ദാര്‍ശനികവും അനുഷ്ഠാനപരവും നൈതികവും ചരിത്രപരവും പ്രായോഗികവുമായ തലങ്ങള്‍ ഗുരുവിന്റെ അനുകമ്പാദര്‍ശനം ഉള്ളടക്കുന്നുണ്ട്. ഗുരുവിന്റെ സാമൂഹിക ഇടപെടലുകള്‍ ആത്മനിഷ്ഠമായൊരു അനുകമ്പാദര്‍ശനംകൊണ്ട് പൂരിതമാണ്. ദുരാചാരങ്ങള്‍കൊണ്ട് ഹിംസപൂര്‍ണ്ണമായിത്തീര്‍ന്ന ഒരു ജനതയെ കര്‍ത്തൃത്വബോധമില്ലാത്ത കര്‍മ്മംകൊണ്ടും ഹാസ്യംകൊണ്ടും ദാര്‍ശനിക വിചാരപദ്ധതികൊണ്ടും പ്രായോഗിക ജീവിതനിര്‍ദ്ദേശങ്ങളാലും ശാസിച്ചു പരിണമിപ്പിക്കാന്‍ ഗുരുവിനു കഴിഞ്ഞത് അനുകമ്പയെ ജീവിതപ്രമാണമായി സ്വീകരിച്ചതുകൊണ്ടാണ്. ദുരിതം അനുഭവിക്കുന്ന തന്നില്‍നിന്നു വേറിട്ട ജനതയോട് തോന്നുന്ന അനുതാപനിര്‍ദ്ദിഷ്ടമായ ദയയല്ല ഗുരുവിന്റെ അനുകമ്പ. സകലതും ഉള്ളതുതന്നെ എന്നു ഗ്രഹിച്ച തത്ത്വചിന്തകന്റെ നിലപാടാണ്. സര്‍വ്വലോകങ്ങളും തന്നിലും സര്‍വ്വലോകങ്ങളിലും തന്നെയും അനുഭവിക്കുന്ന ഏകത്വദൃക്കായ അദൈ്വതിയുടെ രസാനുഭവമായിരുന്നു ഗുരുവിന്റെ അനുകമ്പാദര്‍ശനം.
വല്ലപ്പോഴും മിന്നിമറയുന്ന വെളിപാടല്ല അദ്ദേഹത്തിന് അനുകമ്പ. സ്ഥിതപ്രജ്ഞതയുടെ നിത്യനിരന്തരമായ തിരുവിളയാടലായിരുന്നു. ആത്മാനുഭവത്തേയും ജീവിതത്തേയും നടുനിലയില്‍നിന്നു നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്ന ദര്‍ശനമായിരുന്നു അത്. ജ്ഞാനത്തിന്റെ പുതുമേനി പുണര്‍ന്നതിനുശേഷം തന്നെ തട്ടിതട്ടി പെരുക്കി പെരുവെളിയിലാക്കുന്നതില്‍നിന്ന് പിന്നയാട്ടേ എന്ന് ഗുരു സ്വീകരിച്ച സഹജാതരോടുള്ള കാരുണ്യത്തിന്റെ ഇടവേളയാണ് അദ്ദേഹത്തിന്റെ അനുകമ്പാര്‍ദ്രമായ സാമൂഹ്യജീവിതം. അറിവല്ലാതെ ഒന്നുമില്ല എന്ന അനുഭവത്തില്‍നിന്ന് ഉരുവായ പാരസ്പര്യപൂര്‍ണ്ണമായ അന്‍പില്‍നിന്നാണ് ആ അനുകമ്പ ഉറവപൊട്ടുന്നത്. അല്ലാതെ അപകൃഷ്ടമായതിനോടു തോന്നുന്ന ദയാവായ്പ് അല്ല. അതുകൊണ്ട് 'അറിവുമറിഞ്ഞിടുമര്‍ത്ഥവും പുമാന്‍ തന്നറിവും ഓരാദിമഹസ്സ്' മാത്രമാണെന്നറിഞ്ഞ ആനുഭൂതിക രസം നാരായണഗുരുവിന്റെ മനോവാക്കര്‍മ്മങ്ങളില്‍ അനുകമ്പയായി മുഴങ്ങുന്നുണ്ട്.
അരുള്‍, അന്‍പ്, അനുകമ്പ എന്ന 'അനുകമ്പാദര്‍ശന'ത്തിലെ ശ്രേണീകരണം സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു. ഗുരുവിന് അനുകമ്പ സാമൂഹികാവിഷ്‌കാരമോ ആക്റ്റിവിസമോ ആയിരുന്നില്ല. 'പെരും കരുണ ആറണിഞ്ഞവനെ' വിട്ടകലാതെ ചിന്തിക്കലാണ്. കാരുണ്യത്തിന് ആകാരമായവന്റെ തിരുമെയ് ആയി സര്‍വ്വതിനേയും പാരസ്പര്യപൂര്‍ണ്ണം അനുഭവിക്കുന്ന ഗുരുവിന്റെ ചിന്താസന്താനമാണ് അദ്ദേഹത്തിന്റെ അനുകമ്പാദര്‍ശനം. അത്തരം ചിന്തയുടെ നൈരന്തര്യം അരുളിനെ ഉണ്ടാക്കുമെന്ന് സ്വാനുഭവ ആര്‍ജ്ജവംകൊണ്ട് ഗുരു പറയും. ത്രിപുടങ്ങളായി അറിയപ്പെടുന്ന ഇതെല്ലാം വേറെയല്ല. അറിവുതന്നെയാണെന്ന അരുളാണ് അവയോടുള്ള ഇമ്പത്തെ ഉണ്ടാക്കുന്നത്. അരുളിന്റെ സന്തതിയാണ് അന്‍പ്. ആ അന്‍പാണ് സഹജാതങ്ങളോടുള്ള ഇമ്പമായി മാറുന്നത്. 'അരുളാല്‍ വരുമിമ്പം' എന്നത് ഗുരുവിന്റെ ഇടപെടലുകളുടെ നൈതികബോധമായി പ്രവര്‍ത്തിക്കുന്നുണ്ട്.
അരുളാല്‍ വരുമിമ്പമന്‍പക-
ന്നൊരു നെഞ്ചാല്‍ വരുമല്ലലൊക്കെയും
എന്ന നിശ്ചയാത്മികയായ ബുദ്ധി ഗുരുവിന്റെ വൈയക്തിക സാമൂഹിക ജീവിതത്തില്‍ ആദ്യാവസാനം ഒരങ്കുശം പോലെ പിന്‍പറ്റുന്നതു കാണാം. അതുകൊണ്ടുതന്നെ മനുഷ്യനെ മാനസിക വാചിക കര്‍മ്മതലങ്ങളിലെല്ലാം ഹിംസിക്കുന്ന അയിത്തത്തിന്റേയും ജാതീയതയുടേയും ഹിംസാത്മകതയെ ചൂണ്ടിക്കാണിക്കുമ്പോഴും ഗുരുവില്‍ ഹിംസയുടെ തലമില്ല. ഒരിക്കല്‍ ശിവഗിരിയില്‍ ഗുരുവിനോട് ശാസ്ത്ര ചര്‍ച്ചയ്‌ക്കെത്തിയ ജാത്യാഭിമാനിയായ നമ്പൂതിരി പാകം ചെയ്ത ആഹാരം ആശ്രമത്തില്‍നിന്നു കഴിക്കാന്‍ തയ്യാറായിരുന്നില്ല. നമ്പൂതിരിയിലെ ജാതിപ്പിശാചിനെ പരിഹസിച്ചുകൊണ്ട് ഗുരുവിന്റെ ശിഷ്യരായ അന്തേവാസികള്‍ ഉച്ചഭക്ഷണം കഴിച്ചു. ഗുരുവാകട്ടെ, നമ്പൂതിരി വിശന്നിരിക്കകൊണ്ട് അന്നത്തെ ഉച്ചഭക്ഷണം കഴിച്ചില്ല. നമ്പൂതിരി പാകം ചെയ്യാത്ത ഭക്ഷണം കഴിച്ചതിനുശേഷം മാത്രമാണ് ഗുരു തന്റെ ഭക്ഷണം സ്വീകരിച്ചത്. ഹിംസയെ ചൂണ്ടിക്കാണിക്കുമ്പോഴും ഹിംസയ്ക്കു നേരേയും അഹിംസാലുവായിരുന്നുകൊണ്ട് അഹിംസയുടെ സ്വരൂപം വിശദീകരിക്കാന്‍ ഗുരുവിന്റെ വൈയക്തിക ജീവിതത്തിലെ ഓരോ സന്ദര്‍ഭത്തിനും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് സര്‍വ്വതിനേയും ഏകമായി ഗ്രഹിക്കാനും 'പാരം ഭ്രമമേകുന്ന' മായയുടെ ലാസ്യങ്ങളില്‍ നിന്നൊഴിഞ്ഞ് സുതാര്യനായിരുന്ന് സ്വജീവിതത്തില്‍ അനുകമ്പയെ ആവിഷ്‌കരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
പ്രപഞ്ചത്തില്‍നിന്നുതന്നെ വേറിട്ട് ഉല്‍കൃഷ്ടനായിക്കണ്ട് സദാസര്‍വ്വദാ രാഗദ്വേഷങ്ങളെന്ന, പ്രിയാപ്രിയങ്ങളെന്ന ഇരുപുറങ്ങളില്‍ കുടുങ്ങി ഹിംസാലുവായിത്തീരുന്ന മനുഷ്യന്റെ സാമാന്യ ജീവിതത്തില്‍നിന്നുള്ള നാരായണഗുരുവിന്റെ പരിണാമം അദ്ദേഹത്തിന്റെ തന്നെ 'സുബ്രഹ്മണ്യകീര്‍ത്തന'ത്തില്‍ ഇങ്ങനെ വായിക്കാം:
സ്പഷ്ടം നിലാവങ്ങു നീങ്ങി ദിനകരനുദയം
ചെയ്തു ചന്ദ്രന്‍ മറഞ്ഞു
തട്ടിത്തട്ടിപ്പെരുക്കിപ്പെരുവെളിയതിലാ-
ക്കീടുവാന്‍ പിന്നയാട്ടേ,
കഷ്ടം ദീനം പിടിച്ചോ മദിരയതു കുടി-
ച്ചോ കിടക്കുന്ന ലോകര്‍-
ക്കുത്തിഷ്ഠോത്തിഷ്ഠ ശീഘ്രം, നദിയില്‍ മുഴുകുവാന്‍
കാലമായ് വന്നിതിപ്പോള്‍(12)
ഞാനെന്നും അതെന്നുമുള്ള മായക്കാഴ്ചകളെ പ്രകാശിപ്പിക്കുന്ന മനസ്സാകുന്ന ചന്ദ്രന്‍ മറയുകയും ആത്മസൂര്യന്‍ ഉദിക്കുകയും ചെയ്യുന്നിടത്താണ് ജീവി എന്ന നിലയില്‍നിന്ന് 'അരുളുള്ളവനാണ് ജീവി' എന്ന രൂപാന്തരണത്തിലേയ്ക്ക് ഗുരുവിലെ നരന്‍ മാറുന്നത്. ആ രൂപാന്തരണത്തിന്റെ സ്വരൂപമായ അരുളിലാണ് ദീനം പിടിച്ചോ മദിരയതു കുടിച്ചോ കിടക്കുന്ന ലോകരോടുള്ള അന്‍പ് ഉണ്ടാവുന്നത്. ആ അന്‍പിന്റെ ആവിഷ്‌കാരമാണ് അനുകമ്പയായി മാറുന്നത്. ഏകാത്മകമായ അറിവില്ലെങ്കില്‍ നാറുന്ന ശരീരം മാത്രമാണ് ജീവിയെന്ന് തുടര്‍ന്ന് ഗുരു പറയും. അരുളുള്ളവനാണ് ജീവി എന്ന് ജീവിയെ നിര്‍വ്വചിക്കുന്ന ഗുരുവിന്റെ അനുകമ്പാ ദര്‍ശനമാണ് സ്പീഷ്യസ് എന്ന തലത്തില്‍ ജാതിനിര്‍ണ്ണയം നടത്തുന്നതിലേയ്ക്ക് പര്യാപ്തമാകുന്നത്.
അരുളില്ലാത്തവന്റെ ശരീരാഭിമാനപൂരിതമായ ജീവിതം മരുഭൂമിയില്‍ പ്രവഹിക്കുന്ന ജലം പോലെ നിഷ്ഫലമാണെന്ന 'അനുകമ്പാദര്‍ശനം' മാനുഷ്യകത്തെ ഉദ്ബോധിപ്പിക്കുന്നു. അരുളാല്‍ പാരസ്പര്യം വരുമ്പോഴാണ് ജീവിതത്തിനു നയം ഉണ്ടാവുന്നതെന്ന് 'ആത്മോപദേശശതക'ത്തിലും ഗുരു പറയും. അവന്‍ സഹജാതനുവേണ്ടി ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് 'അയലുതഴപ്പതായി' മാറുന്നത്. ആ പ്രയത്‌നമുള്ളവനെ കൃപാലു എന്നാണ് ഗുരു വിശേഷിപ്പിക്കുന്നത്. ആ കൃപയാവട്ടെ, തന്നോട് താന്‍ ചെയ്യുന്ന കരുതലാണ്. കാരണം 'ഒരുവന് നല്ലതുമന്യനല്ലലും' ചെയ്യുന്ന തൊഴില്‍ ആത്മവിരോധിയാണ് എന്നും പരന് പരിതാപം നല്‍കുന്നതിലൂടെ അവനവന്‍ എരിനരകാഗ്‌നിയില്‍ വീണിടുമെന്നും ഹിംസ ഹിംസകനിലുണ്ടാക്കുന്ന ഹിംസ കൂടി വിശകലനം ചെയ്യുന്നിടത്ത് ഗുരുവിന്റെ അനുകമ്പാദര്‍ശം സമഗ്രമാകുന്നു. കാരണം അപരനോടുള്ള ഹിംസ ഭവാത്മകമായി ഉണ്ടാവുന്നത് അവനവനില്‍ തന്നെയാണ്. അങ്ങനെ വരുമ്പോള്‍ ആദ്യം ഹിംസയ്ക്കു പാത്രമാകുന്നത് ഹിംസകന്‍ തന്നെയാണ്. മറ്റൊന്ന് അഹിംസയെ ജീവിതദര്‍ശനമാക്കി മാറ്റുന്ന ദാര്‍ശനിക അവബോധമാണ്.
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം. (ആത്മോപദേശശതകം 24)
ഞാനും എന്റേതെന്നുമുള്ള എല്ലാ പ്രിയങ്ങളും ശരീരാഭിമാനത്തോട് ബന്ധപ്പെട്ടതാണ്. ഇന്ന ജാതിയില്‍, ഇന്ന സമുദായത്തില്‍ ശരീരമെടുത്തതുകൊണ്ടാണ് പ്രത്യേകതരം മതാഭിമാനങ്ങളും ഇതര ആശയലോകങ്ങളും അതു പ്രേരിതമായ സ്പര്‍ദ്ധകളും എല്ലാം ഉണ്ടായിവരുന്നത്. ആ ശരീരം തന്നെ ഉണ്ടാകുക, വര്‍ദ്ധിക്കുക തുടങ്ങി നശിക്കുക വരെയുള്ള ദ്രവ്യത്തിന്റെ ആറു തരം പരിണാമങ്ങള്‍ക്കും വിധേയമാണെന്ന് അപഗ്രഥിച്ചുകൊണ്ട് ആത്മനിഷ്ഠമായ അറിവിന്റെ അഹിംസാപൂരിതമായ ജീവിതമാണ് മനുഷ്യന് അഭികാമ്യമെന്ന് നാരായണഗുരുവിന്റെ 'അനുകമ്പാദര്‍ശനം' ഓര്‍മ്മപ്പെടുത്തുന്നു. മതങ്ങള്‍ അനുകമ്പയേയും ത്യാഗത്തേയും സ്വയംപീഡനവുമായി ബന്ധപ്പെടുത്തി ക്രൂശിതവഴിയായി ചിത്രീകരിച്ച് മഹത്വവല്‍ക്കരിക്കുന്ന കാരുണ്യവ്യവഹാരങ്ങളില്‍നിന്നു വേറിട്ടതാണ് ഗുരുവിന്റെ അനുകമ്പാദര്‍ശനം. കാരണം, സകലതും താന്‍തന്നെയെന്ന അറിവിന്റെ നിറവില്‍നിന്നാണ് ഗുരുവില്‍ അനുകമ്പ ഊറിക്കൂടുന്നത്. പൗരോഹിത്യത്തിന്റെ സൂത്രപ്പണിയല്ല ഗുരുവിന്റെ കാരുണ്യദര്‍ശനം.
ഒരിക്കല്‍ നാരായണഗുരുവും ശിഷ്യന്മാരും കൂടി വഴിയാത്ര ചെയ്യവേ അവര്‍ക്കു നേരെ ക്രൂദ്ധനായ ഒരു നായ കുതിച്ചുവന്നു. ഗുരു കല്ലെടുക്കുന്ന ഭാവത്തില്‍ പെട്ടെന്ന് കുനിയുകയും നായ ഓടിപ്പോകുകയും ചെയ്തു. സഹചാരികളോട് ഗുരു പറഞ്ഞത് 'നാം നമ്മോട് കരുണ കാണിക്കരുത് എന്നുണ്ടോ' എന്നായിരുന്നു. നായയെ ഉപദ്രവിക്കാതെയും സ്വജീവനെ അപകടപ്പെടുത്താതെയും അനുകമ്പയെ സമഗ്രമായി സ്വജീവിതത്തില്‍ പ്രയോഗിച്ചുകൊണ്ട് അനുകമ്പാദര്‍ശനത്തെ നടുനിലയിലെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഉരുവേലത്തുനിന്ന് മുടന്തനായ ആട്ടിന്‍കുട്ടിയേയുമെടുത്ത് ബിംബിസാരന്റെ കൊട്ടാരത്തില്‍ കടന്നുചെന്ന് സ്വശിരസ്സ് ആടിനു പകരം ബലിക്കല്ലിലേയ്ക്കു നീട്ടിക്കൊടുത്ത ബുദ്ധന്‍ അഹിംസയുടെ എക്കാലത്തേയും ലോകോത്തര ഉദാഹരണമാണല്ലോ. അദ്ദേഹം തന്നെ തന്റെ പൂര്‍വ്വജന്മ കഥകള്‍ പറയുന്ന ജാതകക്കഥകള്‍ പരിശോധിച്ചാലറിയാം സ്വജീവനെ ഹിംസിച്ചുകൊണ്ട് അഹിംസയെ പരിപോഷിപ്പിക്കുന്നതിന് മിക്കവാറും ജന്മങ്ങളില്‍ അദ്ദേഹത്തിന് രക്തസാക്ഷിത്വം വരിക്കേണ്ടിവന്നിട്ടുണ്ട്. അഹിംസയ്ക്കു വേണ്ടി രക്തസാക്ഷിയാകേണ്ടിവരുന്നതും സൂക്ഷ്മാര്‍ത്ഥത്തില്‍ പരിപൂര്‍ണ്ണമായ ഹിംസയാണ്. അഹിംസയുടെ സ്വരൂപത്തെക്കുറിച്ചുള്ള അതീവ സൂക്ഷ്മമായ പരികല്പനകള്‍ ഗുരുവിന്റെ വ്യക്തിജീവിതത്തിലും കൃതികളിലും കാണാം.
ഗുരുവിന് സഹജാതരോടു തോന്നിയ കൃപ അഹേതുകമായിരുന്നുവെന്ന് എസ്.എന്‍.ഡി.പി യോഗവുമായുള്ള അദ്ദേഹത്തിന്റെ ചരിത്രം തന്നെ വെളിപ്പെടുത്തുന്നുണ്ട്. അവശതയനുഭവിക്കുന്ന സമൂഹം എന്ന നിലയില്‍ മാത്രമാണ് ഗുരു ഈഴവരെ പിന്തുണച്ചത്. ഗുരുവിനെ സമീപിച്ച ആര്‍ക്കും ആ പിന്തുണ ഗുരു നല്‍കിയിട്ടുമുണ്ട്. ഗുരു ഈഴവരെ അങ്ങോട്ടു പോയി സമീപിച്ചതല്ല. അത്തരം കര്‍ത്തൃത്വങ്ങള്‍ ഒന്നും അദ്ദേഹത്തില്‍ നിലനിന്നിരുന്നില്ല എന്നതിനു നിരവധി തെളിവുകളുണ്ട്. അതിലൊന്ന് 1924-ല്‍ ശിവഗിരിയില്‍ സ്ഥാപിച്ച സ്‌കൂളിന് പണത്തിനുവേണ്ടി ഗുരു കരുനാഗപ്പള്ളിയില്‍ സഞ്ചരിക്കുമ്പോള്‍ ചട്ടമ്പിസ്വാമികളെ സന്ദര്‍ശിച്ചപ്പോള്‍ ''പ്രവര്‍ത്തിയാരുദ്യോഗമുണ്ടോ ഈയിടെ?'' എന്ന ചട്ടമ്പിസ്വാമികളുടെ ചോദ്യത്തിനുള്ള ''പ്രവര്‍ത്തിയുണ്ട്, ആരില്ല'' എന്ന നാരായണഗുരുവിന്റെ മറുപടിയാണ്.
മറ്റൊന്ന് ടാഗോര്‍ ശിവഗിരി സന്ദര്‍ശിച്ചപ്പോള്‍ അവശതയനുഭവിക്കുന്നവര്‍ക്കുവേണ്ടി ഗുരു ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ''നമ്മുടെ കഴിവില്ലായ്മയില്‍ നാം വ്യസനിക്കുന്നു. ഇന്നേവരെ നാം ഒന്നും ചെയ്തിട്ടില്ല. നാളെ എന്തെങ്കിലും ചെയ്യാനാവുമെന്ന് വിശ്വസിക്കുന്നില്ല. നമ്മുടെ കഴിവില്ലായ്മയില്‍ വ്യസനിക്കുന്നു'' എന്നാണ്. ജാതി കര്‍ത്തൃത്വവും അദ്ദേഹത്തില്‍ നിലനിന്നിരുന്നില്ലെന്ന് അദ്ദേഹം തന്നെ എഴുതി പ്രബുദ്ധകേരളം മാസികയില്‍ 1091 മിഥുനം ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതില്‍നിന്ന് വ്യക്തമാണ്. ''നാം ജാതിമതഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗ്ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗ്ഗത്തില്‍പ്പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അതു ഹേതുവാല്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണക്കിടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല.''
കുമാരനാശാന്‍ അടക്കമുള്ളവര്‍ വിഭാവനം ചെയ്ത സ്വസമുദായമായിരുന്നില്ല എസ്.എന്‍.ഡി.പിയുടെ പിറവിയെ സംബന്ധിച്ച് ഗുരുവിനുണ്ടായിരുന്നതെന്ന് അദ്ദേഹം ആശാനുമായി നടത്തിയ സംഭാഷണം വെളിപ്പെടുത്തുന്നുണ്ട്. യോഗത്തിന്റെ രജിസ്ട്രേഷന് അനുവാദം കൊടുക്കുമ്പോള്‍ ഗുരു വിഭാവനം ചെയ്തത് അന്ന് കേരളത്തില്‍ അവശതയനുഭവിക്കുന്ന എല്ലാ സമുദായങ്ങള്‍ക്കും വേണ്ടിയുള്ള സംഘടന എന്നാണ്. എന്നാല്‍, കുമാരനാശാന്‍ സംഘടന രജിസ്റ്റര്‍ ചെയ്തത് ഗുരുവിനെ കാണിച്ചപ്പോള്‍ ഈഴവരുടെ സാമുദായിക ഉന്നമനത്തിനായി പ്രയത്‌നിക്കുന്ന സംഘടന എന്നു കണ്ട് ഗുരു അതിനോട് വിയോജിക്കുന്നുണ്ട്. അതിന് അന്ന് ആശാന്‍ പറഞ്ഞ ഒഴിവുകഴിവ് ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിന്റെ പേരില്‍ മാത്രമേ സംഘടന രൂപീകരിക്കാന്‍ അന്നത്തെ തിരുവിതാംകൂര്‍ നിയമം അനുവദിക്കുന്നുള്ളു എന്നാണ്. അതിന് ഗുരു പറഞ്ഞ മറുപടി നിയമം മാറുന്നതുവരെ നമുക്ക് കാത്തിരിക്കാമല്ലോ എന്നാണ്. തുടര്‍ന്ന് ഗുരുവിനെ കുമാരനാശാന്‍ അനുനയിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നമുക്ക് ശിഷ്യനായി വന്ന് ഇപ്പോള്‍ നമ്മെ ഉപദേശിക്കുന്ന ഗുരുവായിത്തീര്‍ന്നതുകൊണ്ട് കുമാരുവിനെ ഇനിമേല്‍ നാം ആശാനെന്നേ വിളിക്കുകയുള്ളു എന്നാണ്.
സംഘടനരൂപീകരണ സന്ദര്‍ഭത്തില്‍ത്തന്നെ ഗുരു അതിനോട് ആശയപരമായി വിയോജിച്ചു കൊണ്ടുതന്നെ മാര്‍ഗ്ഗനിര്‍ദ്ദേശം കൊടുത്തു രക്ഷാധികാരിയായി ഇരിക്കുന്നുണ്ട്. എത്രതന്നെ ചൊല്ലിക്കൊടുത്താലും സാമുദായിക സങ്കുചിതത്വത്തില്‍നിന്ന് മോചിതമാകുവാന്‍ യോഗത്തിനു കഴിയാതെ വരുമ്പോള്‍ യോഗത്തെ വാക്കില്‍നിന്നും പ്രവൃത്തിയില്‍നിന്നും മാത്രമല്ല, മനസ്സില്‍നിന്നും ഒഴിവാക്കിയതായി ഡോ. പല്‍പ്പുവിന് ഗുരു കത്ത് അയക്കുന്നുമുണ്ടല്ലോ. ഇതേ പല്‍പ്പു നാരായണഗുരു പട്ടരുടെ മതം പ്രചരിപ്പിക്കുന്നു; നമസ്‌ക്കരിച്ചതു വെറുതെയായി എന്ന് ഗുരുവിനെ തള്ളിക്കളഞ്ഞു. അതിനുശേഷം അക്കാലത്ത് ഏറ്റവും വിലകൂടിയ പേപ്പറില്‍ ഗുരുവിന്റെ സ്ഥാവരജംഗമസ്വത്തുകള്‍ യോഗത്തിനവകാശപ്പെട്ടതാണെന്ന വില്‍പ്പത്രം തയ്യാറാക്കി പല്‍പ്പു വരുമ്പോള്‍ ഗുരു ഒപ്പിട്ടുകൊടുക്കുന്നുണ്ട്.
മനസ്സില്‍നിന്നും വാക്കില്‍നിന്നും കര്‍മ്മത്തില്‍നിന്നും യോഗത്തെ ഉപേക്ഷിച്ചിട്ടും അവസാനകാലത്ത് ഗുരു വീണ്ടും യോഗത്തിന്റെ മീറ്റിങ്ങില്‍ പങ്കെടുക്കുന്നതു കാണാം. അത് കൃപണതവിട്ട കൃപാലുവിന്റെ അനുകമ്പാദര്‍ശനത്തിന്റെ ആവിഷ്‌കരണമാണ്. അനിരാകരണമായിരുന്നു ഗുരുവിന്റെ അനുകമ്പാര്‍ദ്രിതമായ ജീവിതത്തിന്റെ ദര്‍ശനം. എന്നാല്‍, ഗുരുവിനെ തരിമ്പും മനസ്സിലാക്കാന്‍ യോഗത്തിനായില്ലെന്ന് ഗുരുവിന്റെ സമാധിക്കുശേഷം യോഗം 1104 സിവില്‍ നമ്പറില്‍ തിരുവനന്തപുരം ജില്ലാ സിവില്‍ കോടതിയില്‍ അന്നത്തെ യോഗം ജനറല്‍ സെക്രട്ടറി സി.വി. കുഞ്ഞുരാമന്‍ കൊടുത്ത അന്യായത്തില്‍ ''ലൗകിക വിഷയങ്ങളില്‍ തീരെ ആസ്ഥയില്ലാതേയും രോഗപീഡകൊണ്ടു ക്ലേശിച്ചും വാര്‍ദ്ധക്യമതിക്രമിച്ചും ബുദ്ധിശക്തികള്‍ സുപ്തമായും ഇരുന്ന സ്വാമിതൃപ്പാദങ്ങളെ'' എന്നു വിശേഷിപ്പിക്കുന്നതില്‍നിന്നു മനസ്സിലാക്കാം. ഇന്നും യോഗം ഗുരുവിനെ വെറും നമ്മുടെ ആളായി, ഈഴവനായി കാണുന്ന ദുരന്തദുര്യോഗത്തില്‍നിന്നു വളര്‍ന്നിട്ടില്ലെന്ന് ഓര്‍ക്കണം.
അപരനെ പരിഗണിക്കുന്ന ജനാധിപത്യബോധപരമായ അഡ്ജസ്റ്റ്മെന്റ്, മാനേജ്മെന്റ് എന്ന അര്‍ത്ഥത്തിലല്ല ഗുരുവിന്റെ അനുകമ്പാദര്‍ശനത്തിലെ ഇമ്പം തിരിച്ചറിയേണ്ടത്. അവന്‍, ഇവന്‍ എന്നൊക്കെ അറിയുന്നതൊക്കെ ആദിമമായ ആത്മരൂപമാണെന്ന അദൈ്വത ദര്‍ശനത്തിലാണ്. അതുകൊണ്ടാണ് ''തന്‍ പ്രിയം അപരപ്രിയമെന്നറിഞ്ഞിടേണം'' എന്ന് പ്രിയത്തെ നിര്‍വ്വചിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. സര്‍വ്വഭൂതങ്ങളിലും തന്നെ കാണുന്ന ഒരുവന്റെ പരാഭാവമില്ലാത്ത ആത്മദര്‍ശനമാണ് ഗുരു വിഭാവനം ചെയ്യുന്ന ഇമ്പം. ക്ഷേത്രപ്രതിഷ്ഠകള്‍ക്ക് കണ്ണാടിപ്രതിഷ്ഠയിലൂടെ വിരാമമിട്ട ഗുരു അപരനുമായുള്ള സംവാദത്തില്‍ സ്വയമൊരുവന്‍ ഇതരനെ ഏറ്റക്കുറച്ചിലില്ലാതെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാകുന്നതെങ്ങനെ എന്ന മാതൃക അവതരിപ്പിച്ചുകൊണ്ടാണ് സാമൂഹിക ഇടപാടുകളെക്കുറിച്ചുള്ള ചിന്താചരിത്രത്തിനു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത്. അത് പാരസ്പര്യപൂര്‍ണ്ണമായ ജീവിതത്തിന്റെ സൂക്ഷ്മസ്ഥാനമാണ്. അവിടെയാണ് ജാതിഭേദവും മതദ്വേഷവുമില്ലാതെ സര്‍വ്വര്‍ക്കും സോദരത്വേന വാഴുവാന്‍ കഴിയുന്ന മാതൃകാസ്ഥാനം ഗുരു വിഭാവനം ചെയ്യുന്നത്. അതിനെ ചുരുക്കിവായിച്ച് ഹിന്ദുമതത്തെ പോഷിപ്പിക്കാനുള്ള ഒരു ഉപകരണം എന്ന നിലയില്‍ അദ്ദേഹത്തെ ഉപയോഗിക്കാം. അതുകണ്ട് ഒരു മുഴം മുമ്പേ എറിഞ്ഞ് പ്രത്യയശാസ്ത്ര വളര്‍ച്ചയ്ക്കുള്ള രാഷ്ട്രീയ ആയുധമായും അദ്ദേഹത്തെ ഉപയോഗിക്കാം. അദ്ദേഹം ജീവിച്ചിരുന്ന കാലത്തുതന്നെ ജാതീയമായി അദ്ദേഹം ഉപയോഗിക്കപ്പെട്ടിട്ടുമുണ്ടല്ലോ. ഇന്ന് ജാതി ചോദിച്ചാല്‍ ഒരുവന്‍ കണ്ടിട്ടു മനസ്സിലായില്ലേ, ജാതി ചോദിക്കരുത് എന്നല്ലേ എന്ന് പറഞ്ഞാല്‍ ഓ ഇപ്പോ മനസ്സിലായി ഈഴവനാണല്ലെ! എന്ന് ജാതിയുടെ ഐക്കണ്‍ എന്ന തലത്തില്‍ ഗുരുവിനെ വലിച്ചുതാഴ്ത്തിയതുപോലെ മതമൗലികവാദികളും മതവൈരികളും ഒരുപോലെ പൊരുളറിയാതെ ഗുരുവിനെ ഉപയോഗിക്കുന്നു. കേരളത്തിനു മനസ്സിലാവാതെ പോയ മനീഷിയാണ് ഗുരു. മൗലികതകളെയാകെ നമ്മുടെ ലോകങ്ങള്‍ വേട്ടയാടിപ്പിടിക്കാനുള്ള ഇരയായി ഉപയോഗിക്കുന്ന നമ്മുടെ ഇരട്ടത്താപ്പിനെ ഉദാഹരിക്കുവാന്‍ ഗുരുവിനെ ഏറ്റി നടക്കുന്നവരുടെ കൗതുകം പ്രത്യക്ഷീകരിക്കുന്നു.
സാഹോദര്യത്തെ ജൈവികവും വൈകാരികവുമായ ഏകഗോത്രഭാവനയില്‍നിന്ന് വിചാരംകൊണ്ട് നിവര്‍ത്തിക്കുന്നിടത്താണ് അഹിംസ പുലരുന്നതെന്ന് 'ജീവകാരുണ്യപഞ്ചക'മെന്ന കൃതിയില്‍ ഗുരു പറയും.
എല്ലാവരുമാത്മസഹോദരെ-
ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം
കൊല്ലുന്നതുമെങ്ങനെ ജീവികളെ-
ത്തെല്ലും കൃപയറ്റു ഭുജിക്കയതും?
സര്‍വ്വതും താനാണെന്ന, തന്നിലാണെന്ന ആത്മസഹോദര്യത്തില്‍നിന്നാണ് ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുള്ള അനുകമ്പ ഉരുവംകൊള്ളുന്നതെന്ന് ഗുരു ആവര്‍ത്തിച്ച് പറയുന്നുണ്ട്. കാരുണ്യംകൊണ്ട് മനുഷ്യകത്തെ നവീകരിക്കാന്‍ ശ്രമിച്ച മഹാമനീഷികളെല്ലാം കാരുണ്യമൂര്‍ത്തികളാണെന്ന് ഉദാഹരിച്ചുകൊണ്ടാണ് ഗുരു അനുകമ്പാദര്‍ശനം അവസാനിപ്പിക്കുന്നത്. അനുകമ്പയെ സംബന്ധിച്ച താനവതരിപ്പിക്കുന്ന ദര്‍ശനത്തിന്റെ പ്രായോഗിക ഉദാഹരണങ്ങള്‍ അഞ്ച് ശ്ലോകങ്ങളിലായി ചൂണ്ടിക്കാണിച്ചിരിക്കുന്നു. അതില്‍ ആദ്യ ശ്ലോകത്തിലാണ് ഗുരു ഭഗവദ്ഗീതയെക്കുറിച്ചുള്ള മിതവും സാരവുമായ വ്യാഖ്യാനം തയ്യാറാക്കുന്നത്. സര്‍വ്വഭൂതദയയുടെ സമുദ്രമായി കൃഷ്ണനെ പറയുന്ന ഗുരു ഭഗവദ്ഗീത പരമാര്‍ത്ഥമാണ് യുദ്ധമല്ല പറഞ്ഞത് എന്ന് ഗീതാ വ്യാഖ്യാനം 'അനുകമ്പാദശക'ത്തില്‍ നടത്തിയിരിക്കുന്നു. പരമാര്‍ത്ഥമറിഞ്ഞ് പൊരുളായി തീര്‍ന്ന കണ്ണനും ആത്മദര്‍ശനസാരമായ, സരളമായ അദൈ്വതം അവതരിപ്പിച്ച ശ്രീശങ്കരനും മനുഷ്യനായി അവതരിച്ച ദൈവപുത്രനായ യേശുവും ധര്‍മ്മം മനുഷ്യാകൃതി പൂണ്ട ശ്രീബുദ്ധനും കാരുണ്യം തന്നെ അവതരിച്ച മുഹമ്മദ്നബിയെന്ന ഗുരുവും തമിഴ് സിദ്ധ പാരമ്പര്യത്തിലെ ആചാര്യന്മാരുമെല്ലാം കാരുണ്യത്തിന്റെ എക്കാലത്തേയും ലോകോത്തര ഉദാഹരണങ്ങളാണെന്നു സ്ഥാപിക്കുന്നു. അനുകമ്പയുടെ മാതൃകകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഉടല്‍ വെടിഞ്ഞാലും കീര്‍ത്തിയാവുന്ന ശരീരത്തില്‍ അനുകമ്പ എക്കാലത്തും വിഹരിക്കുമെന്ന് സൂചിപ്പിക്കുന്നു. ഉടല്‍ വെടിഞ്ഞിട്ടും ഇന്ന് നാരായണഗുരുവിനെ തള്ളിക്കളയാനാവാതെ നമുക്ക് കൂടെ കൊണ്ടുനടക്കേണ്ടിവരുന്നത് അനുകമ്പയുടെ അത്ഭുതകരമായ വിളയാടലായിരുന്നു ഗുരുവിന്റെ ജീവിതവും ദര്‍ശനവും എന്നതു കൊണ്ടാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates