

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതം വരെ ലോക ഭൂവിസ്തൃതിയുടെ നാലിലൊന്ന് നിയന്ത്രിച്ചിരുന്ന സാമ്രാജ്യത്വ ശക്തിയായിരുന്നു യുണൈറ്റഡ് കിംഗ്ഡം (ബ്രിട്ടണ്‍). ലോകത്തിലെ നാലിലൊന്നോളം ജനങ്ങളും അവരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. 'സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം' എന്ന് അറിയപ്പെട്ടിരുന്ന യു.കെയ്ക്ക് രണ്ടു ലോകമഹായുദ്ധങ്ങളെ തുടര്‍ന്ന് അതിന്റെ പ്രതാപം നഷ്ടമായി. തുടര്‍ന്ന് ലോകത്തില്‍ വന്‍ശക്തികള്‍ ഉദയം ചെയ്‌തെങ്കിലും സാമ്പത്തിക, സൈനിക രംഗങ്ങളില്‍ ഒരു നിര്‍ണ്ണായക രാഷ്ട്രമായി യു.കെ. ഇന്നും തുടരുകയാണ്.
1707-ലാണ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ നിലവില്‍ വന്നത്. 1706-ല്‍ യൂണിയന്‍ സന്ധി (treaty of union) പ്രകാരം ഇംഗ്ലണ്ട്, സ്‌കോട്ട്ലന്റ് എന്നിവ കൂടി ചേര്‍ന്നാണ് ഗ്രേറ്റ് ബ്രിട്ടനായത്. 1801-ല്‍ അയര്‍ലന്റും ഇതോടൊപ്പം ചേര്‍ന്നതോടുകൂടി ഗ്രേറ്റ് ബ്രിട്ടന്‍ യുണൈറ്റഡ് കിംഗ്ഡം ആയി. ഇപ്പോള്‍ അയര്‍ലന്റില്‍ വടക്കന്‍ അയര്‍നലന്റ് മാത്രമേ യു.കെയുടെ ഭാഗമായുള്ളൂ.
ഗ്രേറ്റ് ബ്രിട്ടന്‍ ദ്വീപിന്റെ വടക്കേയറ്റമായ സ്‌കോട്ട്ലന്റിന്റെ ഭാഗമായി 790-ഓളം ദ്വീപുകളുണ്ട്. എഡിന്‍ബര്‍ഗാണ് സ്‌കോട്ട്ലന്റിന്റെ പ്രധാന നഗരവും തലസ്ഥാനവും. ചര്‍ച്ച് ഓഫ് സ്‌കോട്ട്ലന്റ് ആണ് സ്‌കോട്ട്ലന്റിലെ വിശ്വാസികളുടെ മതമേധാവികള്‍. കല്‍ക്കരി ഖനനവും, എണ്ണ ഉല്പാദനവും ഇവിടത്തെ പ്രധാന വ്യവസായങ്ങളാണ്. ഇലക്ട്രോണിക് വ്യവസായം, ഫോറസ്റ്ററി, എന്നിവയും സ്‌കോട്ട്ലന്റിന്റെ പ്രധാന വരുമാനമാര്‍ഗ്ഗമാണ്. ബാര്‍ലി അടക്കമുള്ള കൃഷികളും ഫലപ്രദമായി ഇവിടെ നടന്നു വരുന്നു.
1997-ല്‍ സ്‌കോട്ട്ലന്റിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ റഫറണ്ടത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കോട്ട്ലന്റ് പാര്‍ലമെന്റ് രൂപീകരിക്കുന്നതിന് യു.കെ. അനുമതി നല്‍കി. 1999-ലാണ് ആദ്യമായി സ്‌കോട്ട്ലന്റ് പാര്‍ലമെന്റ് സമ്മേളിച്ചത്. കടുത്ത ദേശീയവികാരവും അതിന്റെ ഭാഗമായുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളുമെല്ലാം അവിടെ ഉണ്ടായിരുന്നുവെങ്കിലും യു.കെയില്‍ തുടരാന്‍ തന്നെയാണ് പാര്‍ലമെന്റ് തീരുമാനിച്ചത്.
സ്‌കോട്ട്ലന്റിലെ പൊലീസിന്റെ പ്രാഗല്‍ഭ്യം യു.കെ. അംഗീകരിച്ചതുകൊണ്ടാണ് രാജ്യത്തിന്റെ പൊലീസ് കേന്ദ്രത്തിനുതന്നെ സ്‌കോട്ട്ലന്റ് യാര്‍ഡ് എന്ന പേരു വന്നത്. ലണ്ടന്‍ മെട്രോപോളിറ്റന്‍ നഗരത്തിലെ പൊലീസിന്റെ ആസ്ഥാനമാണ് സ്‌കോട്ട്ലന്റ് യാര്‍ഡ്. ലണ്ടന്‍ പൊലീസിന്റെ സി.ഐ.ഡി വിഭാഗത്തെ സൂചിപ്പിക്കാനും ഈ വാക്ക് ഉപയോഗിക്കുന്നു. അന്വേഷണ പാടവം, കുറ്റകൃത്യങ്ങള്‍ തെളിയിക്കാനുള്ള അപാര കഴിവ് എന്നിവകൊണ്ട് സ്‌കോട്ട്ലന്റ് യാര്‍ഡ് ലോകപ്രശസ്തമാണ്.
സ്‌കോട്ടിഷ് നിയമങ്ങളും ലോകപ്രശസ്തമായവയാണ്. മര്‍ക്കന്റൈ്ന്‍ലായില്‍ വലിയ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട് സ്‌കോട്ടലന്റ്. ഹൈക്കോര്‍ട്ട് ഓഫ് ജൂഡിഷറിയാണ് ഇവിടുത്തെ പരമോന്നത കോടതി.
മൂന്നു വര്‍ഷം മുന്‍പാണ് സ്‌കോട്ട്ലന്റ് യു.കെ. വിട്ടുപോകണമെന്ന ഏറ്റവും ശക്തമായ ബഹുജനാഭിപ്രായമുണ്ടായത്. അതിനെ തുടര്‍ന്ന് ഈ വിഷയത്തെ ആധാരമാക്കി റഫറണ്ടം നടത്തുകയും ചെയ്തു. സ്‌കോട്ട്ലന്റ് ഭരണകക്ഷിയായ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി വിട്ടുപോകലിന് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. എങ്കിലും ഈ റഫറണ്ടത്തില്‍ നേരിയ ഭൂരിപക്ഷത്തില്‍ യു.കെയില്‍നിന്നും സ്‌കോട്ട്ലന്റ് വിടേണ്ടതില്ലെന്ന വിധിയെഴുത്താണ് ജനങ്ങളുടെ ഭാഗത്തുനിന്നുമുണ്ടായത്.
കഴിഞ്ഞവര്‍ഷം ഒടുവിലാണ് ഈ ലേഖകന്‍ സ്‌കോട്ട്ലന്റ് സന്ദര്‍ശിച്ചത്. ലണ്ടനില്‍ താമസക്കാരിയായ ലേഖകന്റെ സഹോദരി സുജാതയുടെ മകന്‍ നസീര്‍ബാബു, വര്‍ക്കലക്കാരനും എഡിന്‍ബര്‍ഗില്‍ ജോലിനോക്കുന്ന സുഹൃത്തുമായ റോയിയുമൊത്താണ് സ്‌കോട്ട്ലന്റിലെ വിവിധ സ്ഥലങ്ങള്‍ ഈ ലേഖകന്‍ സന്ദര്‍ശിച്ചത്.
സ്‌കോട്ട്ലന്റിന്റെ തലസ്ഥാനവും ലോകത്തിലെ പ്രമുഖ നഗരങ്ങളിലൊന്നുമായ എഡിന്‍ബര്‍ഗാണ് ഞങ്ങള്‍ ആദ്യം സന്ദര്‍ശിച്ചത്. എല്ലാ നിലയിലും വളരെ പ്രത്യേകതകളുള്ള രാജകീയ പ്രൗഢി നിലനിര്‍ത്തുന്ന വലിയ ഒരു പട്ടണമാണിത്. എഡിന്‍ബര്‍ഗ് കാസ്റ്റില്‍, നാഷണല്‍ മൂസിയം ഓഫ് സ്‌കോട്ട്ലന്റ്, സ്‌കോട്ടിഷ് പാര്‍ലമെന്റ് മന്ദിരം, നാഷണല്‍ വാര്‍മ്യൂസിയം, എഡിന്‍ബര്‍ഗ് ഫെസ്റ്റിവല്‍ തിയേറ്റര്‍, റോയല്‍ ബോട്ടണിക് ഗാര്‍ഡന്‍, ബ്രിട്ടീഷ് രാജ്ഞി ക്യൂന്‍ എലിസബത്തിന്റെ കൊട്ടാരമായ പാലസ് ഓഫ് ഹോളി റൂഡ് ഹൗസ്, ക്യൂന്‍ സ്ട്രീറ്റ് ഗാര്‍ഡന്‍സ്, നാഷണല്‍ മൈനിംഗ് മ്യൂസിയം ഓഫ് സ്‌കോട്ട്ലന്റ് തുടങ്ങിയവയെല്ലാം സന്ദര്‍ശിക്കാനുളള അവസരവും ഈ ലേഖകനുണ്ടായി.
ഇതിന്റെ കൂട്ടത്തില്‍ എഡിന്‍ബര്‍ഗിലെ ലോകത്തിലെ ആദ്യത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസും സന്ദര്‍ശിക്കാന്‍ കഴിഞ്ഞു. ഒരു പതിറ്റാണ്ടുകാലം വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തന രംഗത്ത് സജീവമായി ഉണ്ടായിരുന്ന ഈ ലേഖകന് ലോകത്തിലെ ആദ്യത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസ് സന്ദര്‍ശനം വലിയ ഒരു അനുഭവമായിരുന്നു. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനകാലത്തെ അനുഭവങ്ങള്‍ വികാരപരമായി അയവിറക്കാന്‍ ഇതവസരമുണ്ടാക്കി. ഇത്തരം ചരിത്രപ്രധാനമായ ഒരോഫീസ് ഇന്നും ഭംഗിയായി സംരക്ഷിക്കുന്ന സ്‌കോട്ട്ലന്റ് ഭരണാധികാരികളോട് വലിയ ബഹുമാനവും തോന്നി. വളരെ നീണ്ടതും ത്യാഗപൂര്‍വ്വവുമായ പ്രക്ഷോഭണങ്ങളില്‍ക്കൂടി നേടിയെടുത്ത സ്‌കോട്ടിഷ് പാര്‍ലമെന്റ് മന്ദിരത്തിലെ സന്ദര്‍ശനവും വലിയ ഒരനുഭവമായിരുന്നു.
അടുത്ത ദിവസം ഞങ്ങള്‍ എഡിന്‍ബര്‍ഗിന്റെ പുറത്തുള്ള സ്‌കോട്ട്ലന്റിന്റെ മറ്റു പ്രദേശങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. സ്‌കോട്ട്ലന്റിന്റെ മുഖ്യകൃഷിയായ വിശാലമായ പല ബാര്‍ലി കൃഷിപ്പാടങ്ങളും കാണാന്‍ അവസരമുണ്ടായി. ചില കൃഷിക്കാരുമായി സംസാരിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും കഴിഞ്ഞു. നമ്മുടെ രാജ്യത്തെ കൃഷിക്കാര്‍ നേരിടുന്നത്ര വലിയ പ്രയാസങ്ങള്‍ ഇവര്‍ക്കില്ലെങ്കിലും, കൃഷിക്കാരുടെ പൊതുവായ പ്രശ്‌നങ്ങള്‍ അവിടെയും കാണാന്‍ കഴിഞ്ഞു. ഈ ബാര്‍ലികൊണ്ട് ഉല്പാദിപ്പിക്കുന്ന പ്രധാന ഉല്പന്നമാണ് സ്‌കോച്ച് വിസ്‌കി. സ്‌കോട്ട്ലന്റിലെ മദ്യമായതുകൊണ്ടാണ് ഇതിനെ സ്‌കോച്ച് വിസ്‌കി എന്ന പേര് ലഭിച്ചിട്ടുള്ളതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കൂട്ടത്തില്‍ ചില സ്‌കോച്ച് വിസ്‌കി ഫാക്ടറികള്‍ ഞങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. സ്‌കോച്ച് വിസ്‌കിക്ക് ലോകത്തൊട്ടാകെ വലിയ മാര്‍ക്കറ്റാണുള്ളത്. സ്‌കോട്ട്ലന്റിന്റെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങളിലൊന്ന് സ്‌കോച്ച് വിസ്‌കിയാണ്.
ഗ്ലൈന്‍ ഗോയീനെ ഡിസ്റ്റിലറിയും ഡള്ളാസ്സ് ഹിസ്റ്റോറിക് ഡിസ്റ്റിലറിയും ഗ്ലൈന്‍ ഫിഡി ഡിസ്റ്റിലറിയും അതുപോലുള്ള മറ്റു ചില സ്‌കോച്ച് വിസ്‌കി ഡിസ്റ്റിലറികളും ഈ ലേഖകനും സുഹൃത്തുക്കളും സന്ദര്‍ശിച്ചു. ഈ ഡിസ്റ്റിലറിയിലൊന്നായ ഗ്ലൈന്‍ ഗോയീനെ ഡിസ്റ്റിലറി സന്ദര്‍ശകര്‍ക്ക് 12 വര്‍ഷം പഴക്കമുള്ള സ്‌കോച്ച് വിസ്‌കി രുചി നോക്കാനായി സൗജന്യമായി നല്‍കുന്നുണ്ട്. 65 വര്‍ഷം പഴക്കമുള്ള സ്‌കോച്ച് വിസ്‌കി ബോട്ടിലുകളും അവിടെ കാണാന്‍ ഇടയായി. ഏറ്റവും പഴയ സ്‌കോച്ച് വിസ്‌കി ഒരു ബോട്ടിലിന് ലക്ഷക്കണക്കിന് രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എന്തായാലും സ്‌കോട്ട്ലന്റിന്റെ മുഖ്യവരുമാനങ്ങളില്‍ ഒന്നാണ് സ്‌കോച്ച് വിസ്‌കി നിര്‍മ്മാണം.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടുംബം സ്‌കോട്ട്ലന്റിലാണ്. അദ്ദേഹത്തിന്റെ മുന്‍ഗാമികളുടെ കൊട്ടാരവും ട്രംപിന്റെ ഉടമസ്ഥതയിലുള്ള പ്രശസ്തമായ ഗോള്‍ഫ് ക്ലബ്ബും ഞങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.
എഡിന്‍ബര്‍ഗ് സന്ദര്‍ശനത്തിനിടയില്‍ അവിടത്തെ ഭരണകക്ഷിയായ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ ഹെഡ്ഓഫീസ് സന്ദര്‍ശിക്കാനുള്ള അവസരവും ഈ ലേഖകനുണ്ടായി. മറ്റു രാജ്യങ്ങളില്‍നിന്നും വരുന്ന സന്ദര്‍ശകര്‍ സാധാരണ ഞങ്ങളുടെ പാര്‍ട്ടി ഓഫീസ് സന്ദര്‍ശിക്കാറില്ലെന്നും ഈ ലേഖകനും കൂട്ടരും അവിടെ എത്തിയതില്‍ വളരെ സന്തോഷമുണ്ടെന്നും പാര്‍ട്ടി ഓഫീസ് സെക്രട്ടറി പറഞ്ഞു. സ്‌കോട്ട്ലന്റ് യു.കെയില്‍നിന്നും വിട്ടുപോകുന്നതിനെക്കുറിച്ച് നടത്തിയ റഫറണ്ടം നേരിയ വോട്ടിന്റെ വ്യത്യാസത്തില്‍ അന്നു പരാജയപ്പെട്ടെങ്കിലും ശക്തമായ സ്‌കോട്ടിഷ് വികാരം ഇപ്പോഴും അവിടെ ജനങ്ങളില്‍ ഉളളതായി ഈ ലേഖകന് നേരിട്ടു മനസ്സിലാക്കാന്‍ കഴിഞ്ഞു.
സ്‌കോട്ട്ലന്റ് യു.കെ വിട്ട് പുറത്തുവരികയും ഒരു സ്വതന്ത്ര രാജ്യമായി യൂറോപ്യന്‍ യൂണിയനില്‍ അംഗമായി നിലകൊള്ളുകയും വേണമെന്ന ശക്തമായ അഭിപ്രായവും അവര്‍ക്കുണ്ട്. ബ്രക്സിസ്റ്റ് സംബന്ധിച്ച് യു.കെ. നടത്തിയ റഫറണ്ടത്തില്‍ സ്‌കോട്ട്ലന്റിലെ വോട്ടര്‍മാരില്‍ മഹാഭൂരിപക്ഷവും ബ്രക്സിസ്റ്റിന് എതിരായാണ് വോട്ട് രേഖപ്പെടുത്തിയത്.
സ്‌കോട്ട്ലന്റ് ജനതയുടെ ദേശീയവികാരം ഇപ്പോഴും ശക്തമായിത്തന്നെ തുടരുകയാണ്. യു.കെയുടെ ഭാഗമായി നില്‍ക്കുമ്പോഴും സ്‌കോട്ടിഷ് വികാരവും അതിനനുസൃതമായ ദേശീയ കാഴ്ചപ്പാടുകളും അവര്‍ നിലനിര്‍ത്തിയിരിക്കുന്നതായി ഈ ലേഖകനു മനസ്സിലാക്കാന്‍ കഴിഞ്ഞു. കേന്ദ്രഭരണകൂടം സ്‌കോട്ട്ലന്റിനോട് പല കാര്യങ്ങളിലും അവഗണന കാട്ടുന്നതായും ചിലര്‍ ഈ ലേഖകനോട് പറയുകയും ചെയ്തു. ദേശീയതയേയും ദേശീയവികാരത്തേയും തടഞ്ഞുനിര്‍ത്തുക വളരെ എളുപ്പമുള്ള കാര്യമല്ല. ദേശീയവികാരത്തെ അംഗീകരിക്കാനും അതിനനുസൃതമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനും ഭരണാധികാരികള്‍ തയ്യാറായില്ലെങ്കില്‍ ദേശീയ ജനവിഭാഗങ്ങള്‍ പ്രതികരിക്കുക എന്നുള്ളത് സ്വാഭാവികം മാത്രമാണ്. സ്‌കോട്ട്ലന്റിലും അതാണ് കാണാന്‍ കഴിയുന്നത്.
സ്‌കോട്ട്ലന്റിലെ രാജ്ഞിയായ ക്വീന്‍ എലിസബത്താണ് യു.കെ. ഭരണകൂടത്തിനു നേതൃത്വം നല്‍കുന്നത്. യു.കെ. ഗവണ്‍മെന്റിന്റെ തലപ്പത്തുള്ളവരില്‍ മന്ത്രിമാരടക്കം നല്ലൊരു ശതമാനം പേര്‍ സ്‌കോട്ട്ലന്റിലുള്ളവരാണ്. രാജ്ഞിയും ഭരണാധികാരികളും തങ്ങള്‍ക്കുണ്ട് എന്നുള്ളതുകൊണ്ട് തന്നെയാണ് യു.കെയില്‍നിന്നും വിട്ടുപോകുന്നതിനെതിരായി കഴിഞ്ഞ റഫറണ്ടത്തില്‍ നേരിയ വ്യത്യാസത്തിലെങ്കിലും സ്‌കോട്ടിഷ് ജനത വിധിയെഴുതിയത്.
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നതുപോലുള്ള അവഗണിക്കപ്പെട്ട ദേശീയ ജനവിഭാഗങ്ങളുടെ പ്രതിഷേധസ്വരം സ്‌കോട്ട്ലന്റിനും കാണാന്‍ കഴിയും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് തങ്ങളുടേതെന്ന് അഭിമാനിക്കുന്ന ബ്രിട്ടീഷ് ഭരണകൂടത്തിന് ഈ ദേശീയവികാരത്തെ ആ നിലയില്‍ മാനിക്കാന്‍ കഴിഞ്ഞാല്‍ അത് യു.കെയ്ക്കും സ്‌കോട്ട്ലന്റിനും നിശ്ചയമായും വളരെ ഗുണകരമായിരിക്കും.
(ലേഖകന്‍ കേരളാ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗമാണ്
ഫോണ്‍: 9847132428, email: advgsugunan@gmail.com)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates