

എറിക് ആര്‍തര്‍ ബ്ലെയര്‍ എന്ന പേര് പറഞ്ഞാല്‍ പലര്‍ക്കും അത്ര പെട്ടെന്ന് ആളെ മനസ്സിലായെന്നു വരില്ല. ജോര്‍ജ് ഓര്‍വെല്‍ എന്നു പറഞ്ഞാലോ, മിക്കവര്‍ക്കും മനസ്സിലാവുകയും ചെയ്യും. ഇ.എ. ബ്ലെയറുടെ തൂലികാനാമമാണ് ജോര്‍ജ് ഓര്‍വെല്‍. ആംഗ്ലേയ നോവലിസ്റ്റായിരുന്ന അദ്ദേഹം സമഗ്രാധിപത്യവാഴ്ചയുടെ നിശിത വിമര്‍ശകനായിരുന്നു. 1945-ല്‍ പുറത്തുവന്ന, ഓര്‍വെലിന്റെ 'ആനിമല്‍ ഫാം' (Animal Farm) എന്ന നോവല്‍ സോവിയറ്റ് സ്റ്റാലിനിസത്തിന്റെ ജനാധിപത്യവിരുദ്ധതയിലേക്ക് അനുവാചക ശ്രദ്ധ ക്ഷണിക്കുന്ന ആക്ഷേപഹാസ്യ കൃതിയാണ്.
മനുഷ്യന്റെ അടിമത്തത്തില്‍നിന്നും ക്രൂരതകളില്‍നിന്നും മോചനം നേടാന്‍ ഒരു ഫാമിലെ മൃഗങ്ങള്‍ സംഘടിക്കുന്നതാണ് കഥ. മൃഗങ്ങളിലെ തലമുതിര്‍ന്ന കാരണവരായ 'മേജര്‍' മനുഷ്യനെ ശത്രുസ്ഥാനത്ത് നിര്‍ത്തി ആവിഷ്‌കരിച്ച സിദ്ധാന്തങ്ങള്‍ മേജറുടെ മരണശേഷം പ്രമുഖരായ മൂന്നു മൃഗങ്ങള്‍ ക്രോഡീകരിക്കുന്നു. ക്രോഡീകൃത സിദ്ധാന്തത്തിന് ആനിമലിസം (Animalism) എന്നവര്‍ പേരിട്ടു. ആ മൂന്നു പ്രമുഖരില്‍ സ്‌നോബോള്‍ എന്നും നെപ്പോളിയന്‍ എന്നും അറിയപ്പെടുന്ന രണ്ടു പന്നികളാണ് ഫാമിലെ ഭരണകാര്യങ്ങള്‍ നിയന്ത്രിച്ചത്. സ്‌ക്വീലര്‍ എന്നു പേരുള്ള മൂന്നാമത്തെ പ്രമുഖന്റെ കൂടി സഹകരണത്തോടെ സ്‌നോബോളും നെപ്പോളിയനും ആനിമലിസത്തെ ഏഴു കല്‍പ്പനകളിലേക്ക് സംഗ്രഹിക്കുന്നു. കല്‍പ്പനകള്‍ ഫാമിന്റെ ചുമരില്‍ അവര്‍ ഇങ്ങനെ രേഖപ്പെടത്തി:
1.രണ്ടു കാലില്‍ നടക്കുന്നതെല്ലാം ശത്രുക്കളാണ്.
2.നാലു കാലില്‍ നടക്കുന്നവയും ചിറകുകള്‍ ഉള്ളവയും മിത്രങ്ങളാണ്.
3.ഒരു മൃഗവും വസ്ത്രം ധരിക്കാന്‍ പാടില്ല.
4.ഒരു മൃഗവും കിടക്കയില്‍ ഉറങ്ങാന്‍ പാടില്ല.
5.ഒരു മൃഗവും മദ്യം കഴിക്കാന്‍ പാടില്ല.
6.ഒരു മൃഗവും മറ്റൊരു മൃഗത്തെ കൊല്ലാന്‍ പാടില്ല.
7.എല്ലാ മൃഗങ്ങളും തുല്യരാണ്.
കാലം മുന്നോട്ടു പോയപ്പോള്‍ ആനിമല്‍ ഫാമില്‍ അധികാര വടംവലി കയറിവന്നു. സ്‌നോബോള്‍ രാജ്യദ്രോഹിയാണെന്നു നെപ്പോളിയന്‍ പ്രചരിപ്പിച്ചു. അതോടെ രണ്ടാം കല്‍പ്പന ലംഘിക്കപ്പെടുകയായിരുന്നു. നെപ്പോളിയന്‍ ഫാം ഉടമയായിരുന്ന ജോണ്‍സ് എന്ന മനുഷ്യന്റെ വസ്ത്രം ധരിക്കാനും അയാളുടെ കിടക്കയില്‍ ഉറങ്ങാനും മദ്യം കഴിക്കാനും തുടങ്ങി. മൂന്നാമത്തേയും നാലാമത്തേയും അഞ്ചാമത്തേയും കല്‍പ്പനകളാണ് അതോടെ ലംഘിക്കപ്പെട്ടത്. നെപ്പോളിയന്‍ സ്‌നോബോളിനെ വകവരുത്തുക വഴി ആറാം കല്‍പ്പനയും ലംഘിക്കപ്പെട്ടു. പ്രായം ചെന്ന കുതിരയെ നെപ്പോളിയന്‍ കശാപ്പുകാരനു വിറ്റു. അതോടെ ഒന്നാം കല്‍പ്പനയും റദ്ദായി. ഒടുവില്‍ അവശേഷിച്ചത് അല്‍പ്പം ഭേദഗതിയോടെ ഏഴാം കല്‍പ്പന മാത്രം. അതിപ്രകാരമായിരുന്നു: ''എല്ലാ മൃഗങ്ങളും തുല്യരാണ്. പക്ഷേ, ചില മൃഗങ്ങള്‍ മറ്റുള്ള മൃഗങ്ങളെക്കാള്‍ കൂടുതല്‍ തുല്യരാണ്.''
വര്‍ത്തമാനകാല കേരളത്തില്‍ ആനിമല്‍ ഫാമിന്റെ ഭിത്തിയില്‍ ഒടുവില്‍ ബാക്കിയായ ഏഴാം കല്‍പ്പനയെ (സിദ്ധാന്തത്തെ) അനുസ്മരിപ്പിക്കുന്ന സിദ്ധാന്തമാണ് പ്രയോഗതലത്തില്‍ കാണുന്നത്. വ്യത്യാസം ഇല്ലാതില്ല. 'മൃഗ'ങ്ങള്‍ എന്നിടത്ത് 'മനുഷ്യര്‍' എന്നു തിരുത്തി വായിക്കണം. ഇവിടെ, 'എല്ലാ മനുഷ്യരും തുല്യരാണ്. പക്ഷേ, ചില മനുഷ്യര്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ തുല്യരാണ്' എന്നതാണവസ്ഥ.
കൂടുതല്‍ തുല്യരായ മനുഷ്യരില്‍ മതാധ്യക്ഷന്മാരും ഭരണപക്ഷ നിയമസഭാംഗങ്ങളുമൊക്കെ ഉള്‍പ്പെടുന്നു. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ത്രാണിയുള്ളവരെന്നു രാഷ്ട്രീയ നേതൃത്വം കരുതുന്ന മതമേധാവികള്‍ക്കെതിരെ ഗുരുതരമായ ലൈംഗികാതിക്രമാരോപണങ്ങള്‍ വന്നാല്‍പ്പോലും അത് കണ്ടില്ലെന്നു നടിക്കാനോ നിസ്സാരീകരിക്കാനോ ആണ് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള പാര്‍ട്ടികളുടെ അമരക്കാര്‍ മുതിരുക. അതിന്റെ അസന്ദിഗ്ദ്ധ തെളിവത്രേ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഉന്നയിച്ച ലൈംഗിക കയ്യേറ്റത്തിനു നേരെ ഭരിക്കുന്നവരും ഭരണം കാത്തിരിക്കുന്നവരും അനുവര്‍ത്തിക്കുന്ന അക്ഷന്തവ്യമായ ഉദാസീന സമീപനം.
പൗരപ്രമുഖ പട്ടികയില്‍ വരുന്ന സഭാമേധാവിക്കു പകരം പൗര അപ്രമുഖ പട്ടികയില്‍ വരുന്ന വല്ല സാധാരണക്കാരമുനുമെതിരെയാണ് ലൈംഗിക പീഡാനാരോപണം ഉയര്‍ന്നതെങ്കില്‍ തല്‍ക്ഷണം നടക്കുമായിരുന്നു കേസ്സെടുക്കലും മൊഴിയെടുപ്പും അറസ്റ്റും റിമാന്‍ഡുമൊക്കെ. ആരോപണത്തിലെ നെല്ലും പതിരുമൊക്കെ പിന്നെയേ പരിശോധിക്കപ്പെടൂ. ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്യത്തില്‍ ദിവസം 78 പിന്നിട്ടിട്ടും (ഇതെഴുതുന്നത് സെപ്റ്റംബര്‍ 16-ന്) സന്ന്യാസിനി ഉന്നയിച്ച ആരോപണത്തിലെ നെല്ലും പതിരും വേര്‍തിരിക്കാന്‍ അധികാരികള്‍ക്കായിട്ടില്ല. പ്രഭാഷണങ്ങളിലും പ്രസംഗങ്ങളിലും പീഡിതര്‍ക്ക് (ഇരകള്‍ക്ക്) വേണ്ടി കണ്ഠക്ഷോഭം നടത്തുന്നവര്‍ പ്രയോഗതലത്തില്‍ പീഡകരെ (വേട്ടക്കാരെ) എങ്ങനെ സംരക്ഷിക്കാം എന്ന ഗവേഷണത്തില്‍ മുഴുകുകയാണ് ചെയ്യുന്നത്.
1950 ജനുവരി 26-ന് നമ്മുടെ രാജ്യം അംഗീകരിച്ച മഹത്തായ ഭരണഘടന പൗരന്മാര്‍ക്ക് ചില അലംഘനീയ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഉറപ്പു നല്‍കുന്നുണ്ട്. അവയില്‍ ഒന്നാണ് നിയമത്തിനു മുന്‍പാകെയുള്ള ഉപാധിരഹിത സമത്വം. ഒരു ജനാധിപത്യ റിപ്പബ്ലിക്കിന്റെ അന്തഃസത്തയുടെ അവിച്ഛിന്ന ഭാഗമാണ് ഇച്ചൊന്ന അവകാശം. അതാണ് കന്യാസ്ത്രീക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നത്. 2014 തൊട്ട് 2016 വരെയുള്ള കാലയളവില്‍ പല തവണ ബിഷപ്പിനാല്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടെങ്കില്‍ അതെന്തുകൊണ്ട് ഇത്രകാലം മൂടിവെച്ചു എന്നു സന്ന്യാസിനിയോട് ചോദിക്കുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ആള്‍ബലവും അര്‍ത്ഥബലവും രാഷ്ട്രീയബലവും വലിയ തോതിലുള്ള സഭ എന്ന അധികാര സ്വരൂപത്തിനകത്ത് സന്ന്യാസിനിമാര്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകളെക്കുറിച്ചും വീര്‍പ്പുമുട്ടലുകളെക്കുറിച്ചും പരമമായ നിസ്സഹായതയെക്കുറിച്ചും അറിയാത്തവരല്ല അവര്‍. കണ്ണടച്ചു ഇരുട്ടാക്കുന്ന ഇക്കൂട്ടര്‍ നിയമത്തിനു മുന്‍പാകെയുള്ള പൗരന്മാരുടെ സമത്വം എന്ന മഹനീയ ജനാധിപത്യ പൈതൃകത്തിന്റെ സംരക്ഷണം തങ്ങളുടെത്തന്നെ സുരക്ഷിതഭാവിക്ക് അത്യന്താപേക്ഷിതമാണെന്ന വലിയ സത്യം മറന്നുകളയുന്നു.
ബിഷപ്പിനെതിരെയുള്ള ആരോപണം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കേയാണ് ഷൊര്‍ണൂരിനെ പ്രതിനിധീകരിക്കുന്ന ഭരണപക്ഷ (സി.പി.ഐ.എം.) എം.എല്‍.എ പി.കെ. ശശിക്കെതിരെ ഡി.വൈ.എഫ്.ഐയുടെ പാലക്കാട് ജില്ലാ കമ്മിറ്റിയംഗമായ യുവതി നല്‍കിയ ലൈംഗികാതിക്രമ പരാതി സംബന്ധിച്ച വിവരം പുറത്തുവരുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിനകത്തും പി.ബി. അംഗം വൃന്ദ കാരാട്ടിന്റെ സവിധത്തിലും പരാതി ബോധിപ്പിച്ചിട്ടും ഇരയ്ക്ക് നീതി ലഭിച്ചില്ല. ആരോപണ വിധേയനായ എം.എല്‍.എയാകട്ടെ, മാടമ്പികളെ അനുസ്മരിപ്പിക്കുംവിധം 'എന്ത് പരാതി, എന്ത് ആരോപണം, എന്ത് അന്വേഷണം' എന്നിങ്ങനെ തട്ടിക്കയറുന്ന ജുഗുപ്‌സാവഹ ദൃശ്യങ്ങളാണ് ചാനലുകളില്‍ കാഴ്ചവെച്ചത്. പിണറായി വിജയനെ ചിലര്‍ ധാര്‍ഷ്ട്യക്കാരന്‍ എന്നു വിശേഷിപ്പിച്ചു കണ്ടിട്ടുണ്ട്. ധൃഷ്ടതയുടെ കാര്യത്തില്‍ പിണറായിയെ ബഹുകാതം പിന്നിലാക്കും മണ്ണാര്‍ക്കാട്ടുകാരനായ ഷൊര്‍ണൂര്‍ എം.എല്‍.എ.
സഖാവ് ശശിക്കെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ നിലപാട് വനിതാ കമ്മിഷന്‍ എന്ന ആശയത്തെത്തന്നെ കൊഞ്ഞനം കുത്തും വിധമായിരുന്നു. ''കമ്മിഷന് പരാതി കിട്ടിയിട്ടില്ല അതുകൊണ്ട് അന്വേഷണവുമില്ല'' എന്നായിരുന്നു ചെയര്‍പേഴ്‌സണ്‍ പറഞ്ഞത്. സമാനമായ ആരോപണം നേരത്തെ പ്രതിപക്ഷ എം.എല്‍.എ വിന്‍സന്റിനെതിരെ ഉയര്‍ന്നപ്പോള്‍ പരാതിക്ക് കാലത്തുനില്‍ക്കാതെ സ്വമേധയാ കേസെടുത്ത കമ്മിഷന്‍ ശശിക്കേസില്‍ സ്വമേധയാ കേസെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുകപോലും ചെയ്തില്ല!
പാര്‍ട്ടിയാണെങ്കില്‍, പരാതിക്കാര്യം സ്ഥിരീകരിക്കാന്‍ ഏറെ വൈകുക മാത്രമല്ല, കേസ് പൊലീസിന് കൈമാറേണ്ടതില്ലെന്ന സമീപനം കൈക്കൊള്ളുകയും ചെയ്തു. ലൈംഗികാരോപണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ പാര്‍ട്ടിയുണ്ടെന്നാണ് സെക്രട്ടറിയും അനുചരരും അറിയിച്ചത്. ചില മുസ്ലിം മഹല്ലുകള്‍ക്ക് 'ശരിഅത്ത് കോടതി'യുള്ളതുപോലെ പാര്‍ട്ടിക്കുമുണ്ട് ശരിഅത്ത് കോടതി എന്നര്‍ത്ഥം. പാര്‍ട്ടിക്കാര്‍ക്കും മതക്കാര്‍ക്കും അവരവരുടെ നീതിന്യായ വ്യവസ്ഥയും കോടതികളുമുണ്ടെങ്കില്‍ പിന്നെ രാജ്യത്ത് നിലനില്‍ക്കുന്ന മതേതരവും പാര്‍ട്ടിയേതരവുമായ നീതിന്യായ വ്യവസ്ഥയും ന്യായാസനങ്ങളും ആര്‍ക്കുവേണ്ടിയുള്ളതാണ്? ആ വ്യവസ്ഥയ്ക്ക് വെളിയിലാണോ പാര്‍ട്ടിക്കാര്‍ക്കിടയിലുണ്ടാകുന്ന ലൈംഗികപീഡന കേസുകളടക്കമുള്ളവ അന്വേഷിക്കേണ്ടതും തീര്‍പ്പുകല്‍പ്പിക്കേണ്ടതും? സി.പി.ഐ.എമ്മിനുള്ളതുപോലെ ബി.ജെ.പിക്കാര്‍ക്ക് അവരുടെ കോടതിയും കോണ്‍ഗ്രസ്സുകാര്‍ക്ക് അവരുടെ കോടതിയും ലീഗുകാര്‍ക്ക് അവരുടെ കോടതിയുമുണ്ടായാല്‍ ദേശീയ കോടതികള്‍ അടച്ചുപൂട്ടേണ്ട അവസ്ഥ സംജാതമാകില്ലേ? ക്രിമിനല്‍ കേസുകളില്‍ പാര്‍ട്ടിക്കോടതി (പാര്‍ട്ടിമാത്ര അന്വേഷണം) എന്ന ആശയം അറുപിന്തിരിപ്പനും ജനാധിപത്യവിരുദ്ധവുമാണ്.
ആനിമല്‍ ഫാമിലെ ഏഴാം കല്‍പ്പനയുടെ പ്രയോഗവല്‍ക്കരണം ചില വ്യക്തികളുടെ കാര്യത്തില്‍ മാത്രമല്ല കണ്ടുവരുന്നത്. ചില കൂട്ടായ്മകളുടെ കാര്യത്തിലും 'ചിലര്‍ കൂടുതല്‍ തുല്യര്‍' എന്ന സിദ്ധാന്തം നിലനില്‍ക്കുന്നു. സ്വകാര്യ ട്രസ്റ്റുകള്‍ നടത്തുന്ന കണ്ണൂര്‍-കരുണ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്ക് 2016-2017 വര്‍ഷത്തില്‍ ചട്ടവിരുദ്ധമായി നടത്തിയ എം.ബി.ബി.എസ്. പ്രവേശനം മേല്‍നോട്ട സമിതി റദ്ദാക്കിയത് ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവെച്ചിരുന്നു. നിയമനിഷ്ഠയ്ക്കും നീതിക്കുമൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍, കോടതിവിധി മാനിക്കുകയായിരുന്നു വാസ്തവത്തില്‍ ചെയ്യേണ്ടത്. പക്ഷേ, 'കൂടുതല്‍ തുല്യരായ' സ്വകാര്യ ട്രസ്റ്റുകളുടെ വിദ്യാഭ്യാസ വാണിജ്യ താല്‍പ്പര്യം പരിരക്ഷിക്കാന്‍ പര്യാപ്തമായ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയത്രേ സര്‍ക്കാര്‍ ചെയ്തത്. പ്രതിപക്ഷം ഇക്കാര്യത്തില്‍ ഭരണപക്ഷത്തോട് കൈകോര്‍ക്കുകയും ചെയ്തു. കഴിഞ്ഞ ഏപ്രില്‍ നാലിന് ഓര്‍ഡിനന്‍സിനു പകരമുള്ള ബില്‍ നിയമസഭ പാസ്സാക്കിയപ്പോള്‍ പ്രതിപക്ഷനിരയില്‍നിന്നു ഒരേയൊരു എം.എല്‍.എ (വി.ടി. ബല്‍റാം) മാത്രമാണ് എതിര്‍സ്വരം ഉയര്‍ത്തിയത്. പണ്ട് സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ തെരുവിലിറങ്ങിയ മുന്‍ എസ്.എഫ്.ഐക്കാരും ഡിഫിക്കാരുമടക്കമുള്ള നിയമസഭാംഗങ്ങള്‍ സ്വകാര്യ ട്രസ്റ്റുകളുടെ കൊള്ളയ്ക്ക് നിയമസാധുത നല്‍കുന്ന ബില്ലിന് അനുകൂലമായി കൈപൊക്കി! നമ്മുടെ ഔദ്യോഗിക ഇടതുപക്ഷം എത്ര കടുത്ത വലതുപക്ഷമാണെന്ന് വെളിപ്പെട്ട ദിവസമായിരുന്നു 2018 ഏപ്രില്‍ നാല്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates