ജല്സാഗറിന്റെ ചിത്രീകരണം നടക്കുന്ന ഒരു സായാഹ്നത്തില്‍, ഛബി ബിശ്വാസിനോട് ഒരാളെ പരിചയപ്പെടുത്തിക്കൊണ്ട് സത്യജിത് റേ പറഞ്ഞു: ''ഇദ്ദേഹമാണ് എന്റെ അടുത്ത സിനിമയായ അപുര്‍ സന്‍സാറിലെ നായകന്‍.'' ആ നടന്റെ പേരായിരുന്നു സൗമിത്ര ചാറ്റര്‍ജി. കൊല്‍ക്കത്തയുടെ പ്രാന്തപ്രദേശമായ മിര്‍സാപൂരില്‍ ജനിച്ച് കൃഷ്ണനഗറില്‍ വളര്‍ന്ന സൗമിത്ര നാടകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പുതുജീവിതം തേടി കൊല്‍ക്കത്തയിലെത്തിയത്. ഹൗറ സില്ല സ്‌കൂളിലും കൊല്‍ക്കത്ത സിറ്റി കോളേജിലും കൊല്‍ക്കത്ത സര്‍വ്വകലാശാലയിലും പഠനം പൂര്‍ത്തിയാക്കി അഭിനയം പഠിക്കാനായി പ്രമുഖ ബംഗാളി നാടകനടനും സംവിധായകനുമായ അഹീന്ദ്ര ചൗധരിയോടൊപ്പം ചേര്‍ന്നു. ആ നാളുകളില്‍ റേയെ കാണാന്‍ അദ്ദേഹം എത്തുകയുണ്ടായി. അപരാജിതോയില്‍ അഭിനയിക്കാന്‍ അവസരം തേടിയായിരുന്നു, അത്. സൗമിത്രയുടെ അഭിനയം റേയ്ക്ക് ഇഷ്ടമായെങ്കിലും പ്രധാന കഥാപാത്രമായ അപുവിന്റെ പ്രായം ചെറുപ്പമായതിനാല്‍ സൗമിത്രയെ പരിഗണിച്ചില്ല. അപു ത്രയത്തിന്റെ മൂന്നാം ഭാഗത്തില്‍ മുതിര്‍ന്ന അപുവിനെ അവതരിപ്പിക്കാന്‍ വേറൊരു മുഖം തേടി റേ പോയില്ല. അതൊരു തുടക്കമായിരുന്നു.
ഇന്ത്യന്‍ സിനിമയില്‍ വേറിട്ട അഭിനയജീവിതമാണ് സൗമിത്ര ചാറ്റര്‍ജിയുടേത്. റേയുടെ അഞ്ചാമത്തെ സിനിമ മുതല്‍ മൂന്ന് പതിറ്റാണ്ടോളം കൂടെ ചേര്‍ന്ന സൗമിത്ര തിരയില്‍ വരച്ചത് നിരവധി അഭിനയ മുഹൂര്‍ത്തങ്ങളാണ്. കൊല്‍ക്കത്തയില്‍ ജീവിക്കുന്ന അപു ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി പോകുന്നതും പിന്നീട് സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് അപുര്‍ സന്‍സാര്‍ കടന്നുപോകുന്നത്. ജീവിതത്തിന്റെ സാഹചര്യങ്ങളെ തേടിനടക്കുന്ന അപു എന്ന കഥാപാത്രം അനുഭവിക്കുന്നത് വിവിധങ്ങളായ ജീവിതപശ്ചാത്തലങ്ങളാണ്. നഗരവല്‍ക്കരണത്തിന്റേയും തൊഴിലന്വേഷണത്തിന്റെ പുതിയ കാലങ്ങളിലൂടെയുമാണ് ആ ജീവിതം നീങ്ങുന്നത്. ആ വേഷത്തെ ഭദ്രതയോടെ സൗമിത്ര തിരയില്‍ പകര്‍ത്തി.
റേയുടെ ക്യാമറയില്‍
ദേവി(1960)യിലായിരുന്നു സൗമിത്ര പിന്നീട് അഭിനയിച്ചത്. സത്യജിത് റേ സംവിധാനം ചെയ്ത ഈ സിനിമ പത്തൊമ്പതാം നൂറ്റാണ്ടിലെ ബംഗാളി ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കപ്പെട്ടതാണ്. ദോയമോയ് എന്ന നായികകഥാപാത്രത്തിന്റെ ഭര്‍ത്താവായ ഉമ പ്രസാദിന്റെ വേഷമായിരുന്നു സൗമിത്ര ചെയ്തത്. തൊട്ടടുത്ത വര്‍ഷം തീന്‍ കന്യയിലെ സമാപ്തിയില്‍ അമുല്യ എന്ന കഥാപാത്രമായി. അഭിജാനില്‍ (1962) നര്‍സിംഗ് എന്ന ടാക്‌സിഡ്രൈവറായി വേഷമിട്ടു. ത്രികോണ പ്രണയത്തിന്റെ എകാന്തവഴികളിലെ സുന്ദരകാവ്യമായി മാറിയ ചാരുലതയില്‍ ചാരുലതയ്ക്കും ഭൂപതിക്കുമിടയിലെത്തുന്ന അനിയന്‍ അമല്‍ സൗമിത്രയായിരുന്നു. സാഹിത്യത്തിന്റേയും ഓര്‍മ്മകളുടേയും പ്രണയത്തിന്റേയും ഏകാന്തസഞ്ചാരങ്ങളില്‍ ആ മുഖം മറക്കാനാവാത്ത വിധത്തില്‍ തിരയില്‍ വരച്ചിടുന്നതിന് അദ്ദേഹത്തിനു സാധിച്ചു.
കാപുരുഷില്‍ (1965) അമിതാബ് റോയ്, അരണ്യേര്‍ ദിന്‍ രാത്രിയില്‍ (1970) അഷിം ചാറ്റര്‍ജി, അഷാനി സങ്കേതില്‍ (1973) ഗംഗാചരണ്‍ ചക്രവര്‍ത്തി, സൊനാര്‍ കെല്ലായില്‍ (1974) കുറ്റാന്വേഷകനായ ഫെലുദ, ഹിരക് രാജര്‍ ദേശില്‍ (1980) ഉദയന്‍ പണ്ഡിറ്റ്, ഗാരേ ബൈരേയില്‍ (1984) സന്ദീപ് മുഖര്‍ജി, ഗണശത്രുവില്‍ (1989) ഡോ. അശോക് ഗുപ്ത തുടങ്ങിയ വേഷങ്ങളും റേയുടെ ക്യാമറകള്‍ക്കായി അദ്ദേഹം വേഷമിട്ടു. സത്യജിത് റേ ഏറെ വിശ്വസിച്ചേല്പിച്ച കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം ഓര്‍മ്മിക്കപ്പെടുയെങ്കിലും അഭിനയപ്രധാനമായ നിരവധി വേഷങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ബംഗാളി സിനിമയില്‍ സ്വഭാവികമായ അഭിനയത്തിന്റെ ചാരുത വിരിയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. റേയുടെ സിനിമകള്‍ അതിന് അദ്ദേഹത്തെ ഏറെ സഹായിച്ചിട്ടുണ്ടെന്നു കാണാം.
അച്ഛന്റേയും മുത്തച്ഛന്റേയും നാടകവുമായുള്ള ബന്ധത്തില്‍നിന്നുമാണ് സൗമിത്ര ചാറ്റര്‍ജിയുടെ അഭിനയത്തിന്റെ തുടക്കമെങ്കിലും കൊല്‍ക്കത്തയിലെ ജീവിതകാലമാണ് അദ്ദേഹത്തിലെ അഭിനേതാവിനെ ഒരുക്കിയെടുത്തത്. ശിശിര്‍ ഭാദുരിയുടെ ഒരു നാടകം കാണാനിടയായ അദ്ദേഹം തന്റെ അഭിനയത്തിന്റേയും രംഗത്തിന്റേയും സാധ്യതകളെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുകയായിരുന്നു. ബംഗാളി നാടകരംഗത്തെ ശ്രദ്ധേയനായ ശിശിര്‍ ഭാദുരി നല്‍കിയ പരിശീലനവും ചെറുതെങ്കിലും നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കി. സിനിമ ഒരു ജീവിതമാര്‍ഗ്ഗമായി കണ്ടുകൊണ്ട് നടക്കാനാരംഭിച്ചത് അഭിനയത്തിലുള്ള ആത്മവിശ്വാസത്തിന്റെ ഫലമായിട്ടായിരുന്നു. ആള്‍ ഇന്ത്യ റേഡിയോയില്‍ അനൗണ്‍സറായി കഴിഞ്ഞുകൊണ്ട് സിനിമയില്‍ അവസരം തേടി നടന്നു. ആ യാത്രയ്ക്കിടയിലാണ് സത്യജിത് റേയെ കണ്ടത്. ജീവിതത്തിന് പുതു വഴികള്‍ സമ്മാനിച്ച ആ കൂടിക്കാഴ്ച ബംഗാള്‍ സിനിമക്ക് സമ്മാനിച്ച വികാരസുന്ദരമായ നിമിഷങ്ങള്‍ മറക്കാനാവില്ല. രണ്ട് പേരുടേയും ജീവിതത്തില്‍ അത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു. തന്റെ അഭിനയത്തെ ക്യാമറയില്‍ പകര്‍ത്താനായി ഒരിടമെന്ന നിലയില്‍ സൗമിത്രയ്ക്കും കഥാപാത്രങ്ങളെ വിശ്വാസത്തോടെ അവതരിപ്പിക്കാനാവുന്ന മുഖമായി റേക്കും അതു മാറി. സിനിമയെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ക്ക് അത് ഉണര്‍വേകുന്നതായി.
കാലത്തിന്റെ കണ്ണുകള്‍
മൃണാല്‍ സെന്നിന്റെ ഏറെ ശ്രദ്ധേയമായ ആകാശ് കുസുമില്‍ അജയ് സര്‍ക്കാറായി വേഷമിട്ടത് സൗമിത്രയായിരുന്നു. തപന്‍ സിന്‍ഹയുടെ ചരിത്രപശ്ചാത്തലമുള്ള ജിന്തേര്‍ ബന്തിയില്‍ ബംഗാളി സിനിമയിലെ എക്കാലത്തേയും സൂപ്പര്‍താരമായി പരിഗണിക്കപ്പെടുന്ന ഉത്തംകുമാറിന്റെയൊപ്പം അഭിനയിച്ചു. സൗമിത്ര അതില്‍ തന്റെ കഥാപാത്രത്തെ വ്യത്യസ്തമാക്കിക്കൊണ്ട് പ്രേക്ഷകരെ കൂടെ കൊണ്ടുപോകുകയായിരുന്നു. മൃണാള്‍ സെന്‍, അജോയ് കര്‍, സരോജ് ഡേ, അസിത് സെന്‍ തുടങ്ങിയ നിരവധി സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം ഋത്വിക് ഘട്ടകിനൊപ്പം പ്രവര്‍ത്തിച്ചില്ലായെന്നത് അവിശ്വസനീയമായി കടന്നുവരുന്ന സംഗതിയാണ്. 60 വര്‍ഷത്തോളം നീണ്ട അഭിനയജീവിതത്തിനിടയില്‍ അപര്‍ണ സെന്‍, ഗൗതം ഘോഷ്, റിതുപര്‍ണ ഘോഷ് തുടങ്ങിയ പുതുതലമുറ സംവിധായകരുടെ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചുകൊണ്ട് ഈ രംഗത്തെ കൂടുതല്‍ ചലനാത്മകമാക്കി. വിവിധ കാലങ്ങളിലൂടെ ബംഗാളി സിനിമയില്‍ സഞ്ചരിച്ച അദ്ദേഹം എന്നും ഉയര്‍ത്തിപ്പിടിച്ചത് ഏതു വേഷത്തോടും അതിന്റെ പ്രാധാന്യത്തെ അറിഞ്ഞുകൊണ്ടുള്ള അഭിനയം തിരയില്‍ പകര്‍ത്താന്‍ സംവിധായകര്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും ഒപ്പം നിന്നുവെന്നതാണ്. എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കും അദ്ദേഹം നല്‍കിയ ആത്മവിശ്വാസം വലുതാണ്.
വിശ്രമമില്ലാതെ അദ്ദേഹം അവസാനകാലം വരെ സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരുന്നു. അഭിനേതാവെന്ന നിലയില്‍ ബംഗാളി സിനിമയില്‍ മാത്രമല്ല, ഹിന്ദി സിനിമയും അദ്ദേഹത്തെ നിരന്തരം ക്ഷണിച്ചിരുന്നു. എന്നിട്ടും ടാഗോറിന്റെ ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച നിരുപമയിലും ഹിന്ദുസ്ഥാനി ശിപായ് എന്ന സിനിമയിലും മാത്രമേ അദ്ദേഹം അഭിനയിച്ചുള്ളൂ. ഇന്ത്യന്‍ സിനിമയിലെ വേറിട്ട അഭിനയജീവിതം അടയാളപ്പെടുത്തുക മാത്രമല്ല, സമാന്തര സിനിമകളെ പരിഗണിക്കാത്ത സാഹചര്യത്തോട് കലഹിക്കാനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. തനിക്കു ലഭിച്ച ചില അംഗീകാരങ്ങള്‍ സമാന്തര സിനിമകള്‍ പരിഗണിക്കുന്നില്ലെന്ന കാരണത്താല്‍ തിരസ്‌കരിക്കാനും അദ്ദേഹം തയ്യാറായി. ഫ്രെഞ്ച് സര്‍ക്കാരിന്റെ ഓര്‍ഡര്‍ ഓഫ് ആര്‍ട്ട്‌സ് ആന്‍ഡ് ലെറ്റേഴ്സ് ബഹുമതിയും ഇറ്റലിയില്‍നിന്ന് ലൈഫ് ടൈം അച്ചിവ്മെന്റും ഇന്ത്യന്‍ സര്‍ക്കാരിന്റെ പത്മഭൂഷണും ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. പത്മശ്രീയും 2001-ല്‍ മികച്ച നടന്ന പ്രത്യേക ജൂറി അവാര്‍ഡും അദ്ദേഹം നിരസിച്ചിരുന്നു.
സമരജീവിതം
അഭിനേതാവ് മാത്രമായിരുന്നില്ല അദ്ദേഹം. കവി, നാടകകൃത്ത്, നാടക സംവിധായകന്‍, ടെലിവിഷന്‍ താരം, പരിഭാഷകന്‍, പത്രാധിപര്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹം ആരംഭിച്ച എഖോണ്‍ എന്ന ചെറുമാഗസിന്‍ ഏറെ സ്വീകരിക്കപ്പെട്ടതാണ്. അതിനു പേര് നിര്‍ദ്ദേശിച്ചത് റേയായിരുന്നു. റേയുടെ അനേകം രചനകള്‍ അതില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. സിനിമയില്‍ തിരക്കുള്ള വേളയില്‍ത്തന്നെ നാടകവേദിയിലും അദ്ദേഹം എത്തിയിരുന്നു. 1978-ല്‍ സ്വന്തം നിര്‍മ്മാണം ആരംഭിച്ചുകൊണ്ട് നാടകരംഗത്ത് അദ്ദേഹം സജീവമാകുകയും ചെയ്തു. ജീവിതത്തെ അടയാളപ്പെടുത്തുന്ന ഇടങ്ങളിലൂടെയാണ് അദ്ദേഹം നാടകത്തിനു പുതുമയേകിയത്. ഷേക്സ്പിയറുടെ കിംഗ് ലിയറിനെ അദ്ദേഹം ബംഗാളിയില്‍ തന്റേതായ ഭാഷ്യത്തിലൂടെ അവതരിപ്പിച്ചു. ശക്തമായ സംവാദങ്ങളുടെ ഇടമായാണ് അദ്ദേഹം നാടകത്തെ കണ്ടത്.
പുരോഗമനമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സാംസ്‌കാരിക രംഗത്തിടപെട്ട കലാകാരനായിരുന്നു അദ്ദേഹം. യുക്തിബോധവും ശാസ്‌ത്രോന്മുഖതയും ജീവിതവീക്ഷണത്തില്‍ അദ്ദേഹം സ്വാംശീകരിക്കുകയും നവോത്ഥാനത്തില്‍ പങ്കാളിയാവുകയും ചെയ്തു. സത്യജിത് റേയുടെ കൂടെ പ്രവര്‍ത്തിച്ച സൗമിത്ര ചാറ്റര്‍ജിയെന്ന നിലയിലാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതം ഏറെക്കുറെ വരച്ചിടുന്നതെങ്കിലും ബംഗാളിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ മണ്ഡലത്തില്‍ സമരശബ്ദങ്ങളാലാണ് അടയാളപ്പെടുത്തപ്പെടുക. സമകാലീനരായ താരങ്ങള്‍ക്കു അവകാശപ്പെടാനാവാത്തവിധത്തില്‍ തെരുവില്‍ സമരങ്ങളില്‍ സാന്നിദ്ധ്യമായി അദ്ദേഹം നിറഞ്ഞിരുന്നു. രാഷ്ട്രീയ-സാമൂഹിക നിലപാടുകള്‍ കര്‍ക്കശമായിരുന്നു. സിനിമ എന്നത് വെറും വിനോദം മാത്രമല്ലെന്ന ഉത്തമമായ ബോധ്യങ്ങളിലായിരുന്നു അദ്ദേഹം ജീവിച്ചത്. സിനിമയെ രാഷ്ട്രീയമായും കലാപരമായും നോക്കിക്കണ്ട പ്രതിഭാധനരായ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചുകൊണ്ട് അര്‍ത്ഥവത്തായ സിനിമയുടെ ലോകത്തെ അദ്ദേഹം അവതരിപ്പിച്ചു. കച്ചവട സിനിമയുടെ പിന്നാലെയായിരുന്നില്ല സമാന്തര സിനിമയുടെ ശക്തമായ പ്രതിനിധിയായി അദ്ദേഹം മാറുകയായിരുന്നു. ഇന്ത്യന്‍ സിനിമയെ ലോകത്തിന്റെ ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നതിനു കാരണമായ കലാമൂല്യങ്ങളെ കൂടെച്ചേര്‍ത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അഭിനയശേഷിയുടെ പേരിലാവില്ല, തന്റെ നിലപാടുകളുടെ കരുത്തിലാവും കാലം അദ്ദേഹത്തെ അടയാളപ്പെടുത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates