കഴിഞ്ഞ രണ്ടുമാസമായി കേരളത്തില്‍ ഏറെ ഉച്ചരിക്കപ്പെടുന്ന വാക്കാണ് ഖുര്‍ആന്‍. ആ അറബിപദത്തിനര്‍ത്ഥം വായന എന്നാണ്. ജിബ്രീല്‍ (ഗബ്രിയേല്‍) എന്ന മാലാഖ (മലക്ക്) ഹിറ ഗുഹയില്‍ ധ്യാനമഗ്‌നനായിരുന്ന മുഹമ്മദിനോട് ആദ്യം പറഞ്ഞത് 'ഇഖ്‌റഅ്' എന്നാണ്. വായിക്കുക എന്നര്‍ത്ഥം വരുന്ന ആ വാക്കില്‍നിന്നാണ് ഖുര്‍ആന്‍ എന്ന പദമുണ്ടായത്. ഇസ്ലാം മതത്തിന്റെ വേദപുസ്തകത്തിന്റെ പേരുതന്നെ വായന എന്നായതില്‍നിന്നു സിദ്ധിക്കുന്ന ഒരു കാര്യമുണ്ട്. വായിക്കാനെന്നപോലെ ചിന്തിക്കാനുള്ള പ്രേരണയും ആ ഗ്രന്ഥം പൊതുവെ നല്‍കുന്നു എന്നതാണത്. അതുകൊണ്ടാണ് ഖുര്‍ആന്‍ സംബന്ധമായി ഒട്ടേറെ വ്യാഖ്യാനങ്ങളും അതിലേറെ വിമര്‍ശനങ്ങളും പില്‍ക്കാലത്തുണ്ടായത്.
അത്തരമൊരു ഗ്രന്ഥം നമ്മുടെ കേരളത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നു. മുഹമ്മദ് നബിക്ക് അല്ലാഹു (ദൈവം) നല്‍കിയ സന്ദേശങ്ങളുടെ സമാഹാരമാണ് ഖുര്‍ആന്‍ എന്നത്രേ മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്. ഖുര്‍ആന്‍ ദാതാവായ അല്ലാഹു ത്രികാലജ്ഞാനിയാണെന്ന വിശ്വാസവും മുസ്ലിങ്ങള്‍ക്കുണ്ട്. പക്ഷേ, മൂന്നു കാലവും അറിയുന്ന അല്ലാഹുപോലും നിനിച്ചിരിക്കാനിടയില്ലാത്ത തരത്തിലുള്ള വിവാദമാണ് ഖുര്‍ആനുമായി ബന്ധപ്പെട്ട് മലയാളമണ്ണില്‍ ഇപ്പോള്‍ അരങ്ങു തകര്‍ക്കുന്നത്.
എല്ലാറ്റിനും നിമിത്തമായത് കുബുദ്ധികളായ ചില സൂത്രശാലികള്‍ നടത്തിയ സ്വര്‍ണ്ണക്കള്ളക്കടത്താണ്. തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റ് വഴി സംസ്ഥാനത്തെത്തിയ നയതന്ത്ര ബാഗേജില്‍ ഖുര്‍ആന്‍ പ്രതികളോടൊപ്പം സ്വര്‍ണ്ണവും കടത്തപ്പെട്ടു എന്ന ആരോപണം ഒരു കോണില്‍നിന്നുയര്‍ന്നു. ഇറക്കുമതി ചെയ്യപ്പെട്ട ഖുര്‍ആന്‍ പ്രതികള്‍ വിതരണം ചെയ്യുന്നതില്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ, വഖഫ് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി കെ.ടി. ജലീല്‍ പങ്കുവഹിച്ചതു കാരണം സ്വര്‍ണ്ണക്കടത്ത് എന്ന ആരോപണത്തിന്റെ കുന്തമുന, സ്വാഭാവികമായി അദ്ദേഹത്തിലേക്ക് നീണ്ടുചെന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എന്‍.ഐ.എയും ജലീലിനെ ചോദ്യം ചെയ്തതോടെ മന്ത്രി രാജി വെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ വര്‍ദ്ധിതവീര്യത്തോടെ തെരുവിലിറങ്ങി. സ്വയം പ്രതിരോധിച്ചും സി.പി.ഐ.എം. നേതൃത്വത്താല്‍ പ്രതിരോധിക്കപ്പെട്ടും മന്ത്രി മുന്നോട്ടുപോകുമ്പോഴും സ്വര്‍ണ്ണക്കള്ളക്കടത്തിനു മറയായി ഖുര്‍ആന്‍ ഉപയോഗിക്കപ്പെട്ടോ എന്ന സംശയം പൊതുസമൂഹത്തില്‍ ബലപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്.
മന്ത്രിയുടെ അറിവോടെയാണ് സ്വര്‍ണ്ണക്കടത്ത് നടന്നത് എന്നു ധ്വനിപ്പിച്ചുകൊണ്ടുള്ള പ്രതിപക്ഷ ആരോപണം ഭരണമുന്നണിയെ, വിശിഷ്യാ സി.പി.ഐ.എമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കിയപ്പോള്‍, ലീഗും കോണ്‍ഗ്രസ്സുമുള്‍പ്പെടെയുള്ള പ്രതിപക്ഷം മുസ്ലിങ്ങളുടെ വേദഗ്രന്ഥത്തെ അവഹേളിക്കുന്നു എന്ന പ്രത്യാരോപണത്തിലാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ജലീലും അഭയം തേടിയിരിക്കുന്നത്. കെ.ടി. ജലീല്‍ അങ്ങനെ ചെയ്യുന്നതില്‍, അദ്ദേഹത്തെ നയിക്കുന്ന ആശയലോകത്തെക്കുറിച്ച് അറിയുന്നവര്‍ക്ക് അത്ഭുതമൊന്നും തോന്നില്ല. മതവികാര പ്രപഞ്ചം മൂലധനമാക്കിയ സംഘടനകളിലൂടെയും പാര്‍ട്ടികളിലൂടെയും സഞ്ചരിച്ച് സംഗതിവശാല്‍ ഇടതുപക്ഷക്കൂടാരത്തില്‍ എത്തിപ്പെട്ട രാഷ്ട്രീയക്കാരനാണ് അദ്ദേഹം. എന്തിനും ഏതിനും മതവികാരം കത്തിച്ചു ശീലമുള്ളവര്‍ ഏത് പ്രതിസന്ധിഘട്ടത്തിലും ആ വികാരത്തില്‍ത്തന്നെയാണ് തീപ്പെട്ടിക്കോല്‍ ഉരസുക. അതുകൊണ്ടത്രേ സംശയാസ്പദരീതിയിലുള്ള ഖുര്‍ആന്‍ വിതരണം വിവാദമായപ്പോള്‍, മുസ്ലിങ്ങളുടെ പുണ്യഗ്രന്ഥമായ ഖുര്‍ആന്‍ വിതരണം ചെയ്യുന്നത് അപരാധമാണെന്ന അഭിപ്രായം ലീഗിനും കോണ്‍ഗ്രസ്സിനുമുണ്ടോ എന്ന ഇമ്മിണി വല്യ ചോദ്യം അദ്ദേഹത്തില്‍നിന്നു പുറപ്പെട്ടത്.
കെ.ടി. ജലീലല്ല, അഥവാ ആയിക്കൂടാ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമുള്‍പ്പെടെയുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍. സിമി പശ്ചാത്തലത്തില്‍നിന്നു വന്ന ജലീലിനില്ലാത്ത ഒന്ന് പിണറായിക്കും കോടിയേരിക്കുമുണ്ട് എന്നാണ് പൊതുജന ധാരണ. ആ ഒന്നിന്റെ പേരത്രേ മാര്‍ക്‌സിസ്റ്റ്, മതേതര മൂല്യബോധം. ആ ബോധം ആന്തരവല്‍ക്കരിച്ചവര്‍ രാഷ്ട്രീയ പ്രതിയോഗികള്‍ ഉന്നയിക്കുന്ന ആരോപണങ്ങളെ, അവ എത്ര അടിസ്ഥാനരഹിതമായാലും തടുക്കാന്‍ ഒരു കാരണവശാലും മതവികാരത്തേയും സമുദായ വികാരത്തേയും കൂട്ടുപിടിച്ചുകൂടാ. മൂര്‍ത്തമായ വസ്തുതകളും തെളിവുകളും നിരത്തിവേണം അവര്‍ വിമര്‍ശകരുടെ വായടപ്പിക്കാന്‍. പകരം മാര്‍ക്‌സിസ്റ്റുകാരായ മുഖ്യമന്ത്രിയും സംസ്ഥാന പാര്‍ട്ടി സെക്രട്ടറിയും മത-സമുദായ വികാരങ്ങള്‍ ജ്വലിപ്പിച്ചു കാര്യം നേടാനാണ് ശ്രമിച്ചുകാണുന്നത്. പ്രതിപക്ഷം ഖുര്‍ആനെ അവഹേളിക്കുന്നു എന്ന് ഉച്ചത്തില്‍ വിളംബരം ചെയ്യുന്ന അവര്‍ 'ഇസ്ലാം അപകടത്തില്‍' എന്നു വിളിച്ചുകൂവാറുള്ള മുസ്ലിം മൗലികവാദികളേയും 'ഹിന്ദുമതം അപകടത്തില്‍' എന്ന് അട്ടഹസിക്കാറുള്ള ഹൈന്ദവ മൗലികവാദികളേയുമാണ് അനുസ്മരിപ്പിക്കുന്നത് എന്നു പറയാതെ വയ്യ.
നയതന്ത്രബാഗേജ് വഴിയുള്ളതോ അല്ലാത്തതോ ആയ ഖുര്‍ആന്‍ ഇറക്കുമതിയില്‍ ചട്ടലംഘനങ്ങള്‍ സംവിച്ചിട്ടുണ്ടെന്ന സംശയം ബന്ധപ്പെട്ട അധികൃതര്‍ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. അവ്വിധം ഇറക്കുമതി ചെയ്യപ്പെട്ട ഖുര്‍ആന്‍ പ്രതികള്‍ തിരുവനന്തപുരത്തുനിന്നു വടക്കന്‍ കേരളത്തിലേക്ക് ഔദ്യോഗിക ചിട്ടവട്ടങ്ങള്‍ പാലിക്കാതെ കൊണ്ടുപോകുന്നതില്‍ മന്ത്രി ജലീല്‍ അമിതാവേശം കാണിച്ചു എന്നും ചൂണ്ടിക്കാട്ടപ്പെട്ടിരിക്കുന്നു. മേല്‍പ്പറഞ്ഞ ചട്ടലംഘനങ്ങളും അമിതാവേശവുമാണ് 'ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നു' എന്ന സംശയത്തിനിട വരുത്തിയത്. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് നടന്നിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം ആ ഗ്രന്ഥം ദുരുപയോഗം ചെയ്യപ്പെട്ടു എന്നുതന്നെയാണ്. നിയമവിരുദ്ധമായി കടത്തുന്ന വസ്തുവിന് സംരക്ഷണ കവചമായി വല്ലവരും ഖുര്‍ആനെ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതാണ് ഏറ്റവും കൊടിയ ഖുര്‍ആന്‍ അവഹേളനം. ആ കുറ്റകൃത്യത്തിന് ഏതെങ്കിലും മന്ത്രിമാരോ ഉദ്യോഗസ്ഥരോ ഏതെങ്കിലും അളവില്‍ സഹായം നല്‍കുകയോ മൗനാനുവാദം കൊടുക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവരും ഖുര്‍ആനെ അവഹേളിച്ചവരുടെ പട്ടികയില്‍ ഇടംനേടും.
വിവാദം കത്തിപ്പടരവേ കെ.ടി. ജലീല്‍ ഉന്നയിച്ച ഒരു ദുര്‍ബ്ബല വാദത്തിലേക്ക് ഈ ഘട്ടത്തില്‍ കണ്ണയക്കാവുന്നതാണ്. യു.എ.ഇ കോണ്‍സുലേറ്റ് വഴി നല്‍കപ്പെട്ട ഖുര്‍ആന്‍ പ്രതികള്‍ 'സാംസ്‌കാരിക, മതപര വിനിമയ'ത്തിന്റെ ഭാഗമാണെന്നാണ് അദ്ദേഹം പറഞ്ഞത്. സാംസ്‌കാരിക, മതപര വിനിമയം 'വണ്‍വേ ട്രാഫിക്ക്' ആയിക്കൂടാ. അമ്മട്ടിലുള്ള വിനിമയത്തിന്റെ ഭാഗമായി ഇങ്ങോട്ട് ഖുര്‍ആന്‍ വരുമ്പോള്‍ തിരിച്ചങ്ങോട്ട് വല്ലതും നമ്മള്‍ നല്‍കേണ്ടതുണ്ട്. തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മ രാമായണത്തിന്റേയോ ഭഗവത്ഗീതയുടേയോ പൂന്താനത്തിന്റെ ജ്ഞാനപ്പാനയുടേയോ ഏതാനും കോപ്പികളെങ്കിലും നമ്മുടെ സര്‍ക്കാര്‍ യു.എ.ഇയിലേക്ക് അയച്ചിരുന്നുവെങ്കില്‍ സാംസ്‌കാരിക, മതപര ആദാനപ്രദാനത്തിന്റെ കള്ളിയില്‍ ഖുര്‍ആന്‍ ഇറക്കുമതി നിഷ്പ്രയാസം എഴുതിച്ചേര്‍ക്കാന്‍ സാധിച്ചേനെ.
അതുണ്ടായിട്ടില്ല എന്നത് 'കള്‍ച്ചറല്‍, റിലീജിയസ് ട്രാന്‍സാക്ഷന്‍' അല്ല നടന്നതെന്ന വിലയിരുത്തലിലേക്ക് കയറിച്ചെല്ലാനുള്ള അവസരം വിമര്‍ശകര്‍ക്ക് പ്രദാനം ചെയ്യുന്നു. മുസ്ലിംലീഗും കോണ്‍ഗ്രസ്സും മാത്രമല്ല, ബി.ജെ.പി പോലും പ്രസ്തുത അവസരം ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. ഖുര്‍ആന്‍ വിതരണത്തെ എതിര്‍ക്കുകയോ മുസ്ലിങ്ങളുടെ വേദഗ്രന്ഥത്തെ അപകീര്‍ത്തിപ്പെടുത്തുകയോ അല്ല, മറിച്ച് യു. എ.ഇ സര്‍ക്കാരിനെ കബളിപ്പിച്ച് സ്വര്‍ണ്ണക്കള്ളക്കടത്തിനു വല്ലവരും ഖുര്‍ആനെ മറയാക്കിയിട്ടുണ്ടെങ്കില്‍ അവരെ തുറന്നുകാട്ടാന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചെയ്തത്.
അത്തരം തുറന്നുകാട്ടലുകള്‍ സംഭവിക്കുമ്പോള്‍ അതിനെ വല്ലപാടും തടുക്കാനുള്ള ശ്രമത്തില്‍ ആദ്യം മന്ത്രി ജലീലും പിന്നെ മുഖ്യമന്ത്രിയും അതില്‍പ്പിന്നെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും മതത്തെ (മതഗ്രന്ഥമായ ഖുര്‍ആനെ) പരിചയായി ഉപയോഗിക്കുന്ന, ഒരളവിലും സംപൃഹണീയമല്ലാത്ത ദൃശ്യത്തിനാണ് സംസ്ഥാനം സാക്ഷിയാകുന്നത്. മുന്‍കാലങ്ങളില്‍ മതയാഥാസ്ഥിതികത്വവും സ്ത്രീവിരുദ്ധമൂല്യങ്ങളും നിലനിര്‍ത്താന്‍ വര്‍ഗ്ഗീയ ശക്തികള്‍ മതഗ്രന്ഥങ്ങളേയും മതവികാരപ്രപഞ്ചത്തേയും കൂട്ടുപിടിച്ചപ്പോള്‍ അതിനെതിരെ ഉച്ചത്തില്‍ ശബ്ദിച്ച പാര്‍ട്ടിയാണ് സി.പി.ഐ.എം. 1985-ല്‍ ഷാബാനു ബീഗം കേസ് വിധിയിലും 1986-ല്‍ 'ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം' സംബന്ധിച്ചുയര്‍ന്ന ആവിഷ്‌കാരസ്വാതന്ത്ര്യ വിഷയത്തിലും സമാനസ്വഭാവമുള്ള മറ്റു പ്രശ്‌നങ്ങളിലും മതവികാരവാദികളോട് മാറിനില്‍ക്കാന്‍ ആജ്ഞാപിച്ച പാര്‍ട്ടിയാണത്. ഏറ്റവും ഒടുവില്‍ 2018 സെപ്റ്റംബറില്‍, പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന് സുപ്രീംകോടതി വിധിയെഴുതിയ സന്ദര്‍ഭത്തിലും വിധിയോടൊപ്പം നിന്നുകൊണ്ട് മതയാഥാസ്ഥിതികരെ തള്ളിപ്പറയുകയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചെയ്തത്. മതവികാരത്തേയും മതചിഹ്നങ്ങളേയും രാഷ്ട്രീയ താല്പര്യങ്ങള്‍ക്കുപയോഗിച്ചുകൂടെന്ന ശ്ലാഘ്യ നിലപാടായിരുന്നു പാര്‍ട്ടി വെച്ചുപുലര്‍ത്തിയത്. അതേ പാര്‍ട്ടി ആ മഹിത പാരമ്പര്യം വിസ്മരിക്കുകയും സ്വരാഷ്ട്രീയ താല്പര്യസംരക്ഷണാര്‍ത്ഥം മതചിഹ്നമായ ഖുര്‍ആനെ കൂട്ടുപിടിക്കുകയും ചെയ്യുമ്പോള്‍ എന്തു പറയും -ഹാ കഷ്ടം! എന്നല്ലാതെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates