വംഗഗരിമയുടെ അവസാനത്തെ സര്‍ഗ്ഗാത്മക സത്രം

വിട്ടുവീഴ്ചയില്ലാത്ത സാമൂഹ്യപ്രതിബദ്ധതയും രാഷ്ട്രീയബോധ്യങ്ങളുമായിരുന്നു സൗമിത്രയുടെ വ്യക്തിത്വത്തിനു മാറ്റേകിയത്. അദ്ദേഹം ഒരിക്കല്‍പ്പോലും സ്‌ക്രീനില്‍ നായകനും ജീവിതത്തില്‍ വില്ലനുമായില്ല
വംഗഗരിമയുടെ അവസാനത്തെ സര്‍ഗ്ഗാത്മക സത്രം
Updated on
3 min read

രു മാസത്തിലേറെയായി കൊല്‍ക്കത്തയില്‍ സ്വകാര്യ ആശുപത്രിയില്‍ മഹാമാരിയെ ചെറുത്തു തോല്‍പ്പിക്കാന്‍ ശ്രമിച്ച് ഒടുവില്‍ അതിനു കീഴടങ്ങിയതോടെ അരനൂറ്റാണ്ടിലേറെക്കാലം ബംഗാളി വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന സൗമിത്ര ചാറ്റര്‍ജി എന്ന മഹാനടന്റെ ജീവിതത്തിനു മാത്രമല്ല, അതിസമ്പന്നമായ ഒരു കാലഘട്ടത്തിനു കൂടിയാണ് തിരശ്ശീല വീണത്.

തികഞ്ഞ രാഷ്ട്രീയബോധ്യങ്ങളാല്‍ അരക്കിട്ടുറപ്പിച്ച ജീവിതമായിരുന്നു സൗമിത്ര ചാറ്റര്‍ജിയുടേത്. താന്‍ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ചൊരിഞ്ഞ താരപ്രഭയില്‍ വെട്ടിത്തിളങ്ങിനിന്നിരുന്ന കാലത്തുപോലും താരപരിവേഷങ്ങളില്‍ ഭ്രമിക്കാനോ അഭിരമിക്കാനോ അദ്ദേഹം ലവലേശം തയ്യാറായില്ല. എന്നും നടനായി നിലകൊണ്ടു. മനുഷ്യനായി ജീവിച്ചു. അഭ്രപാളിയിലെ കഥാപാത്രങ്ങളെ തന്റെ അഭിനയ വൈഭവത്താല്‍ ജീവസ്സുറ്റതാക്കിത്തീര്‍ക്കുകയും അതുവഴി ദേശീയ-അന്തര്‍ദ്ദേശീയ യശസ്സ് കൈവരിച്ചശേഷവും അദ്ദേഹം ആവര്‍ത്തിച്ചാവര്‍ത്തിച്ച് മടങ്ങിപ്പോയത് അരങ്ങിലേക്കായിരുന്നു. കൊല്‍ക്കത്തയിലെ അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്സിലും മഹാനായക് ഉത്തം മഞ്ചിലും രബീന്ദ്ര സദനിലും കലാമന്ദിറിലും നാടകാവതരണങ്ങള്‍ക്കായി അദ്ദേഹം സദാ ചായമണിഞ്ഞു. പലപ്പോഴും സംവിധായകന്റെ അങ്കിയണിഞ്ഞു. വെള്ളിത്തിരയില്‍ എത്തിയപ്പോഴെല്ലാം അദ്ദേഹം പ്രേക്ഷകരെ മോഹിപ്പിക്കുകയും കോരിത്തരിപ്പിക്കുകയും ചെയ്തു. അരങ്ങില്‍ എത്തിയപ്പോഴെല്ലാം കാണികളെ വല്ലാതെ ത്രസിപ്പിച്ചു. 

ഒരു പ്രതിഭാസംപോലെയെന്നോണം ലോകസിനിമയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഒട്ടുമിക്ക സംവിധായക പ്രതിഭകള്‍ക്കും തങ്ങള്‍ക്കേറെ പ്രിയപ്പെട്ട ഒരു നടനുമായോ നടിയുമായോ അവിചാരിതമായി ഒരു കൂട്ടുകെട്ട് പിറക്കുകയും അത് വിസ്മയാവഹമായ ഒരു ക്രിയാത്മക ബാന്ധവമായി മാറുകയും ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. അതുതന്നെയാണ് ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ സംവിധായകന്‍ സത്യജിത് റായിക്കും സംഭവിച്ചത്. 1959-ല്‍ തന്റെ 'അപുര്‍ സന്‍സാര്‍' (റായിയുടെ പ്രശസ്തമായ അപു ത്രയത്തിലെ മൂന്നാമത്തെ സിനിമ) എന്ന സിനിമയില്‍ അവസരം നല്‍കിയ റായിക്ക് വളരെ പെട്ടെന്നു തന്നെ ഒഴിച്ചുകൂട്ടാനാവാത്തത്ര പ്രിയങ്കര നടനായി സൗമിത്ര ചാറ്റര്‍ജി മാറി. തുടര്‍ന്ന് റായിയുടെ മാത്രം 14 സിനിമകളില്‍ മകനായും കാമുകനായും ഭര്‍ത്താവായും വിപ്ലവകാരിയായുമൊക്കെ സൗമിത്രദാ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. 

അറുപതുകളിലും എഴുപതുകളിലും സത്യജിത് റായ്-മൃണാള്‍ സെന്‍-തപന്‍ സിന്‍ഹ ത്രയം ഇന്ത്യന്‍ സിനിമയെ ആശയപരതകൊണ്ടും ആവിഷ്‌കാരത്തിലെ മൗലികതകൊണ്ടും ഭാവുകത്വപരമായി ഉഴുതുമറിച്ചപ്പോള്‍ ഒന്നിനൊന്ന് മികച്ച ഉജ്ജ്വല അഭിനയ മുഹൂര്‍ത്തങ്ങള്‍കൊണ്ട് അതില്‍ പലപ്പോഴും കലപ്പയേന്താനുള്ള നിയോഗം ലഭിച്ചത് സൗമിത്ര ചാറ്റര്‍ജിക്കായിരുന്നു. 

അനുപമമായ അഭിനയത്തികവിനാല്‍ അഭ്രപാളിയിലും അരങ്ങിലും ഒരുപോലെ തിളങ്ങുകയും എഴുത്തിലും ജീവിതത്തിലും തന്റെ നിലപാടുകള്‍ നട്ടെല്ല് വളയ്ക്കാതെ സൗമിത്ര ചാറ്റര്‍ജി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തപ്പോള്‍ അതുവഴി അടയാളപ്പെട്ടത് മഹിതമായ ചരിത്രവും പാരമ്പര്യവുമുള്ള വംഗനാടിന്റെ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ ഔന്നത്യമാണ്. നൂറ്റാണ്ടുകളായി രാജ്യത്ത് നിലനിന്നിരുന്ന അനീതികള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിയ ബംഗാളില്‍നിന്നുള്ള ഇന്ത്യന്‍ നവോത്ഥാന ശില്പികളുടെ തുടര്‍ക്കണ്ണിയാണ് താനെന്ന ബോധ്യം ആ നിലപാടുകളില്‍ എല്ലായ്പോഴും നിഴലിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് കാലത്തിന്റെ ചുവരെഴുത്തുകളെ അദ്ദേഹം കൃത്യമായി വായിച്ചെടുത്തത്. ദേശീയ പൗരത്വ ബില്ലിനെതിരെ തെരുവിലിറങ്ങിയാണ് ആ ജനകീയ പ്രക്ഷോഭത്തില്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തിയത്.

തുടക്കം മുതല്‍ ഒടുക്കം വരെ അസാധാരണ മികവ് പുലര്‍ത്തിയ നടന്‍ മാത്രമായിരുന്നില്ല സൗമിത്ര ചാറ്റര്‍ജി. കവി, പത്രാധിപര്‍, ചിത്രകാരന്‍, വിവര്‍ത്തകന്‍, ശബ്ദനാടക കലാകാരന്‍ (ബംഗാളില്‍ ഏറെ പ്രീതിയാര്‍ജ്ജിച്ച കലാപരിപാടിയാണ് 'ശ്രുതി നാടോക്') എന്നീ നിലകളിലൊക്കെ അദ്ദേഹം സര്‍ഗ്ഗാത്മകതയുടെ ബഹുവിധ വീഥികളിലൂടെ അനായാസം സഞ്ചരിക്കുകയും വിജയക്കൊടി നാട്ടുകയും ചെയ്തു. അപ്പോഴൊക്കെയും നാട്യങ്ങള്‍ സൗമിത്ര ചാറ്റര്‍ജിയില്‍നിന്നും കാതങ്ങളുടെ അകലം കാത്തുസൂക്ഷിച്ചു. 

സര്‍ഗ്ഗാത്മകതയുടെ വിവിധ മേഖലകളില്‍ മഹാമേരുക്കളെപ്പോലെ നിലകൊണ്ട ഒട്ടേറെപ്പേരുടെ കളിത്തൊട്ടിലായിരുന്നു എക്കാലത്തും ബംഗാള്‍. പക്ഷേ, ബംഗാളിന്റെ വര്‍ത്തമാനകാലം വേരുമുറിഞ്ഞ വൃക്ഷശിഖരംപോലെ ശുഷ്‌കിച്ചു നില്‍ക്കുന്നതു കാണാം. അങ്ങനെയൊരു സാഹചര്യത്തിലാണ് സൗമിത്ര ചാറ്റര്‍ജിയുടെ വിടവാങ്ങലോടെ കവചകുണ്ഡലം നഷ്ടപ്പെട്ട കര്‍ണ്ണനു സമാനമായി വംഗനാട് പരിണമിക്കുന്നത്. കാരണം സൗമിത്രദാ തന്റെ ക്രിയാത്മക ജീവിതത്തിന് ഒരിക്കലും അതിര്‍ത്തിക്കല്ലുകള്‍ പാകിയിട്ടുണ്ടായിരുന്നില്ല. അത് എല്ലായ്പോഴും സൗമ്യവും ദീപ്തവുമായ മഹാസമുദ്രംപോലെ അലയൊലികൊണ്ടു. 

ആ അര്‍ത്ഥത്തില്‍ ഒരുപക്ഷേ, വംഗഗരിമയുടെ അവസാന സത്രമെന്ന് സൗമിത്ര ചാറ്റര്‍ജിയുടെ സര്‍ഗ്ഗാത്മക ജീവിതത്തെ വിശേഷിപ്പിക്കാം.
സൗമിത്രയുടെ ജനിതകവഴികളില്‍ത്തന്നെ നാടകമുണ്ടായിരുന്നു. കോളേജില്‍ പഠിച്ചു കൊണ്ടിരിക്കെ ബംഗാളി നാടകവേദിയിലെ അതികായനായിരുന്ന ശിശിര്‍ കുമാര്‍ ഭാദുരിയെ പരിചയപ്പെട്ടതാണ് ജീവിതത്തിലെ വലിയ വഴിത്തിരിവായത്. 

വിട്ടുവീഴ്ചയില്ലാത്ത സാമൂഹ്യപ്രതിബദ്ധതയും രാഷ്ട്രീയബോധ്യങ്ങളുമായിരുന്നു സൗമിത്രദായുടെ വ്യക്തിത്വത്തിനു മാറ്റേകിയത്. അദ്ദേഹം ഒരിക്കല്‍പ്പോലും സ്‌ക്രീനില്‍ നായകനും ജീവിതത്തില്‍ വില്ലനുമായില്ല. അതിരുവിട്ട ദേശസ്‌നേഹവായ്ത്താരികൊണ്ട് അദ്ദേഹം ആളുകളെ വെറുപ്പിച്ചില്ല. രാഷ്ട്രീയത്തില്‍ ഇറങ്ങിയാലോ രാഷ്ട്രീയം പറയാന്‍ തുടങ്ങിയാലോ പൊതുജനത്തിനു വലിയ ബാധ്യതയായി മാറുന്ന താരരാജാക്കന്മാരും റാണിമാരും നിറഞ്ഞ ബംഗാളിലെ രാഷ്ട്രീയ പരിസരങ്ങളില്‍ സൗമിത്രദാ വേറിട്ട ശബ്ദവും സാന്നിധ്യവുമായി മാറുന്നത് വംഗജനത കണ്ടു. അപ്പോഴൊക്കെയും അവര്‍ക്ക് അദ്ദേഹത്തോടുള്ള സ്‌നേഹാദരവ് പൂര്‍വ്വാധികം വജ്രകാന്തിയാര്‍ജ്ജിച്ചു. 

ബഹുമതികള്‍ 

വ്യക്തിപരമല്ലാത്ത കാരണങ്ങള്‍ ഉന്നയിച്ചുകൊണ്ട് 1970-ല്‍ പദ്മശ്രീയും 2001-ല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സൗമിത്ര ചാറ്റര്‍ജി നിരസിച്ചിരുന്നു. 2004-ല്‍ പദ്മ വിഭൂഷണ്‍, 2006-ല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം, 2012-ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം 2017-ല്‍ ബംഗ വിഭൂഷന്‍ എന്നിവയാണ് സുദീര്‍ഘമായ ആറ് പതിറ്റാണ്ടുകളുടെ സര്‍ഗ്ഗാത്മക ജീവിതത്തിലൂടെ അദ്ദേഹം കരസ്ഥമാക്കിയത്. സുമന്‍ ഘോഷ് സംവിധാനം ചെയ്ത 'പൊദൊഖേപ്' എന്ന സിനിമയില്‍ ശശാങ്ക പാലിത് എന്ന വിഭാര്യനായ, ബാങ്കില്‍നിന്നും വിരമിച്ച കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. 2018-ല്‍ ഫ്രെഞ്ച് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ലെജിയോന്‍ ഓഫ് ഓണര്‍' പുരസ്‌കാരവും 1999-ല്‍ കലാകാരന്മാര്‍ക്കുള്ള പരമോന്നത പുരസ്‌കാരമായ 'കമാന്‍ഡര്‍ ഓഫ് ദ് ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സും' അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കമാന്‍ഡര്‍ പദവി ലഭിച്ച പ്രഥമ ഇന്ത്യന്‍ നടനായിരുന്നു സൗമിത്ര.

കഥാപുരുഷനും കഥാപാത്രങ്ങളും 

സുദീര്‍ഘമായ കരിയറില്‍ 300-ലധികം ചിത്രങ്ങളിലാണ് സൗമിത്ര ചാറ്റര്‍ജി വേഷമിട്ടത്. നാടകങ്ങള്‍ വേറെയും. 1959-ല്‍ സത്യജിത് റായിയുടെ 'അപുര്‍ സന്‍സാറി'ല്‍ തുടങ്ങി 1990-ല്‍ ഇറങ്ങിയ 'ശാഖ പ്രശാഖ' വരെ റായിയുടെ തന്നെ 14 ചിത്രങ്ങളില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ നല്‍കി. അപുര്‍ സന്‍സാറിലെ അപു, ചാരുലതയിലെ അമല്‍, അശനി സങ്കേതിലെ ഗംഗാചരണ്‍, ജൊയ് ബാബ ഫേലുനാഥിലെ ഫേലുദാ, തീന്‍ കന്യയിലെ അമൂല്യ, അരണ്യേര്‍ ദിന്‍ രാത്രിയിലെ അസിം, പൊദൊഖേപ്പിലെ ശശാങ്ക, അംശുമാനേര്‍ ച്ചൊബിയിലെ പ്രദ്യുത് എന്നിവയിലെല്ലാം അഭിനയപ്രതിഭയുടെ പൊന്‍തിളക്കം കാണികള്‍ ആസ്വദിച്ചു. മുതിര്‍ന്ന സംവിധായകരോടൊപ്പം അഭിനയിക്കുമ്പോള്‍ത്തന്നെ നവാഗതരായ ചെറുപ്പക്കാരുടെ സിനിമകളിലും സൗമിത്രദാ നിറഞ്ഞഭിനയിച്ചു. ഒരുപക്ഷേ '85-ാം വയസ്സിലും സിനിമയുടെ മുഖ്യധാരയില്‍ സജീവമായി നിലകൊണ്ട ഏക ഇന്ത്യന്‍ അഭിനേതാവും അദ്ദേഹം തന്നെയായിരിക്കണം. 2019-ല്‍ മാത്രം സൗമിത്ര ചാറ്റര്‍ജിയുടെ പതിനഞ്ചോളം സിനിമകളാണ് റിലീസായത്. ഈ വര്‍ഷവും അദ്ദേഹം അഭിനയിച്ച അത്രത്തോളം തന്നെ സിനിമകളുടെ റിലീസ് കൊവിഡില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. 

കൊല്‍ക്കത്തയിലെ ചുവരുകളില്‍ സിനിമാശാലകളിലേക്കുള്ള ഒരു ക്ഷണപത്രികപോലെ സൗമിത്ര ചാറ്റര്‍ജിയുടെ ചിത്രമുള്ള സിനിമാ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത് ഒരു നിത്യകാഴ്ചയായിരുന്നു. ആറ് ദശകങ്ങളായി ബംഗാളി പ്രേക്ഷകര്‍ക്കു ശീലമായി മാറിയ ഒന്ന്. മഹാനടന്റെ വിടവാങ്ങലോടെ മഹാനായക് ഉത്തംകുമാറിനെപ്പോലെ സൗമിത്ര ചാറ്റര്‍ജിയുടെ സദാ പ്രസന്നമായ ആ ചിത്രത്തെ ഒരു മങ്ങലും പോറലുമേല്പിക്കാതെ ബംഗാളികള്‍ അവരുടെ ഹൃദയഭിത്തികളിലേക്കു മാറ്റിപ്പതിപ്പിച്ചിരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com