ഇ സന്തോഷ്‌കുമാറിന്റെ നാരകങ്ങളുടെ ഉപമയെക്കുറിച്ച് രാഹുല്‍ രാധാകൃഷ്ണന്‍ എഴുതുന്നു

ഏകാന്തതയുടെ തുരുത്തില്‍നിന്നുവരെ വാക്കുകള്‍ സൃഷ്ടിക്കാന്‍ പ്രതിഭാശാലിയായ ഒരു കഥാകാരനു കഴിയുന്നു.
ഇ സന്തോഷ്‌കുമാറിന്റെ നാരകങ്ങളുടെ ഉപമയെക്കുറിച്ച് രാഹുല്‍ രാധാകൃഷ്ണന്‍ എഴുതുന്നു
Updated on
6 min read


 
അറിവൂ ഞാന്‍, ഏകാന്തതയെന്നാലേതോ
വനവിജനതയ്ക്കടിപ്പെടല്ല
കടല്‍ക്കരയിലെക്കുനിഞ്ഞിരിപ്പല്ല.
ഹിമാര്‍ദ്രമാം മലമുടികളില്‍, കാല-
രഹിതമാം മൗനം ഗ്രസിക്കലുമല്ല.
തെരുവിലോ, പ്രിയര്‍ നടുവിലോ, രതി
വിരതികള്‍, കളിചിരികള്‍ തന്നിട-
യ്ക്കതീവഗൂഢമാണതിന്റെയാശ്ലേഷം
('ഒറ്റ' -റഫീക്ക് അഹമ്മദ്)
 
1
കഥ പറഞ്ഞു പറഞ്ഞു ഭാവനാലോകം സൃഷ്ടിക്കുന്നത്, ആലോചിച്ചു നോക്കിയാല്‍, എന്തദ്ഭുതമുള്ള കാര്യമാണ്! ഒരു രചന വായിച്ചു തുടങ്ങി, ഏതാനും വരികളോ വാക്കുകളോ കഴിയുമ്പോള്‍, അതിലെ കഥാപാത്രങ്ങളും അന്തരീക്ഷവും നമ്മുടെ മനസ്സിലേയ്ക്ക് കൂട്ടുകൂടാനെത്തുന്നത് കഥപറച്ചിലിനു മാത്രം സാധ്യമാവുന്ന രസതന്ത്രമാണ്. ഏകാന്തതയുടെ തുരുത്തില്‍നിന്നുവരെ വാക്കുകള്‍ സൃഷ്ടിക്കാന്‍ പ്രതിഭാശാലിയായ ഒരു കഥാകാരനു കഴിയുന്നു. അവയെ ചേരുംപടി ചേര്‍ത്തുകൊണ്ട് അയാള്‍ സങ്കല്പത്തിന്റെ ഭൂപടങ്ങള്‍ സൃഷ്ടിക്കുന്നു. അവിടെയും ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ സൂക്ഷ്മമായി അവതരിപ്പിക്കുന്നതാണ് കഥാകൃത്തിന്റെ ധര്‍മ്മം. കണ്ണെത്താദൂരം പരന്നുകിടക്കുന്ന ആ ഭൂമികയുടെ താക്കോല്‍ അദ്ദേഹം സാവധാനം വായനക്കാരനെ ഏല്‍പ്പിക്കുകയാണ്. പിന്നീട് വായനക്കാരന്‍ കഥയെ തന്റേതായൊരു ലോകത്തിലേയ്ക്ക് സ്വയം മാറ്റിപ്പണിയുന്നു. അത്തരമൊരു പുനഃസൃഷ്ടിക്കു ക്ഷണിക്കുകയാണ്. സന്തോഷ് കുമാര്‍, 'നാരകങ്ങളുടെ ഉപമ' എന്ന കഥാസമാഹാരത്തിലൂടെ. എഴുതപ്പെടുന്ന വാക്കുകളാണ് ആധാരമാവുന്നതെങ്കിലും വായന എഴുത്തിനുമേല്‍ വാഴുന്ന ഘട്ടങ്ങളുണ്ട്. എഴുത്തുകാരന്‍ രൂപപ്പെടുത്തിയ പ്രമേയം വായനയില്‍ മാറുന്നതും ഒരുപക്ഷേ, കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതും  അപ്പോള്‍ നമ്മള്‍ കാണുന്നു.

മണ്ണിന്റെ അഗാധതയില്‍ ഉറങ്ങിക്കിടക്കുന്ന സംസ്‌കൃതിയെ (Civilization) തൊട്ടുണര്‍ത്തുക വഴി മനുഷ്യന്‍ അവന്റെ മനസ്സില്‍ പൊടികെട്ടിയ ചിന്തകളെ തൂത്തുവൃത്തിയാക്കുന്നു. ഒഴുക്കില്ലാതെ, ഉറവ വറ്റി, ഭൂമിയുടെ അടിയിലെ പാറക്കൂട്ടങ്ങളെ ഭേദിക്കാനാവാതെ, മൗനനൊമ്പരങ്ങളോടെയുള്ള അവസ്ഥയെ അതിജീവിക്കാനുള്ള ജലരാശിയുടെ ഇരമ്പമാണ് സന്തോഷ് കുമാര്‍ ഈ കഥകളിലൂടെ ആവിഷ്‌കരിക്കുന്നത്. അതുകൊണ്ടുതന്നെ വിഷാദവും ഉന്മാദവും ആസക്തിയും നിറഞ്ഞ മനുഷ്യജീവിതത്തിനെ അവ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു. 'കൊടുംകാറ്റിന്റെ കടിഞ്ഞാണയയ്ക്കുന്ന' സാരഥിയെപ്പോലെ കഥാകൃത്ത് ചരിത്രത്തേയും ഓര്‍മ്മയേയും സമകാലിക സന്ദര്‍ഭങ്ങളേയും കോര്‍ത്തിണക്കാനാണ് ഉദ്യമിക്കുന്നത്. അവിടെ ഓരോരോ കഥാപാത്രങ്ങളും അവരവരുടേതായ ഏതൊക്കെയോ നിസ്സഹായതകളില്‍ കുരുങ്ങിക്കിടക്കുന്നത് വായനക്കാരന് സ്വയം ബോധ്യപ്പെടുകയാണ്. അവരുടെ പിടച്ചിലുകള്‍ പോകെപ്പോകെ തന്റെയും കൂടിയാണെന്നു അയാള്‍ മനസ്സിലാക്കുന്നു. ആ നിലയില്‍ ആലോചിക്കുമ്പോള്‍ പരിഹാരങ്ങളില്ലാത്ത മനോവ്യഥകളുടെ സമാഹാരമാണ് ഈ പുസ്തകം.

എന്നാലും ജീവിതത്തെ തെളിച്ചത്തോടെ നിലനിര്‍ത്തണം എന്നൊരു ആഗ്രഹം കഥകളിലുണ്ട്. ''നിന്റെ വാക്കുകളാകുന്ന സ്വര്‍ഗ്ഗത്തില്‍ സൂര്യന്‍ അസ്തമിക്കുന്നില്ല'' എന്നെഴുതിയത് സെര്‍ബിയന്‍ കവിയായ വാസ്‌കോ പോപ്പോയാണ്. വാക്കുകള്‍കൊണ്ട് മനുഷ്യന്റെ പലവിധത്തിലുള്ള വ്യവഹാരലോകം സൃഷ്ടിക്കുന്ന കഥാകൃത്ത് കൂരിരുട്ടിനിടയിലും പ്രകാശമുള്ള പകലുകളും മങ്ങൂഴം നിറഞ്ഞ സന്ധ്യകളും ഇടകലര്‍ത്തി മുന്നോട്ടു പോവാന്‍ പരിശ്രമിക്കുന്നു. ഒരു ഛായാഗ്രാഹകന്‍ സന്നിവേശിപ്പിക്കുന്ന വെളിച്ചത്തിന്റെ വ്യതിയാനവും പരിചരണവും കഥയിലാകമാനം നിലനിര്‍ത്താന്‍ കഥാകൃത്ത് ശ്രദ്ധിക്കുന്നുണ്ട്. തുരങ്കത്തിലെ ഇരുട്ടും ഭൂഗര്‍ഭത്തിലെ അന്ധകാരവും കുന്നിനു ചെരുവിലെ പ്രകാശവും മാറി മാറി വരുന്നതുപോലെയാണ് സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും പാകപ്പെടുത്തിയിരിക്കുന്നത്. 

''നടുന്ന എല്ലാ മരങ്ങളും നമ്മുടെ ജീവിതകാലത്തു തന്നെ കായ്ക്കണമെന്ന വാശി പാടില്ല'' എന്ന ഓര്‍മ്മപ്പെടുത്തല്‍ തമാനെ എന്ന കഥാപാത്രത്തിന്റെ ജീവിതപരിസരങ്ങളുടെ മഷിയെഴുത്താണ്. അപരിചിതമായ ഒരു ഏകാന്തത ജീവിതത്തില്‍ എങ്ങനെയാണ് വ്യത്യസ്തമായ അടയാളപ്പെടുത്തല്‍ ഉണ്ടാക്കുക എന്നു വ്യക്തമാക്കുന്ന തമാനെ ഭൂമിക്കടിയിലെ സമയപാളികളുടെ ഗണിതവിദ്യ ഉപാസിക്കുന്നു. അതിപുരാതനമായ ഗര്‍ത്തങ്ങളില്‍ നാഗരികതയുടെ തെളിവുകള്‍ ലഭിക്കുന്നതിനായി ഖനനം നടത്തുന്ന ജോലിയായിരുന്നു തമാനെ ചെയ്തിരുന്നത്. ഭൂമിയിലെ ഒരു തരി മണ്ണിനുപോലും വേദനയുണ്ടാക്കാതെ അടര്‍ത്തി മാറ്റിമാറ്റി അഗാധതയില്‍ എത്തിച്ചേര്‍ന്നിരുന്ന അയാള്‍, ആ സൂക്ഷ്മത കേവലം ഒരു നാരങ്ങയല്ലി കഴിക്കുമ്പോളും പ്രകടിപ്പിക്കുന്നുണ്ട്. നാരങ്ങയല്ലി തിന്നാന്‍ വരെ സാധാരണയില്‍ കവിഞ്ഞ സമയം എടുക്കുന്ന തമാനെ ഒരു അപൂര്‍വ്വ ചിത്രമാണ്. സമയത്തെ മറ്റു പലതായി വാണിജ്യാടിസ്ഥാനത്തില്‍ വിഭജിച്ചെടുക്കുന്ന സമകാലത്തെ സംബന്ധിച്ചിടത്തോളം അയാള്‍ വേറേതോ ലോകത്തെ ജീവിയെപ്പോലെയാണ്.

ഭൂമിയെ ഖനനം ചെയ്തു, മണ്ണിന്റെ ഓരോരോ അടരുകളേയും അവയുടെ എല്ലാ ഗുണദോഷഗന്ധ ഭാവങ്ങളോടേയും ആവാഹിക്കുന്നത് മനുഷ്യന്‍ അവന്റെ ഭൂതകാലത്തിന്റേയും പരിണാമങ്ങളുടേയും സ്പന്ദനം അനുഭവിക്കുന്നതിനു തുല്യമാണ്. മാതൃത്വത്തിന്റെ മാനങ്ങള്‍ മനസ്സിലാക്കിക്കൊണ്ട്, സ്‌നേഹക്കരുതലിന്റെ തീവ്രത വീണ്ടും നുകരാന്‍ വേണ്ടി അമ്മയുടെ ഗര്‍ഭപാത്രത്തിലേയ്ക്കുള്ള മടക്കയാത്രയാണ് തമാനെയുടെ ഭൂഗര്‍ഭത്തിലേക്കുള്ള യാത്ര സൂചിപ്പിക്കുന്നതെന്നു വിചാരിക്കാം. ഇരുട്ടും വെളിച്ചവും ഒരേപോലെ സ്വീകരിക്കുന്ന, ഭൂമിയുടെ അധോതലവും ഉപരിതലവും ഒന്നു പോലെ കാണാന്‍ കഴിയുന്ന തമാനെയില്‍ ആത്മീയതയുടെ സ്വാധീനമുണ്ട്. അതിനാല്‍ത്തന്നെ ഭൂമിയെ ഭ്രാന്തമായി ഉഴുതുമറിക്കുന്ന ഒരാളുടെ വികാരഭാവങ്ങള്‍ തമാനെയിലില്ല. ഭൂമിയെ അമ്മയായി കാണുന്ന, അമ്മയോട് സൗമ്യമായി പെരുമാറുന്ന നിഷ്‌കളങ്ക സഹജമായ രീതിയാണ് അയാള്‍ക്കുള്ളത്. ഭൂമി കുഴിച്ച് ശവശരീരങ്ങള്‍ പരിശോധിക്കേണ്ട ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന അയാള്‍, ''കുഴിച്ചു കുഴിച്ചു പോകുന്നത് എത്ര പതുക്കെ ആണെന്നറിയാമോ! ഓരോ ഇഞ്ചും ഓരോ അടിയും ഇങ്ങനെ, മണ്ണടര്‍ത്തി മാറ്റി, ഭൂമിക്കുപോലും വേദനിക്കാത്ത മട്ടില്‍.'' നദീതടങ്ങള്‍, നാണയങ്ങള്‍, മൃഗങ്ങളുടെ അസ്ഥികള്‍ അങ്ങനെ പതുക്കെ മണ്ണിന്നടിയിലെ ജനപഥങ്ങള്‍ അയാള്‍ക്ക് മുന്നിലേക്ക് എത്തുന്നുണ്ട്. മാത്രമല്ല, ഈ പ്രവൃത്തിയില്‍ സമയം എന്നത് നിര്‍ണ്ണയിക്കാന്‍ സാധിക്കാത്ത ഘടകമായിത്തീരുകയാണ്.

ഭൂമിയെ അമ്മയായി കാണുമ്പോള്‍, ഭൂതകാലത്തെ കാമുകിയായി കരുതാനാണ് തമാനെയ്ക്ക് താല്പര്യം. അമ്മയോടും കാമുകിയോടും ഉള്ള സ്‌നേഹവായ്പുകള്‍ ഭൂമിക്കും ഭൂതകാലത്തിനും വെച്ചുനീട്ടുന്ന മനുഷ്യന്‍ ആത്മീയമായി വളരെ ഉയരത്തിലാണ്. ബൈബിളിലെ ശാമുവേലിന്റെ സുവിശേഷത്തില്‍ പറയുന്ന ഭീമാകാരന്റെ ആറാംവിരല്‍ പോലെയല്ല തമാനെയുടെ ആറാംവിരല്‍. അയാളുടെ വിവേകത്തിന്റേയും കാരുണ്യത്തിന്റേയും വാത്സല്യത്തിന്റേയും അധികമാനമായ ഉയിരടയാളമാണ് അത്. ഭൂമിയേയും ഭൂതകാലത്തേയും സംരക്ഷിക്കാനും വര്‍ത്തമാനകാലത്തെ തലോടാനും ഭാവിയെ പ്രതീക്ഷാനിര്‍ഭരമായി കാണാനും ആര്‍ജ്ജിക്കേണ്ട കാലബോധമാണ് ആറാംവിരലിലൂടെ പ്രതിഫലിക്കുന്നത്. വറ്റിപ്പോയ നദിയുടെ അശ്രാവ്യമായ ഇരമ്പം, ആറു വിരലുകളുള്ള ശവശരീരത്തിന്റെ സാന്നിധ്യം എന്നിവയൊക്കെ ഭൂമി കാത്തുസൂക്ഷിക്കുന്ന പ്രതീകങ്ങളാണ്.

മറ്റുള്ളവരുടെ കാഴ്ചകള്‍ക്കുവേണ്ടിയാണ് പലപ്പോഴും നമ്മുടെ ജീവിതമെന്നു തമാനെ പറയുന്നുണ്ട്. നിലനില്‍ക്കുന്ന ശീലങ്ങളില്‍നിന്നുള്ള വ്യതിയാനം അംഗീകരിക്കാനും സമ്മതിക്കാനും അത്ര എളുപ്പമല്ല. അധിക വിരല്‍ തനിക്കല്ല, മറ്റുള്ളവര്‍ക്കായിരുന്നു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന തമാനെയുടെ ബോധ്യം ലോകസ്വഭാവത്തെ വ്യംഗ്യമായി സൂചിപ്പിക്കുന്നു. മണ്‍കുടത്തില്‍ അടയ്ക്കപ്പെട്ട ആറു വിരലുകളുള്ള ശവശരീരം തമാനെക്ക് മുന്നില്‍ 'പ്രത്യക്ഷപ്പെട്ടത്' മറ്റാരും ആ വിരല്‍ കാണാതിരിക്കാന്‍ കൂടിയായിരിക്കണം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒളിഞ്ഞിരിക്കുന്ന/മറഞ്ഞിരിക്കുന്ന സ്ഥാവരവും ജംഗമവുമായ വസ്തുക്കളുടെ ഇടം സ്ഥാപിക്കുകയാണ്  ഇ. സന്തോഷ് കുമാര്‍, ഈ കഥകളിലൂടെ. അതേസമയം കഥാകൃത്തിനു വിശേഷാധികാരമുള്ള ഒരു ആഖ്യാനരീതി ഒരിക്കലും പിന്തുടരുന്നുമില്ല.
 
2
ഒരാള്‍ (കഥ) എഴുതുന്നത് എന്തിനാണ് എന്നത് എഴുത്തുകാരന്‍ നേരിടുന്ന പ്രഥമവും പ്രാഥമികവുമായ ചോദ്യമാണ്. ഭാവനയുടെ ലോകത്ത് വ്യാപരിക്കാനുള്ള ആഗ്രഹം കൊണ്ടോ സാമൂഹികസ്ഥിതിയെ രേഖപ്പെടുത്താനുള്ള ആത്മാര്‍ത്ഥതകൊണ്ടോ കഥപറച്ചിലില്‍ ഉള്ള സിദ്ധികൊണ്ടോ എഴുത്ത് എന്ന പ്രക്രിയ രൂപപ്പെടുന്നതാവാം.

മനുഷ്യന്റെ ആന്തരിക സംഘര്‍ഷങ്ങളെക്കുറിച്ചാണ് സന്തോഷ് കുമാര്‍ ഏറ്റവും അധികം എഴുതിയിട്ടുള്ളത്. സൂക്ഷ്മമായി അപഗ്രഥനം ചെയ്താല്‍, അദ്ദേഹത്തിന്റെ കഥകള്‍ എല്ലാം തന്നെ അതിജീവനത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ നിറഞ്ഞതാണ്. കഥ എന്ന വ്യവഹാരത്തെ സങ്കല്പമണ്ഡലത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നവയായി ചിന്തിക്കാന്‍ സമകാലത്ത് സാധിക്കില്ല. നമുക്ക് ചുറ്റുമുള്ള പ്രദേശത്തെ ഭിന്നഭിന്നങ്ങളായ പ്രവൃത്തികളെ എല്ലാ നല്ല എഴുത്തുകളും അഭിസംബോധന ചെയ്യുന്നു. സന്ദേഹഭരിതമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളിലൂടെയാണ് എഴുത്തുകാരന്‍ അതു നിര്‍വ്വഹിക്കുന്നത്. കഥാകൃത്ത് രൂപകങ്ങളിലൂടെയും ബിംബങ്ങളിലൂടെയും സന്ദര്‍ഭങ്ങളിലൂടെയും വാര്‍ത്തെടുക്കുന്ന പ്രപഞ്ചത്തിന്റെ അര്‍ത്ഥതലങ്ങള്‍ ഓരോരുത്തരുടെ വീക്ഷണത്തിനനുസരിച്ചും സംവേദനത്തിന്റെ കോണുകളനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കുന്നതില്‍ അദ്ഭുതമില്ല. ദൂരെ സ്ഥിതിചെയ്യുന്ന പാറക്കൂട്ടത്തെ ചില പ്രത്യേക രീതിയില്‍ നോക്കിയാല്‍ മനുഷ്യന്റെ ശിരസ്സും ഉടലും കാണുന്നതു പോലെയാണിത്. വാള്‍ട്ടര്‍ ബെന്യാമിന്‍ 'കഥപറച്ചിലുകാരന്‍' എന്ന ലേഖനത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

ജീവിതം വ്യാമോഹങ്ങളുടെ തരിശുനിലമായി മാറുമ്പോഴും വിമോചന മാര്‍ഗ്ഗങ്ങള്‍ നെയ്‌തെടുക്കാതെ സ്വയം നിര്‍മ്മിക്കുന്ന ഇടങ്ങളിലേക്ക് ഒതുങ്ങിക്കൂടുന്നവരാണ് ഈ സമാഹാരത്തിലെ കഥാപാത്രങ്ങള്‍. സ്വച്ഛവിഹായസ്സില്‍ സ്വതന്ത്രനായി പറന്നുനടക്കേണ്ട പക്ഷിരാജനായ പരുന്ത് സിമന്റു തൊട്ടിയിലെ ജലത്തില്‍ തന്റെ പ്രതിബിംബത്തെ നോക്കി നില കൊള്ളുന്ന കാഴ്ച രാഷ്ട്രീയമായ നിശ്ചലതയെത്തന്നെയാണ് ദ്യോതിപ്പിക്കുന്നത്. പറക്കലിനെന്നല്ല, ചെറിയൊരു ചലനത്തിനുപോലും അതു സന്നദ്ധമല്ല. ജലോപരിതലത്തിലുണ്ടാക്കുന്ന വിക്ഷോഭങ്ങള്‍ പരുന്തിനെ അസ്വസ്ഥമാക്കുന്നു. കുരിയാക്കുവിന്റെ കുടുംബവും സമൂഹത്തിന്റെ അതിരുകള്‍ക്കപ്പുറത്താണുള്ളത്. പുറത്തെ ഓരോ ചലനവും ആ കുടുംബത്തിന്റെ സ്വാസ്ഥ്യത്തേയും ബാധിക്കുന്നു. പ്രകൃതിയുടെ സ്വാഭാവികമായ താളമില്ലാതെ പരുന്ത് സ്ഥിതിചെയ്യുന്നത് ആ കുടുംബത്തിന്റെ മരവിപ്പിനെ രേഖപ്പെടുത്തുന്നു. ശാന്തത നഷ്ടപ്പെടുന്ന ജലം പോലെത്തന്നെ പുറത്തെ ചലനങ്ങള്‍കൊണ്ടുള്ള ആഘാതങ്ങള്‍ക്കു വിധേയമാകുന്ന കുരിയാക്കുവിന്റെ കുടുംബത്തേയും അവതരിപ്പിക്കുന്നതിലൂടെ പരുന്തിന്റേയും മനുഷ്യജീവിതത്തിന്റേയും പാരസ്പര്യം കഥാകൃത്ത് വ്യക്തമാക്കുന്നു.

സംഘര്‍ഷം നിറഞ്ഞ ലോകത്തെ തീവ്രമായ നിലപാടുകളിലൂടെ തിരുത്താനായി ഇറങ്ങിത്തിരിച്ച മകനെ അവസാനമായി കാണുന്ന രാത്രി കുരിയാക്കുവിന്റെ ഭാര്യ ഓര്‍ത്തെടുക്കുന്നുണ്ട്. മകന്‍ പോയതിനുശേഷം കാട്ടില്‍ എവിടെയോ വെടിശബ്ദം കേട്ട അവര്‍ മകനു പകരം അടുത്ത ദിവസം കിട്ടിയ പരുന്തിനെ മകന്റെ പേര് തന്നെ വിളിക്കുന്നു. തൊട്ടിയിലെ വെള്ളത്തില്‍ സദാ സമയവും നോക്കി ഇരിക്കുന്ന പരുന്തിനു സ്വന്തം പ്രതിബിംബം ആണ് വെള്ളത്തില്‍ നിഴലിക്കുന്നതെന്നു തിരിച്ചറിയാന്‍ സാധിക്കുകയില്ല. എങ്കിലും മറ്റൊന്നും ചെയ്യാതെ, 'ജീവിച്ചിരിക്കുന്ന ചത്ത' പറവയെപ്പോലെ അത് അണുവിട മാറാതെ നിശ്ചലമാണ്. രാഷ്ട്രീയമായ ഒരു 'ഇന്നലെ'യുടെ നടുക്കം ഇപ്പോഴും വിട്ടുമാറാത്തതിനാലാകുമോ പരുന്ത് ഇങ്ങനെയൊരു ഭാവപ്പകര്‍ച്ചയിലേക്ക് എത്തിച്ചേര്‍ന്നത് എന്നു ന്യായമായും സംശയിക്കാം. ആഖ്യാതാവും കൂട്ടുകാരിയും തൊട്ടിയിലെ വെള്ളത്തില്‍ കല്ലുകളിട്ട് അലകളുണ്ടാക്കിയപ്പോള്‍ ആ പക്ഷി ചിറകുകള്‍ ദുര്‍ബ്ബലമായി വീശിക്കൊണ്ട് പറന്നുയര്‍ന്നു. തനിക്കു മുന്നിലുള്ള 'ചലിക്കാത്ത' ലോകം ഇളകിമറിയുന്നത് ആദ്യമെന്നതുപോലെയാണ് പരുന്ത് കാണുന്നത്. ശീലിച്ചു വന്ന അന്തരീക്ഷം ഭയാനകമായ തരത്തില്‍ മാറുന്ന രംഗത്തില്‍ പരുന്തിന് 'നിര്‍വ്വചിക്കാനാവാത്ത ആപത്തില്‍നിന്ന്' രക്ഷ പ്രാപിക്കാനായി പറക്കേണ്ടിവരുന്നു.

ജീവന്റെ ആദ്യ കണിക രൂപപ്പെടുന്നത് ജലത്തിലാണ്. അതൊരു പ്രതീകവുമാണ്. ജലം ഇവിടെ സമൂഹത്തിന്റെ കാവല്‍ബിംബമായും പ്രതിഫലനമായും മാറുന്നു. ജലത്തിന്റെ ദൗര്‍ലഭ്യത്തെ ആനുഷംഗികമായി പറയാനുള്ള ശ്രമം കൂടെ കഥയിലുണ്ട്. ജലകവചം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മനുഷ്യവംശം അസന്തുഷ്ടിയുടേതായ ലോകത്തേയ്ക്കാണ് നീങ്ങുന്നതെന്ന ഉല്‍ക്കണ്ഠയും കഥയുടെ സൂക്ഷ്മവായനയാണ്. നിഷ്ഫലമായ ജീവിതസന്ധികള്‍ തരണം ചെയ്യാനാവാതെ, ഉര്‍വ്വരതയുടെ ഉറവ വറ്റിയ വംശമായി മനുഷ്യന്‍ പരിണമിക്കാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയും പരുന്തിലുണ്ട്.
ചെറുത്തുനില്‍പ്പുകളിലൂടെ സ്വജീവിതം പതുക്കെ കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്ന, മണ്ണ് തൊട്ടു നില്‍ക്കുന്നവരാണ് ആന്റോ ജോയ് തെക്കേക്കരയും രാമരാഘവന്മാരും വാവയും തമാനേയും ചാക്കുണ്ണിയും കുരിയാക്കുവും ഒക്കെ. തിരിച്ചടികളെ നേരിട്ടുകൊണ്ട് പ്രതീക്ഷയുടെ വിളക്കുമരം മനസ്സില്‍ സൂക്ഷിക്കുന്ന ഇവര്‍ ശബ്ദായമാനമായ ലോകത്തിലെ നേര്‍ത്ത, എന്നാല്‍, സ്ഫുടമായ ശബ്ദങ്ങളാണ്. കലാപങ്ങളും കലഹങ്ങളും കലുഷമാക്കുന്ന ഒരുകാലത്ത് വിവിധ തരം സ്വകാര്യമായ പ്രതിസന്ധികളാല്‍ മനുഷ്യന്‍ ഏകനാവുന്നു. രാഷ്ട്രീയത്തിലെ സങ്കീര്‍ണ്ണമായ അടിയൊഴുക്കുകളുടെ ഇരമ്പം ഓരോ മനുഷ്യജീവിതത്തിലുമുണ്ട്.
ഏകാന്തതയിലൂടെയാണ് തമാനെ തന്റെ അനന്യത കാത്തുസൂക്ഷിക്കുന്നത്. എന്നാല്‍, സമൂഹത്തില്‍നിന്നും അകന്നുമാറിയ അവസ്ഥയില്‍ ഏകാന്തതയും തനിക്കു ശാപമാവുന്ന ഒരു കഥാപാത്രമാണ് വാവ. ശാരീരിക പ്രകൃതിയില്‍ അല്പം വ്യത്യസ്തനായ അയാള്‍ വിത്തുകാളയില്‍നിന്നുള്ള വരുമാനത്തില്‍നിന്നാണ് ജീവിക്കുന്നത്. ശാരീരികാവസ്ഥകളുടേയും മറ്റും ഫലമായി വന്നുഭവിച്ച അപകര്‍ഷതാബോധവും ഒറ്റപ്പെടലുമാണ് വാവയുടെ പ്രധാന പ്രശ്‌നമെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. 'എകരം' ഇല്ലാത്തതിനാല്‍ പട്ടാളത്തില്‍ ചേരാനാവാത്തത് അയാളുടെ വൈയക്തിക ദുഃഖമായി അവശേഷിക്കുന്നു. നേര്‍ക്കുനേര്‍ ആരോടും സംസാരിക്കാന്‍പോലും സാധിക്കാതെ വിധം അയാള്‍ തന്നിലേക്കു തന്നെ ചുരുങ്ങിപ്പോകുന്ന കാഴ്ചയാണ് കഥയിലുള്ളത്. കാളയോട് മാത്രം അതിനു മനസ്സിലാവുന്ന കൂവലും മൂളലും വഴി അയാള്‍ സംവദിക്കുക പതിവാണ്. കാമാതുരമായ അന്തരീക്ഷം നിലനിര്‍ത്തികൊണ്ട് കാളയെ ഇണചേര്‍പ്പിക്കുക എന്നതില്‍ കവിഞ്ഞ് യാതൊന്നും വാവയ്ക്ക് ചെയ്യാനുണ്ടായിരുന്നില്ല. എന്നാല്‍, തനിക്കു അപ്രാപ്യമായ സൈനിക സേവനത്തിന്റെ പ്രലോഭനങ്ങള്‍ അയാള്‍ ആഖ്യാതാവായ കുട്ടനോട് പങ്കുവയ്ക്കുന്നു. മുഖ്യധാരയില്‍നിന്നകന്നു കഴിയുന്ന ഒരാളുടെ അതിജീവന യത്‌നമാണ് 'വാവ'യിലൂടെ അവതരിപ്പിക്കുന്നത്. ജയിക്കാന്‍ സാധിക്കാത്തവന്റേയും ആത്മവിശ്വാസമില്ലാത്തവന്റേയും പൊരുതാന്‍ കഴിയാത്തവന്റേയും അധികാരത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ കൂടി വാവയിലുണ്ട്.
 
3
മഹാനഗരമെന്ന വാക്ക് മലയാളിക്കു സര്‍വ്വസാധാരണമായി തുടങ്ങിയത് ബോംബെ എന്ന പദം ജനപ്രിയ ചലച്ചിത്രങ്ങളിലും നോവലുകളിലും ആവര്‍ത്തിച്ചു വരാന്‍ തുടങ്ങിയതോടെയാണ്. പൊതുവെ ദൈനംദിന സംസാരങ്ങളില്‍ കടന്നുവരാത്ത 'അധോലോക'ത്തിനു സമ്മതി കിട്ടിയതും ഇതുവഴിയാണ്. കേരളത്തില്‍നിന്നു ഗള്‍ഫിലേക്കുള്ള കുടിയേറ്റം പോലെ തന്നെ ബോംബെയ്ക്ക് വണ്ടി കയറുന്നതും ഒരു രീതിയായിരുന്നു. എഴുപതുകളുടെ പകുതിയില്‍ ബോംബെയ്ക്ക് നാട് വിട്ട രാമന്റേയും രാഘവന്റേയും കഥ ചരിത്രത്തിന്റെ സമാന്തര രേഖയാണ്. അടിയന്തരാവസ്ഥയുടെ കാലത്ത് 'വൈകാതെ' ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ കയറി ജോലിക്കായി എത്തിയ രണ്ടു പേര്‍-രാമനും രാഘവനും. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ അവസാനം ബോംബെയിലും മറ്റും ഭയത്തിന്റെ തീമഴ പെയ്യിച്ച രാമന്‍ രാഘവന്‍ എന്ന തുടര്‍ കൊലപാതകിയെ ഓര്‍മ്മിപ്പിക്കുന്ന പേരുകളുള്ള ഈ കഥാപാത്രങ്ങളുടെ ജീവിതചക്രമാണ് സന്തോഷ് കുമാര്‍ ആവിഷ്‌കരിക്കുന്നത്. കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്ന കാന്തം പോലെയുള്ള മഹാനഗരത്തിലെ പിന്നാമ്പുറക്കഥകളുടേയും തെരുവുകള്‍ അടക്കിവാണിരുന്ന അധോലോക നായകരുടേയും ചരിത്രപശ്ചാത്തലത്തില്‍ 'ജീവിതം; നെയ്യാന്‍ പോയ രാമന്റേയും രാഘവന്റേയും കഥയാണിത്. എണ്‍പതുകളുടെ ആദ്യം നടന്ന തുണിമില്‍ സമരവും അതിനു നേതൃത്വം കൊടുത്ത ഡോക്ടര്‍ ദത്താ സാമന്ത ഒരു കഥാപാത്രവുമാവുന്ന കഥയില്‍ ബോംബെയുടെ കലുഷിതമായ പ്രശ്‌നങ്ങളും ചേരിയിലെ ജീവിതവും ഒക്കെ വിഷയങ്ങളാവുന്നുണ്ട്.

ബോംബെയുടെ ഒരുകാലത്തെ രാഷ്ട്രീയ ചരിത്രത്തെ രണ്ടു കഥാപാത്രങ്ങളുടെ വ്യക്തിഗതമായ ജീവിതത്തിലൂടെ പറഞ്ഞു പോകുന്ന രാമന്‍-രാഘവന്‍ കഥയെഴുത്തിന്റെ ശക്തവും യഥാതഥവുമായ ഉദാഹരണമാണ്. ഹൃദയത്തില്‍നിന്ന് ഉയിര്‍കൊള്ളുന്ന വികാരങ്ങളുടെ അടിസ്ഥാനത്തിലാവണം മനുഷ്യനെ വിലയിരുത്തേണ്ടത് എന്നാണ് ഈ കഥ പഠിപ്പിക്കുന്നത്. രാമനും രാഘവനും പ്രതിനിധീകരിക്കുന്ന ആശയങ്ങളും പ്രവര്‍ത്തനമണ്ഡലവും വിരുദ്ധ ദിശയിലാണിവിടെ പ്രത്യക്ഷമാവുന്നത്. ചെറുത്തു നില്‍പ്പുകളിലൂടെ മനുഷ്യന്‍ മുന്നോട്ടു പോകുന്നതിന്റെ രംഗമാണ് ഇ. സന്തോഷ് കുമാര്‍ മെനഞ്ഞെടുക്കുന്നത്.

സിനിമാ മോഹം തലയ്ക്കു പിടിച്ച 'സിനിമാ പറുദീസ'യിലെ ആന്റോ കഠിനമായി ശ്രമിച്ചിട്ടും സിനിമയിലേക്കുള്ള വാതിലുകള്‍ തുറക്കാതെ പോയി. സിനിമയില്‍ എത്തിപ്പെടാന്‍ പല വഴികളിലൂടെ ശ്രമിക്കുന്ന അയാള്‍ എല്ലാത്തിലും പരാജയപ്പെടുകയാണ്. ഒടുവില്‍ അയാള്‍ക്ക് 'പുലി' ആയി വേഷം കെട്ടേണ്ടിവരുന്നു. മകന്‍ എന്നും ഇഷ്ടത്തോടെ കേട്ടിരുന്ന റേഡിയോ ഒരു പ്രത്യേക സാഹചര്യത്തില്‍ 'പണയം' എന്ന കഥയിലെ ചാക്കുണ്ണിക്ക് പണയം വെക്കേണ്ടി വരുന്നു. അസുഖം ബാധിച്ച മകന്‍ മരിക്കുകയും അവന് ഏറെ പ്രിയപ്പെട്ട ബാലമണ്ഡലം പരിപാടി കേള്‍ക്കാന്‍ വേണ്ടി അയാള്‍ റേഡിയോ പണയം വെച്ചിടത്ത് വരികയും ചെയ്യുന്നു. വ്യത്യസ്തമായ മുഹൂര്‍ത്തങ്ങള്‍, വ്യത്യസ്തമായ ജീവിതങ്ങള്‍ പക്ഷേ, അവയെ ചില വികാരങ്ങള്‍ ബന്ധിപ്പിക്കുന്നു. 

ഇ. സന്തോഷ് കുമാറിന്റെ പല കഥകളിലേയും കഥാപാത്രങ്ങള്‍ തമ്മിലുള്ള ഒരുമ ഒരു സവിശേഷതയാണ്. ചുറ്റുപാടുകളും ആളുകളുണ്ടായിട്ടും പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഏകാന്തത വലയം ചെയ്യുന്ന പ്രകൃതം അനുഭവവേദ്യമാകുന്നത്  ഇങ്ങനെയുള്ള കഥാപാത്രങ്ങളിലൂടെയാണ്. 
കഥാപാത്രങ്ങളുടെ സ്വരഭേദങ്ങളാല്‍ കാലപ്പകര്‍ച്ച സൃഷ്ടിക്കുന്ന കഥകളിലൂടെ മനുഷ്യന്‍ എത്ര കണ്ടു നിസ്സാരനും ഏകനും ആണെന്നു ബോധ്യപ്പെടുന്നു. വ്യസനങ്ങളുടെ തിരതല്ലലില്‍ ആടിയുലഞ്ഞുപോകുന്ന അവനെ നിലനിര്‍ത്തുന്നത്, ഇന്നും ഇല്ലാതായിട്ടില്ലാത്ത ബന്ധങ്ങളുടെ ഊര്‍ജ്ജമാണ്. വിമൂകമായ സ്വകാര്യതയില്‍ മനുഷ്യന്‍ എന്ന സ്വത്വത്തിന്റെ ആഴം അവന്‍ ഏതെല്ലാം വിധത്തിലാണ് തിരിച്ചറിയുന്നു എന്നതിന് 'നാരകങ്ങളുടെ ഉപമ'യിലെ കഥകള്‍ സാക്ഷ്യം വഹിക്കുന്നു. നിസ്സഹായതയും നിസ്സംഗതയും സ്വത്വചിഹ്നങ്ങളായി വഹിക്കുന്ന ഒരു പറ്റം മനുഷ്യരുടെ പ്രതിരോധത്തിന്റെ അധ്യായങ്ങളാണ് ഇവ. സ്വപ്നങ്ങളുടെ ഭൂമികയിലേക്ക് എത്തിപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ജീവിതം തന്നെ കയ്യില്‍നിന്നും വഴുതിപ്പോകുന്ന കഥാപാത്രങ്ങളുടെ അനുഭവങ്ങളെ തേച്ചുമിനുക്കി അവതരിപ്പിക്കുന്നതില്‍ കഥാകൃത്തിന്റെ പാടവം ശ്രദ്ധേയമാണ്. ആന്റോ തെക്കേക്കരയും വാവയും രാമരാഘവന്മാരും ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്. പരാജയപ്പെടുന്നവന്റെ ഹൃദയവ്യഥയെ നക്ഷത്രരഹിതമായ രാത്രിക്കു സമാനമാക്കി അവതരിപ്പിക്കുകയാണ്  ഇവിടെ. 
 

''ആരും പറയേണ്ട. പരുന്തിന്റെ തൂവലാണെന്നു എനിക്കറിയാമല്ലോ. എന്റെ ഉറപ്പാണ് പ്രധാനം'' പരുന്തിന്റെ തൂവല്‍ കീശയില്‍നിന്നു പുറത്തെടുത്തുകൊണ്ട് ആഖ്യാതാവ് പറയുന്ന ഈ വാക്കുകള്‍ കഥാകാരന്‍ നേരിട്ടു പറയുന്നതാണ്.
ഇതേ ഉറപ്പിന്റെ മറ്റൊരു മാതൃകയില്‍ക്കൂടിയാണ് 'നാരകങ്ങളുടെ ഉപമ' എന്ന കഥ അവസാനിക്കുന്നത്. ''ഇളംകാറ്റു വന്നു ക്ഷണത്തില്‍ തുറന്നടച്ച ഇലകളുടെ കിളിവാതിലിലൂടെ ഇപ്പോള്‍ ഇതാ ഒരു നാരങ്ങ. ഒരൊറ്റയൊരെണ്ണം, പച്ച നിറത്തില്‍. പക്ഷേ, വിത്തില്‍നിന്നു മുള പൊട്ടിയ ഒന്ന്. ഒരു നാരകം, ഒരു കാലം.'' എഴുത്തുകാരന്റെ ഇത്തരം ചില 'ഉറപ്പുകള്‍' ആണ് വീണ്ടും വീണ്ടും അദ്ദേഹത്തിന്റെ കഥകള്‍ക്കായി കാത്തിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com