

കാസര്‍ഗോഡ് ലോകസഭാ മണ്ഡലത്തില്‍നിന്നും വിജയിച്ച ഇ.കെ. നായനാര്‍ ഏറെ അറിയപ്പെട്ടിരുന്നത് പാര്‍ലമെന്റിലെ പ്രകടനത്തിലൂടെയായിരുന്നില്ല. അക്കാലത്ത് പാര്‍ട്ടി പത്രത്തില്‍ നിരന്തരമെഴുതിയ ലേഖനങ്ങള്‍ ഇ.കെ. നായനാരെ ശ്രദ്ധേയനാക്കി. ലോകസാഹചര്യങ്ങളും കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ് ഭരണത്തിന്റെ കൊള്ളരുതായ്മകളേയും തുറന്നെഴുതിയിരുന്ന നായനാരെ യുവാവായ എനിക്കിഷ്ടമായിരുന്നു. കോണ്‍ഗ്രസ്സിന്റെ ദുഷ്പ്രവണതകളെക്കുറിച്ച് അറിയുന്നതുതന്നെ നായനാരുടെ എഴുത്തിലൂടെയായിരുന്നു കുടുംബത്തിലുള്ളവരെല്ലാം കമ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യമുള്ളവരായിട്ടും ആദ്യമൊരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് ചുവന്ന കൊടിപിടിച്ചതല്ലാതെ എന്തുകൊണ്ടോ കമ്യൂണിസ്റ്റുകാരനാകാന്‍ എനിക്ക് തോന്നിയില്ല. കേട്ടുകേള്‍വിയിലൂടെ ഭാരതീയ ജനസംഘത്തില്‍ ആകൃഷ്ടനായി.
1974-ല്‍ ഇരിക്കൂര്‍ നിയമസഭാ മണ്ഡലത്തിലുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ ഇ.കെ. നായനാരെ സി.പി.എം സ്ഥാനാര്‍ത്ഥിയാക്കി. എ. കുഞ്ഞിക്കണ്ണന്റെ ചരമത്തെത്തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇരിക്കൂറിലെ കൂടാവില്‍ എത്തിയപ്പോഴായിരുന്നു ഇ.കെ. നായനാരെ ആദ്യമായി കാണുന്നത്. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഇ.പി. കുഞ്ഞമ്പു എന്നിവരുടെ വസതിയിലായിരുന്നു ഭക്ഷണവും വിശ്രമവും. അതുകഴിഞ്ഞ് സ്വീകരണം. ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനടുത്ത് അദ്ദേഹത്തിന്റെ മകന്‍ നാരായണന്റെ ചായക്കടയ്ക്കു മുന്നില്‍ ചെറിയ ജനക്കൂട്ടം. സ്വീകരണം കഴിഞ്ഞ് ചായക്കടയിലിരിക്കുന്നവരെക്കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ നായനാരെത്തി. ഇതിനിടയില്‍ ബ്രാഞ്ച് സെക്രട്ടറി എന്നെ ചൂണ്ടിക്കാട്ടി ''ഇവന്‍ ഭയങ്കര ജനസംഘക്കാരനാണെ''ന്ന് പരിചയപ്പെടുത്തി. ''അതിനെന്താ, ഓനും വളരട്ടെ'' എന്ന് നായനാര്‍. ജനസംഘത്തിന്റെ മത്തുപിടിച്ച എനിക്ക് നായനാരുടെ പെരുമാറ്റവും പ്രവര്‍ത്തനവും നന്നെ ബോധിച്ചു. എന്നിട്ടും കമ്യൂണിസ്റ്റ് പാതയോടെനിക്ക് മതിപ്പേ ഉണ്ടായില്ല. പിന്നെ നീണ്ട ഇടവേള. അടിയന്തരാവസ്ഥയ്ക്കുശേഷം പാര്‍ട്ടി പദവികള്‍ പലതും നായനാര്‍ വഹിച്ചു. 1980 മുഖ്യമന്ത്രിയായി. ആ സമയത്താണ് കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചത്. സി.പി.എം -ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പലേടത്തും ഏറ്റുമുട്ടി.
1977-ല്‍ ജന്മഭൂമിയുടെ കണ്ണൂര്‍ റിപ്പോര്‍ട്ടറായിരിക്കെ പല ചടങ്ങുകളിലും നായനാരെ കാണാനും വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുക്കാനും അവസരമുണ്ടായി. ആ സന്ദര്‍ഭങ്ങളിലെല്ലാം നായനാര്‍ എന്നെ നോട്ടമിട്ടതായി എനിക്ക് ബോധ്യപ്പെട്ടത് 1981-ലെ ഒരു സന്ദര്‍ഭമാണ്. കണ്ണൂരിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായിരുന്ന സംഘത്തിന്റെ ദേശീയ നേതാവ് ഒ. രാജഗോപാലിനെ കാണാന്‍ മുഖ്യമന്ത്രി നായനാര്‍ ആഗ്രഹം പ്രകടിപ്പിച്ചു. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ കാണാന്‍ സമയം നിശ്ചയിച്ചു. ഒ. രാജഗോപാല്‍ (രാജേട്ടന്‍) എന്നെയും കൂട്ടിയാണ് ഗസ്റ്റ്ഹൗസിലേക്ക് പോയത്. രാജേട്ടന്‍ മുന്നിലും തൊട്ടുപിന്നാലെ ഞാനും. എന്നെ കണ്ട ഉടന്‍ നായനാരുടെ കമന്റ്. ''നല്ല കഥ. ഇവനെയുംകൊണ്ടാണോ വന്നത്?'' ഇവന്‍ പത്രക്കാരനല്ലെ, കുഴപ്പമില്ലെന്ന് രാജേട്ടനും.
ജന്മഭൂമി ലേഖകനായി 1987-ല്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ മുഖ്യമന്ത്രി നായനാര്‍ തന്നെ. വാര്‍ത്താസമ്മേളനങ്ങളില്‍ ഒരു ചോദ്യമെങ്കിലും എന്റേതായി ഉണ്ടാകും. വളരെ മുതിര്‍ന്ന തലസ്ഥാനത്തെ ലേഖകര്‍ക്ക് നടുവിലും ചെറിയ പത്രത്തിന്റെ ലേഖകനായ എന്റെ ചോദ്യം പത്രക്കാരെപ്പോലെതന്നെ മുഖ്യമന്ത്രിയേയും അസ്വസ്ഥനാക്കി എന്നു പറയാം. ഒരു ദിവസത്തെ ചോദ്യം അദ്ദേഹത്തെ വളരെ രോഷാകുലനാക്കി. ''എന്റെ ഉത്തരങ്ങളെ ട്വിസ്റ്റ് ചെയ്യാന്‍ പല തവണ നീ ശ്രമിക്കുകയാണ്. ഏതാ നിന്റെ കടലാസ്. (പത്രം) ഞാനീപ്പണി നേരത്തെ നോക്കിയതാ. അന്‍പത് വര്‍ഷമായി ഈ രംഗത്തുണ്ട്. അന്നത്തെ ചോരത്തിളപ്പില്‍ എന്റെ മറുപടിയും പരുക്കനായിരുന്നു. 50-ന്റെ പാരമ്പര്യം എനിക്കവകാശപ്പെടാനാവില്ല, എനിക്ക് 75 വയസ്സായില്ലെന്ന് ഞാനും.''
മുഖ്യമന്ത്രിയോടിങ്ങനെയൊക്കെ പറയുകയോ എന്ന് ചിലര്‍. നായനാര്‍ പിന്നെ അധികം സംസാരിക്കാന്‍ നിന്നില്ല. പക്ഷേ, ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ അത് പുതിയ അധ്യായം സൃഷ്ടിച്ചു. മന്ത്രിസഭായോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ എന്റെ നേര്‍ക്കാവും നായനാരുടെ കണ്ണ്. എന്നെ കണ്ടില്ലെങ്കില്‍ അന്വേഷിക്കും. ''എവിടെപ്പോയി എന്റെ നാട്ടുകാരന്‍.'' മൂന്നുവര്‍ഷം കഴിഞ്ഞ് ഞാന്‍ എറണാകുളത്തേക്ക് മാറ്റപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ നായനാരുടെ കണ്ണുകള്‍ എന്നെ തേടി. മറ്റ് ലേഖകരോടാരാഞ്ഞു. ചന്ദ്രിക ലേഖകന്‍ എ.എം. ഹസ്സന്റേതായിരുന്നു മറുപടി, ''പുള്ളിക്കാരന് ന്യൂസ് എഡിറ്ററായി പ്രമോഷന്‍ കിട്ടി. എറണാകുളത്താ.'' ഉടനെ വന്നു മറുപടി ''ഓന്റെ കടലാസിലുമുണ്ടോ പ്രമോഷന്‍?''
ചെറിയൊരു കാലയളവിനുശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയപ്പോള്‍ ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമായിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates