ഞാവല്‍പ്പഴങ്ങളുടെ കന്യകാത്വം: 'ദ ഒക്കേഷണല്‍ വെര്‍ജിന്‍' എന്ന നോവലിനെക്കുറിച്ച്

ലബനീസ് നോവലിസ്റ്റും ഫെമിനിസ്റ്റ് ചിന്തകയുമായ ഹനാന്‍ അല്‍-ഷെയ്ഖിന്റെ 'ദ ഒക്കേഷണല്‍ വെര്‍ജിന്‍' എന്ന നോവലിനെക്കുറിച്ച്
ഹനാന്‍ അല്‍-ഷെയ്ഖ്
ഹനാന്‍ അല്‍-ഷെയ്ഖ്
Updated on
6 min read

14 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തരയുദ്ധം ലബനോണിലെ സമ്പദ്വ്യവസ്ഥയേയും സാമൂഹ്യ ജീവിതത്തേയും പാടെ തകര്‍ത്തിരുന്നു. 1975-ല്‍ ആരംഭിച്ച കലാപം 1990-ലാണ് അവസാനിച്ചത്. ഇക്കാലയളവില്‍ ലബനോണില്‍നിന്നു പതിനായിരക്കണക്കിനു പേരാണ് പലായനം ചെയ്തത്. ഇസ്രയേലിന്റെ അതിര്‍ത്തികൂടിയായ ലബനോണിലേക്ക് പലസ്തീനില്‍നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹവും താങ്ങാനാവാത്തതായിരുന്നു. ആഭ്യന്തര യുദ്ധകാലത്ത് ലബനോണില്‍നിന്നു പലായനം ചെയ്തവര്‍ അധികവും യൂറോപ്യന്‍ നാടുകളിലാണ് അഭയം പ്രാപിച്ചത്. ഇങ്ങനെ പലായനം ചെയ്ത രണ്ട് യുവതികളുടെ കഥയാണ് ലബനീസ് നോവലിസ്റ്റും ഫെമിനിസ്റ്റ് ചിന്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഹനാന്‍ അല്‍-ഷെയ്ഖ് തന്റെ പുതിയ നോവലായ 'ദ ഒക്കേഷണല്‍ വെര്‍ജിനി'ല്‍ പറയുന്നത്. 

'സ്റ്റോറി ഓഫ് സഹ്റ', 'വിമന്‍ ഓഫ് സാന്‍ഡ് ഏന്റ് മീര്‍' എന്നീ നോവലുകളിലൂടെ ഏറെ പ്രശസ്തയായ നോവലിസ്റ്റാണ് ഹനാന്‍ അല്‍-ഷെയ്ഖ്. മുഖപടത്തിനും പര്‍ദ്ദയ്ക്കുമുള്ളിലെ സ്ത്രീ മനസ്സുകളുടെ പൊള്ളുന്ന വികാരങ്ങളാണ് അവര്‍ തന്റെ നോവലുകളില്‍ ആവിഷ്‌കരിച്ചത്. അടിച്ചമര്‍ത്തപ്പെട്ട ലൈംഗിക ചോദനകളെ യാതൊരു മറയുമില്ലാതെ അവര്‍ തുറന്നെഴുതി. 2011-ല്‍ പ്രസിദ്ധീകരിച്ച ആയിരത്തൊന്നു രാവുകളുടെ പുനരാഖ്യാനം അറബ് സാഹിത്യരംഗത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു. 
2003-ല്‍ ബൈറൂത്തില്‍ പ്രസിദ്ധീകരിച്ച 'ടു വിമന്‍ ബൈ ദ സീ' എന്ന ലഘുനോവലിന്റെ വികസിത രൂപമാണ് 'ദ ഒക്കേഷണല്‍ വെര്‍ജിന്‍' എന്ന നോവല്‍. ലബനനിലെ ഹൈഡ് പാര്‍ക്കിലുള്ള സ്പീക്കേര്‍സ് കോര്‍ണറിലുണ്ടായ ഒരു സംഭവമാണ് ഇതിന് അവരെ പ്രേരിപ്പിച്ചത്. ആര്‍ക്കും സ്വന്തം അഭിപ്രായങ്ങള്‍ തുറന്നുപറയാവുന്ന ഒരു വേദിയാണ് സ്പീക്കേര്‍സ് കോര്‍ണര്‍. ഒരിക്കല്‍ ഹൈഡ് പാര്‍ക്കിലൂടെ നടന്നുപോകുമ്പോള്‍ ഇസ്ലാം മതത്തെ പ്രകീര്‍ത്തിച്ച് ഒരു അള്‍ജീരിയന്‍ യുവാവ് പ്രസംഗിക്കുന്നത് അവര്‍ കേള്‍ക്കുകയുണ്ടായി. പക്ഷേ, അയാളുടെ പരാമര്‍ശങ്ങള്‍ പലതും ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്നതും തെറ്റിദ്ധാരണാജനകവുമായിരുന്നു. അയാളെ തിരുത്തേണ്ടത് തന്റെ കടമയാണെന്ന് അല്‍-ഷെയ്ഖ് കരുതി. അവര്‍ വേദിയിലേക്കു കടന്നുചെന്ന് അയാളെ തിരുത്തുകയും പരിഹാസരൂപേണ ചിലതെല്ലാം പറയുകയും ചെയ്തു. പ്രാസംഗികന്‍ ശ്രോതാക്കളുടെ പരിഹാസ പാത്രമായി. രോഷാകുലനായ അയാള്‍ അല്‍-ഷെയ്ഖിനു നേരെ അസഭ്യവര്‍ഷങ്ങള്‍ ചൊരിഞ്ഞു. സ്പീക്കേര്‍സ് കോര്‍ണറിലെ ഈ സംഭവം ലോകശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായാണ് അവര്‍ 'ടു വിമന്‍ ബൈ ദ സീയി'ലെ തന്റെ പ്രിയ കഥാപാത്രങ്ങളായ ഹുദയേയും ലിവോനിയേയും വികസിപ്പിച്ചു പുതിയൊരു നോവല്‍ എഴുതാന്‍ ആരംഭിച്ചത്. സ്പീക്കേര്‍സ് കോര്‍ണറിലെ സംഭവം അതേപടി ദ ഒക്കേഷണല്‍ വെര്‍ജിനില്‍ ഹനാന്‍ അല്‍-ഷെയ്ഖ് ആവിഷ്‌കരിച്ചിട്ടുണ്ട്. 

ആണുങ്ങളെ തേടുന്ന പെണ്ണുങ്ങള്‍ 

രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഒക്കേഷണല്‍ വെര്‍ജിന്റെ ആദ്യഭാഗത്ത് കേന്ദ്ര കഥാപാത്രങ്ങളായ ഹുദയുടേയും ലിവോനിയുടേയും ഇറ്റാലിയന്‍ കടല്‍ത്തീരത്തെ സൗഹൃദങ്ങളാണ് വിവരിക്കുന്നത്. രണ്ടു കഥാപാത്രങ്ങളുടേയും ലെബനോണിലെ ജീവിതവും ഈ ഭാഗത്ത് ഹനാന്‍ അല്‍ ഷെയ്ഖ് വിവരിക്കുന്നുണ്ട്. സമാനമായ ഒരു കൗമാര ജീവിതമാണ് ലബനോണില്‍ ഹുദയ്ക്കും യിവോനിക്കും ഉണ്ടായിരുന്നത്. യിവോനി ക്രിസ്ത്യന്‍ മതസ്ഥയും ഹുദ മുസ്ലിമുമായിരുന്നു. തികഞ്ഞ യാഥാസ്ഥിതികരായിരുന്നു ഹുദയുടെ കുടുംബം. അവള്‍ക്കു മറ്റു കൂട്ടുകാരോടൊപ്പം പുറത്തുപോകുന്നതിനോ കടലില്‍ കുളിക്കുന്നതിനോ ഒന്നും അനുവാദമുണ്ടായിരുന്നില്ല. വിദ്യാലയത്തില്‍ പോയിരുന്നെങ്കിലും ജ്യേഷ്ഠസഹോദരന്റെ ദൃഷ്ടികള്‍ എപ്പോഴും അവളുടെ മേലുണ്ടായിരുന്നു. 

കൗമാരപ്രായത്തിലെത്തിയ ഹുദ എന്തിനേയും ചോദ്യം ചെയ്യുന്ന പ്രകൃതക്കാരിയായിരുന്നു. തന്റെ മനസ്സിന്റെ പകുതി പകുത്തുനല്‍കിയാണ് ഹുദ എന്ന കഥാപാത്രത്തിനു രൂപം കൊടുത്തതെന്ന് ഹനാന്‍ അല്‍-ഷെയ്ഖ് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. കടുത്ത നിയന്ത്രണങ്ങളുണ്ടായിട്ടും ഒരിക്കല്‍ അവള്‍ കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കാന്‍ പോയിരുന്നു. വീട്ടിലറിയില്ലെന്നായിരുന്നു അവളുടെ ധാരണ. പക്ഷേ, ഇക്കാര്യം അവളുടെ മാതാവറിഞ്ഞിരുന്നു. കനത്ത ശിക്ഷയാണ് അവള്‍ക്കതിനു കിട്ടിയത്. ഇറ്റലിയില്‍ കടല്‍ത്തീരത്തിരുന്ന് ഇക്കാര്യം ഓര്‍ക്കുന്ന ഹുദയ്ക്കു തന്റെ ശരീരമാസകലം വേദനിക്കുന്നതായി അനുഭവപ്പെട്ടു. അല്പം അശ്ലീലച്ചുവയുള്ള കളിയിലേര്‍പ്പെട്ടതിനു മാതാവ് തന്റെ ഗുഹ്യഭാഗങ്ങളിലും വായിലും കുരുമുളക് അരച്ചുതേച്ചതിന്റെ നീറ്റല്‍ പിന്നീട് പലരുമായും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴൊക്കെ ആവര്‍ത്തിക്കാറുള്ളത് ഹുദ കടല്‍തീരത്തിരുന്ന് ഓര്‍ക്കുന്നുണ്ട്. 

ആഭ്യന്തര യുദ്ധകാലത്ത് പഠനാര്‍ത്ഥം കാനഡയില്‍ പോകാന്‍ ഏറെ നിര്‍ബ്ബന്ധം പിടിച്ചത് ഹുദയാണ്. പിതാവിന്റെ കടുത്ത എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും മാതാവ് അവളെ പിന്തുണയ്ക്കുകയാണ് ചെയ്തത്. സുരക്ഷിതമല്ലാത്ത ലബനോണില്‍ തന്റെ മകള്‍ക്കു യാതൊരു ഭാവിയുമുണ്ടാകില്ലെന്നുതന്നെ അവര്‍ വിശ്വസിച്ചു. കാനഡയിലെത്തിയ ഹുദ വര്‍ഷങ്ങള്‍ക്കു ശേഷം മികച്ച ഒരു നാടക സംവിധായികയായിത്തീരുകയായിരുന്നു. 

യിവോനിയുടെ ബാല്യകൗമാര കാലത്തെക്കുറിച്ച് ഹനാന്‍ അല്‍-ഷെയ്ഖ് കൂടുതല്‍ വിശദാംശങ്ങളൊന്നും നല്‍കുന്നില്ല. ഇപ്പോള്‍ മധ്യവയസ്‌കകളായ ഇരുവരും വിവാഹിതരായിരുന്നില്ല. ലണ്ടനില്‍ ഒരു പരസ്യക്കമ്പനി നടത്തിയിരുന്ന യിവോനിക്കു നിരവധി പുരുഷ സുഹൃത്തുക്കളുണ്ടായിരുന്നു. അവരില്‍ പലരുമായും അവള്‍ ബന്ധം പുലര്‍ത്തിയിരുന്നെങ്കിലും ആരെയും ഭര്‍ത്താവായി സ്വീകരിക്കാന്‍ അവള്‍ തയ്യാറായില്ല. ഇപ്പോള്‍ 39-ാം വയസ്സിലെത്തിയ അവള്‍ക്ക് തനിക്കു ഭര്‍ത്താവും കുഞ്ഞുങ്ങളും വേണമെന്ന ആഗ്രഹം തീവ്രമായി ഉണ്ടായിരുന്നു. ഇറ്റലിയില്‍നിന്ന് ആരെയെങ്കിലും കണ്ടുപിടിക്കാമെന്ന മോഹത്തോടെയാണ് അവള്‍ കടല്‍ത്തീരത്തെത്തിയത്. വാസ്തവത്തില്‍ ഹുദയ്ക്കും അത്തരത്തില്‍ ഒരു രഹസ്യ മോഹമുണ്ടായിരുന്നു. 

കടല്‍ത്തീരത്ത് കുളിക്കാനെത്തിയ ചെറുപ്പക്കാരുമായി യിവോനി പെട്ടെന്നുതന്നെ പരിചയപ്പെട്ടു. വാസ്തവത്തില്‍ ഒരു 19-കാരിയുടെ ശരീരവടിവാണ് അവള്‍ക്കുണ്ടായിരുന്നത്. ലൗസിയോ എന്ന ചെറുപ്പക്കാരനുമായി അവള്‍ പെട്ടെന്നടുത്തു. അയാളെ തന്റെ മുറിയിലേക്കു കൊണ്ടുപോയി ലൈംഗികബന്ധത്തിലേര്‍പ്പെടണമെന്നു മാത്രമേ അവള്‍ ചിന്തിച്ചുള്ളൂ. അയാളെ തന്റെ ഭര്‍ത്താവായി സ്വീകരിക്കാന്‍ അവള്‍ തയ്യാറായിരുന്നില്ല. എന്നാല്‍, ഭര്‍ത്താവായല്ലാതെ അയാളോടൊപ്പം കഴിയാന്‍ അവള്‍ ഇഷ്ടപ്പെട്ടു. 

റോബര്‍ട്ടോ എന്ന തോട്ടക്കാരനുമായി ഇതിനിടെ ഹുദ പരിചയപ്പെട്ടു. രണ്ടു ദിവസം മാത്രം ഇറ്റലിയില്‍ കഴിയാനെത്തിയ അവള്‍ നാലു ദിവസം റോബര്‍ട്ടോയുമായി അവിടെ കഴിഞ്ഞു. ഇതിനിടെ പല പ്രാവശ്യം അവള്‍ റോബര്‍ട്ടോയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. 
തങ്ങളുടെ ഇറ്റലി സന്ദര്‍ശനംകൊണ്ട് ഭര്‍ത്താക്കന്മാരെ കണ്ടെത്താനായില്ലെങ്കിലും സന്തുഷ്ടരായാണ് ഹുദയും യിവോനിയും മടങ്ങിയത്. 

സ്ത്രീ-പുരുഷ ബന്ധങ്ങളിലെ നൈമിഷികത വളരെ യാഥാര്‍ത്ഥ്യമായിത്തന്നെ ഹനാന്‍ അല്‍-ഷെയ്ഖ് ചിത്രീകരിക്കുന്നുണ്ട്. ഒരു പെണ്‍പുലിയെപ്പോലെ ലൂസിയോയുമായി രതിക്രീഡയിലേര്‍പ്പെടുന്നു. യിവോനിയെ ചിത്രീകരിക്കുന്ന രംഗങ്ങള്‍ ജപ്പാനീസ് എഴുത്തുകാരന്‍ മുറാകാമിയുടെ രതിവര്‍ണ്ണനകളെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. 

ലൈംഗികബന്ധങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ഹനാന്‍ അല്‍-ഷെയ്ഖ് എടുക്കുന്ന അമിത സ്വാതന്ത്ര്യം അവര്‍ക്ക് അറബ് സാഹിത്യരംഗത്തുനിന്നു വളരെയേറെ വിമര്‍ശനങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്. എന്നാല്‍, ലോകത്തിലെ സ്ത്രീകള്‍ എല്ലാം ലൈംഗികബന്ധം കാംക്ഷിക്കുന്നവരാണെന്നും അറബ് ലോകത്തിനു യാതൊരു പ്രത്യേകതകളുമില്ലെന്നുമായിരുന്നു അവരുടെ വാദം. ആയിരത്തൊന്നു രാവുകളുടെ പുനരാഖ്യാനത്തില്‍ ലൈംഗികബന്ധങ്ങളുടെ ചിത്രീകരണത്തില്‍ അവര്‍ അമിത സ്വാതന്ത്ര്യമാണ് എടുത്തതെന്ന് നിരൂപകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീത്വം
 
ഹുദ ലണ്ടനിലെത്തുന്നതോടെയാണ് നോവലിന്റെ രണ്ടാം ഭാഗം ആരംഭിക്കുന്നത്. യിവോനിയുടെ പരസ്യക്കമ്പനി ലണ്ടനിലാണ്. വാസ്തവത്തില്‍ ഇവിടം മുതലാണ് ഹനാന്‍ അല്‍-ഷെയ്ഖിന്റെ രചനാപാടവം വ്യക്തമാകുന്നത്. ഹുദ എന്ന കഥാപാത്രത്തിനു മാത്രമേ രണ്ടാം ഭാഗത്തില്‍ ഹനാന്‍ പ്രാധാന്യം നല്‍കുന്നുള്ളൂ. ഒരു ഫെമിനിസ്റ്റ് ചിന്തക എന്ന നിലയിലുള്ള തന്റെ ആശയങ്ങള്‍ മുഴുവന്‍ അല്‍-ഷെയ്ഖ് ഹുദ എന്ന കഥാപാത്രത്തിലൂടെ വായനക്കാരിലെത്തിക്കുന്നു. 

ഒരു നാടകസംവിധായിക എന്ന നിലയില്‍ ഹുദ ലോകപ്രശസ്തയായി തീര്‍ന്നിരുന്നു. തന്റെ പുതിയ നാടകമായ ആയിരത്തൊന്നു രാവുകളുടെ ലണ്ടന്‍ പ്രദര്‍ശനത്തിനു സൗകര്യമൊരുക്കാന്‍ ഒരു സ്പോണ്‍സറെ അന്വേഷിച്ചാണ് അവള്‍ ലണ്ടനിലെത്തിയത്. ഹൈഡ് പാര്‍ക്കിലെ സ്പീക്കേര്‍സ് കോര്‍ണറില്‍ ഒരു അറബി യുവാവ് ഇസ്ലാമിനെക്കുറിച്ചും പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചും സംസാരിച്ചുകൊണ്ടിരിക്കെ ഹുദയും യിവോനിയും അതിലെ കടന്നുപോകാനിടയായി. ഒരു കൗതുകത്തിനായി മാത്രം അവര്‍ അവിടെ തങ്ങി. വാസ്തവത്തില്‍ അറബ് യുവാവിന്റെ ആകാരഭംഗിയില്‍ ഹുദ ആകൃഷ്ടയാകുകയായിരുന്നു. 

യുവാവിന്റെ പ്രസംഗം പ്രകോപനപരമായിരുന്നു, തെറ്റിദ്ധാരണാജനകവും. ഖുര്‍ആനേയും മുഹമ്മദ് നബിയേയും ഉദ്ധരിച്ചുകൊണ്ട് അവള്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ലെന്ന് ഹുദ ശബ്ദമുയര്‍ത്തി പറഞ്ഞു. യിവോനിയും കൂട്ടുകാരിക്കൊപ്പം സംസാരിച്ചു. അടിമകളെ മോചിപ്പിക്കുന്നതിനും വംശീയ യുദ്ധങ്ങള്‍ ഒഴിവാക്കുന്നതിനും ആദ്യം ആഹ്വാനം ചെയ്തത് മുഹമ്മദാണെന്ന് ഹുദ വാദിച്ചു. ഹുദയിലെ കലാപകാരി ഉണരുകയായിരുന്നു. അവള്‍ യുവാവിനെ ശക്തമായ ഭാഷയില്‍ത്തന്നെ വിമര്‍ശിച്ചു. ''നിനക്കറിയാമോ പെണ്ണെ, പിടക്കോഴി പൂവന്‍കോഴിയെപ്പോലെ കൂവാന്‍ തുടങ്ങിയാല്‍ അതിനെ കഴുത്തറുത്ത് കൊല്ലുകയേ ഉള്ളൂ.'' ഹിഷാം എന്ന പ്രാസംഗികന്‍ അലറി. ഇത് ഹുദയുടെ രോഷം ജ്വലിപ്പിച്ചതേയുള്ളൂ. ഖുര്‍ആനെ പരാമര്‍ശിക്കുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ എന്നും പ്രവാചകനെക്കുറിച്ചു പറയുമ്പോള്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി എന്നും പറയണമെന്ന് അവന്‍ ശഠിച്ചു. 

ഹുദ വീണ്ടും രോഷാകുലയായി. ''പുരുഷന്മാര്‍ക്കു സ്വര്‍ഗ്ഗത്തില്‍ ഹൂറികളെ ലഭിക്കുമെങ്കില്‍ സ്ത്രീകള്‍ക്ക് ആരെയാണ് ലഭിക്കുക?'' ചെറുപ്പത്തില്‍ മതാധ്യാപകനോട് അവള്‍ ചോദിച്ച ചോദ്യവും അതിനു മറുപടി പറയാനാവാതെ അധ്യാപകന്‍ അവളെ ശകാരിച്ചതുമാണ് ഹുദ ഓര്‍ത്തത്. സ്ത്രീകളെ അപമാനിക്കുന്നതിലും ചവിട്ടിത്താഴ്ത്തുന്നതിലും സന്തോഷം കൊള്ളുന്നവരാണ് പുരുഷന്മാര്‍ എന്ന് അവള്‍ നേരത്തേ തന്നെ മനസ്സിലാക്കിയിരുന്നു. 

ഹുദയുടെ ബാല്യം മുതലേ ഒരു റിബല്‍ കഥാപാത്രമായി വളര്‍ത്തിക്കൊണ്ടുവരാന്‍ നോവലിസ്റ്റ് ശ്രദ്ധിച്ചിരുന്നു. കൗമാരകാലത്തു ശിരസ്സും മുഖവും മുഴുവന്‍ മറക്കുന്ന വസ്ത്രം അണിയുന്നവരെ അവള്‍ക്കു പുച്ഛമായിരുന്നു. ലബ്നോണില്‍ അക്കാര്യത്തില്‍ ഭരണകൂടമോ മതപണ്ഡിതരോ വലിയ നിര്‍ബന്ധമൊന്നും ചെലുത്തിയിരുന്നില്ല. എങ്കിലും ഒരു ഇമാമിന്റെ മകളായ അവള്‍ ശിരോവസ്ത്രവും മുഖപടവും അണിയണമെന്നു പിതാവ് ശഠിച്ചു. പിതാവിനെ ഭയന്ന് അവളത് അനുസരിച്ചിരുന്നുവെങ്കിലും സ്‌കൂളില്‍ എത്തുംമുന്‍പേ ഒരു സഹപാഠിയുടെ വീട്ടില്‍വെച്ച് അതഴിച്ച് അവള്‍ ബാഗില്‍ വെച്ചു. വിദ്യാലയത്തിലെ 'പെന്‍ഗ്വിന്‍ ക്ലബ്ബ്' എന്ന പരിഹാസപ്പേരുകാരില്‍പ്പെടാന്‍ അവള്‍ ആഗ്രഹിച്ചില്ല. പിതാവിനോടും ജ്യേഷ്ഠ സഹോദരനോടുമുള്ള ദേഷ്യം ക്രമേണ പുരുഷന്മാരോടുള്ള വിദ്വേഷമായി പരിണമിക്കുകയായിരുന്നു. തന്റെ ഉന്നതിക്കുള്ള ഒരു ചവിട്ടുപടിയായി മാത്രമേ അവള്‍ അവരെ കണ്ടിരുന്നുള്ളൂ. ലണ്ടനില്‍ ഒരു സ്പോണ്‍സറെ കണ്ടെത്താന്‍ സഹായിക്കാം എന്നു നാടകത്തിലെ നായക നടന്‍ പറഞ്ഞതുകൊണ്ടുമാത്രം അയാള്‍ക്കു വഴങ്ങിക്കൊടുക്കുകയായിരുന്നു ഹുദ. ആ വേഴ്ചയില്‍പ്പോലും അവള്‍ തന്റെ ശരീരത്തിന്റെ ആനന്ദം മാത്രമായിരുന്നു പ്രധാനമായും കാംക്ഷിച്ചത്. 


ഹിഷാം എന്ന യുവാവിനോട് പ്രതികാരം ചെയ്താല്‍ മാത്രമേ തന്നിലെ മുറിവേറ്റ സ്ത്രീത്വത്തിനു ശമനം കിട്ടുകയുള്ളൂവെന്ന് ഹുദ കരുതി. അവന്റെ ശ്രദ്ധയില്‍പ്പെടാനായി മാത്രം അവള്‍ സ്പീക്കേര്‍സ് കോര്‍ണറില്‍ പോകാന്‍ തുടങ്ങി. പലപ്പോഴും പ്രകോപനപരമായ ചേഷ്ടകളിലൂടെ അവനെ തന്നിലേക്കാകര്‍ഷിക്കാന്‍ അവള്‍ ശ്രമിച്ചു.

ഈ ഘട്ടത്തിലാണ് യിവോനിയുടെ പരസ്യക്കമ്പനിയില്‍ നില്‍ക്കെ ചൈനയില്‍നിന്നു വരുന്ന ഞാവല്‍പ്പഴങ്ങളുടെ പരസ്യം അവളുടെ ശ്രദ്ധയാകര്‍ഷിച്ചത്. ഈ ഞാവല്‍പ്പഴങ്ങളുടെ രഹസ്യം യിവോനി ഹുദയ്ക്കു പറഞ്ഞുകൊടുത്തു. കന്യകാത്വം നഷ്ടപ്പെട്ട സ്ത്രീകള്‍ വിവാഹരാത്രിയില്‍ തങ്ങള്‍ കന്യകമാരാണെന്നു വരന്മാരെ ബോധ്യപ്പെടുത്താനായി മൂത്തുപഴുത്ത ഒരു പഴം തങ്ങളുടെ യോനിയില്‍ തിരുകിവെക്കുമത്രെ. സംഭോഗസമയത്ത് ഈ പഴം പൊട്ടി തവിട്ടുകലര്‍ന്ന ചുവപ്പു നിറത്തിലുള്ള അതിന്റെ സത്ത് കിടക്കവിരിയിലും പുരുഷലിംഗത്തിലും പുരളും. ഇതോടെ പുരുഷന്‍ സംതൃപ്തനാവുകയും തന്റെ വധു കന്യക തന്നെയാണെന്നു വിശ്വസിക്കുകയും ചെയ്യും. ''നിനക്ക് ഇനിയും കന്യകയായി തുടരാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇതൊരെണ്ണം സൂക്ഷിച്ചുകൊള്ളൂ.'' പുഞ്ചിരിയോടെ യിവോനി പറഞ്ഞപ്പോള്‍ അവള്‍ അതു നിരസിച്ചില്ല. അതുപയോഗിച്ച് ഹിഷാമിനെ കുടുക്കാമെന്നും അതുവഴി അവന്റെ ഭര്‍ത്സനങ്ങള്‍ക്കു മറുപടി പറയാമെന്നുമായിരുന്നു അവളുടെ ചിന്ത. (''കഴുത്തും കക്ഷവും കാട്ടിനടന്നു പുരുഷന്മാരെ പ്രകോപിപ്പിക്കുന്ന നിങ്ങള്‍ക്ക് എന്തുമാകാം എന്നായിരിക്കും ചിന്ത അല്ലേ?'' എന്ന് ഹിഷാം ആദ്യ ദിവസത്തെ തര്‍ക്കത്തിനിടെ അവളോട് ചോദിച്ചിരുന്നു.) 

ഹിഷാമിനെ തന്നോടടുപ്പിക്കുന്നതിന് ഹുദയ്ക്കു വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. വാസ്തവത്തില്‍ ഹിഷാമും അവളുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായിരുന്നു. ഒരു കൂടിക്കാഴ്ചയില്‍ താന്‍ വളരെ ക്ഷീണിതയാണെന്നും കൂട്ടുകാരി താമസസ്ഥലത്തില്ലെന്നും തന്നെ അല്പസമയം സംരക്ഷിക്കണമെന്നും ഹുദ അയാളോടപേക്ഷിച്ചു. ആദ്യം നിരസിച്ചെങ്കിലും ഒരു മുസ്ലിം സഹോദരിയെ സംരക്ഷിക്കേണ്ടതു തന്റെ കടമയാണെന്ന് അയാള്‍ പറഞ്ഞു. മറ്റു മാര്‍ഗ്ഗമില്ലാതെ അയാള്‍ അവളെ തന്റെ മുറിയിലേക്കു കൊണ്ടുപോയി. ഹിഷാമിനെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യം അവള്‍ അപ്പോള്‍ മാത്രമേ മനസ്സിലാക്കിയുള്ളൂ. അയാള്‍ ഒരു ഫ്‌ലാറ്റില്‍ കാവല്‍ക്കാരനായി ജോലി ചെയ്യുന്നുണ്ടെങ്കിലും യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ്. ഇസ്ലാം മതം പ്രചരിപ്പിക്കുക എന്നതാണ് തന്റെ കടമ. ഹുദ അയാളുടെ ഭാര്യയായി തീരുകയാണെങ്കില്‍ തങ്ങള്‍ക്കു സന്തുഷ്ടമായ കുടുംബജീവിതം നയിക്കാം - അയാള്‍ പറഞ്ഞു. വിവാഹിതരാകുന്നതു വളരെ എളുപ്പമാണ്. വിശുദ്ധ ഖുര്‍ആനില്‍ സ്പര്‍ശിച്ചുകൊണ്ട് നമുക്കു ഭാര്യാഭര്‍ത്താക്കന്മാരായി കഴിയാം എന്നു പറയുകയേ വേണ്ടൂ. പിന്നീട് ആചാരപ്രകാരം വിവാഹിതരാവുകയും ചെയ്യാം. ആദ്യം ഹുദ നിരസിച്ചെങ്കിലും അയാളോടുള്ള പ്രതികാര ദാഹം അവളെ സമ്മതം മൂളാന്‍ പ്രേരിപ്പിച്ചു. വൃത്തികെട്ട അയാളുടെ കുളിമുറിയില്‍ കയറി അവള്‍ യിവോനി നല്‍കിയ ഞാവല്‍പ്പഴം തന്റെ യോനിയില്‍ തിരുകി. 
മുക്കാലും നഗ്‌നയായാണ് അവള്‍ കുളിമുറിയില്‍നിന്നു പുറത്തുകടന്നത്. ആദ്യമൊക്കെ അല്പം മടിച്ചെങ്കിലും ഹിഷാം അവളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകതന്നെ ചെയ്തു. അവളില്‍നിന്നു വിട്ടുമാറി എഴുന്നേറ്റപ്പോഴാണ് തന്റെ ലിംഗത്തിലെ ചുവപ്പുനിറം അയാള്‍ കാണുന്നത്. അവള്‍ക്ക് ആര്‍ത്തവകാലമാണെന്നാണ് അയാള്‍ ധരിച്ചത്. ''ആര്‍ത്തവസമയത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പാപമാണെന്നു നിനക്കറിയില്ലേ'' എന്ന അയാളുടെ ചോദ്യത്തിനു കിടക്കവിരിയിലെ തവിട്ടു കലര്‍ന്ന ചുവപ്പുനിറം ഹുദ കാണിച്ചുകൊടുക്കുകയും താന്‍ കന്യകയാണെന്നു പറയുകയും ചെയ്തു. ഇതോടെ ഹിഷാം പശ്ചാത്താപ വിവശനാകുകയും അവളെ സമാധാനിപ്പിക്കുകയും ചെയ്തു. തന്റെ പ്രതികാരം പൂര്‍ത്തിയായി എന്നും അയാളുടെ പുരുഷത്വത്തിനു കനത്ത പ്രഹരമാണ് താന്‍ നല്‍കിയതെന്നും അവള്‍ വിശ്വസിച്ചു. 

തുടര്‍ന്ന് ഹിഷാമില്‍നിന്നു രക്ഷപ്പെടാനായി ഹുദയുടെ ശ്രമം. ഭക്ഷണം കഴിക്കാന്‍ ഒന്നിച്ചു പുറത്തിറങ്ങിയ അവളോട് ഒരു ശിരോവസ്ത്രമെങ്കിലും ധരിക്കണമെന്ന് ഹിഷാം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് മൊറോക്കന്‍, ലബനീസ് വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരിടത്തേക്ക് അവര്‍ പോയി. 

ഒരുവിധത്തില്‍ രക്ഷപ്പെട്ട ഹുദ യിവോനിയുടെ ഫ്‌ലാറ്റിലെത്തി കഥകള്‍ മുഴുവന്‍ അവളോട് പറഞ്ഞു. ഹുദയ്ക്കു മറ്റൊരു താമസസ്ഥലം കണ്ടെത്താന്‍ അവര്‍ നിശ്ചയിച്ചു. കാരണം ഹിഷാം അവിടെ വരികയും അവളെ അന്വേഷിക്കുകയും ചെയ്യുമെന്ന് ഹുദ പറഞ്ഞു. അവള്‍ പറഞ്ഞത് സത്യം തന്നെയായിരുന്നു. ഹുദയെ അന്വേഷിച്ച് ഹിഷാം ആദ്യം യിവോനിയുടെ ഓഫീസിലും പിന്നീട് ഫ്‌ലാറ്റിലുമെത്തി. ഫ്‌ലാറ്റിലെത്തിയ ഹിഷാമിനെ യിവോനി തന്റെ ആകാരഭംഗി പ്രദര്‍ശിപ്പിച്ചു പ്രകോപിപ്പിച്ച് അയാളുമായി സംഭോഗത്തിലേര്‍പ്പെടുകയും ചെയ്തു. അടുത്ത ദിവസം കാണാമെന്നു പറഞ്ഞ് അയാള്‍ പുറത്തുകടന്ന ഉടന്‍തന്നെ യിവോനി എല്ലാ വിവരങ്ങളും ഹുദയെ അറിയിച്ചു. ഒരു പൊട്ടിച്ചിരിയായിരുന്നു അവളുടെ മറുപടി. 

ഹുദ, യിവോനി എന്നീ കഥാപാത്രങ്ങളുടെ സ്വഭാവ ചിത്രീകരണത്തില്‍ ഹനാന്‍ അല്‍-ഷെയ്ഖ് കാണിച്ചിരിക്കുന്ന പ്രാഗത്ഭ്യം സമാനതകളില്ലാത്തതാണ്. ഹുദ സമൂഹത്തോട് കലഹിക്കാനും സ്വന്തം ശരീരത്തിന്റെ ആനന്ദത്തിനും വേണ്ടിയാണ് ഹിഷാമിനോട് ബന്ധപ്പെട്ടതെങ്കില്‍ യിവോനി തനിക്ക് ഒരു കുഞ്ഞു വേണം എന്ന ആഗ്രഹത്തോടെയാണ് അയാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. ''നാളെ കാണാം'' എന്നു പിറുപിറുത്ത് കന്യാമാതാവിന്റെ ചിത്രത്തിലേക്കു നോക്കി പുതപ്പിനടിയിലേക്കു നുഴഞ്ഞുകയറുന്ന യിവോനിയെ ചിത്രീകരിച്ചുകൊണ്ടാണ് നോവല്‍ അവസാനിക്കുന്നത്. താനൊരിക്കലും ഇനി അയാളെ കാണില്ലെന്ന് ആ നിമിഷം തന്നെ അവള്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു. തന്റെ സ്ത്രീത്വം പൂര്‍ണ്ണമാകണമെങ്കില്‍ തനിക്കൊരു കുഞ്ഞു വേണമെന്നു മാത്രമേ അവള്‍ ആഗ്രഹിച്ചിരുന്നുള്ളൂ. ലൈംഗികത അവള്‍ക്കു വിഷയമേ ആയിരുന്നില്ല. 
പുരുഷ കഥാപാത്രങ്ങള്‍ക്ക് ഒട്ടും പ്രാധാന്യം കൊടുക്കാതെയാണ് ഹനാന്‍ അല്‍-ഷെയ്ഖ് ഈ നോവല്‍ രചിച്ചിരിക്കുന്നത്. അവരുടെ പ്രശസ്തങ്ങളായ മറ്റു നോവലുകളെപ്പോലെ ലബനോണ്‍ ആഭ്യന്തര യുദ്ധവും ഇതില്‍ മുഖ്യസ്ഥാനം നേടുന്നില്ല. കാതറീന്‍ കോബ്ഹാം ആണ് ഈ നോവല്‍ അറബിയില്‍നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. അറബ് രാഷ്ട്രങ്ങളില്‍നിന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മികച്ച നോവലുകളിലൊന്നാണ്  'ദ ഒക്കേഷണല്‍ വെര്‍ജിന്‍.'
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com