

പ്രതിഭയുണ്ടായിട്ടും ലാറ്റിനമേരിക്കയ്ക്കു പുറത്ത് അത്രയ്‌ക്കൊന്നും അറിയപ്പെടാതെ പോകുന്ന നിരവധി എഴുത്തുകാര്‍ തങ്ങളുടെ മഹത്തായ രചനകളുമായി ലോകസാഹിത്യത്തില്‍ സാന്നിദ്ധ്യം കുറിക്കുന്നുണ്ട്. ഒരു ഗബ്രിയല്‍ ഗാര്‍സിയ മാര്‍ക്വസിനെയോ ബര്‍ഗാസ്‌ച്യോസയേയൊ കാര്‍ലോസ് ഹുയല്‍ തെസിനെയോ ഒക്ടേവിയോ പാസിനേയോ അസ്തൂരിയാസിനേയോ ഹുവാന്‍ റൂള്‍ഫൊയേയോ അറിഞ്ഞതുകൊണ്ടുമാത്രം യഥാര്‍ത്ഥ സാഹിത്യാസ്വാദകരുടെ ഇംഗിതങ്ങള്‍ സാഫല്യമണയണമെന്നില്ല. അത്രയ്‌ക്കൊന്നും അറിയപ്പെടാതെ ബ്രസീലിയന്‍ എഴുത്തിനെ സമ്പന്നമാക്കിയ സാഹിത്യകാരനാണ് ഐവാന്‍ ഏഞ്ചലൊ (Ivan Angelo) 1936-ല്‍ ഫെബ്രുവരി 4-ന് ബ്രസീലിലെ മിനാസ് ജെറായിസ് ബാര്‍ബസെനയിലാണ് അദ്ദേഹം ജനിച്ചത്.
ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലുണ്ടായ നവോത്ഥാനകാലത്താണ് (1960) ഐവാന്‍ ഏഞ്ചലൊയും ബ്രിസീലിയന്‍ സാഹിത്യത്തില്‍ തന്റെ രചനകളുമായി കടന്നുവന്നത്. നോവല്‍, ചെറുകഥ, ലേഖനങ്ങള്‍, പത്രപ്രവര്‍ത്തനം തുടങ്ങിയ മേഖലകളിലൂടെ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചതോടെ ലാറ്റിനമേരിക്കയാല്‍ ഏറെ അറിയപ്പെടുകയും ചെയ്തു. കണ്ണാടിമാളിക (Tower of Glass), അമോര്‍ (Amor) ഡുവാസ്ഫേസസ് തുടങ്ങിയ അദ്ദേഹത്തിന്റെ രചനകള്‍ക്ക് വായനക്കാരില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. അദ്ദേഹത്തിന്റെ രചനകളെ മിക്കവാറും തുലനം ചെയ്തിരിക്കുന്നത് ഹോര്‍ഹ് ലൂയി ബോര്‍ഗസ്, ഹോലിയൊ കോര്‍ത്തസാര്‍ തുടങ്ങിയ മഹാപ്രതിഭകളുടെ രചനകളുമായിട്ടാണ്. ശൈലീപരമായും ഘടനാപരമായും ആധുനികതയുടെ കാര്യത്തിലും അദ്ദേഹത്തിന്റെ രചനകള്‍ ഗൗരവപൂര്‍ണ്ണമായ ഒരു വായന ആവശ്യപ്പെടുന്നവയാണ്. സാവൊപോളൊയിലെ പത്രമായ ജോര്‍ണല്‍ ഡാ ടാര്‍ദെക്കുവേണ്ടി അദ്ദേഹം സ്വന്തമായൊരു കോളം ചെയ്യുന്നുണ്ട്.
കാലമാണിവിടെ വിഷയം, വര്‍ത്തമാനകാലം, വര്‍ത്തമാനകാല ജീവിതം. വര്‍ത്തമാനകാല മനുഷ്യന്‍ എന്നു വിശേഷിപ്പിച്ച ബ്രസീലിയന്‍ കവി കാര്‍ലോസ് ഡ്രമ്മോണ്‍ട് ഡി ആല്‍ഡ്രേഡിന്റെ വാക്കുകള്‍ ഏഞ്ചലൊയുടെ രചനകളുമായി ശരിക്കും ബന്ധപ്പെട്ടു കിടക്കുന്നു. ബ്രസീലിയന്‍ പ്രസാധകരുടെ പുരസ്‌കാരം ലഭിച്ച ഐവാന്‍ ഏഞ്ചലൊയുടെ 'ആഘോഷം' എന്ന അസാധാരണ നോവല്‍ ഈ അടുത്തകാലത്താണ് വായിക്കാന്‍ കഴിഞ്ഞത്. പ്രശസ്ത പരിഭാഷകനായ തോമസ് കൊല്‍ഷിയാണ് ഇത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലെ ഡാല്‍ക്കി ആര്‍ച്ചീവ് പ്രസാധകരാ(Dalky Archive Press)ണ് ഇത് പുസ്തകരൂപത്തില്‍ വായനക്കാര്‍ക്കുവേണ്ടി തയ്യാറാക്കിയിരിക്കുന്നത്. ഈ നോവല്‍ വായിച്ചുകഴിഞ്ഞപ്പോള്‍ കണ്ണാടിമാളികയടക്കം ഐവാന്‍ ഏഞ്ചലൊയുടെ മറ്റു രചനകള്‍ വായിക്കാനുള്ള ഒരാവേശം സ്വാഭാവികമായും വായനക്കാരില്‍ ഉണ്ടാകുമെന്ന കാര്യത്തിലും സംശയമില്ല.
ചരിത്രബോധവും
വ്യക്തിപരതയുടെ
നിരര്‍ത്ഥകതയും
ഈ നോവലില്‍ ശരിക്കും അര്‍ജന്റീനിയന്‍ എഴുത്തുകാരനായ ബോര്‍ഗസിന്റെ ചില പ്രത്യേകതകള്‍ തിരിച്ചറിയാന്‍ കഴിയും. നോവലിലെ കേന്ദ്രബിന്ദുവായി കടന്നുവരുന്ന ഒരു സംഭവം (നോവലിന്റെ ശീര്‍ഷകവും ഇതുതന്നെയാണ്) നോവലിന്റെ താളുകളില്‍ പ്രത്യക്ഷപ്പെടുന്നില്ല. കോത്തസാറിന്റേയും റഷ്യന്‍ എഴുത്തുകാരന്‍ നബൊക്കോവിന്റേയും ശൈലികളുടെ ഒരു സംയമനവും ഈ രചനയില്‍ നിറഞ്ഞുനില്‍ക്കുന്നതായി കാണാം. പുതിയ ഒരു തലത്തില്‍ നിന്നുകൊണ്ടുള്ള ആഖ്യാനരീതിയാണ് നോവലിസ്റ്റായ ഐവാന്‍ ഏഞ്ചലൊ ഇതിനുവേണ്ടി സ്വീകരിച്ചിരിക്കുന്നത്. പറയപ്പെടാതെ പോകുന്ന നിരവധി രൂപങ്ങള്‍ക്കുള്ളില്‍ നിഗൂഢമായ ഒരിടം കണ്ടെത്താനും ഇത് ശ്രമിക്കുന്നുണ്ട്. ബ്രസീലിയന്‍ എഴുത്തിലെ മാഷാഡി അസീസിനേയും ഒസ്മാന്‍ ലിന്‍സിനേയും (അവലാവാരോ എന്ന നോവല്‍ വായിച്ചത് ഇവിടെ ഓര്‍ത്തുപോകുന്നു) ഇഗ്‌നേസിയൊ ലയോള ബ്രാന്‍ഡൊയേയും ഓര്‍മ്മിപ്പിക്കുന്ന ഒരു നോവല്‍ ആഖ്യാനത്തിന്റെ ചാരുതകള്‍ ഐവാന്‍ ഏഞ്ചലൊയ്ക്ക് അവകാശപ്പെടാന്‍ കഴിയും. സാമൂഹികവും രാഷ്ട്രീയപരവുമായ ഒരന്തരീക്ഷത്തിലൂടെ വികസിതമാകുന്ന നോവലിന് ബ്രസീലിയന്‍ ആധുനികതയുടെ എല്ലാ സാധ്യതകളും ഉള്‍ക്കൊള്ളാനും കഴിയുന്നുണ്ട്. നദിയുടെ മൂന്നാമത്തെ കര (Third Bank of the River) ഡെവിള്‍ ടു വെ ഇന്‍ ദി ബാക്ക് ലാന്റ്‌സ് (Devil to Pay in the Back lands) തുടങ്ങിയ രചനകളെഴുതിയ ഖൊയാവൊ ഗുമേരിയസ് രോസയേയും ഇവിടെ ഓര്‍ത്തുപോകുന്നു. ഇവിടെ സൂചിപ്പിച്ച എഴുത്തുകാരുമായുള്ള സമാനതകളുടെ വിശേഷണംകൊണ്ട് അവരെയൊന്നും ഏഞ്ചലൊ അനുകരിച്ചതായി കരുതരുത്: തന്റേതായ ഒരു ശൈലിയില്‍ തികച്ചും ആധുനികമായ ഒരു നോവലാണ് ആഘോഷമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ക്കൊപ്പം നിന്നുകൊണ്ട് തന്റെ പ്രതിഭ തെളിയിക്കാനും ഏഞ്ചലൊയ്ക്കു കഴിഞ്ഞു. ഇരുനൂറ്റിമൂന്ന് പേജുകള്‍ക്കുള്ളില്‍ താന്‍ വിഭാവനം ചെയ്ത ഒരു വലിയ കാന്‍വാസിലടങ്ങുന്ന പ്രമേയം ഒതുക്കിനിര്‍ത്താനുള്ള മികവും അദ്ദേഹം പ്രദര്‍ശിപ്പിക്കുന്നുണ്ട്. പക്ഷേ, ഒരു കാര്യം മാത്രം ഏഞ്ചലൊ മറന്നുപോകുന്നുണ്ട്. അത് ആഘോഷത്തിന്റെ കാര്യമാണ്.
ഈ നോവല്‍ അതര്‍ഹിക്കുന്ന രീതിയില്‍ വായിച്ചെടുക്കണമെങ്കില്‍ വായനക്കാരുടെ ഭാഗത്തുനിന്നൊരു ഘടനാപരമായ പുനര്‍നിര്‍മ്മിതിയുടെ ആവശ്യം വരുന്നുണ്ട്. മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍ എല്ലാം പറയാനും സ്വാഭാവികമായ രീതിയില്‍ അവസാനിപ്പിക്കാനും ശ്രമിക്കുന്ന ഒരു നിഷ്‌ക്രിയമായ ഫിക്ഷനായി ഇതിനെ കാണാന്‍ കഴിയില്ല. ജീവിതമെന്ന സമസ്യയുടെ ഒരു കാലനിര്‍ണ്ണയരീതിയൊ ഒരു പ്രത്യേക സംഭവമെന്നതിന്റെ സൂചനകളൊ ഒന്നും തന്നെ ഇതിനില്ല. ഒരു പ്രത്യേകതരം വെളിപാടിന്റെ ദര്‍ശനമോ ഒന്നുമിതിനെ സ്പര്‍ശിക്കുന്നുമില്ല. ഇതിനു പകരമായി ഓരോ അദ്ധ്യായങ്ങളും അത്ഭുതപ്പെടുത്തുന്ന ശൈലിയുടെ ആലങ്കാരികതയോടെ പ്രമേയവുമായി ബന്ധപ്പെട്ട രീതികളേയും കാലത്തേയും ഇടങ്ങളേയും കണ്ണികളിലൂടെ ഇഴചേര്‍ത്തുകൊണ്ട് തെന്നിത്തെന്നിപ്പോകുന്ന ഒരവസ്ഥയാണ് ഉണ്ടാക്കുന്നത്. താനെഴുതുന്ന ഫിക്ഷന്റെ കാര്യത്തില്‍ വളരെ വ്യക്തമായ ഒരു കാഴ്ചപ്പാടും അദ്ദേഹം എടുത്തുകാണിക്കുന്നുണ്ട്. ഇതിനുവേണ്ടതായ ചരിത്രബോധവും വ്യക്തിജീവിതങ്ങളുടെ ഭ്രമാത്മകമായ ഒരുതരം നിരര്‍ത്ഥകത്വവും ഇതിനുവേണ്ടി അദ്ദേഹം ഉള്‍ക്കൊള്ളുന്നുണ്ട്.
1964-ലാണ് അദ്ദേഹം ആഘോഷം (The Celebration) എന്ന നോവല്‍ എഴുതി തുടങ്ങിയത്. നോവല്‍ എഴുതി പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കാന്‍ പന്ത്രണ്ട് വര്‍ഷക്കാലമെടുത്തു എന്നുള്ളതും ശ്രദ്ധേയമാണ്. ഒരു വിപ്ലവത്തിനുശേഷം സൈനിക ഭരണകൂടം ബ്രസീലില്‍ അധികാരത്തിലേറിയ കാലമായിരുന്നു അത്. നോവലിന്റെ പ്രവാഹത്തിലേക്കു കടന്നുവരുമ്പോള്‍ കഥയുടെ തലങ്ങളിലേക്ക് വായനക്കാരുടെ ചിന്ത പ്രവേശിക്കുന്നത് സ്വാഭാവികമായ ഒരുവസ്ഥ തന്നെയാണ്.
1970 മാര്‍ച്ച് 31-ാം തീയതി പ്രഭാതത്തിലെ ആദ്യ മണിക്കൂറുകളില്‍ ബ്രസീലിലെ ബെലൊ ഹൊറിസോണ്‍ടെയില്‍ വളരെ പ്രശസ്തനും ധനവാനുമായ ചെറുപ്പക്കാരനായ ചിത്രകാരന്റെ ജന്മദിനത്തോടനുബന്ധിച്ച ആഘോഷങ്ങള്‍ നടക്കുകയാണ്. ഇതേസമയം മറ്റൊരു സംഭവം കൂടി അവിടെ അരങ്ങേറുന്നുണ്ട്.
പ്ലാസ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ട്രെയിനിനുള്ളില്‍ നിറയെ വരള്‍ച്ചയുടെ ദുരന്തം അനുഭവിക്കുന്ന, വിശപ്പിന്റെ പിടിയിലമര്‍ന്ന ഒരു വലിയ കൂട്ടം കുടിയേറ്റ തൊഴിലാളികളുടെ സാന്നിദ്ധ്യവുമുണ്ട്. അവരുടെ രോദനങ്ങള്‍ക്കൊ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ക്കൊ പരിഹാരം കാണാതെ അധികാരികള്‍ മുഖംതിരിച്ചു നില്‍ക്കുന്ന ഒരവസ്ഥയുമവിടെയുണ്ട്. പിന്നീടവിടെ സംഭവിക്കുന്നത് ഒരു കലാപത്തിന്റെ അന്തരീക്ഷമാണ്. അവര്‍ക്കുവേണ്ടി വാദിക്കാനോ ആവശ്യങ്ങള്‍ നേടിയെടുക്കാനോ അധികാരികള്‍ക്കു മുന്നില്‍ ശബ്ദമുയര്‍ത്താന്‍ ആരുമില്ലാതെ വന്നപ്പോള്‍ കലാപം അനിവാര്യമായി അവിടെ നിലനില്‍ക്കുന്നതായിട്ടാണ് അനുഭവപ്പെട്ടത്. ഈ രണ്ട് സംഭവങ്ങള്‍ക്കും പ്രത്യക്ഷമായൊരു ബന്ധം അവകാശപ്പെടാന്‍ കഴിയില്ല. പക്ഷേ, ഐവാന്‍ ഏഞ്ചലോ എന്ന നോവലിസ്റ്റ് കഥാപാത്രങ്ങളുടെ അതിസങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളിലൂടെ രണ്ടിനേയും ബന്ധപ്പെടുത്താനുള്ള ശക്തമായ ഒരു ശ്രമം നടത്തുന്നതായി നമുക്കു തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ബ്രസീലില്‍ ഏതാണ്ട് മൂന്ന് ദശാബ്ദക്കാലം നീണ്ടുനിന്ന സാമൂഹികവും രാഷ്ട്രീയപരവുമായ ചരിത്രത്തിന്റെ സങ്കീര്‍ണ്ണതകളും ഉള്‍ക്കൊള്ളുന്ന കഥാപാത്രങ്ങളുടെ ജീവിതസമസ്യകളിലൂടെയാണ് ഈ നോവല്‍ വികസിതമാകുന്നത്. പക്ഷേ, കേന്ദ്രസംഭവമെന്ന രീതിയില്‍ വിഭാവനം ചെയ്യപ്പെട്ട ആഘോഷത്തിന്റെ അസാന്നിദ്ധ്യമാണ് വായനക്കാരെ ഒരു കടങ്കഥയുടെ നിഗൂഢതകള്‍ക്കുള്ളിലേക്ക് തള്ളിവിടുന്നത്. നോവലിസ്റ്റ് പങ്കുവച്ച് തരുന്ന
നോവല്‍ തലങ്ങളില്‍നിന്നും ഒരു പുതിയ കഥ മെനഞ്ഞെടുക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരാവുകയും ചെയ്യുന്നുണ്ട്. അതോടെ പുതിയ നര്‍മ്മബോധത്തിന്റെ പിന്‍ബലത്തോടെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ചില ദുരന്തപൂര്‍ണ്ണമായ ഭാഗങ്ങളിലേക്കുള്ള പുതിയ വഴികള്‍ തുറക്കുകയും ചെയ്യുന്നു.
നോവല്‍ അവസാനിക്കുന്നതിനു മുന്‍പ് നോവലിസ്റ്റ് തന്നെ നമുക്കു ചില സൂചനകള്‍ തരുന്നുണ്ട്.
ഒരു രാജ്യത്തിന്റെ (അതെന്റെ ജന്മനാടുകൂടിയാണ്) നരകതുല്യമായ അവസ്ഥയെക്കുറിച്ച് എനിക്കെന്താണ് എഴുതാന്‍ കഴിയുക? മാലിന്യം കുന്നുകൂടിയ ഒരിടം എന്ന അര്‍ത്ഥത്തില്‍ 'ഷിറ്റ് ഹോള്‍' എന്ന ഇംഗ്ലീഷ് വാക്കാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്.
ഇവിടെ ഞാനെന്തിനെക്കുറിച്ചെങ്കിലും എഴുതിയാല്‍ അതൊരു വലിയ തമാശയായിരിക്കും. എന്തൊക്കെയോ ഞാന്‍ മറച്ചുവെയ്ക്കുന്നു എന്ന തോന്നല്‍ മാത്രമെ ആര്‍ക്കുമുണ്ടാകൂ. എന്താണ് എനിക്ക് മറച്ചുവയ്ക്കാനുള്ളത്. വീണ്ടും അദ്ദേഹം വൃത്തികെട്ട എന്ന അര്‍ത്ഥത്തില്‍ ഷിറ്റ് എന്ന വാക്ക് ഉപയോഗിക്കുന്നു. ഇതൊക്കെ ഒരു എഴുത്തുകാരനെന്ന നിലയില്‍ എന്റെ ബാധ്യതയാണോ? ഇതിലേക്കു കടന്നുപോകുന്നതിനു പകരം എന്തുകൊണ്ടെനിക്ക് കുറ്റാന്വേഷണ കഥകളോ കുട്ടികള്‍ക്കുള്ള കഥകളോ എഴുതിക്കൂടാ.
സ്വന്തം ഭൂമികയുടെ അതിദയനീയമായ അവസ്ഥ കണ്ട് വേദനിക്കുന്ന ഒരു എഴുത്തുകാരന്റെ വിഹ്വലതകളായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ.
മാറ്റങ്ങളുടെ
നോവല്‍
ഈ ചോദ്യങ്ങള്‍ക്കൊക്കെയുള്ള ഉത്തരമാണ് ഈ നോവല്‍ എന്ന് വിളിച്ചുപറയുന്ന ഒരവസ്ഥയാണ് ഇവിടെയുള്ളത്. നോവലിസ്റ്റ് ഒരിക്കലും ഇതിനുവേണ്ടി ഒരു വിഷയം തെരഞ്ഞെടുക്കുന്നില്ല. പക്ഷേ, എല്ലാം എല്ലാം ഇവിടെ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്. രാഷ്ട്രീയം ഒരുതരത്തിലും അദ്ദേഹം ഒഴിവാക്കുന്നില്ല. അതേസമയം തന്റേതായ ഒരു രാഷ്ട്രീയ സമര്‍പ്പണത്തിനും അദ്ദേഹം തയ്യാറാവുന്നില്ല. ഭരണകൂടത്തിനെതിരെ പ്രതിരോധവുമായി നില്‍ക്കുന്ന എഴുത്തിന്റെ നിശ്ശബ്ദകലാപം തന്നെയാണ് ഇത്. ഇങ്ങനെ ഒന്നിനെക്കുറിച്ച് എഴുതാനിരിക്കുമ്പോള്‍ മനസ്സില്‍ നിറഞ്ഞുവന്നുകൊണ്ടിരിക്കുന്ന വെറുപ്പിനെ എവിടെയാണ് ഒതുക്കിനിര്‍ത്താന്‍ കഴിയുക. ഇവിടെ ഏഞ്ചലൊയുടെ വെറുപ്പ് (Revulsion) എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന ഒന്നാണ്. ഒന്നിനേയും അദ്ദേഹം അതിരുകടക്കാന്‍ ശ്രമിക്കുന്നില്ല. പക്ഷേ, എഴുത്തില്‍നിന്നും സ്വതന്ത്രനായി മാറിനില്‍ക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. അദ്ദേഹം സര്‍ഗ്ഗാത്മകമായി സൃഷ്ടിച്ചെടുക്കുന്ന ലോകം പരുക്കനും തിരക്കുള്ള ഒന്നുമാണ്. നോവല്‍ ആരംഭിക്കുന്നത് ഒരു ഹ്രസ്വമായ ഡോക്യുമെന്ററിയിലൂടെയാണ് (നഗരവും ആന്തരികഭാഗവും 1970). ഇവിടെ നഗരം ബെലൊ ഹൊറിസോണ്‍ടെയാണ്. ആന്തരികഭൂമിയെന്നത് ബ്രസീലിയന്‍ വടക്കുകിഴക്കാണ്. ഡോക്യുമെന്ററിയിലാകെ പത്രവാര്‍ത്തകളില്‍നിന്നുള്ള ഭാഗങ്ങളും ലീഫ്ലെറ്റുകളും പൊലീസ് പ്രമാണരേഖകളും പത്രാധിപര്‍ക്കുള്ള ഒരു കത്തും പുസ്തകങ്ങളും ഒരു ജനനസര്‍ട്ടിഫിക്കറ്റും വളരെ പ്രസിദ്ധമായ ഒരു വടക്കു കിഴക്കന്‍ ബല്ലാഡും (1952) പ്രഭാഷണങ്ങളും മറ്റു ചില റിപ്പോര്‍ട്ടുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇവയില്‍ ചിലത് യാഥാര്‍ത്ഥ്യത്തിലുള്ള ചരിത്രപരമായ പ്രമാണങ്ങളാണ്. അതേസമയം മറ്റുള്ളവ സൃഷ്ടിച്ചെടുത്തവയുമാണ്. ഇവ രണ്ടും തമ്മില്‍ വേര്‍തിരിച്ചെടുക്കുകയെന്നത് അസാധ്യമായ കാര്യമാണ്. പക്ഷേ, ഇവ ഒന്നിച്ചു ചേരുമ്പോള്‍ 1970 മാര്‍ച്ച് 30-നുണ്ടായ ഒരു കലാപത്തിന്റെ വിവരണമായി മാറുന്നു. അത് തൊട്ടടുത്ത പ്രഭാതം വരെ തുടര്‍ന്നുകൊണ്ട് പോകുന്നുമുണ്ട്. ബ്രസീലിയന്‍ ചരിത്രത്തില്‍നിന്നുള്ള ചില ഫ്‌ലാഷ് ബാക്കുകളും ഇതോടൊപ്പം സാന്നിദ്ധ്യം കുറിക്കുന്നു. ഇതില്‍നിന്നൊക്കെ നമുക്കു തിരിച്ചറിയാന്‍ കഴിയുന്നത് കലാപത്തിലേക്കു നയിച്ച സംഭവങ്ങള്‍ ഒരിക്കലും ഒഴിവാക്കാന്‍ പറ്റിയവയായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യമാണ്. രാജ്യത്തിലുണ്ടായ വരള്‍ച്ചയും അതോടൊപ്പം നിലനിന്നിരുന്ന ഗവണ്‍മെന്റ് മേഖലകളിലെ അഴിമതിയും പട്ടിണിയും ദുരിതത്തിലാക്കിയ ഒരു ജനതയുടെ വിലാപങ്ങളും ആന്തരികമായി അതിനുള്ളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അതോടൊപ്പം അന്‍പത് വയസ്സ് പ്രായമുള്ള ഒരു നിയമനിഷേധിയായ മാക്രിയോണിലൊ ഡി മാറ്റോസിന്റെ കടന്നുവരവോടെ സംഭവിക്കുന്ന കാര്യങ്ങളും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിത്തീര്‍ക്കുന്നു. സാമുവല്‍ അപ്പാരെസിഡൊ ഫെറിസിന്‍ എന്ന ബെലൊ ഹൊറിസോണ്‍ടെയില്‍നിന്നുള്ള പത്രപ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ കലാപപൊലീസിന് അഭിമുഖമായി കടന്നുവരുന്ന കൃഷിക്കാരുടേതായ ഒരു വലിയ ജനസമൂഹമുണ്ട്.
ആദ്യത്തെ പതിന്നാലു പേജുകളില്‍ കടന്നുവരുന്ന ഒരുകാലം നൂറ്റിയിരുപത് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒന്നാണ്. ഇതോടൊപ്പം ബ്രസീലിയന്‍ ചരിത്രത്തിന്റേയും ആഭ്യന്തര കലാപത്തിന്റേയും ചരിത്രവുമുണ്ട്.
ആദ്യത്തെ അദ്ധ്യായത്തില്‍നിന്നും രണ്ടാമത്തേതിലേക്കു വരുമ്പോള്‍ നോവല്‍ പൊതുവായ ദര്‍ശനങ്ങളില്‍നിന്നും സ്വകാര്യതയുടെ തലങ്ങളിലേക്കു പ്രവേശിക്കുന്നുണ്ട്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ചരിത്രത്തില്‍നിന്നും പ്രാദേശികമായ തലങ്ങളിലേക്കുള്ള മാറ്റങ്ങളെയാണ് ഉള്‍ക്കൊള്ളുന്നത്.
നോവല്‍ നിറയെ മാറ്റങ്ങളാണ്, പെട്ടെന്നുള്ള തിരിവുകളും ഉത്തരം കണ്ടെത്താനാവാത്ത ദുരന്തങ്ങളും ഇതിനെ ആകെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. കാലം മുപ്പതുകളില്‍നിന്ന് അന്‍പതുകളിലേക്കും തിരിച്ച് നാല്‍പ്പതുകളിലേക്കും വീണ്ടും എഴുപതുകളിലേക്കും സഞ്ചരിക്കുന്നു. ഇടയ്ക്ക് ഭാവിയിലേക്കുള്ള ഒരു ചലനവും ദൃശ്യമാകുന്നു. ഇവയ്ക്കിടയിലൂടെയാണ് കഥാപാത്രങ്ങള്‍ തങ്ങളുടെ അതിജീവനം കണ്ടെത്താന്‍ ശ്രമിക്കുന്നത്.
വീണ്ടും കടന്നുവരുന്ന അദ്ധ്യായങ്ങളുടെ നോവല്‍ അതിന്റെ അവസാന ഭാഗങ്ങളിലേക്കു വികസിതമാകുമ്പോള്‍ പത്രപ്രവര്‍ത്തനത്തില്‍ തന്റെ ഭാവി കണ്ടെത്താന്‍ ശ്രമിക്കുന്ന സുന്ദരിയായ ഒരു പെണ്‍കുട്ടിയെ നോവലിസ്റ്റ് അവതരിപ്പിക്കുന്നുണ്ട്. പക്ഷേ, അവള്‍ ഏകാന്തതയിലും അമിത മദ്യാസക്തിയിലും ചെന്നെത്തുന്ന ഒരവസ്ഥയുമുണ്ട്.
ഒരു മികച്ച നിയമജ്ഞനാകാന്‍ വേണ്ടി തന്റെ എഴുത്തിന്റെ മികവ് ഉപേക്ഷിക്കാന്‍ തയ്യാറാകുന്ന ഒരു മനുഷ്യന്റെ കഥ പറയുന്ന ഒരു അദ്ധ്യായമുണ്ട്. 1970-ലെ ബെലൊ ഹൊരിസോണ്‍ടെ നഗരത്തിലെ തിളങ്ങിനില്‍ക്കുന്ന സാമൂഹ്യതലങ്ങളുടെ ആരെയും ആകര്‍ഷിക്കുന്ന ഒരു വലയവും നോവലില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഇവിടെയെല്ലാം കഥ പറയുന്നതിന്റെ ഏറ്റവും നൂതനമായ ഒരു രീതിയാണ് ഏഞ്ചലൊ അവലംബിച്ചിരിക്കുന്നത്. കടന്നുവരുന്ന ഓരോ അദ്ധ്യായങ്ങളും ഈയൊരു ദര്‍ശനത്തിന് ശക്തിപകര്‍ന്നുകൊടുക്കുകയാണ്.
ഏഞ്ചലൊയുടെ നോവല്‍ ശരിക്കും ഒരു പരീക്ഷണ സ്വഭാവമുള്ളതാണ്. കലാപരമായ എല്ലാ സാധ്യതകളും അദ്ദേഹം ഇതിനുവേണ്ടി ഉപയോഗിക്കുന്നുണ്ട്. പലപ്പോഴും ഇതുകൊണ്ട്തന്നെ യാഥാര്‍ത്ഥ്യമേത്, ഭ്രമാത്മകമായതേത് എന്ന് വേറിട്ടറിയാനും ബുദ്ധിമുട്ടാണ്. മൂകമായി നില്‍ക്കുന്നവര്‍ക്കുപോലും പലതും വിളിച്ചുപറയാനുള്ളതായി തോന്നും. നോവല്‍ വായിച്ചുപോകുമ്പോള്‍ നിങ്ങള്‍ക്ക് ഇത് എവിടെ അവസാനിപ്പിക്കാന്‍ കഴിയുമെന്ന ഒരു സംശയവും സ്വാഭാവികമായുണ്ടാകും. കാലം കഴിയുമ്പോഴും ഈ നോവല്‍ നിങ്ങള്‍ക്ക് ഒപ്പമുണ്ടാകും. എന്തൊക്കെയോ ഇനിയും പറയാനുണ്ട് എന്നത് അകത്തുനിന്നും സ്പന്ദിച്ചുകൊണ്ടേയിരിക്കും. സെലിബ്രേഷന്‍ എന്ന നോവല്‍ ലാറ്റിനമേരിക്കന്‍ എഴുത്തിന്റെ ഏറ്റവും പുതിയ മുഖത്തെയാണ് പങ്കുവയ്ക്കുന്നത്. ചിലപ്പോള്‍ ഇതിനെ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന ഒരു ആധുനിക പെയിന്റിങ്ങുപോലെ അനുഭവപ്പെടും. ഇതിനെ കൂടുതല്‍ മനസ്സിലാക്കാനുള്ള ശ്രമം വായനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയാണെങ്കില്‍ പുസ്തകം ബാക്കി കാര്യങ്ങള്‍ സ്വയം ഏറ്റെടുത്തുകൊള്ളും. നോവല്‍ രചന ഒരു പുതിയ കലയാണെന്നിത് ഏറ്റുപറയുന്നു. അതുകൊണ്ടുതന്നെ ഐവാന്‍ ഏഞ്ചലൊയെ ഒന്നുകൂടി വ്യക്തമായി തിരിച്ചറിയാനുള്ള മാനസികാവസ്ഥ ഒപ്പം വേണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates