

മോര്‍ച്ചറിയില്‍ ചിറക് കുടഞ്ഞ കൊടുംശൈത്യത്തില്‍നിന്ന് അയാള്‍ പുറംലോകത്തിന്റെ വെയില്‍ക്കാറ്റിലേക്കിറങ്ങുമ്പോഴും കൊറോണയുടെ ചെകുത്താന്‍ കിരീടങ്ങള്‍ അദൃശ്യതയുടെ നിഴല്‍ക്കുത്തുകളായി അവിടെ തങ്ങി നില്‍പ്പുണ്ടായിരിക്കണം. നമ്പറിട്ട് വേര്‍തിരിച്ച കള്ളികളില്‍നിന്നു മൃതശരീരം പുറത്തേയ്‌ക്കെടുത്ത് സ്‌ട്രെച്ചറിലേക്കും അവിടെ നിന്ന് 'കോവിഡ് സ്‌പെഷ്യല്‍ ആംബുലന്‍സി'ലേക്കും മാറ്റുമ്പോള്‍ മോര്‍ച്ചറിക്കകത്തും പുറത്തും അണുനാശിനിയുടെ മണം പുരണ്ടുനിന്നു. ആരും ആ ഭാഗത്തേക്ക് അടുക്കുന്നില്ല. എല്ലാവരും അകലെയകലേയ്ക്ക്. നിന്ദാപൂര്‍വ്വം തിരസ്‌കരിക്കപ്പെടുന്നവരുടെ ജനിമൃതി വ്യഥകളില്‍ സൗദിയിലെ ആശുപത്രികളും. പടച്ചട്ടയണിഞ്ഞ പട്ടാളക്കാരനെപ്പോലെ ഒരു മലപ്പുറത്തുകാരന്‍, കൊവിഡ് ഡെഡ്‌ബോഡികള്‍ക്കുമേല്‍ മാനുഷികമായ തന്റെ ആധിപത്യമുറപ്പിക്കുന്നു. നിശ്ചയമായും ഇതു തന്റെ കര്‍മ്മമാണെന്ന് അയാള്‍ കരുതുന്നു.
മരണത്തോടെ തീരുന്നു, കൊവിഡിന്റെ പകയുമെന്നാകുമോ, അയാള്‍ വെറുതെ നിനയ്ക്കുന്നത്? പകയൊടുങ്ങാത്തവനാണ് ഈ വൈറസെന്ന കാര്യം അയാള്‍ക്കറിയാത്തതല്ല. അഥവാ, അകലകാലങ്ങളില്‍നിന്നും കൊറോണ, മൃതിയുടെ മുന കൂര്‍പ്പിച്ച് ഏതു സമയത്തുമെത്താമെന്ന അറിവിനെ സഹജീവി സ്‌നേഹത്തിലൊളിപ്പിച്ചതാവുമോ?
മരിച്ചവരുടെ ഭാര്യമാര്‍/അടുത്ത ആശ്രിതര്‍ 'കൊവിഡ് ജഡം' തങ്ങളെക്കൊണ്ട് സംസ്‌കരിക്കാനാവില്ലെന്ന് എഴുതിക്കൊടുത്ത് ഔദ്യോഗികമായി രേഖാപത്രം മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയായ മുജീബിനു കൈമാറിയിരിക്കുന്നു. അന്നോളം ഒരു പരിചയവുമില്ലാത്ത മനുഷ്യന്റെ അന്ത്യകര്‍മ്മങ്ങളുടെ പരികര്‍മ്മി ഇനി മുജീബാണ്. മുജീബിന് ആശുപത്രിക്കാര്‍ നല്‍കിയ സാനിറ്റൈസ്ഡ് ഉടുപ്പുകളും കവചങ്ങളും മുഖാവരണവും ഗോഗിള്‍സുമുണ്ട്. കൊവിഡ് കൊണ്ടുപോയ പ്രാണന്റെ അജ്ഞാതമായ ചിറകടിയൊച്ച മുജീബിന്റെ ഉള്ളുലയ്ക്കുന്നുണ്ടാകും. ഭയമേതുമില്ലാതെ, പ്രത്യേക ആംബുലന്‍സിന്റെ െ്രെഡവര്‍ അഞ്ചു കിലോമീറ്ററകലെ, ശറായ എന്ന സ്ഥലത്തെ പ്രത്യേകം സംവരണം ചെയ്യപ്പെട്ട കൊവിഡ് ശ്മശാനത്തിലേക്ക്. ആംബുലന്‍സിനു പിറകെ സ്വയം കാറോടിച്ച് മുജീബ്. ശ്മശാനത്തില്‍, മറ്റു കബറിടങ്ങളെപ്പോലെ വിശാലമായ സജ്ജീകരണമോ സംവിധാനമോ ഇല്ല. പരിമിത സൗകര്യവും അക്ഷരാര്‍ത്ഥത്തില്‍ അസ്പൃശ്യമായ അന്തരീക്ഷവും. കുഴിമാടങ്ങളും സ്വയം കുഴിക്കണം. ശ്മശാനജോലിക്കാരായ മൂന്നോ നാലോ ബംഗ്ലാദേശികള്‍. അവര്‍ തന്നെയാണ് കബറിടം കുഴിക്കാനും സഹായിക്കുന്നത്. ആംബുലന്‍സില്‍നിന്നിറക്കുന്ന മൃതശരീരം കയ്യുറകളില്‍ വഴുതുന്നു. ഗോഗിള്‍സില്‍ വിയര്‍പ്പ് വീഴുന്നു. രോഗാണു ഏതു വഴിയും വരാം. മുജീബിന് അതറിയാം. എങ്കിലും മൃതദേഹത്തെ ആദരിക്കേണ്ടതുണ്ട്.
ശ്മശാനത്തിലെ താല്‍ക്കാലിക ജോലിക്കാരുടെ സഹായത്തോടെ, മുജീബ് പ്രാര്‍ത്ഥനാമന്ത്രങ്ങളുരുവിട്ട് കബറിലേക്കിറങ്ങി ജഡം ഇറക്കി വെക്കുന്നു. അവസാനമായി അണിഞ്ഞ 'കൊവിഡ് ഉടുപ്പു'കളുടെ സിബ്ബ് അഴിക്കാതെ. പ്ലാസ്റ്റിക് കൂട്ടില്‍ പൊതിഞ്ഞ ശരീരം. നിതാന്തമായ അന്തിയുറക്കത്തിലും ആ മനുഷ്യന്റെ ദേഹത്ത് നിന്ന് കൊറോണയുടെ ശാപഗ്രസ്തമായ അടയാളങ്ങള്‍ മായുന്നില്ല. ഒരു വേള, ജീവിച്ചിരിക്കെ, സുഖലോലുപതയിലും അത്യാഢംബരങ്ങളിലും അഭിരമിച്ച ആ മനുഷ്യനെ മക്കയിലെ പച്ചമണ്ണ് പോലും, സ്‌നേഹരഹിതമായാണ് മഹാവ്യാധിക്കാലത്ത് ഏറ്റുവാങ്ങിയിരിക്കുക.
ഈ കുറിപ്പെഴുതുമ്പോള്‍ സൗദി അറേബ്യയില്‍ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 264. മൊത്തം രോഗബാധിതരുടെ എണ്ണം 42,925 പേര്‍. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ 27,404 ആളുകള്‍. ഇതില്‍ 147 പേരുടെ നില ഗുരുതരം. ഇക്കൂട്ടത്തില്‍ 15,257 പേര്‍ കൊവിഡ് മുക്തരായി എന്നത് തീര്‍ച്ചയായും ആശ്വാസകരമായ വാര്‍ത്ത തന്നെ.
മക്കയില്‍ മരിച്ച ഇന്ത്യക്കാരുടെ സംസ്‌കാരശേഷം അവരുടെ പേരിലുള്ള എല്ലാ ചുമതലകളും, ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അനുമതിയോടെ മുജീബ് തന്നെയാണ് വഹിക്കുന്നത്. കൊവിഡാണ് മരണകാരണമെന്നുറപ്പാകുന്നതോടെ, മരിച്ചവരുടെ ഉറ്റവരും ഉടയവരുമില്ല. മരിച്ചവര്‍ കൊറോണയെപ്പോലെ അജ്ഞാതരും അദൃശ്യരുമാകുന്നു. വിലാസം രേഖപ്പെടുത്തിയ മരണസര്‍ട്ടിഫിക്കറ്റിലും കോവിഡിന്റെ പൊടിപടലം. കോവിഡെടുത്ത മനുഷ്യനു സുഹൃത്തുക്കളില്ല. ബന്ധുക്കളില്ല. എല്ലാവരും കാണാമറയത്ത്.
ദൈവപ്രീതി മാത്രം കാംക്ഷിച്ച് ഏറ്റവും അപകടകരമായ ജോലിയിലാണ് സൗദിയിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായ മുജീബ് എന്ന സാമൂഹിക പ്രവര്‍ത്തകനിപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിനകം കൊവിഡ് ബാധിച്ച് മരിച്ച ഏഴു ഇന്ത്യക്കാരുടേയും അതില്‍ മൂന്നു മലയാളികള്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ചത് മുജീബ് തനിച്ചാണ്. ഇനിയും അത്യാസന്ന നിലയില്‍ മക്കയിലെ ഏഴു ഗവണ്‍മെന്റ് ആശുപത്രികളില്‍ നിരവധി പേര്‍ കിടക്കുന്നു.
മരിച്ചവര്‍ക്ക് ത്യാഗംകൊണ്ട് സ്‌നേഹോദകം തീര്‍ക്കുന്ന മുജീബിന് ഇപ്പോള്‍ വിശ്രമമില്ല. മുജീബിന്റെ രണ്ടു ഫോണുകളും സമയഭേദമില്ലാതെ ശബ്ദിക്കുന്നു. ഹൈദരാബാദില്‍നിന്നും അസംഗഢില്‍നിന്നും മംഗലാപുരത്ത് നിന്നും മലപ്പുറത്ത് നിന്നുമെല്ലാം നിരന്തരം ഫോണ്‍ വിളികള്‍. ചിലര്‍ക്ക് സംസ്‌കാരച്ചടങ്ങുകളുടെ വീഡിയോ ദൃശ്യം കാണണം. സൗദിയിലുള്ള ബന്ധുക്കളും ഈ ആവശ്യക്കാരാണ്. നമ്പറിട്ട കബറിടങ്ങളുടെ ഫോട്ടോ മൊബൈലിടുത്ത് ബന്ധുക്കള്‍ക്കയച്ചു കൊടുക്കേണ്ട ജോലിയും മുജീബിന്റേത്. പിന്നീടൊരിക്കല്‍, കൊവിഡാനന്തരം എപ്പോഴെങ്കിലും സ്വന്തക്കാര്‍ അന്തിയുറങ്ങുന്ന സ്ഥലം തിരിച്ചറിയാനും സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കാനും ആഗ്രഹിക്കുന്ന ആശ്രിതരെ ഉദ്ദേശിച്ചാണ് കബറുകളുടെ പടമെടുത്ത് സൂക്ഷിക്കുന്നത്. മരിച്ചവരുടെ കൈവശമുള്ള പണമുള്‍പ്പെടെയുള്ള സാധനങ്ങളുടെ (അമാനത്ത്) സൂക്ഷിപ്പുകാരനും മുജീബ്. അടുത്തിടെ മരണപ്പെട്ട തെലങ്കാനക്കാരന്റെ വാലറ്റില്‍ 10,000ത്തിലധികം റിയാലുണ്ടായിരുന്നത് (രണ്ടു ലക്ഷത്തിലധികം രൂപ) മുജീബ് സൂക്ഷിച്ചിരിക്കുന്നു. 70 കിലോമീറ്ററിപ്പുറം ജിദ്ദയില്‍ ജോലി ചെയ്യുന്ന, പരേതന്റെ ഭാര്യയോടിക്കാര്യം പറഞ്ഞപ്പോള്‍ മുജീബിനു കിട്ടിയ മറുപടി: ആ പണം പിന്നീടെപ്പോഴെങ്കിലും വന്നു വാങ്ങാം. കയ്യില്‍ വച്ചോളൂ (റിയാലില്‍ കൊവിഡുണ്ടാകുമെന്നാകാം അവരുടെ ധാരണയെന്ന് മുജീബ്!)
മുന്‍പിന്‍ നോക്കാതെ കൊവിഡ് മൃതദേഹങ്ങളുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തുന്നതിനു ഭയമില്ലേ എന്ന ചോദ്യത്തിനു നിര്‍മ്മമായ പുഞ്ചിരിയാണ് മുജീബിന്റെ മറുപടി. സൗദി ആരോഗ്യ വകുപ്പിലും പൊലീസ് സുരക്ഷാ വകുപ്പുകളിലുമെല്ലാം സുഹൃത്തുക്കളുള്ള മുജീബിനു ശവശരീരങ്ങളുടെ കൂട്ടിരിപ്പ് ഒരു പുണ്യപ്രവൃത്തി കൂടിയാണ്. ഏത് ഇന്ത്യക്കാരന്‍ ഇവിടെ മരണപ്പെട്ടാലും ആ വിവരം ആദ്യമറിയുക മുജീബാണ്. കൊവിഡിനും മുന്‍പ് ഏകദേശം 2300 മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതില്‍ അവയുടെ ഔദ്യോഗിക രേഖകള്‍ ക്രമീകരിക്കുന്നത് തൊട്ട് മതാചാരപ്രകാരമുള്ള ചിട്ടകള്‍ പാലിക്കുന്നത് വരെയുള്ള എല്ലാ കര്‍മ്മങ്ങളും മുന്‍നിന്നു പ്രവര്‍ത്തിച്ചിട്ടുള്ള മുജീബ്, സൗദിയിലെ കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്ററിന്റെ സാരഥി കൂടിയാണ്. സ്വാഭാവികവും അസ്വാഭാവികവുമായ നൂറുക്കണക്കിനു പ്രവാസി മരണങ്ങളിലെല്ലാം, നിയമത്തിന്റേയും ഔപചാരികതയുടേയും കുരുക്കുകള്‍ മുറുകുകയും ജഡങ്ങളുടെ സംസ്‌കാരം അനന്തമായി നീളുകയും ചെയ്യുമ്പോള്‍, സൗദി അധികൃതരില്‍നിന്ന് അനുമതിപത്രം സംഘടിപ്പിച്ച് മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനും നാട്ടിലേയ്ക്കയക്കുന്നതാണെങ്കില്‍ അതിനും സൗദിയില്‍ സംസ്‌കരിക്കുന്നവയാണെങ്കില്‍ അതിനും ആവശ്യമായ ക്രമീകരണങ്ങള്‍ സുഗമമാക്കുന്നതില്‍ മുജീബ് വഹിക്കുന്ന പങ്ക് സൗദിയിലെ പ്രത്യേകിച്ചും പടിഞ്ഞാറന്‍ പ്രവിശ്യയിലുള്‍പ്പെട്ട ജിദ്ദ, മക്ക, മദീന നഗരങ്ങളിലുള്ള ഇന്ത്യക്കാര്‍ക്കറിയാം. രേഖകളുടെ കാലതാമസം കാരണം നാട്ടിലേയ്ക്കയക്കുകയോ ഇവിടെ സംസ്‌കരിക്കുകയോ ചെയ്യാനാകാതെ നിരവധി മൃതദേഹങ്ങള്‍ മാസങ്ങളായി മോര്‍ച്ചറിയില്‍ കാത്ത് കെട്ടിക്കിടക്കുന്ന അനുഭവങ്ങള്‍ ഗള്‍ഫ് നാടുകളില്‍ നിത്യസംഭവമാണ്.
കൊവിഡ് കാലമായതോടെ മുജീബിന്റെ തിരക്കുകള്‍ വര്‍ദ്ധിച്ചു. സാംക്രമികരോഗ ഭീഷണിയിലും സാമൂഹിക സേവനം, ജീവകാരുണ്യം ഇതെല്ലാം തന്നെയാണ് മുജീബിന്റെ ജീവിതമുദ്ര. അതുകൊണ്ടാണ് കൊവിഡ് കാലത്ത് ആശയറ്റു പോകുന്ന മനുഷ്യര്‍ക്കൊപ്പം അവസാനം വരെ കൂട്ടിരിക്കുന്നതും ആത്മാര്‍ഥതയോടെ അവര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കുന്നതിനും മുജീബ് മുന്നിട്ടിറങ്ങുന്നത്. സൗദിയിലേയും കേരളത്തിലേയും നിരവധി സംഘടനകള്‍ മുജീബ് പൂക്കോട്ടൂരിനെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
കൊറോണ ലക്ഷണം കാണ്‍കെ സഹായം തേടി വിളിക്കുന്നവരും രോഗം ബാധിച്ച് മരിച്ചവരുടെ ബന്ധുക്കളും മുജീബിനെ നിര്‍ത്താതെ വിളിച്ചുകൊണ്ടിരിക്കുന്നു. കാരണം, ഏതു കാലത്തും മക്കയില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ, വിശേഷിച്ചും മലയാളികളുടെ മരണാനന്തര കര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് മുജീബാണെന്ന് അവര്‍ക്കറിയാം. കൊവിഡ് കാലത്തും മരിക്കുന്നവരുടെ മരണാനന്തര കര്‍മ്മങ്ങള്‍ക്കായി കഴിഞ്ഞ 30 വര്‍ഷത്തോളമായി മക്കയിലുണ്ട്, മുജീബ്. മരണം കൂട്ടിക്കൊണ്ടുപോയ മനുഷ്യര്‍ക്കൊപ്പം മുജീബ് അവസാനം വരെ കൂട്ടിരിക്കുന്നു ദിവ്യത്വത്തിന്റെ സുകൃതാമൃതം ആവോളം പെയ്തിറങ്ങിയ പുണ്യമണ്ണായ മക്ക നല്‍കുന്ന സുരക്ഷിതത്വവുമാകാമത്. ഉവ്വ്, അപരിമേയമായ ജീവചൈതന്യത്തിന്റെ കാണാനിയോഗം പോലെ. ഈ ഏകാന്തകാലത്തും മൃതദേഹങ്ങളുടെ സഹയാത്രികനായി, കൊവിഡ് മരണങ്ങളുടെ കൂട്ടിരിപ്പുകാരനായി, ശാന്തിയുടെ പച്ചിലത്തട്ടങ്ങളെ സൂര്യപ്രഭയാല്‍ പൊന്‍തിളക്കമേറ്റുന്ന ശ്മശാനത്തിലെ പേരറിയാച്ചെടികളുടെ താഴെ മുജീബിന്റെ സ്വേദകണങ്ങള്‍. കൊവിഡും കടന്നു കാലം കൊഴിയുമ്പോള്‍, സഫാ മര്‍വയുടെ ജലേതിഹാസത്തിന്റെ തീര്‍ത്ഥച്ചൂരുറഞ്ഞു കിടക്കുന്ന ഭൂമിയുടെ നട്ടെല്ല് പോലുള്ള ഈ അസംഖ്യം അസ്ഥിത്തറകളിലും മലയാളികളുടെ സേവനത്തിന്റെ തെര്‍മല്‍ ടെസ്റ്റ് പോസിറ്റീവായിക്കിടപ്പുണ്ടാകും- പ്രബുദ്ധ കേരളമേ, പ്രവാസി മലയാളിയെ അത്ര ഝടുതിയിലങ്ങ് എഴുതിത്തള്ളാന്‍ വരട്ടെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates