

നികുതിവരുമാന വിതരണത്തിന്റെ പേരില്‍ ഒരിടവേളയ്ക്കുശേഷം വീണ്ടും സംസ്ഥാനങ്ങളും കേന്ദ്രവും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു. കൊവിഡ് ബാധയും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണും ജി.എസ്.ടി വരുമാനത്തില്‍ വലിയ ഇടിവാണ് സൃഷ്ടിച്ചത്. ഈ സാമ്പത്തിക വര്‍ഷം ആദ്യ മൂന്നുമാസക്കാലയളവില്‍ (ഏപ്രില്‍-ജൂണ്‍) നികുതിവരുമാനം 41 ശതമാനം കുറഞ്ഞു. ലോക്ക്ഡൗണ്‍ പിന്‍വലിച്ച ജൂണില്‍ വരുമാനം മെച്ചപ്പെട്ടിട്ടുെണ്ടങ്കിലും ഈ സ്ഥിതി ഭാവിയിലും തുടരുമെന്ന് പറയാനാകില്ല. ഈ പശ്ചാത്തലത്തിലാണ് പിരിഞ്ഞുകിട്ടുന്ന സെസ് മാത്രമേ നഷ്ടപരിഹാരമായി നല്‍കുകയുള്ളുവെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ഏകീകൃത നികുതി സമ്പ്രദായം നടപ്പാക്കിയതുമൂലമുള്ള നഷ്ടം നികത്താന്‍ 2022 വരെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു പണം നല്‍കണമെന്നാണ് ജി.എസ്.ടി നിയമവ്യവസ്ഥ. പ്രതിസന്ധിസാഹചര്യം കണക്കിലെടുത്ത്, സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന ജി.എസ്.ടി നഷ്ടവിഹിതം നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വേണ്ടത്ര തയ്യാറെടുപ്പില്ലാതെ 2016-ലാണ് പുതിയ ചരക്ക്-സേവന നികുതി ബില്‍ പാര്‍ലമെന്റില്‍ പാസ്സാകുന്നത്. 2017 ജൂലൈയില്‍ ഔദ്യോഗികമായി നിയമം നിലവില്‍ വന്നു. ഒരു ഉല്പന്നം ഒരു നികുതി എന്ന പ്രചരണത്തോടെ നടപ്പാക്കിയ സമ്പ്രദായം ഫലത്തില്‍ ജനങ്ങള്‍ക്കും നികുതി സംവിധാനത്തിനും ഉപകാരപ്പെട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം, സ്വാതന്ത്ര്യാനന്തരം തുടര്‍ന്നുവന്ന ഫെഡറല്‍ അധികാരവ്യവസ്ഥിതിയെ അത് ദോഷകരമായി ബാധിക്കുകയും ചെയ്തു. കൊവിഡ് രോഗബാധ നേരിടാന്‍ പോലും സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തികശേഷിയില്ലാതായത് അതിന്റെ ഉദാഹരണമായിരുന്നു. ഫെഡറല്‍ ഭരണഘടന നിലനില്‍ക്കുന്ന രാജ്യത്ത് ഫെഡറല്‍ സംവിധാനത്തിന്റെ കരുത്ത് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലെ സുഗമമായ സാമ്പത്തിക ബന്ധമാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തികാവകാശങ്ങള്‍ അംഗീകരിക്കുകയാണ് പ്രധാനം. എന്നാല്‍, ഈ നിയമം വന്നതോടെ നികുതി നിരക്ക് ചര്‍ച്ച ചെയ്യാനുള്ള സംസ്ഥാനങ്ങളുടെ അവകാശം പോലും ഇല്ലാതായി. ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നികുതിഘടനയില്‍ മാറ്റം വരുത്തി വില നിയന്ത്രിക്കാനും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാനുമുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് ഇല്ലാതായി.
സെസും വരുമാന നഷ്ടവും
ഏകീകൃത ചരക്ക്-സേവന നികുതി നിയമപ്രകാരം ചട്ടങ്ങളും നടപടിക്രമങ്ങളും നടപ്പാക്കുന്നത് ജി.എസ്.ടി കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരമാണ്. കേന്ദ്ര ധനകാര്യമന്ത്രിയാണ് അധ്യക്ഷന്‍. സംസ്ഥാന ധനമന്ത്രിമാര്‍ അംഗങ്ങളും. കേന്ദ്രത്തിന് മൂന്നിലൊന്ന് വോട്ടിങ് വെയിറ്റേജും ബാക്കിയുള്ളവര്‍ക്കെല്ലാം കൂടി മൂന്നില്‍ രണ്ട് വോട്ടിങ് വെയിറ്റേജുമാണുള്ളത്. വോട്ടിങ്ങ് വേണ്ടി വന്നാല്‍ നാലില്‍ മൂന്ന് വോട്ടിങ്ങ് വെയിറ്റേജിലാണ് നിര്‍ദ്ദേശം പാസ്സാക്കുക. അതുകൊണ്ട് കേന്ദ്രം എതിര്‍ക്കുന്ന ഒരു നിര്‍ദ്ദേശം പോലും പാസ്സാകില്ല. ജി.എസ്.ടി നടപ്പാക്കുമ്പോഴുണ്ടാകുന്ന വരുമാനനഷ്ടം നികത്തുന്നതിനുള്ള ജി.എസ്.ടി കോംപന്‍സേഷന്‍ ആക്റ്റ് പ്രകാരം 2015-'16 ലെ നികുതി പിരിവിന്റെ അടിസ്ഥാനത്തില്‍ 14 ശതമാനം വര്‍ദ്ധന വര്‍ഷംതോറും കണക്കാക്കി ആദ്യ അഞ്ച് വര്‍ഷം നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്കു നല്‍കണം. അതായത് സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തില്‍ 14 ശതമാനം വളര്‍ച്ചയെന്നു കണക്കാക്കിയാണ് നഷ്ടപരിഹാരം നിശ്ചയിക്കുക. അതില്‍ കുറവാണെങ്കില്‍ അതിലെ വ്യത്യാസം നഷ്ടപരിഹാരമായി നല്‍കും. അത് സംസ്ഥാനങ്ങളുടെ അവകാശവുമാണ്. എന്നാല്‍, കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ തുക സമയബന്ധിതമായി ലഭിക്കുന്നില്ല. രണ്ട് മാസത്തിലൊരിക്കലാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത്. എന്നാല്‍, ഇത് പാലിക്കപ്പെടുന്നുമില്ല.
നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക് നല്‍കിയ കണക്കുകള്‍ അനുസരിച്ച് (മാര്‍ച്ച് 3-ന്) 2019 ഒക്ടോബര്‍ മാസം മുതല്‍ 2020 ജനുവരി വരെയുള്ള നഷ്ടപരിഹാരം മൂവായിരം കോടിക്ക് മുകളിലാണ്. ഇതില്‍ 854 കോടി നേരത്തേ അനുവദിച്ചിരുന്നു. ജൂലൈ 27-ന് 13,806 കോടി രൂപ ധനമന്ത്രാലയം അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിക്കേ തുക 1.65 ലക്ഷം കോടിയാണ്. പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങിയ ഏപ്രില്‍ മുതലുള്ള മാസത്തെ നഷ്ടപരിഹാരം കിട്ടിയിട്ടുമില്ല. മാര്‍ച്ചു വരെയുള്ള നികുതി കുടിശികയാണ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം 8111 കോടി രൂപ കേരളത്തിന് നഷ്ടപരിഹാരം കിട്ടി. ഇപ്പോള്‍ ആദ്യത്തെ നാലുമാസംകൊണ്ട് നഷ്ടപരിഹാരത്തുക 6000 കോടി രൂപയായി ഉയര്‍ന്നു. നഷ്ടപരിഹാരം വൈകുന്നതു സംബന്ധിച്ച് കഴിഞ്ഞ ജി.എസ്.ടി കൗണ്‍സിലില്‍ രൂക്ഷമായ ചര്‍ച്ച നടന്നു. എല്ലാ സംസ്ഥാനങ്ങളോടും പ്രതിവിധി എഴുതിത്തരാന്‍ കേന്ദ്ര ധനമന്ത്രി പറഞ്ഞു. ജൂലൈ മാസത്തില്‍ ഇതു ചര്‍ച്ച ചെയ്യാന്‍വേണ്ടി മാത്രം കൗണ്‍സില്‍ യോഗം വിളിക്കാമെന്നായിരുന്നു ധാരണ- തോമസ് ഐസക് പറയുന്നു. എന്നാല്‍, കൗണ്‍സില്‍ യോഗം ജൂലൈയില്‍ കൂടിയില്ല.
ഇനി നഷ്ടപരിഹാര വിഹിതം നല്‍കാന്‍ പ്രയാസമാണെന്ന നിലപാടാണ് ഇത്തവണയും കേന്ദ്ര ധനകാര്യ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ ആവര്‍ത്തിച്ചത്. ഇതിനു പുറമേ സെസില്‍ നിന്നു ലഭിക്കുന്ന തുക മാത്രമേ നല്‍കുകയുള്ളുവെന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. സെസ് മാത്രമേ നഷ്ടപരിഹാരമായി നല്‍കുവെന്ന് ഏകപക്ഷീയമായി തീരുമാനിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ലെന്നാണ് സംസ്ഥാനങ്ങളുടെ വാദം. നഷ്ടപരിഹാരം വൈകുന്നതിനെതിരെ പഞ്ചാബും കേരളവുമടക്കമുള്ള സംസ്ഥാനങ്ങളെല്ലാം രംഗത്തുവന്നിട്ടുണ്ട്. നിലവിലുള്ള ഫണ്ടില്‍ പണമില്ല, വരുമാനമുണ്ടാക്കുന്ന മറ്റു നടപടികളെക്കുറിച്ച് നിയമം ഒന്നും പറയുന്നുമില്ല-പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്ര പറയുന്നു. സമയാസമയം നഷ്ടപരിഹാരം നല്‍കണമെന്ന് പഞ്ചാബ് ആവശ്യപ്പെട്ടപ്പോള്‍ കേരളം ഫെഡറല്‍ തത്ത്വങ്ങളുടെ വഞ്ചനയാണെന്നാണ് വ്യക്തമാക്കിയത്. ജി.എസ്.ടിയും ധന ഉത്തരവാദിത്വ നിയമവും പതിനഞ്ചാം ധനകാര്യകമ്മിഷനും സംസ്ഥാനങ്ങളുടെ ധനപരമായ സ്വാതന്ത്ര്യത്തെ പൂര്‍ണ്ണമായും കവര്‍ന്നെന്ന് തോമസ് ഐസക് പലതവണ പറഞ്ഞുകഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളുമായി ചേര്‍ന്ന് നിയമപരമായി നേരിടാന്‍ കേരളം ഒരുങ്ങുകയും ചെയ്തു.
കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് നഷ്ടപരിഹാരം സംബന്ധിച്ച ആശങ്കകള്‍ തുടങ്ങുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കി. കൊവിഡ് പ്രതിസന്ധിയോടെ വരുമാനമില്ലാതായ സംസ്ഥാനങ്ങള്‍ കടുത്ത സാമ്പത്തിക ഞെരുക്കത്തിലുമായി. ഇതോടെ നഷ്ടപരിഹാരത്തിനായുള്ള മുറവിളിയും കൂടി. അതേസമയം നല്‍കേണ്ട നഷ്ടപരിഹാരവും സെസ് വരുമാനവും തമ്മില്‍ വലിയ വ്യത്യാസം വരുന്നത് ധനമന്ത്രാലയത്തെ കുഴപ്പത്തിലാക്കി. ഗത്യന്തരമില്ലാതെ, നികുതിപിരിവ് ലക്ഷ്യം കാണുന്നില്ലെന്നും ആനുപാതികമായി സെസ് വരുമാനം കുറയുന്നെന്നും പറഞ്ഞ് നഷ്ടപരിഹാരം നല്‍കുന്നത് സെസ് ഫണ്ടില്‍നിന്ന് മാത്രമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഈ നിര്‍ദ്ദേശത്തെ മുന്‍ ധനകാര്യ സെക്രട്ടറി വിജയ് ഖേല്‍ക്കര്‍ അടക്കമുള്ളവര്‍ എതിര്‍ത്തിരുന്നു. പതിമൂന്നാം ധനകാര്യ കമ്മിഷന്‍ ചെയര്‍മാനായിരുന്നു അദ്ദേഹം. വിജയ് ഖേല്‍ക്കറും പൂനെ ഇന്റര്‍നാഷണല്‍ സെന്റര്‍ സീനിയര്‍ ഫെലോ വി. ഭാസ്‌കറും ചേര്‍ന്നെഴുതിയ ലേഖനത്തില്‍ കേന്ദ്രത്തിന്റെ നിലപാട് നിയമപരമായി ശരിയാണെന്നു തോന്നുമെങ്കിലും ഇത് ധാര്‍മ്മികമായ ഒന്നല്ലെന്ന് പറയുന്നുണ്ട്.
ധനപരം നിയമപരവും
സെസ് മാത്രം നഷ്ടപരിഹാര ഫണ്ടിലേക്ക് മാറ്റാനുള്ള തീരുമാനം നിയമപരമായ പ്രശ്നത്തെക്കാള്‍ ധനപരമായ പ്രശ്നം കൂടിയാണ്. സെക്ഷന്‍ 10 (1) അനുസരിച്ച് ജി.എസ്.ടി കൗണ്‍സിലിന്റെ അനുമതിയോടെ മറ്റ് തുകകളും കോമ്പന്‍സേഷന്‍ ഫണ്ടിലേക്ക് മാറ്റാമെന്നും ഇവര്‍ പറയുന്നു. ലക്ഷ്വറി ഉല്പന്നങ്ങള്‍ക്കും പുകയില പോലുള്ള ഉല്പന്നങ്ങള്‍ക്കും ചുമത്തുന്ന സെസാണ് ഇപ്പോള്‍ കോംപന്‍സേഷന്‍ ഫണ്ടിലേക്ക് പോകുന്നത്. 2017-ല്‍ നടന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗങ്ങളില്‍ ഈ നഷ്ടപരിഹാര ഫണ്ടിന് മറ്റ് സ്രോതസ്സുകള്‍ കൂടി കെണ്ടത്തണമെന്ന നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയിരുന്നു. നഷ്ടപരിഹാര വിഷയത്തിനായി ജി.എസ്.ടി കൗണ്‍സിലില്‍ മന്ത്രിമാരുടെ സമിതിയുെണ്ടന്നും സെസ് കൊണ്ട് മാത്രം സംസ്ഥാനങ്ങള്‍ തൃപ്തിപ്പെടണമെന്നുണ്ടെങ്കില്‍ അതു കൗണ്‍സിലിന്റെ തീരുമാനമാവണമെന്നും സംസ്ഥാനങ്ങള്‍ വാദിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സെസ് തുക മതിയായില്ലെങ്കില്‍ ഉചിതമായ തീരുമാനം ജി.എസ്.ടി കൗണ്‍സിലിനു തീരുമാനിക്കാമെന്നാണ് അറ്റോര്‍ണി ജനറലിന്റെ വാദം.
സെസ് ഫണ്ടില്‍ നിന്നുള്ള തുക മതിയാവില്ലെങ്കില്‍ വിപണിയില്‍നിന്ന് വായ്പയെടുക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ജി.എസ്.ടി കൗണ്‍സിലിനു തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടുതല്‍ ഉല്പന്നങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തണമെന്നും വിപണിയില്‍നിന്ന് വായ്പയെടുത്ത് വരുമാന നഷ്ടം നികത്താന്‍ അനുവദിക്കണമെന്നുമുള്ള സംസ്ഥാനങ്ങളുടെ ആവശ്യവും പരിഗണനയിലുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ വായ്പാപരിധിയിലെ ഇളവാണ് നേരത്തേ മുതല്‍ ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാനങ്ങള്‍ വായ്പയെടുത്താല്‍ പിന്നീട് നഷ്ടപരിഹാര ഫണ്ടിലേക്ക് ലഭിക്കുന്ന പണം ഉപയോഗിച്ച് വായ്പ തിരിച്ചടയ്ക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. എന്നാല്‍, വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുന്നിടത്തോളം കാലം ഭാവിവരുമാനത്തിന്റെ കാര്യത്തില്‍ അവ്യക്തത തുടരും. സ്വാഭാവികമായും വലിയ കടക്കെണിയാവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നേരിടേണ്ടിവരിക.
കേരളവും കടക്കെണിയും
തുടക്കത്തില്‍ ജി.എസ്.ടി നടപ്പാക്കുന്നതിനെ ഏറ്റവും കൂടുതല്‍ അനുകൂലിച്ചിരുന്ന സംസ്ഥാനമാണ് കേരളം. എല്‍.ഡി.എഫ് ഭരിച്ചപ്പോഴും യു.ഡി.എഫ് ഭരിച്ചപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി. ബംഗാളിലെ സി.പി.എം ധനമന്ത്രിയായിരുന്ന അസിം ദാസ് ഗുപ്തയാണ് ജി.എസ്.ടിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കിയത്. സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയുടെ അധ്യക്ഷനായി 11 വര്‍ഷം തുടര്‍ന്ന അസിം ദാസിന്റെ കാലത്താണ് ജി.എസ്.ടിയുടെ ചട്ടക്കൂട് രൂപപ്പെട്ടുവന്നത്. ബി.ജെ.പിയുടെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി നിയമിച്ച് മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്തും തുടര്‍ന്ന സംവിധാനം.
ജി.എസ്.ടി നീക്കം കുത്തകവല്‍ക്കരണത്തിലേക്കുള്ള പടവാണെന്നാണ് സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടപ്പോഴും ഈ സംവിധാനം സംസ്ഥാനത്തിന് ഗുണകരമാകുമെന്നാണ് ധനമന്ത്രി തോമസ് ഐസക് അന്ന് പറഞ്ഞിരുന്നത്. ഉപഭോക്തൃ സംസ്ഥാനമായതിനാല്‍ കേരളത്തിന് ഈ സംവിധാനം ലാഭകരമാകുമെന്നായിരുന്നു ഐസക്കിന്റെ വാദം. എന്നാല്‍, സംഭവിച്ചത് മറ്റൊന്നാണ്.
ജി.എസ്.ടി നടപ്പാക്കിയതിനുശേഷം സംസ്ഥാനത്തിനു ലഭിച്ചുകൊണ്ടിരുന്ന 60 ശതമാനം നികുതിവരുമാനവും പ്രതിസന്ധിയിലായി. മൂല്യവര്‍ദ്ധിത നികുതി ഉണ്ടായിരുന്ന കാലത്തെ അപേക്ഷിച്ച് നികുതി വരുമാനവും കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജൂണില്‍ സംസ്ഥാന ജി.എസ്.ടി വരുമാനം 23,970 കോടിയാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 63706 കോടി. അതായത് 39,736 കോടിയുടെ കുറവ്. സ്വര്‍ണ്ണം പോലുള്ള ഉല്പന്നങ്ങളില്‍ വാറ്റ് ഉണ്ടായിരുന്നപ്പോള്‍ ലഭിച്ചത് 630 കോടിയാണ്. ജി.എസ്.ടിയായപ്പോള്‍ അത് 272 കോടിയായി. മൊത്തം വരുമാനത്തിന്റെ പത്തു ശതമാനം വരുന്ന ലോട്ടറിയടക്കമുള്ള നികുതിയിതര വരുമാനത്തിലും വര്‍ദ്ധനയുണ്ടായിട്ടില്ല. സെസ്, ഗ്രാന്റ് ഇന്‍ എയ്ഡ് അടക്കം വരുമാനത്തിന്റെ 30 ശതമാനം വരുന്ന നികുതിവിഹിതം കേന്ദ്രസര്‍ക്കാരാണ് നല്‍കേണ്ടത്. ഈ വരുമാനത്തിലും സര്‍ക്കാരിനു നിയന്ത്രണമില്ലെന്നര്‍ത്ഥം. ജി.എസ്.ടി ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കാനുള്ളതും കിട്ടുന്നില്ല. എന്നാല്‍, വരുമാനം ചുരുങ്ങുമ്പോള്‍ താരതമ്യേന ചെലവുകള്‍ വര്‍ദ്ധിക്കുകയാണ്. വരുമാനത്തിന്റെ അറുപതു ശതമാനം വരെ ശമ്പളവും പെന്‍ഷനും അതിന്റെ പലിശയും നല്‍കാന്‍ മാറ്റിവയ്ക്കുന്നു.
രാജ്യം എന്ന നിലയില്‍ ഏറ്റവും ശക്തമായ കെട്ടുറപ്പ് ഉണ്ടാക്കാന്‍ കഴിയുന്ന ഭരണഘടനാ ഭേദഗതിയാണ് ജി.എസ്.ടി എന്നാണ് അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രാജ്യസഭയില്‍ പറഞ്ഞത്. ഫെഡറല്‍ സംവിധാനമുള്ള ഒരു രാജ്യത്തിന് അതിന്റെ പരമാധികാരം ഉറപ്പിച്ചു നിര്‍ത്താന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമായാണ് ഏകീകൃത ചരക്ക്-സേവന നികുതിയെ സര്‍ക്കാരുകള്‍ കണ്ടത്. ഈ സംവിധാനം നിലവില്‍ വന്നതോടെ സംസ്ഥാനങ്ങള്‍ക്കോ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കോ വിഘടനവാദത്തിന്റെ ലാഞ്ഛനപോലും ഉയര്‍ത്താനാവാത്തവിധം അടിച്ചമര്‍ത്തപ്പെട്ടു.
രാജ്യത്ത് പിരിക്കുന്ന ഓരോ രൂപയുടെ നികുതിക്കും കേന്ദ്രവും സംസ്ഥാനവും പരസ്പരം കണക്കുപറയേണ്ട സ്ഥിതിയാണുണ്ടായത്. കേന്ദ്രത്തെ ആശ്രയിക്കാതെ സംസ്ഥാനങ്ങള്‍ക്കു പിന്നെ നിലനില്‍പ്പുണ്ടാകില്ലെന്ന സ്ഥിതിവിശേഷമാണ് ഇന്ന്. സ്വാതന്ത്ര്യത്തിനുശേഷം 70 വര്‍ഷം കഴിഞ്ഞ് രാജ്യത്തു നടക്കുന്ന ഏറ്റവും ശക്തമായ ഭരണഘടനാ ഭേദഗതിയായി ഇതു മാറുന്നതും അതുകൊണ്ടാണ്.
ആയുധംകൊേണ്ടാ ഭീഷണികൊണ്ടോ അല്ല, ഖജനാവുകൊണ്ടു സംസ്ഥാനങ്ങളെ ഭരിക്കാന്‍ കഴിയുന്ന സ്ഥിതിയാണ് കേന്ദ്രസര്‍ക്കാരിന് ഉണ്ടായത്. എന്നാല്‍, നഷ്ടപരിഹാരത്തിന്റെ അഭാവത്തോടെ ജി.എസ്.ടിയുടെ ഇപ്പോഴത്തെ രൂപകല്പനയിലും ഘടനയിലും പ്രവര്‍ത്തനത്തിലുമുള്ള വിശ്വാസ്യതക്കുറവ് കൂടുതല്‍ പ്രകടമായി. നികുതിസംവിധാനത്തിന്റെ കേന്ദ്രീകൃത ശക്തിക്കുതന്നെ ഇതോടെ ക്ഷയമുണ്ടായി. അതേസമയം, ജി.എസ്.ടി നഷ്ടപരിഹാരം എന്നെന്നേക്കുമായി തുടരാനാവില്ലെന്ന് സംസ്ഥാനങ്ങള്‍ തിരിച്ചറിയേണ്ടിവരും. അതിനാല്‍ പ്രതീക്ഷിക്കുന്ന നഷ്ടപരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള ചെലവ് വര്‍ദ്ധന ഒഴിവാക്കേണ്ടി വരും. സ്വന്തം വരുമാന (നികുതി, നികുതിയേതര) സ്രോതസ്സുകളില്‍നിന്ന് അധിക വിഭവങ്ങള്‍ സമാഹരിക്കുന്നതിലൂടെയും കൂടാതെ/അല്ലെങ്കില്‍ ധന ഏകീകരണത്തിന്റെ പാത നിലനിര്‍ത്തുന്നതിനായി ഉല്പാദനക്ഷമമല്ലാത്ത ചെലവുകള്‍ കുറച്ചുകൊണ്ട് ചെലവുകള്‍ ഏകീകരിക്കുന്നതിലൂടെയുമുള്ള വരുമാനവര്‍ദ്ധന സംസ്ഥാനങ്ങള്‍ പരിഗണിക്കേണ്ടിവരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates