കാലാവസ്ഥ മാറ്റത്തിനു കാരണമായ കാര്‍ബണ്‍ പുറന്തള്ളലില്‍ നിര്‍ബന്ധമായും രാജ്യങ്ങള്‍ സ്വീകരിക്കേണ്ട നടപടികളില്‍ വ്യക്തത കൊണ്ടുവരുന്നതിനാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉപദേശക അഭിപ്രായത്തിനായി ചെറുദ്വീപ് രാഷ്ട്രങ്ങള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. ഡിസംബര്‍ 2 മുതല്‍ 13 വരെ നെതര്‍ലാന്റിലെ ഹേഗില്‍ അന്താരാഷ്ട്ര നീതിന്യായകോടതിയുടെ സമാധാന കൊട്ടാരത്തില്‍ വാദം കേട്ടു. കാര്‍ബണ്‍ പുറന്തള്ളലില്‍ രാജ്യങ്ങള്‍ സ്വീകരിക്കേണ്ട നിയമങ്ങളിലെ വ്യക്തത, ചെറുദ്വീപ് രാഷ്ട്രങ്ങള്‍ നേരിടുന്ന ഭീഷണി, പരിഗണന, മൂലധനസഹായം, ചര്‍ച്ചകള്‍ അവസാനിപ്പിച്ച് വികസിത രാജ്യങ്ങളുമായി ആരോഗ്യപരമായ ഉടമ്പടികള്‍ ഉണ്ടാക്കുക എന്നീ വിഷയങ്ങളായിരുന്നു ഉന്നയിച്ചത്. കാലാവസ്ഥയേയും പരിസ്ഥിതിയേയും സംരക്ഷിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവരുടെ പങ്കിനെക്കുറിച്ചുള്ള അന്താരാഷ്ട്ര നിയമാവലികളിലെ വ്യക്തതയ്ക്കും കൂടുതല്‍ പങ്കുള്ളവര്‍ വഹിക്കുന്ന ബാധ്യതയുടെ അനുപാതത്തിലും വ്യക്തത വരുത്തുന്നതിനാണ് ചെറുദ്വീപ് രാഷ്ട്രങ്ങള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരിക്കുന്നത്.
അവികസിത /വികസ്വര രാജ്യങ്ങളുടെ ആശങ്കകള്‍
രണ്ടുതരം കാലാവസ്ഥ ഭീഷണി നേരിടുന്ന രാജ്യങ്ങളാണ് ഉള്ളത്. ചെറുദ്വീപ് രാഷ്ട്രങ്ങളും വികസ്വര രാഷ്ട്രങ്ങളും. ആഗോളതാപനത്തിന്റെ കൊടിയ ദുരന്തം പേറുന്നത് പസഫിക്, കരീബിയന്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളില്‍ സ്ഥിതിചെയ്യുന്ന ചെറുദ്വീപുരാഷ്ട്രങ്ങളാണ്. കാലാവസ്ഥ വ്യതിയാന ഭീഷണികളായ ഊഷ്മാവ് വര്‍ദ്ധനവും കടല്‍നിരപ്പുയരുന്നതുമാണ് ഈ രാജ്യങ്ങള്‍ നേരിടുന്ന പ്രധാന ഭീഷണികള്‍. മത്സ്യസമ്പത്ത് കുറയുന്നത് ദ്വീപുരാഷ്ട്രങ്ങളുടെ സമ്പദ്ഘടനയുടെ അടിത്തറ ഇളകാന്‍ കാരണമാകുന്നു. ഉദാഹരണത്തിന് കാലാവസ്ഥ വ്യതിയാനംമൂലം സമുദ്രനിരപ്പുയരുന്നത് തുവാലു പോലുള്ള ദ്വീപുരാജ്യം 2050-തോടുകൂടി പസഫിക്കില്‍ താഴ്ന്നുപോകും എന്ന് കരുതുന്നു.
2017-ലെ കാലാവസ്ഥ ദുരന്തങ്ങള്‍ മൂലമുള്ള സാമ്പത്തികനഷ്ടം 320 ബില്യണ്‍ ഡോളര്‍ ആണ് യുണൈറ്റഡ് നേഷന്‍ കമ്മിഷന്‍ ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്മെന്റ് കണക്കാക്കിക്കയത്. 2013-ല്‍ ഉത്തരാഖണ്ഡ് പ്രളയം മാത്രം രണ്ടു ബില്യണ്‍ ഡോളര്‍ സാമ്പത്തികനഷ്ടവും അതേവര്‍ഷം ഫിലിപ്പീന്‍സില്‍ വീശിയടിച്ച ഹയാന്‍ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് വരുത്തിയത് പതിനായിരത്തോളം ജീവഹാനിയും 6 ബില്യണ്‍ ഡോളര്‍ നാശനഷ്ടവുമായിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആവര്‍ത്തിക്കുന്ന പ്രളയവും 1200 കോടിയുടെ നാശനഷ്ടവും 261 മനുഷ്യജീവനുകളും പൊലിഞ്ഞ വയനാട് ദുരന്തവും കേരളചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവമായിരുന്നു. കേരളം പോലുള്ള ഉയര്‍ന്ന ജനസംഖ്യയുള്ളതും കാലാവസ്ഥ ദുര്‍ബലമായിട്ടുള്ളതുമായ സംസ്ഥാനങ്ങളില്‍ ഇത്തരം ദുരന്തങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കുറഞ്ഞ കാര്‍ബണ്‍ ഉദ്ഗമന സമ്പദ്വ്യവസ്ഥയിലേക്കു മാറുവാന്‍ വികസ്വര-അവികസിത രാജ്യങ്ങളെ പ്രാപ്തമാക്കുന്നതിനും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതിനും ഡോളര്‍ 1.3 ട്രില്ല്യണ്‍ ഡോളര്‍ ആവശ്യമായിവരും എന്നായിരുന്നു സാമ്പത്തികവിദഗ്ദ്ധര്‍ കണക്കാക്കിയിരുന്നത്. ആക്ടിവിസ്റ്റുകളും സംഘടനകളും 5 മുതല്‍ 7 ട്രില്ല്യണ്‍ ഡോളര്‍ വരെ വികസിത രാജ്യങ്ങള്‍ നല്‍കണം എന്ന് ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍, ഈ കണക്കുകൂട്ടലുകളെ തള്ളിക്കൊണ്ടാണ് കോപ്പ് 29 അവസാനിച്ചത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്തതീവ്രത പേറുന്ന രാജ്യങ്ങളും മറ്റു ദരിദ്ര രാഷ്ട്രങ്ങളും രണ്ടാഴ്ച നടത്തിയ രൂക്ഷമായ വിലപേശലിനൊടുവില്‍ 250 ബില്യണ്‍ ഡോളര്‍ ധനസഹായം 2035 വരെ നല്‍കാമെന്ന വ്യവസ്ഥയില്‍ ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു ബാകുവിലെ ഉച്ചകോടി. വികസിത രാജ്യങ്ങള്‍ നേരിടുന്ന ഉയര്‍ന്ന പണപ്പെരുപ്പം, യുക്രെയ്ന്‍ യുദ്ധം, കോവിഡാനന്തര സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ സാമ്പത്തിക പ്രതിസന്ധികളും ചര്‍ച്ചയായതോടെയാണ് മണിക്കൂറുകള്‍ നടന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ 250-300 ബില്ല്യണ്‍ ഡോളര്‍ ഉറപ്പിക്കേണ്ടിവന്നത്. ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് പല രാജ്യങ്ങളും ഉന്നയിച്ചത്. ''വികസ്വര രാജ്യങ്ങള്‍ക്ക് ദുരന്തസമാനമായ ഈ ഉച്ചകോടി ജനങ്ങളോടും പരിസ്ഥിതിയോടും ചെയ്യുന്ന ചതി'' എന്നാണ് പവര്‍ ഷിഫ്റ്റ് ആഫ്രിക്കയുടെ ഡയറക്ടര്‍ മുഹമ്മദ് അഡോ പ്രതികരിച്ചത്. ഇന്ത്യയടക്കമുള്ള ബൊളീവിയ, ക്യൂബ, നൈജീരിയ തുടങ്ങിയ രാജ്യങ്ങള്‍ അതിശക്തമായിത്തന്നെ വിയോജിച്ചു. മറ്റു ഹരിതപ്രചാരക സംഘടനകളൊക്കെ ശക്തമായ ഭാഷയില്‍ എതിര്‍ത്തെങ്കിലും ചര്‍ച്ചകള്‍ക്കൊടുവില്‍ അംഗീകരിക്കേണ്ടിവന്നു. ചര്‍ച്ചകള്‍ക്കിടയില്‍ ചെറുദ്വീപ് രാഷ്ട്രങ്ങളും വികസ്വര രാഷ്ട്രങ്ങളും പലപ്പോഴും നിസ്സഹകരിച്ച് വേദിയില്‍നിന്നും ഇറങ്ങിപ്പോകലിന് വഴിവച്ചെങ്കിലും തിരികെയെത്തി അതൃപ്തിയോടെ വ്യവസ്ഥകളെ അംഗീകരിച്ചു പിരിയുകയായിരുന്നു.
ഒരു രാജ്യവും പാരീസ് ഉടമ്പടി പ്രകാരമുള്ള 1.5 ഡിഗ്രി പാതയിലല്ല. പത്ത് രാജ്യങ്ങള്‍ മാത്രമാണ് അടുത്തുവന്നിട്ടുള്ളത്. എണ്ണയും പ്രകൃതിവാതകവും 90% കയറ്റുമതിയുള്ളതിനാല്‍ ആതിഥേയ രാജ്യമായ ബാകുപോലും ശക്തമായി വിമര്‍ശിക്കപ്പെട്ടു. 2024-ല്‍ ആഗോള ഫോസില്‍ ഇന്ധനത്തില്‍നിന്നുള്ള കാര്‍ബണ്‍ ഉദ്ഗമനം 0.8% ഉയരുമെന്നും ഇത് പാരീസ് ഉടമ്പടിക്ക് മുന്‍പുള്ളതിനെക്കാള്‍ 8% കൂടുതലാകാമെന്നും ശാസ്ത്രസമൂഹം സൂചന നല്‍കുന്നുണ്ട്. ഇത് കാലാവസ്ഥ ദുര്‍ബലമായിട്ടുള്ള രാജ്യങ്ങളെ കാലാവസ്ഥ മാറ്റത്തിന്റേയും അനുബന്ധ പാരിസ്ഥിതിക ദുരന്തങ്ങളുടേയും ഇരകളാക്കി മാറ്റുകയും ചെയ്യുമെന്നതില്‍ തര്‍ക്കമില്ല.
ഇന്ത്യയുടെ പങ്ക്
ലോകജനസംഖ്യയുടെ 17 ശതമാനം ഉള്‍ക്കൊള്ളുന്ന രാജ്യമാണ് ഇന്ത്യ. കാലാവസ്ഥ വ്യതിയാനം ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഉണ്ടാക്കുന്ന നഷ്ടം വലുതാണ്. കാരണം ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന മഴക്കാലമാണ് 'മണ്‍സൂണ്‍'. മണ്‍സൂണ്‍മഴയെ ആശ്രയിച്ചുള്ള കാര്‍ഷികവൃത്തിയിലാണ് ഇന്ത്യന്‍ സമ്പദ്ഘടനയുടെ അടിത്തറ.
കാലാവസ്ഥ വ്യതിയാനം മണ്‍സൂണ്‍മഴയെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ടുതന്നെ ഇന്ത്യയുടെ ആശങ്കകളെ ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ പുതിയ വ്യവസ്ഥ അംഗീകരിക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടായിരുന്നു ഇന്ത്യയ്ക്ക്.
അന്തരീക്ഷത്തിലെ കാര്‍ബണ്‍ പുറന്തള്ളലില്‍ മുഖ്യപങ്കുവഹിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്ക. 2006 വരെ ആഗോളതലത്തില്‍ ആളോഹരി കാര്‍ബണ്‍ ഉത്സര്‍ജ്ജനത്തില്‍ ഒന്നാംസ്ഥാനം അലങ്കരിച്ചിരുന്ന രാജ്യമാണ് US. പിന്നീട് ചൈന സ്ഥാനം ഏറ്റെടുത്ത് നിലനിര്‍ത്തിപ്പോരുന്നു എങ്കിലും 1990-നും 2008-നും ഇടയില്‍ അമേരിക്കന്‍ ഗതാഗതമേഖല മാത്രം പുറന്തള്ളിയ 1600-2000 ദശലക്ഷം ടണ്‍ കാര്‍ബണ്‍, ആഗോള ഗതാഗതമേഖല പുറന്തള്ളിയതിന്റെ 21.1% വരും. 1990-കള്‍ക്കുശേഷം അന്തരീക്ഷ CO2-ന്റെ അളവ് 20% വര്‍ദ്ധിച്ചു, അതായത് വര്‍ഷം 6 ബില്ല്യണ്‍ ടണ്‍. ഏഷ്യ, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവരെക്കാള്‍ ഹരിതഗൃഹവാതകങ്ങള്‍ അമേരിക്ക മാത്രം ഉല്‍സ്സര്‍ജ്ജിച്ചു. ഈ ചരിത്രപരമായ ഉത്തരവാദിത്വം നിലനില്‍ക്കവേയാണ് കാലാവസ്ഥ വ്യതിയാന ഉടമ്പടികളില്‍ നിര്‍ണ്ണായകമായ 2015-ലെ പാരീസ് ഉടമ്പടികളെ റദ്ദ് ചെയ്തതായി 2017-ല്‍ അന്ന് പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്.
പാരീസ് ഉടമ്പടി അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുമെന്നും ആത്യന്തികമായി സമ്പദ്ഘടനയ്ക്ക് ദോഷകരമാകും എന്നതായിരുന്നു കാരണമായി പറഞ്ഞത്.
മറ്റു ലോകരാജ്യങ്ങള്‍ മാത്രമല്ല, അമേരിക്കയ്ക്കകത്തുള്ള ഒട്ടുമിക്ക സ്റ്റേറ്റുകളും ട്രംപിന്റെ പ്രഖ്യാപനത്തെ എതിര്‍ത്തു. അമേരിക്കയിലെ മേയര്‍മാരും ഗവര്‍ണര്‍മാരും ഉള്‍പ്പെടെ വിവിധ യു.എസ് സ്റ്റേറ്റുകള്‍ പാരീസ് എഗ്രിമെന്റിനെ പിന്തുണച്ചുകൊണ്ട് 2030 ഓടുകൂടി 37% കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. ട്രംപിന്റെ പ്രഖ്യാപനം യു.എന്‍.എഫ്.സി.സി.സിയുടെ കീഴിലെ ഗ്ലോബല്‍ എന്‍വിറോണ്‍മെന്റ് ഫെസിലിറ്റിയുടെ ഹരിതകാലാവസ്ഥ ഫണ്ടിലേക്കുള്ള മറ്റു രാജ്യങ്ങളുടെ വിഹിതത്തില്‍ ഗണ്യമായ കുറവുവരുത്തിയതായി കെംപ് ലൂക്കിന്റെ പഠനത്തില്‍ വിശദമാക്കുന്നുണ്ട്. 2021-ല്‍ അധികാരത്തില്‍ വന്ന പ്രസിഡന്റ് ജോ ബൈഡന്‍ പാരീസ് ഉടമ്പടിയെ അംഗീകരിച്ചുകൊണ്ട് കാലാവസ്ഥ വ്യതിയാനം കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ ആരംഭിക്കുകയും ചെയ്തു. ഇപ്പോഴത്തെ ട്രംപിന്റെ വിജയം 'ഭൂമിക്ക് പ്രധാനഭീഷണി' എന്നാണ് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍. സെപ്റ്റംബറില്‍ അദ്ദേഹം നടത്തിയ സംഭാഷണത്തില്‍ പറഞ്ഞത് ''കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഊതിവീര്‍പ്പിച്ചതാണ്. അത് നമ്മുടെ പ്രശ്നമല്ല, എത്രയും പെട്ടെന്ന് ഫോസില്‍ ഇന്ധനങ്ങളിലേക്ക് പോകും എന്ന് ഉറപ്പുതരുന്നു'' എന്നാണ്. ഈ പശ്ചാത്തലത്തില്‍ വ്യവസായികളെ കൂട്ടുപിടിച്ചുകൊണ്ടുള്ള പുതിയ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനങ്ങളെ കാത്തിരുന്നു കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates