കാലത്തിന്റെ നേര്‍ക്കാഴ്ചകളായ 28 കവിതകളുടെ സമാഹാരമാണ് എസ്. രമേശന്റെ 'കറുത്ത വവ്വാലുകള്‍.' ഈ കവിതാ സമാഹാരത്തിന് പി. രാമനാണ് അവതാരിക എഴുതിയിരിക്കുന്നത്. നിശ്ശബ്ദതയുടെ ഘനത്വവും ലാവ പോല്‍ ഒഴുകുന്ന ജലവും സിരകളില്‍ ചോരയായി തിളയ്ക്കുന്ന പ്രതീക്ഷകളും നിറഞ്ഞതാണീ കവിതകള്‍. പ്രമേയത്തിനും ഭാഷയ്ക്കുമൊപ്പം സ്ഥലകാലങ്ങള്‍ക്കും ഇതില്‍ പ്രാധാന്യമുണ്ട്. ഹൃദയത്തിന്റേയും കണ്ണുകളുടേയും പല്ലുകളുടേയുമെല്ലാം സ്ഥാനം പ്ലാസ്റ്റിക്കുകള്‍ കീഴടക്കുമ്പോഴും അഗ്‌നിപര്‍വ്വതം കണക്കെ തിളച്ചു പൊങ്ങുന്ന സംവേദനങ്ങള്‍ കവിതയിലുടനീളം അണപൊട്ടി ഒഴുകുകയാണ്. ശരിതെറ്റുകള്‍ക്കിടയിലും സങ്കല്പങ്ങള്‍ക്കും ഭ്രമങ്ങള്‍ക്കുമിടയിലും കിടന്നുഴലുമ്പോഴും ചത്തഴുകാതെ ഉടഞ്ഞ ശംഖിന്റെ ഉള്‍ക്കരുത്തായി കവിയുടെ ശബ്ദം ഉയരുകതന്നെ ചെയ്യുന്നു.
എനിക്കിടം തരൂ...
ആ കറുത്ത മാറാപ്പിന്‍
തണുപ്പില്‍ നിശ്ശബ്ദത
നിമിഷാര്‍ദ്ധങ്ങളില്‍...
എനിക്കു ജീവനുണ്ട്
ഹൃദയമുണ്ട്, കബന്ധമല്ല ഞാന്‍
തരുമോ ഇത്തിരി ഇടം?
ആ കറുത്ത മാറാപ്പില്‍?
(ഉടഞ്ഞ ശംഖുകള്‍ പെറുക്കി വില്‍ക്കുമ്പോള്‍)
നീതിയും ന്യായവും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വര്‍ത്തമാന ലോകത്തോട് മല്ലിടുന്ന കവിതയാണ് 'ആരുടെ ജനാധിപത്യം?' കുറ്റം ചെയ്യാത്തവനെ തൂക്കിലേറ്റുമ്പോഴും കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കത എറിഞ്ഞുടക്കുമ്പോഴും സ്ത്രീത്വം പിച്ചിച്ചീന്തുമ്പോഴും അഭിപ്രായങ്ങള്‍ അടിച്ചമര്‍ത്തപ്പെടുമ്പോഴും പിടയാത്ത ഹൃദയങ്ങള്‍ക്ക് നേരെയാണ് ഈ കവിത വിരല്‍ചൂണ്ടുന്നത്. കാരണം, നമ്മുടേത് രാജഭരണമോ മതരാഷ്ട്രമോ അല്ലെന്നതുതന്നെ. ജനവും ഭരണകൂടവും തമ്മിലുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കെത്തന്നെ, പരസ്പരാധിപത്യത്തിന്റെ വേരുകളൂന്നാന്‍ ശ്രമിക്കുന്ന കപട ജനാധിപത്യവാദികളോടുള്ള കവിയുടെ ചോദ്യം കാലികപ്രസക്തിയുള്ളതാണ്.
വീട്ടിലും സംഘടനയിലും
ജനാധിപത്യ ധ്വംസനമാണ് നിങ്ങള്‍ നടത്തുന്നതെങ്കില്‍
നിങ്ങളാണു പ്രതിമകള്‍ തകര്‍ക്കുന്നത്
നിങ്ങളാണ് ശിശുഘാതകര്‍
നിങ്ങളാണ് യഥാര്‍ത്ഥ ഫാസിസ്റ്റുകള്‍
ജനാധിപത്യ ധ്വംസനത്തെ എതിര്‍ക്കുവാന്‍
ആര്‍ നിങ്ങള്‍ക്ക് അധികാരം തന്നു?
(ആരുടെ ജനാധിപത്യം?)
സമൂഹത്തിന്റെ സങ്കീര്‍ണ്ണതകളില്‍പ്പെട്ടുഴലുമ്പോള്‍ സംശയങ്ങള്‍ക്കും കനം വെക്കുകയാണ്. സരളമായ ഭാഷയിലൂടെ കാലത്തെ അവതരിപ്പിക്കുമ്പോഴും, വര്‍ത്തമാനകാല മാനുഷിക സന്ദര്‍ഭങ്ങളെ വിശകലനം ചെയ്യാനുള്ള ആര്‍ജ്ജവം കവി കാണിക്കുന്നുണ്ട്. ദൈര്‍ഘ്യമേറിയ ജീവിതാനുഭവങ്ങളെ 'സംശയങ്ങള്‍' എന്ന കവിതയിലൂടെ വെറും 25 വരികള്‍ക്കുള്ളില്‍ ഒതുക്കിക്കൊണ്ട് ഭ്രാന്ത് എന്ന ഹ്യൂമന്‍ സിറ്റ്വേഷനെ വളരെ സൂക്ഷ്മ തലത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നു. ഇവിടെ ഭ്രാന്ത് ഒരേസമയം സങ്കീര്‍ണ്ണവും സാന്ദ്രവും ആയി മാറുന്നതോടൊപ്പം തന്നെ വായനക്കാരനോട് സംവാദാത്മകമായ ബന്ധവും സ്ഥാപിക്കുന്നുണ്ട്.
എഴുതിയതെല്ലാം ശരിയായിരുന്നോ?
ഇനി എഴുതാനാവാതിരിക്കുന്നതാണോ ശരി?
എനിക്കിപ്പോള്‍ സംശയമാണെല്ലാം
ഭ്രാന്ത് തുടങ്ങുകയാവാം!
ചികിത്സിക്കാന്‍ ഊളമ്പാറയിലോ
കുതിരവട്ടത്തോ കൊണ്ടുപോയേക്കരുത്
നായന്മാര്‍ക്കും ഈഴവര്‍ക്കും
ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കുമെല്ലാം
പ്രത്യേകം പ്രത്യേകം
ഭ്രാന്താശുപത്രികളില്ലേ?
(സംശയങ്ങള്‍)
കവിതയുടെ
രാഷ്ട്രീയ വഴികള്‍
മനുഷ്യബന്ധങ്ങള്‍ കേവലം ജന്മദിനാഘോഷങ്ങളുടെ ആഴമില്ലായ്മയില്‍ തത്തിക്കളിക്കുമ്പോള്‍, അവയെക്കുറിച്ചുള്ള ഉറ്റവരുടെ ഓര്‍മ്മപ്പെടുത്തലുകള്‍പോലും ഗൂഗിളിനെപ്പോലെ ഔപചാരികതയിലേയ്ക്കു ചുരുങ്ങുമ്പോള്‍, അച്ഛനും അമ്മയും മരിക്കുന്നതിന് മുന്‍പേ നാടുപേക്ഷിച്ചിട്ടും തന്നെ വിടാതെ പിന്‍തുടരുന്ന ഇറയത്ത് ഉണക്കാനിട്ട അച്ഛന്റെ തോര്‍ത്തിന്റെ മണത്തിനു പ്രസക്തിയേറുന്നു. 'അമ്മയുടേയും അച്ഛന്റേയും ജന്മദിനങ്ങള്‍' എന്ന കവിത മനുഷ്യബന്ധങ്ങളുടെ പൊക്കിള്‍ക്കൊടി തേടിയുള്ള മടക്കയാത്രയാണ്. അതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരു കവിതയാണ് 'ഹനാന്‍ നീയെന്റെ മകളാണ്.' തനിക്ക് പിറക്കാതെ പോയവളായിരുന്നിട്ടും മകള്‍ എന്ന സങ്കല്പത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചുകൊണ്ട് പശ്ചാത്തപിക്കുന്നയാളുടെ വിങ്ങലുകളെയാണ് ഈ കവിത വെളിവാക്കുന്നത്.
നീയെന്റെയുദരത്തിനുള്ളില്‍ മുളക്കെ
ഓപ്പറേഷന്‍ തീയേറ്ററില്‍
കൂര്‍ത്ത കത്തികള്‍
നീചം ചുരണ്ടിത്തകര്‍ത്തു തരിപ്പണമാക്കി
ക്കശക്കിയെറിഞ്ഞ ജന്മത്തിന്റെ
നീതിതന്‍ പുസ്തകമാണ്
ഹനാന്‍ നീയെന്റെ മകളാണ്.
(ഹനാന്‍ നീയെന്റെ മകളാണ്)
എങ്ങനെ വായിക്കണം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ രാഷ്ട്രീയചരിത്രം എഴുതുന്നതിനുള്ള ഉത്തമമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കാവ്യരൂപങ്ങളും അവയുടെ ചരിത്രവും എന്ന് ടെറി ഈഗിള്‍ടണ്‍ പറഞ്ഞുവെയ്ക്കുന്നുണ്ട്. രാഷ്ട്രീയത്തെ പ്രതിഫലിപ്പിക്കാന്‍ ഉതകുന്ന ശക്തമായ രണ്ട് രൂപങ്ങളാണല്ലോ നാടകവും കവിതയും. സമകാലീന കവിത ആ ദിശയില്‍ ശക്തമായി മുന്നോട്ട് പോകുന്നുണ്ട് എന്നതിന് ഉദാഹരണമാണ് 'നിങ്ങള്‍ ആരാണ്?' എന്ന കവിത. ഒരു മനുഷ്യനു തന്റെ ചുറ്റുപാടുകളില്‍നിന്ന് അനുഭവപ്പെടുന്നതായി ഏറെ പ്രതിസന്ധികളുണ്ട്, ഒപ്പം നിസ്സഹായതയും. എങ്കിലും അയാള്‍ വ്യാപരിക്കുന്ന ഇടത്തില്‍നിന്നും കൂടുതല്‍ ഉള്‍ക്കൊള്ളുമ്പോള്‍ വേര്‍തിരിവുകള്‍ക്കതീതമായ എഴുത്തുകളും ഉണ്ടാവുന്നു. ഇന്നു രാജ്യം അഭിമുഖീകരിക്കുന്ന അസംതൃപ്തിക്കു നേരെ പിടിച്ചിരിക്കുന്ന കണ്ണാടിയാണ് ഈ കവിതയുടെ പരിസരം. തന്റെ ജീവിത പരിസരത്തോട് നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് എസ്. രമേശന്റെ കവിത പ്രതിരോധത്തിന്റെ കവിതയായി രൂപം മാറുന്നു.
നിങ്ങള്‍ അഭയാര്‍ത്ഥിയാണോ?
ഹിന്ദുവോ മുസല്‍മാനോ
പാഴ്സിയോ ബുദ്ധമതക്കാരനോ ആണോ?
യുദ്ധം തുടങ്ങാനിരിക്കുന്നതേയുള്ളൂ
ഒന്നും തുറന്നു പറയാതിരിക്കുന്നതാണു ഭേദം!
നിങ്ങള്‍ അഭയാര്‍ത്ഥിയാണോ
പിന്നെ ആരാണ് നിങ്ങള്‍?
നായര്‍? ഈഴവന്‍? ദളിതന്‍?
ഒന്നാമത് ഓപ്പറ കഴിയാറായിരിക്കുന്നു
ഇനി വേദിയില്‍ പുതിയ കമ്യൂണിസ്റ്റുകാരും
യഹൂദരും ക്രിസ്ത്യാനികളും
ഹിന്ദുക്കളും മുസല്‍മാന്മാരും
പാഴ്സികളും ബുദ്ധമതക്കാരും
അറിയില്ല എല്ലാവരും ഓരോ-
വേഷമിട്ടു നില്പാണ്
(നിങ്ങള്‍ ആരാണ്?)
സാമൂഹികം ആകുന്നതോടൊപ്പം തന്നെ ആത്മനിഷ്ഠവും ആത്മനിഷ്ഠമാവുമ്പോഴും സാമൂഹികവുമാവുന്ന ഒരു കവിതയാണ് 'നിര്‍ത്താത്ത ഓട്ടോകള്‍.' ഓട്ടോറിക്ഷകള്‍ക്ക് ഇഷ്ടമാവുമ്പോഴും ഓട്ടോറിക്ഷക്കാര്‍ക്കു തന്നെ ഇഷ്ടമല്ലെന്നു തിരിച്ചറിഞ്ഞിട്ടും കവി ദൂരത്തെക്കുറിച്ചും വേഗത്തെക്കുറിച്ചും കൂലിയെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ തുടരുന്നു. വ്യക്തിക്കുള്ളിലെ സംഘര്‍ഷം, വ്യക്തിയും വ്യക്തിയും തമ്മിലുള്ള സംഘര്‍ഷം, വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘര്‍ഷം... ഇതിലേതാണ് ഈ കവിതയിലെ പരിസരമെന്നത് കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു സമസ്യയാണ്. കണ്ടിട്ടും നിര്‍ത്താതെ പോകുന്ന ഓട്ടോ എന്ന ബിംബത്തിലൂടെ സഞ്ചരിച്ചാല്‍ കവിതയുടെ ഉള്ളറകളില്‍ എത്തിപ്പെടാം. തികച്ചും സാധാരണമായ വാക്കുകളിലൂടെ സഞ്ചരിക്കുമ്പോഴും അതിന്റെ അരികുകളില്‍നിന്നും വഴുതിമാറി നടക്കാനുള്ള സാദ്ധ്യതകള്‍ അന്വേഷിക്കാനും ഈ കവിത പ്രേരണയാകുന്നുണ്ട്. തന്റെ സഞ്ചാരപഥത്തിലേയ്ക്ക് ഓടാന്‍ വിസമ്മതിക്കുന്ന ഓട്ടോകളും ആ ഓട്ടോയ്ക്ക് ഒരു വികല്പം തേടിക്കൊണ്ടുള്ള തന്റെ സഞ്ചാരവും കവി ജന്മങ്ങളായി തുടരുകയാണ്.
അന്നും ഞാന്‍ നിന്നോട് പറഞ്ഞിരുന്നു,
ചോദ്യങ്ങള്‍ ചോദിക്കരുത്
പറയുന്നത് കേട്ട് യാത്ര ചെയ്താല്‍ മതി.
നീയുണ്ടോ കേള്‍ക്കുന്നു?
ഞാന്‍ മരിച്ചിട്ടും നീ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നു.
നീ നിര്‍ത്തിയില്ല.
നീയൊന്നും പഠിച്ചില്ല.
പിന്നെപ്പിന്നെ നിന്നെ അവര്‍ ഒഴിവാക്കിത്തുടങ്ങി.
നിന്നെ കയറ്റിയാലല്ലേ ചോദ്യങ്ങള്‍?
(നിര്‍ത്താത്ത ഓട്ടോകള്‍)
പ്രായമുള്ളവരെത്തേടി കറുത്ത രാവുകളില്‍ വരാറുള്ള കാലദൂതന്മാരാണ് കറുത്ത വവ്വാലുകള്‍. മുത്തശ്ശന്മാരും മുത്തശ്ശിമാരും ലോകം വിട്ടു പൊയ്ക്കഴിയുമ്പോള്‍ കൊട്ടാരങ്ങള്‍ തീര്‍ക്കാന്‍ കറുത്ത ആഫ്രിക്കകളിലേക്കു പറന്നുപറന്നു പോകുന്നതാണ് അവരുടെ രീതി. എന്നാല്‍, ഇന്നു സ്ഥിതി വ്യത്യസ്തമാണ്. ഇപ്പോള്‍ നാട്ടില്‍നിന്നും തന്നെ കറുത്ത വവ്വാലുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കാം. പറമ്പിലെ ആഞ്ഞിലികളിലോ, കശുമാവുകളിലോ അല്ല ഇപ്പോള്‍ അവയുടെ താമസം. പ്രായം ചെന്നവരെ കൊത്തിക്കൊണ്ടു പോകാനുമല്ല അവയുടെ വരവ്. കണ്ണുകാണാത്ത യക്ഷികളെപ്പോലെ കൊലവിളിയുമായാണ് അവറ്റകളിപ്പോള്‍ ഭൂമിയില്‍ ചേക്കേറിയിരിക്കുന്നത്. തനിക്കിഷ്ടമില്ലാത്തവരെ ഉന്മൂലനം ചെയ്തുകൊണ്ട് അരാജകത്വം സൃഷ്ടിക്കുന്ന കലുഷിത കാലത്തിന്റെ പ്രതീകമായി കറുത്ത വവ്വാലുകള്‍ മാറുന്നു. എഴുത്തുകാരന്റെ കൈകളെ ഭയം വന്നു കടന്നുപിടിക്കുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. ചിലപ്പോള്‍ അതു കഴുത്തിലേയ്ക്കും നീണ്ടേക്കാം. എന്തു ചിന്തിക്കണമെന്നും എങ്ങനെ എഴുതണമെന്നും ഒരു കൂട്ടര്‍ നിശ്ചയിക്കുമ്പോള്‍ സര്‍ഗ്ഗാത്മകതയുടെ കടയ്ക്കലാണ് കത്തിവെയ്ക്കുന്നത്. നിര്‍ഭയമായ എഴുത്തും വിമര്‍ശിക്കാനുള്ള സാദ്ധ്യതയും രാഷ്ട്രീയമായ സ്വാതന്ത്ര്യവും ഭയം ഞെരിക്കാത്ത വൈവിധ്യവും കൈവിട്ടു പോവുമ്പോള്‍ കറുത്ത വവ്വാലുകള്‍ ഉടലുകുടിച്ച് ഉപേക്ഷിച്ച കശുമാങ്ങകളെപ്പോലെ സ്വത്വം നഷ്ടപ്പെട്ട ജനതയായിരിക്കും ബാക്കിയാവുന്നത് എന്ന മുന്നറിയിപ്പാണ് കവിത നല്‍കുന്നത്.
ഇത്തവണ
വടക്കന്‍ മലബാറിലാണവ വന്നത്...!
കശുമാവുകളും മുത്തശ്ശിമാരുമില്ലാത്ത,
കരിംതെങ്ങുകളും കുടുംബശ്രീകളുമുള്ള
ഗ്രാമത്തിലെ കറുത്തവാവിന്
കൊലയുടെ ചോരചുവയ്ക്കുന്ന
വെളുത്ത മൊബൈല്‍ ടവ്വറുകളില്‍നിന്നു
പറന്നുയര്‍ന്ന്
കറുത്ത വവ്വാലുകള്‍
കണ്ണുകാണാത്ത കറുത്ത യക്ഷികള്‍-
നിരപരാധികളുടെ ഊരും ചോരയും
അമ്മമാരുടെ
പാലുകെട്ടി നിന്ന മുലകളും
ഈമ്പിക്കുടിച്ച്...
(കറുത്ത വവ്വാലുകള്‍)
ഈ പരിമിതികളൊക്കെയുണ്ടെങ്കിലും കവിതയുടെ ഇതിവൃത്തവും കവിയുടെ സര്‍ഗ്ഗവ്യക്തിത്വവും ഒരു വൃത്തത്തിനകത്തും ഒതുങ്ങുന്നില്ല. അതുകൊണ്ടാണ് ഹനാനേയും നാദിയ മുരാദ് ബാഷിയേയും തനിക്കു പിറക്കാതെ പോയ പെണ്‍മക്കളായി കാണാനാവുന്നത്. ചന്തയിലെ പാട്ടുകാരനും കടല്‍ക്കരയിലെ ഉടഞ്ഞ ശംഖ് പെറുക്കുന്നവനും ഹീരാക്ലീറ്റസ്സും ബുദ്ധനും ചേകന്നൂര്‍ മൗലവിയും കമ്യൂണിസ്റ്റും ക്രിസ്ത്യാനിയും നായരും ഈഴവനും ദളിതനുമെല്ലാം എസ്. രമേശന്റെ കവിതകളില്‍ ഇടംപിടിക്കുന്നതും അതുകൊണ്ടുതന്നെയാണ്. കൊച്ചിയിലെ തോട്ടികള്‍ ഗുജറാത്തിലെ വാത്മീകികളായി വാഴുമ്പോള്‍ കവിഹൃദയം വിങ്ങുന്നതിന്റെ കാരണവും അതു തന്നെ. ദേശകാല സീമകള്‍ക്കും വര്‍ഗ്ഗ-മത ഭേദങ്ങള്‍ക്കും ഇസങ്ങള്‍ക്കും ആശയ സംഹിതകള്‍ക്കും അതീതമായി മാനവികതയിലൂന്നുമ്പോള്‍ കിട്ടുന്ന കൂലിയാണ് വൃത്തത്തിനു പുറത്താകുക എന്നത്!
ഒന്നിലും ഒതുങ്ങാത്തവര്‍
അല്ലെങ്കില്‍ ആര്‍ക്കും
ഒതുക്കാനാവാത്തവര്‍
അവരെക്കുറിച്ചു പറയാനാണു
ഞാന്‍ ശ്രമിച്ചത്
അവരുടെ ശബ്ദമാകുവാനാണ്
അവരുടെ അലങ്കാര രഹിതമായ
സ്വപ്നങ്ങളിലൂടെ സഞ്ചരിക്കുവാനാണ്
അവരിലൊരാളായി ഒതുങ്ങുവാനാണ് !
അതിനു വൃത്തങ്ങള്‍ വേണ്ട
വ്യാകരണവും അലങ്കാരവും
എന്തിന് ഭാഷ പോലും
(വൃത്തം)
കവിതകളിലുടനീളം, സംശയങ്ങളിലൂടെയും ഭ്രാന്തിലൂടെയും രാഷ്ട്രീയത്തിലൂടെയും സഹജാവബോധത്തിലൂടെയും പറയാതെ പോകുന്ന മറുപടികളിലൂടെയും മടക്കയാത്രകളിലൂടെയുമെല്ലാം കവി പറഞ്ഞുവെക്കുന്നത് ഹീരാക്ലീറ്റസ്സിനോട് ബുദ്ധന്‍ പറഞ്ഞതു തന്നെയാണ്, ഒരാള്‍ക്ക് ഒരു നദിയില്‍ ഒരിക്കല്‍ മാത്രം... പിന്നീടത് പുതിയ നദിയും പുതിയ തീരവുമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates