രക്ഷകനായ മനുഷ്യപുത്രന്‍: പ്രളയ രക്ഷാപ്രവര്‍ത്തനകാലത്ത് ജെയ്‌സല്‍

ഒരു ദിവസത്തെ വരുമാനംപോലും അതിപ്രധാനമായ ഒരു കുടുംബത്തില്‍നിന്നാണ് ദിവസങ്ങളോളം യാതൊരു പ്രതിഫലവും മോഹിക്കാതെ മനുഷ്യരെ സഹായിക്കാന്‍ ജെയ്‌സല്‍ എത്തിയത്.
രക്ഷകനായ മനുഷ്യപുത്രന്‍: പ്രളയ രക്ഷാപ്രവര്‍ത്തനകാലത്ത് ജെയ്‌സല്‍
Updated on
2 min read

രാജ്യാന്തര മാധ്യമങ്ങള്‍വരെ ചര്‍ച്ച ചെയ്ത രക്ഷാപ്രവര്‍ത്തനമായിരുന്നു മലപ്പുറത്തെ ജെയ്‌സലിന്റേത്. പ്രളയനാളുകളില്‍ ആളുകള്‍ക്ക് ആത്മവിശ്വാസവും ഊര്‍ജ്ജവും നല്‍കിയ രക്ഷാപ്രവര്‍ത്തനത്തിന്റെ പ്രതീകം. വേങ്ങരയിലായിരുന്നു ജെയ്‌സലും കൂട്ടരും അന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദുരന്തനിവാരണ സേനയ്ക്കുപോലും എത്തിപ്പെടാനാവാതെ ഒറ്റപ്പെട്ടുപോയ വീടുകളിലായിരുന്നു രക്ഷാപ്രവര്‍ത്തനം. പോകാന്‍ പറ്റുന്നിടത്തോളം സേനയുടെ ബോട്ടില്‍ പോയി ബാക്കി ദൂരം നീന്തിയും നിരങ്ങിയുമാണ് വീടുകളിലെത്തിയത്. പ്രായമായ സ്ത്രീകളെയടക്കം രക്ഷിച്ച് ബോട്ടിനടുത്തെത്തിച്ചു. ഉയരക്കൂടുതല്‍ കാരണം ബോട്ടിലേക്കു കയറാന്‍ കഴിയാത്ത സ്ത്രീകള്‍ക്കായി വെള്ളത്തില്‍ കമിഴ്ന്നു കിടന്ന് ജെയ്‌സല്‍ അവര്‍ക്ക് ചവിട്ടുപടിയായി. ആരോ എടുത്ത വീഡിയോ മാധ്യമങ്ങളില്‍ പ്രചരിച്ചതൊന്നുമറിയാതെ ജെയ്‌സലടങ്ങുന്ന സംഘം തൃശൂരിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി നീങ്ങിയിരുന്നു. പിന്നീടാണ് തന്റെ വീഡിയോ വൈറലായതായി ജെയ്‌സല്‍ അറിയുന്നത്. ഇതോടെ മനുഷ്യത്വത്തിന്റെ പ്രതീകമായി ഈ മുപ്പത്തിരണ്ടുകാരന്‍  മാറി. 

ഒരു ദിവസത്തെ വരുമാനംപോലും അതിപ്രധാനമായ ഒരു കുടുംബത്തില്‍നിന്നാണ് ദിവസങ്ങളോളം യാതൊരു പ്രതിഫലവും മോഹിക്കാതെ മനുഷ്യരെ സഹായിക്കാന്‍ ജെയ്‌സല്‍ എത്തിയത്. ജെയ്‌സലിനെപ്പോലെ മത്സ്യത്തൊഴിലാളികളായ  ഏറെ പേരും. അംഗീകാരങ്ങള്‍ പലതും ലഭിച്ചു. ഒന്നും ഞാന്‍ ആഗ്രഹിച്ചതുമില്ല. എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്തുനിന്നു യാതൊരു വിധ സഹായങ്ങളും ലഭിച്ചില്ല. പ്രളയം കൊണ്ട് കിട്ടിയത് ഒരു വീടും ഒരു കാറുമാണ്. പിന്നെ, എന്റെ അവസ്ഥയറിഞ്ഞ ചിലര്‍ ഒരു ലക്ഷം രൂപ തന്നു. അത്രയേയുള്ളൂ. പലരും ആരോപിക്കുന്നത് എനിക്ക് ഒരുപാട് പണം ലഭിച്ചുവെന്നൊക്കെയാണ്. അതല്ല വാസ്തവം. എനിക്കിപ്പോള്‍ ആവശ്യം ഒരു സ്ഥിരവരുമാനമുള്ള ജോലിയാണ്. തീരദേശ പൊലീസ് സ്റ്റേഷനുകളിലേതെങ്കിലും ഒരു ജോലി തരപ്പെടുമെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍, അതൊന്നുമുണ്ടായില്ല. സ്വീകരണ പരിപാടികള്‍ തീര്‍ന്നാല്‍ പഴയ ജോലിയിലേക്കു തന്നെ പോകും. രക്ഷാപ്രവര്‍ത്തനത്തെ അഭിനന്ദിച്ച രാഷ്ട്രീയനേതാക്കളില്‍ പലരും എനിക്ക് ഒരുപാട് പൈസ കിട്ടിയെന്ന് പറഞ്ഞു. അതുകൊണ്ടാണ് സര്‍ക്കാര്‍ ജോലി തരാത്തത് എന്നാണ് അവരുടെ വാദം. - ജെയ്‌സല്‍ പറയുന്നു. 

മലപ്പുറം ജില്ലാ ട്രോമാക്കെയര്‍ യൂണിറ്റിലെ വോളണ്ടിയറായിരുന്നു ജെയ്‌സല്‍. അപകടത്തില്‍പ്പെടുന്നവരെ രക്ഷപ്പെടുത്താനായി 2005-ല്‍ തുടങ്ങിയ കൂട്ടായ്മയാണ് ട്രോമാക്കെയര്‍. ഒരു കൂട്ടം ചെറുപ്പക്കാരുടെ ആശയത്തിന് ജില്ലാ ഭരണകൂടവും ആരോഗ്യ, പൊലീസ് വകുപ്പുകളും സഹകരണവുമായെത്തിയതോടെ രൂപംകൊണ്ടതാണ് ഈ കൂട്ടായ്മ. മലപ്പുറം ജില്ലയില്‍ 30,000-ത്തോളം വളണ്ടിയര്‍മാര്‍ ഇപ്പോഴുണ്ട്. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ്, കോസ്റ്റ് ഗാര്‍ഡ്, പൊലീസ്, ആര്‍.ടി.ഒ, ആരോഗ്യവിഭാഗം എന്നിവയില്‍നിന്നു കൃത്യമായ പരിശീലനം വളണ്ടിയര്‍മാര്‍ക്ക് നല്‍കുന്നുണ്ട്. 35 വയസ്സുവരെ പ്രായമുള്ള ആരോഗ്യമുള്ള യുവാക്കള്‍ക്ക് സേനയ്ക്കു നല്‍കുന്ന തരത്തിലുള്ള കൃത്യമായ കായിക-ശാരീരിക പരിശീലനവും നല്‍കുന്നു. ഇത്തരത്തില്‍ പരിശീലനം കിട്ടിയ ആളാണ് ജെയ്‌സലും. 2009 മുതല്‍ യൂണിറ്റില്‍ അംഗമാണ്. ഇവരുടെ ഒപ്പം തന്നെ പ്രയത്‌നിക്കുന്ന തങ്ങളേയും കൂടി സര്‍ക്കാര്‍ പരിഗണിക്കണമെന്ന അഭ്യര്‍ത്ഥനയാണ് ജെയ്‌സലിനുള്ളത്.

ട്രോമാക്കെയറില്‍ ജോലി ചെയ്യുന്ന ഞങ്ങള്‍ ആധുനിക രക്ഷാസംവിധാനങ്ങളൊന്നുമില്ല. 34 പൊലീസ് സ്റ്റേഷനുകളാണ് മലപ്പുറത്തെ ട്രോമാക്കെയറിന്റെ പരിധി. ഒരുവിധമുള്ള വേദികളില്ലെല്ലാം ഞാന്‍ നമ്മുടെ യൂണിറ്റിനൊരു ആംബുലന്‍സ് വേണമെന്ന് പറയാറുണ്ട്. ഇപ്പോള്‍ എം.എ. ബേബിക്ക് ഒരു നിവേദനം നല്‍കിയിട്ടുണ്ട്- ജെയ്‌സല്‍ പറയുന്നു. താനൂര്‍ ചാപ്പപ്പടിയിലാണ് ജെയ്‌സലിന്റെ വീട്. ഒന്‍പതാം ക്ലാസ്സ് പഠനം കഴിഞ്ഞപ്പോള്‍ മത്സ്യത്തൊഴിലിനായി കടലിലേക്കിറങ്ങി. വെള്ളവും വള്ളവും കടലും അത്രമേല്‍ പരിചിതം. മീനിനായി പോയാല്‍ ഒന്നില്‍ കൂടുതല്‍ ദിവസം കടലില്‍ ചെലവഴിക്കേണ്ടിവരുന്ന ദിവസങ്ങളുമുണ്ടാകും. വളരെ ചെറുപ്രായത്തില്‍ത്തന്നെ നേടിയ ഈ കരുത്തും ആത്മവിശ്വാസവും തന്നെയാണ് ദുരന്തനേരത്തും വളരെ പ്രായോഗികമായി സഹജീവികളോട് പെരുമാറാന്‍ അദ്ദേഹത്തിനു കൂട്ടായത്. 

ഭാര്യയ്ക്കും മൂന്നു മക്കള്‍ക്കുമൊപ്പം പരപ്പനങ്ങാടി ആവില്‍ ബീച്ചിലെ ഒറ്റമുറി വീട്ടിലായിരുന്നു നന്മയുടെ പ്രതീകമായി സമൂഹം വാഴ്ത്തുന്ന ഈ മനുഷ്യന്‍ കഴിഞ്ഞത്. ജോലി എനിക്ക് ഒരാവശ്യമാണ്. ഞാനാഗ്രഹിച്ചത് ഒരു വീടായിരുന്നു. പ്രളയശേഷം എനിക്കത് കിട്ടി. കാറ് ഞാനാഗ്രഹിച്ചിട്ടില്ല, അതും കിട്ടി. ഇതു രണ്ടുകൊണ്ടും എന്റെ കുടുംബം മുന്നോട്ടു പോകില്ലല്ലോ. കുടുംബത്തെ പുലര്‍ത്താന്‍  സ്ഥിരവരുമാനമുള്ള ഒരു ജോലി അതുകൊണ്ടാണ് ആവശ്യപ്പെടുന്നത്. അതിനുള്ള അര്‍ഹത എനിക്കുണ്ടെന്നാണ് എന്റെ വിശ്വാസം- ജെയ്‌സല്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com