

പണവും ഉപഭോക്താക്കളുമാണ് ബാങ്കിങ്ങ് മേഖലയുടെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളിലൊന്ന്. തങ്ങളുടെ പണത്തിനു നല്‍കുന്ന ഗ്യാരന്റി അഥവാ ഉറപ്പിലാണ് ബാങ്കുകള്‍ നിക്ഷേപകരുടെ വിശ്വാസം ആര്‍ജ്ജിക്കുക. എന്നാല്‍, ധനകാര്യനയം സംബന്ധിച്ച് ചെറിയ ആശങ്കകള്‍പോലും വലിയ പ്രതിസന്ധികള്‍ക്കു കാരണമാകാമെന്നിരിക്കെ, ഇപ്പോഴത്തെ ബാങ്ക് തകര്‍ച്ചകള്‍ നിക്ഷേപകരില്‍ വലിയ വിശ്വാസത്തകര്‍ച്ചയ്ക്കാണ് വഴിതെളിക്കുന്നത്. ആദ്യം പ്രതിസന്ധിയിലായത് പഞ്ചാബ് - മഹാരാഷ്ട്ര കോര്‍പ്പറേറ്റീവ് ബാങ്കാണ്. ആറുമാസത്തിനുള്ളില്‍ ന്യൂജെന്‍ സ്വകാര്യ ബാങ്കായ യെസും തകര്‍ന്നു. വജ്രങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ട യെസ് ബാങ്കിന്റെ ഓഹരികള്‍ക്ക് ചാരത്തിന്റെ വിലപോലുമില്ലാതായി. ഈ രണ്ട് ബാങ്കുകളുടേയും തകര്‍ച്ച ഇന്ത്യന്‍ ബാങ്കിങ്ങ് മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയുടെ ലക്ഷണങ്ങളാണെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, ഇത് ഒരു വ്യവസ്ഥയുടെ പരാജയമായി കാണേണ്ടതില്ലെന്നും ചിലരുടെ വിവേകരഹിതമായ പ്രവൃത്തികളുടെ ഫലമാണെന്നുമെന്ന മറുവാദവും നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍, ആരെയാണ്, എന്തിലാണ് വിശ്വസിക്കേണ്ടതെന്ന ആശയക്കുഴപ്പം സാധാരണ നിക്ഷേപകര്‍ക്കുണ്ട്. അതായത്, കറന്‍സിയും ബാങ്ക് നിക്ഷേപങ്ങളും സുരക്ഷിതമല്ലെന്ന അവരുടെ ചിന്ത ശരിവയ്ക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ടുനിരോധനത്തിനുശേഷം കറന്‍സിയിലുള്ള സുരക്ഷിതവിശ്വാസം സാധാരണക്കാര്‍ക്ക് കുറഞ്ഞു. ലോകത്ത് ഏറ്റവുമധികം കറന്‍സി ഉപയോഗമുള്ള രാജ്യമായിരുന്നു ഇന്ത്യ. ലോകബാങ്കിന്റെ കണക്ക് അനുസരിച്ച്, മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍ 12.5 ശതമാനമായിരുന്നു ഇന്ത്യന്‍ രൂപയുടെ പങ്ക്. നോട്ടുനിരോധനത്തിനു മുന്‍പ് 7,650 കോടി നോട്ടുകളാണ് രാജ്യത്ത് പ്രചാരത്തിലിരുന്നത്. അതായത് ഇന്ത്യയില്‍ നടക്കുന്ന സാമ്പത്തിക ഇടപാടുകള്‍ 87 ശതമാനവും നടക്കുന്നത് കറന്‍സി ഉപയോഗിച്ചായിരുന്നു. അങ്ങനെ നോട്ടുകള്‍ ഉപയോഗിച്ചു മാത്രം ഇടപാടുകള്‍ നടക്കുന്ന രാജ്യത്താണ് അര്‍ദ്ധരാത്രിയില്‍ അതിന്റെ 86 ശതമാനം നോട്ടുകളും റദ്ദാക്കപ്പെട്ടത്. കള്ളപ്പണം പിടിക്കാന്‍ നടത്തിയ ഈ അതിസാഹസം ദശാബ്ദങ്ങള്‍ നീണ്ടുനിന്നേക്കാവുന്ന സാമ്പത്തിക ദുരന്തത്തിലേക്കാണ് വഴിതുറന്നത്. അതിന്റെ പ്രത്യാഘാതങ്ങളും കെടുതികളും അനുഭവിച്ചറിഞ്ഞ ജനത ഇനിയും അത്തരം നടപടികളുണ്ടാകുമെന്ന് കണക്കുകൂട്ടുന്നു. ദുരന്തത്തിലേക്ക് നയിക്കാന്‍ പ്രാപ്തമായ ഏത് അസ്ഥിരാവസ്ഥയും സമീപഭാവിയിലുണ്ടാകുമെന്ന ഭീതിയും നിക്ഷേപകരില്‍ നിലനില്‍ക്കുന്നു. പണം ബാങ്കുകളില്‍ നിക്ഷേപിക്കണം, ബാങ്കുകള്‍ വഴി മാത്രമേ ഇടപാടുകള്‍ നടത്താവൂ എന്നിങ്ങനെ ബാങ്കിങ്ങ് ഇടപാടുകളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയായിരുന്നു ക്യാഷ് ലെസ് ഇക്കോണമിയെന്ന മോദിയുടെ ഡിജിറ്റല്‍ സ്വപ്നം. എന്നാല്‍, തുടര്‍ച്ചയായുണ്ടാകുന്ന ബാങ്കുകളുടെ തകര്‍ച്ച കേന്ദ്രസര്‍ക്കാരിനും ആര്‍.ബി.ഐക്കും തടയാന്‍ കഴിയാതെ വന്നതോടെ ഈ വിശ്വാസവും ഇല്ലാതായി.
നോട്ടുനിരോധനം വഴി കള്ളപ്പണവും കള്ളനോട്ടും തടയുകയാണ് നടപടികൊണ്ടു ലക്ഷ്യമിട്ടതെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം തന്നെ പാഴ്വാക്കായി. കാരണം ഇന്ത്യയിലെ അനധികൃത സമ്പാദ്യത്തില്‍ അഞ്ചു മുതല്‍ ആറു ശതമാനം വരെ മാത്രമാണ് കറന്‍സിയായി ഉള്ളത് എന്ന കണക്കിനു മറുപടി നല്‍കാന്‍ മോദിക്കോ സര്‍ക്കാര്‍ നേതൃത്വങ്ങള്‍ക്കോ കഴിഞ്ഞില്ല. ക്യാഷ്ലെസ് ഇക്കോണമി ലക്ഷ്യമിട്ട സര്‍ക്കാരിനു പിന്നെ കാണ്ടേണ്ടിവന്നത് ഡിജിറ്റല്‍ ഇടപാടുകള്‍ക്കൊപ്പം കറന്‍സി നോട്ടുകളുടെ വിനിമയവും കൂടുന്നതാണ്. ഇങ്ങനെയിരിക്കെ, ഇന്ത്യന്‍ ധനകാര്യമേഖലയില്‍ പ്രത്യേകിച്ച് ബാങ്കിങ്ങ് മേഖലയില്‍ വിശ്വാസത്തകര്‍ച്ച സൃഷ്ടിക്കാന്‍ മാത്രം കഴിഞ്ഞ വികലമായ ഒരു പരിഷ്‌കാരം മാത്രമായിരുന്നു നരേന്ദ്ര മോദിയുടെ നോട്ടുനിരോധനം. കൈവശമുള്ള പണത്തില്‍പ്പോലും വിശ്വാസമില്ലാത്ത ഒരു ജനതയാക്കി മാറ്റിയെന്നതായിരുന്നു ആ നടപടിയുടെ പ്രത്യാഘാതം. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് 2000-ത്തിന്റെ നോട്ടുകള്‍ പിന്‍വലിക്കുന്നുവെന്ന പ്രചാരണം. 2000-ത്തിന്റെ നോട്ടിന്റെ പ്രിന്റിങ്ങ് നിര്‍ത്തിയെന്ന് ആര്‍.ബി.ഐ ഒരു വിവരാവകാശ പ്രതികരണത്തില്‍ പറഞ്ഞിരുന്നു. വൈകാതെ ഈ നോട്ടുകളും പിന്‍വലിച്ചേക്കുമെന്നാണ് അഭ്യൂഹം. ഇന്ത്യന്‍ ബാങ്ക് അടക്കമുള്ള ചില പൊതുമേഖലാ ബാങ്കുകള്‍ എ.ടി.എമ്മുകളില്‍ 2,000 രൂപയുടെ നോട്ടുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുകയും ചെയ്തു. കറന്‍സിയുടെമേല്‍ ഇത്തരം അഭ്യൂഹങ്ങളും ആശങ്കകളും പാടില്ലെന്ന അടിസ്ഥാന ധനകാര്യ സിദ്ധാന്തംപോലും കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചു.
കാഷ്ലെസ് ഇക്കണോമിയാകണമെന്ന് പ്രഖ്യാപിച്ചശേഷം ഇടപാടുകളെല്ലാം ബാങ്കുകള്‍ വഴിയാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. അതിനൊപ്പം സര്‍ക്കാര്‍ നിയന്ത്രണമില്ലാത്ത ന്യൂജെന്‍ ബാങ്കുകളെ കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചു. നിയമങ്ങളും നയങ്ങളും അതിനുവേണ്ടി മാറ്റി. നവലിബറലിസം നടപ്പായ തൊണ്ണൂറുകള്‍ മുതല്‍ ഘട്ടങ്ങളായി നടന്നുവന്നത് ഇത്തരം ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളായിരുന്നു. പൊതുമേഖലാ ബാങ്കുകളേക്കാളും ഷെഡ്യൂള്‍ഡ് ബാങ്കുകളേക്കാളും കൂടുതല്‍ പലിശ നല്‍കിയാണ് ന്യൂജെന്‍ ബാങ്കുകള്‍ നിക്ഷേപകരെ ആകര്‍ഷിച്ചത്. ഇതില്‍ സാധാരണ നിക്ഷേപകര്‍ മാത്രമായിരുന്നില്ല ആകര്‍ഷിക്കപ്പെട്ടത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്ന പൊതുപണം പോലും ന്യൂജെന്‍ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടു. ഉദാഹരണത്തിന്, കിഫ്ബിയുടെ നിക്ഷേപം യെസ് ബാങ്കിലുണ്ടായിരുന്നു. റേറ്റിങ് കുറഞ്ഞ മുറയ്ക്ക് ആ പണം പിന്‍വലിച്ചെന്നാണ് കിഫ്ബി ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. മോറട്ടോറിയം പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പാണ് വഡോദര സ്മാര്‍ട്ട് സിറ്റി ഡെവലപ്പ്മെന്റ് കമ്പനി 265 കോടി പിന്‍വലിച്ചത്. വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പ്രത്യേക സംവിധാനമാണ് ഈ സ്ഥാപനം. കഴിഞ്ഞ ഒക്ടോബറിലാണ് തിരുപ്പതി ദേവസ്വം 1300 കോടി രൂപ യെസ് ബാങ്കില്‍നിന്നു പിന്‍വലിച്ചത്. രാജ്യത്തെ ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പതിയിലേത്. വേറെയും സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപമുണ്ടായിരുന്നെങ്കിലും ഏറ്റവും കൂടുതല്‍ തുക നിക്ഷേപിച്ചിരുന്നത് യെസ് ബാങ്കിലായിരുന്നു. കിഫ്ബിയും തിരുപ്പതി ദേവസ്വംബോര്‍ഡും ഗുജറാത്ത് സര്‍ക്കാരുമൊക്കെ യെസ് ബാങ്കിലേക്ക് ആകര്‍ഷിക്കപ്പെട്ടതിന്റെ കാരണങ്ങളിലൊന്ന് മറ്റു ബാങ്കുകളെ അപേക്ഷിച്ച് ലഭിക്കുന്ന ഉയര്‍ന്ന പലിശയായിരുന്നു.
ഇന്ത്യന്‍ ബാങ്കിങ് സംവിധാനത്തില്‍, ആര്‍.ബി.ഐയുടെ നിരീക്ഷണ സംവിധാനത്തിന്റെ പരിമിതി അറിയണമെങ്കില്‍ യെസ് ബാങ്കിന്റെ തകര്‍ച്ചയുടെ നാള്‍വഴികള്‍ നോക്കിയാല്‍ മതിയാകും. രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ സ്വകാര്യ ബാങ്കായിരുന്നു യെസ്. 2004-ല്‍ ബാങ്ക് ഓഫ് അമേരിക്കയുടെ മുന്‍ എക്സിക്യൂട്ടീവ് റാണ കപൂറാണ് യെസ് ബാങ്കിന്റെ സ്ഥാപകന്‍. വളരെ വേഗത്തില്‍, അസാധാരണ നിലയില്‍ വളര്‍ച്ച നേടിയ ബാങ്കിനു പില്‍ക്കാലത്ത് നിക്ഷേപം കുറഞ്ഞു. അതേസമയം, വായ്പകള്‍ കൂടുകയും ചെയ്തു. നിക്ഷേപത്തിനു കൂടുതല്‍ പലിശ നല്‍കണമെങ്കില്‍ വായ്പകളില്‍നിന്നും കൂടുതല്‍ പലിശ ഈടാക്കേണ്ടി വരുമെന്നത് സ്വാഭാവികം. എന്നാല്‍, വായ്പകള്‍ കിട്ടാക്കടമായി മാറിയതോടെ ബാങ്ക് പ്രതിസന്ധിയിലായി. 2014 മാര്‍ച്ച് 31-ന് ലഭ്യമായ കണക്ക് അനുസരിച്ച് 55,633 കോടിയുടെ വായ്പകളാണ് ബാങ്ക് നല്‍കിയത്. അതേസമയം, നിക്ഷേപമായി കിട്ടിയത് 74,192 കോടിയും. എന്നാല്‍ അടുത്ത അഞ്ചരവര്‍ഷക്കാലയളവിനുള്ളില്‍ വായ്പ 2,24,505 കോടിയായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ കണക്ക് അനുസരിച്ച് നിക്ഷേപത്തില്‍ വലിയ വര്‍ദ്ധനയുണ്ടായതുമില്ല. നിഷ്‌ക്രിയ ആസ്തി അഥവാ കിട്ടാക്കടം 7.39 ശതമാനമായി വര്‍ദ്ധിച്ചു. 2014 മാര്‍ച്ചില്‍ 0.31 ശതമാനം മാത്രമായിരുന്നു നിഷ്‌ക്രിയ ആസ്തി.
നിക്ഷേപം കുറയാനുള്ള കാരണങ്ങള്‍ നോട്ടുനിരോധനവും വിശ്വാസ്യതക്കുറവുമായിരുന്നു. സര്‍ക്കാര്‍ നല്‍കുമെന്നു കരുതുന്ന ഗ്യാരന്റിയായിരുന്നു പൊതുമേഖലാ ബാങ്കുകളുടെ വിശ്വാസത്തിന്റെ അടിത്തറ. എന്നാല്‍, അത് യെസ് ബാങ്കിനുണ്ടായിരുന്നില്ല. സാമ്പത്തികനില ഭദ്രമല്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സ്, ദിവാന്‍ ഹൗസിങ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, ജെറ്റ് എയര്‍വേയ്സ് എന്നീ കമ്പനികള്‍ക്ക് വായ്പകള്‍ നല്‍കിയെന്നാണ് ഇതിനകം കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് റാണ കപൂറിന് മൂന്നു വര്‍ഷം കൂടി മാനേജിങ് ഡയറക്ടറായി തുടരാനുള്ള അനുമതി ആര്‍.ബി.ഐ നിഷേധിച്ചു. എന്നാല്‍, അതിനുള്ള കാരണം വ്യക്തമാക്കാന്‍ ആര്‍.ബി.ഐ തയ്യാറായില്ല. ഒടുവില്‍ 2019 ജനുവരി വരെ കാലാവധി നീട്ടി നല്‍കുകയായിരുന്നു. ദുരൂഹമായ ഇടപെടലുകള്‍ ബോധ്യപ്പെട്ടിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നതാണ് ആര്‍.ബി.ഐക്കെതിരേയുള്ള വിമര്‍ശനം. നോട്ടുനിരോധനത്തിനു ശേഷം ബാങ്കിന്റെ വായ്പ 100 ശതമാനം വര്‍ദ്ധിച്ചു. 2014-ല്‍ 55633 കോടിയായിരുന്ന വായ്പകള്‍ 2019 ആകുമ്പോഴേക്കും 2,41,499 കോടിയായി. ബാങ്ക് നിലവില്‍ വന്നിട്ട് 17 വര്‍ഷമായിട്ടും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ വര്‍ഷം മുതലാണ് വായ്പകള്‍ ക്രമാതീതമായി കൂടിയത്.
നഷ്ടം പൊതുമേഖലയ്ക്ക്
മറ്റൊന്ന് ഏറ്റെടുക്കലിന് റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുള്ള ഫോര്‍മുലയെക്കുറിച്ചാണ്. കെടുകാര്യസ്ഥതയും അഴിമതിയും മൂലം പ്രതിസന്ധിയിലകപ്പെടുന്ന ബാങ്കുകളെ രക്ഷിക്കാന്‍ പൊതുമേഖലാ ബാങ്കുകളെ നിര്‍ബന്ധിക്കുന്നത് അതിന്റെ സാമ്പത്തികസ്ഥിതിയെ ബാധിക്കുമെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനങ്ങളിലൊന്ന്. നവ ഉദാരവല്‍ക്കരണത്തിന്റെ വിമര്‍ശകരെല്ലാം സ്ഥിരമായി ഉന്നയിക്കുന്ന ഒന്നാണ് പ്രൈവറ്റൈസേഷന്‍ ഓഫ് പ്രോഫിറ്റ് ആന്‍ഡ് നാഷണലൈസേഷന്‍ ഓഫ് ലോസ്. ഗ്ലോബല്‍ ട്രസ്റ്റ് ബാങ്ക് പൊളിഞ്ഞപ്പോള്‍ ഏറ്റെടുത്തത് ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സാണ് ഏറ്റെടുത്തത്. മികച്ച സാമ്പത്തിക ശേഷിയുള്ള ഈ പൊതുമേഖലാ ബാങ്ക് ഏറ്റെടുക്കലോടെ ക്ഷയിച്ചു. സ്വകാര്യ ബാങ്കിന്റെ എല്ലാ സ്വഭാവങ്ങളുമുള്ള എസ്.ബി.ഐ ഏറ്റെടുത്താല്‍ അതിന്റെ പ്രത്യാഘാതം ജനങ്ങള്‍ക്കു തന്നെയാകുമെന്ന് പറയുന്നു സാമ്പത്തിക വിദഗ്ദ്ധനായ വി.കെ. പ്രസാദ്. പൊതുമേഖലാ ബാങ്കുകള്‍ക്ക് മത്സരക്ഷമതയില്ലെന്ന് പറഞ്ഞാണ് ന്യൂജെന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ഈ ബാങ്കുകളെ ഏറ്റെടുക്കേണ്ട ഗതികേടിലാണ് പൊതുമേഖലയിലെ ബാങ്കുകളെന്നും അദ്ദേഹം പറയുന്നു. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐയ്ക്ക് 23 ലക്ഷം കോടിയുടെ വായ്പകളാണുള്ളത്. 2.57 ലക്ഷം കോടിയാണ് വിപണിമൂല്യം. ഇപ്പോള്‍ത്തന്നെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ഉയര്‍ന്ന തോതിലാണ്. ഇത് നികത്താനായി വര്‍ഷം തോറും കേന്ദ്രസര്‍ക്കാര്‍ പണം നല്‍കുന്നുണ്ട്. 7.27 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകളുടെ നിലവിലുള്ള നിഷ്‌ക്രിയ ആസ്തി. അധിക മൂലധനമായി മൂന്നരലക്ഷം കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകളില്‍ സര്‍ക്കാര്‍ മുടക്കിയതെന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നു.
ഉത്തരം പറയാന്‍ ആര്‍.ബി.ഐക്ക് ബാധ്യത
വി.കെ. പ്രസാദ്
ധനകാര്യ ചിന്തകന്‍
യെസ് ബാങ്കിന്റെ കാര്യത്തില്‍ മാത്രമല്ല, ബാങ്കിങ് സംവിധാനത്തില്‍ ഇത് പൊടുന്നനെ സംഭവിച്ച ഒന്നല്ല. അതറിയാന്‍ ആഗോളവല്‍ക്കരണത്തിനുശേഷം ഇന്ത്യയില്‍ തകര്‍ച്ച നേരിട്ട ബാങ്കുകളുടെ എണ്ണം പരിശോധിച്ചാല്‍ മതി. 1969-ലെ ദേശസാല്‍ക്കരണത്തിനുശേഷം തൊണ്ണൂറുകള്‍ വരെ ബാങ്കുകളുടെ തകര്‍ച്ച വളരെ കുറവായിരുന്നു.
സ്വകാര്യ ബാങ്കുകള്‍ക്കുപോലും പൊതുമേഖലാ ബാങ്കുകളുടെ സ്വഭാവസവിശേഷതകളുണ്ടായിരുന്നു. റെഗുലേറ്ററി സംവിധാനവും മെച്ചപ്പെട്ടതായിരുന്നു. കേരളത്തില്‍ ബാങ്ക് ഓഫ് കൊച്ചിന്‍ മാത്രമാണ് തകര്‍ന്നത്. എന്നാല്‍, 1947 മുതല്‍ 1969 വരെയുള്ള കാലയളവില്‍ കേരളത്തില്‍ ഏതാണ്ട് നാല്‍പ്പതിലധികം ബാങ്കുകള്‍ സാമ്പത്തിക തകര്‍ച്ച നേരിട്ടിട്ടുണ്ട്. ഇങ്ങനെയൊരു പശ്ചാത്തലം കൂടിയുണ്ട്. 2003 മുതല്‍ ന്യൂജെന്‍ ബാങ്കുകള്‍ വന്നു. അതില്‍ത്തന്നെ എത്ര ബാങ്കുകള്‍ തകര്‍ന്നു. ഗ്ലോബല്‍ ട്രസ്റ്റ് ബാങ്ക്, ടൈംസ് ബാങ്ക്, ബാങ്ക് ഓഫ് പഞ്ചാബ്, സെഞ്ചൂറിയന്‍ ബാങ്ക് തുടങ്ങി പല ബാങ്കുകളും തകര്‍ന്നു. എല്‍.ഐ.സിയുടെ പിന്തുണയോടെയാണ് ഐ.ഡി.ബി.ഐ ബാങ്ക് നിലനില്‍ക്കുന്നത്. പഴയ തലമുറയില്‍പ്പെട്ട സ്വകാര്യ ബാങ്കുകളായ നെടുങ്ങാടി ബാങ്ക്, യുണൈറ്റഡ് വെസ്റ്റേണ്‍, ലോര്‍ഡ് കൃഷ്ണ, രത്‌നാകര്‍ എന്നിവയും തകര്‍ന്നു. ഇതു പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്ന ഒന്നാമത്തെ കാര്യം 1991-നുശേഷം റെഗുലേറ്ററി സംവിധാനത്തില്‍ പാകപ്പിഴകളുണ്ട് എന്നതാണ്. രണ്ടാമത്തേത്, നിയമവിരുദ്ധമായ ഫണ്ട് തിരിമറി ഈ തകര്‍ച്ചകള്‍ക്ക് എല്ലാം കാരണമാണ്. നെടുങ്ങാടി ബാങ്ക് പ്രമോട്ടര്‍ രാജേന്ദ്ര ബന്ധ്യ ഫണ്ട് മുഴുവന്‍ ഓഹരിവിപണിയിലിറക്കുകയായിരുന്നു. ലോര്‍ഡ് കൃഷ്ണ ബാങ്കിലാകട്ടെ, പ്രമോട്ടറായ അശ്വനി കുമാര്‍ ബിനാമി ഏര്‍പ്പാടുകളിലൂടെ ഫണ്ട് മുഴുവന്‍ മറിച്ചതാണ് പ്രശ്‌നമായത്. യുണൈറ്റഡ് വെസ്റ്റേണ്‍ ബാങ്കിനും സംഭവിച്ചത് മറ്റൊന്നല്ല.
യെസ് ബാങ്കിന്റെ പ്രമോട്ടര്‍ അടുത്ത ബന്ധുക്കളുടെ 46 കമ്പനികള്‍ക്കാണ് ഫണ്ട് നല്‍കിയത്. ആര്‍.ബി.ഐ വര്‍ഷാവര്‍ഷം ഇതൊക്കെ പരിശോധിക്കുന്നുണ്ട്. എന്നിട്ടും തിരിച്ചറിയുന്നില്ലെങ്കില്‍ ഒന്നുകില്‍ ആ പരിശോധനാ സംവിധാനം ഫലപ്രദമല്ല. അതല്ലെങ്കില്‍ അവര്‍ ഈ സംവിധാനത്തിനു പുല്ലുവിലയേ കൊടുക്കുന്നുള്ളൂ. ആര്‍.ബി.ഐ ഒരു കടലാസുപുലിയാണെന്നു വീണ്ടും തെളിയിക്കുകയാണ്. രക്ഷിക്കാനല്ല, മരിച്ചതിനുശേഷം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്ന സര്‍ജന്‍മാരെപ്പോലെയാണ് ആര്‍.ബി.ഐ പെരുമാറുന്നത്. സഹകരണബാങ്കുകളെയൊക്കെ റെഗുലേറ്റ് ചെയ്യാന്‍ ധൃതിപിടിക്കുന്ന ആര്‍.ബി.ഐ നിലവിലുള്ള നിയന്ത്രണസംവിധാനംപോലും പാലിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കോര്‍പ്പറേറ്റുകളുടെ ലോകം യാതൊരു നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാത്തതാണെന്ന വസ്തുതകൂടി ഈ തകര്‍ച്ച കാണിക്കുന്നു. ഇത്രയും വീഴ്ചകളുണ്ടായിട്ടും ആര്‍.ബി.ഐ അക്കൗണ്ടബിളല്ല. ഇത്രയും ബാങ്കുകള്‍ തകര്‍ന്നിട്ടും പലതരം വീഴ്ചകളുണ്ടായിട്ടും ഇന്നേവരെ ആര്‍.ബി.ഐ ഉത്തരം പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ സംയുക്ത പാര്‍ലമെന്റ് സമിതി അന്വേഷണം നടത്തണം.
പിയര്‍ ടു പിയര്‍ മുതല്‍ തകര്‍ച്ച വരെ: ബാങ്കിങ് മേഖലയിലെ ആശങ്കകള്‍
എ.കെ. രമേശ്
ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ്
വിശ്വാസത്തകര്‍ച്ചയുണ്ടെന്നത് വസ്തുതയാണ്. ബാങ്കുകളില്‍ നിക്ഷേപിക്കുന്നതുപോലും കാശ് നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ്. നേരത്തെ കൊണ്ടുവരാന്‍ ശ്രമിച്ചിട്ട് പിന്‍വലിച്ച ബില്ലാണ് എഫ്.ആര്‍.ഡി.എ ബില്ല്. ആ ബില്ലിലെ വ്യവസ്ഥയനുസരിച്ച് ബാങ്കുകളുടെ ബെയ്ല്‍ ഔട്ടിന് പകരം ബെയ്ല്‍ ഇന്‍ ആണ്. അതായത് ബാങ്കുകള്‍ സാമ്പത്തികത്തകര്‍ച്ച നേരിട്ടാല്‍ ബാങ്കുകളെ സഹായിക്കുന്നതിനു പകരം നിക്ഷേപകരുടെ പണം ഉപയോഗിക്കാന്‍ സഹായിക്കുന്നതാണ് ഈ വ്യവസ്ഥ. സൈപ്രസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഈ വ്യവസ്ഥയുണ്ട്. എന്നാല്‍ വ്യാപകമായ എതിര്‍പ്പിനെത്തുടര്‍ന്നത് ഈ ബില്‍ പിന്‍വലിച്ചു. എന്നാല്‍, ഇതു വീണ്ടും കൊണ്ടുവരാനാണ് ശ്രമം. അതായത് നിക്ഷേപകനെ സംബന്ധിച്ചിടത്തോളം എന്റെ നിക്ഷേപം സുരക്ഷിതമാണോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്. പേറ്റിഎം പോലുള്ള ഫിന്‍ടെക് കമ്പനികളുടെ ആക്രമണത്തില്‍ നിന്ന് അടുത്തകാലത്തൊന്നും രക്ഷപ്പെടാനാകാത്ത അവസ്ഥയിലാണ് ബാങ്കുകള്‍. ഇത് ഇന്ത്യയിലെ മാത്രം അവസ്ഥയല്ല. ലോകത്താകെ ഫിന്‍ടെക് സ്ഥാപനങ്ങള്‍ അവരുടെ സാന്നിധ്യം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പ്രൈസ് വാട്ടര്‍കൂപ്പേഴ്സിന്റെ പഠനം. മുപ്പതോളം സ്ഥാപനങ്ങള്‍ ഇപ്പോള്‍ത്തന്നെ രാജ്യത്തുണ്ട്. ഇവയെ ഏതു പട്ടികയില്‍പ്പെടുത്തണമെന്ന ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ. ഇതൊക്കെ ബാങ്കിങ്ങിനെ ബാധിക്കുന്ന പ്രതിസന്ധികളാണ്. ഇതിനൊക്കെ പുറമേയാണ് യെസ് ബാങ്ക് പോലെയുള്ള ബാങ്കുകളുടെ തകര്‍ച്ച. പിയര്‍ ടു പിയര്‍ ലെന്‍ഡിങ് ആണ് മറ്റൊരു പ്രതിസന്ധി. അത് ഊബറൈസേഷന്‍ പോലെയാണ്. കണ്‍വെന്‍ഷണല്‍ ബാങ്കിങ് സംവിധാനം പാടേ മാറ്റുന്ന ഈ നയത്തിനും റിസര്‍വ്വ് ബാങ്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.
ബാങ്കിങ്ങ് മേഖലയുടെ ചുവടുവയ്പുകള്‍
1950
അറുന്നൂറോളം ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നു
1959
ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യയെ ദേശസാല്‍ക്കരിച്ച് എസ്.ബി.ഐ രൂപീകരണം
1960
എസ്.ബി.ടി, എസ്.ബി.ഐയുടെ അനുബന്ധ ബാങ്ക്
1967
ബാങ്കുകളുടെ സാമൂഹിക നിയന്ത്രണം സംബന്ധിച്ച് ചര്‍ച്ച
1968
ദേശസാല്‍ക്കരണത്തിനു മുന്നോടിയായി ബാങ്കിങ് റെഗുലേഷന്‍ നിയമത്തില്‍ ഭേദഗതി
1969
ഒന്നാം ദേശസാല്‍ക്കരണം (14 ബാങ്കുകള്‍)
1975
ഗ്രാമീണ്‍ ബാങ്കുകള്‍ തുടങ്ങുന്നു
1980
രണ്ടാംഘട്ട ദേശസാല്‍ക്കരണം (6 ബാങ്കുകള്‍)
1982
കാര്‍ഷികമേഖലയ്ക്കായി നബാര്‍ഡ്
1990
ചെറുകിട വ്യവസായങ്ങള്‍ക്കായി സിഡ്ബി
1993
പ്രതിസന്ധിയെത്തുടര്‍ന്ന് ന്യൂ ഇന്ത്യാ ബാങ്കിനെ പി.എന്‍.ബി ഏറ്റെടുത്തു
2004
സ്വകാര്യ ബാങ്കുകള്‍ക്ക് അനുമതി
2017
എസ്.ബി.ടി ഒഴികെയുള്ള അനുബന്ധ ബാങ്കുകളെല്ലാം ലയിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates