പ്രണയത്തിന്റെ ആണ്‍ബോധ പിടിവാശികളോട് പോയി പണിനോക്കാന്‍ പറയുന്ന രണ്ടായിരത്തിപത്തൊന്‍പതിലെ പെണ്‍രാഷ്ട്രീയത്തിന്റെ വിശാലമായ ആകാശമാണ് ഉയരെ. പെണ്‍ തന്റേടങ്ങളില്‍ സകല സോഷ്യല്‍ കണ്ടീഷനിങ്ങും ഭീരുത്വത്തിലേക്ക് നിലം പതിക്കും. അത്തരമൊരു പുരുഷഭീരുത്വത്താല്‍ അക്രമിക്കപ്പെട്ട അനുഭവം മിക്ക ആസിഡ് അക്രമണത്തിനിരകളായ സ്ത്രീകള്‍ക്കും പറയുവാനുണ്ടാകും. അത്തരമൊരു പുരുഷ ഭീരുത്വത്തെ പൊള്ളിയ മുഖവും മനസ്സുമായി നേരിടുന്ന പല്ലവി രവീന്ദ്രന്‍ എന്ന യുവതിയുടെ കഥയാണ് ഉയരെയുടെ വണ്‍ലൈന്‍. ബുദ്ധിയുണ്ട്, ഹൃദയമുണ്ട് സൗന്ദര്യത്തെ 2019-ലെങ്കിലും ഇങ്ങനെ മാറ്റി നിര്‍വ്വചിച്ചുകൂടെ എന്ന വിശാലിന്റെ ചോദ്യത്തിന് തിയേറ്ററുകളില്‍ നിന്നുയരുന്ന കയ്യടിയാണ് ഉയരെയുടെ രാഷ്ട്രീയ വിജയം. ഉയരെ കേവലം മോട്ടിവേഷണല്‍ സിനിമയല്ല, മറിച്ച് കൃത്യമായ നിലപാടുള്ള രാഷ്ട്രീയ സിനിമയാണ്. വ്യക്തിജീവിതത്തിലും നിലപാടുകളില്‍ ഉറച്ചു നില്‍ക്കാന്‍ കരുത്തുള്ള ഒരു നടി തന്നെ നായികയായി എത്തുമ്പോള്‍ അത് തുറന്നുവെയ്ക്കുന്ന സംവാദമണ്ഡലം ചെറുതല്ല. ഫെമിനിച്ചി എന്ന ആക്ഷേപത്തെ അലങ്കാരമാക്കിയ തന്റേടമുണ്ട് വ്യക്തി ജീവിതത്തില്‍ പാര്‍വ്വതി തിരുവോത്ത് എന്ന നടിക്ക്. അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നതറിയുമ്പോഴും നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍വ്വതിയുടെ തന്റേടത്തോട് മലയാള സിനിമ പല തലത്തില്‍ കടപ്പെട്ടിരിക്കും. അതുകൊണ്ടാണ് ഉയരെയോടൊപ്പം പാര്‍വ്വതിയുടെ നിലാപാടുകളും, W.C.C-യുമൊക്കെ ചര്‍ച്ചയാകുന്നത്. ഒരു കഥാപാത്രത്തിലൂടെ ഒരു നടിയുടെ വ്യക്തിജീവിതത്തിലെ നിലപാടുകളും അവരുടെ സംഘടനയുടെ പ്രസക്തിയും ചര്‍ച്ചയാകുന്നത് സിനിമാ ചരിത്രത്തിലെ അപൂര്‍വ്വതയാണ്. മലയാള സിനിമ വാര്‍പ്പു മാതൃകകള്‍ വിട്ട് പുതിയ ആകാശങ്ങള്‍ തേടുന്നതിന്റെ തെളിവാണ് നവാഗത സംവിധായകനായ മനു അശോകിന്റെ 'ഉയരെ.'
പുരുഷശാഠ്യങ്ങളില്‍
പൊള്ളലേറ്റ പെണ്‍മനസ്സുകള്‍
റണ്‍വേയിലൂടെ മുന്നോട്ടു കുതിക്കുന്ന വിമാനവേഗത്തിലാണ് സിനിമയുടെ ടൈറ്റില്‍, പറയാനിരിക്കുന്ന കഥയുടെ ആശയവുമായി സംവദിക്കുന്ന പശ്ചാത്തലം ഓരോ സീനിലും കരുതിവെച്ചു എന്നതാണ് ബോബി സഞ്ജയ്മാരുടെ തിരക്കഥയുടെ കരുത്ത്.
അതുകൊണ്ടാണ് ഓരോ പുരുഷ പ്രേക്ഷകനും തന്നിലെ ഗോവിന്ദിനെ കുറ്റബോധത്തോടെ തിരിച്ചറിയുന്നത്. എത്രയെത്ര ആസിഡ് കുപ്പികളാണ് അവളുടെ മനസ്സിലേക്ക് ഒരായുസിനിടയ്ക്ക് എറിഞ്ഞ് പൊള്ളിച്ചത് എന്ന് ഓര്‍ക്കാതെ തിയേറ്റര്‍ വിടുക അസാധ്യം. തന്റെ ജീവിതത്തിന് എന്തൊരു സഹനവും വേദനയുമാണെന്ന് പല്ലവിയോട് ഐക്യപ്പെടുന്ന ഓരോ കാമുകിയും ഭാര്യയും ഓര്‍ത്തിട്ടുണ്ടാകും. തിയേറ്ററിലെ രാഷ്ട്രീയ ഐക്യം എന്നത് സിനിമയുടെ രാഷ്ട്രീയത്തിന്റെ എക്സ്റ്റന്‍ഷനാണ്. ജീവിതം അത്രമേല്‍ വഴിമുട്ടിയ കാലത്തും സ്ത്രീയുടെ ക്ഷേത്രപ്രവേശനവും ആര്‍ത്തവ അശുദ്ധിയും ചര്‍ച്ചയായ പൊതു തെരഞ്ഞെടുപ്പ് നടന്ന സാമൂഹിക സാഹചര്യത്തിലേക്കാണ് ഉയരെ പ്രദര്‍ശിപ്പിക്കുന്നതെന്ന് ഓര്‍ക്കണം. വികൃതമാക്കപ്പെട്ട മുഖവുമായി പല്ലവി വിമാനം ക്രാഷ് ലാന്റ് നടത്തുമ്പോള്‍ കയ്യടിച്ച, ക്ലൈമാക്സില്‍ നിറ കണ്ണുകളോടെ അവര്‍ക്ക് പൂച്ചെണ്ട് കൊടുത്ത എത്ര പേര്‍ ആത്മപരിശോധന നടത്തിയിട്ടുണ്ടാകും. തിയേറ്ററിനു പുറത്തുള്ള ജീവിതത്തില്‍ ആ മുഖം അവനെ അലോസരപ്പെടുത്താതിരിക്കില്ല.
ബാത്ത്റൂം ഡിസൈനിങ്ങില്‍ പുരുഷ ഡോറില്‍ ബ്ലാ എന്നും സ്ത്രീ ടോയ്ലറ്റില്‍ ബ്ലാ ബ്ലാ ബ്ലാ എന്നും എഴുതിവെച്ചതിന്റെ കാര്യം തിരക്കുന്ന വിശാലിനോട് പല്ലവി പറയുന്നുണ്ടേ പുരുഷന്‍ മിത ഭാഷിയായതുകൊണ്ട് ബ്ലാ, സ്ത്രീകള്‍ ബ്ലാ ബ്ലാ. ആ സ്റ്റേറ്റ്‌മെന്റിലെ നര്‍മ്മത്തില്‍ വിശാലിന്റെ മുഖത്തും തിയേറ്ററിലും ചിരി പടരുന്ന നിമിഷം. ''ഇത് ആര് ഡിസൈന്‍ ചെയ്തതാ?'' എന്ന വിശാലിന്റെ ചോദ്യവും ഏതങ്കിലും പുരുഷനായിരിക്കും എന്ന പല്ലവിയുടെ മറുപടിയും പെട്ടെന്നുണ്ടാക്കുന്ന ഒരു നിമിഷത്തെ നിശ്ശബ്ദതയുണ്ട്. അത്രമേല്‍ വാചാലമായ നിശ്ശബ്ദത പുരുഷനാണ് പെണ്‍ജീവിതത്തെ ഇക്കാലമത്രയും ഡിസൈന്‍ ചെയ്തത്. ആ ഡിസൈനിങ്ങിന് പുറത്തുകടക്കാന്‍ ശ്രമിച്ച സ്ത്രീകളാണ് സകല ശാരീരിക അക്രമങ്ങള്‍ക്കും ഇരകളായവരിലധികവും. കയ്യൂക്കില്‍ തളച്ചിടുക എന്ന ആണ്‍തന്ത്രമുണ്ടതില്‍. കാമുകന്‍ വരച്ച വരകള്‍ ലംഘിച്ചതിന്റെ പേരില്‍, പ്രണയം നിരസിച്ചതിന്റെ പേരില്‍ എത്ര പെണ്‍കുട്ടികളാണ് സമീപകാലത്ത് ആക്രമിക്കപ്പെട്ടതും കൊല്ലപ്പെട്ടതും എന്നതുകൂടി ഈ പശ്ചാത്തലത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ആസിഡ് ആക്രമണത്തില്‍ വിരൂപമാക്കപ്പെട്ട മുഖങ്ങള്‍ അത്രത്തോളം പൊള്ളിക്കുന്ന ഭൂതകാലമുള്ളവരാണ്. ആസിഡ് അക്രമത്തിന് ഇരകളായ സ്ത്രീകള്‍ നടത്തുന്ന ആഗ്രയിലെ ഷീറോസ് എന്ന റസ്റ്റോറന്റില്‍ പോയ അനുഭവം ഒരഭിമുഖത്തില്‍ പാര്‍വ്വതി പറയുന്നതിങ്ങനെ:
''അവിടെ വരുന്നവരോടെല്ലാം ഒട്ടും സുഖകരമല്ലാത്ത ജീവിതം വീണ്ടും വീണ്ടും പറയുകയാണ് സ്ത്രീകള്‍. ദൂരെനിന്ന് നോക്കുമ്പോള്‍ അവര്‍ ബോള്‍ഡാണന്നും ആത്മവിശ്വാസം നിറഞ്ഞവരാണെന്നും പറയാം. പക്ഷേ, ആ കരുത്ത് നിലനിര്‍ത്താന്‍ ഓരോ ദിവസവും പോരാടുകയാണവര്‍. ആളുകളുടെ പെരുമാറ്റം, വിവേചനം, ആരോഗ്യപ്രശ്‌നങ്ങള്‍ അങ്ങനെ പല ബുദ്ധിമുട്ടുകള്‍ അവര്‍ നിരന്തരം നേരിടുന്നു. എന്നിട്ടും ആ ജീവിതാനുഭവങ്ങള്‍ അവിടം സന്ദര്‍ശിക്കുന്നവരോട് ആവര്‍ത്തിക്കുമ്പോള്‍ അതിജീവനത്തിന് സ്വന്തം വേദനയെത്തന്നെ ആയുധമാക്കുകയാണവര്‍. ഇനിയൊരാള്‍ക്ക് ഇങ്ങനെയൊരു ദുരന്തം സംഭവിക്കരുതെന്ന ചിന്തയോടെ.''
അതിജീവനത്തിനായുള്ള ഈ കരുത്ത് മുഴുവന്‍ വേദനകള്‍ക്കിടയിലും കാത്തുസൂക്ഷിച്ചു പല്ലവിയിലൂടെ പാര്‍വ്വതി.
ഗോവിന്ദ് എന്ന പുരുഷന്‍/കോംപ്ലക്സ്
കാമ്പസില്‍ പല്ലവിയുടെ നൃത്തരംഗത്ത് കാണികളുടെ അവസാന നിരയിലാണ് ഗോവിന്ദിനെ(ആസിഫലി) നാം ആദ്യം കാണുന്നത്. അയാളുടെ നോട്ടം വേദിയിലല്ല കാണികളിലായിരുന്നു. അയാളുടെ അസ്വസ്ഥതകളുടെ കാരണം പിന്നീട് നമ്മളറിയുന്നുണ്ട്. താനറിയാതെ കോസ്റ്റ്യും മാറ്റിയതില്‍, വസ്ത്രമൊന്ന് അയഞ്ഞ് പോയതില്‍ ഗോവിന്ദ് അസ്വസ്ഥനാണ്. നൃത്തമത്സരത്തിലെ ഒന്നാം സ്ഥാനമറിഞ്ഞ് ആഹ്ലാദിക്കുന്ന പല്ലവിയുടെ മുന്നില്‍ നിസ്സംഗതയോടെ ഇരിക്കുന്ന ഗോവിന്ദ് ശരാശരി മലയാളി പുരുഷന്റെ കോംപ്ലക്സുകളുടെ ആകെ തുകയാണ്. അവളുടെ സന്തോഷങ്ങളില്‍, ആകാശത്തോളം പറക്കുന്ന ആഗ്രഹങ്ങളില്‍ ഒന്നും അയാള്‍ തല്പരനല്ല. തന്റെ ഡ്രീം പ്രൊഫഷനിലേക്കുള്ള പ്രവേശനത്തില്‍ അവള്‍ അത്രമേല്‍ ആഹ്ലാദിക്കുമ്പോള്‍ ഗോവിന്ദ് വീണുപോകുന്ന നിരാശയാണ് ആ പ്രണയത്തിലെ വൈരുദ്ധ്യം. അവള്‍ പുതിയ ആകാശങ്ങളെ നെഞ്ചേറ്റി കാമുകനിലേക്ക് ചാഞ്ഞ് യാത്ര ചെയ്യവെ ബൈക്കോടിക്കുന്ന അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്ന സീനുണ്ട്. അത് പുരുഷ കോംപ്ലക്സിന്റെ കണ്ണീരു തന്നെയാണ്. ആ കണ്ണീരാണ് പിന്നീട് അവള്‍ക്കു നേരെയുള്ള ആസിഡാകുന്നതെന്നും ഉറപ്പ്.
എന്തുകൊണ്ടാണ് ഈ 2019-ലും ഗോവിന്ദ് ഇങ്ങനെയാകുന്നത്. സ്ത്രീ, പുരുഷന്‍, പ്രണയം, ശരീരം, സ്വാതന്ത്ര്യം, അഭിരുചികള്‍ ഇതെല്ലാം കണ്ടീഷന്‍ ചെയ്യപ്പെടുന്ന ഒരു സാമൂഹിക സാഹചര്യമുണ്ട്. അതിന്റെ അതിര്‍വരമ്പില്‍ നിന്നുകൊണ്ടുള്ള കിനാവിനേ സ്ത്രീക്ക് അര്‍ഹതയുള്ളു. അതിലേക്ക് അവളെ എത്തിക്കുന്നതിനുള്ള സകല മാര്‍ഗ്ഗങ്ങളും അബോധമായി പയറ്റാന്‍ അവനറിയാം. ചിലപ്പോള്‍ പൊട്ടിക്കരയും, ദേഷ്യപ്പെടും, അക്രമിക്കും, എല്ലാം അവളോടുള്ള ഇഷ്ടക്കൂടുതല്‍കൊണ്ടാണെന്ന് അവന്‍ സ്ഥാപിച്ചുകൊണ്ടേയിരിക്കും. സകല ആഗ്രഹങ്ങളും അത്തരം പുരുഷഭാവങ്ങളില്‍ അടിയറവെച്ച എത്രയോ സ്ത്രീകളുണ്ട് നമുക്ക് ചുറ്റും. നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെയല്ല, ഞാന്‍ നിശ്ചയിച്ച വഴികളിലൂടെ എനിക്ക് ജീവിക്കണം എന്ന് തന്റേടത്തോടെ തിരിഞ്ഞുനിന്നു പറയാന്‍ മടിച്ചവര്‍. മറ്റുള്ളവരെന്ത് പറയുമെന്ന ആശങ്കയില്‍ ജീവിതം ജീവിച്ച് തീര്‍ക്കുന്നവര്‍. ഇതിനെയെല്ലാം ഉദാത്ത പ്രണയമായി വാഴ്ത്തിപ്പാടുന്ന സാമൂഹിക സാഹചര്യം കൂടിയാകുമ്പോള്‍ പെണ്‍ജീവിതം ആസിഡ് വീണതിനേക്കാള്‍ നീറ്റലുള്ളതാക്കുന്നു.
കോടതിയില്‍ കുറ്റം നിഷേധിക്കുമ്പോഴും ആസിഡ് അക്രമത്തിനുശേഷവും ഇമോഷണല്‍ ബ്ലാക്ക് മെയിലിങ്ങുമായി അവളുടെ പുറകെ തുടരുമ്പോഴും അയാള്‍ക്ക് വല്ലാത്ത നിഷ്‌കളങ്ക ഭാവമുണ്ട്. മാത്രമല്ല, മറ്റൊരു ക്രിമിനല്‍ പശ്ചാത്തലവും അയാള്‍ക്കില്ല. ഇവിടെയാണ് പുരുഷന്‍ എവിടെവെച്ചാണ് സ്വയം തിരിച്ചറിയപ്പെടേണ്ടത് എന്ന് ബോധ്യമാകുന്നത്. കേവലം മനോരോഗമായി മാറ്റിനിര്‍ത്താവുന്നതല്ല, ഇതൊരു സാമൂഹിക പ്രശ്‌നം തന്നെയാണ്. അതിനെ തന്റേടത്തോടെ നേരിടുന്നതാണ് ഈ സിനിമയുടെ ഉയരം. അതുകൊണ്ടാണ് അവന്റെ വിധി ഇനി അറിയിക്കണമെന്നില്ല എന്ന് പല്ലവി പറയുന്നത്.
ആഗ്രഹങ്ങളുടെ ആകാശം
പെണ്‍കുട്ടികളുടെ ചിരി മാഞ്ഞാല്‍ സഹിക്കാനാകാത്ത അച്ഛന്‍ (സിദ്ദിഖ്)മാരുണ്ടാകുന്നതാണ് പ്രതീക്ഷ. പെണ്‍കുട്ടിക്ക് ചിറക് മുളയ്ക്കുന്നത് എത്ര പേരെയാണ് അസ്വസ്ഥമാക്കുന്നത്. സമീപകാലത്ത് മലയാള സിനിമ മാനുഷികമായ ഉയരം താണ്ടുന്നത് ഈ പ്രശ്‌നത്തെ അഭിമുഖീകരിച്ചുകൊണ്ടാണ്. 'റാണി പത്മിനി'യില്‍ അടക്കവും ഒതുക്കവുമുള്ളവളാകണമെന്ന ഉപദേശത്തില്‍ പതിയിരിക്കുന്ന ചതിയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഏത് ആങ്ങളയായാലും സ്ത്രീകളോട് മര്യാദയ്ക്ക് പെരുമാറണമെന്ന 'കുമ്പളങ്ങി നൈറ്റ്സി'ലെ ശക്തമായ ഓര്‍മ്മപ്പെടുത്തലുണ്ട്. സ്ത്രീയുടെ സ്വയം നിര്‍ണ്ണയവും സ്വാതന്ത്ര്യവും അംഗീകരിക്കപ്പെടുന്ന കഥകള്‍ മലയാളത്തിലുണ്ടാകുന്നു എന്നത് പുതിയ കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയം തന്നെയാണ്.
കുലസ്ത്രീ പെരുമയില്‍ അശുദ്ധരാകാന്‍ സ്വയം നിശ്ചയിച്ച് നാമജപവുമായി തെരുവിലിറങ്ങിയ സ്ത്രീകളെ സൃഷ്ടിക്കുന്ന നാടാണ് ഈ നവോത്ഥാന കേരളം. കുലസ്ത്രീ പ്രകടനങ്ങളും ഡിസൈന്‍ ചെയ്തത് പുരുഷന്‍ തന്നെയാണന്ന് വ്യക്തം. സാമൂഹ്യമാധ്യമങ്ങളില്‍ സ്ത്രീകള്‍ രാഷ്ട്രീയാഭിപ്രായവുമായി വരുമ്പോള്‍ നേരിടേണ്ടിവരുന്ന കമന്റുകളിലൂടെ കണ്ണോടിച്ചാല്‍ മതി നമ്മുടെ സമൂഹം എവിടെ നില്‍ക്കുന്നു എന്ന് ബോധ്യപ്പെടാന്‍. അഥവാ ഒരു ആണ്‍കുട്ടിയെക്കാള്‍ വെല്ലുവിളികള്‍ നേരിട്ടും പോരാടിയുമാണ് അവള്‍ അതിജീവിക്കുന്നത്. പാര്‍വ്വതി എന്ന നടിയില്‍ ഈ അതിജീവനത്തിന് ആത്മാംശവുമുണ്ട്. ഒരു ഫിലിം ഫെസ്റ്റിവലിലെ ഓപ്പണ്‍ ഫോറത്തില്‍ പറഞ്ഞ അഭിപ്രായപ്രകടനത്തെ തുടര്‍ന്ന് അവര്‍ക്കു നേരിടേണ്ടിവന്ന അതിക്രമങ്ങള്‍ ചെറുതല്ല.
സിനിമാരംഗത്തെ അതികായരെ വെല്ലുവിളിച്ച് സിനിമാരംഗത്തെ പെണ്‍കൂട്ടായ്മയുമായി മുന്നോട്ട് പോയതില്‍ അവര്‍ക്ക് നഷ്ടപ്പെടും എന്നുറപ്പുള്ള അവസരങ്ങളുമുണ്ട്. എന്നിട്ടും നിലപാടില്‍നിന്ന് മാറാന്‍ അവര്‍ തയ്യാറായില്ല. ഒട്ടും കൂസലില്ലാതെയാണ് അവര്‍ തനിക്കു നേരെ വാളോങ്ങിയവരോട് ഒ.എം.കെ.വി പറഞ്ഞത്. അവരുടെ ആകാശമാണ് ഉയരെ. അവര്‍ കഥാപാത്രത്തിലൂടെ കീഴടക്കുന്നത് അസാധ്യമെന്ന് കരുതുന്ന ആകാശം തന്നെയാണ്.
ആദ്യകാല ചിത്രമായ 'നോട്ട് ബുക്കി'ല്‍, 'ബാംഗ്ലൂര്‍ ഡെയ്സി'ല്‍, 'മൊയ്തീനി'ല്‍, 'റ്റെയ്ക്ക് ഓഫി'ല്‍ എല്ലാം ആ വ്യക്തിത്വത്തിന്റെ വേഷപ്പകര്‍ച്ചകള്‍ മലയാളി അറിഞ്ഞു. ഒരു കാര്യമുറപ്പാണ്, നിലപാടില്‍നിന്ന് പറന്നുയരാനാണ് പാര്‍വ്വതി എന്ന നടി പെണ്‍കുട്ടികളെ ക്ഷണിക്കുന്നത്. അതാകട്ടെ, ഗോഡ്ഫാദര്‍മാരുടെ തണലിലല്ല, മറിച്ച് സ്വന്തം ചിറകിന്റെ കരുത്തിലാകണമെന്ന് അവര്‍ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു.
നീതിനിഷേധത്തിന്റെ ഇടങ്ങള്‍
ഇനി വാദിക്ക് എന്താണ് പറയാനുള്ളത് എന്ന ചോദ്യമുണ്ട് കോടതിയില്‍. ഇത് കോടതിയാണ് എന്ന കൊളോണിയല്‍ ഓര്‍മ്മപ്പെടുത്തലുണ്ട്. ക്ഷമിക്കണം യുവറോണര്‍ എന്ന വക്കീലിന്റെ കൂപ്പുകയ്യുണ്ട്. ഇവിടെ വൈകിയെത്തുന്ന നീതി എത്ര വലിയ നീതിനിഷേധമാണെന്ന് പൊള്ളിയ മുഖമുയര്‍ത്തി പല്ലവി സാക്ഷ്യപ്പെടുത്തുന്നു. കോടതി വ്യവഹാരങ്ങള്‍ മലയാള സിനിമയില്‍ ഇതിനു മുന്‍പും വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, തന്റെ അക്രമത്തിന് വിധേയയായ പെണ്‍കുട്ടിയെ ജീവിതത്തില്‍ ഒപ്പം കൂട്ടാം എന്ന ഔദാര്യത്തെ കോടതിമുറിയില്‍ വെച്ച് വലിയ വാചകക്കസര്‍ത്തില്ലാതെ നേരിടുന്നതിലുള്ള പല്ലവിയുടെ വിജയം മനു അശോകനെന്ന നവാഗത സംവിധായകനുള്ള കയ്യടിയാണ്. വാചകക്കസര്‍ത്തല്ല സിനിമ എന്ന് ഓരോ സീനും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
മകനെ രക്ഷിക്കണമെന്ന അപേക്ഷയുമായെത്തിയ അച്ഛന്റെ മുന്നിലേക്ക് കസേരയിട്ട് മുഖം തുറന്നിരിക്കുന്ന പല്ലവിയുടെ ഒറ്റ സീന്‍ മതി ഈ സിനിമ നിങ്ങള്‍ നഷ്ടപ്പെടുത്തരുത് എന്ന് ആവര്‍ത്തിക്കാന്‍.
ടൊവീനൊയുടെ വിശാല്‍, പല്ലവിയുടെ അച്ഛനായി സിദ്ദിഖ്, കൂട്ടുകാരിയായി അനാര്‍ക്കലി മരക്കാര്‍, പ്രതാപ് പോത്തന്‍ ഇങ്ങനെ പിഴവില്ലാത്ത കാസ്റ്റിങ്ങും മുകേഷ് മുരളീധരന്റെ ക്യാമറയും മഹേഷ് നാരായണന്റെ എഡിറ്റിങ്ങും ഗോപീസുന്ദറിന്റെ സംഗീതവും ഉയരെയെ വേറിട്ട അനുഭവമാക്കുന്നു. എനിക്കെന്നെ കബളിപ്പിക്കാനാകില്ല എന്ന പല്ലവിയുടെ/പാര്‍വ്വതിയുടെ നിലപാടിന് ഒരിക്കല്‍ക്കൂടി എഴുന്നേറ്റുനിന്ന് കയ്യടിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates