പുത്തന്‍/പഴയ കേരളം: ഡോ. അജയ് ശേഖറിന്റെ പുസ്തകത്തെക്കുറിച്ച്

പുത്തന്‍ എന്ന വാക്ക് എങ്ങനെയാണ് പഴയത്, പുതിയത് എന്നീ അര്‍ത്ഥങ്ങള്‍ ഒരേ സമയം ഉല്പാദിപ്പിക്കുന്നത്?
പുത്തന്‍/പഴയ കേരളം: ഡോ. അജയ് ശേഖറിന്റെ പുസ്തകത്തെക്കുറിച്ച്
Updated on
3 min read

'പുത്തന്‍ കേരളം' എന്നത് പുതിയ കേരളമല്ല, പഴയ കേരളമാകുന്നു. എന്നാലത് പുതിയ കേരളത്തെപ്പറ്റിയുള്ള വിചാരവുമാകുന്നു. പുത്തന്‍ എന്ന വാക്ക് എങ്ങനെയാണ് പഴയത്, പുതിയത് എന്നീ അര്‍ത്ഥങ്ങള്‍ ഒരേ സമയം ഉല്പാദിപ്പിക്കുന്നത്? അര്‍ത്ഥസന്ദിഗ്ദ്ധതയുടെ ഈ വാഗ്പരിസരം മനസ്സിലാകണമെങ്കില്‍ ഡോ. അജയ് ശേഖര്‍ രചിച്ച പുത്തന്‍ കേരളം എന്ന ഗ്രന്ഥം വായിച്ചാല്‍ മതിയാകും. ഇവിടെ 'പുത്തന്‍' എന്നതു ബുദ്ധന്റെ തത്ഭവമാകുന്നു. അങ്ങനെയാണു പുത്തന്‍ കേരളം കേരള സംസ്‌കാരത്തിന്റെ ബൗദ്ധ അടിത്തറയെപ്പറ്റിയുള്ള വീണ്ടുവിചാരമായി വികസിക്കുന്നത്. ഇതുതന്നെയാണ് പുസ്തകത്തിന്റെ ഉപശീര്‍ഷകവും. 

കേരളത്തില്‍ മുന്‍പു വേരോടിപ്പടര്‍ന്നിരുന്ന ബുദ്ധമതത്തിന്റെ ആശയാവലികളേയും ചരിത്ര, സാംസ്‌കാരികാവശിഷ്ടങ്ങളേയും പല മട്ടില്‍ കണ്ടെടുത്ത് അവതരിപ്പിക്കുന്ന ഈ പുസ്തകം ഒരര്‍ത്ഥത്തില്‍ കേരളപ്പഴമയിലേക്കുള്ള ചരിത്രസഞ്ചാരമാണ്. എന്നാല്‍, സമകാലിക കേരളത്തിന്റെ (ഭാരതത്തിന്റേയും) രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ ബലതന്ത്രങ്ങളെക്കുറിച്ചുള്ള ചില ഉല്‍ക്കണ്ഠകള്‍കൂടി ഈ പുസ്തകം അവതരിപ്പിക്കുന്നതോടെ അതു വര്‍ത്തമാനകാല വിചാരവുമാകുന്നു. ചുരുക്കത്തില്‍, കേരളത്തിന്റെ ബൗദ്ധപാരമ്പര്യത്തെ മുന്‍നിര്‍ത്തി നടത്തുന്ന ഈ ഭൂത/വര്‍ത്തമാനകാല വിചാരങ്ങള്‍ കേരളചരിത്രപഠനത്തിലെ സംസ്‌കാരപഠനധാരയുടെ നിദര്‍ശനമായി മാറുന്നുണ്ട്.

24 ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. കൂടാതെ സാങ്കേതിക പദങ്ങളുടെ വിശദീകരണവും പദസൂചിയും ചിത്രങ്ങളും ഉള്‍ച്ചേര്‍ത്തിരിക്കുന്നു. കേരളത്തിന്റെ ബുദ്ധമത പാരമ്പര്യത്തിലേക്കു വെളിച്ചം വീശുന്ന പ്രധാനപ്പെട്ട ചരിത്രസൂചികകളിലൊന്ന് ബുദ്ധപ്രതിമകളാണ്. കേരളത്തില്‍നിന്നു കണ്ടെടുക്കപ്പെട്ട പ്രതിമകളില്‍ പ്രധാനമാണ് കരുമാടിക്കുട്ടന്‍. ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴയ്ക്കു കിഴക്കു തകഴിക്കടുത്തായുള്ള കരുമാടിയില്‍ നിലകൊള്ളുന്ന ബുദ്ധപ്രതിമയെയാണ് നാട്ടുകാര്‍ കരുമാടിക്കുട്ടന്‍ എന്നു വിളിച്ചുപോരുന്നത്. പൊതുവര്‍ഷം ഏഴാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ അനുരാധപുരം ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട ഈ ശിലാപ്രതിമയെപ്പറ്റി ഗ്രന്ഥത്തിലെ രണ്ടു ലേഖനങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കരുമാടിക്കുട്ടനു കൈ വെച്ചുപിടിപ്പിച്ചു 'ഭംഗിയാക്കാന്‍' ടൂറിസം കൗണ്‍സില്‍ നടത്തിയ നീക്കത്തേയും സമീപകാലത്ത് കരുമാടിക്കുട്ടന്റെ പഗോഡയില്‍ തുടങ്ങിവെച്ച ഹിന്ദുമത പുരാണപാരായണത്തേയും ഗ്രന്ഥകാരന്‍ വിമര്‍ശിക്കുന്നു. ജനഹൃദയത്തിലേക്കു കരുമാടിക്കുട്ടന്‍ കടന്നുവന്നതോടെ ഹിംസയുടെ ശക്തികള്‍ പുത്തരെ വീണ്ടും പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം.

ദക്ഷിണാപഥത്തിലെ സുപ്രസിദ്ധ ബൗദ്ധവിഹാരമായിരുന്ന ശ്രീമൂലവാസം എവിടെയാണ് സ്ഥിതിചെയ്തിരുന്നത് എന്നതിനെപ്പറ്റി നിരവധി ചര്‍ച്ചകളാണ് കേരള ചരിത്രകാരന്മാര്‍ നടത്തിയിട്ടുള്ളത്. ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയ്ക്കു പടിഞ്ഞാറായിരുന്നിരിക്കണം ശ്രീമൂലവാസസ്ഥാനമെന്ന് ചില പണ്ഡിതര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാട്ടറിവുകളുടെ പിന്‍ബലത്തോടെ ഈ ലേഖകനും അത്തരമൊരു സാധ്യത മുമ്പു സൂചിപ്പിച്ചിട്ടുള്ളതാകുന്നു. ഇത്തരം മുന്നറിവുകളെ അണിനിരത്തിക്കൊണ്ട് ശ്രീമൂലവാസ ചര്‍ച്ചയെ ഒരുപടികൂടി മുന്നോട്ടു കൊണ്ടുപോകുന്ന ഒരു ലേഖനം ഈ ഗ്രന്ഥത്തില്‍ കാണാം. പ്രസ്തുത ചര്‍ച്ച, ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ 19-ാം നൂറ്റാണ്ടിലെ ജാതിവിരുദ്ധപ്പോരാട്ടങ്ങളിലേക്കുവരെ സംക്രമിച്ചു നില്‍ക്കുന്നു.

പള്ളിയുടെ
സംസ്‌കാര ചരിത്രം

സ്ഥലനാമങ്ങളിലെ 'പള്ളി' ശബ്ദത്തെ 'പിള്ളി'വല്‍ക്കരിക്കുന്നതിനെ വിമര്‍ശവിധേയമാക്കുന്ന ലേഖനം വളരെ ശ്രദ്ധേയമാണ്. വാഴപ്പള്ളിയും മാതിരപ്പള്ളിയും മാറമ്പള്ളിയും മറ്റും വാഴപ്പിള്ളിയും മാതിരപ്പിള്ളിയും മാറമ്പിള്ളിയും ആയി മാറുന്നതിന്റെ/മാറ്റുന്നതിന്റെ പിന്നിലെ രാഷ്ട്രീയം ബ്രാഹ്മണാധിപത്യപരമാണെന്നു ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നു. പള്ളി എന്ന പാലിഭാഷാശബ്ദം ജൈനബുദ്ധ മതങ്ങളുമായി ബന്ധപ്പെട്ടാണ് കേരളത്തിലേക്കു കടന്നുവരുന്നത്. പിന്നീട്, ജൂതരും ക്രിസ്ത്യാനികളും മുസ്ലിങ്ങളും അവരുടെ ആരാധനാലയങ്ങള്‍ക്ക് പള്ളി എന്ന ശബ്ദം സ്വീകരിക്കുകയായിരുന്നു. കേരളത്തിലെ നിരവധി വീട്ടുപേരുകളിലും സ്ഥലനാമങ്ങളിലും 'പള്ളി' കാണാം/കേള്‍ക്കാം. എന്നാല്‍, അടുത്തകാലത്തായി ചിലര്‍ പള്ളിയെ പിള്ളിയാക്കുന്നതായി അജയ് ശേഖര്‍ നിരീക്ഷിക്കുന്നു. നിരവധി ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. പിള്ളി എന്നൊരു വാക്ക് മലയാളത്തിന്റെ പദകോശത്തിലേയില്ല. ഭാഷാചരിത്രബോധമില്ലാതെ നാം 'പിള്ളി'യെ അനുദിന ജീവിതവ്യവഹാരങ്ങളിലേയ്ക്ക് ആനയിക്കുമ്പോള്‍ സംസ്‌കാരചരിത്രമാണ് നാടുനീങ്ങിപ്പോകുന്നതെന്ന്  ഓര്‍മ്മിക്കേണ്ടതുണ്ട്.

ഭാഷാവിചാരത്തെ മുന്‍നിര്‍ത്തിയുള്ള ചരിത്രവിചാരം ഈ ഗ്രന്ഥത്തിലുടനീളം കാണാം. മലയാളത്തിലെ 'അയ്യോ' എന്ന വ്യാക്ഷേപകം അയ്യനില്‍ (ബുദ്ധനില്‍) നിന്നാണ് നിഷ്പ്പന്നമാകുന്നതെന്നു ചരിത്രപണ്ഡിതര്‍ ഇതിനോടകം സൂചിപ്പിച്ചിട്ടുണ്ടെങ്കിലും അതേ അയ്യന്റെ പ്രതിഫലനങ്ങളാണ് അയ്യാവൈകുണ്ഠനിലും തൈക്കാടയ്യാവിലും അയ്യന്‍കാളിയിലും മറ്റും കാണുന്നതെന്നു ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. കൂടാതെ അച്ചന്‍, അപ്പന്‍, അപ്പച്ചന്‍, ആശാന്‍ തുടങ്ങിയ ശബ്ദങ്ങള്‍ക്കും അദ്ദേഹം ബൗദ്ധബന്ധം ആരോപിക്കുന്നുണ്ട്. ഗ്രന്ഥകാരന്‍ ചര്‍ച്ചയ്‌ക്കെടുക്കുന്ന മറ്റു ശബ്ദങ്ങളാണ് ചേരി, കുട്ടന്‍, മുണ്ടന്‍ തുടങ്ങിയവ. മുണ്ടൂര്‍, മുണ്ടത്തിക്കോട്, മുണ്ടമറ്റം, മുണ്ടക്കയം തുടങ്ങിയ സ്ഥലനാമങ്ങളിലേയും മുണ്ടകപ്പാടം, മുണ്ടകന്‍വിത്ത് എന്നീ പ്രയോഗങ്ങളിലേയും മുണ്ടകശബ്ദം തല മുണ്ഡനം (മുണ്ടനം) ചെയ്ത ബുദ്ധഭിക്ഷുക്കളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണെന്ന അഭിപ്രായം കൂടുതല്‍ അന്വേഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതുറക്കുന്നതാണ്.
മുഖ്യധാരാ ചരിത്രമെഴുത്തിനു ബദലായോ സമാന്തരമായോ വികസിച്ചുവന്ന ചരിത്രരചനാപദ്ധതിയാണ് പ്രാദേശിക ചരിത്രം. അതതു കാലത്തെ അധികാര വര്‍ഗ്ഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാവും മുഖ്യധാരാ ചരിത്രങ്ങളില്‍ ഇടംനേടുക. ഇത്തരം ചരിത്രങ്ങളില്‍ ഇടംനേടാതെ പോയവയെ കണ്ടെടുത്ത് അടയാളപ്പെടുത്തുക എന്ന ദൗത്യം പ്രാദേശിക ചരിത്രരചനയ്ക്കുണ്ട്. മുഖ്യധാരാ ചരിത്രമെഴുത്തിന്റെ സ്രോതസ്സുകളാവണമെന്നില്ല പ്രാദേശിക ചരിത്രത്തിന്റെ അവലംബങ്ങള്‍. പലപ്പോഴും വാമൊഴിചരിത്രം പ്രാദേശിക ചരിത്രരചനയിലെ മുഖ്യസ്രോതസ്സായിത്തീരുന്നത് അങ്ങനെയാണ്.

പുത്തന്‍കേരളം എന്ന പുസ്തകം മുഖ്യധാരാ ചരിത്രത്തിന്റേയും പ്രാദേശിക ചരിത്രത്തിന്റേയും രീതിശാസ്ത്രങ്ങളെ ഒരുപോലെ പിന്‍പറ്റുന്നുണ്ടെന്നു പറയാം. കേരളത്തിന്റെ ബൗദ്ധചരിത്രത്തെ അതിന്റെ ബഹുസ്വരാത്മകതയില്‍ പുറത്തുകൊണ്ടുവരാന്‍ ഈ സങ്കര രീതിശാസ്ത്രം അനിവാര്യമാണുതാനും. ഓണം, മതിലകം, ഇരിങ്ങാലക്കുടയിലെ കുട്ടന്‍കുളം, വൈക്കം, വെള്ളാരപ്പള്ളി എന്നിവയെപ്പറ്റിയുള്ള ലേഖനങ്ങള്‍ പ്രാദേശിക ചരിത്രത്തിന്റെ വെള്ളിവെളിച്ചങ്ങളാണ്.

വര്‍ത്തമാന കേരളത്തില്‍ ഇപ്പോള്‍ അഭൂതപൂര്‍വ്വമായി ആചരിച്ചുവരുന്ന ബുദ്ധപൂര്‍ണ്ണിമ, എഴുത്തും 'പുത്തക'വും പുത്തരുമായി ബന്ധപ്പെട്ട സാക്ഷരകേരളത്തിന്റെ പ്രബുദ്ധത, കേരളത്തിന്റെ മഹായാന പാരമ്പര്യം, തഞ്ചാവൂര്‍ പെരിയകോവില്‍, തങ്കശ്ശേരി തുറ, അശോക വിജയദശമി തുടങ്ങിയവയെപ്പറ്റി പര്യാലോചിക്കുന്ന ലേഖനങ്ങള്‍ പുതുമയുള്ളതാണ്. മുന്‍ഗ്രന്ഥങ്ങളില്‍ തെളിഞ്ഞുകിട്ടാതിരുന്ന പല പുതിയ വിവരങ്ങളും വ്യാഖ്യാനങ്ങളും ഈ ലേഖനങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. ഇങ്ങനെ നോക്കുമ്പോള്‍ ഈ പുസ്തകം കേവലമായ ചരിത്രരചന മാത്രമല്ലെന്നു പറയേണ്ടിവരുന്നു. മറിച്ച് ഭാഷ, സാഹിത്യം, ഫോക്ലോര്‍, ചരിത്രം, സംസ്‌കാരം തുടങ്ങിയ വൈജ്ഞാനിക മേഖലകളിലേക്കു പടര്‍ന്നുനില്‍ക്കുന്ന സവിശേഷമായ ആഖ്യാനരാശിയാണ്. ഇങ്ങനെ പലതായി പടര്‍ന്നുകിടക്കുന്ന അറിവിന്റെ അടരുകളെ ഗ്രന്ഥകാരന്‍ ഏകോപിപ്പിക്കുന്നത് ബുദ്ധമതത്തെ കേന്ദ്രമാക്കിക്കൊണ്ടാണെന്നു മാത്രം. ഇവിടെ ആഖ്യാനത്തിന്റെ സംരചനയ്ക്ക് സംസക്തിയും (cohesion) സംബന്ധവും (coherence) നല്‍കുന്നത് ജാതിവിമര്‍ശവും കീഴാള അവബോധവുമാണ്. പുസ്തകത്തിലെ എല്ലാ ലേഖനങ്ങളും ആരംഭിക്കുന്നത് ഉദ്ധരണികളിലാണെന്നതും ശ്രദ്ധേയം. അവയില്‍ ഭൂരിഭാഗവും സഹോദരന്‍ അയ്യപ്പന്റെ കാവ്യശകലങ്ങളാണ്. മറ്റുള്ളവ ശ്രീബുദ്ധന്‍, അംബേദ്ക്കര്‍, ശ്രീനാരായണഗുരു, മൂലൂര്‍, ഇളംകുളം എന്നിവരുടെ വചനങ്ങളും.

പഴയ കേരളത്തിന്റെ പ്രതലങ്ങളിലേക്കു ശ്രദ്ധയൂന്നുന്ന ഈ പുസ്തകത്തിലെ ജ്ഞാനിമങ്ങള്‍ പ്രളയാനന്തര നവകേരളത്തെക്കുറിച്ചുള്ള വിഭാവനയിലും സുപ്രധാനമായിത്തീരേണ്ടതുണ്ട്. വിദ്യാഭ്യാസ പരിഷ്‌കരണം, കരിക്കുലം നിര്‍മ്മാണം, സ്റ്റേറ്റിന്റെ ചരിത്രനിര്‍മ്മിതി, നിയമനിര്‍മ്മാണം, സാമൂഹ്യപുന:സംഘാടനം തുടങ്ങിയവയെ സംബന്ധിച്ച പുനരാലോചനകളില്‍ ഈ ഗ്രന്ഥത്തിലെ അറിവുകള്‍ക്കു തുടര്‍ച്ച ലഭിക്കട്ടെ. ഇങ്ങനെ പലമട്ടില്‍ അര്‍ത്ഥവത്തായിത്തീരുകയാണ് പുത്തന്‍കേരളം എന്ന ശീര്‍ഷകവും പുസ്തകവും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com