

ചരിത്രമെന്നതു് ചിലര്‍ക്ക് ഒരു കടംകഥയും മറ്റു ചിലര്‍ക്ക് ഒരു കെട്ടുകഥയും ഇനിയും ഉപയോഗയുക്തികൊണ്ടുമാത്രം ചിന്തിക്കുന്ന ചിലര്‍ക്ക് നിരര്‍ത്ഥകമായൊരു വിഷയവുമാണ്. ചരിത്രത്തിന്റെ പ്രസക്തിയും ശക്തിയും നമ്മള്‍ മനസ്സിലാക്കുന്നത് പ്രതിസന്ധി ഘട്ടങ്ങളിലാണ്. ചരിത്രാവബോധമുള്ളൊരു സമൂഹത്തിനേ നന്മയുടെ ഒരു പുതിയ നാളെയെ സൃഷ്ടിക്കാന്‍ സാദ്ധ്യമാവുകയുള്ളൂ. ലോകമെമ്പാടും കൊവിഡ് 19-നോടു പടവെട്ടുമ്പോള്‍ ആരോഗ്യ സംഘടനകള്‍ മുതല്‍ ലോക നേതാക്കള്‍ വരെ സ്പാനിഷ് ഫ്‌ലൂവിന്റേയും പക്ഷിപ്പനിയുടേയും ചരിത്രം തേടി പോകുന്നതു മനുഷ്യജീവിതത്തിന്റെ ചരിത്രം കഥകള്‍ നിറഞ്ഞതാകുന്നതുകൊണ്ടാണ്. മനുഷ്യന്റെ അബദ്ധങ്ങളുടേയും അതിജീവനത്തിന്റേയും ഒരു ആമാടപ്പെട്ടികൂടിയാണ് ചരിത്രം. ഹൈഡെഗെര്‍ ഓര്‍മ്മകളെക്കുറിച്ച് പരാമര്‍ശിക്കുന്നത് അവയൊരു തട്ടിന്‍പുറംപോലെയെന്നാണ്. പ്രശ്‌നങ്ങളില്‍ അകപ്പെടുമ്പോഴോ ആകുല വേളകളിലോ മനുഷ്യന്‍ ഈ തട്ടിന്‍പുറത്തു കയറി പൊട്ടിത്തകര്‍ന്നതോ വിലപിടിപ്പുള്ളതോ അതോ പണ്ടെങ്ങോ ഒളിപ്പിച്ചുവെച്ചതോ ആയ കാര്യങ്ങള്‍ തിരഞ്ഞെടുക്കും. ഒരാള്‍ തന്റെ ഓര്‍മ്മകളുടെ തട്ടിന്‍പുറത്തുനിന്ന് എന്ത് ചികഞ്ഞെടുക്കുമെന്നതു് അയാളുടെ ജീവചരിത്രത്തേയും സ്വഭാവവിശേഷതകളേയും ആശ്രയിച്ചിരിക്കും. ഒരുവിധത്തില്‍ പറഞ്ഞാല്‍ സമൂഹത്തിന്റെ ഓര്‍മ്മയാണ് ചരിത്രം.
ഗ്രീക്ക് പുരാണങ്ങളില്‍ പാണ്ടോറയുടെ പെട്ടിയെക്കുറിച്ചൊരു കഥയുണ്ടു് (മിത്ത്): ലോകത്തിലെ ആദ്യത്തെ സ്ത്രീ സൃഷ്ടിയായ പാണ്ടോറയ്ക്ക് ഗ്രീക്ക് ദൈവങ്ങളുടെ രാജാവായ സ്യൂസ് സമ്മാനിച്ച തിന്മകളുടെ പെട്ടി. പാണ്ടോറ ഒരുനാള്‍ തന്റെ തടഞ്ഞുനിര്‍ത്താനാകാത്ത ജിജ്ഞാസ കാരണം തുറന്നപ്പോഴാണ് ഈ ലോകത്ത് ദുരിതങ്ങളും മഹാമാരികളും കഷ്ടങ്ങളുമുണ്ടായതെന്നാണ് ഗ്രീക്ക് പുരാണം. ന് പാണ്ടോറയുടെ പെട്ടിയില്‍നിന്ന് എന്ന പോലെ പുറത്തുചാടിയിരിക്കുന്ന മഹാവ്യാധിയാണ് കൊവിഡ് 19 പാന്‍ഡമിക്. പാണ്ടോറയുടെ പെട്ടിയില്‍ അവസാനമായി ശേഷിച്ച പ്രത്യാശകൊണ്ടു മാത്രമേ കൊറോണയെന്ന ഭൂതത്തെ നമുക്കു തളയ്ക്കാനാകൂ. മനുഷ്യന്റെ അതിജീവനത്തിന്റെ ചരിത്രം മാത്രമേ നമുക്കീ പ്രത്യാശ നല്‍കൂ. മനുഷ്യന്റെ ഓര്‍മ്മയുടെ തട്ടിന്‍പുറത്തെ പ്രത്യാശയുടെ ഏടുകളിലേക്ക് നമുക്ക് ഒന്നു തിരിഞ്ഞു നോക്കാം.
ഔട്ട്സിയുടെ എല്ലുകള്‍ സംസാരിക്കുന്നു...
ഔട്ട്സി എന്ന ഹിമ മനുഷ്യനാണ് യൂറോപ്പിലെ ഏറ്റവും പുരാതനമായ മമ്മി, ഒരുവിധത്തില്‍ പറഞ്ഞാല്‍ നമ്മുടെയെല്ലാം മുതുമുത്തച്ഛന്‍. 1991 സെപ്തംബര്‍ 11-നാണ് ഔട്ട്സിയുടെ അവിശിഷ്ടങ്ങള്‍ രണ്ടു ജര്‍മന്‍ ടൂറിസ്റ്റുകള്‍ ഓട്സല്‍ ആല്‍പ്സ് പര്‍വ്വതനിരകളില്‍നിന്നും കണ്ടെത്തിയതു് (ഓട്സല്‍ ആല്‍പ്സില്‍നിന്നും കണ്ടെത്തിയതു കാരണമാണ് ഔട്ട്സി എന്ന പേര്‍ ലഭിച്ചത്)1 2003 മുതല്‍ 2010 വരെ ഔട്ട്സിയുടെ അവശിഷ്ടങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ യൂറോപ്പിലെ പല യൂണിവേഴ്സിറ്റികളിലും ലാബുകളിലുമായി നടന്നു. ഔട്ട്സിയുടെ എല്ലുകള്‍ക്ക് നമ്മോടു പറയാനൊരു കഥയുണ്ട്.
ഇടതുതോളില്‍ അമ്പില്‍നിന്നേറ്റ ആഴത്തിലുള്ള മുറിവില്‍നിന്നും രക്തം വാര്‍ന്നുവാര്‍ന്നാണ് ഔട്ട്സി ആല്‍പ്സില്‍ മരിച്ചുവീണതെന്നായിരുന്നു നിഗമനം. തുടര്‍പഠനങ്ങള്‍ ഔട്ട്സിക്ക് ഏറെക്കാലമായി അതിയായ പല്ലുവേദനയും സ്പോണ്ടിലോസിസുമുണ്ടായിരുന്നു എന്നു കണ്ടു പിടിച്ചു.2 ഔട്ട്സിയുടെ അസ്ഥികള്‍ ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കിയതിന്റെ ഫലമായി ഔട്ട്സി മരിക്കുന്നതിനു മുന്‍പുള്ള ആറു മാസങ്ങളില്‍ മൂന്നു തവണയെങ്കിലും രോഗാവസ്ഥയിലായിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഔട്ട്സിയുടെ ഫീമര്‍, ടിബിയ, പെല്‍വിസ് എല്ലുകളുടെ പരിശോധന, ഔട്ട്സി ഒരു സഞ്ചാരിയായിരുന്നുവെന്നും ദീര്‍ഘദൂരം കാല്‍നടയായി കുന്നുകളും മലകളും താണ്ടി പ്രതികൂല കാലാവസ്ഥകളിലൂടെ നിരന്തരമായി യാത്ര ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ടു്. ഔട്ട്സി ജീവിച്ചിരുന്ന ചെമ്പ് യുഗത്തില്‍ (4500 B.C, Copper Age) ദീര്‍ഘദൂര സഞ്ചാരം അസാധാരണമായിരുന്നു. മനുഷ്യന്‍ ചെമ്പും കല്ലുംകൊണ്ടുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്ന കാലഘട്ടത്തെയാണ് കോപ്പര്‍ ഏജ് (Copper Age/Chalcolithic Age) എന്നു വിളിക്കുന്നത്. (നവീന ശിലായുഗത്തിനും വെങ്കലയുഗത്തിനും (Bronze Age) ഇടയിലുള്ള കാലഘട്ടത്തെയാണ് ചെമ്പ് യുഗമെന്നു വിളിക്കുന്നത്.) പാരിസ്ഥിതികമായും സാമൂഹ്യമായും വളരെ വലിയ മാറ്റങ്ങള്‍ സംഭവിച്ച കാലഘട്ടമായിരുന്നു ഇത്. കൃഷിയുടെ ഉത്ഭവത്തിനുശേഷം ആദിമ ഗ്രാമങ്ങളില്‍ ഗോത്രങ്ങളായി മനുഷ്യന്‍ ജീവിക്കാന്‍ തുടങ്ങിയതും ലോഹങ്ങളുടെ പ്രയോഗവും ഈ കാലത്തിലാണ് മനുഷ്യചരിത്രത്തില്‍ ആദ്യമായി കാണപ്പെടുന്നത്.
ഔട്ട്സി, ആ സമൂഹത്തില്‍ വളരെ വ്യത്യസ്തനായിരുന്നു. അയാളുടെ തോള്‍സഞ്ചിയില്‍നിന്നും കണ്ടെടുത്ത ചെമ്പും കല്ലും കൊമ്പും കൊണ്ടു നിര്‍മ്മിതമായ ഉപകരണങ്ങള്‍ ഔട്ട്സി, കാലത്തിനു മുന്‍പേ നടന്നവനാണെന്നു തെളിയിക്കുന്നു. ഔട്ട്സിയുടെ തോള്‍സഞ്ചിയില്‍ ഔഷധസസ്യങ്ങള്‍ക്കൊപ്പം, വിരകളെ നശിപ്പിക്കാന്‍ കഴിവുള്ള കൂണുകളുമുണ്ടായിരുന്നു. ഒരു പക്ഷേ, ഓട്ട്സി ലോകത്തിലെ ആദ്യത്തെ സസ്യശാസ്ത്രജ്ഞനായിരുന്നിരിക്കാം (Botanist)! ഔട്ട്സിയുടെ നീണ്ട നടത്തങ്ങള്‍ അയാളുടെ സമൂഹത്തിനാവശ്യമായ ഔഷധങ്ങള്‍ക്കായുള്ള തിരച്ചിലുകള്‍ ആവാം. രോഗം ശമിപ്പിക്കാനുള്ള മരുന്നുകളുടെ അറിവ്, ഔട്ട്സിക്ക് അയാളുടെ കൂട്ടത്തില്‍ നായകപരിവേഷവും നേടിക്കൊടുത്തിട്ടുണ്ടാവും. പ്രാചീന സമൂഹങ്ങളില്‍ സാധാരണമായി കണ്ടിരുന്നതുപോലെ ഔട്ട്‌സി ഒരു വെളിച്ചപ്പാടോ മന്ത്രവാദിയോ (Shaman) ആയിരുന്നിരിക്കാം.
ഔട്ട്സിയുടെ മരണം അയാളുടെ സമൂഹത്തിനു നികത്താനാവാത്ത നഷ്ടമായിരുന്നു. വൈദ്യന്റെ/വെളിച്ചപ്പാടിന്റെ മരണം പ്രാചീന സമൂഹങ്ങളില്‍ ഗോത്രങ്ങള്‍ക്കു തന്നെ നാശമാകാറുണ്ടു്. രോഗം ശമിപ്പിക്കാന്‍ കഴിവുള്ള വൈദ്യനോ മന്ത്രവാദിക്കോ ദിവ്യത്വവും അതിമാനുഷികത്വവും കല്പിച്ചിരുന്നത് അവരുടെ അമൂല്യമായ സസ്യ സമ്പത്തിനെക്കുറിച്ചുള്ള അറിവിനെ കേന്ദ്രീകരിച്ചായിരുന്നു. ഔട്ട്സിയുടെ മരണകാരണം അയാളുടെ അറിവായിരുന്നു. ഔട്ട്സിയുടെ പക്കലുണ്ടായിരുന്ന ലോഹ, ചെമ്പ് ഉപകരണങ്ങള്‍ കൈക്കലാക്കാന്‍ ചിലര്‍ ശ്രമിച്ചതുമാവാം ഔട്ട്സിയുടെ കൊലപാതകത്തിനു കാരണം എന്നാണ് ഒരു വിഭാഗം പുരാവസ്തു ഗവേഷകരുടെ നിഗമനം. മറ്റൊരു വാദം എന്തെന്നാല്‍ ഔട്ട്സി ഉള്‍പ്പെട്ടിരുന്ന ഗോത്രത്തിന്റെ ശത്രുക്കള്‍, ആ ഗോത്രംതന്നെ നശിപ്പിച്ചുകളയാന്‍ ഔട്ട്സിയെ കൊന്നതുമാവാം. എന്തായാലും, ഔട്ട്‌സിയുടെ അസ്ഥികള്‍ ഇന്നും നമ്മോടു സംസാരിച്ചുകൊണ്ടേയിരിക്കുന്നു. കൊവിഡ് എന്ന മഹാമാരിക്കാലത്ത് ഈ മുതുമുത്തശ്ശന്റെ കഥയില്‍നിന്നും നമ്മള്‍ പുതിയതായി പലതുമറിയുന്നുണ്ട്.
ഔട്ട്സിയുടെ മരണത്തെക്കുറിച്ചാണ് പ്രമുഖ പഠനങ്ങള്‍ നിലനില്‍ക്കുന്നതെങ്കിലും ഔട്ട്സിയുടെ ജീവിതമാണ് കൂടുതല്‍ കൗതുകകരം. പലവട്ടം രോഗാതുരനായിട്ടും കാടും മേടും കടന്ന് യാത്രകളില്‍ മുഴുകി പുതിയ പുതിയ കാര്യങ്ങള്‍ കണ്ടുപിടിച്ച ഔട്ട്സിയുടെ അചഞ്ചലമായ ഇച്ഛാശക്തിയാണ് ഒന്നാമത്തെ പാഠം. വാക്‌സിനും ആധുനിക ഔഷധങ്ങളും ഇല്ലാതിരുന്ന കാലത്തും ധീരമായി പാരിസ്ഥിതികമായ വെല്ലുവിളികളെ അതിജീവിച്ച് പരിമിതികളില്‍ ഒതുങ്ങാതെ പുത്തന്‍ ലോകങ്ങള്‍ തിരഞ്ഞ മനുഷ്യമനസ്സിന്റെ ധിഷണാശക്തിയാണ് ഔട്ട്സിയുടെ ജീവിതം വിളിച്ചുപറയുന്നതു്. അറിവുള്ളവരേയും കാലത്തിനു മുന്‍പേ സഞ്ചരിക്കുന്നവരേയും നൂതന ആശയങ്ങള്‍ മുന്‍പോട്ട് വയ്ക്കുന്നവരേയും ഹനിക്കാനുള്ള വ്യഗ്രത, സമൂഹത്തിലെ 'സ്റ്റാറ്റസ് ക്വോ' (status quo)യില്‍നിന്നും നേട്ടങ്ങള്‍ കൊയ്യുന്നവര്‍ക്ക് എപ്പോഴും ഉണ്ടായിരിക്കും. അവര്‍ അറിവിനെ ഭയക്കും, ആശയങ്ങള്‍ക്കെതിരെ നുണയമ്പുകള്‍ എയ്യും. കാലത്തെ സ്വാര്‍ത്ഥ നുകങ്ങളില്‍ കെട്ടിയിടും. മാറ്റത്തിനു കടിഞ്ഞാണിട്ട് പുരോഗതിയെ അണകെട്ടി നിര്‍ത്താന്‍ ശ്രമിക്കും. ചരിത്രത്തിന്റെ അസ്ഥികള്‍ അവരെ ഓര്‍ത്ത് ചിരിക്കും. അവരെ തിരുത്തും.
ഒരോ തവണയും രോഗാവസ്ഥയില്‍നിന്നും പുറത്തുവരാന്‍ ഔട്ട്സിയെ സഹായിക്കാന്‍ ഒരു പറ്റം ആള്‍ക്കാര്‍ ഉണ്ടായിരുന്നിരിക്കണം. ഏഴായിരം വര്‍ഷങ്ങള്‍ മുന്‍പ് തനിയെ ഒരാള്‍ ഇത്രയധികം രോഗങ്ങളോട് പടപൊരുതി വിജയിക്കുക എന്നത് തീര്‍ത്തും അസാദ്ധ്യമാണ്. ഉദാഹരണത്തിന്, അക്കാലത്ത് രോഗബാധിതര്‍ക്ക് ഭക്ഷണത്തിനും കാട്ടുമൃഗങ്ങളില്‍നിന്നു രക്ഷനേടാനും മറ്റുള്ളവരുടെ സഹായം തേടിയേ മതിയാവൂ. കൃഷി വ്യാപകമാകാത്ത, ധാന്യങ്ങള്‍ ശേഖരിക്കാത്ത ഒരു കാലത്തായിരുന്നു ഔട്ട്സി ജീവിച്ചിരുന്നതെന്നോര്‍ക്കണം. ഔട്ട്സിയുടെ, ഉടഞ്ഞ് വീണ്ടും ചേര്‍ക്കപ്പെട്ട അസ്ഥികള്‍, കനിവിന്റേയും അനുകമ്പയുടേയും ഒരു സംസ്‌കാരം നിലനിന്നതിന്റെ സൂചനകളാണ്. പ്രാചീന കാലഘട്ടത്തെ അപരിഷ്‌കൃതമെന്നും പ്രാകൃതമെന്നും ചുട്ടി കുത്തുന്നവരോട് മാര്‍ഗറ്റ് മീഡ് എന്ന വിശ്വവിഖ്യാതയായ നരവംശ ശാസ്ത്രജ്ഞയ്ക്ക് പറയാനുള്ളത് ഇതാണ്: പതിനയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒടിഞ്ഞ് വീണ്ടും കൂടിച്ചേര്‍ന്ന എല്ലാണ് പുരാവസ്തുശാസ്ത്രത്തിന്റെ ഏറ്റവും വലിയ കണ്ടെത്തല്‍; എന്തെന്നാല്‍ സഹജീവികളോടുള്ള അനുകമ്പയാണ് മനുഷ്യരാശിയെ നിലനിര്‍ത്തിയതും ഒരു വംശമായി കൂട്ടിച്ചേര്‍ക്കുന്നതും. മനുഷ്യന്റെ അടിസ്ഥാനപരമായ സ്വഭാവം സ്വാര്‍ത്ഥതയാണെന്നുള്ള മുതലാളിത്ത വാദത്തിനും അയന്‍ റാന്‍ഡിന്റെ സ്വാര്‍ത്ഥവാദങ്ങള്‍ക്കും വിപരീതമാണ് പ്രാചീന ചരിത്രം. കാലാന്തരങ്ങള്‍ക്കിപ്പുറം ഈ സന്ദേശമാണ് ഔട്ട്സിയുടെ ജീവിതം നമുക്കായി പകര്‍ന്നു നല്‍കുന്നത്.
മോഹന്‍ ജോദാരോയിലെ കല്ലുകള്‍
ഹാരപ്പന്‍ സംസ്‌കാരത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ മോഹന്‍ജോദാരോയുടെ അവശിഷ്ടങ്ങള്‍ 1920-ല്‍ ആര്‍.ഡി. ബാനര്‍ജി എന്ന ഇന്ത്യന്‍ പുരാവസ്തു ഗവേഷകനാണ് ആദ്യമായി കണ്ടെത്തിയത്. ഹാരപ്പന്‍ സംസ്‌കാരത്തെക്കുറിച്ച് വിവിധ രാജ്യങ്ങളില്‍നിന്നുള്ള ചരിത്ര-പുരാവസ്തു ശാസ്ത്രസംഘങ്ങളുടെ നേതൃത്വത്തില്‍ അന്നു മുതല്‍ ആരംഭിച്ച ഗവേഷണങ്ങള്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. 3300 ബി.സി.ഇയില്‍ ഉത്ഭവിച്ച് 2500-ഓടെ വികാസം പ്രാപിച്ച് 1700 ബി.സിയില്‍ ക്ഷയിച്ച ആയിരത്തിലധികം കേന്ദ്രങ്ങളുള്ള ഒരു വെങ്കലയുഗ സംസ്‌കാരമാണ് ഹാരപ്പന്‍ സംസ്‌കാരം. വിപുലമായ നഗരാസൂത്രണം, ചിട്ടയോടുകൂടി പ്രവര്‍ത്തിക്കുന്ന അഴുക്കുചാല്‍ സംവിധാനം, ഏകീകൃതമായ അളവുതൂക്ക സമ്പ്രദായം, മെസൊപ്പൊട്ടേമിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായുണ്ടായിരുന്ന ദീര്‍ഘദൂര വ്യാപാരബന്ധങ്ങള്‍, ഹാരപ്പന്‍ സംസ്‌കാരത്തിന്റെ പതനം തുടങ്ങി ഈ സംസ്‌കാരത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട പല വിഷയങ്ങളും സമഗ്രമായ പഠനങ്ങള്‍ക്കു വിധേയമായിട്ടുള്ളവയാണ്.
ഹാരപ്പന്‍ സംസ്‌കാരത്തിന്റെ പതനത്തെക്കുറിച്ച് അനേകം സിദ്ധാന്തങ്ങള്‍ നിലവിലുള്ളതിനു പ്രധാന കാരണം ഹാരപ്പന്‍ ലിപി വ്യാഖ്യാനിക്കാന്‍ ഗവേഷകര്‍ക്ക് സാധിക്കാത്തതാണ്. ഈ സംസ്‌കാരം ക്ഷയിച്ചതിന്റെ പ്രമുഖമായ ഒരു കാരണം കാലാവസ്ഥാവ്യതിയാനം ആയിരുന്നു. പൊതു ശുചിത്വത്തിനു വളരെയേറെ പ്രാധാന്യം കൊടുത്തിരുന്ന സംസ്‌കാരമായിരുന്നെങ്കിലും ഹാരപ്പന്‍ കാലഘട്ടത്തിന്റെ അവസാന നാളുകളില്‍ നഗരാസൂത്രണ സംരക്ഷണത്തിന്റെ അഭാവവും അധഃപതനവും വ്യക്തമാക്കുന്ന തെളിവുകള്‍ പുരാവസ്തു അവശിഷ്ടങ്ങള്‍ നല്‍കുന്നുണ്ട്. അഴുക്കുചാലുകളുടെ പരിപാലനക്കുറവ്, തിങ്ങിനിറഞ്ഞ വീടുകള്‍, പൊതുവിടങ്ങളിലെ മാലിന്യ കൂമ്പാരങ്ങള്‍ എന്നിവ പുരാവസ്തു ഗവേഷകര്‍ പൊതുശുചിത്വ പരിപാലനത്തിന്റെ തകര്‍ച്ചയ്ക്ക് തെളിവുകളായി രേഖപ്പെടുത്തിയിട്ടുണ്ട്.3 ഈ കാരണങ്ങള്‍കൊണ്ട് മലേറിയപോലുള്ള പകര്‍ച്ചവ്യാധികള്‍ അവിടെ പടര്‍ന്നുപിടിച്ചിരിക്കാം എന്നും അതിന്റെ ഫലമായി ജനങ്ങള്‍ മോഹന്‍ജോദാരോ പോലുള്ള നഗരങ്ങളുപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറി പാര്‍ത്തിരിക്കാം എന്നും ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.
പ്രകൃതിക്ഷോഭത്തിനോടൊപ്പം മനുഷ്യനിര്‍മ്മിതമായ പ്രശ്‌നങ്ങളും ഒരുമിച്ചു നേരിടാന്‍ കഴിയാതെയാണ് സിന്ധുനദീതട സംസ്‌കാരം തകര്‍ന്നുപോയത്. സിന്ധുനദിയുടെ ഗതി മാറിയുള്ള ഒഴുക്കിനൊപ്പം ഭൂചലനങ്ങളും സിന്ധ് ബലൂജിസ്താന്‍ പ്രദേശത്തെ നിര്‍ജ്ജലീകരണവും അതിനോടൊപ്പമുണ്ടായ കാലാവസ്ഥാവ്യതിയാനങ്ങളുമാണ് ഈ സംസ്‌കാരത്തിനു വെല്ലുവിളിയായിത്തീര്‍ന്നത്. 2500 ആഇ മുതല്‍ 1900 ആഇ വരെയുള്ള മോഹന്‍ ജോദാരോയില്‍നിന്നുള്ള അസ്ഥികൂടാവശിഷ്ടങ്ങളുടെ പരിശോധനയില്‍ വെളിപ്പെട്ടത് ഒരു പുതിയ ചിത്രമായിരുന്നു. ഈ കാലഘട്ടത്തിനിടയില്‍ പകര്‍ച്ചവ്യാധികളുടെ ആവൃത്തി (frequency) പലമടങ്ങു വര്‍ദ്ധിക്കുകയും അസ്ഥികൂടങ്ങളുടെ എണ്ണത്തില്‍ പെരുപ്പമുണ്ടാകുകയും ചെയ്തു. രോഗം പിടിപെട്ട അസ്ഥികൂടങ്ങള്‍ കൂടുതലായും സാധാരണ കുഴിമാടങ്ങളിലാണ് കാണപ്പെട്ടതു്.4 അവസാന ഘട്ടങ്ങളില്‍ സാധാരണവും വിശിഷ്ടവുമായ കുഴിമാടങ്ങളില്‍ വര്‍ഗ്ഗവ്യത്യാസമില്ലാതെ വ്യാധിയുടെ സൂചകങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
വ്യാധിയുടെ പകര്‍ച്ചയുടെ സൂക്ഷ്മരേഖയായി ഇതിനെ വ്യാഖ്യാനിക്കാം. ഇത് രണ്ടു കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. ഒന്ന്, സാധാരണക്കാരില്‍ തുടങ്ങിയ രോഗബാധ പതുക്കെ സമൂഹത്തിലെ എല്ലാ തട്ടിലേയും ജനങ്ങളെ പിടികൂടിയെങ്കിലും നിര്‍ദ്ധനരായ ആളുകളാണ് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ച് മരിച്ചത്. രണ്ട്, എത്രതന്നെ വിപുലമായ നഗരാസൂത്രണം ഉണ്ടെങ്കിലും വ്യക്തമായ പദ്ധതിയില്ലാതെ ആരോഗ്യപാലനം വ്യക്തികളുടെ ബാധ്യതയായി കണ്ടാല്‍ സംസ്‌കാരങ്ങള്‍ക്കുവരെ പതനം സംഭവിക്കാം. പാരിസ്ഥിതിക വെല്ലുവിളികളോടൊപ്പം രോഗത്തിന്റെ വ്യാപനവും കൂടി താങ്ങാനാവാതെയാണ് ജനം മോഹന്‍ജോദാരോ പോലുള്ള സ്ഥലങ്ങള്‍ ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്കു മാറിത്താമസിച്ചത്. സിന്ധുനദീതട സംസ്‌കാരത്തിനു 3500 വര്‍ഷങ്ങള്‍ക്കു മുന്‍പ് നേരിടേണ്ടിവന്നപോലെയുള്ള ഒരു സാഹചര്യത്തിലാണ് നാമിപ്പോള്‍ വന്നുനില്‍ക്കുന്നതു്. ലോകമെമ്പാടുമുള്ള കാലാവസ്ഥാവ്യതിയാനങ്ങളും കൊവിഡ് 19 എന്ന മഹാമാരിയും നമ്മെ ഒട്ടാകെ നശിപ്പിച്ചുകളയാതിരിക്കാന്‍ പൊതുശുചിത്വവും പൊതു ആരോഗ്യവും സംരക്ഷിക്കാനുള്ള ഉപാധികള്‍ ഗവണ്‍മെന്റ് കണ്ടെത്തിയേ മതിയാവൂ. സാധാരണ ജനത്തിന്റെ ആരോഗ്യം അവരുടെ മാത്രം ചുമതലയാണെന്നുള്ളത് ഒരു മുതലാളിത്ത ചിന്താഗതിയാണ്. ഒരോ ഭരണകൂടവും നിലനില്‍ക്കുന്നത് ജനങ്ങളുമായുള്ള സോഷ്യല്‍ കോണ്‍ട്രാക്ടിന്റെ ബലത്തിലാണല്ലോ. ജനം കരം നല്‍കുന്നതു് സ്വന്തം ജീവനും സ്വത്തിനുമുള്ള സംരക്ഷണത്തിനാണ്. പൊതുആരോഗ്യം ജനങ്ങളുടെ ആത്മനിര്‍ഭരതയെ ആശ്രയിച്ചാണെന്നു വാദിക്കുന്നത് ഈ സോഷ്യല്‍ കോണ്‍ട്രാക്ടിന്റെ ലംഘനമാണ്. വെങ്കലയുഗത്തിലെ ഏറ്റവും വലിയ സംസ്‌കാരങ്ങളിലൊന്നായ ഹാരപ്പന്‍ സംസ്‌കാരത്തിനു പിടിച്ചുനില്‍ക്കാന്‍ ആകാത്തത് അന്നു ചലനാത്മകമായൊരു ഭരണകൂടമോ വെല്ലുവിളികളെ നേരിടാന്‍ ഊര്‍ജ്ജിതമായ ഗവണ്‍മെന്റ് ഇടപെടലുകളോ ഇല്ലാതിരുന്നതുകൊണ്ടാണ്. ഹാരപ്പന്‍ സംസ്‌കാരത്തിന്റെ പതനം അതുകൊണ്ടു തന്നെ നമുക്കൊരു മുന്നറിയിപ്പാണ്.
ലോക്ഡൗണില്‍ ഒരു പുതിയ സ്വാഭാവികതയിലേക്ക് നമ്മള്‍ നീങ്ങുമ്പോള്‍ അനുകമ്പയുടെ രാഷ്ട്രീയം പരിശീലിച്ചേ തീരൂ. അടിസ്ഥാന ആവശ്യങ്ങള്‍ക്കായി കഷ്ടപ്പെടുന്ന സഹജീവികളോടും ഈ മഹാമാരിയുടെ കെണിയില്‍ അകപ്പെട്ടവരേയും അകറ്റിനിര്‍ത്തുകയോ ഊരുവിലക്ക് കല്പിക്കുകയോ ചെയ്യരുത്. മനുഷ്യചരിത്രത്തില്‍ യുദ്ധത്തില്‍ മരിച്ചവരുടെ എണ്ണത്തേക്കാള്‍ ഒരു പാടു മുന്‍പിലാണ് അനുകമ്പയാല്‍ ജീവിക്കുന്നവര്‍. ഔട്ട്‌സിയുടെ ജീവിതം നമുക്ക് അനുകമ്പയുടെ സന്ദേശം നല്‍കുമ്പോള്‍ ഔട്ട്സിയുടെ മരണം ഒരു മുന്നറിയിപ്പാകുന്നു. നമ്മുടെ ഇടയില്‍ പുതിയ ചിന്തകളും വ്യത്യസ്ത ആശയങ്ങളും കൊണ്ടുനടക്കുന്നവരാണ് വിദ്വേഷത്തിന്റെ ഇരകള്‍ ആകുന്നത്. സാമൂഹ്യപരിധികളെ ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്തുകൊണ്ട് വേറിട്ടു നില്‍ക്കുന്നവരാണ് നമ്മില്‍ തീക്ഷ്ണവികാരങ്ങള്‍ ഉണര്‍ത്തുന്നതു്. അതിന്റെ കാരണം മറ്റൊന്നുമല്ല, നമ്മുടെ ജീവിത വ്യവസ്ഥയ്‌ക്കെതിരെ ഉയരുന്ന ചൂണ്ടുവിരലുകള്‍ തന്നെയാണ്.
മാറ്റത്തിനോടുള്ള വൈമുഖ്യതയാണ് അവരെ നമ്മുടെ ശത്രുക്കളാക്കുന്നത്. അവരെ വെറുക്കാന്‍ നമ്മള്‍ ഇഷ്ടപ്പെടുമ്പോഴും അവരുടെ ജീവിതത്തില്‍ എന്തു നടക്കുന്നു എന്നറിയാന്‍ നമ്മള്‍ തല്‍പ്പരുരുമാണ്. ആശയങ്ങളെ തച്ചുടയ്ക്കാന്‍ ആകാത്തതുകൊണ്ടു് ആശയം മുന്നോട്ട് വയ്ക്കുന്നവരെ അടിച്ചമര്‍ത്തും. മാറ്റങ്ങളെ എതിര്‍ക്കുന്നത് സാമൂഹിക വ്യാകുലതയുടെ ഭാഗമായി വേണമെങ്കില്‍ വ്യാഖ്യാനിക്കാം. പക്ഷേ, വ്യത്യസ്തരായവരുടെ രക്തത്തിനുവേണ്ടി മുറവിളി കൂട്ടുന്നത് ഏതൊരു കാര്യത്തിനായാലും ന്യായീകരിക്കാനാവില്ല തന്നെ. തന്റേടികളും സാമൂഹിക വ്യവസ്ഥിതിയോട് കലഹിച്ചുനില്‍ക്കുന്നവരും അധികാര ഘടനകള്‍ക്ക് അപ്പുറം ചിന്തിക്കുന്നവരുമാണ് ചരിത്രത്തെ കൈപിടിച്ച് പുത്തന്‍ കാലഘട്ടത്തിലേക്ക് നയിക്കുന്നവര്‍. ചരിത്രത്തെ പുനര്‍ നിര്‍മ്മിക്കുന്നവര്‍. ചെമ്പു യുഗത്തില്‍നിന്ന് വെങ്കലയുഗത്തിലേക്കുള്ള ദൈര്‍ഘ്യം ഓട്ട്സി ജീവിച്ചിരുന്നെങ്കില്‍ കുറയുമായിരുന്നോ? സിന്ധുനദീതട സംസ്‌കാരം ഒരായിരം വര്‍ഷം കൂടി നിലനിന്നിരുന്നെങ്കില്‍ ഇന്ത്യന്‍ ചരിത്രം വ്യത്യസ്തമാക്കുമായിരുന്നോ? അറിയില്ല. ഔട്ട്സിക്കിന്ന് ശബ്ദമില്ല. മോഹന്‍ ജോദാരോയിലെ കല്ലുകള്‍ ഇന്ന് മ്യൂസിയങ്ങളില്‍ ഏകാന്തമായിരിക്കുന്നു. പക്ഷേ, ഔട്ട്സിയുടെ അസ്ഥികള്‍ സംസാരിക്കുന്നു. ഔട്ട്സിയുടെ മരണം സമൂഹത്തെ ഒരു ജീവന്റെ അളവുകോലില്‍ ദരിദ്രമാക്കി. മോഹന്‍ജോദാരോയിലെ വീഥികള്‍ ഇന്നും വിജനമായി കിടക്കുന്നു. വെല്ലുവിളികളെ നേരിടാനാവാതെ പൊലിഞ്ഞുപോയ ഒരു സംസ്‌കാരത്തിന്റെ ബാക്കിപത്രമായി... സഹസ്രാബ്ദങ്ങള്‍ക്കിപ്പുറം വേറിട്ട ശബ്ദങ്ങളോടൊപ്പം ജീവിക്കാന്‍ നമ്മള്‍ പഠിച്ചിട്ടില്ലെങ്കില്‍, ബഹുസ്വരത ഇപ്പോഴും നമുക്ക് ഒരു വിദൂര സ്വപ്നമാണെങ്കില്‍, അതു നമ്മുടെ ചിന്തയുടേയും ചേതനയുടേയും ദാരിദ്ര്യത്തേയും സാമൂഹിക അപക്വതയേയും വരച്ചുകാണിക്കുന്നു.?
(ലേഖിക ആന്ധ്രാപ്രദേശിലെ
എസ്.ആര്‍.എം യൂണിവേഴ്സിറ്റിയില്‍ ചരിത്രാധ്യാപികയാണ്)
[1] https://www.smithsonianchannel.com/videos/this-5300-year-old-corpse-was-found-by-accident/36308
[2] https://www.scientificamerican.com/author/james-h-dickson-klaus-oeggl-and-linda-l-handley/
[3] Nayanjyot Lahiri, Decline and Fall of Indus Civilisation, Permanent Black, Delhi, 2000.
[4] Gwen Schug, Elaine Blevins, Brett Cox, Kelsey Gray and Mushrif Tripathy, Infection, Disease, and Biosocial Processes at the End of the Indus Civilization, PLOS One, 2013.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates