''മൗനം ഒരിക്കലും നിങ്ങള്‍ക്ക് രക്ഷാകവചമാകുകയില്ല'' ഫെമിനിസ്റ്റ് ചിന്തകയായ അഡ്രേ ലോഡിന്റെ ഈ വാചകമാണ് പലസ്തീന്‍-അമേരിക്കന്‍ നോവലിസ്റ്റ് ഇതാഫ് റമിന് 'എ വുമണ്‍ ഈസ് നോ മാന്‍' എന്ന നോവലെഴുതാന്‍ ശക്തി പകര്‍ന്നത്. പലസ്തീനിലെ വെസ്റ്റ് ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പില്‍നിന്ന് അമേരിക്കയിലെ ബ്രൂക്നിലെത്തിയ ഖാലിദ് ഹദീദ് കുടുംബത്തിലെ നിശ്ശബ്ദരായി സ്വന്തം വിധി സ്വീകരിക്കാന്‍ വിധിക്കപ്പെട്ട മൂന്ന് സ്ത്രീകളുടെ ജീവിതമാണ് ഇതാഫ് ഈ നോവലില്‍ ചിത്രീകരിക്കുന്നത്.
മൗനവും ലജ്ജയുമാണ് അഭയാര്‍ത്ഥികളായി അമേരിക്കയിലെത്തുന്ന സ്ത്രീകളെ പ്രത്യേകിച്ച് അറബ് സ്ത്രീകളെ ഭരിക്കുന്നതെന്ന് ഇതാഫ് റം പറയുന്നു. ബ്രൂക്നില്‍ അഭയാര്‍ത്ഥികളായെത്തിയ മാതാപിതാക്കളുടെ ഒന്‍പതാമത്തെ മകളായി ജനിച്ച ഇതാഫ് റമിന്റെ ജീവിതാനുഭവങ്ങള്‍ നോവലിലെ മൂന്ന് പ്രധാന സ്ത്രീ കഥാപാത്രങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. മൗനത്തിന്റേയും പീഡനങ്ങളുടേയും തടവറ ഭേദിച്ചു പുറത്തുചാടാന്‍ ശ്രമിക്കുകയും അതില്‍ പരാജയപ്പെടുകയും ചെയ്യുന്ന സ്ത്രീകളാണ് ബ്രൂക്നിലെ അഭയാര്‍ത്ഥി സമൂഹത്തിലധികവും. ''സ്ത്രീകള്‍ക്ക് വിധിക്കപ്പെട്ടത് ഭക്ഷണം പാകം ചെയ്യലും കുട്ടികളെ വളര്‍ത്തലും കിടപ്പറയില്‍ ഭര്‍ത്താവിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങലും മാത്രമാണ്'' എന്ന മന്ത്രമാണ് പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകും മുന്‍പേ കേട്ടുവളരുന്നത്. അമേരിക്കയിലെത്തിയിട്ടും ഖാലിദ് കുടുംബത്തിലെ പെണ്‍കുട്ടികളായ സാറയ്ക്കും ദിയയ്ക്കും ഈ വാചകം കേള്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. വാസ്തവത്തില്‍ അമേരിക്കയില്‍ ജനിച്ചുവളര്‍ന്നവരാണ് അവര്‍. മാതൃരാജ്യമായ പലസ്തീന്‍ അവര്‍ കണ്ടിട്ടുപോലുമില്ല. യുദ്ധകലുഷിതമായ ആ നാട്ടിലേക്ക് പോകാന്‍ അവര്‍ ആഗ്രഹിക്കുന്നുമില്ല. എങ്കിലും സമുദായം അവര്‍ക്കു മുന്‍പില്‍ മതില്‍ക്കെട്ടുകളുയര്‍ത്തുന്നു.
അറബ്നാടുകളില്‍നിന്നുള്ള നോവലുകള്‍ പലപ്പോഴും ഒരേ പ്രമേയം തന്നെ വിവിധ രീതികളില്‍ ആവിഷ്‌കരിക്കുന്നവയായി തോന്നാറുണ്ട്. യുദ്ധം, അഭയാര്‍ത്ഥി ക്യാമ്പുകള്‍, ക്യാമ്പുകളിലെ പട്ടിണിയും ദയനീയാവസ്ഥയും, പലായനങ്ങള്‍, വേര്‍പാടുകള്‍, സ്ത്രീപീഡനങ്ങള്‍... എന്നാല്‍ വേറിട്ട ചില ശ്രമങ്ങള്‍ ഇതിനിടെ നടക്കുന്നുമുണ്ട്. 1947-ലെ നഖ്ബ എന്നറിയപ്പെടുന്ന ഇസ്രയേല്‍ അധിനിവേശത്തിനുശേഷം പലസ്തീനില്‍നിന്നു വിവിധ രാഷ്ട്രങ്ങളിലേക്ക് പലായനം ചെയ്തവരെക്കുറിച്ചും പലസ്തീനില്‍ പിറന്നവരല്ലെങ്കിലും അഭയാര്‍ത്ഥികളായ മാതാപിതാക്കള്‍ക്ക് ജനിച്ചുവളരുന്ന യുവതലമുറയെക്കുറിച്ചുമുള്ള നോവലുകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. പലസ്തീന്‍-അമേരിക്കന്‍ നോവലിസ്റ്റ് ഹല അലിയാന്റെ 'സാള്‍ട്ട് ഹൗസസ്' എന്ന നോവല്‍ അത്തരമൊരന്വേഷണമാണ് നടത്തുന്നത്. അതേ ഗണത്തില്‍ത്തന്നെ പെടുത്താവുന്ന നോവലാണ് ഇതാഫ് റമിന്റെ 'എ വുമണ്‍ ഈസ് നോ മാന്‍.'
കുഴിച്ചുമൂടുന്ന സ്വപ്നങ്ങള്‍
വെസ്റ്റ് ബാങ്കിലെ ബാര്‍സീന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്റയുടെ വിവാഹാഘോഷ ചടങ്ങുകളോടെയാണ് നോവല്‍ ആരംഭിക്കുന്നത്. അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത ഖാലിദ്-ഫരീദ ദമ്പതികളുടെ പുത്രന്‍ ആദം ആണ് വരന്‍. നേരത്തെ വന്ന വിവാഹാലോചനകള്‍ അവള്‍ നിരസിക്കുകയായിരുന്നു. ഹൈസ്‌കൂള്‍ പഠനാനന്തരം തനിക്ക് കോളേജില്‍ ചേരണമെന്നായിരുന്നു അവള്‍ ശഠിച്ചിരുന്നത്. പിതാവാകട്ടെ, കൂടുതല്‍ എതിര്‍പ്പുകളൊന്നും പ്രകടിപ്പിക്കാതെ അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത പലസ്തീന്‍കാരനായ ഒരു വരനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഈ വിവാഹാലോചന വിട്ടുകളയാന്‍ അയാള്‍ ആഗ്രഹിച്ചില്ല. അപരിചിതനായ ഒരാളോടൊപ്പം താനെങ്ങനെ കഴിയും, അയാള്‍ തന്നെ ഇഷ്ടപ്പെടുമോ, ഭാഷ പോലും ശരിക്കറിയാതെ താനെങ്ങനെ അമേരിക്കയില്‍ കഴിയും എന്നൊക്കെ പറഞ്ഞ് ഇസ്റ പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മാതാവിന്റെ ശാസനകള്‍ക്കു മുന്‍പില്‍ അവള്‍ നിസ്സഹായയാകുകയായിരുന്നു. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും കാല്പനികമായ ആശയങ്ങളാണ് ഇസ്റയ്ക്കുണ്ടായിരുന്നത്.
ആദം എന്ന ഭാവിവരന്‍ കാണാനെത്തിയ അവസരത്തില്‍, അയാള്‍ തന്റെ കവിളില്‍ ചുംബിച്ചപ്പോള്‍ അയാളുടെ മുഖത്ത് അടിച്ചവളാണ് ഇസ്റ. പക്ഷേ, മുഖം അല്പം വിളറിയതല്ലാതെ ആദം ഇക്കാര്യം ഗൗരവത്തിലെടുത്തില്ല. മാതാവിനോട് പറഞ്ഞപ്പോഴാകട്ടെ, അവര്‍ അവളുടെ ആത്മാഭിമാനം പ്രകടമാക്കുന്ന സ്വഭാവത്തെച്ചൊല്ലി പ്രശംസിക്കുകയാണുണ്ടായത്. വിവാഹരാത്രി കിടപ്പറയില്‍വെച്ചല്ലാതെ ഭര്‍ത്താവ് ഭാര്യയെ സ്പര്‍ശിക്കരുതെന്നാണ് സമുദായ നിയമങ്ങള്‍ അനുശാസിക്കുന്നത്.
ഇസ്റയുടെ സ്വഭാവത്തിന്റെ ചില പ്രത്യേകതകളിലേക്ക് ഈ സംഭവം വെളിച്ചം വീശുന്നുണ്ട്. സ്വന്തം വിശുദ്ധിയെ വളരെയേറെ വിലമതിക്കുന്നവളാണ് അവള്‍. ഇതുവരെ ഭര്‍ത്താവായിട്ടില്ലാത്ത ഒരാള്‍ തന്നെ അനുവാദം കൂടാതെ സ്പര്‍ശിക്കുന്നതെന്തിന് എന്നാണ് അവളുടെ മനസ്സിലുയര്‍ന്ന ചോദ്യം. കൂടാതെ 17-ാം വയസ്സില്‍ വിവാഹിതയാവുന്നതിലും അവള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു.
വിവാഹാനന്തരം ബ്രൂക്നിലെത്തിയ ഇസ്റയ്ക്ക് അവിടത്തെ ജീവിതവുമായി ഒട്ടുംതന്നെ പൊരുത്തപ്പെടാനായില്ല. വെസ്റ്റ് ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ ബ്രൂക്നിലെ പാര്‍പ്പിടത്തേക്കാള്‍ എത്ര സൗകര്യപ്രദം എന്നാണവള്‍ ആദ്യം ചിന്തിച്ചത്. ചെറുപ്രായം മുതല്‍ ഹിജാബ് ധരിച്ചു നടന്നിരുന്ന അവളോട് ആദം അതിവിടെ ആവശ്യമില്ലെന്നും ഊരിമാറ്റുകയായിരിക്കും നല്ലതെന്നും പറയുകയുണ്ടായി. ''ഇവിടെ നാം ശ്രദ്ധാപൂര്‍വ്വം ജീവിക്കണം ഇസ്രാ. യുദ്ധഭൂമികളില്‍നിന്ന് ആയിരക്കണക്കിനു പേരാണ് ഇവിടേക്ക് കുടിയേറുന്നത്. അറബ് മുസ്ലിംകളും അല്ലാത്തവരും. ഇനിയുള്ള ജീവിതം മുഴുവന്‍ നമുക്കിവിടെ കഴിച്ചുകൂട്ടേണ്ടിവരും. എന്നാല്‍ നാം ഒരിക്കലും അമേരിക്കക്കാരായി തീരുകയുമില്ല. ഹിജാബ് ധരിക്കുന്നതുകൊണ്ട് നീ നിന്റെ വിശുദ്ധിയും നന്മയും പ്രകടിപ്പിക്കുകയായിരിക്കും. പക്ഷേ, അവര്‍ നമ്മെ പുറംതള്ളപ്പെട്ടവരായി കരുതും. അല്ലെങ്കില്‍ ഭീകരവാദികളായി...'' വേദനയോടെയാണെങ്കിലും അവള്‍ ഹിജാബ് അഴിച്ചുമാറ്റി. പക്ഷേ, തെരുവിലെത്തിയപ്പോള്‍ ഹിജാബ് അണിഞ്ഞവരേയും മിനി സ്‌കര്‍ട്ട് അണിഞ്ഞവരേയുമെല്ലാം അവള്‍ കണ്ടു.
കാലഗണനയ്ക്ക് പ്രാധാന്യമൊന്നും കൊടുക്കാതെ രണ്ട് കഥകള്‍ സമാന്തരമായി പറഞ്ഞുകൊണ്ടാണ് ഇതാഫ് റം നോവല്‍ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങളായ ഇസ്റ, ഫരീദ, ഇസ്റയുടെ മകള്‍ ദിയ എന്നിവരാണ് കഥകള്‍ പറയുന്നത്. 1990-ല്‍ നിന്ന് 17 കൊല്ലങ്ങള്‍ക്കുശേഷമുള്ള ശീതകാലത്തിലേക്കാണ് (2008) നോവലിസ്റ്റ് നമ്മെ കൊണ്ടുപോകുന്നത്. ഇസ്റയുടെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകള്‍ ദിയയാണ് ഇവിടെ ആഖ്യാതാവ്. വിവാഹത്തിനായി ആദമിന്റെ മാതാവ് ഫരീദ അവളെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, ദിയ ഇസ്റയെക്കാള്‍ നിര്‍ബ്ബന്ധബുദ്ധിയാണ്. വലിയ വായനക്കാരിയും. താല്‍ക്കാലികമായി തന്നെ കാണാനെത്തിയ വരനെ പിന്നീട് കാണാമെന്നുള്ള ഉപാധിയില്‍ അവള്‍ക്ക് യാത്രയാക്കാന്‍ കഴിഞ്ഞു. എന്നാല്‍, വിവാഹത്തിനായി ഫരീദ അവളെ നിര്‍ബന്ധിച്ചുകൊണ്ടേയിരിക്കുകയായിരുന്നു.
ദിയയുടെ ജീവിതം നോവലിസ്റ്റായ ഇതാഫ് റമിന്റെ ജീവിതത്തോട് വളരെയേറെ സാമ്യമുള്ളതാണ്. സംഭവബഹുലമാണ് ഇതാഫ് റമിന്റേയും ജീവിതം. അഭയാര്‍ത്ഥികളായ മാതാപിതാക്കള്‍ക്ക് ബ്രൂക്ലിനില്‍ വെച്ചായിരുന്നു ജനനം. അവര്‍ക്കുണ്ടായ ഒന്‍പതു മക്കളില്‍ മൂത്ത പുത്രിയായിരുന്നു ഇതാഫ്. കുടുംബവും സമൂഹവും ഒരു പെണ്‍കുട്ടിയേയല്ല ആദ്യസന്തതിയായി ആഗ്രഹിച്ചിരുന്നതെന്ന് അവര്‍ പിന്നീട് മനസ്സിലാക്കുന്നു. (നോവലില്‍ ഇക്കാര്യം ഇസ്റയുടെ പ്രസവത്തിലൂടെയാണ് സൂചിപ്പിക്കുന്നത്). തുടര്‍ന്ന് ഇതാഫിനെ എത്രയും പെട്ടെന്ന് വിവാഹം ചെയ്യിക്കാനായിരുന്നു മാതാപിതാക്കളുടെ ശ്രമം. അങ്ങനെ വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിന് അവര്‍ വഴിപ്പെടുകയും രണ്ടു കുട്ടികളുടെ ജനനത്തിനുശേഷം ഭര്‍ത്താവുമായി വേര്‍പിരിയുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം വിവിധ കഥാപാത്രങ്ങളുടെ അനുഭവങ്ങളായി ഇതാഫ് റം നോവലില്‍ ചിത്രീകരിക്കുന്നുണ്ട്.
തികച്ചും സ്ത്രീ കേന്ദ്രീകൃതമായ ഒരു നോവലാണ് 'എ വുമണ്‍ ഈസ് നോ മാന്‍.' ഖാലിദ്, അയാളുടെ മൂന്ന് പുത്രന്മാര്‍ എന്നിങ്ങനെ ചുരുക്കം ചിലരേ പുരുഷന്മാരായി നോവലിലുള്ളൂ. ആദമിന്റെ ഇളയ സഹോദരന്മാര്‍ക്ക് നോവലില്‍ യാതൊരു സ്ഥാനവും നോവലിസ്റ്റ് കൊടുത്തിട്ടുമില്ല.
മൗനത്തിന്റെ വില
തന്റെ മൗനത്തിനും, വലിയ പ്രതിഷേധമൊന്നും പ്രകടിപ്പിക്കാതെ ഇരുന്നതിനും വലിയ വില തന്നെയാണ് ഇസ്റയ്ക്കു കൊടുക്കേണ്ടിവന്നത്. ഇതവള്‍ ആദ്യവര്‍ഷം തന്നെ മനസ്സിലാക്കുന്നുണ്ട്. തന്റെ ജീവനും നൊന്തുപ്രസവിച്ച നാലു പുത്രിമാരേയും നഷ്ടമാകുമെന്ന് അവള്‍ ഒരിക്കലും കരുതിയിരുന്നില്ല. ഫരീദ, തന്റെ ആദ്യസന്തതിയായി ഒരാണ്‍കുട്ടി തന്നെ ജനിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍, തുടര്‍ച്ചയായി നാലു പെണ്‍കുട്ടികളുടെ മാതാവാകേണ്ടിവന്നു അവള്‍ക്ക്. അതോടെ ആദമിനും അവളോട് വെറുപ്പാകാന്‍ തുടങ്ങി. നേരത്തെ തന്നെ അതിക്രൂരമായി ഇസ്റയെ ആദം മര്‍ദ്ദിക്കുമായിരുന്നു. പിന്നീടയാള്‍ മദ്യപാനം തുടങ്ങിയതോടെ ഇത് വര്‍ദ്ധിച്ചു. മര്‍ദ്ദനമേറ്റ് തല പൊട്ടിപ്പൊളിഞ്ഞ അവള്‍ ഒരിക്കല്‍ വീട് വിട്ടു ഇറങ്ങി ഓടുകപോലും ചെയ്തിരുന്നു.
രണ്ട് തലങ്ങളിലൂടെ വികസിച്ച് പൂര്‍ണ്ണതയിലെത്തുന്ന നോവലില്‍ സാറ എന്ന മറ്റൊരു സ്ത്രീകഥാപാത്രം കൂടി കടന്നുവരുന്നുണ്ട്. ആദമിന്റെ പിതാവ് ഖാലിദ് സാറയുടെ പേര് വീടിനുള്ളില്‍ ഉച്ചരിക്കുന്നതുപോലും വിലക്കിയിരുന്നു. ഖാലിദ്-ഫരീദ ദമ്പതികളുടെ ഇളയ പുത്രിയാണ് സാറ. അവളെ പലസ്തീനിലേക്ക് വിവാഹം കഴിച്ചയച്ചു എന്നാണ് അവര്‍ ബ്രൂക്ലിനിലും ഇസ്റയോടും അവളുടെ പുത്രിമാരോടും പറഞ്ഞിരുന്നത്. എന്നാല്‍ ദിയ സത്യം കണ്ടെത്തുകതന്നെ ചെയ്തു.
പുരുഷ മേധാവിത്വത്തിനു വഴങ്ങുന്ന സ്ത്രീകളായാണ് ഫരീദയേയും ഇസ്റയേയും നോവലിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നത്. ഭാര്യമാരെ മര്‍ദ്ദിക്കുക എന്നത് സ്വാഭാവിക സംഭവമായി അവര്‍ കാണുന്നു. ആദമിന്റെ മര്‍ദ്ദനമേറ്റ പാടുകള്‍ മറക്കുന്നതിന് കട്ടിയില്‍ ക്രീമുകള്‍ പുരട്ടുന്ന ഫരീദ പറയുന്നു: ''ഇതെല്ലാം സഹിക്കുന്നതിനായാണ് സ്ത്രീകളെ സൃഷ്ടിച്ചിരിക്കുന്നത്.'' അതേസമയം സ്വര്‍ഗ്ഗം മാതാവിന്റെ കാല്‍ച്ചുവട്ടിലാണെന്ന ഖുര്‍ആന്‍ വാക്യം വിശദീകരിക്കുന്ന മതപഠന ക്ലാസ്സിലെ അധ്യാപകനെ ദിയ ചോദ്യം ചെയ്യുന്നതായും ഇതാഫ് റം ചിത്രീകരിക്കുന്നുണ്ട്.
കാറപകടത്തില്‍ മാതാപിതാക്കള്‍ മരണപ്പെട്ടതായാണ് ഖാലിദും ഫരീദയും തങ്ങളുടെ ചെറുമക്കളെ ധരിപ്പിച്ചിരുന്നത്. മാതാപിതാക്കളെക്കുറിച്ച് ദിയയ്ക്ക് നേരിയ ഓര്‍മ്മകളേയുള്ളൂ. എന്നാല്‍ പാതിരാത്രിയില്‍ പിതാവ് മാതാവിനെ മര്‍ദ്ദിക്കുന്ന ശബ്ദവും ഇസ്റയുടെ തേങ്ങലുകളും താന്‍ പല പ്രാവശ്യം കേട്ടിരുന്നതായി ദിയ ഓര്‍ക്കുന്നുണ്ട്.
തന്റെ സമുദായത്തില്‍, പ്രത്യേകിച്ച് അറബ് രാഷ്ട്രങ്ങളില്‍ നിലനിന്നിരുന്ന പുരുഷമേധാവിത്വത്തെക്കുറിച്ച് ഭയത്തോടെയാണ് താന്‍ എഴുതിയതെന്ന് ഇതാഫ് റം ഒരഭിമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, താന്‍ കണ്ടതും അനുഭവിച്ചതുമായ സത്യങ്ങള്‍ മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അവര്‍ പറയുന്നു. ദരിദ്രരും നിസ്സഹായരുമായ സ്ത്രീകള്‍ക്ക് ശബ്ദം നല്‍കാനാണ് താന്‍ നോവലില്‍ ശ്രമിച്ചിരിക്കുന്നത്. അതേസമയം തന്റെ സമുദായത്തില്‍പ്പെട്ട ഒരു സ്ത്രീസുഹൃത്ത് മാതാപിതാക്കളുടെ നിര്‍ബന്ധത്താല്‍ കോളേജ് വിദ്യാഭ്യാസം നേടി, അമേരിക്കയില്‍ത്തന്നെ ഡോക്ടറായി കഴിയുന്നുണ്ട്. മുപ്പതുകാരിയായ അവര്‍ ഇപ്പോഴും അവിവാഹിതയുമാണ്. അത്തരം ആളുകളെക്കുറിച്ച് താന്‍ എഴുതേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ചുരുളഴിയുന്ന സത്യങ്ങള്‍
യാദൃച്ഛികമായാണ് ദിയ സാറയെ കണ്ടുമുട്ടുന്നത്. എന്നാല്‍ സാറ ദിയയെ അന്വേഷിച്ചു നടക്കുകയായിരുന്നു. തന്നെ പലസ്തീനിലേക്ക് വിവാഹം കഴിച്ചയച്ചതല്ല. എന്നാല്‍, താന്‍ വീട്ടില്‍നിന്ന് ഓടിപ്പോരുകയായിരുന്നുവെന്നുമുള്ള സത്യം സാറ തന്നെയാണ് ദിയയെ അറിയിക്കുന്നത്. ദിയയുടെ മാതാപിതാക്കള്‍ കാറപകടത്തില്‍ മരണപ്പെടുകയായിരുന്നില്ല. ആദമിന്റെ മര്‍ദ്ദനമേറ്റ് ഇസ്റ കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്ന് ആദം ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇക്കാര്യം വെളിപ്പെടുത്തുന്ന വാര്‍ത്തയടങ്ങിയ ഒരു പത്രം സാറ അവള്‍ക്ക് നല്‍കുകയും ചെയ്തു.
സാറയുടെ പിന്തുണയോടെ തനിക്ക് ഒരു സ്ത്രീയായി നിലകൊള്ളാന്‍ കഴിയുമെന്ന് ദിയ വിശ്വസിക്കുന്നു. വിവാഹം വൈകിക്കുക എന്നതും പഠനം തുടരുകയും ചെയ്യുക എന്നതുമാണ് ഇതിനുള്ള മാര്‍ഗ്ഗം. മാതാപിതാക്കളുടെ മരണത്തെക്കുറിച്ചുള്ള സത്യം തന്നോട് തുറന്നുപറയണമെന്ന് ദിയ ഖാലിദിനോടും ഫരീദയോടും ആവശ്യപ്പെടുന്നുണ്ട്. സാറയില്‍ നിന്നാണ് താന്‍ സത്യമറിഞ്ഞതെന്ന് അവള്‍ പറയുന്നതോടെ അവര്‍ നിസ്സഹായരാകുന്നു. മദ്യലഹരിയില്‍ ആദം അങ്ങനെയൊക്കെ ചെയ്തുപോയതാണെന്ന് പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
ദിയയുടെ വിവാഹം എങ്ങനെയെങ്കിലും നടത്തണമെന്ന ആഗ്രഹം ഫരീദയ്ക്കുണ്ട്. പക്ഷേ, താന്‍ ന്യൂയോര്‍ക്കിലേക്ക് ഉപരിപഠനാര്‍ത്ഥം പോവുകയാണെന്നും സമ്മതിച്ചില്ലെങ്കില്‍ സഹോദരിമാരേയും കൂട്ടി താന്‍ വീട് വിട്ടു പോകുമെന്നും അവള്‍ ഭീഷണിപ്പെടുത്തുന്നതോടെ അവര്‍ നിശ്ശബ്ദരാകുന്നു.
തികഞ്ഞ വ്യക്തിത്വമുള്ള മൂന്ന് സ്ത്രീ കഥാപാത്രങ്ങളെയാണ് ഇതാഫ് റം തന്റെ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത് - ഫരീദ, ഇസ്റ, ദിയ. ഈ മൂന്ന് കഥാപാത്രങ്ങളാണ് കഥകള്‍ പറയുന്നതും. 1947-ലെ ഇസ്രയേല്‍ അധിനിവേശത്തെ തുടര്‍ന്ന് വിവിധ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഷ്ടപ്പാടുകള്‍ അനുഭവിച്ചശേഷം, ആദ്യപുത്രന്‍ ആദമിന് 17 വയസ്സുള്ളപ്പോഴാണ് ഖാലിദും കുടുംബവും അമേരിക്കയിലേക്ക് കുടിയേറുന്നത്.
ഫരീദയാണ് കുടുംബവ്യവസായം നോക്കി നടത്തിയതും കുട്ടികളെ വളര്‍ത്തിയതും. ആദ്യകാലങ്ങളില്‍ ഖാലിദ് ഫരീദയെ മര്‍ദ്ദിക്കുമായിരുന്നു. എന്നാല്‍, അവരെടുത്ത ഉറച്ച നിലപാട് ഖാലിദിനെ അതില്‍നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. ഇസ്റയോട് അവര്‍ക്കിഷ്ടമായിരുന്നു. പക്ഷേ, അവള്‍ക്ക് ഒരു ആണ്‍കുഞ്ഞ് ജനിക്കാതിരുന്നത് അവരില്‍ ദുഃഖമുണ്ടാക്കി. എന്നാല്‍, ഇസ്റയെ മര്‍ദ്ദിക്കുന്ന പുത്രനെ അവര്‍ നിരന്തരം ശകാരിക്കുമായിരുന്നു.
ഇതാഫ് റമിന്റെ ആത്മാംശം കലര്‍ന്ന കഥാപാത്രമാണ് ഇസ്റ. പ്രണയത്തെക്കുറിച്ച് ഉന്നത ധാരണകള്‍വെച്ചു പുലര്‍ത്തിയിരുന്ന ഇസ്റയ്ക്ക് ഭര്‍ത്താവായി ലഭിച്ചത് പരുക്കനായ ആദമിനെയാണ്. അയാള്‍ക്ക് ജോലി ചെയ്യാനും ഭാര്യയെ മര്‍ദ്ദിക്കുവാനും മാത്രമേ സമയമുണ്ടായിരുന്നുള്ളൂ. ഇസ്റ അവസാനം വായനയില്‍ അഭയം തേടുകയായിരുന്നു. തനിക്ക് പ്രണയ നോവലുകളല്ല വേണ്ടതെന്നും തന്നെപ്പോലെയുള്ളവരുടെ കഥകള്‍ പറയുന്ന നോവലുകളാണ് വേണ്ടതെന്നും ഇസ്റ സാറയോട് പറയുന്നുണ്ട്. സാറ അവള്‍ക്ക് അന്നകരനീന, ബെല്‍ജാര്‍, ഫ്രന്‍സ് കഫ്കയുടെ കൃതികള്‍ തുടങ്ങിയവയൊക്കെ കൊണ്ടുകൊടുക്കുന്നു. ഇത്തരം കൃതികള്‍ ചെറിയ സ്വാധീനമല്ല അവളില്‍ ചെലുത്തിയത്. സ്വന്തം മാതാവിന് എഴുതി അയക്കാതെ വെച്ചിരുന്ന കത്തുകള്‍ ഈ സ്വാധീനം വെളിപ്പെടുത്തുന്നുണ്ട്. (പിന്നീട് ദിയ ഈ കത്തുകള്‍ വായിക്കുന്നുണ്ട്.)
പുതിയ തലമുറയുടെ പ്രതിനിധികളായാണ് സാറയേയും ദിയയേയും റം അവതരിപ്പിച്ചിരിക്കുന്നത്. ദിയയില്‍ തന്റെ ആത്മാംശം ഏറെ കലര്‍ത്തിയിട്ടുണ്ടെന്ന് നോവലിസ്റ്റ് പറയുന്നു. ക്ലാസ്സുകളില്‍നിന്ന് വീട്ടിലറിയിക്കാതെ അവള്‍ തിയേറ്ററില്‍ പോകുന്നു. സുഹൃത്തുക്കളില്‍ നിന്ന് സി.ഡികള്‍ വാങ്ങി പാശ്ചാത്യസംഗീതം കേള്‍ക്കുന്നു. എന്തിനേയും ചോദ്യം ചെയ്യുന്നു. ഒരിക്കല്‍ ഒരു സ്ലീവ്ലെസ്സ് ബ്ലൗസ് അവളുടെ ബാഗില്‍ ഇസ്റ കണ്ടെത്തുന്നുപോലുമുണ്ട്. തന്റെ പഠനം തുടരുന്നതിനും ജോലി സമ്പാദിച്ച് സഹോദരങ്ങളെ സംരക്ഷിക്കുന്നതിനും അവള്‍ തീരുമാനിക്കുന്നു. ഇതാഫ് റം നടത്തുന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന് അറ്റ് ബുക്ക്സ് ഏന്റ് ബീന്‍സ് എന്നാണ് പേര്‍ നല്‍കിയിരിക്കുന്നത്. സാറ ന്യൂയോര്‍ക്കില്‍ നടത്തുന്ന ബുക്ക് സ്റ്റാളിന്റെ പേരും അതുതന്നെയാണ്.
തന്റെ സമുദായത്തിലെ സ്ത്രീകളുടെ നിശ്ശബ്ദ സഹനമാണ് ഇതാഫ് റമിനെ ഏറെ ചൊടിപ്പിക്കുന്നത്. ഇതിനെതിരെ അവര്‍ ഓണ്‍ലൈനില്‍ ധാരാളം കുറിപ്പുകള്‍ എഴുതിയിട്ടുമുണ്ട്. ഒരു ലേഖനത്തില്‍ അവര്‍ പറയുന്നു: ''എന്റെ ജീവിതത്തിനുമേല്‍ ഭയം ആധിപത്യം ചെലുത്തുന്നത് ഇനിയും എനിക്ക് സഹിക്കാനാവില്ല. എന്റെ കഥ ലജ്ജ നിറഞ്ഞതാവരുത്. സംരക്ഷണയ്ക്കായി മൗനത്തിലും കീഴടങ്ങലിലും അഭയം തേടരുതെന്ന് എന്റെ മകളേയും സ്ത്രീകളെ വിലകുറച്ച് കാണരുതെന്ന് മകനേയും പഠിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം.'' ഈ സന്ദേശം തന്നെയാണ് 'എ വുമണ്‍ ഈസ് നോ മാന്‍' എന്ന നോവലും നമുക്ക് നല്‍കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates