

എക്കാലത്തും അയാള്‍ ഒറ്റയാനായിരുന്നു. എപ്പോഴും ഉള്ളിലേക്കു മാത്രം നോക്കി പുറം ലോകത്തിന് എളുപ്പത്തില്‍ പിടികൊടുക്കാതിരുന്ന അന്യന്‍. ആര്‍ക്കും വഴങ്ങാതെ ഒരു ശാസനത്തിനും അടിമപ്പെടാതെ അയാള്‍ അന്യതയുടെ ലഹരി ആസ്വദിച്ചു. ജീവിതത്തിന്റെ മധുരവസന്തങ്ങളും ശരത്കാലങ്ങളുമെല്ലാം വിരുന്നിനു വരുമ്പോള്‍ തന്റെയുള്ളില്‍ സദാ നേരവും മഥിച്ചിരുന്ന അന്യഥാബോധത്തെ അയാള്‍ താലോലിച്ചു. ചുരുക്കം കൂട്ടുകാര്‍, ചില വഴികളില്‍ മാത്രം കണ്ടുമുട്ടുന്നവരും പിന്നെ ചിരകാലത്തേക്കുമായി പിരിയുന്നവരും നഗരചത്വരങ്ങളിലെ ചില നോട്ടങ്ങള്‍, വഴിതെറ്റി എത്തിയ മറ്റു ചിലരുമായുള്ള നേരിയ സൗഹൃദം - ഇത്രയുമായിരുന്നു അയാളുടെ ജീവിതം. കലുഷിതമായ കാലങ്ങളില്‍ അന്യനായി ജീവിക്കുമ്പോഴും താന്‍ എന്തിനാണ് അത്തരമൊരു ജീവിതം തെരഞ്ഞെടുത്തതെന്ന് അയാള്‍ ആലോചിക്കാതിരുന്നില്ല. അന്യനെന്നാല്‍ അപരനെന്നല്ല അര്‍ത്ഥം; തികച്ചും വ്യത്യസ്തനായ ഒരാളെന്നാണ്. നോക്കുകുത്തിയാവാതെ തന്നെ അയാള്‍ വര്‍ത്തമാനത്തിന്റെ സംത്രാസങ്ങളറിഞ്ഞു. വാര്‍ത്തകള്‍ അയാളെ ചുട്ടുപൊള്ളിച്ചു. കലുഷിത കാലങ്ങളില്‍ പ്രവര്‍ത്തനത്താല്‍ ഒരു നഗരത്തിന്റെ ബലിയാടാകാന്‍ അയാള്‍ യത്‌നിച്ചില്ല. എന്നാല്‍, ബലി നടക്കുന്നത് തന്റെ ഉള്ളിലെ ഒറ്റപ്പെടലിന്റെ അറവുശാലയിലാണെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. താനൊന്നല്ല, പലതാണെന്ന് അയാള്‍ ലോകത്തെ അറിയിക്കുകയും ചെയ്തു.
അല്‍ബേര്‍ കമ്യു (Albert Camus)വിന്റെ 'അന്യനാ' (The Stranger)ണ് ഇരുപതാം നൂറ്റാണ്ടിന്റെ അസ്തിത്വ ചിന്തകള്‍ക്ക് ആക്കം കൂട്ടിയത്. പ്രസിദ്ധീകരണാന്തം ആ നോവല്‍ ലോകത്തുണ്ടാക്കിയ അസ്തിത്വവിപ്ലവം ചെറുതായിരുന്നില്ല, ശീതയുദ്ധകാലങ്ങളുടെ തുടക്കത്തില്‍ യൂറോപ്പെമ്പാടും അസ്തിത്വ വ്യഥകളില്‍ ആഴ്ന്നിറങ്ങിയപ്പോള്‍ കമ്യുവിന്റെ കഥാപാത്രം അവര്‍ക്ക് സാന്ത്വനമാവുകയായിരുന്നു. മെഴ്സാള്‍ടി (Meursault)നെ സ്വന്തം ഹൃദയത്തോടു ചേര്‍ത്തുപിടിച്ചവര്‍ ജീവിതവ്യഥയെ ആസ്വദിച്ചു. മറ്റു ചിലരാകട്ടെ, കമ്യു കണ്ടെത്തിയതുപോലെ ആത്മഹത്യയാകണം ദാര്‍ശനിക ചോദ്യമെന്ന തിരിച്ചറിവിലെത്തുകയും അതിലേക്ക് കാലെടുത്തുവെയ്ക്കുകയുമുണ്ടായി. ഒട്ടേറെ പരിഭാഷകളുണ്ടായ ഫ്രെഞ്ച് നോവലാണ് 'ദ സ്ട്രേന്‍ജര്‍'. അനേകം ഭാഷകളിലേക്ക് അതിനു മൊഴിമാറ്റവുമുണ്ടായി. ഇന്ത്യയില്‍പ്പോലും അറുപതുകളുടെ ആരംഭത്തോടെ വളരെ വായിക്കപ്പെട്ട ഈ കൃതി മൂന്നു ദശകത്തോളം ചെലുത്തിയ സ്വാധീനം വെറും അക്കാദമിക് അളവുകോലിനാല്‍ നിര്‍ണ്ണയിക്കാനാവില്ല.
എന്തായിരുന്നു കമ്യുവിനെ അന്യഥാബോധത്തിലേക്കും അന്യന്റെ സാക്ഷാല്‍ക്കാരത്തിലേക്കും അടുപ്പിച്ചത്? അസ്തിത്വദര്‍ശനങ്ങളുടെ ഉല്‍ഭവത്തെക്കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ നടന്നുകഴിഞ്ഞിട്ടുണ്ടെങ്കിലും കമ്യുവിന്റെ 'അന്യന്‍' എന്ന വിചാരപദ്ധതിയെക്കുറിച്ച് അത്തരമൊന്നും നടന്നതായി അറിവില്ല. അത്തരമൊരു ഉദ്യമമാണ് ആലിസ് കപ്ലാന്‍ 'അന്യനെ നോക്കുമ്പോള്‍' (Looking For The Outsider) എന്ന കൃതിയില്‍ നിര്‍വ്വഹിച്ചിരിക്കുന്നത്.
അള്‍ജീരിയ, പ്രണയം
വേറിട്ട രാഷ്ട്രീയം
1939-ലാണ് കമ്യു 'അന്യന്‍' എഴുതാന്‍ തുടങ്ങുന്നതെങ്കിലും അതിനു മുന്നിലുള്ള എതിര്‍പ്പുകള്‍ നിസ്സാരമായിരുന്നില്ല. ഫാസിസത്തിന്റെ നീരാളിപ്പിടുത്തത്തില്‍ യൂറോപ്പ് ഞെരിഞ്ഞമരുമ്പോള്‍ അതിനെതിരെയുള്ള പോംവഴി എഴുത്തുമാത്രമാണോയെന്ന് കമ്യു ചിന്തിക്കാതിരുന്നില്ല. അതു തന്നെയായിരുന്നു എഴുത്തും സമൂഹവും ബാഹ്യബന്ധങ്ങളുമെല്ലാമായ അസ്തിത്വ ചിന്തയുടെ ഉറവിടവും. തന്റെ സുഹൃത്തായിരുന്ന സാര്‍ത്രിനെ (Jean Paul Sartre)പ്പോലെ വലിയ വായനയുടേയോ തത്ത്വചിന്തയുടെ സ്വാധീനമോ ഒന്നും കമ്യുവിനില്ലായിരുന്നു. നിലനില്‍ക്കുന്ന അവസ്ഥകളില്‍ മനുഷ്യന്റെ ജോലിയെന്തെന്നും ഫാസിസത്തിന്റെ ആക്രമണങ്ങളെ ചെറുക്കുന്നതോടൊപ്പം സാധാരണ ജീവിതമൂല്യങ്ങളെ സംരക്ഷിക്കേണ്ടത് എങ്ങനെയെന്നുമാണ് കമ്യു ചിന്തിച്ചിരുന്നത്. ഇക്കാരണത്താല്‍ ഗ്രീക്ക് തത്ത്വചിന്തയും നവോത്ഥാന ശാസ്ത്രയുക്തിയുമെല്ലാം അപഗ്രഥിച്ചുകൊണ്ടുള്ള അസ്തിത്വ ദര്‍ശനത്തിലായിരുന്നില്ല അദ്ദേഹം എത്തിച്ചേര്‍ന്നതും.
1933-ല്‍ സിമോനെ (Simone)യുമായി നടന്ന ആദ്യ വിവാഹം പിന്നീട് ദുരന്തത്തിലേക്ക് കമ്യുവിനെ എത്തിച്ചു. തുടര്‍ന്നങ്ങോട്ട് വ്യക്തിജീവിതവും പൊതുമണ്ഡലവും തമ്മിലുള്ള അറിയപ്പെടാത്ത ഒട്ടനേകം ഇടര്‍ച്ചകളിലേക്കത് നീങ്ങുകയുണ്ടായി. 1935-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാവുകയും തുടര്‍ന്ന് സിമോനെയുമായുള്ള വേര്‍പാടോടെ The Wrong Side and the Right Side എന്ന കൃതിക്കു രൂപം കൊടുക്കുകയുമുണ്ടായി. എല്ലാത്തിനുമുപരിയായി ചില വേര്‍പാടുകളോടെ മനുഷ്യനെത്തിച്ചേരുന്ന നിരാശയ്ക്കുള്ളില്‍ നിറയുന്ന തത്ത്വജ്ഞാനമാണ് കമ്യുവിനെ 'അന്യ'നു മുന്നോടിയായ 'സുഖമരണ' (A Happy Death)മെന്ന കൃതിയുടെ എഴുത്തിലേക്ക് അടുപ്പിച്ചത്. ലൈംഗിക ജീവിതാപചയവും വേര്‍പാടും ദുഃഖവുമെല്ലാം കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോഴും തന്റെ കഥാപാത്രമായ മെഴ്സോള്‍ട്ടിന് രാഷ്ട്രീയത്തിന്റെ സമകാലിക മുഖം നല്‍കാന്‍ കമ്യു മറന്നില്ല. 'സുഖമരണ'ത്തിന്റെ കയ്യെഴുത്തുപ്രതി കമ്യു Jean Grenier-നെ കാണിച്ചിരുന്നുവെങ്കിലും ലഭിച്ച പ്രതികരണം തൃപ്തികരമായിരുന്നില്ല. വീണ്ടും കമ്യു നോവല്‍ മാറ്റിയെഴുതാന്‍ ആരംഭിച്ചു. എന്നാല്‍, രസകരമായ സംഗതി താനൊരു നോവലെഴുതുകയായിരുന്നെന്ന് സ്വയമറിഞ്ഞിരുന്നില്ലെന്ന് കപ്ലാന്‍ പറയുന്നു. കമ്യു ഒടുവില്‍ അതെഴുതി തീര്‍ത്തെങ്കിലും പ്രസിദ്ധീകരിക്കാതെ അത് അവശേഷിക്കുകയുണ്ടായി. കാരണം, കഥാപാത്ര അവതരണത്തില്‍ അദ്ദേഹം ചെലുത്തിയ മാനസിക സമ്മര്‍ദ്ദമാണ്.
അള്‍ജീരിയയുടെ രാഷ്ട്രീയാന്തരീക്ഷം കലുഷിതമായിരുന്നു. 1830-ല്‍ ഫ്രെഞ്ച് കോളനിയായിത്തീര്‍ന്ന അള്‍ജീരിയ സ്വതന്ത്രമാകാന്‍ ഏറെ പരിശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും പരിസ്ഥിതിയെല്ലാം അതിനെതിരായി വളര്‍ന്നുവന്നു. അത്തരം ആസുരകാലങ്ങളില്‍ ഒട്ടനവധി എഴുത്തുകാര്‍ (ഗ്രെനിയറുള്‍പ്പെടെ) അള്‍ജീരിയയില്‍നിന്നും ഫ്രാന്‍സിലേക്ക് താമസം മാറുകയുണ്ടായി. പത്രപ്രവര്‍ത്തകനായിരുന്ന കമ്യു ഇതെല്ലാം കൃത്യമായി റിപ്പോര്‍ട്ടു ചെയ്യുകയും അദ്ദേഹത്തിന്റെ നോട്ടു പുസ്തകങ്ങളില്‍ രേഖപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. അള്‍ജീരിയയിലെ ജൂതരും കറുത്തവരും അവരുടെ സ്ഥലരാശിക്കുള്ളില്‍ സൃഷ്ടിച്ച അന്യത്വമെന്തായിരുന്നുവെന്ന് കമ്യുവിന്റെ നോട്ടെഴുത്തുകളില്‍നിന്നും നമ്മളറിയുന്നുണ്ട്. ആധുനിക ഇസ്ലാം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന എല്‍ ഒക്ബി (El Okbi)ക്കെതിരെ നിയമനടപടിയുണ്ടാകുന്നതപ്പോഴാണ്. യാഥാസ്ഥിതിക ഇസ്ലാം വക്താവായിരുന്ന മുഫ്തി കഹോളാ (Mufti Kahoul)യിരുന്നു അതിന്റെ സൂത്രധാരന്‍. എല്‍ ഒക്ബിയെ ജീവപര്യന്തം തടവിനു വിധിച്ചപ്പോള്‍ കമ്യൂ വളരെ ദുഃഖിതനാവുകയും ഒപ്പം നീതിന്യായവും തടവും സ്വാതന്ത്ര്യവുമെന്തെന്ന ചിന്തകളിലേക്ക് കടന്നെത്തുകയും ചെയ്തു.
അള്‍ജീരിയയിലെ 'ഒറാന്‍' (Oran) നഗരമായിരുന്നു കമ്യുവിനെ ഇതര ബന്ധങ്ങളിലേക്കെത്തിച്ചത്. എന്നാലും അദ്ദേഹം ഒറാനെ വെറുക്കുകയുണ്ടായി. അവിടെയുള്ള ജനജീവിതവും മൂല്യങ്ങള്‍ കൈയൊഴിഞ്ഞ സംസാരവുമെല്ലാം കമ്യുവിനെ പിന്നീട് ഫ്രാന്‍സിലേക്കെത്തിക്കുകയുണ്ടായി. അവിടെയാണ് കമ്യു വീണ്ടും ഒട്ടേറെ പരീക്ഷണങ്ങള്‍ക്ക് വിധേയമായത്. ഫ്രാന്‍സീനെന്നെ യുവതി ഇതിനിടയില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെത്തിച്ചേര്‍ന്നിരുന്നു. ജര്‍മ്മനിയുടെ ഫ്രെഞ്ച് ആധിപത്യം തെല്ലൊന്നുമല്ല ഫ്രെഞ്ച് ജനതയെ ഉലച്ചത്. ഇതിനകം ജോലിയെടുത്തിരുന്ന പത്രസ്ഥാപനം അടച്ചുപൂട്ടപ്പെടുകയും എവിടെയും ജൂതവേട്ട ആരംഭിക്കുകയുമുണ്ടായി. ഇത്തരമൊരു പരിതസ്ഥിതിയില്‍, ചെറുത്തുനില്‍ക്കേണ്ടത് എങ്ങനെയെന്ന ചോദ്യം കമ്യുവില്‍ ഉണര്‍ന്നുവന്നത് ആത്യന്തികമായ ചോദനയുടെ ഉള്‍വലിയലിലേക്കാണ്. 'സിസിഫസിന്റെ മിത്തി' (The Myth of Sisyphus)നെക്കുറിച്ച് ഏറെ ആലോചിക്കുകയും 'അന്യനോ'ടൊപ്പം ചില അദ്ധ്യായങ്ങള്‍ സിസിഫസിനെക്കുറിച്ചെഴുതുകയുമുണ്ടായി.
ഗ്രെനിയറിനെപ്പോലൊരാള്‍ കമ്യുവിന്റെ നോവലിലെ കഫ്ക്ക (Franz Kafka)യുടെ അന്യതാബോധത്തിന്റെ അതിപ്രസരം കണ്ടെത്തിയെങ്കിലും സുഹൃത്തായ പിയ (Pia) അതിലെ സംത്രാസത്തെ മറ്റൊരു രീതിയില്‍ വിലയിരുത്തുകയുണ്ടായി. സാര്‍ത്രിന്റെ 'Nausea' ഇറങ്ങിക്കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ സാര്‍ത്ര് മുന്നോട്ടുവെച്ച അസ്തിത്വദര്‍ശനത്തില്‍നിന്നും വിഭിന്നമായി പരിപൂര്‍ണ്ണ നിരാകരണത്തിന്റേതല്ലാത്ത മറ്റൊരു ദര്‍ശനം കമ്യുവിന്റെ നായകന്‍ കൊണ്ടുവന്നിരിക്കുന്നുവെന്ന് പിയ വിശ്വസിച്ചു. എങ്കിലും വീണ്ടും തിരുത്തിയെഴുതാന്‍ കമ്യു തയ്യാറാവുകയുണ്ടായി. ഫ്രാന്‍സില്‍ അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിനടുത്തുള്ള ചിത്തരോഗാശുപത്രിയില്‍നിന്നും ഇടയ്ക്കിടെ ഉയരുന്ന ദീനരോദനങ്ങള്‍ അദ്ദേഹത്തെ ഇക്കാലങ്ങളില്‍ വല്ലാതെ അലട്ടിയിരുന്നു. അതിന്റെ അനുരണനങ്ങള്‍ നോവലില്‍ പലയിടങ്ങളിലും പ്രത്യക്ഷപ്പെടുന്നുമുണ്ട്.
മാല്‍റോയും പ്രസാധകരും
ഫ്രെഞ്ച് ഭരണകൂടത്തിന്റെ ദൈന്യാവസ്ഥയില്‍ യൂറോപ്പ് സഹതപിച്ചിരുന്നെങ്കിലും ഫാസിസത്തെ ചെറുക്കാനുള്ള ഒറ്റമൂലിയൊന്നും ആരുടെയടുത്തും ഉണ്ടായിരുന്നില്ല. ആന്ദ്രേ മാല്‍റോ (Andre Malraux)യുടെ ധൈഷണിക ലോകമായിരുന്നു ഫ്രാന്‍സിനു പുറത്ത് അംഗീകരിക്കപ്പെട്ടിരുന്നത്. സാര്‍ത്രാകട്ടെ, കമ്യുവിന്റെ നോവലിനെക്കുറിച്ച് ഒരു വാചകത്തില്‍ അഭിപ്രായമൊതുക്കി: ''ഒടുവില്‍ കമ്യു എന്തെങ്കിലും ചെയ്തൂ.'' അതായിരുന്നു ആ വാചകം.
ഗാലിമാര്‍ (Gallimard) എന്ന പ്രസിദ്ധീകരണമാണ് 1940 മെയ് ഒന്നിന് കമ്യു എഴുതിനിറുത്തിയ 'അന്യന്‍' പ്രസിദ്ധീകരിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നത്. 1941 ഡിസംബറിലായിരുന്നു അത്. കമ്യുവിന് മുന്‍പ് പ്രൂസ്ത്, മാല്‍റോ, ഴാദ് (Andre Gide) എന്നിവരുടെ കൃതികള്‍ അവര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പ്രസിദ്ധീകരണത്തിനു മുന്‍പ് ഒട്ടനേകം എഴുത്തുകാരുടെ കൈകളിലൂടെ ആ കൃതി കടന്നുപോയെങ്കിലും മാല്‍റോ വിലയിരുത്തിയതുപോലൊരു വിശകലനം ഉണ്ടായിട്ടില്ലെന്നു പറയാം. മല്‍റോയാണ് 'അന്യ'നിലെ വാചകഘടനയെക്കുറിച്ച് ഏറെ വാചാലനായത്. കമ്യുവിന്റെ വാചകങ്ങള്‍ ഉത്തമപുരുഷ കേന്ദ്രീകൃതമാണെങ്കിലും അവ ഭൂതകാലത്തെ ചില അനുഷ്ഠാനങ്ങളോടെ വര്‍ത്തമാനത്തില്‍ അവതരിപ്പിക്കുന്നുവെന്ന് മാല്‍റോ കണ്ടെത്തി. അത്തരമൊരു അവതരണം ഫ്രെഞ്ച് ഭാഷയില്‍ ആദ്യമായാണെന്നും ഒരര്‍ത്ഥത്തില്‍ പ്രൂസ്തിനുശേഷം വാക്യഘടനയിലുണ്ടാകുന്ന അതിസാധാരണ ലാളിത്യമാകാം ഇതെന്നും അദ്ദേഹം എഴുതുന്നുണ്ട്. എന്നാല്‍, മെഴ്സോള്‍ എന്ന നായകനുമായി മാല്‍റോ യോജിച്ചുപോയിരുന്നില്ല. അത്തരമൊരു നായകന്റെ രാഷ്ട്രീയം മല്‍റോയുടേതില്‍നിന്നും വിഭിന്നമായതിനാലാകാമത്.
അന്യനായി അവതരിക്കപ്പെടുന്ന മെഴ്സോളും അയാളുടെ അമ്മയും തമ്മിലുള്ള ബന്ധം കൂടുതല്‍ പിരിമുറുക്കമുള്ളതാക്കാന്‍ കമ്യുവിനോട് മാല്‍റോ പറഞ്ഞതായി കപ്ലാന്‍ എഴുതുന്നു. കമ്യുവാകട്ടെ, വൈകാരികതയെ പാടെ ഒഴിച്ചുനിറുത്താനാണ് പരമാവധി ശ്രമിച്ചതും. മാല്‍റോയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് കമ്യു വഴങ്ങിയോ എന്നതിനെക്കുറിച്ച് കപ്ലാന്‍ പറയുന്നില്ല. എന്നാല്‍, തീര്‍ച്ചയായും ഗാലിമാര്‍ പ്രസാധകര്‍ക്ക് നിര്‍ദ്ദേശിക്കുന്നതിനു മുന്‍പായി പിയ കമ്യുവിനോട് മാല്‍റോയുടെ നിര്‍ദ്ദേശങ്ങള്‍ കാര്യമായെടുക്കാനും വേണ്ട മാറ്റങ്ങള്‍ വരുത്താനും പറഞ്ഞുകാണണം.
ഗാലിമാര്‍ പ്രസാധകര്‍ 'അന്യന്‍' ഏറ്റെടുത്തു കഴിഞ്ഞതിനു ശേഷമാണ് അസാധാരണമായ സംഭവങ്ങള്‍ ഫ്രെഞ്ച് സാഹിത്യത്തില്‍ സംഭവിക്കുന്നത്. നാട്സി ഭരണകാലമായതിനാല്‍ ഒരു കൃതി പ്രസിദ്ധീകരിക്കും മുന്‍പ് അതതു നാട്ടിലെ നാട്‌സി ഭരണാധികാരികളുടെ അനുമതി കിട്ടിയിരിക്കേണ്ടത് ആവശ്യമായിരുന്നു. ജര്‍മ്മനിയുടെ അധീശത്വത്തിലായിരുന്ന ഫ്രാന്‍സിന്റെ കാര്യവുമിതായിരുന്നു. 'അന്യന്‍' പരിശോധിച്ച സാഹിത്യനിയന്ത്രണ നാട്‌സി യുവാവിന് അതില്‍ പ്രശ്‌നങ്ങളുള്ളതായി തോന്നിയില്ല. മാത്രമല്ല, ഹിറ്റ്‌ലറിനെതിരെയോ ജൂതസമാനമായോ ഒന്നും തന്നെ നോവലില്‍ കണ്ടെത്തിയുമില്ല. നോവലിന്റെ സൂക്ഷ്മ രാഷ്ട്രീയമെന്താണെന്ന് നാട്‌സി ഭരണാധികാരികള്‍ നോക്കിയുമില്ല. അത്തരമൊരവസ്ഥയിലാണ് 'അന്യ'ന്റെ പ്രസിദ്ധീകരണം നടന്നതെന്നോര്‍ക്കണം.
'അന്യ'ന്റെ കാര്യമിതായിരുന്നെങ്കില്‍ 'സിസിഫസിന്റെ മിത്തി'ന്റെ അവസ്ഥ മറ്റൊന്നായിരുന്നു. ആ കൃതിയില്‍ കഫ്ക്കയെക്കുറിച്ചുള്ളൊരു അദ്ധ്യായമുണ്ടായിരുന്നു. മാല്‍റോഖിനും പ്രസാധകര്‍ക്കുമെല്ലാം ഇഷ്ടപ്പെട്ട ഒന്നായിരുന്നു അതെങ്കിലും ജൂതപരിവേഷമുണ്ടെന്ന കാരണത്താല്‍ അത് പ്രസിദ്ധീകരിക്കാന്‍ സാധിച്ചേക്കില്ലെന്ന തീരുമാനത്തില്‍ അവരെത്തി. ഒടുവില്‍ കമ്യു ആ അദ്ധ്യായം എടുത്തുമാറ്റി ഡസ്തയേവ്‌സ്‌ക്കിയെക്കുറിച്ചുള്ള മറ്റൊരെണ്ണം അതില്‍ ഉള്‍ക്കൊള്ളിച്ചു. നാട്‌സി ഭരണത്തിനുശേഷമാണ് കഫ്ക്കയെക്കുറിച്ചുള്ള അദ്ധ്യായമതില്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടത്.
സാര്‍ത്രും കമ്യുവും തമ്മിലുള്ള ബന്ധം ഊഷ്മളമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആദ്യം കമ്യുവിന്റെ എഴുത്തില്‍ വലിയ ശ്രദ്ധ ചെലുത്താതിരുന്ന സാര്‍ത്ര് പിന്നീട് അദ്ദേഹത്തിന്റെ കൃതികളുടെ പ്രചാരകനായി മാറുകയായിരുന്നു. കഫ്ക്കയുടെ ലോകം പ്രതീക(Symbols)ങ്ങളുടേതാണെങ്കില്‍, കമ്യുവിന്റേത് അടിസ്ഥാനപരമായി അന്വേഷണത്തിന്റേതാണെന്നൊരു വാദം സാര്‍ത്രാണ് മുന്നോട്ടുവെച്ചത്. കമ്യുവാകട്ടെ, സാര്‍ത്രിനെ ഒരു വലിയ തത്ത്വചിന്തകനായാണ് കണ്ടിരുന്നത്; നോവലിസ്റ്റായിട്ടല്ല (പിന്നീട് ദെറിദയെപ്പോലൊരു ചിന്തകന്‍ സാര്‍ത്രിനെ 'ചീത്ത തത്ത്വജ്ഞാനി' (bad philosopher)യെന്ന് മുദ്ര കുത്തിയതും ഇവിടെ ഓര്‍ക്കണം). കമ്യുവിന്റെ നോവലിനെ വരവേറ്റ മറ്റൊരു തത്ത്വചിന്തകനായിരുന്നു അക്കാലങ്ങളില്‍ പ്രസിദ്ധനല്ലായിരുന്ന ബ്ലാങ്ങ്‌ഷോ (Maurice Blanchot). കമ്യുവിന്റെ 'അന്യ'നില്‍ നിറഞ്ഞുനില്‍ക്കുന്ന ആകസ്മികതയും സംഭവകാലുഷ്യങ്ങളും വലിയൊരു ജനതയുടെ കാലത്തിനുതകിയ ആത്മാവിഷ്‌ക്കാരമാണെന്ന് ബ്ലാങ്ങ്‌ഷോ വിലയിരുത്തി.
'അന്യ'ന്റെ പ്രസിദ്ധീകരണാന്തര ജീവിതം
'അന്യന്‍' പുറത്തുവന്നപ്പോള്‍ 'എഴുത്തുകാരന്റെ മരണ' (Death of the Author)മെന്ന ബാര്‍ഥിന്റെ പ്രവചനം യൂറോപ്പിനെ പിടിച്ചുകുലുക്കിയിരുന്നില്ല. എന്നാല്‍, 'അന്യ'നെക്കാള്‍ എഴുത്തുകാരന്‍ വലിയവനായി അറിയപ്പെട്ടിരുന്നുമില്ല. യുദ്ധാനന്തര ഫ്രാന്‍സില്‍ 'അന്യന്‍' അനേകമായി വിന്യസിക്കപ്പെട്ടപ്പോള്‍ മേഴ്സാളെന്ന കഥാപാത്രത്തിന്റെ തുടര്‍ജീവിതങ്ങള്‍ സൃഷ്ടിക്കപ്പെടുകയായിരുന്നു. കഥാപാത്രവും പാതിരിയും തമ്മിലുള്ള സംഭാഷണത്തെ മാത്രം ആധാരമാക്കി എത്രയോ അന്യരാണ് ഫ്രാന്‍സിലും ഇതര യൂറോപ്യന്‍ രാജ്യങ്ങളിലും വളര്‍ന്നുവന്നത്. മൂല്യനിരാകരണത്തോടെ സൃഷ്ടിക്കപ്പെടുന്ന മൂല്യം തന്നെയാണ് അസംബന്ധ(Absurd)ത്തിന്റെ ആധാരമെന്ന് അന്യര്‍ ഉറക്കെപ്പറഞ്ഞു.
'അന്യ'ന്റെ ഇംഗ്ലീഷ് വിവര്‍ത്തനമാണ് ചെറിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. വിവര്‍ത്തകനായ സ്റ്റുവര്‍ട്ട് ഗില്‍ബര്‍ട്ട് (Stuart Gilbert) നോഫ് ആന്‍ഡ് ഹാമില്‍ട്ടണ്‍ കമ്പനിക്ക് വിവര്‍ത്തനം അയച്ചുകൊടുത്തിരുന്നെങ്കിലും പിന്നീടവര്‍ 1946-ല്‍ 'ദ ഔട്ട്‌സൈഡര്‍' എന്ന ശീര്‍ഷകത്തിലാണ് പ്രസിദ്ധീകരിക്കുകയുണ്ടായത്. 'ദ സ്ട്രേഞ്ചര്‍' ഔട്ട്‌സൈഡറായതിനു പിറകിലും ഒരു കഥയുണ്ട്. പോളണ്ടിലെ നോവലിസ്റ്റായിരുന്ന മറിയ കുന്‍സെക്കോവ (Maria Kuncewiczowa)യുടെ നോവല്‍ 'ദ സ്ട്രേഞ്ചറെ'ന്ന പേരില്‍ പ്രസിദ്ധീകൃതമായിക്കഴിഞ്ഞിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ശീര്‍ഷകമാറ്റമല്ലാതെ മറ്റൊന്നും സാധ്യമല്ലെന്ന നിഗമനത്തില്‍ അവരെത്തുകയായിരുന്നു.
കമ്യു എതിര്‍പ്പുകളില്‍നിന്നും ഉണര്‍ന്നുവന്ന എഴുത്തുകാരനാണെന്ന് സാര്‍ത്ര് ഉറക്കെ പ്രഖ്യാപിച്ചു. സാര്‍ത്രിന്റെ ഈ പ്രഖ്യാപനം അമേരിക്കയില്‍ വലിയൊരു വായനക്കാരെയാണ് കമ്യുവിനുവേണ്ടി സൃഷ്ടിച്ചത്. ആത്യന്തികമായും മനുഷ്യന്‍ എതിര്‍ക്കുന്നത് എന്തിനെയെന്ന ചോദ്യത്തിന് 'അന്യ'ന് പലതും പറയാനുണ്ടായിരുന്നു. അസ്തിത്വമെന്നത് ചിന്തയുടെ ആധാരമായിരിക്കെ, എതിര്‍പ്പുകള്‍ നീളുന്നത് നിലനില്‍പ്പിലേക്കു തന്നെയെന്ന് 'അന്യ'ന്റെ വായനക്കാര്‍ അഭിപ്രായപ്പെടുകയുണ്ടായി. ഫ്രാന്‍സില്‍ എഴുതപ്പെടുന്ന അധികം നോവലുകളും കുറ്റാന്വേഷക വിഭാഗത്തില്‍ പെടുന്നവയാണെന്ന് അപലപിച്ച ഹന്ന ആരന്റിനു (Hannah Arendt) പോലും 'അന്യ'നെ തള്ളിപ്പറയാനായില്ലെന്ന് കപ്ലാന്‍ എഴുതുന്നു. ഇതിനിടയില്‍ കമ്യു അമേരിക്ക ഉള്‍പ്പെടെ പല നാടുകളിലും ഫ്രെഞ്ച് സാഹിത്യത്തെക്കുറിച്ചും അസ്തിത്വചിന്തയെക്കുറിച്ചുമെല്ലാം പ്രഭാഷണങ്ങള്‍ നടത്തുകയുണ്ടായി. യാദൃച്ഛികമെന്നു പറയട്ടെ, 'പ്ലേഗാ' (The Plague)ണ് അമേരിക്കന്‍ ജനത 'അന്യ'നേക്കാളുപരി കൈക്കൊണ്ടത്. അതിനു പിറകിലും ചില കാരണങ്ങള്‍ കാണാം. ഒറാനെന്ന നഗരത്തെ ഗ്രസിച്ച പ്ലേഗിനെ ചിലരെങ്കിലും മാരകമായ ആറ്റംബോംബ് ആക്രമണത്തോടും പിന്നീടുണ്ടായ ജപ്പാന്റെ അജൈവാവസ്ഥയോടും താരതമ്യം ചെയ്യാതിരുന്നിട്ടുണ്ടാവില്ല. 'പ്ലേഗി'ന്റെ വിജയമാണ് കമ്യുവിനെ പടിഞ്ഞാറില്‍ പ്രതിഷ്ഠിതനാക്കിയതും.
1957 നൊബേല്‍ ജേതാവായപ്പോള്‍ എഴുത്തിന്റേയും ചിന്തയുടേയും പാരമ്യത്തിലെത്തി നില്‍ക്കുകയായിരുന്നു കമ്യു. എന്നാല്‍, 1960 ജനുവരി മാസത്തിലെ അദ്ദേഹത്തിന്റെ ദാരുണമായ കാറപകട മരണം 'അന്യ'ന്റെ പിന്നീടുണ്ടായ പ്രസക്തിയെ കാണാന്‍ അനുവദിച്ചില്ല. 1967-ല്‍ വിസ്‌കോന്‍തി (Visconti) 'അന്യന്‍' സിനിമയാക്കി. സിനിമയെന്ന നിലയില്‍ വലിയ ആകര്‍ഷണീയത അതിനുണ്ടായില്ലെങ്കിലും നോവലിലെ സ്ഥലകാല മാനങ്ങളെ അസ്തിത്വവേദനയില്‍ ചാലിച്ചെടുത്ത ഫ്രെയിമുകള്‍ ഉള്‍ക്കൊള്ളിക്കാന്‍ വിസ്‌കോന്‍തിക്ക് സാധിച്ചിരുന്നു. കൊലമരത്തിലേക്ക് നടന്നുനീങ്ങുന്ന മേഴ്സോളിന്റെ ഫ്രെയിമൊന്നുമാത്രം മതി വിസ്‌കോന്‍തിയുടെ ധിഷണ വെളിപ്പെടുത്താന്‍.
കമ്യുവിന്റെ മരണാനന്തരമാണ് 'അന്യന്‍' ഏറെ വായനക്കാരിലേക്ക് എത്തിച്ചേര്‍ന്നത്. അറബ് നാടുകളിലും ഈജിപ്ത്തിലുമെല്ലാം അതിന് ബഹുവായനകള്‍ ഉണ്ടായി. 1960-കളില്‍ ഏതൊരു രാജ്യവും ഏറ്റവുമധികം പ്രാദേശിക ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനുദ്ദേശിച്ച ഏക കൃതി 'അന്യ'നായിരുന്നെന്നതിന് സംശയമില്ല. ഇതര ഫ്രെഞ്ച് എഴുത്തുകാരുടെ നോവലുകളൊന്നും (മാല്‍റോ, മോറിയക്, സാര്‍ത്ര്, ബുവ്വെ) ഇത്ര വീറോടെ വിവര്‍ത്തന വിധേയമായിട്ടില്ല. ഇന്ത്യയില്‍ 'അന്യ'ന്റെ വിവര്‍ത്തനം പല ഭാഷകളിലുമുണ്ടായിട്ടുണ്ട്. ഹിന്ദിയില്‍ മൂന്ന് വിവര്‍ത്തനങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതിലൊന്ന് ഫ്രെഞ്ചില്‍നിന്നുള്ള മൊഴിമാറ്റമായിരുന്നു. ഇംഗ്ലീഷ് പരിഭാഷയെ ഉപജീവിക്കാതെ ബംഗാളിയിലും രണ്ട് വിവര്‍ത്തനങ്ങളുണ്ട്. രസകരമായ വസ്തുത, എഴുപതുകളുടെ തുടക്കത്തില്‍ത്തന്നെ ഇത്തരം വിവര്‍ത്തനങ്ങള്‍ പുറത്തുവരികയുണ്ടായി എന്നതാണ്.
മേഴ്സാളിന്റെ ജീവിതവും അറബിയുടെ വിധിയും പിന്നീട് ഒട്ടേറെ ബൗദ്ധിക വിസ്ഫോടനങ്ങള്‍ക്ക് വഴിയൊരുക്കുകയുണ്ടായി. അറബിയെ ചിത്രീകരിച്ച കമ്യു അദ്ദേഹത്തിന്റെ അബോധ മനസ്സില്‍ വേറെ അന്യരെ സൃഷ്ടിക്കുകയായിരുന്നില്ലേ എന്ന ചോദ്യം ഉയര്‍ന്നുവന്നു. ഉത്തര കൊളോണിയല്‍ പഠനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സൈദാ (Edward said)യിരുന്നു ആ ചോദ്യം സമീപകാലങ്ങളില്‍ ആവര്‍ത്തിച്ചു ചോദിച്ചിരുന്നത്. അള്‍ജീരിയയുടെ വിമോചനത്തെ അനുകൂലിക്കാതിരുന്ന സാര്‍ത്ര് എന്തുകൊണ്ട് ഇത് കണ്ടില്ലെന്ന മറുചോദ്യം ബാക്കിനില്‍ക്കുന്നു. പിയറെ നോറ (Pierre Nora)യെപ്പോലൊരു ചരിത്രകാരനാകട്ടെ, അറബിയെ കൊന്ന മെഴ്സാള്‍, ഫ്രെഞ്ചുകാരുടെ അബോധ അള്‍ജീരിയന്‍ ആഗ്രഹമാണ് സാക്ഷാല്‍ക്കരിച്ചതെന്ന് വാദിക്കുന്നു. അതായത്, ശത്രുവിനെ നിഗ്രഹിച്ചുകൊന്ന് ഭൂമി കൈവശം വെക്കുകയെന്ന ഫ്രെഞ്ച് കോളനി കേന്ദ്രിതമായ ആഗ്രഹം. അള്‍ജീരിയയുടെ കൊടിപിടിച്ച ഒരു പ്രകടനകാരിയെ ഫ്രെഞ്ച് പൊലീസ് വെടിവെച്ചു കൊല്ലുകയുണ്ടായി. അള്‍ജീരിയ സ്വതന്ത്രമായ അതേ ദിവസം.
യുദ്ധം, ലിംഗ നിര്‍ണ്ണയങ്ങള്‍, അധിനിവേശം, ആത്മബോധത്തിനുള്ളിലെ അന്യനിര്‍മ്മിതി, സ്റ്റേറ്റ് നടപ്പാക്കുന്ന വധശിക്ഷ, കാഴ്ചയുടെ സാധ്യതകള്‍ എന്നിങ്ങനെ ഒട്ടനവധി മേഖലകളുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങള്‍ 'അന്യ'നില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. കപ്ലാന്റെ ഈ പുസ്തകം കമ്യുവിന്റെ അന്യനെ തൊട്ടറിയാന്‍ സഹായിക്കുന്നു. കമ്യുവിനേയും.
Looking For The Outsider
by Alice Kaplan.
Chicago: The Unversity of Chicago Press, 2016
Pp. 289. Price: $ 16
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates