

ഭൂമിയില്‍ വേരൂന്നി സ്വര്‍ഗ്ഗത്തില്‍ തുഞ്ചാനവുമായി നിലകൊള്ളുന്ന ശാഖോപശാഖകളുള്ള ഫാന്റസിവൃക്ഷമാണ് തോമസ് ജോസഫിന്റെ നോവല്‍ 'അമ്മയുടെ ഉദരം അടച്ച്.'
നോവലിനെയാകെ പ്രതിനിധീകരിക്കുന്ന ഒരൊറ്റ ഇല്ലസ്ട്രേഷന്‍ രചിക്കാനാണ് എന്നെ നിയോഗിച്ചിരുന്നതെങ്കില്‍ ധാരാളം സമയമെടുത്ത് നോവലിസ്റ്റിന്റെ സ്വപ്നങ്ങളെ സ്വപ്നം കണ്ട് ആസ്വദിച്ച് ഒരു പ്രപഞ്ചസ്വപ്നവൃക്ഷം വരക്കാനായിരുന്നു ആഗ്രഹം. നോവല്‍ ഫാന്റസിവൃക്ഷം ഇല്ലസ്ട്രേറ്ററെ സ്വര്‍ഗ്ഗത്തോളം ഭാവനക്കൊമ്പുകളിലേയ്ക്കു നയിക്കുന്നു. എന്നാല്‍, ഈ നോവല്‍ പ്രസിദ്ധീകരിക്കുന്ന പശ്ചാത്തലം ഒട്ടും സുഖകരമല്ല. നോവലിസ്റ്റ് വയ്യായ്കയിലാണ്. അദ്ദേഹം ഇപ്പോഴും സ്വപ്നം കാണുന്നു െന്നു നമുക്കു സ്വപ്നം കാണാവുന്ന അവസ്ഥ.
ഹന്ന മുത്തശ്ശിക്കു സ്വര്‍ഗ്ഗത്തില്‍ ഇടം ഒരുക്കണം. അതിനു വിലാപഗാനങ്ങള്‍ ആലപിക്കപ്പെടണം.. ഏഴ് വിലാപഗായികമാരാണ് ഗാനങ്ങള്‍ ആലപിക്കേ ത്. പണ്ട് പറുദീസായില്‍നിന്നു പുറത്താക്കപ്പെട്ടവരാണ് വിലാപഗായികമാര്‍. അവരെ വിളിച്ചുകൊണ്ടുവരാനുള്ള ചുമതലയുമായി 13 വയസ്സുകാരന്‍ യാക്കോബ് യാത്ര പുറപ്പെടുന്നതോടെ തോമസ് ജോസഫിന്റെ നോവല്‍ ആരംഭിക്കുന്നു.
നോവലിന്റെ ആരംഭം
'സര്‍പ്പസ്ഥലത്തേക്കുള്ള യാത്ര' എന്നു നോവലിസ്റ്റ് കുറിച്ചിരിക്കുന്നു യാക്കോബിന്റെ യാത്രയെക്കുറിച്ച്. അന്ധകാരശക്തികള്‍ക്കു വഴങ്ങാതെ യാത്ര ചെയ്യണം. യാത്രാദൗത്യം പരാജയപ്പെട്ടാല്‍ ഉണ്ടാകാവുന്ന വിനാശങ്ങള്‍ക്കു കണക്കില്ല. എന്നാല്‍, ഹന്ന മുത്തശ്ശിക്കു സ്വര്‍ഗ്ഗത്തില്‍ ഇടംകിട്ടുന്നതിനു വിലാപഗായികമാര്‍ മണ്ണില്‍ കാലുകുത്തുകയല്ലാതെ മറ്റു വഴികളില്ല. മണ്ണിലല്ലാത്ത ഇടത്തിലെ വിലാപഗായികമാരെ കൂട്ടിക്കൊണ്ടുവരാനാണ് യാക്കോബിന്റെ യാത്ര.
നോവലില്‍ സ്ഥലകാലങ്ങള്‍
വിലാപഗായികമാരെ കൂട്ടിക്കൊണ്ടുവരാന്‍ യാത്ര പുറപ്പെടണമെന്ന് യാക്കോബിനോടു് കല്പിക്കുന്നത് മരപ്പണിക്കാരന്‍ യോഹന്നാന്‍. പ്രഭാതത്തില്‍ യോഹന്നാന്റെ നെഞ്ചകത്തുനിന്ന് ഒരു വെണ്‍പ്രാവു് പറന്നുപോകാറുണ്ടു്. ഉച്ചയ്ക്ക് യോഹന്നാന്‍ വീശുന്ന ധൂപക്കുറ്റിയുമായി കുന്ന് കയറിയിറങ്ങി അപ്രത്യക്ഷനാകാറുണ്ടു. ധൂപക്കുറ്റിയില്‍നിന്ന് ചിത്രശലഭങ്ങള്‍ ചിറകുവീശുന്നു. സന്ധ്യകളില്‍ യോഹന്നാന്‍ നൃത്തം ചെയ്യുന്നു. അന്നേരം അദ്ദേഹത്തിന്റെ വിരലറ്റങ്ങളില്‍നിന്ന് സ്വര്‍ഗ്ഗീയപുഷ്പങ്ങള്‍ വീഴുന്നു.
കഥാപാത്രങ്ങള്‍
ഇരുപത്തിയെട്ട് അധ്യായങ്ങളുള്ള നോവലിന്റെ ഒടുക്കത്തില്‍ യാക്കോബ് 'അതീതസ്ഥല'ത്ത് എത്തിച്ചേരുന്നു. ഒരു വെള്ളക്കുതിര യാക്കോബിന്റെ അരികിലേക്കു വന്നു. യാക്കോബ് കുതിരപ്പുറത്ത് കയറി. കുതിര യാക്കോബുമായി ഭൂമിക്കടിയിലെ ഏഴാം കരിങ്കടലിലേക്കു യാത്ര ചെയ്തു.
ഫാന്റസിയിലൂടെ നോവല്‍ അന്ത്യത്തിലേക്കു നീങ്ങുന്നു
നോവലിന്റെ അന്ത്യം ഫാന്റസിയില്‍-'ദൈവത്തിന്റെ കൊച്ചുപടയാളി'യായി യാത്ര ചെയ്ത യാക്കോബ് ഒരു നൗകയില്‍ പ്രവേശിച്ചു. കുഞ്ഞാടുകളും സിംഹങ്ങളും കുതിരകളും അവയെ ചുറ്റിപ്പിണയുന്ന അനശ്വരങ്ങളായ സ്വര്‍ണ്ണവള്ളികളുമുള്ള നൗക. നൗകയില്‍ ഒരു തല്‍പ്പം. തല്‍പ്പത്തില്‍ ഉപവിഷ്ടനായി യാക്കോബ്!
നോവല്‍ വൃക്ഷത്തില്‍ ക്രിസ്തീയ സങ്കല്പങ്ങള്‍ കൂടുകൂട്ടിയിരിക്കുന്നു. പാപം, ശിക്ഷ, പ്രലോഭനം, സഹനം, കാമം, താക്കീത് എന്നിവ വൃക്ഷക്കൊമ്പുകളിലിരുന്നു ചിറകുവീശുന്നു, പാടുന്നു, വിലപിക്കുന്നു, ആക്രോശിക്കുന്നു. വൃക്ഷത്തില്‍ സൗരഭ്യമുള്ള പൂക്കളുമായി മാലാഖമാര്‍. പഴുത്ത ഫലങ്ങളുമായി സാത്താന്‍മാര്‍. ഇല്ലസ്ട്രേറ്ററെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നവയാണ് നോവലിലെ വാക്കുകള്‍, വാചകങ്ങള്‍. വാക്ക് ദൃശ്യത്തിന്റെ താക്കോല്‍. വാചകം ദൃശ്യങ്ങളിലേക്കു തുറക്കുന്ന വാതില്‍.
ഫാന്റസി സാഹിത്യം എക്കാലത്തും ഇല്ലസ്ട്രേറ്ററെ എണ്ണിയാല്‍ തീരാത്ത സ്വപ്നങ്ങളുടെ ലോകത്തേയ്ക്ക് ആനയിക്കുന്നതാണ്. ലൂയിസ് കാരോളിന്റെ 1865-ലെ 'ആലീസ് ഇന്‍ വ ര്‍ലാന്റ്' നൂറ്റാ ുകളായി ഇല്ലസ്ട്രേറ്റര്‍മാരെ മുയല്‍ക്കുഴിയിലെ ഫാന്റസിയുടെ ലോകത്തില്‍ വീഴ്ത്തുന്നു. ജെ.ആര്‍.ആര്‍. റ്റോല്‍ക്കീന്റെ 1937-ലെ 'ദി ഹോബിറ്റും' ജെ.കെ. റൗളിംഗിന്റെ 1997 മുതലുള്ള 'ഹാരിപോട്ടര്‍' പരമ്പരയും ഫാന്റസി സാഹിത്യത്തിന്റെ മേഞ്ഞാല്‍ തീരാത്ത മേച്ചില്‍പ്പുറങ്ങളാണ് ഇല്ലസ്ട്രേറ്ററുടെ മനസ്സിന്. 'ആയിരത്തൊന്നു രാവുകളി'ലെ അലാവുദ്ദീന്റേയും ആലിബാബയുടേയും സിന്‍ബാദിന്റേയും കഥകള്‍ ഫാന്റസി സാഹിത്യത്തിന്റെ എണ്ണിയാല്‍ ഒടുങ്ങാത്ത ദൃശ്യാവിഷ്‌കരണ സാധ്യതകളുള്ളവയാണ്. ആലീസും ഹോബിറ്റും ഹാരിപോട്ടറും അലാവുദ്ദീനും ആലിബാബയും സിന്‍ബാദും പ്രതിനിധീകരിക്കുന്ന ഫാന്റസി സാഹിത്യവും തോമസ് ജോസഫിന്റെ നോവലും തമ്മിലുള്ള ബന്ധം ഇവയെല്ലാം ഫാന്റസികളാണെന്നതു മാത്രമാണ്. തോമസ് ജോസഫിന്റെ ഫാന്റസി ക്രിസ്ത്യന്‍ വിശ്വാസമനസ്സിന്റേതാണ്.
തോമസ് ജോസഫിന്റെ നോവല്‍ ആദ്യവായനയില്‍ എന്നെ ഓര്‍മ്മിപ്പിച്ചത് അഞ്ചാം നൂറ്റാണ്ടിലെ ദൈവശാസ്ത്രകാരന്‍ ഹിപ്പോയിലെ സെന്റ് അഗസ്റ്റിനെയാണ്. ദൈവനഗര(സിറ്റി ഓഫ് ഗോഡ്)ത്തിന്റെ കര്‍ത്താവാണ് സെന്റ് അഗസ്റ്റിന്‍. സ്വര്‍ഗ്ഗനഗരത്തെ ആശിക്കാന്‍ ക്രിസ്ത്യാനികളെ പ്രേരിപ്പിച്ചു സെന്റ് അഗസ്റ്റിന്‍. മനുഷ്യചരിത്രം ഭൂനഗരവും ദൈവനഗരവും തമ്മിലുള്ള വൈരുധ്യത്തിന്റെ കഥയാണ്. ലോകസുഖങ്ങളില്‍ മുഴുകുന്നവരുടെ ഭൂനഗരം സാത്താന്റേത്. ലോകസുഖങ്ങളില്‍ മുഴുകാത്തവരുടേത് ദൈവനഗരം. ദൈവവും സാത്താനും തമ്മിലുള്ള വൈരുധ്യങ്ങളുടെ ഫാന്റസിയാണ് തോമസ് ജോസഫിന്റേത്. ഈ ഫാന്റസിയില്‍ ദൈവത്തിന്റെ പ്രതിനിധിയാകേ ുന്ന വൈദികന്‍ 'ലൂസിഫറച്ചനാ'കുന്നുണ്ട്. സമകാലിക ജീവിതത്തിന്റെ സുവിശേഷമായി തോമസ് ജോസഫിന്റെ നോവലിനെ വായിക്കാവുന്നതാണ്.
സാഹിത്യത്തിന്റെ ആദ്യവായനക്കാരില്‍ ഒരാളാണ് ഇല്ലസ്ട്രേറ്റര്‍. സാഹിത്യകൃതിയെ ലോകം മനസ്സിലാക്കുന്നതിനു മുന്‍പേ ആസ്വദിക്കാനും വിലയിരുത്താനും നിയോഗിക്കപ്പെടുന്ന ആള്‍ ഇല്ലസ്ട്രേറ്റര്‍. ഇതാ, എന്റെ ആസ്വാദനവും വിലയിരുത്തലും-ദൈവനഗരക്കാരനായ വാഴ്ത്തപ്പെടാത്ത ഒരു പുണ്യവാളന്റെ തിരുവെഴുത്താണ് ഈ നോവല്‍!
ദൈവനഗരക്കാരന്റെ തിരുവെഴുത്തിനെ ദൃശ്യപ്പെടുത്താന്‍ ഭൂനഗരക്കാരന്റെ ശ്രമമാണ് ഈ നോവലിലെ എന്റെ ഇല്ലസ്ട്രേഷനുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates