

നമ്മുടെ മോഹന്‍ലാലിന് എന്തുപറ്റി? ഹൃദയം തുറന്നു നടന്ന മനുഷ്യനായിരുന്നു. ലാളിത്യം നിറഞ്ഞ മുഖഭാവം. നല്ല ചിരി. പെരുമാറ്റത്തിലെ സ്വാഭാവികത ആരെയും ആകര്‍ഷിക്കുമായിരുന്നു. ഈ സ്വഭാവ വിശേഷതകളായിരുന്നു ആദ്യകാല സിനിമകളെ ഹിറ്റുകളാക്കിയത്. 'മണിച്ചിത്രത്താഴി'ലെ പ്രകമ്പനങ്ങളില്‍ കൂളായിനിന്ന് നമുക്ക് ആശ്വാസം നല്‍കിയ നായകന്‍. സാധാരണക്കാരന്റെ പരാധീനതകള്‍ എടുത്തുകാട്ടി നമ്മുടെ കൂടെ നടന്ന ടി.പി. ബാലഗോപാലന്‍ നായര്‍ എം.എ. രണ്ടായിരത്തിയഞ്ച്, ആറുവരെ നമ്മളിലൊരാളാണ് മോഹന്‍ലാല്‍ എന്ന് നാം തിരിച്ചറിഞ്ഞിരുന്നു. ആര്‍ക്കും സ്‌നേഹിക്കാവുന്ന മോഹന്‍ലാല്‍. എല്ലാവരേയും ആശ്വസിപ്പിക്കുന്ന മോഹന്‍ലാല്‍. നല്ലവനായ വിശ്വസിക്കാവുന്ന മോഹന്‍ലാല്‍.
ആ മോഹന്‍ലാലിന് കഴിഞ്ഞ എട്ടുപത്തു കൊല്ലമായി എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. മുഖച്ഛായയില്‍ പോലും മാറ്റങ്ങള്‍ കാണാം. പഴയ ആ നിഷ്‌കളങ്കത അപ്രത്യക്ഷപ്പെട്ടിരിക്കുന്നു. പുഞ്ചിരി വിരളം. അഥവാ ചിരിച്ചാല്‍ ആര്‍ക്കോവേണ്ടി ഒരു ത്യാഗം എന്ന മട്ടാണ്. മറ്റെന്തോ ചിന്തകളില്‍, പുതിയ എന്തൊക്കെയോ ലക്ഷ്യങ്ങളില്‍ മനസ്സ് അകപ്പെട്ടിരിക്കുന്നു എന്ന തോന്നലാണ് ഇപ്പോള്‍ സംഭവിക്കുന്നത്.
രാഷ്ട്രീയമാണോ കാരണം? സെപ്തംബറില്‍ മോദിജിയുമായി കൂടിക്കാഴ്ച നടന്നത് ഓര്‍ക്കുക. ഒരു സുപ്രഭാതത്തില്‍ ചെറിയ ഒരു ന്യൂസ്. തന്റെ ആഭിമുഖ്യത്തിലുള്ള ചാരിറ്റി സംരംഭങ്ങളെക്കുറിച്ച് പ്രധാനമന്ത്രിജിയെ അറിയിക്കാന്‍ പോയതാണെന്ന ലളിതമായ വിശദീകരണവും. പിറകെ അവര്‍ ഒന്നിച്ചു ഭക്ഷണം കഴിച്ചു എന്നൊരു അനൗദ്യോഗിക വാര്‍ത്താശകലം. എന്തോ രഹസ്യസ്വഭാവമുള്ള ഒരു കൂടിക്കാഴ്ചയാണ് നടന്നതെന്ന് പൊതുജനത്തിനു തോന്നി. തുടര്‍ന്ന് ഊഹാപോഹങ്ങളുണ്ടായി. മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്കു കടക്കുന്നു, തിരുവനന്തപുരത്തുനിന്നു മത്സരിക്കും, ശശി തരൂരിനെ പമ്പകടത്തും എന്നൊക്കെ. മോഹന്‍ലാല്‍ജിക്കാകട്ടെ, ഗംഭീര മൗനം.
ഘോരഘോരം ഡയലോഗ് അടിക്കുന്ന സുരേഷ് ഗോപിക്ക് മൗനം എന്തെന്ന് അറിയാത്തതുകൊണ്ടുണ്ടായ പ്രശ്‌നം ഓര്‍ക്കുന്നില്ലേ? എന്നെ മന്ത്രിയാക്കാമെന്ന് മോദിജി പറഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹം തുറന്നടിച്ചു. അഥവാ പറഞ്ഞിട്ടുണ്ടെങ്കില്‍ത്തന്നെ ബുദ്ധിയുള്ള ആരെങ്കിലും അത് വിളംബരം ചെയ്ത് മോദിജിയെ വെട്ടിലാക്കുമോ? ഒടുവില്‍ സുരേഷ് ഗോപിജി വെട്ടിലായി. വെട്ടില്‍ത്തന്നെ കിടക്കുന്നു. എന്തെങ്കിലും ഒരു കഷണം ഇട്ടുതരണേ എന്നു യാചിച്ചു യാചിച്ചു കഴിയുന്ന തുഷാര്‍ വെള്ളാപ്പള്ളിയെപ്പോലെ. എന്തൊരു ദാഹമാണ് ഈ കൂട്ടര്‍ക്ക്? എന്തൊരു മോഹം?
ഹിറ്റുകള്‍ പെരുകുമ്പോഴും കുറെ കഴിയുമ്പോള്‍ ബോറടിക്കുമായിരിക്കും. അതായിരിക്കാം സുരേഷ് ഗോപി മുതല്‍ രജനീകാന്ത് വരെയുള്ള ത്യാഗസമ്പന്നര്‍ നേരിടുന്ന പ്രശ്‌നം. രാഷ്ട്രീയമെന്നാല്‍ വേറൊരു കളിയാണെന്നും അവിടെ ഫാന്‍സ് അസോസിയേഷന്‍സിന്റെ വേലകള്‍ നടക്കില്ലെന്നും ജനങ്ങളുടെ വെറുപ്പു നേടാന്‍ എളുപ്പമാണെന്നും സൂപ്പര്‍ താരങ്ങള്‍ അറിയുന്നില്ലായിരിക്കാം. ആ അറിവില്ലായ്മ മോഹന്‍ലാലിനേയും കീഴ്പെടുത്തിയോ എന്നു സംശയിക്കണം.
'അമ്മ'യുടെ രാഷ്ട്രീയത്തില്‍ അറിവില്ലായ്മകളുടെ തിരത്തള്ളല്‍ നാം കണ്ടതാണ്. പെണ്ണുങ്ങളെ തരംതാഴ്ത്തി ആണുങ്ങള്‍ മുന്നേറേണ്ട എന്തെങ്കിലും ആവശ്യമുണ്ടോ, പ്രത്യേകിച്ച് സിനിമാരംഗത്ത്? അവിടെ സൈഡ് പിടിക്കുന്നില്ല എന്ന വ്യാജേന സൈഡ് പിടിക്കുകയാണ് മോഹന്‍ലാല്‍ ചെയ്തത്. മുകേഷിന്റേയും കെ.ബി. ഗണേഷ്‌കുമാറിന്റേയും അത്ര തരംതാണില്ല എന്നുമാത്രം.
പ്രളയദുരന്തത്തിലും ഇടപെടാതെയുള്ള ഇടപെടലാണ് മോഹന്‍ലാല്‍ നടത്തിയത്. ദുരന്തനാളുകളില്‍ മമ്മൂട്ടി കുറച്ചെങ്കിലും പ്രത്യക്ഷപ്പെട്ടു. മാനം തെളിഞ്ഞ ശേഷമാണ് മോഹന്‍ലാലിനെ കണ്ടത്. തന്റെ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സഹായ സാമഗ്രികള്‍ നിറച്ച ചെറിയ കെട്ടുകള്‍ വിതരണം ചെയ്യുന്ന ഒരു ഫോട്ടോ ഓപ് ആയിരുന്നു ആ പ്രത്യക്ഷപ്പെടല്‍. മുഖത്ത് ഒരു സന്തോഷമില്ലായ്മ. ഏതോ ഒരു ശകുനം മുടക്കി പത്രക്കാരന്‍ ഇടയ്‌ക്കൊരു ചോദ്യം ചോദിച്ചു. കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച്. എന്തൊരു ദേഷ്യത്തോടെയാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്! ചോദ്യകര്‍ത്താവിനെ അധിക്ഷേപിച്ച്, പുരികങ്ങള്‍ ഉയര്‍ത്തി, മുഖം വെട്ടിത്തിരിച്ച് ഒരു വാക്കൗട്ട്. ഇങ്ങനെ പോയാല്‍ ശശി തരൂര്‍ പാട്ടും പാടി ജയിക്കും
എന്തുപറ്റി നമ്മുടെ മോഹന്‍ലാലിന്?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates