''അസംബന്ധ പ്രഖ്യാപനങ്ങള്‍ ചരിത്രമെന്ന നിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഉദ്ധരിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കുന്നതിന്റെ വിപത്തിനെക്കുറിച്ച് നമ്മള്‍ അത്രയൊന്നും ബോധവാന്മാരല്ല.'' 
കെ.സി. വര്‍ഗ്ഗീസ് രചിച്ച് കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് 2018-ല്‍ പ്രസിദ്ധീകരിച്ച വര്‍ത്തമാനപ്പുസ്തകത്തിന്റെ വര്‍ത്തമാനം എന്ന വിമര്‍ശനാത്മക പഠനത്തില്‍ നിന്നുളള ഉദ്ധരണിയാണ് മേല്‍ക്കൊടുത്തിരിക്കുന്നത്.  ഇന്ത്യന്‍ സമകാലിക സാഹചര്യങ്ങളോട് അടിമുടി പൊരുത്തപ്പെട്ടുപോകുന്ന പ്രസ്തുത വാക്യമാണ് ഈ പുസ്തകത്തിന്റെ താക്കോല്‍.  ഇല്ലാത്ത ശത്രുവിനെ ഉയര്‍ത്തിക്കാണിച്ച് ഭിന്നിപ്പുണ്ടാക്കുന്ന കൊളോണിയല്‍ തന്ത്രം തന്നെയാണ് എക്കാലവും ഫാസിസവും സ്വീകരിച്ചിട്ടുള്ളത്. അത്തരം തന്ത്രങ്ങള്‍ക്കെതിരെ കേരളീയരായ നസ്രാണികള്‍ നടത്തിയ ചെറുത്തുനില്പിന്റെ ചരിത്രരേഖയായി വര്‍ത്തമാനപ്പുസ്തകത്തെ വായിച്ചെടുക്കാനുള്ള ശ്രമമാണ് കെ.സി. വര്‍ഗ്ഗീസ് നടത്തുന്നത്.  കേരളീയ നസ്രാണികളുടെ സ്വത്വപ്രഖ്യാപനമെന്ന നിലയിലല്ലാതെ കേവലമായ ഒരു യാത്രാവിവരണമോ അനുഭവ വ്യാഖ്യാനമോ ആയി വര്‍ത്തമാനപ്പുസ്തകത്തെ കാണുന്ന നിലപാടുകളെ പുസ്തകം തള്ളിക്കളയുന്നുണ്ട്. 
നിലവിലെ ചരിത്രത്തെ കൃത്യമായ ഇടങ്ങളില്‍ നിര്‍ദ്ദയം വിചാരണ ചെയ്യുന്ന രീതിയാണ് പുസ്തകത്തില്‍ സ്വീകരിച്ചിട്ടുളളത്.  പോര്‍ച്ചുഗല്‍ സാമ്രാജ്യ വികസനമെന്ന രാഷ്ട്രീയലക്ഷ്യത്തിന് ആധികാരികത നല്‍കിയത് അത് ദൈവേച്ഛയാണെന്ന വാദമാണ്.  പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ കൊളോണിയല്‍ ശക്തികള്‍ അവരുടെ സാമ്രാജ്യവ്യാപനത്തിനു സഹായകമായ ചരക്കായാണ് ക്രിസ്തുമതത്തെ കണ്ടിരുന്നത്.  യൂറോപ്പിലെ കത്തോലിക്കാ വിശ്വാസികളെ ഒന്നടങ്കം റോമാസഭയുടെ ആധിപത്യത്തിനു കീഴില്‍ കൊണ്ടുവരാന്‍ ഫ്രെഞ്ച് മേധാവിത്തത്തിനു കഴിഞ്ഞതോടെയാണ് കത്തോലിക്കാ വിശ്വാസം യൂറോപ്യന്‍ ദേശീയതയുടെ പ്രതീകമായി സ്ഥാപിക്കപ്പെട്ടത് എന്ന നിരീക്ഷണം അതിനെ സാധൂകരിക്കുന്നു (പുറം 7). കൊടുങ്ങല്ലൂരിലെ ക്രിസ്ത്യാനികള്‍ വാസ്‌കോഡഗാമയുടെ രണ്ടാം വരവില്‍ അദ്ദേഹത്തെ ചെന്നുകണ്ട് ഇതര മതസ്ഥരില്‍നിന്ന് തങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ധരിപ്പിക്കുകയും ഹിന്ദുരാജ്യത്തെ കയ്യടക്കാന്‍ സഹായിക്കുന്ന വിധത്തില്‍ ഒരു കോട്ടകെട്ടാന്‍ പ്രേരിപ്പിക്കുകയും ചെയ്തതായി ഗുണ്ടര്‍ട്ടിനെ ഉദ്ധരിച്ച് സഭാചരിത്രകാരനായ ഇസഡ് എം. പാറോട്ട് മലങ്കര നസ്രാണികള്‍ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  കേരളപ്പഴമയിലെ പല പരാമര്‍ശങ്ങളും പോര്‍ട്ടുഗീസ് വാഴ്ചയെ തദ്ദേശീയരായ കേരളീയ നസ്രാണികള്‍ സ്വാഗതം ചെയ്തു എന്ന് സ്ഥാപിക്കുന്നവയാണ്.  ഇത്തരം നിരീക്ഷണങ്ങളെയാണ് വര്‍ത്തമാനപ്പുസ്തകത്തിന്റെ വര്‍ത്തമാനം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.
    
ലിസ്ബണില്‍ വച്ച് കൊടുങ്ങല്ലൂര്‍ മെത്രാപ്പൊലീത്തയായി അഭിഷിക്തനായ ഡോ. ജോസഫ് കരിയാറ്റി, പാറേമാക്കല്‍ തോമാക്കത്തനാര്‍ എന്നീ രണ്ടു മലയാളികള്‍ റോമിലേക്കു നടത്തിയ യാത്രയുടെ വിവരണമാണ് വര്‍ത്തമാനപ്പുസ്തകം. വൈദേശികരായ വൈദികമേലധികാരികളില്‍നിന്നും കേരള നസ്രാണികളെ മോചിപ്പിക്കുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം. 1778 മുതല്‍ 1786 വരെ എട്ടുവര്‍ഷമാണ് യാത്രയുടെ കാലപരിധി. 1977-ല്‍ ഏകദേശം നൂറ്റിത്തൊണ്ണൂറ്റിയൊന്നു വര്‍ഷത്തിനുശേഷം ജനതാസര്‍വ്വീസ് തേവര പുസ്തകം അച്ചടിച്ചു പ്രസിദ്ധീകരിച്ചെങ്കിലും അതിന്മേല്‍ കാര്യമായ ഗവേഷണപഠനങ്ങള്‍ നടന്നില്ല. സഭയുടെ ബോധപൂര്‍വ്വമായ തമസ്‌ക്കരണ ശ്രമങ്ങളെക്കുറിച്ച് ലേഖകന്‍ സംശയാലുവാകുന്നുണ്ടെങ്കിലും അതിനുള്ള തെളിവുകള്‍ പുസ്തകത്തില്‍ ഇല്ല എന്നു പറയേണ്ടിവരുന്നു.
രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുളള പതിമൂന്ന് അദ്ധ്യായങ്ങളും ഭൂലോകശാസ്ത്രം, സഭാഭരണം സംബന്ധിച്ച് ലാറ്റിന്‍ ഭാഷയില്‍ നടന്ന കത്തിടപാടുകളുടെ മലയാള പരിഭാഷ, അപരിചിത പദങ്ങളുടെ ടിപ്പണി എന്നിവയടങ്ങുന്ന നാല് അനുബന്ധങ്ങളുമാണ് വര്‍ത്തമാനപ്പുസ്തകത്തിന്റെ വര്‍ത്തമാനത്തിലുള്ളത്. കേരള ചരിത്രത്തിനും സംസ്‌ക്കാരത്തിനും ഭാഷയ്ക്കും അവയെ മുന്‍നിര്‍ത്തിയുള്ള തുടര്‍പഠനങ്ങള്‍ക്കും ദിശാബോധം നല്‍കാനുതകുന്ന വിധത്തില്‍ അവ സജ്ജീകരിച്ചിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലെ ഗദ്യമാതൃകയെ പ്രതിനിധീകരിക്കുന്ന ഒരു ഗ്രന്ഥത്തെക്കുറിച്ചുള്ള പഠനത്തില്‍ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന ഭാഷാപരമായ വരള്‍ച്ച ഈ പുസ്തകത്തില്‍ ഇല്ല. മറിച്ച് അക്കാലത്തെ ഭാഷയുടെ സൗന്ദര്യത്തേയും ആര്‍ജ്ജവത്തേയും മാനിച്ചുകൊണ്ടാണ് വര്‍ത്തമാനപ്പുസ്തകം വിശകലനം ചെയ്യപ്പെടുന്നത്.
വര്‍ത്തമാനപ്പുസ്തകത്തിലെ ഭാഷ എന്ന ഉപശീര്‍ഷകത്തിനു കീഴില്‍ നല്‍കിയിട്ടുള്ള ഉദ്ധരണികള്‍ ഉദാഹരണമാണ്.  മലയാളഗദ്യസാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക് കാരണഭൂതനായി കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനെ വാഴ്ത്തുമ്പോഴും പാറേമാക്കല്‍ തോമാ കത്തനാരും ജോസഫ് കരിയാറ്റിയും അസ്പൃശ്യരായി തുടരുന്നതിലെ അനീതി സ്പഷ്ടമാണ്. സവര്‍ണ്ണതയുടെ സാംസ്‌ക്കാരിക മൂലധനത്തിനാണ് എക്കാലവും വിപണനമൂല്യമെന്നതാണ് ഇത്തരം തമസ്‌കരണങ്ങള്‍ക്ക് പിന്നില്‍. തദ്ദേശീയരുടേതിനെക്കാള്‍ വൈദേശികരുടെ ഇടപെടലുകള്‍ക്ക് മൂല്യം കല്പിക്കുന്ന അടിമത്ത മനോഭാവത്തിനെതിരായാണല്ലോ കത്തനാരും മല്പാനും പൊരുതിയതുതന്നെ.
    
വര്‍ത്തമാനപ്പുസ്തകത്തിന്റെ ചരിത്രപശ്ചാത്തലം, മലങ്കരനസ്രാണികളും വിദേശമേല്‍ക്കോയ്മകളും എന്നീ അദ്ധ്യായങ്ങളില്‍ പോര്‍ട്ടുഗീസ് സാമ്രാജ്യവ്യാപനം മുതല്‍ കേരളത്തിലെ നസ്രാണികള്‍ നേരിട്ട സ്വത്വസംഘര്‍ഷം വരെ പരാമര്‍ശിക്കുന്നുണ്ട്.  പാറേമാക്കല്‍ തോമാ കത്തനാരുടേയും ജോസഫ് കരിയാറ്റിയുടേയും ജീവചരിത്രസംബന്ധമായ വസ്തുതകളും മലങ്കരസഭാത്തര്‍ക്കത്തിലെ അവരുടെ നിലപാടുകളും സംഘര്‍ഷങ്ങളും ഈ അദ്ധ്യായത്തില്‍ വിശദീകരിക്കുന്നു. വര്‍ത്തമാനപ്പുസ്തകത്തെക്കുറിച്ചുളള ഗവേഷണങ്ങളുടെ സംഗ്രഹവും അതിന്റെ സാഹിത്യമൂല്യത്തെക്കുറിച്ച് സാഹിത്യചരിത്രകാരന്മാര്‍ നടത്തിയ നിരീക്ഷണങ്ങളുമാണ് നാലാമദ്ധ്യായത്തില്‍ ഉള്ളത്.  അപൂര്‍വ്വ പദങ്ങള്‍കൊണ്ടും പ്രയോഗവിശേഷങ്ങള്‍കൊണ്ടും ഉള്ളടക്കത്തിന്റെ രാഷ്ട്രീയംകൊണ്ടും വേറിട്ടുനില്‍ക്കുന്ന ഒരു പുസ്തകത്തെ ഗവേഷണബുദ്ധിയോടുകൂടി സമീപിക്കുന്നതിനുള്ള മുന്നൊരുക്കമാണ് ഭാഗം ഒന്ന്. ഏതൊരു ലിഖിതപാഠത്തേയും അതിന്റെ ചരിത്രസന്ദര്‍ഭത്തില്‍ നിര്‍ത്തി വിശകലനം ചെയ്യുകയാണ് പാഠത്തോട് നീതിപുലര്‍ത്താനുള്ള മാര്‍ഗ്ഗമെന്ന് അത് ബോദ്ധ്യപ്പെടുത്തുന്നു.
    ഭാഗം രണ്ട് എട്ടുവര്‍ഷം നീണ്ടയാത്രയിലെ അനുഭവങ്ങളുടെ വിവരണമാണ്.  വര്‍ത്തമാനപ്പുസ്തകത്തിലെ രണ്ടുഭാഗങ്ങളേയും വിശകലനത്തിനും വ്യാഖ്യാനത്തിനുമായി ഉപയോഗിച്ചിട്ടുണ്ട്.  താന്‍ സ്വീകരിച്ചിരിക്കുന്ന രീതിശാസ്ത്രത്തെക്കുറിച്ച് ലേഖകന്‍ ഇപ്രകാരം പറയുന്നു:
''ഒന്നാം ഭാഗത്തിലെ 78 പദങ്ങളിലൂടെയുള്ള ഓട്ടപ്രദക്ഷിണം എന്തുകൊണ്ടും അനിവാര്യമാണ്.  ഈ ലക്ഷ്യത്തോടെയുള്ള സാക്ഷിപത്രപുനരാഖ്യാനമാണ് ഇവിടെ നല്‍കുന്നത്.  ആഖ്യാനവും  തുടര്‍ന്ന് വിചാരവും എന്ന ശൈലിയാണ് പാറേമ്മാക്കല്‍ അവലംബിച്ചിരിക്കുന്നത്. ആഖ്യാനങ്ങള്‍ മനസ്സിലാക്കുന്നതോടൊപ്പം ഗ്രന്ഥകാരന്റെ വിചാരങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കുക എന്നതും ഇത്തരമൊരു പഠനത്തിന്റെ പരിധിയില്‍ അത് ഒതുക്കുക എന്നതും അത്യന്തം സാഹസികം ആണെന്നറിഞ്ഞുകൊണ്ടുതന്നെ അത്തരം ഒരു സാഹസത്തിന് മുതിരുകയാണ്.''  (പുറം 39)
വര്‍ത്തമാനപ്പുസ്തകത്തെക്കുറിച്ചുളള പുസ്തകം മുഖവുരയില്‍ അവകാശപ്പെടുന്നതുപോലെ 'A book about a book' ആകുന്നത് ഇവിടം മുതലാണ്.  മലയാളിത്തമുള്ള 'കത്തനാര്‍' എന്ന പദത്തെ 'പാതിരി' ആദേശം ചെയ്തതിലുള്ള പ്രതിഷേധം മുതല്‍ വിദേശവാഴ്ചയില്‍ വിയോജിച്ച ചാക്കോകത്തനാരെ പട്ടിണിക്കിട്ടു കൊന്നതായുള്ള കാര്യങ്ങളടക്കം വര്‍ത്തമാനപ്പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.  അതിലെ പദങ്ങളുടെ വിശദീകരണത്തിലും വ്യാഖ്യാനത്തിലും ഇത്തരം സൂക്ഷ്മാംശങ്ങള്‍ വിട്ടുപോയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
''യൊഹന്നാന്‍ ദെസന്തമാര്‍ഗരീത്താ എന്ന പാതിരി മേല്‍പ്പറഞ്ഞ വറുഗീസുകത്തനാരെ വിളിച്ചുകൊണ്ടുപോയി ഒരു കട്ടിന്മേല്‍ മലത്തികിടത്തിവടുകളുടെ കൈകളാല്‍ തല്ലിച്ചതും ഓര്‍ത്തും കൊണ്ടാല്‍ ഈ പരമാര്‍ത്ഥം അറിയുകയുമാം'' (പുറം 43).
അര്‍ത്ഥഗ്രഹണത്തിന് അവശ്യം ആവശ്യമായ വിശദീകരണങ്ങളും സൂചനകളും നല്‍കിക്കൊണ്ട് ആദിഗദ്യഭാഷയുടെ സൗന്ദര്യവും പഴമയും വായനക്കാരിലെത്തിക്കുന്ന വിധമാണ് ആഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത്.  സമ്പൂര്‍ണ്ണമായി നവമലയാളത്തിലേക്കു മാറ്റുന്നത് ഇത്തരം കൃതികളുടെ തനിമയെ നശിപ്പിക്കുമെന്ന വിമര്‍ശനം മാത്യു ഉലകംതറ തയ്യാറാക്കിയ വര്‍ത്തമാനപ്പുസ്തകത്തിന്റെ രണ്ടു പതിപ്പുകളെ പരാമര്‍ശിച്ചുകൊണ്ട് കെ.സി. വര്‍ഗീസ് ഉയര്‍ത്തുന്നുണ്ട്.
വര്‍ത്തമാനപ്പുസ്തകത്തിലെ ഇരുപത്തിമൂന്നാം പാദത്തിലെ തോമാശ്ലീഹാക്കഥകളുടെ യുക്തിരാഹിത്യത്തെക്കുറിച്ചുള്ള പരാമര്‍ശം എടുത്തുപറയേണ്ടതാണ്. തോമാശ്ലീഹാ കുരിശ് സ്ഥാപിക്കുകയും ധ്യാനിക്കുകയും ചെയ്തു, ധ്യാനിച്ചിരുന്ന അദ്ദേഹത്തെ ബ്രാഹ്മണര്‍ കുത്തി, കുത്തേറ്റ ശ്ലീഹാ കുരിശില്‍ കെട്ടിപ്പിടിച്ച് രക്തം വാര്‍ന്നു മരിച്ചു എന്നിങ്ങനെയുള്ള കഥകള്‍ പാറേമാക്കല്‍ കത്തനാര്‍ ആവര്‍ത്തിച്ചിരിക്കുന്നതിനെ ചരിത്രത്തിലുള്ള അജ്ഞതയായാണ് വിലയിരുത്തിയിട്ടുള്ളത്. തോമാശ്ലീഹ കൊല്ലപ്പെട്ടതായി കരുതുന്ന ആദ്യനൂറ്റാണ്ടില്‍ ലോകത്ത് കുരിശ് നിര്‍മ്മിക്കപ്പെടുകയോ അതൊരു പൂജ്യവസ്തുവായി കരുതപ്പെടുകയോ ചെയ്തിരുന്നില്ല എന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു. ക്രിസ്തുവര്‍ഷം ആദ്യത്തെ ഏഴു നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യയില്‍ ബ്രാഹ്മണര്‍ എന്ന ജാതി രൂപപ്പെട്ടിരുന്നില്ല എന്ന യുക്തിയും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നുണ്ട്. പ്രാചീന ഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങളെ ചരിത്രയുക്തികളുടെ അടിസ്ഥാനത്തില്‍ നിര്‍ദാക്ഷിണ്യം വിശകലനം ചെയ്തു വിശദീകരിക്കേണ്ടത് ചരിത്രത്തെ ഗൗരവപൂര്‍വ്വം സമീപിക്കുന്നവരുടെ പ്രാഥമികമായ ചുമതലയാണെന്ന ബോധ്യമാണ് ലേഖകനെ നയിക്കുന്നത്. ബയ്യാ, റിയോഡിജനീറ, പര്‍നബുക്കാ എന്നീ നഗരങ്ങള്‍ പോര്‍ട്ടുഗീസ് ആധിപത്യത്തില്‍ കീഴിലായതിനു പിന്നിലെ കഥകളേയും ഈ പുസ്തകം ഇതേ രീതിലാണ് സമീപിക്കുന്നത്. പിടിച്ചടക്കലിനേയും വെട്ടിപ്പിടിക്കലിനേയും ന്യായീകരിക്കാനുണ്ടാക്കുന്ന കഥകള്‍ മതവിശ്വാസമായും ചരിത്രമായും മാറുന്നതിന്റെ അയുക്തികള്‍ വര്‍ത്തമാനപ്പുസ്തകത്തെ മുന്‍നിര്‍ത്തി ചര്‍ച്ച ചെയ്യുന്നുണ്ട്. റോമിലേക്കുള്ള യാത്രയ്ക്കിടയിലും മാര്‍പാപ്പയെ കണ്ടതിനുശേഷവുമുള്ള യാത്രികരുടെ അനുഭവങ്ങള്‍ പൗരോഹിത്യവാഴ്ചയുടെ ദൂഷ്യങ്ങളുടെ നേര്‍ച്ചിത്രങ്ങളായി രേഖപ്പെടുന്നു.
1748-ല്‍ തിരുവിതാംകൂര്‍ കൊട്ടാരസേവകനായിരുന്ന നീലകണ്ഠപിള്ളയെ പോര്‍ട്ട്ഗീസ് മിഷണറിമാര്‍ ജ്ഞാനസ്നാനപ്പെടുത്തി. ദേവസഹായം പിള്ള എന്ന പേരു സ്വീകരിച്ച അദ്ദേഹത്തെ വ്യാജ കുറ്റാരോപണങ്ങള്‍ ഉന്നയിച്ച് രാജാവ് തടവിടുകയും 1752-ല്‍ വധിക്കുകയും ചെയ്തു. മതവിശ്വാസത്തിന്റെ പേരില്‍ കൊലചെയ്യപ്പെട്ട ആദ്യത്തെ കേരള ക്രിസ്ത്യാനിയായി ദേവസഹായം പിള്ളയെ വര്‍ത്തമാനപ്പുസ്തകം രേഖപ്പെടുത്തുന്നു. അദ്ദേഹത്തെ വിശുദ്ധപദവിയില്‍ പ്രതിഷ്ഠിക്കാന്‍ തോമാക്കത്തനാരും ജോസഫ് മല്പാനും ശ്രമിച്ചു പരാജയപ്പെടുകയായിരുന്നു. വിശുദ്ധ പദവിയെത്തന്നെ കേരളീയ ക്രിസ്ത്യാനികളുടെ അഭിമാനസംരക്ഷണത്തിനായി ഉപയോഗിക്കാനുള്ള ഒരു സമരനീക്കമായിരുന്നു അത്.
തദ്ദേശീയരായ ക്രിസ്ത്യാനികള്‍ക്ക് തങ്ങള്‍ക്കിടയിലേക്ക് മറ്റുള്ളവര്‍ കടന്നുവരുന്നത് താല്‍പ്പര്യമുണ്ടായിരുന്നില്ല, മതപ്പരിവര്‍ത്തനങ്ങള്‍ വൈദേശിക മിഷണറിമാരുടെ സവിശേഷ താല്‍പ്പര്യത്തിലാണ് നടന്നിരുന്നത് എന്നീ നിരീക്ഷണങ്ങള്‍ പുസ്തകം അവതരിപ്പിക്കുന്നുണ്ട്. മതപ്പരിവര്‍ത്തനങ്ങളോട് കേരളീയ പുരോഹിതന്മാര്‍ വിമുഖരായിരുന്നത് ഇക്കാരണത്താലാവണം.
മലങ്കരയ്ക്കു തദ്ദേശീയനായ മെത്രാനെ അനുവദിക്കണമെന്ന ആവശ്യത്തോട് ഗോവമെത്രാന്‍ പ്രതികൂലമായാണ് പ്രതികരിച്ചത്. അദ്ദേഹമുന്നയിച്ച പത്തു തടസ്സവാദങ്ങളില്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നത് മലങ്കരയുള്ള ജനങ്ങള്‍ക്ക് ഭരിക്കാനറിയില്ല, സ്വജാതിക്കാരായ മെത്രാന്മാരെ അവര്‍ അനുസരിക്കുകയുമില്ല എന്നീ ആരോപണങ്ങളാണ് (പുറം 118). അത്തരം നിഗമനങ്ങളില്‍ മെത്രാന്‍ എത്തിച്ചേരുന്നതിന് കാരണമായത് മലങ്കരസഭയിലെ വിഭാഗീയതകളും സംഘര്‍ഷങ്ങളുമായിരിക്കണം. വിദേശ പാതിരികളോടുള്ള തദ്ദേശീയരുടെ ആത്മരോഷം പൊട്ടിപ്പുറപ്പെടുന്ന സന്ദര്‍ഭങ്ങള്‍ വര്‍ത്തമാനപ്പുസ്തകത്തില്‍ ഉടനീളമുണ്ട്. അവയെ പ്രത്യേകമായി കണ്ടെടുക്കുന്നതില്‍ ഒരു രാഷ്ട്രീയമുണ്ട്. അവയുടെ ചേര്‍ത്തുവയ്പ് ശക്തമായ ഒരു നിലപാടിനെ വെളിപ്പെടുത്തുന്നു. ഒരു ജനതയുടെ സ്വത്വാഭിമാനത്തിന്മേലുണ്ടാകുന്ന എല്ലാത്തരം അധിനിവേശങ്ങളോടുമുള്ള ചെറുത്തുനില്പായി വര്‍ത്തമാനപ്പുസ്തകത്തെ വായിക്കാന്‍ പ്രേരിപ്പിക്കുന്നത് ഈ നിലപാടുകളിലെ രാഷ്ട്രീയമാണ്.
വര്‍ത്തമാനപ്പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്ന ഭൂലോകശാസ്ത്രം പൊതുവെ അവഗണിക്കപ്പെടാറാണ് പതിവ്. എന്നാല്‍ ഭൂലോകശാസ്ത്രത്തിന്റെ ചരിത്രപരമായ പ്രസക്തിയിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട് ഈ പുസ്തകം. രാജാക്കന്മാരുടെ വീരചരിതങ്ങള്‍ ചരിത്രമായി രേഖപ്പെടുത്തപ്പെട്ടിരുന്ന കാലത്താണ് വര്‍ത്തമാനപ്പുസ്തകം ഉണ്ടാകുന്നത്. വിവിധ ഭൂവിഭാഗങ്ങള്‍, അവിടെ അധിവസിക്കുന്ന മനുഷ്യര്‍, രാഷ്ട്രീയവ്യവസ്ഥ, മതവിശ്വാസങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതാണ് യഥാര്‍ത്ഥ ചരിത്രം എന്ന ബോദ്ധ്യമാണ് ഈ തുടങ്ങിയ കാര്യങ്ങളുടെ സൂക്ഷ്മാംശങ്ങളില്‍ ഉള്‍പ്പെടുത്തലിനു പിന്നില്‍.
യാത്രകള്‍ സംസ്‌ക്കാരവിനിമയങ്ങളുടേയും ഉള്‍ക്കൊള്ളലുകളുടേയും കൂടി ചരിത്രമാണ് പ്രത്യേക ലക്ഷ്യമുള്ളതും ഇല്ലാത്തതുമായ യാത്രകള്‍ക്കും ഇതു ബാധകമാണ്. വിശ്വാസത്തിലൂന്നി ത്യാഗങ്ങള്‍ സഹിച്ച് തദ്ദേശീയരുടെ അഭിമാനത്തിനുവേണ്ടി തോമാക്കത്തനാരും ജോസഫ് കരിയാറ്റിയും നടത്തിയ യാത്രയെ ലൗകിക കാര്യത്തിനുവേണ്ടിയുള്ള യാത്ര എന്നാണ് ഗോവമെത്രാന്‍ ആക്ഷേപിക്കുന്നത്. ലൗകിക കാര്യത്തിനും ആത്മീയ കാര്യത്തിനുമുള്ള യാത്രകള്‍ വെവ്വേറെ നിര്‍വ്വചിക്കപ്പെടുന്നതായി കാണാം. രണ്ടു യാത്രകള്‍ക്കും ലഭിക്കുന്ന സാമൂഹിക പദവിയിലും അന്തരമുണ്ട്.
യാത്രാവിവരണവും ആത്മകഥയും അനുഭവാഖ്യാനവും ചരിത്രവും ഇടകലര്‍ന്നു കിടക്കുന്ന രൂപമാണ് വര്‍ത്തമാനപ്പുസ്തകത്തിന്റേത്. ഈ സാഹിത്യഗണങ്ങളിലോരോന്നും വ്യത്യസ്തമായ അപഗ്രഥന രീതികളാണ് ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ഏതെങ്കിലുമൊരു നിശ്ചിത മാനദണ്ഡം ഉപയോഗിച്ച് വര്‍ത്തമാനപ്പുസ്തകത്തെ വിലയിരുത്തുന്നത് പ്രായോഗികമല്ല. അത്തരമൊരു ഉദ്ദേശ്യം മുന്‍നിര്‍ത്തിയല്ല ഈ പഠനം നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ക്ക് ഇടമില്ല. എന്നാല്‍ ചരിത്രത്തെ മുന്‍നിര്‍ത്തുകയും സ്വന്തമായ രീതിയില്‍ പുനര്‍വായന നടത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട് ഈ പുസ്തകം.
ചരിത്രരചനയെന്നത് ഭൂതകാലത്തെ പുന:സൃഷ്ടിക്കലല്ല. ഭാഷയുടേയും പ്രതിനിധാന സ്വഭാവമുള്ള ഇമേജുകളുടേയും രൂപത്തില്‍ നിലനില്‍ക്കുന്ന ഒരു പാഠത്തെ കൃത്യമായ ബിന്ദുക്കളില്‍ അടയാളപ്പെടുത്തലാണ്. ഭാഷ ഉപയോഗിക്കപ്പെടുമ്പോള്‍ അതിന്റെ സാദ്ധ്യതകളെ കുറച്ചു കാണാനും സാദ്ധ്യമല്ല. സര്‍ഗ്ഗാത്മകതയേയും ഭാവനയേയും ചരിത്രവുമായി ഇഴചേര്‍ക്കുന്നത് ഫിക്ഷന്റെ സ്വഭാവമാണ്. ഇതിനിടയിലാണ് വര്‍ത്തമാനപ്പുസ്തകത്തിന്റെ നില. ചിലയിടങ്ങളില്‍ വിശദീകരണങ്ങളുടെ ആധികാരിക ഭാഷ ഉപയോഗിച്ചും ചിലയിടങ്ങളില്‍ പാഠത്തെ അതേപടി ഉള്‍ക്കൊള്ളിച്ചും ചിലയിടങ്ങളില്‍ വിവര്‍ത്തനം ഉപയോഗിച്ചുമാണ് വര്‍ത്തമാനപ്പുസ്തകത്തെ കെ.സി. വര്‍ഗീസ് വിശകലനം ചെയ്യുന്നത്. വായനക്കാരനുമേല്‍ ആധിപത്യം സ്ഥാപിക്കുന്ന വ്യാഖ്യാതാവായല്ല പതിനെട്ടാം നൂറ്റാണ്ടിന്റെ ചരിത്രത്തിലേക്കുള്ള യാത്രാസഹായിയായാണ് അദ്ദേഹം പുസ്തകത്തില്‍ ഇടപെടുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പലതിന്റേയും വിവരണം കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഭൂലോകശാസ്ത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന വസ്തുത ഇതോടു ചേര്‍ത്തു കാണേണ്ടതാണ്.
ചരിത്രവും ഭാവനയും മിത്തും യാഥാര്‍ത്ഥ്യവും ഇടകലരുന്ന ഒരു പുസ്തകത്തെ വര്‍ത്തമാനത്തിന്റെ പുസ്തകമായി സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിന്റെ അപാകതകള്‍ ഈ പഠനത്തിലുണ്ട്. ജോസഫ് കരിയാറ്റിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍, വര്‍ത്തമാനപ്പുസ്തകത്തിലെ 14 മുതല്‍ 16 വരെയുളള പദങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യങ്ങള്‍, കൊച്ചിയിലെ വികാരി ജനറലായിരുന്ന ഫ്രംസിസ്‌ക്കോസ് കയത്തോനോസ് പാതിരിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങിയവ പ്രതിപാദിക്കുന്നതിലെ സന്ദേഹസ്വരം ഉദാഹരണമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിഗമനങ്ങളിലേക്കെത്തുന്ന രീതി മാത്രമേ സ്വീകാര്യമാവുകയുള്ളൂ, വര്‍ത്തമാനപ്പുസ്തകത്തിന്റെ ഫിക്ഷന്‍ സ്വഭാവം അതിനു തടസ്സമായി നില്‍ക്കുമെങ്കിലും. പോരാട്ടത്തിന്റെ ആത്മീയത (സാഹിത്യ അക്കാദമി 2007) എന്ന പുസ്തകത്തിനുവേണ്ടി നടത്തിയ ഗവേഷണ പ്രവര്‍ത്തനങ്ങളാണ് ഈ പഠനത്തിന് നിമിത്തമായതെന്ന് കെ.സി. വര്‍ഗീസ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ലഭ്യമായ രേഖകളെല്ലാം പഠനത്തിനു ഉപയോഗിച്ചിരിക്കുന്നതിനാല്‍ വര്‍ത്തമാനപ്പുസ്തകത്തെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥമായിത്തീരാവുന്നതാണ് ഈ പുസ്തകം. അതിനാല്‍ ഈ സന്ദേഹസ്വരം വിശദീകരിക്കപ്പെടേണ്ടതുണ്ട്.
അധിനിവേശ ദേശീയതയുടെ ആധിപത്യത്തിനു കീഴില്‍ ചെറുകിട ദേശീയതകള്‍ ഞെരുങ്ങിപ്പോകുന്ന കാഴ്ചകളുണ്ട് ചരിത്രത്തില്‍. കല്‍പ്പിക്കലിനും അനുസരിക്കലിനുമിടയില്‍ അവസാനിച്ചുപോകുന്ന മനുഷ്യജീവിതങ്ങളുടെ കാലം കൂടിയായി അതിനെ കെ.ഇ.എന്‍ വായിച്ചെടുക്കുന്നുണ്ട്. (ദേശീയത കല്പിക്കുന്ന പൗരത്വബോധങ്ങള്‍, 2017) മതം പ്രബലമായ സമൂഹങ്ങളില്‍ ദേശീയതയെ നിയന്ത്രിക്കാന്‍ അതിനു സാധിക്കാറുണ്ട്. ഒരേ മതവിശ്വാസത്തിനു കീഴില്‍ ഒരു സവിശേഷ ഭൂവിഭാഗത്തില്‍ അധിവസിക്കുന്ന ജനങ്ങള്‍ക്കിടയില്‍ സ്വാഭാവികമായുണ്ടാകുന്ന ദേശീയത ഒരര്‍ത്ഥത്തില്‍ ജനകീയ ദേശീയതയാണ്. ഇന്ത്യയില്‍ അത്തരമൊരു ദേശീയതാ ബോധമാണ് ബ്രിട്ടീഷുകാര്‍ക്കെതിരായി പ്രവര്‍ത്തിച്ചത് എന്നത് വസ്തുതയാണ്. ഈ ജനകീയ ദേശീയത നേരത്തെ പ്രസ്താവിച്ചതുപോലെ ചിലയിടങ്ങളില്‍ മതാധിഷ്ഠിതമോ മതനിയന്ത്രിതമോ ആയേക്കാം. ഇസ്ലാമിക രാഷ്ട്രങ്ങളിലെ ദേശീയതാ ബോധത്തേയും പതിനാറാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ വികസിച്ചുവന്ന ദേശീയതാ ബോധത്തേയും മതത്തില്‍നിന്ന് മാറ്റിനിര്‍ത്തി വിശകലനം ചെയ്യാനാവില്ല. ഈ ദേശീയത ഭരണകൂടപരമായ ദേശീയതയിലേക്ക് വഴിമാറിയ സാഹചര്യങ്ങള്‍ സുനില്‍ പി. ഇളയിടം വിശദീകരിക്കുന്നുണ്ട് (ദേശീയത: ജനകീയവും മതാത്മകവും). സമാനമായ സാഹചര്യമാണ് വര്‍ത്തമാനപ്പുസ്തകം ചര്‍ച്ച ചെയ്യുന്ന മതാന്തരീക്ഷവും പ്രതിനിധീകരിക്കുന്നത്. ആദ്യകാലങ്ങളിലെ ജനകീയത, ഭരണകൂടപരമായതോടെ മതത്തിന് നഷ്ടപ്പെടുന്നതിലെ സമ്മര്‍ദ്ദങ്ങളാണ് പാറേമാക്കലും മല്പാനും അനുഭവിച്ചത്; അതെന്താണെന്ന് കൃത്യമായി അവര്‍ തിരിച്ചറിഞ്ഞിരുന്നില്ലെങ്കില്‍പ്പോലും. ഒപ്പം റോമിന്റേയും പോര്‍ട്ടുഗീസിന്റേയും മത-രാഷ്ട്രീയാധികാരങ്ങളും മദ്ധ്യവര്‍ത്തികളുടെ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളും ആത്യന്തിക ലക്ഷ്യത്തിന് പരിക്കേല്പിച്ചുവെന്ന ഖേദം വര്‍ത്തമാനപ്പുസ്തകം പങ്കുവയ്ക്കുന്നുണ്ട്. ഈ രണ്ടു വസ്തുതകളേയും കണ്ടെടുക്കുന്നുവെന്നതാണ് വര്‍ത്തമാനപ്പുസ്തകത്തിന്റെ വര്‍ത്തമാനത്തെ സവിശേഷമാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates