ടി.എച്ച്.പി. ചെന്താരശ്ശേരി: ആത്മാഭിമാനവും അന്തസ്സും എന്ന ചരിത്രപദ്ധതിയുടെ പേര്

1928 ജൂലൈ 29-ന് തിരുവല്ല, ഓതറയില്‍, കണ്ണന്‍തിരുവന്റേയും അണിമയുടേയും മകനായി, ടി.എച്ച്.പി ചെന്താരശ്ശേരി ജനിച്ചു.
അയ്യന്‍കാളി
അയ്യന്‍കാളി
Updated on
5 min read

1928 ജൂലൈ 29-ന് തിരുവല്ല, ഓതറയില്‍, കണ്ണന്‍തിരുവന്റേയും അണിമയുടേയും മകനായി, ടി.എച്ച്.പി ചെന്താരശ്ശേരി ജനിച്ചു. ടി. ഹീരാപ്രസാദ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ചങ്ങനാശ്ശേരി എസ്.ബി. കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, എം.ജി. കോളേജ് എന്നിവിടങ്ങളില്‍നിന്നും ഉപരിപഠനം. അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ഔദ്യോഗിക ജീവിതം. ചരിത്രപഠനത്തോടുള്ള താല്പര്യം വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. തിരുവനന്തപുരത്ത് പഠനത്തിനായി എത്തിയതും ഉദ്യോഗസ്ഥനായി തൊഴില്‍ സ്വീകരിച്ചതും ചരിത്രപഠനങ്ങള്‍ക്കും രചനകള്‍ക്കും വേണ്ടിയായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇളംകുളം കുഞ്ഞന്‍പിള്ള എന്ന പ്രമുഖ ചരിത്രകാരന്റെ ശിഷ്യനായിരിക്കുക എന്ന അപൂര്‍വ്വ നേട്ടം അദ്ദേഹത്തിന്റെ ചരിത്രാന്വേഷണങ്ങള്‍ക്ക് വലിയ ഒരു പിന്‍തുണയായി തീരുകയായിരുന്നു. 

കേരള ചരിത്രത്തെക്കുറിച്ച്, ആധുനികമായ അന്വേഷണങ്ങള്‍ തുറന്നിട്ട ഇളംകുളം കുഞ്ഞന്‍പിള്ള ചേര, ചോള, പാണ്ഡ്യ സമൂഹങ്ങളെക്കുറിച്ചു വിലയിരുത്തുകയും കേരളത്തിലേയും ദ്രാവിഡദേശത്തേയും തദ്ദേശീയരുമായി ഈ ഭരണസമൂഹങ്ങള്‍ക്ക് ഉണ്ടായിരുന്ന അടുപ്പത്തേയും കുറിച്ച് വിലയിരുത്തുകയും ചെയ്തു. ഈ നിരീക്ഷണങ്ങള്‍ ടി.എച്ച്.പി. ചെന്താരശ്ശേരി എന്ന ചരിത്ര വിദ്യാര്‍ത്ഥിക്ക് അന്വേഷണത്തിന്റെ ഒരു പാത തുറന്നിടുകയായിരുന്നു. ഇളംകുളത്തിന്റെ നിലപാടുകളെ സ്വീകരിച്ചും എതിര്‍ത്തും തന്റേതായ ഒരു ചരിത്ര വിശകലന അന്വേഷണം ചെന്താരശ്ശേരി ഈ ഘട്ടത്തില്‍ വളര്‍ത്തിയെടുക്കുകയുണ്ടായി. പ്രധാനമായും ചരിത്രസാമഗ്രികളെ അന്വേഷിക്കുന്ന രീതിശാസ്ത്രവും ഉറവിടങ്ങളെ കണ്ടെടുക്കുന്നതിനുള്ള തുടര്‍ പദ്ധതികളും മനസ്സിലാക്കിയെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 1955-ല്‍ 'ഇളംകുളവും കേരള ചരിത്രവും' എന്ന കൃതി അദ്ദേഹം രചിക്കുകയും ചെയ്തു. എ.ജി.എസ്. ഓഫീസിലെ സേവനം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു നിശ്ചിത താളത്തില്‍ പൂര്‍ത്തിയാക്കേണ്ടതും അതുകഴിയുന്ന ഓരോ ദിവസവും ചരിത്ര അന്വേഷണത്തിനു തിരിയുന്ന ഒരു ജീവിതചര്യയും അദ്ദേഹം വികസിപ്പിച്ചെടുത്തു. പ്രജാസഭാരേഖകളും വായ്മൊഴി രേഖകളും ശേഖരിച്ചുകൊണ്ട്, ഇളംകുളം കുഞ്ഞന്‍പിള്ള കണ്ടെത്തുകയും അവസാനിപ്പിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്ത മേഖലകളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പുതിയ അന്വേഷണത്തിനു തുടക്കമിടുകയുമായിരുന്നു തുടര്‍ന്ന് അദ്ദേഹം. 

കേരള ചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകള്‍, കേരള ചരിത്രധാര, ചേരനാട്ടു ചരിത്രശകലങ്ങള്‍, കേരള ചരിത്രത്തിനൊരു മുഖവുര എന്നിങ്ങനെ അദ്ദേഹം രചിച്ച ഒരു പിടി കൃതികള്‍ കേരളചരിത്രത്തിനുമേല്‍ നടത്തിയ പുനര്‍പാരായണങ്ങളും കൂട്ടിച്ചേര്‍ക്കലുകളും ആയിരുന്നു. 1970-കളുടെ ഒടുവില്‍ വരെയും അടിസ്ഥാന ജനസമൂഹങ്ങളുടെ ചരിത്രം അന്തസ്സാര ശൂന്യതയിലായിരുന്നു എന്ന കാര്യമാണ് നാം മനസ്സിലാക്കേണ്ടത്. കാള്‍മാര്‍ക്സിന് വിവര്‍ത്തനം ഉണ്ടായ കേരളത്തില്‍, അടിസ്ഥാന ജനസമൂഹങ്ങളെ, ആജന്മ അടിമകള്‍ എന്നു വിലയിരുത്തിയിരുന്ന ചരിത്രാവബോധമായിരുന്നു നിലനിന്നിരുന്നത്. മാര്‍ക്സ് മുന്നോട്ടുവച്ച തൊഴിലാളിവര്‍ഗ്ഗ വിശകലനത്തില്‍നിന്നും ഇന്ത്യന്‍ അടിസ്ഥാന ജനത ആജന്മ അടിമകളായി അപ്രത്യക്ഷമായിത്തീര്‍ന്നതും വലതുപക്ഷ ദേശീയതയുടെ അന്വേഷണങ്ങളില്‍ ജന്മി-കുടിയാന്‍ ബന്ധങ്ങള്‍ക്കപ്പുറം വികസിക്കാത്തതുമായ ചരിത്രാന്വേഷണ മണ്ഡലത്തിലേക്കായിരുന്നു ആധുനികനായ ചെന്താരശ്ശേരി, ആധുനികതയെത്തന്നെ അമ്പരിപ്പിച്ചുകൊണ്ട് മറ്റൊരു ചരിത്രാന്വേഷണം മുന്നോട്ടുവച്ചുകൊണ്ട് രംഗപ്രവേശം ചെയ്തത്. 

മിത്തിന് ചരിത്രപ്രാധാന്യം നല്‍കുന്ന വരേണ്യ ചരിത്രകാമനയുടെ ഇന്ത്യന്‍ സവിശേഷതയില്‍ ചില മിത്തുകള്‍ ചരിത്രമായി ആവര്‍ത്തിക്കപ്പെടുകയും ചില മിത്തുകള്‍ പുറംതള്ളുകയും ചെയ്തുവന്നിരുന്നു. നിങ്ങളെക്കൊത്ത്യാലും ഒന്നല്ലെ ചോര, നാങ്കളെക്കൊത്ത്യാലും ഒന്നല്ലെ ചോര, പിന്നെന്തിന് ചൊവ്വോരേ നിങ്ങള് കുലംപിശകുന്നു എന്ന ചോദ്യം, പിന്നെന്തിന് വരേണ്യാ നിങ്ങള്‍ ജാതി നിര്‍മ്മിച്ച് മനുഷ്യനെ വേര്‍പെടുത്തുന്നു എന്ന ചോദ്യം അപ്രത്യക്ഷമാവുകയും പരശുരാമ കേരള നിര്‍മ്മിത കഥകളും ശങ്കരാചാര്യ കഥകളും ചരിത്രമായി സ്ഥാനപ്പെടുകയും ചെയ്ത ആധുനികതയുടെ വിപരീത ദ്വന്ദ്വത്തിലായിരുന്നു പല കേരളചരിത്രങ്ങളും രൂപപ്പെട്ടുവന്നത്. അതുകൊണ്ടുതന്നെ ചെന്താരശ്ശേരിയെപ്പോലെ ഒരു ചരിത്രകാരന് മറ്റൊരു ചരിത്ര അന്വേഷണവഴി ആവശ്യമായിത്തീരുകയായിരുന്നു. 

കേരളത്തിന്റെ ചരിത്രം രചിച്ച ഇ.എം.എസ്. എന്ന ചരിത്രകാരന്‍ അയ്യന്‍കാളിയെ മറന്നുപോയ കേരളമായിരുന്നു അത്. തെക്കേ ഇന്ത്യയിലെ ഒരു കോണില്‍ നടന്ന ഒരു ചെറിയ സമരത്തെ ഓര്‍ക്കേണ്ടതില്ലായിരുന്നു കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്. കാരണം, അത് യൂറോപ്യന്‍ സമരങ്ങളേയും പ്രത്യയശാസ്ത്രങ്ങളേയും അത്രമാത്രം ഉള്‍ക്കൊള്ളുകയും ജീവവായുവാക്കി മാറ്റുകയും ചെയ്തുവന്നിരുന്നു. ടി.എച്ച്.പി. ചെന്താരശ്ശേരി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയതുപോലെ, എഴുപതുകളില്‍ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നത് തൊഴിലാളിവര്‍ഗ്ഗ പ്രത്യയശാസ്ത്രം തന്നെയായിരുന്നു. എന്നാല്‍, അതിനുള്ളിലെ ഇരട്ടദ്വന്ദ്വം വളരെ പെട്ടെന്നു തന്നെ അദ്ദേഹത്തിനു തിരിച്ചറിയാന്‍ സാധിക്കുകയുണ്ടായി. അയ്യന്‍കാളി നടത്തിയ വൈജ്ഞാനിക പ്രവേശസമരത്തെ, കാര്‍ഷിക പണിമുടക്കു സമരം എന്ന് ചെന്താരശ്ശേരി വിശേഷിപ്പിച്ചു. 1917-ലെ റഷ്യന്‍ വിപ്ലവത്തിനും വര്‍ഷം മുന്‍പായിരുന്നു ഇത്. ഇങ്ങനെയൊരു സമരത്തെ പിന്തുണയ്ക്കുക എന്നത് ലോക തൊഴിലാളി വര്‍ഗ്ഗത്തിന്റെ ദൗത്യമായിരുന്നു എങ്കിലും പ്രത്യയശാസ്ത്രപരമായും പ്രായോഗികമായും അതിനെ തള്ളിക്കളയുകയാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ചെയ്തത്. അവരെ സംബന്ധിച്ചിടത്തോളം അത് ശരിയായ നിലപാട് ആയിരുന്നു. 
ഒരു യഥാര്‍ത്ഥ തൊഴിലാളിവര്‍ഗ്ഗ ചിന്തകന്, ഒരു കമ്യൂണിസ്റ്റിന്, ഒരു സോഷ്യലിസ്റ്റിന് മാതൃകയാക്കാമായിരുന്ന, മഹാത്മാ അയ്യന്‍കാളി നടത്തിയ പോരാട്ടത്തെ അടിസ്ഥാനമാക്കി ചെന്താരശ്ശേരി രചിച്ച കൃതി പുസ്തകരൂപത്തിലാക്കുവാന്‍ അന്നത്തെ കമ്യൂണിസ്റ്റ് പ്രസിദ്ധീകരണ വിഭാഗം മടികാണിച്ചതിനെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. അതിന്റെ കാരണം എന്തെന്ന് അന്ന് അദ്ദേഹത്തിന് വ്യക്തമായിരുന്നില്ല. തുടര്‍ന്ന് എം.എന്‍. ഗോവിന്ദന്‍നായരുമായി നേരിട്ടു സംസാരിക്കുകയും രണ്ടിലൊന്ന് വ്യക്തമാക്കണമെന്നു പറയുകയും ചെയ്തതിനു ശേഷമാണ് 'അയ്യങ്കാളി' എന്ന പുസ്തകം പ്രസ്തുത പ്രസിദ്ധീകരണ വിഭാഗം പുസ്തകരൂപത്തിലാക്കിയത് എന്ന് ചെന്താരശ്ശേരി വ്യക്തമാക്കിയിട്ടുണ്ട്. അടിത്തട്ടിന്റെ വൈജ്ഞാനിക മേഖലയോട് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്കുണ്ടായിരുന്ന താല്പര്യമില്ലായ്മയാണ് ഇതില്‍നിന്ന് പുറത്തുവരുന്നത്. എന്നാല്‍, 1979-ല്‍ 'അയ്യങ്കാളി' എന്ന കൃതി പുറത്തുവന്നതോടുകൂടി കേരളത്തിന്റെ ജനാധിപത്യ ചരിത്രധാരയില്‍ വലിയ പരിവര്‍ത്തനമാണ് നടന്നത് എന്ന കാര്യമാണ് നാം തിരിച്ചറിയുന്നത്. 
മാത്രവുമല്ല, 'അയ്യങ്കാളി' എന്ന ഈ കൃതിയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് നിരവധി രചനകള്‍ കേരളത്തില്‍ രൂപപ്പെട്ടു എന്നതാണ് ഇതേത്തുടര്‍ന്നു നാം കണ്ടത്. അയ്യന്‍കാളിയെ പരാജയപ്പെട്ട ഒരു നേതാവ് എന്നു വിലയിരുത്തുവാനായിരുന്നു തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ശ്രമിച്ചത് എങ്കില്‍ അയ്യന്‍കാളിയെ ഒരു ജാതിയുടെ വക്താവ് മാത്രം ആക്കി ചുരുക്കുവാനുള്ള ശ്രമം ആയിരുന്നു മുന്‍ അയിത്ത ഉപജാതി പ്രസ്ഥാനങ്ങള്‍ ശ്രമിച്ചത്. 1980-കളോടെ രൂപപ്പെട്ട ദളിത് വൈജ്ഞാനിക അന്വേഷണങ്ങളാണ്, പ്രത്യേകിച്ചും കല്ലറ സുകുമാരന്‍, പോള്‍ ചിറക്കരോട്, കോവളം കമലാസനന്‍, തട്ടയില്‍ രാമചന്ദ്രന്‍, എ. മനാസ് തുടങ്ങിയ നേതൃത്വങ്ങളും എന്‍.കെ. ജോസ്, തെക്കുംഭാഗം മോഹന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന അന്വേഷണങ്ങളുമാണ് ദളിത്-ബഹുജന അന്വേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 

ഇളംകുളം കുഞ്ഞന്‍പിള്ള
ഇളംകുളം കുഞ്ഞന്‍പിള്ള

ഇങ്ങനെ ചിന്താപരമായി മാറിയ ഒരന്തരീക്ഷത്തിലേക്ക് ചരിത്രരചനയുടെ വിത്തുകള്‍ വാരിവിതറുകയായിരുന്നു ചെന്താരശ്ശേരി. പെയ്കയില്‍ അപ്പച്ചന്‍, പാമ്പാടി ജോണ്‍ ജോസഫ് എന്നീ കൃതികള്‍ രചിച്ചതോടുകൂടി, ദളിത് സാമൂഹിക മണ്ഡലത്തില്‍ ഒരു ത്രിത്വം എന്നു വിളിക്കാവുന്ന മൂന്നു ഗുരുനാഥന്മാര്‍ രൂപപ്പെടുകയായിരുന്നു. അയ്യന്‍കാളി-അപ്പച്ചന്‍-പാമ്പാടി ജോണ്‍ ജോസഫ് എന്ന ത്രിത്വം ദളിത ഐക്കണ്‍ ആയി മാറിത്തീരുകയായിരുന്നു. നവോത്ഥാന ആധുനികതയുടെ ചരിത്രത്തെ ബഹുജനസമക്ഷത്തില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമം ആയിരുന്നു തുടര്‍ന്ന് അദ്ദേഹം നടത്തിയത്. പ്രത്യേകിച്ചും 1970-കള്‍ ആകുന്നതോടുകൂടി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഇന്ത്യന്‍ ഭരണകൂടത്തോട് സംശയാസ്പദമായ അന്യതാബോധം ജനങ്ങളില്‍ രൂപപ്പെട്ട കാലമായിരുന്നു അത്. മാത്രവുമല്ല ചട്ടമ്പിസ്വാമികള്‍, നാരായണഗുരു തുടങ്ങിയവരെക്കുറിച്ച് നിരവധി കൃതികള്‍ പുറത്തുവന്നിരുന്നുവെങ്കിലും ബഹുജനചരിത്രം മുന്നോട്ടുവയ്ക്കുന്നതില്‍ പരിമിതി നിലനിന്നിരുന്ന കാലഘട്ടം കൂടിയായിരുന്നു അത്. വൈകുണ്ഠസ്വാമികളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ നടക്കുന്ന ഒരു കാലഘട്ടവും കൂടിയായിരുന്നു. അതേസമയം ചെന്താരശ്ശേരിയെ സംബന്ധിച്ചിടത്തോളം അവഗണിക്കപ്പെട്ട സാമൂഹിക പരിഷ്‌കര്‍ത്താക്കളെക്കുറിച്ചുള്ള അന്വേഷണത്തിന് കൂടുതല്‍ ശ്രദ്ധാലുവായ കാലഘട്ടം കൂടിയായിരുന്നു അത്. 

'കേരള നവോത്ഥാന നായകന്മാര്‍' എന്ന കൃതിയിലൂടെ, തൈക്കാട് അയ്യാവുസ്വാമികള്‍, വെള്ളിക്കര ചോതി, ടി.ടി. കേശവന്‍ ശാസ്ത്രി, കെ.വി. പത്രോസ്, സ്വാമി ആനന്ദതീര്‍ത്ഥന്‍ എന്നിവരെക്കുറിച്ചുള്ള രചനകള്‍ അദ്ദേഹം പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതേ ഘട്ടത്തിലാണ് താന്‍ അതുവരെ പുലര്‍ത്തിവന്നിരുന്ന വര്‍ഗ്ഗാധിഷ്ഠിത വീക്ഷണത്തില്‍നിന്നും അദ്ദേഹം വിമോചിതനാകുന്നതും അംബേദ്കറൈറ്റ് പ്രത്യയശാസ്ത്രത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള അന്വേഷണങ്ങള്‍ക്കു തുടക്കമിടുന്നതും. 'ആദി ഇന്ത്യരുടെ ചരിത്രം' എന്ന കൃതിയിലൂടെയായിരുന്നു ഈ മാറ്റം അദ്ദേഹം നിര്‍മ്മിച്ചെടുത്തത്. അംബേദ്കര്‍ മുന്നോട്ടുവച്ച ചരിത്രാന്വേഷണത്തിന്റെ രീതിശാസ്ത്രമായിരുന്നു 1990-കളോടെ അദ്ദേഹം മാതൃകയാക്കിയത്. ഇതേത്തുടര്‍ന്ന് മുന്‍പ് രചിച്ച കൃതികളില്‍ വീക്ഷണപരമായ തിരുത്ത് നടത്തിക്കൊണ്ട് പരിഷ്‌കരിക്കുവാന്‍ അദ്ദേഹം ശ്രമിക്കുന്നതു കാണാം. അയ്യന്‍കാളി നടത്തിയ സ്വാതന്ത്ര്യസമരങ്ങള്‍, കേരളചരിത്രത്തിന്റെ ഗതിമാറ്റിയ അയ്യന്‍കാളി, ആദി ഇന്ത്യരുടെ ചരിത്രം തുടങ്ങിയ കൃതികളിലെല്ലാം അടിസ്ഥാന ജനതയുടെ ചരിത്രപഠനത്തിന്റെ രീതിശാസ്ത്രത്തെ പുനര്‍പരിശോധിച്ചുകൊണ്ട് സമകാലികമായി പരിഷ്‌കരിച്ചുകൊണ്ടും രചന നടത്തുന്ന ഒരു ചരിത്രകാരനെയാണ് നമുക്കു കാണാന്‍ സാധിക്കുന്നത്.

കേരളത്തിന്റെ മലര്‍വാടി എന്ന കൃതിയില്‍ വയനാടിന്റെ ചരിത്രമാണ് നിരീക്ഷിക്കുന്നത് എങ്കില്‍, കേരളചരിത്രത്തിന്റെ ഇരുളടഞ്ഞ ഏടുകള്‍ എന്ന കൃതിയുടെ പരിഷ്‌കരിച്ച പതിപ്പില്‍ ആജീവനാന്ത അടിമകളല്ല ഇന്ത്യയിലെ തദ്ദേശിയര്‍ എന്നും അവര്‍ ഈ മണ്ണിന്റെ ഉടമകളായിരുന്നു എന്ന നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടുള്ള ചരിത്രവീക്ഷണം പങ്കുവയ്ക്കുന്നതും കാണാന്‍ കഴിയും. 
വ്യവസ്ഥാപിത ചരിത്രരചയിതാക്കളുടെ, അധികാര നിര്‍ണ്ണയ നയനങ്ങളില്‍നിന്നും മാറി സഞ്ചരിച്ച ചെന്താരശ്ശേരി, വസ്തുനിഷ്ഠതയില്‍നിന്നും ചരിത്രത്തെ കണ്ടെടുക്കുക എന്ന ആധുനിക വിശകലന മാതൃകയായിരുന്നു പിന്തുടര്‍ന്നിരുന്നത്. അതുകൊണ്ടുതന്നെ തന്റെ വിശകലനങ്ങള്‍ നിഷ്പക്ഷമായിരിക്കണം എന്ന ഉറച്ച ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ആധുനിക ചരിത്രകാരന്മാരും തുടര്‍ന്നുള്ളവരും വ്യാഖ്യാനമാണ് ചരിത്രം എന്നു നിരീക്ഷിക്കുകയും പരിമിതമായ അറിവിടങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് തീര്‍പ്പുകള്‍ നിര്‍മ്മിക്കുകയും ചെയ്തപ്പോള്‍, ചെന്താരശ്ശേരി എന്ന ചരിത്രകാരനില്‍, നമുക്ക് ഒരു ചരിത്രാന്വേഷിയെയാണ് പലപ്പോഴും കാണാന്‍ സാധിക്കുക. വസ്തുതകളെ വെളിച്ചമായി കാണുമ്പോഴും അദ്ദേഹം തീര്‍പ്പുകളില്‍നിന്നും അകന്നുനിന്നിരുന്നു.

അദ്ദേഹത്തിന്റെ രചനകളോട് പല സന്ദര്‍ഭത്തിലും വിമര്‍ശനം ഉന്നയിച്ചവര്‍ പ്രധാനമായും ഊന്നിയ ഒരു കാര്യം അദ്ദേഹം ചരിത്രത്തെ വ്യാഖ്യാനിക്കുന്നില്ല എന്നതായിരുന്നു. എന്നാല്‍, വ്യാഖ്യാനിച്ചുറപ്പിക്കുകയല്ല തന്റെ ലക്ഷ്യം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍, തനിക്ക് വ്യക്തമായ ഒരു ചരിത്രവീക്ഷണം ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ കൃതികള്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയില്‍ അടരുകള്‍ക്കുള്ളില്‍ ഞെരിഞ്ഞമര്‍ന്ന ജനസമൂഹത്തെ അന്വേഷിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചരിത്രവീക്ഷണം. ആ ജനത, തൊഴിലാളിവര്‍ഗ്ഗ പ്രത്യയശാസ്ത്രത്തിനു വെളിയിലും ദേശീയ വരേണ്യ ചരിത്രാന്വേഷണത്തിനു പുറത്തും ഉള്ളവരായതുകൊണ്ടുതന്നെ, അക്കാദമിക ലോകം അദ്ദേഹത്തിന് ലഭ്യമാകേണ്ട ഇരിപ്പിടം നല്‍കിയില്ല എന്നു പറയേണ്ടിവരും. ഒരുപക്ഷേ, അദ്ദേഹത്തിന് അത് ആവശ്യവുമില്ലായിരുന്നു. എന്തുകൊണ്ടെന്നാല്‍ ഇന്ത്യന്‍ അധികാര രൂപങ്ങളാല്‍ ചീന്തിയെറിഞ്ഞ ജനതയെക്കുറിച്ചായിരുന്നല്ലൊ അദ്ദേഹം അന്വേഷിച്ചുകൊണ്ടിരുന്നതും അടയാളപ്പെടുത്താന്‍ ശ്രമിച്ചതും. അതുകൊണ്ടുതന്നെ ആധുനികതയുടെ അധികാരം/അധികാരമില്ലായ്മ എന്ന ബൈനറിയില്‍ അധികാരത്തിനു പുറത്തായിരുന്നു ടി.എച്ച്.പി. ചെന്താരശ്ശേരി.

നാഷണല്‍ ദളിത് സാഹിത്യ അവാര്‍ഡ്, അംബേദ്കര്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, പ്രൊഫസര്‍ എ. ശ്രീധരമേനോന്‍ മെമ്മോറിയല്‍ കേരള ശ്രീ സമ്മാന്‍ എന്നിവ ലഭിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കേരള സ്റ്റഡീസ്, കേരള ചരിത്ര കോണ്‍ഗ്രസ്, കേരള സാഹിത്യ അക്കാദമി തുടങ്ങിയ വിവിധ വൈജ്ഞാനിക സ്ഥാപനങ്ങള്‍ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. നവോത്ഥാനത്തിന്റേയും കേരളത്തിന്റേയും ഇന്ത്യയുടേയും ചരിത്രാന്വേഷത്തില്‍ സവിശേഷമായ ഒരിടം നിര്‍മ്മിച്ചെടുക്കുകയും മറഞ്ഞുകിടന്ന ഇടങ്ങളില്‍നിന്നും മനുഷ്യരെ കണ്ടെടുക്കുകയും അവര്‍ക്ക് ആത്മാവും ആത്മാഭിമാനവും അന്തസ്സും നല്‍കിയ ചരിത്രകാരന്‍ എന്ന നിലയില്‍ ടി.എച്ച്.പി. ചെന്താരശ്ശേരി എന്ന മഹത്വ്യക്തി കൂടുതല്‍ ആദരിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യട്ടെ എന്നു പ്രത്യാശിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com