'ജീവിതം കഥ പോലെ നീങ്ങുന്നു'- മധുപാല്‍ എഴുതുന്നു

സാമൂഹിക അകലം പൊതുജീവിതത്തിന്റെ ഭാഗമായി മാറുന്നത് നാം അറിഞ്ഞേ മതിയാകൂ. മനുഷ്യമനസ്സില്‍നിന്നും രോഗഭീതി ഒഴിയുമ്പോള്‍ മാത്രമേ പഴയതുപോലൊരു ഒത്തുചേരല്‍ ഉണ്ടാകൂ
'ജീവിതം കഥ പോലെ നീങ്ങുന്നു'- മധുപാല്‍ എഴുതുന്നു
Updated on
7 min read

ഹാമാരി അവന്റെ മുന്നില്‍ നടക്കുന്നു. ജ്വരാഗ്‌നി അവന്റെ പിന്നാലെ ചെല്ലുന്നു. അവന്‍ നിന്നു ഭൂമിയെ കുലുക്കുന്നു. അവന്‍ നോക്കി ജാതികളെ ചിതറിക്കുന്നു. ശാശ്വത പര്‍വ്വതങ്ങള്‍ പിളര്‍ന്നു പോകുന്നു. പുരാതന ഗിരികള്‍ വണങ്ങി വീഴുന്നു; അവന്‍ പുരാതന പാതകളില്‍ നടക്കുന്നു.

ആശുപത്രിയില്‍ എന്നെ കാണാന്‍ പോര്‍ട്ടിലെ കുരുവിച്ചേട്ടന്‍ വന്നു. ഞാന്‍ ജോലി ചെയ്യുന്ന ആപ്പീസിലെ എന്റെ മേലുദ്യോഗസ്ഥനായ മാമന്‍ പെട്ടെന്നു ബാധിച്ച പനിയാല്‍ വിറച്ച് തുള്ളുകയാണെന്ന് കുരുവിച്ചേട്ടന്‍ പറഞ്ഞു. ഈ വേനല്‍ക്കാലത്തെന്തുകൊണ്ട് മനുഷ്യനു പനിച്ചു പൊങ്ങുന്നു. 

നീ ഇനി ഇവടെ കെടക്കണ്ടാ, സുഖം തോന്ന്ണുണ്ടെങ്കില്‍ റൂമില്‍ പോകാം.
അണ്ണന്‍ പൊയ്‌ക്കോളൂ... ഇവിടയെന്നെ നോക്കാനാളുണ്ടല്ലോ...

മഴ പെയ്യുവാന്‍ തുടങ്ങി. ആശുപത്രിയില്‍ ജനലുകള്‍ കാറ്റത്ത് പറന്നടിച്ചു. പലതരത്തിലുള്ള ശബ്ദങ്ങള്‍ നിറഞ്ഞു. മനുഷ്യന്റെ കരച്ചിലുകള്‍ക്ക് മീതെ കാറ്റിന്റെ ഒച്ച മുഴങ്ങി. ഇടിയും മിന്നലും പ്രപഞ്ചത്തെ പിടിച്ചുകുലുക്കി. ഒരുപാട് നേരത്തിനുശേഷം മഴ നിന്നു. പെയ്ത്ത് തീര്‍ന്നപ്പോള്‍ ഭൂമി നിശ്ശബ്ദയായി. ജനല്‍ തുറന്നിട്ടു. 

ആകാശത്ത് വെളുത്ത മേഘങ്ങള്‍ പാറുന്നതു കാണാം. നടക്കുമ്പോള്‍ എനിക്ക് വയറു വേദനിക്കുന്നു. എന്റെ അടിവയറ്റില്‍ എന്തോ കൊളുത്തിട്ട് പിടിക്കുന്നതുപോലെ. എനിക്കത് താങ്ങുവാനാവുന്നില്ല. ഞാന്‍ വലിയ വായില്‍ കരഞ്ഞു. എന്നാല്‍, എന്റെ കരച്ചില്‍ ആരെങ്കിലും കേള്‍ക്കുകയോ എനിക്കൊരാശ്വാസവുമായി എന്റെ മുറിയുടെ വാതില്‍ തുറന്നു വരികയോ ചെയ്തില്ല. എന്റെ ശരീരം വിണ്ടുകീറുന്നതുപോലെ. ഞാന്‍ എഴുന്നേറ്റു ചെന്നു വാതില്‍ തുറന്നു. വരാന്തയില്‍ ഒറ്റ മനുഷ്യനേയും കാണാനുണ്ടായില്ല. വയറു പൊത്തിപ്പിടിച്ച് ഞാന്‍ വേച്ചുവേച്ച് നടന്നു. 

എന്റെ മാതാവേ, ഈ ആശുപത്രീലെ ആള്‍ക്കാരൊക്കെ എങ്ങോട്ടാ പോയത്? എന്റെ കാലുകള്‍ അയഞ്ഞയഞ്ഞു പോകുന്നു. എന്റെ വേദന കൂടുന്നു. ആരാണെനിക്കൊരു സഹായവുമായി വരുന്നത്. എല്ലാവരും ഇവിടെയുണ്ടാവുമെന്നാണല്ലോ ഞാന്‍ വിചാരിച്ചിരുന്നത്. എന്നിട്ടും ഇവരൊക്കെ ഏത് പാതാളത്തിലേക്കാണ് ആണ്ടുപോയത്?  

ഇടനാഴികളിലുണ്ടായിരുന്ന വെളിച്ചത്തിന്റെ തോത് പതുക്കെ കുറഞ്ഞുവരുന്നു. ആദ്യം എന്റെ തോന്നലാണെന്നു തോന്നി. എന്റെ കണ്ണുകളിലെ വെളിച്ചം അടഞ്ഞുപോവുകയാണെന്നും ഞാന്‍ നിത്യമായ അന്ധതയിലേക്ക് വീഴുകയാണെന്നും കരുതി ഞാന്‍ ഉറക്കെ കരഞ്ഞു. എന്റെ കരച്ചിലിനാരും മറുപടിയേകിയില്ല. വരാന്തയില്‍ ഇരുട്ട് നിറഞ്ഞു. പരിപൂര്‍ണ്ണമായും ഞാന്‍ ഇല്ലാതായി. എന്റെ കണ്ണുകള്‍ ഞാന്‍ കൈപ്പടംകൊണ്ട് തിരുമ്മിനിന്നു. വേദനകൊണ്ട് എനിക്ക് നടക്കാനാവാതായി. കൈകള്‍ നീട്ടി മുന്നിലെ തടസ്സങ്ങളറിയാതെ ഞാന്‍ നടന്നു. എന്റെ കാല്‍ വിരലുകളിലൂടെ ഒരു തരിപ്പ് കുത്തിക്കയറുകയും അതെന്നെ വരിഞ്ഞുമുറുക്കുകയും ചെയ്തു. എനിക്കൊരടിപോലും നടക്കാനാവാതെ ഞാന്‍ നിലത്തു വീണു. എന്ത് പാപം ചെയ്തിട്ടാണിങ്ങനെയൊക്കെ അനുഭവിക്കേണ്ടിവരുന്നതെന്ന് ഞാനോര്‍ത്ത് കരഞ്ഞു. അവനവന്‍ ചെയ്തിട്ടുള്ള സകല പാപപുണ്യഫലങ്ങളും തീര്‍ച്ചയായും അനുഭവിക്കേണ്ടത് തന്നെയാണ്. നൂറു കോടി കല്പങ്ങള്‍ കഴിഞ്ഞാലും ഈ കര്‍മ്മഫലങ്ങള്‍ അനുഭവിച്ചു കഴിഞ്ഞേ മതിയാകൂ. എന്റെ ചെവിക്കരികില്‍ അച്ഛന്റെ ശബ്ദം കേള്‍ക്കുന്നു. കൂര്‍ത്ത ആണികള്‍ എന്റെയുള്ളിലേക്ക് വലിയ കൂടം കൊണ്ട് അടിച്ചുകയറ്റുന്നു. വേദന എനിക്ക് സഹിക്കാനാവുന്നില്ല. എന്റെ നിലവിളിയുടെ ഒച്ച എവിടെയൊക്കെയോ തട്ടി വലിയ മുഴക്കമായി. എന്റെ കണ്ണുകള്‍ അടഞ്ഞുപോയി. ഞാന്‍ എനിക്ക് അപരിചിതമായ ഒരാഴത്തിലേക്കാണ്ടുപോയി.

ഇപ്പോള്‍ ഞാന്‍ ശീതളമായ ഒരു പുല്‍മൈതാനത്തിലാണ്. എനിക്ക് ചുറ്റും ഞാന്‍ ആരെയും കാണുന്നില്ല. എങ്കിലും എല്ലായിടത്തുനിന്നും പക്ഷികളുടെ ശാന്തമായ ശബ്ദം ഞാന്‍ കേള്‍ക്കുന്നുണ്ട്. എന്റെ മുന്നിലെ ചെറുപുല്ലുകള്‍ തിന്നുകൊണ്ട് നിറയെ മുയലുകള്‍ വന്നു ചാടിപ്പോയി. അവയുടെ വെളുത്ത ദേഹത്ത് പുല്‍ത്തുമ്പുകള്‍ പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു. നനഞ്ഞ അവയുടെ രോമങ്ങള്‍ക്കു മീതെ അത് ചിത്രപ്പണി ചെയ്തതുപോലെയുണ്ടായിരുന്നു. ഞാനവയുടെ പിന്നാലെ നടന്നു. അവയുടെ ചുവന്ന കണ്ണുകളില്‍ മഞ്ഞുതുള്ളികള്‍ പറ്റിപ്പിടിച്ചിരുന്നു. വെള്ളത്തുള്ളികള്‍ക്കപ്പുറത്ത് അവയുടെ കണ്ണുകള്‍ സ്ഫടികംപോലെ തിളങ്ങി. ഒന്നിനു പിറകെ ഒന്നായി ഒരു കൂട്ടമായി മുയലുകള്‍ മൈതാനത്തിന്റെ പലഭാഗത്തുനിന്നും ചാടിവന്നു. അവയില്‍ വലുതും ചെറുതുമുണ്ടായിരുന്നു. നിമിഷനേരംകൊണ്ട് പച്ചപ്പുല്‍മൈതാനം മഞ്ഞു പുതച്ചതുപോലെയായി. ആ വെളുത്ത മേലാപ്പിനെ വകഞ്ഞുമാറ്റിക്കൊണ്ട് മൈതാനത്തിന്റെ താഴ്വരയില്‍നിന്നും കറുത്ത പന്നികള്‍ മുട്ടിയുരുമ്മി കയറിവന്നു. എത്ര പെട്ടെന്നാണ് വെളുപ്പിന്റെ പുതപ്പ് ഇല്ലാതായതും പച്ചപ്പുല്‍മൈതാനം തെളിഞ്ഞതും. ഞാന്‍ നോക്കിയിരിക്കെ ആ മൈതാനം മുഴുവനും പന്നികള്‍ കുത്തിയിളക്കി മറിച്ചു. മണ്ണിനടിയില്‍നിന്നും പിന്നെയും ഒരുപാട് മൃഗങ്ങള്‍ പൊങ്ങിവന്നു. നിശ്ചിതമായ അകലത്തിലൂടെ അവയോരോന്നും മണ്ണിനു മീതെ സാവധാനം നടന്നു. ആരും അവയെ ശല്യപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്യില്ലെന്ന പൂര്‍ണ്ണമായ വിശ്വാസം അവയുടെ ചലനത്തിലുണ്ടായിരുന്നു. ഇനിയൊരു ശത്രുവിനും തങ്ങളെ അകറ്റിയോടിക്കുവാനാവില്ലെന്ന് അവ ശബ്ദം മുഴക്കി പ്രഖ്യാപിച്ചു. മനുഷ്യരാരുമില്ലാത്ത മണ്ണിലൂടെ നടന്ന്, അവര്‍ ആകാശവും ജലവും കീഴടക്കി. ഞാന്‍ അവയ്ക്ക് പിന്നിലായി സഞ്ചരിച്ചു. എന്നെപ്പോലെ ഒരു ജീവി അവയ്ക്ക് പിന്നിലുണ്ടെന്ന് അവര്‍ ഗൗനിച്ചതേയില്ല. ഒരുപാട് ദൂരം അവയ്ക്ക് പിന്നിലായുണ്ടായെങ്കിലും മുന്‍പ് കണ്ടിട്ടില്ലാത്ത ഒരുപാട് മൃഗങ്ങളെ ഞാന്‍ കണ്ടു. പക്ഷേ, ഒരു മനുഷ്യനെപ്പോലും എനിക്കു കാണാനായില്ല.

മധുപാല്‍
മധുപാല്‍

ലോകം അടച്ചിട്ട കൊവിഡ്

മാര്‍ച്ച് മാസത്തില്‍ ഒരു രാത്രിയില്‍ ഒരു സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നതും എഴുതിത്തുടങ്ങിയ ഒരു കഥയുടെ തുടക്കമായിരുന്നു. അതന്ന് എഴുതിയെങ്കിലും എനിക്കെന്തോ പൂര്‍ത്തിയാക്കാന്‍ തോന്നിയില്ല. ഇനിയും ഇതില്‍നിന്നും വ്യത്യസ്തമായ സ്വപ്നങ്ങളും ജീവിതവും ഉണ്ടാകുമെന്ന് എനിക്കു തോന്നി. ചൈനയിലെ വുഹാനില്‍ ഒരു വ്യാധി അതിന്റെ സഞ്ചാരം തുടങ്ങിയിരിക്കുന്നു. അവിടെ പഠിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഇന്ത്യയില്‍ കേരളത്തിലെത്തിയപ്പോള്‍ ആ വ്യാധി ആദ്യമായി ഇന്ത്യയില്‍ കണ്ടു. മുന്‍പൊരിക്കല്‍ നിപ എന്ന വൈറസ് കോഴിക്കോടിന്റെ ഗ്രാമങ്ങളില്‍ മനുഷ്യരെ ബാധിച്ചപ്പോള്‍ അതെന്തുകൊണ്ട് എന്നു തിരിച്ചറിയാനാവാതെ കഷ്ടപ്പെട്ട ആതുരശുശ്രൂഷകര്‍ ഒരുപാട് രാത്രികളിലൂടെ ആ വൈറസിന്റെ ഉറവിടം കണ്ടെത്തി. വുഹാനില്‍, ഇന്നു ലോകമാകെ വ്യാപിച്ച വൈറസ് കണ്ടെത്തിയവന്‍ അതേ രോഗം ബാധിച്ച് ഈ ഭൂമിയില്‍ നിന്നില്ലാതായി. ഈ ഭൂമിയില്‍ ഇങ്ങനെയൊരു ലോകം ഉണ്ടായതിനുശേഷം അതിന്റെ ജീവിതത്തില്‍ ആദ്യമായി സമ്പൂര്‍ണ്ണമായ ഒരു അടച്ചില്‍ പ്രഖ്യാപനം അനുഭവിച്ചു. 1920-കളില്‍ സ്പൈന്‍ഫ്‌ലൂ വന്നു മനുഷ്യര്‍ മരിച്ചുവീണപ്പോഴും ലോകം പൂട്ടിവയ്ക്കപ്പെട്ടില്ല. അന്നിത്രമാത്രം ജനങ്ങള്‍ ലോകം മുഴുവനും സഞ്ചരിച്ചിരുന്നില്ല എന്നതായിരുന്നു അന്നത്തെ മരണത്തിന്റെ തോത് പരിമിതപ്പെടുവാന്‍ കാരണമായത്. ഇന്ന് അതുപോലെ ശക്തമായ ഒരു വൈറസ് ലോകത്തെ കീഴ്പെടുത്തുമ്പോള്‍ പുരോഗമിച്ച ആതുരസേവനത്തിന്റെ മിടുക്ക്‌കൊണ്ടുമാത്രമാണ് മരണത്തിന്റെ വ്യാപ്തി കുറയ്ക്കുവാനായത്. എന്നാല്‍, ഈ രോഗത്തിന്റെ സഞ്ചാരത്തെ പിടിച്ചുകെട്ടാന്‍ ഇപ്പോഴും മനുഷ്യകുലം അശക്തമാണെന്നു തിരിച്ചറിവുണ്ടാകുന്നു.

ഒരു സിനിമയുടെ കഥ എഴുതിത്തീര്‍ക്കുമ്പോള്‍, അതിലഭിനയിക്കേണ്ടവരെ കണ്ടെത്തി അവരോട് കഥ പറഞ്ഞ് അവരുടെ ഷൂട്ടിങ്ങിനുള്ള തീയതികള്‍ വാങ്ങി ഷൂട്ടിനായി ഒരുങ്ങുമ്പോള്‍ ഒരു ചലച്ചിത്രകാരന്‍ മനസ്സുകൊണ്ടും ശരീരംകൊണ്ടും തന്റെ കലാസൃഷ്ടി പ്രേക്ഷകര്‍ക്കായി തീരുമാനിക്കുകയാണ്. കഥയുണ്ടാവുമ്പോള്‍ അത് ചിത്രീകരിക്കേണ്ട സ്ഥലവും അതിന്റെ അവസ്ഥകളുമൊക്കെ കണ്ട് ഒരുക്കിയെടുക്കാന്‍ വേണ്ട സമയത്തേയും കാണുന്നു. സിനിമ വെറുമൊരു സാങ്കേതിക കല മാത്രമല്ല. അതൊരുപാട് മനുഷ്യരുടെ ജീവിതാര്‍പ്പണം കൂടിയാവുന്നുണ്ട്. ആ ഒരു കൂട്ടായ്മ പ്രാപ്തമായ ദിവസങ്ങളുടെ ആരംഭത്തിലാണ് ഒരു രോഗം അതിന്റെ അണുക്കളുമായി സഞ്ചരിച്ച് ഇവിടെയെത്തിയത്. അന്നും ഒരു സാധാരണ മലയാളിയുടെ മനസ്സാണ് പ്രവര്‍ത്തിച്ചത്. ലോകത്തിലെന്തൊക്കെയോ കുറേ നടക്കുന്നു, അതൊരിക്കലും നമ്മളെയൊന്നും ബാധിക്കില്ല എന്നൊരു മൂഢവിശ്വാസത്തോടെ ഭൂമിയില്‍ നടന്നു. കൊറോണയെപ്പറ്റി ആദ്യം വാര്‍ത്ത വരുമ്പോള്‍ ദൂരെ എവിടെയോ സംഭവിക്കുന്ന ഒന്നാണെന്നാണ് ചിന്തിച്ചത്. അന്നേരത്ത് കുറച്ചു പേര്‍ കൊറോണക്കാലത്ത് ആളുകള്‍ക്കു പറ്റിയ അമളികളും ആരോഗ്യപ്രവര്‍ത്തകരും പൊലീസുകാരുമൊക്കെ ഈ വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൊടുക്കുമ്പോള്‍ അതൊന്നുമറിയാത്തവരുടെ അബദ്ധങ്ങളും മറുവാക്കുകളുമൊക്കെ തമാശക്കഥകളായി പ്രചരിപ്പിച്ച് ഒപ്പം, മറ്റു രാജ്യങ്ങളില്‍ എന്തുകൊണ്ട് പടര്‍ന്നു, സ്വന്തം നാട്ടില്‍ എന്തുകൊണ്ട് പടരില്ല എന്നൊക്കെയുള്ള ആത്മവിശ്വാസവുമായി നടക്കുന്നവരെയാണ് പിന്നെ കണ്ടത്. ശേഷം കൊറോണ കേസുകള്‍ അടുത്തെത്തി, മൊത്തം എണ്ണം ആയിരത്തിനു മീതെ ആകുന്നു. ആളുകള്‍ പരിഭ്രാന്തരാകുന്നു. എല്ലായിടത്തും സംഭവിച്ചത് ഇതാണ്. ചൂടുള്ളതുകൊണ്ട് നമുക്കു പേടിക്കാനില്ല എന്ന ശാസ്ത്രകഥകളൊക്കെ പറഞ്ഞു നമ്മളെ ആശ്വസിപ്പിക്കുന്ന ശാസ്ത്രജ്ഞന്മാരിവിടേയും ഉണ്ടായി. ഈ കഥകളൊക്കെ ഫേസ്ബുക്കിലും വാട്ട്സാപ്പിലുമൊക്കെ പറന്നുനടക്കുന്ന മാര്‍ച്ച് മാസത്തില്‍ ഒരു ടെലിവിഷന്‍ ചാനലിന്റെ രാത്രികാല ചര്‍ച്ചയില്‍ കൊവിഡ് എന്ന രോഗത്തെപ്പറ്റി സംസാരിക്കാന്‍ ശ്രമിച്ചു. ഒരു സാംക്രമിക രോഗം പടര്‍ന്നു പന്തലിച്ചാല്‍ ലോകം മുഴുവനും ചിലപ്പോള്‍ ഒരു സമ്പൂര്‍ണ്ണ അടച്ചിടലിലേക്ക് പോകുമോ എന്ന് ആദ്യമായി ഭയപ്പെട്ടു, ഓരോ ദിവസവും കഴിയുമ്പോള്‍ ആ ഭയം അസ്ഥാനത്തല്ലെന്നു ഉറപ്പിച്ചുകൊണ്ട് മാര്‍ച്ച് 24-നും 25-നുമായി ഇന്ത്യ നിശ്ചലമായി.  

മനുഷ്യര്‍ക്ക് മാനസികോല്ലാസമേകുന്ന കലാരൂപങ്ങളൊക്കെ ആട്ടം അവസാനിപ്പിച്ചു. ഒരു ഉത്സവസീസണ്‍കൊണ്ട് ഒരു വര്‍ഷത്തെ ജീവിതത്തിനുള്ള വക കണ്ടെത്തുന്ന നാടക പ്രവര്‍ത്തകരും ക്ഷേത്ര കലാകാരന്മാരും പരമ്പരാഗത കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നവരുമൊക്കെ അടഞ്ഞമുറികളില്‍ അവരുടെ ആടയാഭരണങ്ങള്‍ പൂട്ടിവെച്ചു. ഓരോ ദിവസവും ഇത് നാളെ തീരും, ഇനിയിത് വലിയതോതില്‍ വ്യാപിക്കില്ല എന്ന് ആശ്വാസപ്പെട്ടു കഴിഞ്ഞു. എന്നാല്‍, അടച്ചുപൂട്ടലിന്റെ ബന്ധനത്തില്‍നിന്നും മോചിതരാകുവാനാവാതെ മനുഷ്യര്‍ സങ്കടത്തിന്റേയും ആകാംക്ഷയുടേയും ഇനിയെന്താവുമെന്നറിയാതേയുമായ അരക്ഷിതാവസ്ഥ അനുഭവിച്ചു തുടങ്ങിയിരുന്നു. ലോക്ഡൗണിന്റെ പല ഘട്ടങ്ങളിലായി സാമൂഹിക ഐക്യം നേടുവാനായി പലതരത്തിലുമുള്ള ഒത്തുചേരലുകള്‍ കണ്ടു. ചെണ്ട കൊട്ടിയും വിളക്ക് കത്തിച്ചുമൊക്കെ ഒത്തുചേര്‍ന്നു. അതിന്റെയൊക്കെ പലതരത്തിലുള്ള ഭവിഷ്യത്തുകളുമായി രോഗം അതിന്റെ ജൈത്രയാത്ര തുടര്‍ന്നു. പറഞ്ഞാല്‍ കേള്‍ക്കാത്ത ജനം എന്ന ഖ്യാതിയുണ്ടായി. ചെയ്യുന്നതിന്റെ സത്യമറിയാത്തവരായി ആഘോഷിച്ചു. 

സ്‌കൂള്‍ വെക്കേഷനും ഈസ്റ്ററും വിഷുവും സിനിമാ പ്രദര്‍ശനശാലകള്‍ക്കു പുതിയ ചിത്രങ്ങളുടെ പ്രദര്‍ശനത്തിന്റെ ഉത്സവകാലമാണ്. പല പ്രമുഖനടന്മാരുടേയും ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തുന്ന സമയം. അതുകൊണ്ടുതന്നെ അവരൊക്കെ ആ ചിത്രങ്ങളെത്തിക്കാന്‍ എല്ലാ ശ്രമങ്ങളും തുടങ്ങിയിരുന്നു. ആ സമയത്താണ് തിയേറ്ററുകള്‍ ലോകവ്യാപകമായി അടച്ചുപൂട്ടിയത്. മലയാളത്തിലെ പല ചിത്രങ്ങള്‍ക്കും ഇന്നു ലോക മാര്‍ക്കറ്റില്‍ ഒരു സ്ഥാനമുണ്ടായി തുടങ്ങിയ സമയം കൂടിയായിരുന്നു ഇത്. പല സിനിമകളും നിര്‍മ്മാണത്തിന്റെ അവസാന ഘട്ടങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും സിനിമാ പ്രവര്‍ത്തകര്‍ അവരുടെ സൃഷ്ടികള്‍ ആസ്വാദകര്‍ക്കായി ഒരുക്കുകയായിരുന്നു. എല്ലാ മനസ്സുകളും അവരവരുടെ കര്‍മ്മങ്ങളിലൂടെ മാത്രം ചലിച്ചുകൊണ്ടിരുന്നു. ആര്‍ക്കും അനാവശ്യമായ ആകുലതകളില്ലായിരുന്നു. എന്നാല്‍, പിന്നീടങ്ങോട്ട് ലോക്ഡൗണിന്റെ പല ഘട്ടങ്ങളും കടന്നു പോകുന്തോറും ജീവിതത്തിന്റെ അവസ്ഥ എന്തായിത്തീരുമെന്ന ഭയം മനുഷ്യര്‍ക്കുണ്ടായിത്തുടങ്ങി. കൊവിഡ് വൈറസ് മനുഷ്യരുടെ ജീവിതത്തെ ഇല്ലാതാക്കുന്നതില്‍നിന്നും രക്ഷപ്രാപിക്കാനായി ആതുരശുശ്രൂഷരംഗത്തെ വിദഗ്ദ്ധര്‍ നമ്മുടെ മുഖം മറയ്ക്കുകയാണ് ആദ്യം ചെയ്തത്. മൂക്കും വായും മൂടിക്കെട്ടുന്ന മുഖാവരണങ്ങളാല്‍ മറയ്ക്കപ്പെട്ട് മനുഷ്യര്‍ മുഖമില്ലാത്തവരായി. മുഖം കണ്ണാടിയെന്നത് ഒളിച്ചുവയ്ക്കുന്നതായി. മനസ്സിലെ സന്തോഷം പ്രകടിപ്പിക്കുന്ന മന്ദസ്മിതംപോലും ആര്‍ക്കും കാണാനാവാത്തതായി. കൊവിഡ് ഒരര്‍ത്ഥത്തില്‍ മനുഷ്യനെ മുഖമില്ലാത്തവരാക്കുകയാണ് ചെയ്തത്. സാനിറ്റൈസര്‍കൊണ്ട് കൈകഴുകി കൈ വെളുത്തുപോയി. ഓരോ നിമിഷവും ഭയത്തിന്റെ തോത് കൂടിയിട്ടെന്നപോലെ കൈകള്‍ ഉരച്ച് കഴുകിക്കൊണ്ടേയിരുന്നു. ഒരിടത്തുപോലും ഒന്നു സ്പര്‍ശിക്കാനും ആരെങ്കിലും കൈനീട്ടി തരുന്നത് വാങ്ങിക്കാനോ നമ്മള്‍ ഭയപ്പെട്ടു. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അകലം പാലിക്കാനും ഒളിച്ച് ചെയ്യാനും ശ്രമിച്ചു. മുന്‍പ് സ്വാതന്ത്ര്യത്തോടെ ചെയ്തതൊക്കെ ഒന്നു ശ്രദ്ധിച്ചു ചെയ്യാന്‍ പഠിച്ചു. 

സര്‍വ്വയിടങ്ങളും പൂട്ടിയിടപ്പെട്ടപ്പോള്‍ ജീവിതത്തിന്റെ താളത്തെ വല്ലാതെ ബാധിച്ച ഒരു കൂട്ടം ആളുകളുണ്ടായിരുന്നു. സന്തോഷത്തിലും സന്താപത്തിലും ഗ്ലാസ്സുകളുടെ കൂട്ടിമുട്ടലിന്റെ ശബ്ദത്താല്‍ ആഹ്ലാദിക്കപ്പെട്ടവര്‍. മദ്യമില്ലാത്ത ഒരു സന്ധ്യപോലും അവര്‍ക്കുണ്ടായിരുന്നില്ല. മദ്യത്തിന്റെ ലഹരിയില്‍ അവര്‍ ആകാശസഞ്ചാരം നടത്തിയിരുന്നു. മദ്യഷാപ്പുകള്‍ക്കു മുന്നിലും കടകളിലും അവര്‍ വെയില്‍ കാഞ്ഞു. അതിനവര്‍ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. അനുസരണയുള്ള കുഞ്ഞാടുകളായി അവര്‍ ഊഴം കാത്തു. എന്നാല്‍, സമ്പൂര്‍ണ്ണ നിരോധനമായി ബാറുകളും കടകളും അടയ്ക്കപ്പെട്ടപ്പോള്‍ അവരുടെ ഉള്ള് കാഞ്ഞു. ആദ്യ ദിനങ്ങളിലൊക്കെ അവര്‍ എന്തു ചെയ്യുമെന്നറിയാതെ ഉഴറിയെങ്കിലും പിന്നീട് അവര്‍ ആ ജീവിതവുമായി പൊരുത്തപ്പെട്ടു. അപ്പോഴും ചിലരൊക്കെ അനധികൃതമായി വാറ്റിയെടുക്കാനും ലഹരി ലഭിക്കുന്ന മറ്റ് വഴികളിലേക്കുമൊക്കെ സഞ്ചരിക്കാന്‍ ശ്രമിച്ചു. സര്‍ക്കാരിന്റെ നിതാന്തജാഗ്രതയാല്‍ വ്യാജമദ്യ മരണവാര്‍ത്തകള്‍ ഉണ്ടായില്ല. ഒരു പരിധിവരെ സ്വന്തം പ്രവൃത്തികളില്‍ ലഹരി കണ്ടെത്താന്‍ ശ്രമിക്കുന്ന മലയാളികളെ കണ്ടു. ബാറുകള്‍ ചില നിബന്ധനകളോടെ നിയന്ത്രിതമായി തുറന്നപ്പോഴും ആള്‍ക്കൂട്ടം മദ്യം വാങ്ങി വീടുകളിലെ സുരക്ഷിതത്വത്തിലേക്ക് ഉള്‍വലിയുകയാണ് ചെയ്തത്. ബാറുകളില്‍ ഇരിപ്പിടങ്ങള്‍ക്ക് സാമൂഹിക അകലം ഉണ്ടായിരുന്നു. 

തകര്‍ന്നടിഞ്ഞ സിനിമാരംഗം

സിനിമ ആള്‍ക്കൂട്ടമുണ്ടാക്കുന്ന ഇടമാണ്. അത് ചലച്ചിത്ര നിര്‍മ്മാണസമയത്തും പ്രദര്‍ശനശാലകളിലെത്തുമ്പോഴും നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ആളുകളുമായി നിരന്തരമായ ഇടപെടലുകള്‍ ആവശ്യമായി വരുന്നുണ്ട്. പൊതുവേ ഒരു വലിയ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ചുരുങ്ങിയത് ഇരുനൂറിലേറെ ആളുകള്‍ പലതരം ജോലികളുമായി ബന്ധപ്പെട്ട് നിര്‍മ്മാണസ്ഥലത്തുണ്ടാവും. ഷൂട്ട് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന്റെ ഭാഗമായി സ്റ്റുഡിയോകളിലും ഇതേ അവസ്ഥയുണ്ടാവും. അവിടെ പലപ്പോഴും നിരവധി ചിത്രങ്ങളുടെ പ്രവര്‍ത്തകരുമുണ്ടാവും. നിശ്ചിതമായ സമയക്രമീകരണത്തിലൂടെ ഓരോ സ്റ്റുഡിയോകളും ഡബ്ബിങ്ങിനും മിക്‌സിങ്ങിനുമായൊക്കെ ഉപയോഗിക്കുമ്പോഴും അതിനോടനുബന്ധിച്ച കലാകാരന്മാരവിടെ എത്തുകയും ജോലി ചെയ്യുകയും ചെയ്യും. കൊവിഡ് ഉത്ഭവിച്ചു പടരുമ്പോഴുണ്ടായ ഭീതിയില്‍ സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നിഷ്‌കര്‍ഷിച്ചത് നിയന്ത്രിതമായ അകലമാണ്. സിനിമപോലെ ഒരിടത്ത് അത് സത്യമായും അസാദ്ധ്യമായ കാര്യമെന്ന് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കറിയാം. ഷൂട്ടിംഗ് ലൊക്കേഷനില്‍ ചിലപ്പോള്‍ സെറ്റ് നിര്‍മ്മാണത്തിന് അതു കഴിയുമ്പോള്‍ ഷൂട്ടിലുമൊക്കെ നിരവധി ആളുകള്‍ക്ക് സംസാരത്തിലൂടെയും സ്പര്‍ശത്തിലൂടെയുമൊക്കെ അടുത്തിടപഴകേണ്ടിവരും. രോഗം പകരുന്നതിനു ഇത് കാരണമാവുകയും ചെയ്യും. പരിപൂര്‍ണ്ണമായ അകലം വരിക്കുന്നതിലൂടെ സത്യത്തില്‍ ചലച്ചിത്ര നിര്‍മ്മാണമേഖല ജോലി ചെയ്യാനാവാത്തവിധം അടച്ചിടപ്പെടുകയാണ്. ഇത് പ്രദര്‍ശനത്തിന്റെ കാര്യത്തിലും സംഭവിക്കുന്നു. പോസ്റ്ററുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ കൊണ്ടുപോയി പരസ്യം പതിക്കുന്നതിനുള്ള പണം കെട്ടി സീല്‍ പതിപ്പിക്കുന്നതു മുതല്‍ അത് ചുവരുകളില്‍ ഒട്ടിക്കുന്നതും മറ്റു പരസ്യപ്രവര്‍ത്തനങ്ങളും തിയേറ്ററുകളില്‍ ടിക്കറ്റ് വില്‍പ്പന മുതലുള്ള മുഴുവന്‍ കാര്യങ്ങളും ജനങ്ങളുമായി പരസ്പരം ഇടപെട്ടുകൊണ്ട് നടക്കുന്നതാണ്. ഇതിനൊക്കെ തടസ്സമാവുകയാണ് സാമൂഹിക അകലം നിര്‍ബ്ബന്ധമാക്കിയത്. ഇത് ശരിക്കും സിനിമയ്ക്കു മാത്രം ബാധകമായതല്ല, മറിച്ച് എല്ലാവിധ കലാരൂപങ്ങളും പൊതുജനങ്ങള്‍ക്കായി അവതരിപ്പിക്കുമ്പോഴും പാലിക്കപ്പെടേണ്ടതാവുന്നു. ഇന്നത്തെ ഈ ലോക്ഡൗണ്‍ കാലത്ത് ഏറെ ബാധിക്കപ്പെട്ടത് കലാപ്രവര്‍ത്തകരെയാണ്. അവരുടെ നിത്യവരുമാനമാണ് ഇല്ലാതായത്. 

ഈ അടച്ചുപൂട്ടല്‍ കാലത്ത് നമ്മളാദ്യം മനസ്സുകൊണ്ട് ഒരു വെക്കേഷന്‍ കാലംപോലെ പെട്ടെന്നിതെല്ലാം തീരുമെന്നും കുറച്ചു നാളത്തേക്ക് എല്ലാ പ്രശ്‌നങ്ങളില്‍നിന്നും ഒരു വിടുതലായി വിശ്രമത്തിന്റെ നാളുകള്‍ എന്നു കരുതിയിരുന്നു. വീടകങ്ങളില്‍ വീട്ടുകാരെല്ലാം ചേര്‍ന്നു പുതിയ റെസിപ്പികള്‍ പരീക്ഷിച്ചു. പുതിയ രുചിക്കൂട്ടുകള്‍ ആസ്വദിച്ചു. ഹോട്ടല്‍ ഭക്ഷണങ്ങളുടെ അപ്പുറത്ത് പുതിയ സ്വാദുണ്ടെന്നു തിരിച്ചറിഞ്ഞു. ഭക്ഷണത്തിനുശേഷം വിശ്രമത്തിന്റെ പരിധിയില്‍ അവര്‍ പുതിയ ദൃശ്യങ്ങള്‍ക്കായി മനസ്സര്‍പ്പിച്ചു. അത് ടെലിവിഷനിലേക്കും പിന്നെ ഒ.ടി.ടി പ്ലാറ്റ് ഫോമിലേക്കുമായി. ആമസോണിന്റേയും നെറ്റ്ഫ്‌ലിക്‌സിന്റേയും നെറ്റ്വര്‍ക്കില്‍ നിരവധി പുതിയ കാഴ്ചകളുണ്ടെന്നും അവധി ആസ്വദിക്കാന്‍ അതൊക്കെ മതിയെന്നും അവര്‍ കണ്ടെത്തി. പതുക്കെ ഈ കൊവിഡ് കാലം കാഴ്ചയുടെ മറ്റൊരു സംവിധാനത്തിലേക്ക് മാറുകയാണെന്നും പ്രഖ്യാപിച്ചു. ഡിജിറ്റല്‍ പ്ലാറ്റ് ഫോം സിനിമാ വ്യവസായത്തിന് അനുകൂലമോ പ്രതികൂലമോ ആവുമെന്നറിയാതെ ഒരു സഞ്ചാരത്തിലാണിപ്പോഴും. സിനിമയെന്ന ബൃഹത്തായ വിസ്മയം ഒരിക്കലും ഫോണിന്റേയും ടെലിവിഷന്റേയും ലാപ്ടോപിന്റേയും സ്‌ക്രീനുകളില്‍ ആസ്വാദ്യയോഗ്യമല്ലെന്നു പ്രേക്ഷകനറിയാമെങ്കിലും ഈ കാലത്ത് അവനു സമയം നീക്കാന്‍ മറ്റൊരു ഉപാധിയില്ലാതെയായി. എന്നാല്‍, അവര്‍ ചലച്ചിത്രമെന്ന മാധ്യമത്തെ കൈവിടാതെ തന്നെ അതിലേക്ക് കൂടുതല്‍ അടുപ്പമുള്ളവരായി, കാഴ്ചയുടെ പുതിയ ശീലമുള്ളവരായി. എന്നാല്‍, ഈ പ്രേക്ഷകരൊക്കെ സിനിമയെ സമയം കളയാനുള്ള ഒരു കലാരൂപമായി മാത്രമല്ല കാണുന്നതെന്നും നമുക്കറിയാം. സിനിമ കൃത്യമായ ഒരു സംസ്‌കാരവും രാഷ്ട്രീയവും പ്രേക്ഷകര്‍ക്കായി നല്‍കുന്നുണ്ട്. അതൊരു പ്രത്യേക സമൂഹമായി നിലനില്‍ക്കുന്നുമുണ്ട്. ഈ കൊവിഡ് പകര്‍ച്ചയില്‍ ഇല്ലാതായത് ആ പ്രത്യേക സമൂഹമാണ്. 

തിയേറ്ററില്‍ ഇനിയെന്നാണ് സിനിമകള്‍ പ്രദര്‍ശനസജ്ജമാകുക എന്നറിയില്ല. ലോകം മുഴുവനുമുള്ള പ്രദര്‍ശനശാലകളൊക്കെ അടഞ്ഞുകിടക്കുന്നു. ചില രാജ്യങ്ങളില്‍ തുറന്നെങ്കിലും ഭയമില്ലാതെ, സന്തോഷത്തോടെ കാഴ്ചക്കാര്‍ അവയിലേക്ക് എത്തിയില്ല. തുച്ഛമായ ആളുകള്‍ക്കായി അവര്‍ സിനിമകള്‍ കാണിച്ചെങ്കിലും അതൊരു പുരോഗതിയുടെ ലക്ഷണമായി കരുതാനാവില്ല. ഈ പ്രതിസന്ധിയെ എന്നു മറികടക്കാനാവുമെന്നും അതിനുള്ള സാധ്യതയെന്തെന്നും വരും ദിനങ്ങളാവും നമ്മോട് പറയുക. ഏറെക്കാലം അടച്ചിടല്‍ അവസ്ഥ തുടരുന്നുവെങ്കില്‍ കാഴ്ചയുടെ ഈ ലോകത്തിന്റെ നിലനില്‍പ്പുതന്നെ ഇല്ലാതാകും. സിനിമയെന്ന കലാരൂപത്തെ ഒരു വ്യവസായമായി ഇന്നും അംഗീകരിച്ചിട്ടില്ലാത്തതുകൊണ്ടുതന്നെ ഇതില്‍ മുതല്‍ മുടക്കിയവരൊക്കെ മാനസികമായും ശാരീരികമായും ക്ഷീണിതമായ ഒരവസ്ഥയിലേക്ക് എത്തപ്പെടും. ഒരു സുരക്ഷിതവുമില്ലാത്ത ഒരിടമായി ഈ പ്ലാറ്റ്‌ഫോം മാറുന്നുവെന്ന് ഇതില്‍ പ്രത്യക്ഷമായും പരോക്ഷമായും ജോലി ചെയ്യുന്നവര്‍ തിരിച്ചറിയുന്നു. ചില നിര്‍മ്മാതാക്കളൊക്കെ പലിശയ്ക്ക് പണമെടുത്തുപോലും സിനിമ നിര്‍മ്മിക്കുന്നുണ്ട്. അടച്ചിടല്‍ ഭീഷണി തുടരുമ്പോള്‍ അവരുടെ ശിഷ്ടകാലം കോടതിമുറികളിലും മറ്റൊരുപാട് പ്രശ്‌നങ്ങളിലുമായി മാറുന്ന കാര്യവും കാണേണ്ടിവരും. എല്ലാ ഭരണകൂടവും ആശ്രയമില്ലാത്തവര്‍ക്ക് ആലംബമാകുന്നു. സിനിമയ്ക്ക്, അതിന്റെ ഈ അവസ്ഥയില്‍നിന്നും ശാശ്വതമായ പുരോഗതിക്ക് സര്‍ക്കാര്‍ ഇടപെടുമെന്നുതന്നെയാണ് ഈ രംഗത്ത് നില്‍ക്കുന്നവര്‍ വിശ്വസിക്കുന്നതും പ്രതീക്ഷിക്കുന്നതും. 

കൊവിഡ് കാലത്ത് മനുഷ്യന്റെ ഏറ്റവും അവസാനത്തെ പരിഗണനയാണ് സിനിമയ്ക്കായി നീക്കിവച്ചത്. വിദ്യാലയങ്ങള്‍ തുറക്കുന്നതിനു മുന്നെ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് വാശിപിടിക്കുന്ന ഒരു ജനതയെ നാം കാണുന്നുണ്ട്. ഈ കഴിഞ്ഞ നാളുകളില്‍ എല്ലാ ഭക്തന്മാരും, അവര്‍ സത്യസന്ധമായ ഭക്തിയുള്ളവര്‍ നില്‍ക്കുന്നയിടങ്ങളില്‍നിന്നു ദൈവത്തെ നമിച്ചു, പ്രാര്‍ത്ഥിച്ചു. അവരുടെ വിശ്വാസങ്ങള്‍ അവരെ രക്ഷിച്ചു. ഒരമ്പലത്തിലും പള്ളിയിലും പോകാതെ അവര്‍ കഴിഞ്ഞു, അവരുടെ പ്രാര്‍ത്ഥനകള്‍ ദൈവം കേട്ടിരിക്കും. ഈ പ്രപഞ്ചം മുഴുവനും ദൈവമുണ്ടെന്ന് ആ ഭക്തര്‍ തിരിച്ചറിഞ്ഞിരിക്കും. ആരാധനാലയത്തില്‍ പോയി പ്രാര്‍ത്ഥിച്ചാല്‍ മാത്രമേ ആശ്വാസമുണ്ടാകൂ എന്നു പറയുന്നത് ഭക്തര്‍ക്കുവേണ്ടിയാണെന്നു തോന്നുന്നേയില്ല. ഭക്തി ഒരു വ്യവസായമായി നമ്മള്‍ കാണുകയാണല്ലോ. ക്ഷേത്രങ്ങളിലും പള്ളികളിലും ഭക്തന്മാര്‍ എത്താത്തതുകൊണ്ടുണ്ടായ നഷ്ടങ്ങളെക്കുറിച്ച് കണക്കുകള്‍ പറയുന്നു. അവിടങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് അടച്ചുപൂട്ടപ്പെട്ട മാസങ്ങളിലെ തുടക്കത്തില്‍ ശമ്പളം പകുതിയായി കൊടുക്കുന്നു. പോകപ്പോകെ ആ ശമ്പളംപോലും കൊടുക്കാനാവാത്ത അവസ്ഥയും വരുന്നു. ഇത് ജോലിചെയ്തു ജീവിക്കുന്ന എല്ലാ മനുഷ്യര്‍ക്കും വന്നുഭവിച്ച ദുരന്തമായി മാറിയിട്ടുണ്ട്. രോഗത്തേക്കാള്‍ അവരിപ്പോള്‍ ഭയപ്പെടുന്നതും ആകുലപ്പെടുന്നതും അടച്ചുപൂട്ടലിനെയാണ്. എന്നാല്‍, സാമൂഹ്യ വ്യാപനത്തിന്റെ തോത് കൂടുമ്പോള്‍ അതല്ലാതെ മറ്റു മാര്‍ഗ്ഗവുമില്ലാതാവുന്നു. ലോകത്തിന്റെ പലയിടങ്ങളിലും രോഗലക്ഷണങ്ങള്‍ കാണിക്കാത്ത മനുഷ്യരില്‍നിന്നുപോലും രോഗം പകര്‍ന്നിട്ടുണ്ട്. മനുഷ്യനുവേണ്ടി വിവേകത്തോടെ പെരുമാറണമെന്നാണ് എല്ലാ മതഗ്രന്ഥങ്ങളും പഠിപ്പിക്കുന്നത്. ആ പാഠങ്ങള്‍ ചിലര്‍ ജീവിതത്തിലും നടപ്പിലാക്കിയതുകൊണ്ടാണ് ആരാധനാലയങ്ങള്‍ പൂട്ടിയിടപ്പെട്ടത്.

വായുടെ ഫലത്താല്‍ മനുഷ്യന്റെ ഉദരം നിറയും, അധരങ്ങളുടെ വിളവുകൊണ്ട് അവനു തൃപ്തിവരും, മരണവും ജീവനും നാവിന്റെ അധികാരത്തില്‍ ഇരിക്കുന്നു, അതില്‍ ഇഷ്ടപ്പെടുന്നവര്‍ അതിന്റെ ഫലം അനുഭവിക്കും. മനുഷ്യജീവിതം ഓരോ നിമിഷവും മറ്റുള്ളവര്‍ക്ക് മുന്നോട്ട് നയിക്കാനുള്ള പ്രചോദനം ആകുമെന്ന വിശ്വാസം എല്ലായ്പോഴും ഉണ്ടാവുന്നുണ്ട്. രാജ്യത്തെ ആക്രമിച്ച മഹാമാരിയില്‍ മനുഷ്യന്‍ ഭാവിയെ സത്യമുള്ളതാക്കുവാന്‍ ഇനിയും ഒരുപാട് അത്യദ്ധ്വാനം ചെയ്യേണ്ടിവരും. അതിന്റെ ഭാഗം തന്നെയായാണ് എഴുത്തും സിനിമയുമൊക്കെ മനുഷ്യര്‍ക്കു മുന്നിലെത്തിക്കുന്നത്. ആത്മാവിഷ്‌കാരത്തിന്റെ സ്വാതന്ത്ര്യം തന്നെയാണത്. പുതിയ കാലത്തെ അടയാളപ്പെടുത്താന്‍ തിരിച്ചറിവുള്ളവരും ആത്മബോധമുള്ളവരും ആകുമെന്ന് ജീവനുള്ളവര്‍ കരുതുന്നു. ലോകം കൊവിഡിനു മുന്‍പും ശേഷവും എന്നുതന്നെയാവും അടയാളമാക്കുന്നത്. ജാതിയും മതവുമൊക്കെ മറന്ന് മനുഷ്യനെന്നത് ഒത്തൊരുമയുള്ള ഒരു സമൂഹജീവിയായി ജീവിക്കുമെന്നും ആഗ്രഹിക്കുന്നു. എന്നാലും ചില മനുഷ്യര്‍ അവരുടെ മനസ്സ് കൂടുതല്‍ ഇടുങ്ങിയതും സങ്കീര്‍ണ്ണവുമായി മാറ്റുന്നു എന്നും നാം കാണുന്നുണ്ട്. നാട്ടുരാജ്യങ്ങളില്‍നിന്നും ഭാരതമെന്ന ഐക്യമായത് ഒരുപാട് കാലംകൊണ്ടാണ്. എന്നിട്ടിപ്പോഴും അനവധി നാട്ടുപ്രദേശങ്ങളാക്കാന്‍ എന്തിനാണ് ശ്രമിക്കുന്നത് എന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. പുതിയ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത് മനുഷ്യന്റെ മനസ്സന്തോഷത്തിനാണ്. അതില്‍ ചരിത്രവും വിനോദവും ഉണ്ടാവും. അതു കണ്ട് അനുഭവിച്ചതിനു ശേഷമാവും അവരതിനെക്കുറിച്ച് വ്യാഖ്യാനിക്കുന്നത്. പറയുന്ന വാക്കും എഴുതുന്ന അക്ഷരവും മനുഷ്യന്റെ അഹംബോധത്തില്‍ നിന്നുരുത്തിരിയുന്നത് എന്ന് ഇനിയെന്നാണ് നമ്മള്‍ മനസ്സിലാക്കാന്‍ പോകുന്നത്.

സാമൂഹിക അകലം പൊതുജീവിതത്തിന്റെ ഭാഗമായി മാറുന്നത് നാം അറിഞ്ഞേ മതിയാകൂ. മനുഷ്യമനസ്സില്‍നിന്നും രോഗഭീതി ഒഴിയുമ്പോള്‍ മാത്രമേ പഴയതുപോലൊരു ഒത്തുചേരല്‍ ഉണ്ടാകൂ. സിനിമപോലെ ഒരു കലാപ്രദര്‍ശനയിടം സുരക്ഷിതമാണെന്ന ബോധമുണ്ടാവുമ്പോള്‍ മാത്രമേ ആള്‍ക്കൂട്ടമുള്ള ഇടമാകൂ. എങ്കിലും മനുഷ്യരെന്നും പ്രതീക്ഷകള്‍ അവസാനിപ്പിക്കാത്ത, സകലതും ശരിയാകുമെന്ന് ആത്മവിശ്വാസമുള്ളവരാണ്. അതുകൊണ്ടുതന്നെയാണ് ഇപ്പോഴും ലോകം അതിന്റെ സത്യമായ ചലനം തുടരുന്നത്. എല്ലാ നഷ്ടങ്ങള്‍ക്കു മീതെയും ശാശ്വതമായ ഒരു ലാഭംപോലെ ഈ ജീവിതം തുടരാനാവുമെന്ന സ്വപ്നമുണ്ടാകും. സിനിമ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരമാണല്ലോ, അത് സത്യമാകുകതന്നെ ചെയ്യും. എല്ലാ ദുരന്തങ്ങളേയും അതിജീവിക്കാന്‍ വിവേചനബുദ്ധിയുള്ള മനുഷ്യര്‍ക്കാവും. പുതിയ സിനിമകള്‍ ചിത്രീകരിക്കുന്ന ചലച്ചിത്രകാരന്മാര്‍ അതു നിര്‍മ്മിക്കുന്നതിലൂടെ മനുഷ്യരുടെയുള്ളിലെ ഭയത്തേയും മറികടക്കാനാണ് ശ്രമിക്കുന്നത്. ചലച്ചിത്രങ്ങള്‍ക്ക് വെറും രസിപ്പിക്കലല്ല ഉദ്ദേശ്യമെന്നും അവര്‍ തിരിച്ചറിയുന്നുണ്ട്. മനസ്സില്‍ ഒരുപാട് ചിത്രങ്ങള്‍ ഓടുമ്പോള്‍ അത് സ്വപ്നങ്ങളുടെ സാക്ഷാല്‍ക്കാരം കൂടിയാവും. ഒരു നാട്ടില്‍നിന്നും അശരണരായി സ്വന്തം നാട്ടില്‍ അഭയം കണ്ടെത്താന്‍ നടന്നുപോയ മനുഷ്യരെപ്പോലെ പ്രതീക്ഷകള്‍ അവസാനിപ്പിക്കാത്ത സഞ്ചാരമാവും. ഇനിയും വരാനിരിക്കുന്ന കാലത്തിന്റെ ചിത്രനിര്‍മ്മാണമാണത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com