

'സമകാലിക മലയാളം' വാരികയിലെ വരികളിലൂടെ കണ്ണോടിക്കുമ്പോള്‍ ഈ അക്ഷരങ്ങള്‍ സാദ്ധ്യമാക്കിയ ഊര്‍ജ്ജസ്രോതസ്സായി പ്രൊഫ. പന്മന അദൃശ്യസാന്നിദ്ധ്യമായി ഒപ്പമുണ്ട്. 1999 ജൂലൈ ഏഴിനാണ് തനതു ലിപിക്കുവേണ്ടിയുള്ള പ്രസിദ്ധമായ സമ്മേളനം വി.ജെ.ടി ഹാളില്‍ നടക്കുന്നത്. അതിനും ഒരു മാസം മുന്‍പാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. 'രചന'യുടെ ഉപജ്ഞാതാവായ ആര്‍. ചിത്രജകുമാറുമൊത്ത് ലിപി പരിഷ്‌ക്കാരത്തില്‍ ക്ഷതം വന്ന അക്ഷരങ്ങള്‍ നേരെയാക്കുന്ന കംപ്യൂട്ടര്‍ പദ്ധതികള്‍ വിശദീകരിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയതായിരുന്നു. തന്റെ പ്രിയപ്പെട്ട ശിഷ്യനെ ഏറെ നാളുകള്‍ക്കുശേഷം കണ്ടപാടെ അദ്ദേഹം ഉന്മേഷവാനായി. രചന സമ്മേളനത്തിനുവേണ്ടി ചിത്രജന്‍ എഴുതിത്തയ്യാറാക്കിയ വാദങ്ങള്‍ അദ്ദേഹം സശ്രദ്ധം കേട്ടുകൊണ്ടിരുന്നു. തൊട്ടുമുന്‍പത്തെ വര്‍ഷം ഡോ. പ്രബോധചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് 'മലയാളത്തനിമ' എന്ന പേരില്‍ അവതരിപ്പിച്ച പുത്തന്‍ ലിപി പരിഷ്‌ക്കരണത്തെക്കുറിച്ച് ചിത്രജന്‍ വിശേഷിപ്പിച്ച 'അശനിപാതം' എന്ന വാക്ക് കേട്ടപാടെ അദ്ദേഹം ചാടി എഴുന്നേറ്റു. ''എന്ത്! അശനിപാതം? അതേ, അതുതന്നെ.'' അദ്ദേഹം ഒരു കൊച്ചുകുട്ടിയെപ്പോലെ ആ വാക്ക് സംസാരത്തിനിടയില്‍ ഇടയ്ക്കിടെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
രചന സമ്മേളനത്തില്‍ ആദ്യാവസാനം അദ്ദേഹം സന്നിഹിതനായിരുന്നു. മലയാളത്തിന്റെ തനതു ലിപിയോട്, അതിനുവേണ്ടി ഇറങ്ങിപ്പുറപ്പെട്ട ഞങ്ങളേക്കാള്‍ ആവേശമായിരുന്നു അദ്ദേഹത്തിന്. അക്കാലത്ത് തിരുവനന്തപുരത്ത് രചനയ്‌ക്കെതിരെ അരങ്ങേറിയ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് നേതൃത്വം നല്‍കിയ സമ്മേളനങ്ങളിലെല്ലാം അദ്ദേഹമെത്തി ഞങ്ങള്‍ക്കുവേണ്ടി പ്രതിരോധം ചമച്ചു. ഡോ. പ്രബോധചന്ദ്രനും ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായിരുന്ന ഡോ. തമ്പാനുമെതിരെ വെളിച്ചപ്പാടായി അദ്ദേഹം പ്രസംഗവേദികളില്‍ ഉറഞ്ഞുതുള്ളി.
ഡോ. പ്രബോധചന്ദ്രന്‍ നായരുമായുള്ള സുഹൃത്ബന്ധം ലിപിയുടെ കാര്യത്തില്‍ അദ്ദേഹം തീരെ ഗൗനിച്ചില്ല. രചനയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ മറ്റൊരു സാഹിത്യകാരനോ അക്കാദമീഷ്യനൊ അദ്ദേഹത്തെപ്പോലെ ആവേശഭരിതനായി കണ്ടിട്ടില്ല. മലയാളത്തിന്റെ തെറ്റുകള്‍ ശരികളാക്കാന്‍ ശ്രമിച്ച തന്റെ പുസ്തകങ്ങളെല്ലാം പുതിയ ലിപിയിലായതിനാല്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ച തെറ്റുകളൊന്നും ശരികളായില്ല എന്ന് ഒരിക്കല്‍ അദ്ദേഹം ഖേദത്തോടെ പറഞ്ഞു.
രചന അവതരിപ്പിച്ച തനതു ലിപിയെക്കുറിച്ച് സ്വകീയവും തനതുമായ വീക്ഷണങ്ങള്‍ അദ്ദേഹം പ്രകടിപ്പിച്ചു. അതിലൊന്ന് പഴയ ലിപിയില്‍ അച്ചടിച്ചാല്‍ സ്ഥലലാഭം ഉണ്ടാകും എന്ന നിരീക്ഷണമാണ്. മലയാളത്തിന്റെ സമഗ്ര ലിപിസഞ്ചയം അവതരിപ്പിച്ച 'രചന' ഒരു ഹരിത സാങ്കേതികമാണെന്ന് പിന്നീടുണ്ടായ വിശേഷണത്തിന്റെ തുടക്കം അദ്ദേഹത്തിന്റെ നിരീക്ഷണമാണ്. ആ കണ്ടെത്തലിന്റെ മറ്റൊരു വക്താവായി എന്‍.എസ്. മാധവന്‍ ഇന്നും നമ്മോടൊപ്പമുണ്ട്.
അറുപത്തെട്ടാം വയസ്സിലാണ് സുഹൃത്ബന്ധങ്ങളെ തൃണവല്‍ഗണിച്ച് രചനയുടെ യുവാക്കളുമായി അദ്ദേഹം പോരടിക്കാനായി ഇറങ്ങിത്തിരിച്ചത് എന്നത് ഇന്നും ഒരു അത്ഭുതമാണ്. പ്രായത്തിന്റെ പക്വത ആവശ്യപ്പെടുന്ന മിതത്വം അക്ഷരങ്ങളുടെ കാര്യം വരുമ്പോള്‍ അദ്ദേഹം കാറ്റില്‍ പറത്തി. ഇരിപ്പിടത്തില്‍നിന്ന് ചാടിയെഴുന്നേറ്റ് രചനയ്‌ക്കെതിരെ സംസാരിക്കുന്ന 'പ്രഗല്‍ഭ'രോട് അദ്ദേഹം വേദിയില്‍ കയര്‍ക്കുന്നത് കാണേണ്ട കാഴ്ചയായിരുന്നു. അതു ലിപിക്കുവേണ്ടിയുള്ള രണ്ടു ദശകം നീണ്ട പോരാട്ടത്തില്‍ ഏറ്റവും തിളക്കമാര്‍ന്ന ഓര്‍മ്മകള്‍ എല്ലാം മറന്ന് അക്ഷരങ്ങളുടെ 'തെറ്റും ശരിയും' കയര്‍ത്തു വാദിക്കുന്ന പ്രൊഫസറെ കുറിച്ചുള്ളതാണ്.
ഒരു വര്‍ഷം മുന്‍പാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. യൂണിക്കോഡ് മലയാളത്തിന്റേയും രചനയുടേയും മുന്നേറ്റങ്ങള്‍ കേട്ടപ്പോള്‍ വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ മറന്ന് പണ്ടത്തെപ്പോലെ അദ്ദേഹം ഒരു കൊച്ചുകുട്ടിയായി. 2019-ല്‍ രചനയുടെ ഇരുപതാം വാര്‍ഷികം വി.ജെ.ടി ഹാളില്‍ത്തന്നെ ആഘോഷിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ''തനതു ലിപിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിക്കാറായിരിക്കുന്നു എന്നതിന്റെ വിളംബരമായിരിക്കണം അത്. വിജയകരമായിത്തീര്‍ന്ന ഒരു ഭാഷാപ്രവര്‍ത്തനത്തിന്റെ സമാപനത്തിന്റെ തുടക്കം'', അദ്ദേഹം നിര്‍ദ്ദേശിച്ചു.
'സമകാലിക മലയാള'ത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഇക്കാണുന്ന അക്ഷരങ്ങള്‍ അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ സഫലമാകുമെന്നുതന്നെയാണ് നമ്മോട് പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates