ജീവിതത്തിന്റേയും മരണത്തിന്റേയും ആരവം

ജീവിതത്തിന്റേയും മരണത്തിന്റേയും ആരവം
Updated on
1 min read

ഫ്രെഞ്ച്‌ നോവലിസ്റ്റ് മത്തിയാസ് എനോയുടെ (Mathias Enard) The Annual Banquet of the Gravedigger’s Guild പ്രമേയംകൊണ്ടും ആഖ്യാനംകൊണ്ടും 2023-ലെ വേറിട്ട ഒരു വായനാനുഭവമാകുന്നു. ഡേവിഡ്‌ മെസോങ് (David Mazon) എന്ന നരവംശ ശാസ്ത്രഗവേഷകൻ, ഒരുകാലത്ത് മരണത്തിന്റെ നിശാനാടകശാലയായിരുന്ന പടിഞ്ഞാറൻ ഫ്രാൻസിലെ ഒരു വിദൂരഗ്രാമത്തിൽ എത്തിച്ചേരുന്നു. മെസോങ്ങിന്റെ ഡയറിക്കുറിപ്പുകളുടെ രൂപമാർന്ന ഒന്നാംഭാഗത്തിൽ അയാൾ ആ സ്ഥലത്തെ ‘പ്രാകൃതമനസ്സ്’ എന്നു വിളിക്കുന്നു. ഒരേ സമയം അതീത യാഥാർത്ഥ്യവും കാർണിവലിന്റെ വന്യമായ ഉത്സവാന്തരീക്ഷവും ഒത്തുചേരുന്ന ആ ഇടം നോവലിന്റെ ആഖ്യാനരൂപത്തിന്റെ പ്രതിഫലനമാകുന്നു. ഭൂതകാലവും വർത്തമാനവും ചരിത്രവും ഭാവിയുടെ നിഴലും ഇടകലരുന്ന നോവൽ ആഴവും സങ്കീർണ്ണതയും ആവാഹിക്കുന്നു. അനേകം ആഖ്യാനധാരകൾ ഫ്രാൻസിന്റേയും പശ്ചിമേഷ്യയുടേയും ചരിത്രത്തിലൂടെയും ഗ്രീക്ക് ദർശനങ്ങളിലൂടെയും മൃത്യുവിനെക്കുറിച്ചുള്ള വ്യവഹാരങ്ങളിലൂടെയും മിത്തുകളുടെ ഉണ്മയിലൂടേയും കടന്നുപോകുന്നു. ഈ ഗ്രാമത്തിനു മരണവുമായി സവിശേഷമായ ഒരു ബന്ധമുണ്ട്. മരണമടയുന്നവരുടെ ആത്മാക്കൾ, വസ്തുക്കളും ജീവജാലങ്ങളുമായി തിരിച്ചുവരുന്നു. ജീവിച്ചിരിക്കുന്നവരും മരണവും തമ്മിലുള്ള യുദ്ധത്തിനു വർഷത്തിൽ മൂന്നു ദിവസത്തെ ഇടവേളയുണ്ട്. ഫ്രാൻസിൽ ഉടനീളമുള്ള ശവക്കുഴി വെട്ടുകാരുടെ വാർഷികവിരുന്ന്‌ നടക്കുന്ന, മദ്യവും മയക്കുമരുന്നും അമിതഭക്ഷണവുമായി അവർ ആഘോഷത്തിമിർപ്പിലാഴുന്ന, ഈ ദിനങ്ങളിൽ ശവസംസ്കാരങ്ങൾ ഉണ്ടാവില്ല. അതിന്റെ അവസാനത്തെ ചടങ്ങിൽ ‘മരിക്കുക’ എന്ന ക്രിയയുടെ പര്യായങ്ങൾ മന്ത്രോച്ചാരണമാകുന്നു. മരണം പ്രത്യക്ഷപ്പെടുമെന്നതിനാൽ എഴുതാനോ വായിക്കാനോ ആവാത്ത നിഗൂഢപദങ്ങൾ നിശ്ശബ്ദ സാന്നിധ്യമാകുന്നു. ശബ്ദവും പ്രതിധ്വനിയും പോലെ, വസ്തുവും തിരിച്ചറിയാനാവാത്ത പ്രതിബിംബവും പോലെ ജീവിതവും മരണവും ആരവത്തോടെ ആഘോഷിക്കപ്പെടുന്ന ഒരു നോവൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com