

ഇന്ത്യയുടെ കായിക ചരിത്രത്തില്‍ ഏറെ ആഘോഷിക്കപ്പെട്ടവയാണ് കേരളത്തിന്റെ നേട്ടങ്ങള്‍. കായിക മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ എല്ലായ്‌പോഴും പരാമര്‍ശിക്കപ്പെടുന്ന വസ്തുതയാണ് കേരളത്തിന്റെ നേട്ടങ്ങള്‍ക്കു പിറകിലുള്ള കേരളത്തിലെ കായിക വിദ്യാഭ്യാസ മേഖലയുടെ സംഭാവനകള്‍. കായിക പ്രതിഭകളെ കണ്ടെത്തുന്നതിലും അവരെ മത്സരസജ്ജരാക്കുന്നതിലും ഇവിടത്തെ കായികാദ്ധ്യാപകര്‍ കാലാകാലങ്ങളായി ഉത്സുകരാണ്. എന്നാലിന്ന് അതിജീവനത്തിനുള്ള തീവ്ര പോരാട്ടത്തിലാണ് കേരളത്തിലെ കായിക വിദ്യാഭ്യാസം. കുട്ടികളുടെ വളര്‍ച്ചയിലും വികാസത്തിലും നിര്‍ണ്ണായക പങ്കുവഹിക്കുന്ന കായിക വിദ്യാഭ്യാസത്തിന്റെ അഭാവം കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സ്‌കൂളുകളിലെ കായികാദ്ധ്യാപകരുടെ ജോലി സുരക്ഷയും പുതിയ നിയമനങ്ങളും കാലങ്ങളായുള്ള തുലാസിലാടുന്ന അവസ്ഥ ഒട്ടും ആശാസ്യകരമായ ഒന്നല്ല. സെക്രട്ടേറിയറ്റ് പടിക്കല്‍ കായികാദ്ധ്യാപക സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഈയെഴുത്ത്.
കേരളത്തിന്റെ കായികാഭ്യാസ പാരമ്പര്യം വ്യവസ്ഥാപിതമാവുന്നത് സംഘകാലത്ത് രൂപംകൊണ്ട കളരികളിലൂടെയാണ്. കായിക കളരികളും എഴുത്തുകളരികളും വായനാകളരികളും പണിതീര്‍ത്ത അസ്ഥിവാരത്തിലാണ് കേരളം അതിന്റെ ആധുനിക വിദ്യാഭ്യാസ ഘടന പണിതുയര്‍ത്തിയിരിക്കുന്നത്. ചുരുക്കത്തില്‍ പുരാതന കായിക കളരികളിലെ ആശാന്മാരുടെ ധര്‍മ്മമാണ് സ്‌കൂളുകളിലെ ഇന്നത്തെ കായികാദ്ധ്യാപകര്‍ നിര്‍വ്വഹിക്കേണ്ടത്. വിദ്യാഭ്യാസത്തിലെ പ്രാഥമിക ഘട്ടത്തില്‍ നാലു പ്രത്യക്ഷ അടിസ്ഥാന ഘടകങ്ങളാണ് കുടികൊള്ളുന്നതെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധര്‍ വിലയിരുത്തുന്നുണ്ട്. കളി, എഴുത്ത്, വായന, ഗണിതം എന്നിവയാണവ. അതില്‍ തന്നെ കുട്ടികളുടെ യുക്തിവിചാരത്തേയും സ്മൃതി ശക്തിയേയും സൃഷ്ടിപരതയേയും തീരുമാനങ്ങളെടുക്കാനുള്ള കഴിവിനേയും നിശ്ചയിക്കുന്നതില്‍ കളികള്‍ക്ക് നിര്‍ണ്ണായകമായ സ്വാധീനമുണ്ടെന്ന് നിസ്സംശയം പറയാം.
2008 മെയ് മാസത്തില്‍ ക്യൂബയിലെ ഹവാനയില്‍ വെച്ച് നടന്ന സ്‌കൂള്‍ സ്പോര്‍ട്സിനെ കുറിച്ചുള്ള അന്താരാഷ്ട്ര ശില്പശാലയില്‍ മുഖ്യ പ്രഭാഷണം നടത്തിയ ടെക്സാസ് യൂണിവേഴ്സിറ്റിയിലെ എമിരറ്റസ് പ്രൊഫസറും ഡെവലപ്മെന്റല്‍ സൈക്കോളജിസ്റ്റുമായ റോബര്‍ട്ട് എം. മലിന കളികളെക്കുറിച്ചു പറഞ്ഞത് ഇപ്രകാരം: ''കുട്ടികളുടെ സ്വാഭാവിക വളര്‍ച്ചയ്ക്കും വികാസത്തിനും അവര്‍ കളികളിലേര്‍പ്പെടേണ്ടത് അത്യന്താപേക്ഷിതം. മസ്തിഷ്‌ക വികാസത്തിനും അവശ്യം വേണ്ട നാഡിപേശീ ഏകോപനത്തിനും കളികള്‍ മാത്രമാണ് മാര്‍ഗ്ഗം. അതുകൊണ്ട് തന്നെ കായിക വിദ്യാഭ്യാസത്തിന് ഒരു കുട്ടിയുടെ വ്യക്തിത്വ വികാസത്തില്‍ അനിഷേധ്യ സ്ഥാനമുണ്ട്. മാത്രമല്ല, ഒരു കുട്ടിക്ക് ഭാവിയിലേക്ക് വേണ്ട ജീവിത പരിചയം പകര്‍ന്നു നല്‍കുന്നതിലും കളികള്‍ക്ക് വലിയ സ്ഥാനമുണ്ട്.'' പ്രൊഫസര്‍ മലിനയെ നമുക്ക് തല്‍ക്കാലം മാറ്റിനിര്‍ത്താം. ജൈവശാസ്ത്രപരമായിത്തന്നെ ഏതൊരു ജീവജാലത്തിന്റേയും കുട്ടിക്കാലം കളികളാല്‍ നിറഞ്ഞതാണെന്ന് ചുറ്റുപാടും നിരീക്ഷിച്ചാല്‍ നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. ചാടിക്കളിക്കുന്ന ഒരാട്ടിന്‍കുട്ടിയും പരസ്പരം കുത്തിമറിയുന്ന നായക്കുട്ടികളുമെല്ലാം തന്നെ അവയുടെ വളര്‍ച്ചയുടെ അനിവാര്യമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മനുഷ്യക്കുഞ്ഞുങ്ങളും ശൈശവത്തിലും കുട്ടിക്കാലത്തും ഏര്‍പ്പെടുന്ന ഏറ്റവും 'ഗൗരവ'മുള്ള പ്രവൃത്തി കളി തന്നെയാണ്.
കുട്ടികളുടെ കളി ഭാവിയിലെ കൂടുതല്‍ ഗൗരവമേറിയ ജീവിതത്തിനായുള്ള തയ്യാറെടുപ്പാണെന്ന ഒരു സിദ്ധാന്തം തന്നെ കായികവിദ്യാഭ്യാസത്തിലുണ്ട്. എന്നാല്‍ ആധുനിക മസ്തിഷ്‌കശാസ്ത്രത്തിലെ ഗഹനമായ പഠനങ്ങള്‍ തെളിയിക്കുന്നത് കുട്ടിക്കാലത്തെ കളികളിലൂടേയുള്ള തുടര്‍ച്ചയായ ഉദ്ദീപന-പ്രതികരണ സാഹചര്യങ്ങളുടെ ലഭ്യത തലച്ചോറിന്റെ കാര്യക്ഷമമായ വളര്‍ച്ചയ്ക്കും അതുപോലെതന്നെ ശരീരത്തിലെ മറ്റവയവങ്ങളുടേയും പ്രവര്‍ത്തനാവസ്ഥകളുടേയും സന്തുലിതമായ വികാസത്തിനും അത്യന്താപേക്ഷിതമാണെന്നാണ്. സ്‌കൂളുകളിലെത്തുന്ന കുട്ടികളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളുടെ പ്രത്യേകതയനുസരിച്ച് അവര്‍ക്ക് കളികളിലും മറ്റു കായികാഭ്യാസങ്ങളിലും അനുയോജ്യമായ പരിശീലനം നല്‍കുകയെന്നതാണ് കായികാദ്ധ്യാപകരുടെ പ്രഥമ കര്‍ത്തവ്യം. കായിക വിദ്യാഭ്യാസത്തിന്റെ പരമലക്ഷ്യമായ കായികാഭ്യാസങ്ങളിലൂടെയുള്ള പഠനത്തെ അതു സാധൂകരിക്കുന്നു.
കായിക വിദ്യാഭ്യാസത്തിന്റെ ദുരവസ്ഥ
എന്നാല്‍ ഇപ്പറഞ്ഞതില്‍നിന്നും കേരളത്തിലെ കായിക വിദ്യാഭ്യാസം സമ്പൂര്‍ണ്ണമായും ശരിയുടെ പാതയിലാണ് സഞ്ചരിക്കുന്നതെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. ഒട്ടേറെ തെറ്റിദ്ധാരണകളുടെ നടുവിലാണ് ഇന്നും കേരളത്തിലെ കായിക വിദ്യാഭ്യാസം. അത്തരം തെറ്റിദ്ധാരണകളും കായികാദ്ധ്യാപകരുടെ പിടിപ്പുകേടുമാണ് മഹത്തായ ഈ വിദ്യാഭ്യാസ മേഖലയെ ഇന്നു കാണുന്ന അവസ്ഥയിലെത്തിച്ചത്. കായിക വിദ്യാഭ്യാസത്തിന്റെ വിശാലമായ ലക്ഷ്യങ്ങളെ നിസ്സാരവല്‍ക്കരിച്ച് അവയെ സ്‌കൂളിലെ അച്ചടക്ക പരിപാലനത്തിലേക്കും സ്‌കൂള്‍ കായികമേളയില്‍ ലഭിക്കുന്ന ഏതാനും മെഡലുകളിലേക്കും മാത്രമായി ഒതുക്കിയതിന്റെ ആത്യന്തിക ഫലമാണ് കേരളത്തിലെ കായിക വിദ്യാഭ്യാസരംഗം ഇന്നു നേരിടുന്ന ദുരവസ്ഥ. അതില്‍ത്തന്നെ സ്വന്തം തൊഴിലിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മറന്ന് സ്‌കൂള്‍ നടത്തിപ്പിലും പുറം വ്യവഹാരങ്ങളിലും ഏര്‍പ്പെട്ട അദ്ധ്യാപകരെ വെറും നോട്ടക്കാരും വേതനം പറ്റുന്നവരുമായി സമൂഹം വിലയിരുത്തി അതിനെ പൊതുവല്‍ക്കരിച്ചെങ്കില്‍ അതില്‍ കുറ്റം കാണാനാവില്ല. ഇത്രയും പറയുമ്പോള്‍ത്തന്നെ നിങ്ങള്‍ക്ക് ജോലി നല്‍കുന്നതുകൊണ്ട് സമൂഹത്തിന് എന്ത് ഗുണം എന്ന് ചോദിക്കുന്ന സര്‍ക്കാര്‍ സംവിധാനത്തോട് പൂര്‍ണ്ണമായി യോജിക്കാനുമാവില്ല. ജോലിക്കു നില്‍ക്കുന്നവര്‍ കൃത്യമായി എന്തു ജോലിയാണ് ചെയ്യേണ്ടതെന്ന് നിഷ്‌കര്‍ഷിക്കാനുള്ള ബാധ്യത ജോലി നല്‍കുന്നവര്‍ക്കുണ്ട്. നാളിതുവരെയും കായികവിദ്യാഭ്യാസത്തിനൊരു കുറ്റമറ്റ സിലബസോ പരിപാടിയോ മുന്നോട്ട് വെക്കാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്കായിട്ടില്ല. ഉണ്ടായത് ആശയ ദാരിദ്ര്യം വികലമാക്കിയ ചില പരിപാടികള്‍ മാത്രം. വ്യക്തമായ സിലബസില്ലാതെ ഇറക്കിയ പാഠപുസ്തകങ്ങള്‍ ഇതിനുദാഹരണം. ഇന്നു നിലനില്‍ക്കുന്ന കായിക വിദ്യാഭ്യാസ വ്യവസ്ഥിതിയെ സമൂലമായി മാറ്റണമെങ്കില്‍ വേണ്ടിയിരുന്നത് താഴെ ക്ലാസ്സുകള്‍ മുതല്‍ക്ക് നടപ്പാക്കാവുന്ന കൃത്യമായ പാഠ്യപദ്ധതിയും അതു നടപ്പാക്കാനനുയോജ്യമായ സാഹചര്യങ്ങള്‍ ഒരുക്കലുമായിരുന്നു. മേല്‍പ്പറഞ്ഞ പാഠപുസ്തകങ്ങളുടെ അവതരണം നിലവിലുള്ള പോസ്റ്റുകളെങ്കിലും സംരക്ഷിക്കപ്പെടണമെന്ന ഉദ്ദേശത്തില്‍നിന്നുടലെടുത്തതാകാം. പക്ഷേ, അത്തരം കുറുക്കുവഴികള്‍ ഒരിക്കലും പ്രശ്‌നപരിഹാര ഹേതുവാകില്ല.
കായികാദ്ധ്യാപകര്‍ക്ക് ജോലി നല്‍കിയതുകൊണ്ട് സമൂഹത്തിനെന്തു ഗുണം എന്നു ചോദിക്കുന്നവരോട് കേരളത്തിലെ പൗരന്മാരുടെ മരണകാരണങ്ങളെക്കുറിച്ചുള്ള സ്ഥിതി വിവരക്കണക്കൊന്നു പരിശോധിച്ചു നോക്കണം എന്നേ പറയാനുള്ളൂ. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചും പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്സ് ആന്റ് ഇവാല്വേഷനും ചേര്‍ന്നു നടത്തിയ 2016-ലെ ഒരു പഠനം കാണിക്കുന്നത് 40-നും 69-നും മധ്യേ പ്രായമുള്ളവരിലെ മരണത്തില്‍ 37.8 ശതമാനവും നടക്കുന്നത് ഹൃദ്രോഗം മൂലമാണെന്നാണ്. അതുപോലെതന്നെ 70 വയസ്സില്‍ കൂടുതലുള്ളവരുടെ മരണത്തില്‍ 45.7 ശതമാനത്തിനു കാരണവും ഹൃദ്രോഗം തന്നെ. കുറച്ചു വര്‍ഷങ്ങളായി പകര്‍ച്ചവ്യാധികളടക്കമുള്ള മരണകാരണങ്ങളെ കവച്ചുവെയ്ക്കുകയാണ് ജീവിതശൈലീ രോഗങ്ങള്‍. മലയാളിയുടെ ജീവിതശൈലിയില്‍ കായികാഭ്യാസങ്ങളിലുണ്ടായ കുറവ് ഇത്തരം രോഗങ്ങള്‍ക്കുള്ള പ്രധാന കാരണമായി ആരോഗ്യവിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ഇവിടെയാണ് കുട്ടികളില്‍ ചെറുപ്രായത്തില്‍ത്തന്നെ കായികാഭ്യാസങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു നവ കായികസംസ്‌കാരം പടുത്തുയര്‍ത്തുന്നതിന്റെ ആവശ്യകത ഉയര്‍ന്നുവരുന്നത്. കണക്കും ശാസ്ത്രവും ഭാഷകളും പഠിച്ചില്ലെങ്കിലും ഒരു വ്യക്തിക്ക് ആരോഗ്യമുണ്ടെങ്കില്‍ ദീര്‍ഘകാലം ജീവിക്കാം. എന്നാല്‍ ശരിയായ കായികാഭ്യാസ സംസ്‌കാരം കൈമുതലായില്ലാത്ത ഒരു സമൂഹത്തില്‍ വ്യക്തികളുടെ ആരോഗ്യവും ആയുര്‍ദൈര്‍ഘ്യവും പരിമിതമായിരിക്കും. വിദ്യാഭ്യാസവും ആരോഗ്യവുമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യം കൈവരിക്കണമെങ്കില്‍ കായികവിദ്യാഭ്യാസത്തെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചുള്ള ഒരു വിദ്യാഭ്യാസ പരിപാടി നടപ്പാക്കിയേ തീരൂ. അതുപോലെതന്നെ കായികാദ്ധ്യാപകരുടെ മനോഭാവത്തിലും കാര്യമായ മാറ്റം അനിവാര്യമാണ്. തന്റെ സ്‌കൂളിലെ ഓരോ കുട്ടിയുടേയും വളര്‍ച്ചയിലും വികാസത്തിലും അവരുടെ കായികക്ഷമതയിലും തനിക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന ഉത്തമ ബോധ്യം കായികാദ്ധ്യാപകര്‍ക്കുണ്ടാവണം. കായികാദ്ധ്യാപനം സ്‌കൂള്‍ മീറ്റില്‍ ലഭിക്കുന്ന ഏതാനും മെഡലുകളിലേക്കു മാത്രമായൊതുക്കുന്ന പ്രവണത അവസാനിപ്പിക്കുകയും വേണം.
വികസിത രാജ്യങ്ങളുടെ മാതൃക
ജീവിതനിലവാരത്തില്‍ മുന്നിട്ടുനില്‍ക്കുന്ന രാജ്യങ്ങളിലൊക്കെത്തന്നെ മേല്‍പ്പറഞ്ഞ രീതിയില്‍ വ്യവസ്ഥാപിതമായ കായിക വിദ്യാഭ്യാസ പരിപാടികള്‍ നിലനില്‍ക്കുന്നുണ്ട്. ഈ രംഗത്ത് മികച്ച നിലവാരം പുലര്‍ത്തുന്ന രാജ്യങ്ങളൊക്കെത്തന്നെ ശാസ്ത്രീയമായി ആവിഷ്‌കരിച്ച കായിക വിദ്യാഭ്യാസ കരിക്കുലവും നടപ്പാക്കിയിട്ടുണ്ട്. ഓസ്ട്രേലിയയില്‍ അതു മികച്ച സ്പോര്‍ട്സ് സിലബസോടുകൂടിയാണ് നടപ്പാക്കിയിരിക്കുന്നത്. നിര്‍ബന്ധമായ സ്വിമ്മിങ്ങ്, ജിംനാസ്റ്റിക്സ്, അത്ലറ്റിക്സ് തുടങ്ങിയ കായിക ഇനങ്ങള്‍ പഠിക്കുന്നതിനു പുറമേ ഇഷ്ടാനുസൃതം തെരഞ്ഞെടുത്ത് പഠിക്കാവുന്ന ഒരു കൂട്ടം കായിക ഇനങ്ങള്‍കൂടി കുട്ടികള്‍ക്ക് നല്‍കുന്നു. അതിനും പുറമെ കുട്ടികളുടെ വളര്‍ച്ചയ്ക്കും നാഡീപേശീ ഏകോപനത്തിനും സാധ്യമായ രീതിയില്‍ അവരുടെ ചാലക വികാസത്തിനുതകുന്ന തരത്തിലുള്ള അടിസ്ഥാന ചാലക വികാസ പരിപാടികളും കുട്ടികള്‍ക്കായി അവര്‍ ഒരുക്കിയിട്ടുണ്ട്. ചൈനയിലാണെങ്കില്‍ സ്‌കൂളിലെ സ്പോര്‍ട്സ് പാഠ്യപദ്ധതികള്‍ക്ക് പുറമെ കമ്യൂണിറ്റി സെന്ററുകളുടേയും കുടുംബങ്ങളുടേയും പിന്തുണയോടെ കുട്ടികള്‍ക്ക് ഒരു മണിക്കൂര്‍ ശാരീരികാഭ്യാസം ഉറപ്പാക്കുന്ന ഒരു പരിപാടികൂടി 2016 മുതല്‍ ചൈനീസ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നുണ്ട്. 2020-തോടെ കായിക വിദ്യാഭ്യാസ പാഠ്യപദ്ധതിയുമായി ബന്ധപ്പെടുത്തി ഈ പരിപാടി എല്ലാ സ്‌കൂളിലും പരിപൂര്‍ണ്ണ തോതില്‍ നടപ്പാക്കുകയെന്നതാണ് ചൈനീസ് സര്‍ക്കാരിന്റെ ലക്ഷ്യം. വ്യക്തികളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ബൗദ്ധികവികാസത്തിനും ഉതകുന്ന രീതിയില്‍ കായിക വിദ്യാഭ്യാസത്തേയും സ്പോര്‍ട്സിനേയും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു ഇന്റിഗ്രേറ്റഡ് മോഡലാണ് ക്യൂബയില്‍ നടപ്പാക്കിയിരിക്കുന്നത്. ഈ രാജ്യങ്ങളിലൊക്കെത്തന്നെ വിദ്യാര്‍ത്ഥികള്‍ നിര്‍ബ്ബന്ധമായും ഇത്തരം പരിപാടികളില്‍ പങ്കെടുക്കുകയും പരീക്ഷകള്‍ക്കിരിക്കുകയും അവയില്‍ ജയിക്കുകകൂടി വേണം. ഇവിടങ്ങളിലൊക്കെത്തന്നെ പൊതുവിഷയങ്ങള്‍ക്കുള്ളത്രതന്നെ പ്രാധാന്യം കായിക വിദ്യാഭ്യാസത്തിനുമുണ്ട്.
പുതിയ പരിപാടികള്‍ നടപ്പാക്കുമ്പോള്‍ അതിനുവേണ്ട സാമ്പത്തിക സ്രോതസ്സുകൂടി കണ്ടെത്തേണ്ട ബാധ്യതയാവാം സര്‍ക്കാരുകളെ അതില്‍നിന്നും പിന്തിരിപ്പിക്കുന്നത്. പക്ഷേ, ജീവിതശൈലീ രോഗം മൂലമുണ്ടാകുന്ന ഭാരിച്ച ചികിത്സാച്ചെലവും നേരത്തെയുള്ള മരണം മൂലം മാനവിക വിഭവശേഷിയില്‍ വരുന്ന കുറവും പരിശോധിച്ചാല്‍ കായിക വിദ്യാഭ്യാസത്തില്‍ സര്‍ക്കാര്‍ നടത്തുന്ന നിക്ഷേപം ഏറെ ഗുണകരമാവും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, അതിനനുസരിച്ച് ഗുണമേന്മയുള്ള സിലബസൊരുക്കുകയും ആ സിലബസിനനുസരിച്ച് മെച്ചപ്പെട്ട സേവനം കുട്ടികള്‍ക്ക് ലഭ്യമാക്കുകയും കൂടി ചെയ്‌തെങ്കില്‍ മാത്രമേ കായിക വിദ്യാഭ്യാസത്തിന് ഇന്നത്തെ ദുരവസ്ഥയില്‍നിന്നും ഒരു മോചനം സാധ്യമാകൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates