

നാടകീയമാണ് ഹനാന്റെ ജീവിതം. അത്യന്തം വഴിത്തിരിവുകളുള്ള അതിജീവനത്തിന്റെ പുതിയ പാഠവും. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും കുടുംബം നോക്കാനുമായി നെട്ടോട്ടമോടുന്ന ഒരു പെണ്‍കുട്ടി വാര്‍ത്താമാധ്യമങ്ങളില്‍ പൊടുന്നനെ നിറയുകയായിരുന്നു. യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം മാധ്യമങ്ങളില്‍ കണ്ടതിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍ ആ വിഷയം ഏറ്റെടുത്തു. ദുരിതജീവിതത്തെക്കുറിച്ചറിഞ്ഞ് അവളെ സഹായിക്കാന്‍ മുന്നോട്ടു വന്നവര്‍ തന്നെ പിന്നെ അവളെ കല്ലെറിഞ്ഞു. വ്യാജവാര്‍ത്തയെന്നും പബ്ലിസിറ്റി സ്റ്റണ്ട് എന്നുമൊക്കെ വിമര്‍ശിച്ചവര്‍ യാഥാര്‍ത്ഥ്യമറിഞ്ഞപ്പോള്‍ പിന്‍വലിഞ്ഞു. ആരാണ് ഹനാന്‍? അവള്‍ എന്തിനുവേണ്ടിയാണ് കഷ്ടപ്പെടുന്നത്? ഈ ചോദ്യങ്ങള്‍ക്കുത്തരമാണ് സമീപകാലത്ത് കേരളം അന്വേഷിച്ചത്.
ഇലക്ട്രീഷ്യനായ ഹമീദിന്റേയും വീട്ടമ്മയായ സൈറാബിയുടേയും രണ്ടുമക്കളില്‍ മൂത്തവളായി ആയിരുന്നു ഹനാന്റെ ജനനം. തൃശൂരിലെ സമ്പന്നമായ കൂട്ടുകുടുംബത്തില്‍ ബന്ധുക്കളായ ഒരുപാടു കുട്ടികള്‍ക്കൊപ്പം കളിച്ചുവളര്‍ന്ന ഹനാന് പെട്ടെന്നൊരു ദിവസം അവയെല്ലാം നഷ്ടമായി. ബന്ധുക്കള്‍ തമ്മിലുള്ള സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് അന്നോളം സ്വന്തമായവരെല്ലാം പെട്ടെന്നൊരു ദിവസം കൊണ്ട് അന്യരായി. പത്തൊന്‍പതുകാരിയായ ഹനാന്‍ ജീവിതച്ചെലവിനുള്ള പണം സമ്പാദിക്കാനല്ല ഹനാന്‍ ഇങ്ങനെ കഷ്ടപ്പെടുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ആഗ്രഹം നേടിയെടുക്കാന്‍ വേണ്ടിയാണ്. സമ്പന്നമായ കുട്ടിക്കാലത്തില്‍നിന്ന് കഷ്ടപ്പാടു നിറഞ്ഞ കൗമാരത്തിലേക്ക്.
മദ്യപാനിയായ പിതാവും മാനസികാസ്വാസ്ഥ്യമുള്ള മാതാവുമടങ്ങുന്ന കുടംബത്തെ കൊണ്ടുപോകേണ്ട ചുമതല ഹനാനായിരുന്നു. അന്നു മുതല്‍ വാപ്പച്ചിക്കും ഉമ്മച്ചിക്കും അനിയനുമൊപ്പം വാടകവീട്ടിലേക്ക് ഹനാന്റെ ജീവിതം പറിച്ചുനടപ്പെട്ടു. ജീവിതച്ചെലവു കണ്ടെത്താനായി വാപ്പച്ചി ഒരുപാട് ജോലികള്‍ ചെയ്തു. അച്ചാറു കമ്പനി നടത്തി, ഇലക്ട്രിക്കല്‍ ഏജന്‍സി നടത്തി, വീട്ടില്‍ ഫാന്‍സി ആഭരണങ്ങള്‍ നിര്‍മ്മിച്ചു വിറ്റു. അങ്ങനെ വാപ്പച്ചി ചെയ്തിരുന്ന എല്ലാ ജോലികളിലും ഞാനും അമ്മയും അച്ഛനെ സഹായിച്ചു. നഗരത്തിലെ മികച്ച ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വാപ്പച്ചി ഞങ്ങളെ പഠിപ്പിക്കാനയച്ചത്. അതിസമ്പന്നരായ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളായിരുന്നു അത്. പക്ഷേ, വിധി മറ്റൊന്നായിരുന്നു- ഹനാന്‍ ഓര്‍ക്കുന്നു. ''ഒടുവില്‍ മറ്റു വഴികളൊന്നുമില്ലാതെ അച്ഛന്റെ ജ്യൂവലറി യൂണിറ്റ് ഞാനേറ്റെടുത്തു. മുത്തുമാലകളും കമ്മലുകളും നെക്ലേസുകളുമൊക്കെയുണ്ടാക്കി അതെന്റെ അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും അയല്‍പക്കക്കാര്‍ക്കുമൊക്കെ വിറ്റ് അതില്‍നിന്നും വരുമാനം കണ്ടെത്തി.
ഞാന്‍ ഏഴാം ക്ലാസ്സിലായപ്പോള്‍ ചെറിയ ക്ലാസ്സിലുള്ള കുട്ടികള്‍ക്ക് ട്യൂഷനെടുക്കാന്‍ ആരംഭിച്ചു''- ഹനാന്‍ പറയുന്നു. തന്റെ ചെറിയ വരുമാനത്തില്‍നിന്ന് അവളുടെ പഠനത്തിനും അമ്മയുടെ മരുന്നിനും സഹോദരന്റെ സ്‌കൂള്‍ ഫീസിനുമുള്ള തുക കണ്ടെത്തി. ഹനാന്റെ ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടക്കുന്ന സമയത്താണ് മാതാപിതാക്കള്‍ വേര്‍പിരിയുന്നത്. ഭാര്യയുമായി പിരിഞ്ഞ ഹമീദ് മകനെ ഒപ്പം കൂട്ടി. രോഗിയായ സഹോദരിയെ സംരക്ഷിക്കാന്‍ സൈറാബിയുടെ സഹോദരന്മാരും തയ്യാറായി. പരീക്ഷാഹാളില്‍ നിന്നിറങ്ങിയപ്പോഴാണ് തനിക്ക് മടങ്ങിച്ചെല്ലാന്‍ ഒരു വീടില്ലെന്ന് ഹനാന്‍ തിരിച്ചറിയുന്നത്. പരീക്ഷയുടെ റിസല്‍ട്ട് വരുന്ന ഒരു മാസക്കാലം കൂട്ടുകാരി ആതിരയുടെ വീട്ടിലാണ് ഹനാന്‍ താമസിച്ചത്. പിന്നീട് കൊച്ചിയിലെത്തി കോള്‍ സെന്ററില്‍ ജോലി തരപ്പെടുത്തി. വാടക കൊടുക്കാന്‍ കാശില്ലാത്തതുകൊണ്ട് മോര്‍ണിങ് ഷിഫ്റ്റിലും നൈറ്റ് ഷിഫ്റ്റിലും ഒരുപോലെ ജോലിചെയ്തു. തുടര്‍ച്ചയായ ഉറക്കമില്ലായ്മയും ശബ്ദകോലാഹലങ്ങളുടെ ഇടയിലുള്ള ജീവിതവും ഹനാന്റെ കേള്‍വി ശക്തിയെ ബാധിച്ചു. ഭാഗികമായി കേള്‍വിശക്തി നഷ്ടപ്പെട്ട ഹനാന് കോള്‍സെന്ററിലെ ജോലി നഷ്ടമായി. പ്രതീക്ഷ നഷ്ടപ്പെടുത്താതെ ഹനാന്‍ കൊച്ചിയിലെ മറ്റൊരു കമ്പനിയില്‍ ഡേറ്റ എന്‍ട്രി സ്റ്റാഫ് ആയി ജോലിയില്‍ കയറി. ഉമ്മയെ കൊച്ചിയിലേക്കു കൊണ്ടുവന്നു. പേയിങ് ഗസ്റ്റ് ആയി താമസിപ്പിച്ചു. പിന്നീട് മടവനയില്‍ വാടകവീടെടുത്ത് ഉമ്മയേയും അങ്ങോട്ടു കൊണ്ടുപോയി. ഇതിനിടയിലാണ് അപകടത്തില്‍ നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റത്. പരിക്കില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഹനാന്‍ തമ്മനത്ത് വീണ്ടും മത്സ്യവില്പനയുമായി രംഗത്തുണ്ട്.
വൈറല്‍ ഫിഷ്
ഒറ്റയ്‌ക്കൊരു പെണ്‍മതില്‍. ഹനാനെന്ന പെണ്‍കുട്ടിയെ കുറിച്ചാണ്. ആ കുട്ടിയുടെ ജീവിതസമരവും അവളേറ്റെടുക്കുന്ന വെല്ലുവിളികളും അവളുടെ വാക്കുകളുടെ ശക്തിയും കേട്ടിരിക്കുകയാണ്. പ്രതിസന്ധികളില്‍ ഇത്ര ഊര്‍ജ്ജമോ? ന്യൂസ് 18 അവതാരകന്‍ ശരത്താകട്ടെ, എന്തൊരു വാത്സല്യവും കൗതുകവും ആദരവും സ്‌നേഹവുമാണവളോട് സംസാരിക്കുമ്പോള്‍ പുലര്‍ത്തുന്നത്.
തെരുവില്‍, തോളില്‍ കൈവെച്ച പുരുഷനോടവള്‍ പറഞ്ഞതുപോലൊന്നു പറയാന്‍ 'സുരക്ഷിതത്വ'ങ്ങള്‍ക്കു നടുവില്‍ കഴിയുന്ന സ്ത്രീകള്‍ക്കുപോലും കഴിയാതെ പോകാറുണ്ട്.
പെണ്ണുങ്ങളൊക്കെ കേള്‍ക്കണം അവളെ. നിശ്ചയദാര്‍ഢ്യവും എന്‍ജോയ്മെന്റും - അതെ അതാണീ കുട്ടി. ''ട്രോളന്മാരുള്ളതുകൊണ്ടാണല്ലോ ഞാന്‍ വിജയിക്കുന്നത്... കണ്ണു നിറയുന്നത് എന്റെ ഉള്ളിന്റെ ഉള്ളിലാണ്...''
ഹനാന്‍ ഒരു പ്രേരണയാണ്. പ്രചോദനമാണ്... ഇത്തരം പെണ്‍കുട്ടികളുണ്ടെങ്കില്‍ എന്തിനു വേറൊരു പെണ്‍മതില്‍?
(എസ്. ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates