കുപ്രസിദ്ധിയുടെ ക്രൈംബ്രാഞ്ച്: ഒരു കുപ്രസിദ്ധ പയ്യനെക്കുറിച്ച് 

നിസ്സഹായരും നിരാലംബരും ദരിദ്രരും സ്ഥാപനവല്‍ക്കൃത വിദ്യാസമ്പന്നത ഇല്ലാത്തവരുമായ അധോവര്‍ഗ്ഗം നേരിടുന്ന ഉപരിവര്‍ഗ്ഗ/ഭരണകൂട വേട്ട സിനിമയ്ക്ക് പുതുമയുള്ള വിഷയമല്ല.
കുപ്രസിദ്ധിയുടെ ക്രൈംബ്രാഞ്ച്: ഒരു കുപ്രസിദ്ധ പയ്യനെക്കുറിച്ച് 
Updated on
5 min read

പാത്തുമ്മയുടെ ആട് വിശന്നു വായില്‍ കിട്ടിയത് മുഴുവന്‍ ഭക്ഷിച്ച് ഒടുക്കം ചാമ്പമരത്തിന്റെ ചുവട്ടിലെത്തുകയാണ്. എത്തിപ്പിടിക്കാവുന്ന ഒരു ചില്ലപോലും താഴെയില്ലാത്തതിനാല്‍ ആട് മരത്തില്‍ ആഞ്ഞുകയറാന്‍ ശ്രമിക്കുകയാണ്. അവിടെ കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഒരു ചോദ്യമുന്നയിക്കുന്നു. ''ആരാണ് ഈ ചാമ്പമരത്തിന്റെ ചില്ല ഇത്ര ഉയര്‍ത്തിക്കെട്ടിയത്?'' ആവശ്യക്കാര്‍ക്കും നിസ്സഹായര്‍ക്കും അപ്രാപ്യമായ രീതിയില്‍ തീര്‍ത്തും ഉപരിതല സ്പര്‍ശിയായ സംവിധാന ശൃംഖലകളെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന ഈ ചോദ്യം ഏറ്റവും പ്രസക്തമാകുന്നത് നമ്മുടെ നിയമ വ്യവസ്ഥയ്ക്ക് നേര്‍ സ്ഥാപിക്കുമ്പോഴാണ്. പ്രത്യേകിച്ച് ഒരു നിരപരാധിയേയും അര സെക്കന്റുപോലും അപരാധിയാക്കരുതെന്ന ആദര്‍ശവിശാലത സൂക്ഷിക്കുന്ന ഘടന ഭരണത്തിലിരിക്കുന്ന നമ്മുടെ രാജ്യത്ത്!

നിസ്സഹായരും നിരാലംബരും ദരിദ്രരും സ്ഥാപനവല്‍ക്കൃത വിദ്യാസമ്പന്നത ഇല്ലാത്തവരുമായ അധോവര്‍ഗ്ഗം നേരിടുന്ന ഉപരിവര്‍ഗ്ഗ/ഭരണകൂട വേട്ട സിനിമയ്ക്ക് പുതുമയുള്ള വിഷയമല്ല. പ്രബലമായ നിയമസംവിധാനം ഉണ്ടായിട്ടുകൂടി കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഒട്ടും കുറവില്ലാത്ത പരിഷ്‌കൃത സമൂഹമെന്ന നിലയില്‍ സൂചിത പ്രമേയത്തില്‍ നിരന്തരം കലാസംവേദനങ്ങളുണ്ടാകുന്നത് ആവര്‍ത്തനവിരസവുമല്ല. മധുപാല്‍ സംവിധാനം ചെയ്ത മലയാള സിനിമ 'ഒരു കുപ്രസിദ്ധ പയ്യന്‍' ചര്‍ച്ച ചെയ്യുന്ന വിഷയം കൃത്രിമമായി പൊലീസ് നിര്‍മ്മിക്കുന്ന തെളിവുകളാല്‍ നിരപരാധിയെ അപരാധിയാക്കുന്ന ഭരണഘടനാ ലംഘനമാണ്. ഏറ്റവും പുതിയ സാഹചര്യങ്ങളിലേയ്ക്ക് പ്രമേയത്തെ ചേര്‍ത്തുവെച്ചതാണ് സിനിമയുടെ പ്രത്യേകത. തലപ്പാവ്, ഒഴിമുറി എന്നീ സിനിമകളില്‍ മധുപാല്‍ കാത്തുസൂക്ഷിച്ച കയ്യൊതുക്കത്തെ മറികടന്ന് ടൊവിനോ ഫാന്‍സിനെ തിയേറ്ററില്‍ കയറ്റാന്‍ ശ്രമം നടത്തിയതൊഴിച്ചാല്‍ മറ്റടിങ്ങളിലെല്ലാം ഈ സിനിമയുടെ അലകും പിടിയും ഭദ്രവുമാണ്.

വൈക്കത്ത്, മുരുകാസ് കാറ്ററിങ്ങ് ഉടമയും സ്ഥലത്തെ പ്രധാന ഹോട്ടലിലേക്ക് ഇഡ്ഡലി ഉണ്ടാക്കി നല്‍കുന്നവരുമായ ചെമ്പകമ്മാള്‍ (ശരണ്യ പൊന്‍വര്‍ണ്ണന്‍) ദാരുണമായി കൊല്ലപ്പെടുകയാണ്. ലോക്കല്‍ പൊലീസ് കേസന്വേഷിച്ചുവെങ്കിലും തുമ്പൊന്നും തടഞ്ഞതും പ്രതിയെ പിടികൂടിയതുമില്ല. പൊലീസ് അനാസ്ഥയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു. പ്രതിയെ പ്രാപിക്കല്‍ പ്രസ്റ്റീജ് പ്രശ്‌നമാക്കി പ്രവര്‍ത്തിച്ച പ്രസ്തുത ടീം ചെമ്പകമ്മാള്‍ മകനെപ്പോലെ പരിഗണിച്ച അജയന് (ടൊവിനോ തോമസ്) മേല്‍ കേസ് കെട്ടിവയ്ക്കുന്നു. കോടതിമുറിയിലുള്ള ഈ കേസിന്റെ വിചാരണാസന്ദര്‍ഭത്തില്‍ പ്രതിഭാഗം വക്കീലായി വന്ന എലിസബത്തിനെ (നിമിഷാ സജയന്‍) കോടതി നിയമിക്കുന്നു. തുടര്‍ന്നു നടക്കുന്ന വാദപ്രതിവാദങ്ങള്‍ കേസിന് എത്തരത്തില്‍ മുതല്‍ക്കൂട്ടാകുന്നുവെന്നാണ് സിനിമ പറയുന്നത്.

വ്യാജനിര്‍മ്മിതിയുടെ ക്രൈം നാടകവും
സി.ജെ. തോമസിന്റെ 1128-ല്‍ ക്രൈം 27 എന്ന നാടകത്തില്‍ മാര്‍ക്കോസ് കൊലക്കേസ് വിചാരണ ചെയ്യപ്പെടുന്ന സന്ദര്‍ഭമുണ്ട്. കുമ്മായ ചൂളയിലെ തൊഴിലാളികളായ വര്‍ക്കിയും മാര്‍ക്കോസും ഇരുട്ടുപരന്ന ഒരു വൈകുന്നേരത്ത് മദ്യലഹരിയില്‍ വഴക്കിലേര്‍പ്പെടുകയാണ്. വാക്കേറ്റത്തിന് തീപിടിച്ച ഘട്ടത്തില്‍ വര്‍ക്കി, മാര്‍ക്കോസിനെ താഴേയ്ക്ക് തള്ളിയിടുന്നു. കുമ്മാനക്കൂനയ്ക്കപ്പുറത്തേയ്ക്ക് തെറിച്ചു വീഴുന്ന മാര്‍ക്കോസ് വര്‍ക്കിക്കിട്ട് ഒരു പണി കൊടുക്കണമെന്നു തീരുമാനിച്ചു നാടുവിടുകയാണ്. എന്നാല്‍, വര്‍ക്കിയടക്കം സകലരും മാര്‍ക്കോസ് കുമ്മാനക്കൂനയില്‍ വെണ്ണീറായെന്നു ധരിക്കുകയാണ്. പൊലീസും കോടതിയും പ്രതിതന്നെയും ഒരേ സ്വരത്തില്‍ സംശയലേശമെന്യേ ഘാതകവിരാമം നടത്തുന്ന ഈ കേസിന്റെ രസകരമായ 'ആന്റിപ്ലേ'യാണ് ക്രൈം നാടകം. വിചാരണയ്ക്കിടയില്‍ പ്രതിചേര്‍ത്ത വര്‍ക്കി ഹൃദയാഘാതത്താല്‍ മരിക്കുകയും മാര്‍ക്കോസ് കൊലക്കേസ് വര്‍ക്കി കൊലക്കേസായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. നിയമപാലകരും നിയമ സംവിധാനവും കോടതിയും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഈ സന്ദര്‍ഭം കുപ്രസിദ്ധ പയ്യനോട് ചേര്‍ത്തു വായിക്കാവുന്നതാണ്.
ചെമ്പകമ്മാള്‍ കൊലക്കേസിന്റെ പുനരന്വേഷണത്തില്‍ പൊലീസിന് ലഭ്യമല്ലാത്ത കുറ്റവാളിയെ നിര്‍ബന്ധമായും പിടികൂടി ശക്തി തെളിയിക്കണമെന്ന് ക്രൈംബ്രാഞ്ച് ഈഗോയാണ് പ്രാഥമികമായി പ്രവര്‍ത്തനസജ്ജമാകുന്നത്. ആ സ്ത്രീയുമായി പ്രദേശത്ത് ഏറ്റവും ബന്ധമുള്ളയാള്‍ അജയനാണ്. സ്വാഭാവികമായും അജയനെ പ്രതിചേര്‍ക്കലാണ് അന്വേഷണസംഘത്തിന് ലളിതവും ഉചിതവും. ആ പണിയുടെ പൊലീസ് യുക്തി അവര്‍ ഭദ്രമായി നടപ്പാക്കുന്നു.

സനാതനെങ്കിലും അനാഥത്വം പേറുന്ന കഥാപാത്രമാണ് അജയന്‍. അയാള്‍ക്കുവേണ്ടി ശബ്ദിക്കാന്‍ ആ ഭൂമിയില്‍ ആരുമെത്തുകയില്ലെന്ന തിരിച്ചറിവുകൂടിയാണ് പൊലീസ് ബുദ്ധിയെ ഭരിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ യഥാര്‍ത്ഥ പൊലീസ് നടപ്പാക്കാറുള്ള ഊടുവഴികള്‍ നമുക്കത്രമേല്‍ സുപരിചിതമാണല്ലോ. എസ് മോഡല്‍ കത്തിയും കെട്ടിത്തൂങ്ങിയ ചെരിപ്പുമൊക്കെ അന്താരാഷ്ട്ര തെളിവും പൊളിവുമൊക്കെയായി കാക്കിക്കുറ്റപത്രത്തിന്റെ സെന്റര്‍ പേജില്‍ നിരന്തരം സുര്‍ണ്ണാക്ഷരങ്ങളായിട്ടുണ്ട്. രാജന്‍, വര്‍ഗ്ഗീസ് കേസുകള്‍ മുതലിങ്ങോട്ട് തങ്ങള്‍ തറച്ചിട്ട ആണിയില്‍ കലണ്ടര്‍ തൂക്കുന്ന വേല അവരുടെ കൈവശമുള്ളതാണ്. ഗുജറാത്തില്‍ ഇസ്രത്ത് ജഹാന്‍, ജാവേദ് ഷെയ്ഖ്, പ്രാണേഷ് കുമാര്‍, സൊറാബുദ്ദീന്‍ ഷെയ്ഖ്, കൗസര്‍ബി വ്യാജ ഏറ്റുമുട്ടല്‍ കേസുകളും നിരവധി വ്യാജ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ഓര്‍മ്മിക്കാവുന്നതാണ്.
ഒന്നര വര്‍ഷത്തെ ജയില്‍വാസത്തിനൊടുവില്‍ അജയന്‍ പുറത്തിറങ്ങുന്നതോടെയാണ് 'കുപ്രസിദ്ധ പയ്യന്‍' അവസാനിക്കുന്നത്. ശരിയാണ്, സിനിമയ്ക്ക് സാങ്കേതികാര്‍ത്ഥത്തില്‍ അവസാനിക്കാം. നേരത്തെ സൂചിപ്പിച്ച ക്രൈം നാടകം തുറന്നുതരുന്ന ഇടം (സ്പേസ്) സിനിമ ഉപയോഗപ്പെടുത്തുന്നില്ല (സമയക്കുറവിലാകണം). അജയന്റെ നീണ്ടകാലത്തെ ജയില്‍ നരകയാതനകളുടെ വേലിയേറ്റം ജയിലിറക്കത്തോടെ സമാപിക്കുന്നതാണോ? കോടതി നടപടികളെ മഹത്വവല്‍ക്കരിച്ചതുകൊണ്ട് പൊലീസിന്റെ മാരണവേട്ടയില്‍നിന്നു നീതി ലഭിച്ചുവെന്ന തോന്നലുണ്ടാക്കുന്നില്ലേ എന്ന് സംശയിക്കാവുന്നതാണ്?
ക്രൈം നാടകത്തില്‍, നിരപരാധിയെ കൊണ്ടുവന്നു നിരന്തരം കോടതിയില്‍ ഹാജരാക്കുകയും വിചാരണയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നതുപോലെ അജയനേയും ട്രയലിനായി കൊണ്ടുവരുന്നുണ്ട്. അവിടെയൊക്കെ ശബ്ദമില്ലാത്തവനാണയാള്‍. നിറകണ്ണുകളോടെ പ്രതീക്ഷ അസ്തമിച്ച് കാരാഗൃഹത്തിന്റെ രാമാനത്തെ കാതോര്‍ക്കാന്‍ മാത്രമേ അജയന് കഴിയുന്നുള്ളൂ. 'ക്രൈം' നാടകത്തില്‍ വര്‍ക്കിയുടെ ദുഃഖഭരിതമായ ആത്മഗതമുണ്ടല്ലോ, അത് മുഴുവനും ആവാഹിച്ചാണ് അജയന്റെ ജയില്‍വാസവും പ്രതിക്കൂട്ടിലെ  നില്‍പ്പും.

ആത്മവിശ്വാസക്കുറവും ദൃഢനിശ്ചയവും
അഭിഭാഷക ഹന്ന എലിസബത്താണ് 'കുപ്രസിദ്ധ പയ്യന്റെ' ഹൈലൈറ്റ്. പടത്തിന്റെ പൊലീസ് പ്രൊസീഡിങ്ങ്‌സ് എലമെന്റിനെ കോര്‍ട്ട് റൂം ഡ്രാമ ഴോനറിലേക്ക് ഇവര്‍ പൂര്‍ണ്ണമായും പരിവര്‍ത്തിപ്പിക്കുന്നു. ആത്മവിശ്വാസക്കുറവാണ് ഹന്നയുടെ മുഖമുദ്ര. അല്പകാലം സീനിയര്‍ വക്കീല്‍ സന്തോഷ് നാരായണന്റെ (നെടുമടി വേണു) ജൂനിയറായിരുന്നു ഹന്ന. നിസ്സാര കാര്യത്താല്‍ അപ്പണി അവള്‍ ഒഴിവാക്കിയതാണ്. എങ്കിലും അയാളെ കാണുമ്പോള്‍ അറിയാതെ വരുന്ന വിറയലില്‍നിന്ന് അവള്‍ക്കൊരിക്കലും മോചനമില്ല. കൗതുകകരമായ വസ്തുത, കാവ്യനീതിയെന്നോണം സന്തോഷ് നാരായണന്‍ പബ്ലിക് പ്രോസിക്യൂട്ടറായ കേസില്‍ത്തന്നെയാണ് ഹന്ന പ്രതിഭാഗം വക്കീലാകുന്നത് എന്നതാണ്.

നായകനായ അജയന്റെ പ്രധാന പ്രശ്‌നവും ആത്മവിശ്വാസക്കുറവാണ്. ഹന്നയെപ്പോലെ തൊഴിലിലുള്ള പ്രതിസന്ധികളല്ല അജയനെ ബാധിക്കുന്നത്, തന്നെ സ്‌നേഹിക്കുവാനും പരിഗണിക്കുവാനും ആരുമില്ലെന്നതാണ്. വിദ്യാഭ്യാസക്കുറവും അപകര്‍ഷതാബോധവും ഇക്കാരണത്തിന് വളമായിത്തീരുന്നു. സുന്ദരിയും പരിഷ്‌കൃതയുമായ യുവതിയുടെ കാമുകനാകാന്‍ ശ്രമിച്ച് അവഹേളിക്കപ്പെടുന്ന അവന്റെ മാനറിസങ്ങളെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഒറ്റപ്പെടുത്തല്‍ കീഴടക്കുന്നു.
ഇങ്ങനെ ആത്മവിശ്വാസക്കുറവിന്റേയും അന്തര്‍മുഖത്വത്തിന്റേയും അസുഖമുള്ള നായികാനായകന്മാരുടെ ജീവിതത്തില്‍ ദൃഢനിശ്ചയത്തിന്റെ ഉര്‍വരമായ ഭൂമിക നല്‍കലാണ് സിനിമ നടത്തുന്ന മാനുഷികമായ ഒരു ദൗത്യം. കോടതിമുറിയില്‍ സന്തോഷ് നാരായണന്റെ നിസ്സാരവല്‍ക്കരണത്തില്‍ തെന്നി തുടക്കത്തില്‍ താഴെ വീഴുന്ന ഹന്ന വേഗത്തില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. ആരുടെ മുന്നില്‍ തോറ്റാലും ഇയാളുടെ മുന്നില്‍ തോല്‍ക്കില്ലെന്ന് അവള്‍ ദൃഢപ്രതിജ്ഞയെടുക്കുന്നു. കേസിന്റെ മുക്കും മൂലയും പരിശോധിച്ചും അഭ്യുദയകാംക്ഷിയായ ഭരതനെക്കൊണ്ട് (സിദ്ധിഖ്)  അളന്നു മുറിപ്പിച്ചും ഹന്ന മുന്നേറുന്നതോടെ പ്രതിവാദങ്ങളില്‍ സ്ഥിരം വാദഗതികള്‍ ഛിന്നഭിന്നമാകുകയാണ്. സഹപ്രവര്‍ത്തക ജലജയുടെ (അനു സിത്താര) ഇടപെടലാണ് അജയനില്‍ വിശ്വാസവും ദൃഢനിശ്ചയവും വളര്‍ത്തുന്നത്. കണ്ണടപ്പിച്ച് അവളവന് നല്‍കുന്ന അതിതീവ്രമായ 'ഉമ്മ'ക്കരുത്ത് ഇവിടെ അവിസ്മരണീയമാണ്. തുടക്കത്തില്‍ അതിലയാള്‍ അതിജീവിക്കുമെന്ന തോന്നലുണ്ടാക്കുന്നു. ഒടുക്കത്തില്‍ ഹന്നയുടെ ദൃഢനിശ്ചയത്തിന്റെ ബലത്തില്‍ അതിജീവിക്കുകയും ചെയ്യുന്നു. ഇങ്ങനെ അപകര്‍ഷതാ ബോധത്തില്‍നിന്നും ഉള്‍ക്കരുത്തിന്റെ മാറ്റുരക്കലിലേക്ക് വളരുന്നവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.

ഇസ്ലാമോഫോബിയക്കാലത്തെ പൊലീസ് 
അജയനെ പ്രതിചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് കണ്ടെത്തുന്ന കാരണങ്ങളില്‍ മുന്‍ഗണനയിലുള്ളത് ജുവനൈല്‍ ഹോം വാസക്കാലത്ത് അവന് അജ്മല്‍ എന്ന പേരുണ്ടായിരുന്നുവെന്നതാണ്. ട്രെയിനില്‍നിന്നു കണ്ടെത്തിയ അനാഥ ബാലന് ഏതോ സംരക്ഷകന്‍ രജിസ്റ്ററില്‍ ചേര്‍ത്തതായിരുന്നു മുസ്ലിം നാമധേയം. ആരാലും കുഴിച്ചെടുക്കാതെ ഖനീഭവിച്ച ആ 'സര്‍വ്വ'നാമത്തിന്റെ സംശയാമ്ലത്തെ ഐഡന്റിറ്റി പൊളിറ്റിക്‌സിലേയ്ക്ക് പകര്‍ത്തുകയാണ് പൊലീസ് ചെയ്തത്. രണ്ടാംപകുതിയില്‍ കോടതിരംഗത്ത് ഹന്ന കേസുകളിലുണ്ടാകുന്ന വ്യാജനിര്‍മ്മിതിക്ക് മാറ്റുകൂട്ടാന്‍ പൊലീസ് മുസ്ലിം/ദളിത് നാമങ്ങള്‍ ഉപയോഗിക്കാറുണ്ടെന്ന മുംബൈ ഹൈക്കോടതിയുടെ നിരീക്ഷണം അവതരിപ്പിക്കുന്നുണ്ട്.

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ഷാരൂഖ് ഖാന്‍ ചിത്രം 'മൈ നെയിം ഈസ് ഖാന്‍' ഓര്‍ക്കുക. നായകന് സകല സന്ദര്‍ഭങ്ങളിലും 'ആ നോട്ട് ടെററിസ്റ്റ്' എന്നു പേരില്‍ കലര്‍ത്തി ഉരുവിടേണ്ടിവരുന്നുണ്ട്. മുസ്ലിം നാമധാരിയായതിനാല്‍ അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിനടക്കം അമേരിക്ക വിസ നിഷേധിക്കുകയും എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെയ്ക്കുകയും ചെയ്ത സാഹചര്യങ്ങള്‍ കൂട്ടിവായിക്കുമ്പോഴാണ് അജയന് അജ്മല്‍ എന്ന പേര്‍ നല്‍കിയതിലൂടെ പൊലീസ് ലക്ഷ്യം സുവ്യക്തമാകുന്നത്.


അജയനെ കുടുക്കാന്‍ ക്രൈംബ്രാഞ്ച് ഓഫീസര്‍ കൂട്ടുപിടിക്കുന്നത് അയാളുടെ മുസ്ലിം നാമധാരികളായ സുഹൃത്തുക്കളെയാണെന്നതും ശ്രദ്ധിക്കണം. സമകാല സാഹചര്യങ്ങളില്‍ അവരെ വരുതിയിലാക്കല്‍ എളുപ്പമുള്ള പ്രക്രിയയാണെന്ന ബോധ്യം നിയമപാലകര്‍ക്കുണ്ട്. അജയന്‍ ഹൃദയസമാനം സ്‌നേഹിക്കുന്ന ചങ്ങാതിമാരായിരുന്നിട്ടു കൂടി മീന്‍ മാര്‍ക്കറ്റിലിട്ട് ഹ്രസ്വമായ സംഘട്ടനത്തിലൂടെ (വ്യാജ ഏറ്റുമുട്ടലിന്റെ ഒരുതരം കൗണ്ടര്‍) അജയനെ മുസ്ലിം ചെറുപ്പക്കാര്‍ ചേര്‍ന്നു പിടികൂടി പൊലീസിലേല്‍പ്പിക്കുകയാണ്. പൊലീസ് മാത്രമല്ല, പൊതുസമൂഹവും ഇസ്ലാമോഫോബിയ അരക്കിട്ടുറപ്പിക്കുന്നുണ്ടെന്നത് ഈ സീക്വന്‍സുകളില്‍ പ്രതിഫലിക്കുന്നു.

അജയന്‍ തൊഴിലെടുക്കുന്ന ഹോട്ടലിന്റെ ഉടമ അഷറഫിനെ 'കൈകാര്യം' ചെയ്യാന്‍ ക്രൈംബ്രാഞ്ച് ശ്രമിക്കുന്ന വഴി രസാവഹമാണ്. അഷറഫിന്റെ ബാപ്പ ഹോട്ടല്‍ നടത്തുന്ന കാലത്ത് കശ്മീര്‍  രഹിത ഇന്ത്യാഭൂപടം ചുമരില്‍ പതിച്ചിരുന്നുവത്രേ. ആ കുറ്റത്തിന് അയാള്‍ ജയില്‍വാസം അനുഭവിച്ചിരുന്നുപോലും. പഴയ കേസ് ഉഴുതുമറിച്ച് കച്ചോടം പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി അഷറഫിനെ ആശങ്കയിലാക്കുന്ന പൊലീസ് ബുദ്ധി അയാളുടെ സഹോദരന്‍ അന്‍വറിലും സമാനമായി പ്രവര്‍ത്തിക്കുന്നു. ഇസ്ലാമോഫോബിയ ഭരണകൂട സംവിധാനങ്ങള്‍ എങ്ങനെ നിലനില്‍പ്പിനായി ഉപയോഗപ്പെടുത്തുന്നു എന്നു പറയുന്നതിനോടൊപ്പം ഇന്ത്യാ ഭൂപടത്തിന്റെ ശിരസ്സറുക്കാന്‍ പാകത്തില്‍ ലിബറല്‍ മുസ്ലിം പ്രാദേശികമായി തഴച്ചുവരുന്നുണ്ടെന്ന സത്യം സൂചിപ്പിക്കുവാനും സാധൂകരിക്കാനും സംവിധായകന്‍ മുതിരുന്നുണ്ട്. ഒടുവില്‍ കോടതിമുറിയില്‍ വാസ്തവത്തിന്റെ പക്ഷത്ത്ൃു നിര്‍ത്തി അഷറഫിനെ സ്വതന്ത്രനാക്കുന്നതോടെ ആ നിലപാടില്‍ ഒരൗണ്‍സ് വെള്ളം ചേര്‍ത്ത് പരിഹാരക്രിയ നടത്തുന്നതും കാണാം.

പൊലീസ് വ്യാജമായുണ്ടാക്കിയ തെളിവുകളെ തളച്ചിടാന്‍ ഹന്ന കോടതിയില്‍ ഹാജരാക്കുന്ന കൗണ്ടര്‍ എവിഡന്‍സുകള്‍ പ്രസ്താവനകള്‍ മാത്രമായി ചുരുങ്ങുന്നുവെന്നത് സിനിമയുടെ പരിമിതിയാണ്. കണ്ടെത്തുന്ന കാര്യങ്ങള്‍ ദൃശ്യപരമായി സ്ഥാപിക്കാന്‍ (Visual proves) കുപ്രസിദ്ധ പയ്യനു കഴിയാതെ പോകുന്നുണ്ട്. ക്ലൈമാക്‌സില്‍ കേസിനെ നിര്‍ണ്ണയിക്കുന്ന അതിഗഹനമായ വിഷയം ചര്‍ച്ച ചെയ്യാതെ ഉപരിപ്ലവമാക്കി ഒതുക്കുകയും ചെയ്യുന്നു.
ജീവന്‍ ജോബ് തോമസ് ഒരുക്കിയ തിരക്കഥയാണ് 'കുപ്രസിദ്ധ പയ്യന്റെ' പ്രധാന കല്ലുകടി. പൊലീസ് പ്രൊസീഡിങ്ങ്‌സ് സീക്വന്‍സുകളില്‍ ആവര്‍ത്തന വിരസമായ സീനുകളാല്‍ കുത്തിനിറച്ചിരിക്കുകയാണ്. ക്രൈംബ്രാഞ്ച് നടപടികള്‍ തന്മയത്വത്തോടെ അവതരിപ്പിക്കാനുള്ള ശ്രമം പാളിയിട്ടുണ്ട്, പലയിടത്തും. കോര്‍ട്ട് റൂം ഡ്രാമയില്‍ ക്ലീഷേ സീനുകളെപ്പോലെ സംഭാഷണങ്ങള്‍ക്കും കൃത്രിമച്ചുവയുണ്ട്. തിരക്കഥാകൃത്ത് പരാജയപ്പെടുന്നിടത്ത് സംവിധായകന്‍ കഠിനാധ്വാനം നടത്തുന്നത് കാണാം. പശ്ചാത്തല സംഗീതമൊന്നും രക്ഷയ്‌ക്കെത്തുന്നതേയില്ല. ശ്രീകുമാരന്‍ തമ്പി-ഔസേപ്പച്ചന്‍ ഓള്‍ഡ് സ്‌കൂള്‍ തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്തു. ക്യാമറാ ഡിപ്പാര്‍ട്ട്‌മെന്റിന് സാധാരണ ഫ്രെയിമില്‍നിന്നു പുറത്തുകടന്ന് റിസ്‌ക്കെടുക്കേണ്ടിവന്നില്ല.
കാസ്റ്റിങ്ങില്‍ മധുപാല്‍ കൂടുതല്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഹന്ന എലിസബത്തായെത്തുന്ന നിമിഷാ സജയന്‍ ജൂനിയര്‍ വക്കീലിന്റെ ഭാവസൂക്ഷ്മതകള്‍ തീവ്രവും തീക്ഷ്ണവുമായി അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ ഹന്നയേയുള്ളൂ. അവരെ മാത്രമാണ് നാം പിന്തുടരേണ്ടതും.

ചെമ്പകമ്മാളിന്റെ വേഷം കൈകാര്യം ചെയ്യുന്ന ശരണ്യ പൊന്‍വര്‍ണ്ണന്‍ കഥാപാത്രം ഗംഭീരമാക്കി. സിനിമയുടെ ആദ്യ സീക്വന്‍സുകളെ അവരാണ് ഊര്‍ജ്ജസ്വലമാക്കുന്നത്. ബുദ്ധി/ആത്മവിശ്വാസക്കുറവ് തോന്നിക്കുന്ന തൊഴിലാളിയുടെ വേഷം ടൊവിനോ തോമസിന് ഭാരമുണ്ടാക്കിയോയെന്ന് സംശയിക്കണം. എന്നാല്‍, താര/നായക സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നിടത്ത് (പോത്തുമായി മല്‍പ്പിടുത്തം, പാട്ടുകള്‍, സ്റ്റണ്ട് സീന്‍) അയാള്‍ കൃത്യവുമാണ്. കുറിയ വേഷമെങ്കിലും അനു സിത്താര നല്ല സ്‌ക്രീന്‍ പ്രസന്‍സ്സാണ്. മലയാള സിനിമയില്‍ പ്രതിമയായിത്തീര്‍ന്നിരുന്ന കോടതി ജഡ്ജിയെ നവീകരിക്കുകയും (ചരിത്രപരമായ നിരവധി കോടതിവിധികളുടെ പശ്ചാത്തലത്തില്‍) പുരോഗമന സ്വഭാവമുള്ളതാക്കുകയും ചെയ്യുന്ന ജനാധിപത്യ ദൗത്യം കൂടി സിനിമ നിര്‍വ്വഹിക്കുന്നുണ്ട്. നിര്‍മ്മാതാവ് സുരേഷ് കുമാര്‍ അവതരിപ്പിച്ച ജഡ്ജ് സമഗ്രാര്‍ത്ഥത്തില്‍ കോടതിയുടെ മേധാവിയും വാദപ്രതിവാദങ്ങളെ ക്രിയാത്മകമായി നേര്‍വഴിക്ക് നയിക്കുന്നയാളും നീതിനിര്‍വ്വഹണം നടത്തുന്നയാളുമാണ്.

പൂര്‍വ്വോത്തര ഭാഗങ്ങളില്‍ തമിഴ് സിനിമയായ 'വിചാരണൈ'യേയും മറാത്തി സിനിമയായ കോര്‍ട്ടിനേയും ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ മധുപാല്‍ സിനിമ. ശക്തമായ നിലപാട് പുലര്‍ത്തുന്ന രാഷ്ട്രീയ-സാമൂഹ്യ ഇതിവൃത്തം ചിത്രീകരിക്കുമ്പോള്‍ അത്തരം സ്വാധീനങ്ങള്‍ കലാസൃഷ്ടികള്‍ക്ക് സ്വാഭാവികമായ തുടര്‍ച്ച മാത്രവുമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com