

വീക്ഷണം വാരിക നാലു വര്‍ഷം പിന്നിട്ടിരിക്കുന്നു. രാഷ്ട്രീയവാരിക എന്ന നിലയിലുള്ള ദൈര്‍ഘ്യം കൂടി പരിഗണിച്ചാല്‍ ആറരവര്‍ഷം വിജയകരമായി പ്രവര്‍ത്തിച്ചു എന്നത് ഇത്തരമൊരു പ്രസിദ്ധീകരണത്തെ സംബന്ധിച്ചിടത്തോളം അപൂര്‍വ്വമായൊരു ചരിത്രമാണ്. കെ.പി.സി.സി. പ്രസിഡന്റിന്റെ സജീവമായ പിന്തുണയാണ് ചരിത്രം കുറിക്കാന്‍ വീക്ഷണത്തിന് സാദ്ധ്യമായത്. നേരത്തെ പാര്‍ട്ടി പലതരം പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും അവക്കൊന്നിനും ഒരു കാലത്തിനപ്പുറത്തേക്ക് മറികടക്കാന്‍ കഴിഞ്ഞിരുന്നില്ല. പാര്‍ട്ടിയുടെ ഘടന ആ രീതിയിലുള്ളതാണ്. നേതൃത്വപരമായി കഴിവുള്ളവര്‍ ധാരാളമുണ്ടെങ്കിലും ഇത്തരം കാര്യങ്ങളോട് വൈകാരികമായി പ്രതിബദ്ധത പുലര്‍ത്തുന്നവര്‍ നന്നേ കുറവായിരുന്നു. കേവല രാഷ്ട്രീയത്തിനപ്പുറത്തേക്ക് ചിന്തിക്കാനും അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. കെ.പി.സി.സി. പ്രസിഡന്റ് അതില്‍നിന്നും വ്യത്യസ്തമായ സമീപനമാണ് പുലര്‍ത്തിയിരുന്നത്. പത്രവും സാംസ്‌ക്കാരിക വാരികയും പാര്‍ട്ടിക്ക് അനിവാര്യമാണെന്ന് അദ്ദേഹം കരുതി. അതോടൊപ്പം തന്നെ ജനാധിപത്യ സംവാദങ്ങള്‍ക്ക് ഒരു വേദി ഒരുക്കത്തിന് തുറന്ന ഇടങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം വിശ്വസിച്ചു. അതിനുവേണ്ടിയാണ് എല്ലായിടത്തും വീക്ഷണം വേദികള്‍ ആരംഭിച്ചത്. കെ.പി.സി.സി. പ്രസിഡന്റ് മുഖ്യമന്ത്രിയായതോടുകൂടി ഇവയുടെ പ്രവര്‍ത്തനങ്ങളേയും ഇത് സാരമായി ബാധിക്കുകയായിരുന്നു. വീക്ഷണം വേദികള്‍ ആദ്യംതന്നെ ചലനമറ്റു. പിന്നെ അത് വീക്ഷണം വാരികയേയും ബാധിച്ചു. കുറേക്കഴിഞ്ഞ് പത്രത്തേയും ഗ്രസിച്ചു. (പത്രം കുറേ നാള്‍ പ്രവര്‍ത്തനം നിലച്ചതിനുശേഷം വീണ്ടും ആരംഭിക്കുകയായിരുന്നു). ഇത്തരമൊരവസ്ഥ വീക്ഷണത്തിന് ഉണ്ടാകാന്‍ കാരണം കേവല രാഷ്ട്രീയത്തിനപ്പുറത്ത് രാഷ്ട്രീയത്തെ സര്‍ഗ്ഗാത്മകവും ബൗദ്ധികവുമായ സത്തകളോട് ഇഴചേര്‍ക്കണമെന്ന് ചിന്തിക്കുന്നവരോ അവയോട് പ്രതിബദ്ധതയുള്ളവരോ നേതൃത്വത്തില്‍ എത്തുന്നത് വളരെ കുറവായതുകൊണ്ടാണ്.
കെ.പി.സി.സി. പ്രസിഡന്റ് മുഖ്യമന്ത്രിയായതോടെ വീക്ഷണം വാരികയോടുള്ള ആഭിമുഖ്യം മാനേജ്മെന്റിന് കുറഞ്ഞുവരികയായിരുന്നു. അതൊരനാവശ്യവും ബാധ്യതയുമാണെന്ന് ചിലര്‍ കരുതിത്തുടങ്ങി. അത്തരത്തിലുള്ള പ്രതികരണങ്ങള്‍ പലപ്പോഴും പുറത്തുവരികയുണ്ടായി. വീക്ഷണം വാരികയുടെ ആവശ്യകതയെക്കുറിച്ചോ അത് നിര്‍വ്വഹിച്ച സാംസ്‌ക്കാരിക ദൗത്യത്തെക്കുറിച്ചോ ചിന്തിക്കാന്‍ ആരും മുതിരുകയുണ്ടായില്ല. ആരും അത് മനസ്സിലാക്കാനും ശ്രമിച്ചില്ല. കഴിഞ്ഞ നാലു വര്‍ഷം വീക്ഷണം വാരിക കേരളത്തിലെ സാംസ്‌ക്കാരിക രംഗത്തെ പ്രധാന ചലനങ്ങളിലൊന്നായിരുന്നു. ജനാധിപത്യചേരിയിലെ എഴുത്തുകാരേയും, ചിന്തകരേയും ഒന്നിച്ചുകൊണ്ടുവരാനും പൊതുവേദിയിലെത്തിക്കാനും വാരികയ്ക്ക് സാധിച്ചു. പ്രതിഭാശാലികളായ പുതിയ എഴുത്തുകാര്‍ക്ക് ശ്രദ്ധേയമായ ഇടങ്ങള്‍ വാരിക നല്‍കി. വീക്ഷണം വാരികയിലൂടെ സര്‍ഗ്ഗാത്മക രംഗത്തേക്ക് വന്ന പലരും പിന്നീട് മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരായി വളരുകയും ചെയ്തു.
സവിശേഷമായ രചനകളും വരകളുമായിരുന്നു വാരികയുടെ പ്രത്യേകത. മദ്യപാനത്തിന് അനുകൂലമായി സംസാരിച്ചിരുന്ന ചിത്രകാര്‍ത്തിക വാരികയുടെ പത്രാധിപരും എഴുത്തുകാരനുമായ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ മുന്‍പെഴുതാത്ത രീതിയിലുള്ള ഒരു ലേഖനപരമ്പര വാരികയില്‍ എഴുതിത്തുടങ്ങി. മദ്യപാനം വരുത്തിവെക്കുന്ന വിനകളെക്കുറിച്ചുള്ള മുന്നറിയിപ്പായിരുന്നു അദ്ദേഹത്തിന്റെ കോളത്തിന്റെ സവിശേഷത. എറണാകുളം മാതാ ടൂറിസ്റ്റ്ഹോമില്‍ താമസിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തെക്കൊണ്ട് കോളം എഴുതിച്ചത്. മദ്യപാനം ജീവിതത്തില്‍ വരുത്തിയ കെടുതിയും മദ്യപാനത്തില്‍ തകര്‍ന്നുപോയ കുടുംബങ്ങളുടെ കഥയുമായിരുന്നു ആത്മകഥാംശം കലര്‍ന്ന അദ്ദേഹത്തിന്റെ കോളത്തിന്റെ വിഷയം. ധാരാളം വായനക്കാര്‍ ഈ പംക്തിക്കുണ്ടായിരുന്നു. വൈക്കം ചന്ദ്രശേഖരന്‍നായര്‍ മദ്യത്തിനെതിരായി എഴുതുന്നു എന്നതായിരുന്നു ഈ പംക്തി ശ്രദ്ധിക്കപ്പെടാന്‍ കാരണം. അദ്ദേഹത്തെക്കൊണ്ട് അങ്ങനെയൊരു ലേഖനപരമ്പര എഴുതിച്ചതില്‍ വീക്ഷണം വാരിക ധാരാളം പ്രശംസ പിടിച്ചുപറ്റി. അറിയപ്പെടുന്ന കാര്‍ട്ടൂണിസ്റ്റായ യേശുദാസനെക്കൊണ്ട് പ്രത്യേകമായ രീതിയില്‍ വരപ്പിക്കാനും വീക്ഷണത്തിന് കഴിഞ്ഞു. യേശുദാസ് എറണാകുളം കേന്ദ്രമാക്കി ഒരു പ്രസാധനം ആരംഭിച്ച സമയമായിരുന്നു അത്. അദ്ദേഹത്തിന്റെ 'അസാധു' എന്ന നര്‍മ്മമാസിക ഏറെ ശ്രദ്ധേയമായിരുന്നു. ഒരു നോവലിന് ചിത്രം വരയ്ക്കുവാന്‍ കഴിയുമോ എന്നന്വേഷിച്ചപ്പോള്‍ ആദ്യം അദ്ദേഹം ഒന്നറച്ചുനിന്നു. പിന്നെയും നിര്‍ബന്ധിച്ചപ്പോള്‍ സമ്മതിക്കുകയായിരുന്നു. ശ്രീധരന്‍ ചമ്പാട് എഴുതിയ ഒരു സര്‍ക്കസ് നോവലില്‍ കൊടുത്തുകൊണ്ട് വരപ്പിക്കുകയായിരുന്നു. നേര്‍രേഖകള്‍ ഉപയോഗിച്ച് പ്രത്യേക രീതിയിലുള്ള വരയിലൂടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രീതിയാണ് അദ്ദേഹം അവലംബിച്ചത്. മലയാളത്തില്‍ അന്നുവരെ ആരും പ്രയോഗിക്കാത്ത (രേഖാചിത്രങ്ങളില്‍) ശൈലിയായിരുന്നു അത്. ഈ രീതി പിന്നീട് ധാരാളം അനുകരിക്കപ്പെട്ടു. വാരികയിലെ മറ്റു നോവലുകള്‍ക്കും കഥകള്‍ക്കും ചിത്രം വരച്ചിരുന്ന സുന്ദര്‍ എന്ന ചിത്രകാരന്റെ ആദ്യവേദിയായിരുന്നു വീക്ഷണം വാരിക. ഇദ്ദേഹം പിന്നീട് ഒ. സുന്ദര്‍ എന്ന പ്രശസ്തനായ ചിത്രകാരനായി. നിത്യചൈതന്യയതിയുടെ കലാസ്വാദനക്കുറിപ്പുകളും അക്കാലത്ത് കഥാകാരി എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്ന അഷിതയുടെ മനഃശാസ്ത്രക്കുറിപ്പുകളും വായനക്കാര്‍ നിരന്തരം പിന്തുടര്‍ന്ന പംക്തികളായിരുന്നു. അതിനിടയില്‍ വളരെയേറെ വിമര്‍ശനത്തിന് ഇടയാക്കിയ ഒരു ലേഖനപരമ്പരയും വാരികയില്‍ വരികയുണ്ടായി. അമേരിക്കക്കാരിയായ എലിസബത്ത് റേയുടെ ആത്മകഥയായിരുന്നു അത്. അമേരിക്കയിലെ രാഷ്ട്രീയ സാമൂഹ്യരംഗത്ത് ഏറെ വിവാദം സൃഷ്ടിച്ച ഒരു ലേഖനപരമ്പര എന്ന നിലയിലാണ് വാരിക അത് കൊടുക്കാന്‍ സന്നദ്ധമായത്. ഇതിനെക്കുറിച്ച് വിവര്‍ത്തകര്‍ പറഞ്ഞപ്പോള്‍, ലേഖനത്തിന്റെ പുതുമയെ മുന്‍നിര്‍ത്തി, ലേഖനം കാണാതെ തന്നെ പത്രാധിപര്‍ പ്രസിദ്ധീകരണത്തിന് സമ്മതിക്കുകയായിരുന്നു. ലേഖനം കയ്യില്‍ കിട്ടിയപ്പോഴാണ് അപകടം മനസ്സിലായത്. അമേരിക്കയിലെ കുപ്രസിദ്ധയായ ഒരഭിസാരികയുടെ ആത്മകഥയായിരുന്നു അത്. ലേഖനപരമ്പര കൊടുക്കാതിരിക്കാനും നിര്‍വ്വാഹമില്ലായിരുന്നു. ഇത് പ്രസിദ്ധീകരിച്ചതിനെ വിമര്‍ശിച്ചുകൊണ്ട് ലീലാവതി ടീച്ചര്‍ ദീര്‍ഘമായ ഒരു കത്ത് വാരികക്ക് അയച്ചിരുന്നു. വീക്ഷണത്തിന്റെ അന്തസ്സിനെ കെടുത്തുന്നതാണ് ലേഖനം എന്നാണ് അവര്‍ എഴുതിയിരുന്നത്. ആ കത്തും വളരെ പ്രാധാന്യത്തോടെ വീക്ഷണം പ്രസിദ്ധീകരിച്ചു.
വീക്ഷണം വാരികയോട് മാനേജ്മെന്റിലെ ചില രാഷ്ട്രീയനേതാക്കള്‍ക്ക് അത്ര താല്പര്യമില്ലായിരുന്നു. പത്രത്തില്‍ അവരുടെ പടങ്ങളും പ്രസ്താവനകളും പ്രസംഗങ്ങളും പരിപാടി വാര്‍ത്തകളും അച്ചടിച്ചുവരും. അതുകൊണ്ടുതന്നെ പത്രത്തിന് അവര്‍ പ്രാധാന്യം കൊടുത്തു. എന്നാല്‍ വാരികയില്‍ അതിനുള്ള യാതൊരു സാദ്ധ്യതയും ഇല്ല. മാത്രവുമല്ല, സര്‍ഗ്ഗാത്മകത അത്ര ഗൗരവപ്പെട്ട ഒരു കാര്യമാണെന്ന് അവര്‍ കണക്കാക്കിയിരുന്നുമില്ല. അതുകൊണ്ടുതന്നെ വാരികയെ ഒരു രണ്ടാംകിട തലത്തിലാണ് അവര്‍ കണ്ടിരുന്നത്. കെ.പി.സി.സി. പ്രസിഡന്റിന് മാത്രമാണ് സാംസ്‌ക്കാരിക വാരിക അനിവാര്യമാണെന്ന തിരിച്ചറിവ് ഉണ്ടായിരുന്നത്. അദ്ദേഹം മുഖ്യമന്ത്രിയായതോടെ മാനേജ്മെന്റിന്റെ വിവേചനം ആരംഭിക്കുകയും ചെയ്തു.
എഴുത്തുകാര്‍ക്ക് ചെറുതെങ്കിലും പ്രതിഫലം അയയ്ക്കുന്ന രീതി വാരിക പിന്തുടര്‍ന്നിരുന്നു. പ്രതിഫലം അയക്കേണ്ടെന്ന് ആര്‍ക്കോ തോന്നിയതിനാല്‍ അതിന്റെ ഫണ്ട് അനുവദിക്കാതെയായി. അതോടെ അത് മുടങ്ങുകയും ചെയ്തു. എല്ലാവര്‍ക്കും കൃത്യമായി കത്തയക്കുക, മറുപടി നല്‍കുക എന്നത് വാരികയുടെ നടപടിക്രമങ്ങളില്‍പ്പെട്ട ഒരു കാര്യമായിരുന്നു. അതിനാവശ്യമായ സ്റ്റാമ്പും കവറും മാനേജ്മെന്റാണ് തന്നിരുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി അതും നിര്‍ത്തലാക്കി. മാനേജ്മെന്റിന്റെ നീക്കം ഏതു ദിശയിലേക്കാണെന്ന് ഏതാണ്ട് ബോദ്ധ്യപ്പെട്ടു വരികയായിരുന്നു. അതു മനസ്സിലാക്കിയതുകൊണ്ട്, പ്രശ്‌നങ്ങള്‍ വിശദീകരിച്ച് ഞാന്‍ മുഖ്യമന്ത്രിക്ക് കത്തുകള്‍ അയച്ചു. അദ്ദേഹത്തിന് മാത്രമേ പ്രശ്‌നം മനസ്സിലാവുകയുള്ളൂ. എന്നാല്‍, അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതി അറിയാവുന്നതുകൊണ്ട് ഇക്കാര്യത്തില്‍ അദ്ദേഹം എത്രത്തോളം ഇടപെടും എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ടായിരുന്നു. ഒരു പദവിയില്‍നിന്നും ചുമതലയൊഴിഞ്ഞ് അത് മറ്റൊരാള്‍ ഏറ്റെടുക്കുമ്പോള്‍ അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുക എന്നത് അദ്ദേഹത്തിന്റെ രീതിയല്ല. ഏറ്റെടുത്തവര്‍ അത് കൈകാര്യം ചെയ്യട്ടെ എന്ന നിലപാടാണ് അദ്ദേഹം എന്നും പിന്തുടര്‍ന്നിരുന്നത്. എങ്കിലും വീക്ഷണം വാരിക അദ്ദേഹത്തിന്റെ വലിയൊരു അഭിലാഷത്തിന്റെ സാക്ഷാല്‍ക്കാരം എന്ന നിലയില്‍ ചിലപ്പോള്‍ ഇടപെട്ടേക്കും എന്ന് ഞാന്‍ വിശ്വസിച്ചു. എന്റെ എല്ലാ കത്തുകള്‍ക്കും അദ്ദേഹം മറുപടി അയയ്ക്കും. അതിലൊക്കെ അദ്ദേഹം എഴുതും. ''പ്രശ്‌നം ഞാന്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്താം.'' തീര്‍ച്ചയായും അദ്ദേഹം വീക്ഷണത്തിന്റെ ചുമതല വഹിക്കുന്നവരുടെ ശ്രദ്ധയില്‍ ഈ പ്രശ്‌നം കൊണ്ടുവന്നിരിക്കാം. എന്നാല്‍ അതിന്റെ യാതൊരു പ്രതികരണവും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. ഒരുനാള്‍ വീക്ഷണത്തിന്റെ മാനേജിങ്ങ് ഡയറക്ടര്‍ എന്നെ കാബിനിലേക്ക് വിളിപ്പിച്ചിട്ട് പറഞ്ഞു: ''വീക്ഷണത്തിന് സാമ്പത്തികപ്രശ്‌നമുണ്ട്. വാരികയാണ് വലിയ ബാദ്ധ്യത. നമുക്കതിന്റെ പ്രൊഡക്ഷന്‍ കോസ്റ്റ് കുറയ്ക്കണം. കളര്‍ പ്രിന്റിംഗ് ഒഴിവാക്കുന്നതല്ലേ നല്ലത്. കവര്‍ അടക്കം ബ്ലാക്ക് ആന്റ് വൈറ്റില്‍ സാധാരണ ന്യൂസ് പ്രിന്റില്‍ അടിക്കാം. എന്തു പറയുന്നു?''
''ഞാനെന്തു പറയാനാണ്. എല്ലാം മാനേജ്മെന്റ് തീരുമാനിച്ച കാര്യമല്ലേ. നടപ്പാക്കാതിരിക്കാനാകുമോ?''
ഞാന്‍ നിസ്സംഗതയോടെ പറഞ്ഞു. വീക്ഷണം വാരികയുടെ വിധി തീരുമാനിക്കപ്പെട്ടുകഴിഞ്ഞുവെന്ന് ഉറപ്പായി. തൊട്ടടുത്ത ആഴ്ച വെറും ന്യൂസ്പ്രിന്റില്‍ കറുപ്പിലും വെളുപ്പിലും അടിച്ചു വാരിക പുറത്തിറങ്ങി. ബൈന്റ് ചെയ്തു വന്നപ്പോള്‍ അതെടുത്തു മറിച്ചു നോക്കുവാന്‍പോലും എനിക്ക് താല്പര്യമില്ലായിരുന്നു. നാലുവര്‍ഷത്തെ സജീവമായ പ്രവര്‍ത്തനത്തിനുശേഷം ഒരു പ്രസിദ്ധീകരണത്തിന് സംഭവിച്ച ദുരന്തം കറുത്ത മുഖചിത്രത്തില്‍ തെളിഞ്ഞുനിന്നു. ആ ആഴ്ചയുടെ അവസാനം സര്‍ക്കുലേഷന്‍ മാനേജര്‍ എന്നോട് പറഞ്ഞു: ''അച്ചടിച്ച വാരികകളെല്ലാം കെട്ടിക്കിടക്കുകയാണ്. എന്തിനാണിത് നമ്മള്‍ അടിക്കുന്നത്?''
''എന്നാല്‍ നിറുത്തിക്കളഞ്ഞേക്ക്.'' ഞാന്‍ തറപ്പിച്ചു പറഞ്ഞു.
പിന്നെ ഒന്നോ രണ്ടോ ആഴ്ച മാത്രമേ വാരികയ്ക്ക് ആയുസ്സുണ്ടായുള്ളൂ. ഒരാഴ്ച അത് സ്വാഭാവികമായി മരണമടഞ്ഞു. മലയാളത്തിലെ ഒരു നല്ല പ്രസിദ്ധീകരണത്തിന്, ഒട്ടും അനുതാപമില്ലാത്ത ഒരന്ത്യമുണ്ടായതില്‍ എനിക്ക് ഏറെ ദുഃഖം തോന്നി. ആരും അനുശോചനക്കുറിപ്പുപോലും പുറപ്പെടുവിച്ചില്ല. അന്ന് ഞാന്‍ മുഖ്യമന്ത്രിക്ക് ഒരു കത്തയച്ചു.
''ഒരു സാംസ്‌ക്കാരിക വാരികയുടെ പ്രാധാന്യം തിരിച്ചറിയാത്ത ജനാധിപത്യവിശ്വാസം നമ്മെ എവിടെ എത്തിക്കുമെന്ന് എനിക്കറിയില്ല. താങ്കള്‍ തുടക്കമിട്ട ഒരു സ്വപ്നപദ്ധതിക്ക് ഈ ആഴ്ച അന്ത്യം കുറിച്ചു. വീക്ഷണം വാരികയുടെ പ്രസിദ്ധീകരണം മാനേജ്മെന്റ് അവസാനിപ്പിച്ചു.''
എന്നോട് പത്രത്തിന്റെ ഡെസ്‌കിലേക്ക് മാറാനാണ് മാനേജ്മെന്റ് നിര്‍ദ്ദേശിച്ചത്. എനിക്കതില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. ഡെസ്‌കിലുള്ളവരെല്ലാം എന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. പലതരത്തില്‍ കഴിവുള്ളവര്‍. അതിനിടയില്‍ പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ വീക്ഷണത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റിരുന്നു. അതും സന്തോഷകരമായ കാര്യമായിരുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ ഏറെക്കുറെ ഞാന്‍ വായിച്ചിരുന്നു. ശാസ്ത്രലേഖനങ്ങളും ഇഷ്ടമായിരുന്നു. അദ്ദേഹം ഡെസ്‌കിലേക്ക് വന്നതില്‍ ഞങ്ങളെല്ലാവരും അഭിമാനിച്ചു. ഇതിനിടയിലും വീക്ഷണം വാരിക നിറുത്തിയതിനോട് വൈകാരികമായ എന്റെ എതിര്‍പ്പ് ബാക്കിയായിരുന്നു. അതിനോട് പൊരുത്തപ്പെടാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. വാരിക നിറുത്തണമെന്ന ആരുടേയോ ഗൂഢതാല്പര്യത്തിന് മാനേജ്മെന്റിലെ ചിലര്‍ കൂട്ടുനില്‍ക്കുകയായിരുന്നു. കെ.പി.സി.സി. പ്രസിഡന്റ് മുഖ്യമന്ത്രിയായി പോയ സാഹചര്യം സമര്‍ത്ഥമായി അവര്‍ മുതലെടുക്കുകയും ചെയ്തു. അയ്യായിരത്തോളം കോപ്പികളാണ് വീക്ഷണം അച്ചടിച്ചുകൊണ്ടിരുന്നത്. അതിലേറെയും വിറ്റുപോയിരുന്നു. വാരികയ്ക്ക് നഷ്ടമുണ്ടെങ്കില്‍ത്തന്നെ രണ്ടോ മൂന്നോ പ്രത്യേക പതിപ്പുകള്‍ ഇറക്കി അത് പരിഹരിക്കാവുന്നതേ ഉള്ളൂ. ഭരണത്തിലുള്ള കക്ഷിയായതുകൊണ്ട് അതിന് എളുപ്പത്തില്‍ കഴിയും. എന്നാല്‍ അതിനൊന്നും ആരും മുതിര്‍ന്നില്ല. ചിലര്‍ക്ക് വാരിക നിറുത്തിയല്ലേ പറ്റൂ. അതിനവര്‍ക്ക് കഴിയുകയും ചെയ്തു.
വാരികയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചതുപോലെ, കെ.പി.സി.സി. പ്രസിഡന്റ് ആരംഭം കുറിച്ച 'ജനാധിപത്യ സഹവാസവും' ഇല്ലാതായി. നോര്‍ത്തില്‍ കോണ്‍ഗ്രസ് ഭാരവാഹികള്‍ ഒരു മേല്‍ക്കൂരയ്ക്ക് കീഴെ ഒന്നിച്ചു താമസിക്കുന്ന നൂതനസംരംഭത്തിന് തുടക്കം കുറിച്ചത് പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ വലിയൊരാശയമായിരുന്നു അത്. അദ്ദേഹം മുഖ്യമന്ത്രിയായതോടെ ആ സഹവാസവും അവസാനിച്ചു. ഭാരവാഹികള്‍ പലയിടങ്ങളിലായി താമസം തുടങ്ങി. വാരിക അവസാനിപ്പിച്ച രീതിയോട് ഒരിക്കലും പൊരുത്തപ്പെടാനാവാത്തതുകൊണ്ടു വീക്ഷണത്തോടുള്ള എന്റെ ആഭിമുഖ്യവും കുറഞ്ഞുവരികയായിരുന്നു. അതിനിടയിലാണ് 'കേരളകൗമുദി'ക്ക് തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലേക്ക് ലേഖകന്മാരെ ആവശ്യമുണ്ടെന്നുള്ള പരസ്യം കാണുന്നത്. കേരളകൗമുദി അന്ന് കേരളത്തിലെ മൂന്നാമത്തെ വലിയ പത്രമാണ്. നിഷ്പക്ഷവും സത്യസന്ധവുമായ വാര്‍ത്തകള്‍ മാത്രമേ കേരളകൗമുദിയില്‍ വരികയുള്ളൂ എന്നൊരു വിശേഷണവും ആ പത്രത്തിനുണ്ടായിരുന്നു. പരസ്യം കണ്ടപ്പോള്‍ അയക്കാന്‍ താല്പര്യം തോന്നി അപേക്ഷയും അയച്ചു. വീക്ഷണത്തില്‍നിന്ന് ടി.വി. വേലായുധനും അപേക്ഷിച്ചിരുന്നു. രണ്ടുപേരെയും അഭിമുഖത്തിന് വിളിച്ചു. രണ്ടു പേര്‍ക്കും നിയമനം ലഭിക്കുകയും ചെയ്തു. ടി.വി. വേലായുധന് കണ്ണൂരും എനിക്ക് തൃശൂരും. ഉടന്‍ തിരുവനന്തപുരത്തുനിന്നും നിയമനോത്തരവ് കൈപ്പറ്റണമെന്ന് അറിയിപ്പില്‍ ഉണ്ടായിരുന്നു.
ഏഴു വര്‍ഷത്തെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ഞാന്‍ വീക്ഷണത്തിന്റെ പടി ഇറങ്ങുകയാണ്. എനിക്ക് എന്നെ കണ്ടെത്താന്‍ സാഹചര്യം തന്ന ആ സ്ഥാപനത്തോട് ഏറെ മമതയുണ്ടായിരുന്നു. എന്നാല്‍, ഒടുവില്‍ നൈരാശ്യത്തിന്റെ വലിയൊരു ഭാരം. വീക്ഷണത്തിന്റെ പടികള്‍ ഇറങ്ങുമ്പോള്‍ സന്തോഷമാണോ ഉണ്ടായത്? അറിയില്ല. തന്റെ ജനനത്തിന് നിമിത്തമായ ഒരിടം ഉപേക്ഷിക്കാന്‍ ഒരുങ്ങുമ്പോള്‍ ആരാണ് സന്തോഷിക്കുക?
(തുടരും)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates