അവശിഷ്ടങ്ങള്‍ക്കിടയില്‍ സ്വപ്നം കാണുന്നവര്‍: ഗാസയിലെ കലാകാരന്‍ അല്‍ ജബലിയുടെ വരകള്‍

നഷ്ടപ്പെട്ടതും നേടാനിരിക്കുന്നതുമായ സ്വപ്നങ്ങളെ തകര്‍ന്നടിഞ്ഞ ചുമരുകളിലും തൂണുകളിലുമായി വരച്ചിടുകയാണ് പലസ്തീന്‍ പൗരനായ അലി അല്‍ ജബലി എന്ന ചെറുപ്പക്കാരന്‍.
ചിത്രങ്ങള്‍: മുഹമ്മദ് അല്‍
ചിത്രങ്ങള്‍: മുഹമ്മദ് അല്‍
Updated on
3 min read

ഷ്ടപ്പെട്ടതും നേടാനിരിക്കുന്നതുമായ സ്വപ്നങ്ങളെ തകര്‍ന്നടിഞ്ഞ ചുമരുകളിലും തൂണുകളിലുമായി വരച്ചിടുകയാണ് പലസ്തീന്‍ പൗരനായ അലി അല്‍ ജബലി എന്ന ചെറുപ്പക്കാരന്‍. ജനിച്ചുവളര്‍ന്ന ഗ്രാമവും കൂടപ്പിറപ്പുകളും പഠിച്ചുവളര്‍ന്ന വിദ്യാലയങ്ങളുമെല്ലാം തന്നെ തനിക്ക് ഒന്നൊന്നായി നഷ്ടപ്പെടുമ്പോള്‍ അത്തരം ഓര്‍മ്മകള്‍ ചുമര്‍ചിത്രങ്ങളായി ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കുകയാണ്  ഈ യുവാവ്.

കുട്ടിക്കാലം മുതല്‍ യുദ്ധങ്ങളും സംഘര്‍ഷങ്ങളും നിസ്സഹായരുടെ നിലവിളികളും കണ്ടുവളര്‍ന്ന അലി അല്‍ ജബലിയുടെ കലാഹൃദയത്തില്‍ പക്ഷേ, ഇന്നല്ലെങ്കില്‍ നാളെ പുലരാനിരിക്കുന്ന ഒരു നല്ല പ്രഭാതത്തെക്കുറിച്ചുള്ള ഒട്ടേറെ സ്വപ്നങ്ങളും അതിലേറെ പ്രതീക്ഷകളുമുണ്ട്. അത്തരം പ്രതീക്ഷകളുടെ ബഹിര്‍സ്ഫുരണങ്ങള്‍ കൂടിയാണ് ഈ ചുമര്‍ചിത്രങ്ങള്‍.                                   സുന്ദരമായി തേച്ചുമിനുക്കിയ ചുമരുകളിലല്ല അല്‍ ജബലിയുടെ ചിത്രങ്ങള്‍ രൂപപ്പെടുന്നത്. തകര്‍ന്നുടഞ്ഞ്, നിലംപതിക്കാറായ കുറേ ചുമരുകളാണ് ഈ ചിത്രകാരന്‍ കാന്‍വാസായി തെരഞ്ഞെടുത്തിരിക്കുന്നത്. ചിത്രങ്ങള്‍പോലെത്തന്നെ ചിത്രം വരയ്ക്കപ്പെടുന്ന ഇടങ്ങളും നഷ്ടങ്ങളുടെ, ദുരന്തങ്ങളുടെ, വീണുടഞ്ഞ കണ്ണീര്‍ത്തുള്ളികളുടെ കഥകള്‍ പറയുന്നുണ്ട്. 

ഇസ്രയേല്‍ സേനയുടെ നിരന്തരമായ അക്രമങ്ങളും ഉപരോധങ്ങളുംകൊണ്ട് സാധാരണ ജീവിതം തികച്ചും അസാധ്യമായ, അടുത്തകാലത്തൊന്നും സമാധാനമായ ഒരു ദിവസംപോലും പുലര്‍ന്നിട്ടില്ലാത്ത ഗാസാ മുനമ്പിലാണ് അല്‍ ജബലിയുടെ കലാലോകം. മരണം ഏതു നേരവും തലയ്ക്കു മുകളില്‍ പതിയിരിക്കുന്ന പലസ്തീന്‍ മണ്ണില്‍ ഇനിയൊരു സാധാരണ ജീവിതം അടുത്തൊന്നും സാധ്യമല്ലെന്ന തിരിച്ചറിവ് വേണ്ടുവോളമുണ്ട്. എന്നാല്‍, ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ തനിക്കു കൂടുതല്‍ കരുത്തേകുന്നുവെന്നാണ്  ഇദ്ദേഹം പറയുന്നത്. നിരന്തരം വര്‍ഷിക്കുന്ന ബോംബുകളുടേയും തലങ്ങും വിലങ്ങും പറന്നുപോകുന്ന മിസ്സൈലുകളുടേയും ഇടയില്‍ കിടന്ന് ഇപ്പോഴും താനും മറ്റു ചിലരും ജീവിക്കുന്നു എന്നതുതന്നെ വലിയൊരു അദ്ഭുതമാണ്.
പലസ്തീനില്‍ എവിടെയും, പ്രത്യേകിച്ചും ഗാസായില്‍ ഏതു സമയവും എന്തും സംഭവിക്കാം. അതുവരെയുള്ള തന്റെ ജീവിതത്തില്‍ എന്തുചെയ്യാന്‍ കഴിയും എന്ന അന്വേഷണമാണ് ഈ യുവാവിനെ ഇത്തരമൊരു കലാരൂപത്തിലേക്ക് ആകര്‍ഷിച്ചത്.

ചുട്ടുപൊള്ളുന്ന ഓര്‍മ്മകള്‍
ഇസ്രയേല്‍ സര്‍ക്കാര്‍ പലസ്തീന്‍ ജനതയ്ക്കുമേല്‍ ഇടയ്ക്കിടെ അടിച്ചേല്‍പ്പിക്കുന്ന ഉപരോധങ്ങള്‍, ഗാസായിലേയും മറ്റും ജീവിതങ്ങളെ എത്രത്തോളം ഭീകരമായി ബാധിക്കുന്നു എന്ന യാഥാര്‍ഥ്യങ്ങളുടെ നേര്‍സാക്ഷ്യപ്പെടുത്തല്‍ കൂടിയാണ് ജബലിയുടെ ചിത്രങ്ങള്‍.
'ഉപരോധം' എന്നത് പലസ്തീന്‍ ജനതയെ സംബന്ധിച്ചിടത്തോളം ഏറ്റവും വെറുക്കപ്പെട്ട ഒരു വാക്കാണ്. ഗാസായിലെ ഓരോ മനുഷ്യനും ഇന്നനുഭവിക്കുന്ന ദുരിതങ്ങളെ വരച്ചുകാട്ടാന്‍ ഒരു കലാരൂപത്തിനോ ചിത്രങ്ങള്‍ക്കോ കഴിയില്ല. എങ്കിലും ഉള്ളില്‍ ചുട്ടുപൊള്ളുന്ന ഒരുപിടി ഓര്‍മ്മകളെ, മറക്കാനാവാത്ത ചില മുഖങ്ങളെ ഇങ്ങനെയെങ്കിലും ഓര്‍ത്തെടുക്കാനുള്ള ചെറിയൊരു ശ്രമമാണ് അല്‍ ജബലിയെ സംബന്ധിച്ചിടത്തോളം ചിത്രകല.

പ്രദര്‍ശനം കാണാനെത്തിയവര്‍ക്കൊപ്പം അല്‍ ജബലി
പ്രദര്‍ശനം കാണാനെത്തിയവര്‍ക്കൊപ്പം അല്‍ ജബലി

ഗസ്സാ മുനമ്പിലെ തകര്‍ന്നടിഞ്ഞ ഒരു വലിയ കെട്ടിടത്തിനകത്താണ് അല്‍ ജബലിയുടെ കലാലോകം. സെന്‍ട്രല്‍ ഗാസായിലെ പഴയ ഇറ്റാലിയന്‍ കെട്ടിടമാണിത്. ഒരുകാലത്ത് ഇവിടുത്തെ ഏറ്റവും തിരക്കേറിയ കച്ചവടകേന്ദ്രമായിരുന്ന ഈ 15 നില കെട്ടിടം ഇന്നു കുറേ ചുമരുകളും തൂണുകളും മാത്രമായി അവശേഷിക്കുന്നു. 1990-കളില്‍ ഇറ്റലിക്കാര്‍ തങ്ങളുടെ വ്യാപാരാര്‍ത്ഥം ഇവിടെ നിര്‍മ്മിച്ച ഈ കെട്ടിടം പത്തിലധികം തവണകള്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് ഇരയായിരുന്നു. ഇപ്പോഴും സായാഹ്നങ്ങളില്‍ ആള്‍ക്കൂട്ടങ്ങളെ വരവേല്‍ക്കുന്ന ഈ കെട്ടിടാവശിഷ്ടങ്ങള്‍ കേന്ദ്രീകരിച്ചു ചിത്രങ്ങള്‍ കോറിയിടാന്‍ തെരഞ്ഞെടുത്തതു തികച്ചും യാദൃച്ഛികമായിരുന്നുവെന്നു അല്‍ ജബലി പറയുന്നു.

പലസ്തീന്‍ ജനതയുടെ ദുരിതജീവിതങ്ങളും നടുക്കങ്ങളും കോറിയിടുന്ന അല്‍ ജബലിയുടെ ചുമര്‍ ചിത്രങ്ങള്‍ അടുത്തിടെയാണ് അന്താരാഷ്ട്ര ശ്രദ്ധ നേടിത്തുടങ്ങിയത്. Dreamers Among the Rubble: (അവശിഷ്ടങ്ങള്‍ക്കിടയില്‍ സ്വപ്നം കാണുന്നവര്‍) എന്നായിരുന്നു അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ ചിത്രപ്രദര്‍ശനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. യുദ്ധം മൂലം നിരാലംബരായ ഗാസായിലെ അനേകം മനുഷ്യരുടെ ദയനീയ മുഖങ്ങളാണ് ചിത്രങ്ങളുടെ പൊതുവായ കാതല്‍.                               അനാഥമാക്കപ്പെട്ട ബാല്യങ്ങള്‍, നിരാലംബരായ വര്‍ദ്ധക്യങ്ങള്‍, പ്രതീക്ഷകള്‍ നഷ്ടപ്പെട്ട യൗവ്വനങ്ങള്‍... അതിനിടയില്‍ നല്ലൊരു പ്രഭാതത്തിനായി കാത്തിരിക്കുന്ന മറ്റു മനുഷ്യരേയും ഇക്കൂട്ടത്തില്‍ കാണാം.

അലി അല്‍ ജബലി തന്റെ ചിത്രങ്ങളോടൊപ്പം
അലി അല്‍ ജബലി തന്റെ ചിത്രങ്ങളോടൊപ്പം

''യുദ്ധങ്ങള്‍ ബാക്കിവച്ച അവശിഷ്ടങ്ങള്‍ക്കിടയില്‍ എങ്ങനെ പുതിയ പ്രതീക്ഷകള്‍ കണ്ടെത്താം'' എന്നത് അല്‍ ജബലിയെ അടുത്തകാലത്തായി ഏറെ ചിന്തിപ്പിച്ച ഒരാശയമായിരുന്നു. ഇറ്റാലിയന്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ കാന്‍വാസായി തെരഞ്ഞെടുക്കാനുള്ള നിമിത്തമായിത്തീര്‍ന്നത് ഈയൊരു ആശയമായിരുന്നു. പിന്നീടതൊരു ചിത്രഗാലറിയായി മാറ്റിയെടുക്കുകയും ചെയ്തു.

ഗാസായില്‍ ജനിച്ചുവളര്‍ന്ന 27-കാരനായ അല്‍ ജബലി തികച്ചും യാദൃച്ഛികമായാണ് ചിത്രകലയിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടത്. ജീവന്‍ നിലനിര്‍ത്തുകയെന്ന അടിസ്ഥാന ലക്ഷ്യത്തിനപ്പുറം കലയും സാഹിത്യവും പലസ്തീന്‍ ജനതയെ സംബന്ധിച്ചിടത്തോളം വിദൂരമായ ഒന്നാണ്. തൊഴിലില്ലായ്മയും പട്ടിണിയും രോഗങ്ങളും തുറിച്ചുനോക്കുന്ന ഗാസായില്‍ ഇതൊക്കെ എങ്ങനെ നിലനിക്കുമെന്നാണ് ഇദ്ദേഹം ചോദിക്കുന്നത്.

അനാഥ ബാല്യങ്ങള്‍ : അല്‍ ജബലിയുടെ ശ്രദ്ധേയമായ ഒരു ചിത്രം 
അനാഥ ബാല്യങ്ങള്‍ : അല്‍ ജബലിയുടെ ശ്രദ്ധേയമായ ഒരു ചിത്രം 

പലസ്തീന്‍ ജനത തികച്ചും അസാധാരണവും അപകടകരവുമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്. ഇവിടെയുള്ളതെല്ലാം ഓരോ നിമിഷവും തകര്‍ക്കപ്പെടുകയാണ്. തന്റെ ചിത്രങ്ങള്‍പോലും ഏതു നിമിഷവും ഓര്‍മ്മയായി മാറിയേക്കാം. 
ഈ ഭൂമിയില്‍ ജീവിക്കാന്‍, സ്വപ്നങ്ങള്‍ കാണാന്‍, സമാധാനമായി ഉറങ്ങാന്‍ തങ്ങള്‍ക്കും അവകാശമുണ്ട്. 

തങ്ങള്‍ ജീവിതത്തെ സ്‌നേഹിക്കുന്നു. ഇവിടെയുള്ള എല്ലാവരും അവരുടെ ലക്ഷ്യത്തിലെത്താനോ സമാധാനത്തോടെ ജീവിക്കാനോ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍, ഏറെ ദുഷ്‌കരമാണ് ഇന്നത്തെ സാഹചര്യത്തില്‍ ഇവ രണ്ടും:- അല്‍ ജബലി തന്റെ ഉല്‍ക്കണ്ഠകള്‍ പങ്കു വയ്ക്കുന്നത് ഇങ്ങനെയാണ്. ഓരോ ശരാശരി പലസ്തീന്‍ പൗരന്റെ കൂടി ഉല്‍ക്കണ്ഠയാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com