

നീലക്കുയിലും (1954) നിര്‍മ്മാല്യവും (1973) തമ്മിലുള്ള അകലം രണ്ടു ദശകങ്ങളല്ല; രണ്ടു കേരളങ്ങളാണ്. ഐക്യകേരളത്തേക്കാള്‍ പ്രായമുള്ള നീലക്കുയിലിന് 70 വയസ്സായി. മലയാളത്തിലെ നവതരംഗ സിനിമയുമായി അധികം പ്രായവ്യത്യാസമില്ലാത്ത നിര്‍മ്മാല്യത്തിന് 50 വയസ്സ് കഴിഞ്ഞു. മലയാളത്തില്‍ നവതരംഗത്തെ വിളംബരപ്പെടുത്തി സ്വയംവരം പുറത്തുവന്നത് 1972-ലാണ്. നീലക്കുയിലിന്റെ സംവിധായകരിലൊരാളായ (മറ്റൊരാള്‍ രാമു കാര്യാട്ട്) പി. ഭാസ്‌കരന്റെ ജന്മശതാബ്ദി വര്‍ഷവുമാണിത്. നിര്‍മ്മാല്യം സംവിധാനം ചെയ്ത എം.ടി. നവതി പിന്നിട്ടു. സ്വയംവരത്തിന്റെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ 80 വയസ്സ് കടന്നു. മൂന്നു പേരുടേയും ആദ്യ സംവിധാന സംരംഭങ്ങളായിരുന്നു ആ സിനിമകള്‍. നീലക്കുയിലിനു മുന്‍പുതന്നെ പി. ഭാസ്‌കരന്‍ ഗാനരചനാ രംഗത്തുണ്ട്. എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥാ രചനയുമായി (മുറപ്പെണ്ണ്/1967) സിനിമയുടെ കൂടെയുണ്ടായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു സിനിമ പഠിച്ച് നേരിട്ട് സംവിധാന രംഗത്തെത്തുകയായിരുന്നു. ഫിലിം സൊസൈറ്റിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രവര്‍ത്തന മേഖല. മൂന്നു സിനിമകള്‍ക്കും മലയാള സിനിമയില്‍ ചരിത്രപരവും കലാപരവുമായ പ്രാധാന്യത്തോടൊപ്പം അവ കേരളീയതയെ മൂന്നായി അവതരിപ്പിക്കുകയും ചെയ്യുന്നു. ബ്ലാക്ക് & വൈറ്റില്‍ നിര്‍മ്മിക്കപ്പെട്ട ഈ മൂന്നു സിനിമകളും ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടു. കാലഗണനയില്‍ നീലക്കുയിലിനും നിര്‍മ്മാല്യത്തിനും ഇടയില്‍ നില്‍ക്കുന്ന സ്വയംവരം ആവിഷ്‌കാരത്തിലും ദേശപരിഗണനകളിലും വ്യത്യസ്തത പുലര്‍ത്തുകയും മലയാള സിനിമയില്‍ ഭാവുകത്വ പരിണാമം സൃഷ്ടിക്കുകയും ചെയ്തു. സ്വയംവരത്തിന്റെ വരവോടെ കലാസിനിമ ഒരു പ്രത്യേക ജനുസ്സാവുകയും നീലക്കുയിലില്‍ ആരംഭിച്ച പരിവര്‍ത്തന പ്രവണതകള്‍ അതിലേക്കുള്ള മുന്നൊരുക്കങ്ങളായി വിലയിരുത്തപ്പെടുകയും ചെയ്തു. നീലക്കുയിലില്‍ ആരംഭിക്കുന്ന ആഖ്യാനരീതി ഓളവും തീരവും (1970) എന്ന സിനിമയില്‍ അവസാനിക്കുകയും തുടര്‍ന്ന് സമാന്തര സിനിമയുടെ ആഖ്യാന പാരമ്പര്യം ആരംഭിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അത്തരം കാലഗണനയെ അതിലംഘിച്ച സിനിമയാണ് നിര്‍മ്മാല്യം.
നീലക്കുയിലും നിര്‍മ്മാല്യവും നവോത്ഥാനാശയങ്ങളുടെ ആവിഷ്‌കാരത്തിലും സിനിമയുടെ വ്യാകരണത്തിലുമെല്ലാം രണ്ടറ്റങ്ങളില്‍ വര്‍ത്തിക്കുന്നവയാണ്. കേരളപിറവിക്കു മുന്‍പ് സങ്കല്പിക്കപ്പെട്ട കേരളീയതയും നവോത്ഥാന സങ്കല്പങ്ങളുമാണ് നീലക്കുയിലിന്റെ പ്രതിപാദ്യം. അതെല്ലാം ഏറെ നാടകീയതയോടെയും ഉച്ചത്തിലുമാണതില്‍ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്. സമൂഹമാകെ അതില്‍ പങ്കാളികളാണ്. നിര്‍മ്മാല്യത്തില്‍ അതു വ്യക്തിയും വിശ്വാസവും തമ്മിലുള്ള സംഘര്‍ഷസ്ഥാനത്താണ് നിലയുറപ്പിക്കുന്നത്. മലയാള സിനിമയില്‍ നവോത്ഥാനാശയങ്ങളുടെ ആവിഷ്‌കാരത്തിലെ പ്രതിസന്ധിയും പരിണാമവുമെന്നപോലെ അതിന്റെ തുടക്കവും ഒടുക്കവും പ്രത്യക്ഷമായിത്തന്നെ ആ രണ്ടു സിനിമകളിലുമുണ്ട്.
നീലക്കുയില്‍ പ്രകീര്‍ത്തിക്കപ്പെട്ടത് അതിലാവിഷ്‌കരിക്കപ്പെട്ട കേരളീയതയുടെ പേരിലായിരുന്നു. ഐക്യകേരളം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞിട്ടില്ലാത്ത കാലത്താണ് നീലക്കുയില്‍ കേരളത്തെ ഒറ്റ യൂണിറ്റായി സങ്കല്പിച്ചത്. ''മുകളില്‍ മദ്ധ്യകേരളത്തിലെ വിശാലമായ നീലാകാശം. താഴെ കണ്ണെത്താതെ നീണ്ടുകിടക്കുന്ന കന്നിവയലുകള്‍. അവയ്ക്കിടയിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുന്ന കുറെ മനുഷ്യജീവിതങ്ങള്‍'' എന്നാണ് സിനിമ സ്വയം വിശേഷിപ്പിച്ചത്. സിനിമയുടെ ശില്പികള്‍ 'കേരള'ത്തിന്റെ നാനാഭാഗത്തുനിന്നുള്ളവരായിരുന്നു. പി. ഭാസ്‌കരനും രാമു കാര്യാട്ടും ഉറൂബും കെ. രാഘവന്‍ മാസ്റ്ററും എ. വിന്‍സന്റും മലബാറുകാരായിരുന്നു. നിര്‍മ്മാതാവ് ടി.കെ. പരീക്കുട്ടി കൊച്ചിക്കാരനും നടീനടന്മാരായ സത്യനും മിസ് കുമാരിയും തിരുവിതാംകൂറുകാരുമായിരുന്നു. രതീഷ് രാധാകൃഷ്ണന്‍ നിരീക്ഷിക്കുന്നതുപോലെ തിരുവിതാംകൂറിന്റേയും മലബാറിന്റേയും ആകെത്തുകയായിട്ടല്ല, പുതിയൊരു കേരളത്തെയാണ് നീലക്കുയില്‍ ഭാവന ചെയ്തത്. കേരളത്തിന്റെ സംസ്‌കാരവും പ്രകൃതിയും ജീവിതവിശേഷങ്ങളും ജലവും ആകാശവുമെല്ലാം അതില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
കേരളീയ ഗ്രാമങ്ങളുടെ പശ്ചാത്തലത്തിലും സാധാരണ ഭാഷയിലും ഉള്ള സിനിമ തന്നെയാണ് ചിത്രത്തിന്റെ സംവിധായകരിലൊരാളായ രാമുകാര്യാട്ടും സങ്കല്പിച്ചിരുന്നത്. നമ്മുടെ സിനിമ ഇപ്പോഴുള്ളതുപോലെയല്ല വേണ്ടതെന്നും അതു നമ്മള്‍ സംസാരിക്കുന്നപോലെ സംസാരിക്കുകയും അതിലെ കഥാപാത്രങ്ങള്‍ നമ്മെപ്പോലെ ഭക്ഷിക്കുകയും വസ്ത്രം ധരിക്കുകയുമൊക്കെ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. കേരളത്തെ സമഗ്രമായി ദര്‍ശിക്കാന്‍ ശ്രമിച്ച നീലക്കുയിലില്‍ ഭാഷകൊണ്ട് നിര്‍മ്മിതമായ ആഖ്യാനദേശം തെക്കെ മലബാറാണ്. ഗാനങ്ങളിലും സംഗീതത്തിലും സംഭാഷണങ്ങളിലും അതു തിരിച്ചറിയാം. അന്നത്തെ സിനിമാരീതികളില്‍നിന്നുള്ള കാര്യമായ വ്യതിയാനവും യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള നവീന സങ്കല്പങ്ങളുമെല്ലാം അതിലുണ്ടായിരുന്നു. സ്റ്റുഡിയോ സെറ്റിനു പുറത്തിറങ്ങി വിശാലമായ പ്രകൃതിയും ആകാശവും ദര്‍ശിച്ചതാണ് നീലക്കുയിലിന്റെ ആഖ്യാന സവിശേഷതകളിലൊന്ന്. എന്നാല്‍, നിര്‍മ്മിത യാഥാര്‍ത്ഥ്യങ്ങളും അതിലുണ്ട്. ഈ യാഥാര്‍ത്ഥ്യ ചിന്തയാണ് സിനിമയെ നവീകരിച്ചതും സ്വയംവരവും നിര്‍മ്മാല്യവുമെല്ലാം സാദ്ധ്യമാക്കിയതും (തെക്കെ മലബാര്‍ ഭാഷ പിന്നീട് വള്ളുവനാടന്‍ ഭാഷയായി എം.ടി. വാസുദേവന്‍ നായരിലൂടെ ചിരപ്രതിഷ്ഠിതമായി. വള്ളുവനാട് വിട്ട് തെക്കെ മലബാറിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് സഞ്ചരിച്ച് എം.ടി. നിര്‍മ്മാല്യത്തിലെത്തുമ്പോഴും ഈ ഭാഷ കൂടെയുണ്ടായിരുന്നു).
നീലക്കുയിലിലെ കേരളീയത
നീലക്കുയിലിനെക്കുറിച്ച് അക്കാലത്ത് നിരൂപണമെഴുതിയ (1954) 'സിനിക്കി'ന് അതിലെ 'കേരളീയത' വലിയതോതില്‍ ബോദ്ധ്യപ്പെടുകയുണ്ടായില്ല. മദ്ധ്യകേരളത്തിലെ വിശാലമായ കന്നി വയലുകളുടെ സാന്നിദ്ധ്യമൊക്കെ അദ്ദേഹം അതില്‍ കാണുന്നുണ്ട് (അത് തുടക്കത്തില്‍ സിനിമ തന്നെ രേഖപ്പെടുത്തുന്നുണ്ട്). വാതില്‍പ്പുറ കാഴ്ചകളുടെ മേന്മയും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ശ്രീധരന്‍ നായര്‍, ശങ്കരന്‍ നായര്‍, നീലി എന്നീ മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാരുടെ അഭിനയത്തോട് അദ്ദേഹത്തിനു പ്രതിപത്തി തോന്നിയില്ല. 'വെട്ടാവെളിച്ച'ത്തില്‍ നീലിയും മാസ്റ്ററും ആടിപ്പാടിക്കളിക്കുന്നത് സാമൂഹ്യ യാഥാര്‍ത്ഥ്യമായി അദ്ദേഹം കണക്കാക്കുന്നില്ല. ശരിയും തെറ്റും തീരുമാനിച്ച് വിധി കല്പിക്കുന്ന രീതി അക്കാലത്തെ നിരൂപണങ്ങള്‍ക്കുണ്ടായിരുന്നു. സിനിമയെന്നപോലെ നിരൂപണങ്ങളും സ്വയം കണ്ടെത്തിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. സിനിമ നിര്‍മ്മിക്കുന്ന ആദര്‍ശാത്മക യാഥാര്‍ത്ഥ്യങ്ങളെ സൂക്ഷ്മതയോടെ തിരിച്ചറിയുന്നത് അന്നത്തെ രീതിയുമായിരുന്നില്ല. മദ്ധ്യകേരളം എന്നൊക്കെ എഴുതുന്നുണ്ടെങ്കിലും കേരളം എന്ന ആശയത്തെ നീലക്കുയില്‍ എങ്ങനെ ഉള്‍ക്കൊണ്ടു എന്ന ആലോചനയിലേക്ക് സിനിക്ക് പ്രവേശിക്കുന്നില്ല. ഐക്യകേരളം സമൂര്‍ത്തമാവാത്തതിനാലും വര്‍ത്തമാന യാഥാര്‍ത്ഥ്യമെന്ന നിലയ്ക്ക് അതിന്റെ വ്യാപ്തിയെക്കുറിച്ച് അധികമാര്‍ക്കും ബോദ്ധ്യമില്ലാത്തതും അതിനൊരു കാരണമായിരിക്കാം. കലാരൂപങ്ങളെ മുന്‍ നിര്‍ത്തി ദേശത്തെ സംബന്ധിച്ച വിശാലമായ ചര്‍ച്ചകള്‍ അക്കാലത്ത് പരിചിതവുമായിരുന്നില്ല.
കാലങ്ങള്‍ക്കുശേഷമുള്ള തിരിഞ്ഞുനോട്ടത്തിലാണ് നീലക്കുയില്‍ കേരളീയതയെ ഭാവന ചെയ്തതിന്റെ പ്രസക്തി തിരിച്ചറിയപ്പെടുന്നത്. ''അന്നോളം വന്ന ഏതൊരു മലയാള ചിത്രത്തിലുമുപരി കേരളീയത പുലര്‍ത്തിയ ചിത്രമായിരുന്നു നീലക്കുയില്‍'' (വിജയകൃഷ്ണന്‍) എന്നു പില്‍ക്കാല നിരൂപകര്‍ അതിനെ വിലയിരുത്തി. കേരളീയ പ്രകൃതി, ഭാഷ, സംസ്‌കാരം, സംഗീതം എന്നിവയെല്ലാം ചേര്‍ന്നാണ് നീലക്കുയില്‍ കേരളീയമായത്. അതില്‍ എടുത്തു പറയേണ്ടതാണ് സംഗീതം.
പി. ഭാസ്‌കരന്റെ നാടന്‍ വാക്കുകള്‍ ഇടകലര്‍ത്തിയ രചനയും കെ. രാഘവന്‍ അതിനു നല്‍കിയ ഫോക് ഈണങ്ങളും ചേര്‍ന്നാണ് ഗാനങ്ങള്‍ കേരളീയമായത്. സിനിമയുടെ വിജയത്തില്‍ അതിലെ ഗാനങ്ങളുടെ പങ്ക് വലിയതായിരുന്നു. മലയാളത്തിലെ ചലച്ചിത്ര സംഗീതത്തിന്റെ അടിത്തറ സൃഷ്ടിച്ചത് നീലക്കുയിലിലെ ഗാനങ്ങളാണെന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. അതിലെ പാട്ടുകളെക്കുറിച്ച് സിനിക്കിനു മതിപ്പുണ്ട്. ഭാസ്‌കരന്‍ 'ആര്‍ക്കാനും ഓക്കാനിക്കുന്ന' മട്ടില്‍ പാട്ടുകളെഴുതിയിട്ടുണ്ടെങ്കിലും ഇത്തവണ അദ്ദേഹമെഴുതിയ പാട്ടുകള്‍ മികച്ചവയും അര്‍ത്ഥത്തിലും മാധുര്യത്തിലും കഥയുടെ അന്തരീക്ഷത്തെ വേണ്ടവിധം ദ്യോതിപ്പിച്ചുകൊണ്ടുള്ളതാണെന്നും അദ്ദേഹമെഴുതി. എന്നാല്‍, ''സിനിമയുടെ കലാരൂപം എന്ന നിലയ്ക്കുള്ള വളര്‍ച്ചയില്‍ അത്ര പങ്കില്ലെങ്കിലും'' എന്ന നിലയിലാണ് പില്‍ക്കാലത്ത് അതിലെ ഗാനങ്ങള്‍ പരാമര്‍ശിക്കപ്പെട്ടത്. സമാന്തര സിനിമയുടെ സംസ്‌കാരം കേരളത്തില്‍ വേരുറപ്പിക്കപ്പെടുകയും അതിന്റെ രൂപപരമായ ചില സവിശേഷതകള്‍ സിനിമയുടെ അടിസ്ഥാന വ്യാകരണമായി അംഗീകരിക്കപ്പെടുകയും ചെയ്ത ശേഷം ഗാനങ്ങള്‍ കച്ചവട സിനിമയുടെ മാത്രം ഭാഗമെന്ന നിലയിലാണ് പൊതുവെ പരിഗണിക്കപ്പെട്ടത്. അടൂരിന്റെ സ്വയംവരത്തിലോ മറ്റു സിനിമകളിലോ ഗാനങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, സമകാലികനായ അരവിന്ദന്റെ സിനിമകളില്‍ സംഗീതം പലതരത്തില്‍ ഉപയോഗിക്കപ്പെട്ടു.
നീലക്കുയില്‍ പുറത്തുവന്ന അതേ കൊല്ലമാണ് ഒരു വെളിച്ചപ്പാടിന്റെ വിശ്വാസത്തകര്‍ച്ചകളിലേക്കും മനോവ്യാപാരങ്ങളിലേക്കും സഞ്ചരിക്കുന്ന എം.ടിയുടെ ചെറുകഥ 'പള്ളിവാളും കാല്‍ചിലമ്പും' രചിക്കപ്പെടുന്നത്. രണ്ടു പതിറ്റാണ്ടാകുമ്പോള്‍ നിര്‍മ്മാല്യം എന്ന പേരില്‍ അതു സിനിമാരൂപം കൈവരിച്ചു. രാമക്കുറുപ്പ് എന്ന വെളിച്ചപ്പാടിന്റെ കാഴ്ചപ്പാടില്‍ കുടുംബത്തിന്റേയും സമൂഹത്തിന്റേയും ദൈന്യകഥ രചിക്കുകയാണ് എം.ടി. ചെയ്തത്. മലയാള സിനിമ സോഷ്യല്‍ റിയലിസത്തിലേയ്ക്ക് പ്രവേശിച്ചു തുടങ്ങുന്ന കാലത്ത് കഥകള്‍ വൈയക്തിക തലത്തിലേക്കും ജീവിത സൂക്ഷ്മതകളിലേക്കും സഞ്ചരിച്ചു തുടങ്ങിയിരുന്നു.
നീലക്കുയിലിന്റെ പലവിധ തുടര്‍ച്ചകള്‍ നിര്‍മ്മാല്യത്തിലുണ്ട്. തെക്കെ മലബാറിന്റെ ദേശപ്രകൃതിയെത്തന്നെയാണ് നിര്‍മ്മാല്യവും സൂക്ഷ്മമായി പിന്തുടരുന്നത്. അത് മദ്ധ്യകേരളത്തില്‍നിന്നു ചുരുങ്ങി തെക്കെ മലബാറിലെ ഒരു ഗ്രാമത്തിലെത്തുന്നു. 20 വര്‍ഷം കൊണ്ട് പരിണാമം സംഭവിച്ച 'പള്ളിവാളും കാല്‍ചിലമ്പും' എന്ന കഥയും നീലക്കുയിലിലെ സാമൂഹ്യാന്തരീക്ഷവും ദേശാന്തരീക്ഷവുമാണ് നിര്‍മ്മാല്യമായത്. നീലക്കുയിലിന്റെ ആഖ്യാനത്തുടര്‍ച്ചയുടെ അവസാനവുമാണത്. അത്തരമൊരു സിനിമ പിന്നീട് മലയാളത്തില്‍ ഉണ്ടായിട്ടില്ല. അപ്പോഴേക്കും മലയാളത്തില്‍ നവതരംഗ സിനിമയുടെ 'കൊടിയേറ്റം' നടന്നു കഴിഞ്ഞിരുന്നു. നീലക്കുയിലിലെ പ്രതീക്ഷകള്‍ പ്രതീക്ഷാനഷ്ടങ്ങളായി പരിണമിച്ചതാണ് നിര്‍മ്മാല്യം. മൂലകഥയില്‍ വരുത്തിയ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളുമാണ് നിര്‍മ്മാല്യം സിനിമയുടെ സവിശേഷതകളായി ഇന്നു പ്രേക്ഷകര്‍ക്കു മുന്നിലുള്ളത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നീര്‍മ്മാല്യത്തിലെ ദേശവും സംസ്‌കാരവും
തെക്കേ മലബാറിന്റെ ഭാഷയും സംസ്‌കാരവും സ്വീകരിച്ചുകൊണ്ട് കേരളത്തിനെയാകെ പ്രതിനിധീകരിക്കുന്ന നീലക്കുയിലില്‍ മഴയും ജലവും പച്ചയും (കറുപ്പില്‍ തെളിയുന്ന) ആകാശവുമെല്ലാം ചേര്‍ന്ന് ഉല്ലാസപൂര്‍ണ്ണമാണ് ദേശം. നിര്‍മ്മാല്യത്തിലെ ദേശം ജീര്‍ണ്ണിച്ച അമ്പലവും പരിസരങ്ങളുമുള്ള എഴുപതുകളിലെ മൂക്കുതല എന്ന ഗ്രാമമാണ്. ഒരു ക്ഷേത്രവും അതുമായി ബന്ധപ്പെട്ട കുടുംബങ്ങളും അവര്‍ നേരിടുന്ന ആത്മീയവും ഭൗതികവുമായ വെല്ലുവിളികളും ചേര്‍ന്ന ആഖ്യാനദേശം അത്ര വിസ്തൃതമല്ല. അതിനോട് ചേര്‍ന്നു ദാരിദ്ര്യം, സദാചാരം, വിശ്വാസങ്ങള്‍, പ്രണയം എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്നു. യാഥാര്‍ത്ഥ്യത്തിന്റെ വിപുലീകരണാര്‍ത്ഥം ഇതര ദേശപ്രകൃതികള്‍ അതിനോട് കൂടിച്ചേര്‍ക്കപ്പെട്ടു. ആദ്യന്തം വിഷാദാത്മകമാണ് നിര്‍മ്മാല്യത്തിലെ പ്രകൃതിയും മനുഷ്യരും. പച്ചപ്പു വറ്റിയ ദേശപ്രകൃതിയാണെങ്ങും. ആനന്ദം ഒരു കൂട്ടര്‍ക്ക് ഭൂതകാലാനുഭവം മാത്രമാണെങ്കില്‍ മറ്റുള്ളവര്‍ക്ക് അതു വരുമെന്നുറപ്പില്ലാത്ത ഭാവികാലമാണ്. കഥയിലെ വെളിച്ചപ്പാടിനെ അപേക്ഷിച്ച് സിനിമയിലെ വെളിച്ചപ്പാട് കൂടുതല്‍ വിശ്വാസപക്ഷപാതിയാണ്. എന്നാല്‍, കഥയിലുള്ളതിലും വലിയൊരു വിശ്വാസനിഷേധത്തിലേയ്ക്ക് സിനിമയിലെ വെളിച്ചപ്പാട് അവസാനം എത്തിച്ചേരുകയും ചെയ്യുന്നു. നീലക്കുയിലിന്റെ അടിസ്ഥാന പ്രമേയം ജാതിവിരുദ്ധതയും മതേതര പൗരനുമായിരുന്നെങ്കില്‍ നിര്‍മ്മാല്യത്തില്‍ അതു വിശ്വാസനഷ്ടത്തിന്റെ പരിണാമമായ ദൈവ നിഷേധമാണ്. നവോത്ഥാനത്തിന്റെ രണ്ടു കൈവഴികളാണവ. നീലക്കുയിലിനു മുന്നില്‍ മലയാളത്തില്‍ മുന്‍ മാതൃകകളൊന്നുമുണ്ടായിരുന്നില്ലെങ്കില്‍ നിര്‍മ്മാല്യത്തിനു മാതൃകയായി നീലക്കുയിലും അതിനുശേഷമുള്ള, എം.ടിയുടെ തന്നെ തിരക്കഥയില്‍ പുറത്തുവന്ന ഓളവും തീരവും അടക്കമുള്ള നിരവധി സിനിമകളും കൊടിയേറ്റത്തിന്റെ നവതരംഗവുമെല്ലാമുണ്ടായിരുന്നു. എങ്കിലും നീലക്കുയിലിന്റേയും ഓളവും തീരത്തിന്റേയും പാരമ്പര്യമാണ് നിര്‍മ്മാല്യം
പ്രധാനമായും പിന്തുടര്‍ന്നത്. ഓളവുംതീരത്തിലെ ഗാനങ്ങള്‍ രചിച്ചത് പി. ഭാസ്‌കരനും സംഗീതം നല്‍കിയത് ബാബുരാജുമായിരുന്നു. നിര്‍മ്മാല്യത്തില്‍ ഗാനങ്ങള്‍ വേറൊരു രീതിയിലാണ് ഉപയോഗിക്കപ്പെട്ടത്. നാടന്‍ പാട്ടുകള്‍ക്കും പുള്ളുവന്‍ പാട്ടിനും സവിശേഷ ഈണം നല്‍കിയത് രാഘവന്‍ മാസ്റ്ററാണ്. പാട്ടുകളുടെ അവതരണം നീലക്കുയിലിനെ അപേക്ഷിച്ച് സിനിമ കൈവരിച്ച ആഖ്യാന സവിശേഷതകളുടെ നിദര്‍ശനവുമാണ്. നിര്‍മ്മാല്യത്തില്‍ പാട്ടുകളൊന്നും നേരിട്ട് ആലപിക്കപ്പെടുന്നില്ല. വിദൂരതയില്‍ പാട്ടുപാടി നീങ്ങുന്ന ആള്‍ക്കൂട്ടവും ഓര്‍മ്മയില്‍ മിന്നിമായുന്ന പുള്ളുവന്‍ പാട്ടുമെല്ലാമാണ് അതിലുള്ളത്. നീലക്കുയിലിലെ പാട്ടുകളെല്ലാം നേരിട്ട് പാടുന്നവയാണ്. അതിലൊന്നു മാത്രം ('എങ്ങനെ നീ മറക്കും കുയിലെ') നീലിയുടെ അവസ്ഥ വിവരിച്ചുകൊണ്ട് അജ്ഞാത ഗായകന്‍ പാടുന്നതാണ്.
നീലക്കുയിലില്‍ ആധുനികതയുടേയും ദേശീയതയുടേയും പ്രതിനിധാനങ്ങളായ രണ്ടു കഥാപാത്രങ്ങള്‍ അദ്ധ്യാപകനായ ശ്രീധരന്‍ നായരും (സത്യന്‍) പോസ്റ്റ്മാനായ ശങ്കരന്‍ നായരുമാണ്(പി. ഭാസ്‌കരന്‍). ശ്രീധരന്‍ നായരുടെ റോളിലേക്ക് ആദ്യം പരിഗണിച്ചത് രാമു കാര്യാട്ടിനെയായിരുന്നു. അതുപോലെ പോസ്റ്റ്മാന്റെ റോളിലേക്ക് പി.ജെ. ആന്റണിയേയും. എന്നാല്‍, ആന്റണിക്ക് കൃത്യസമയത്ത് എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ ഭാസ്‌കരന് ആ നിയോഗം വന്നുചേര്‍ന്നു. ശ്രീധരന്‍ നായരെ അനാഥനായാണ് സിനിമ അവതരിപ്പിക്കുന്നത്. ശങ്കരന്‍ നായരും ഒരര്‍ത്ഥത്തില്‍ അനാഥന്‍ തന്നെ. ആധുനികതയുടെ മാതൃകാസ്ഥാനത്തിരിക്കുന്നുണ്ടെങ്കിലും നാട്ടിലെ പൊതുസ്ഥലങ്ങളിലൊന്നും ശ്രീധരന്‍ നായരെ കാണുന്നില്ല. നീലിയോട് (ശാരീരിക) പ്രണയമുണ്ടെങ്കിലും നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ അവള്‍ക്കൊപ്പം നില്‍ക്കാനും അയാള്‍ക്കു കഴിയുന്നില്ല. ആധുനിക സന്ദര്‍ഭത്തില്‍ ജീവിക്കുകയും ഉപജീവനാര്‍ത്ഥം അതിന്റെ മണ്ഡലത്തില്‍ ചേര്‍ന്നുനില്‍ക്കുകയും ചെയ്തുവെങ്കിലും ആധുനികതയുടെ ആശയങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തൊരാളാണ് ശ്രീധരന്‍ നായര്‍. പിതൃത്വത്തിലൂടെ സനാഥത്വത്തിലേക്കും പൗരത്വത്തിലേക്കും ഉയര്‍ത്തപ്പെടുന്ന മോഹനെപ്പോലെ അയാളും ദേശീയ ആധുനികതയുടെ വ്യവഹാരങ്ങള്‍ അംഗീകരിക്കാന്‍ മറ്റു കാരണങ്ങളാല്‍ നിര്‍ബ്ബന്ധിതനാവുകയും അങ്ങനെ പുതിയ പൗരത്വം സ്വീകരിക്കുകയുമാണ്. പോസ്റ്റ്മാന്‍ ശങ്കരന്‍ നായര്‍ വാക്കിലും പ്രവൃത്തിയിലും ആധുനികതയെ കൊണ്ടുനടക്കുന്നു. ആളുകളുമായി ഇടപഴകുകയും കത്തുകള്‍ കൈമാറുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളെല്ലാം അദ്ദേഹം അതിനായി ഉപയോഗിക്കുന്നു. നാട്ടിലെ സര്‍വ്വസമ്മതനുമാണ് അദ്ദേഹം. നളിനിയുടെ അമ്മയുടെ മരണ സമയത്ത് രാമായണം വായിക്കുന്നതും ശങ്കരന്‍ നായരാണ്.
നിര്‍മ്മാല്യത്തില്‍ ഈ വിധത്തില്‍ ആധുനികതയുടെ സന്ദേശവാഹകരായി ആരുമില്ല. പുഴകടന്നെത്തുന്ന ഉണ്ണി നമ്പൂതിരി പൂജാരിയാണ്. അമ്പലമാണ് അയാളുടെ ചുറ്റുവട്ടം. അമ്മിണിയോട് വഴി ചോദിച്ച് ഒരിക്കല്‍ മാത്രം അയാള്‍ പോസ്റ്റോഫീസ് വരെ പോകുന്നു. അയാള്‍ക്ക് ഇടപെടാനുള്ള സാമൂഹ്യ സന്ദര്‍ഭങ്ങളൊന്നും അവിടെയില്ല. അമ്മിണിയോടാണ് അയാള്‍ ഉല്പതിഷ്ണുവായി ചില കാര്യങ്ങള്‍ പറയുന്നത്. നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ അയാള്‍ അമ്മിണിയെ കയ്യൊഴിഞ്ഞപ്പോള്‍ അവള്‍ക്കത് വിധിവിഹിതമായി അംഗീകരിക്കേണ്ടിയും വരുന്നു. എന്നാല്‍, നീലക്കുയിലിലെ ദളിതയായ നീലി വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രകടിപ്പിക്കുന്ന മന:സ്ഥൈര്യം പ്രധാനമാണ്. നീലി തന്റെ ഗര്‍ഭസ്ഥിതി അറിയിച്ചപ്പോള്‍ മറ്റാരെയെങ്കിലും കല്യാണം കഴിച്ച് പരിഹാരമുണ്ടാക്കാനാണ് ശ്രീധരന്‍ നായര്‍ നിര്‍ദ്ദേശിച്ചത്. ശ്രീധരന്‍ നായര്‍ നിര്‍ദ്ദേശിച്ച വഴിയിലൂടെ പോകാന്‍ നീലി വിസമ്മതിച്ചു. ''ആ വഴിയിലൂടെ പോയാല്‍ ഞാനുണ്ടാവൂല, ഞാന്‍ പിന്നെ ഞാനാവൂല'' എന്നു നിശ്ചയദാര്‍ഢ്യത്തൊടെ പറഞ്ഞ നീലി റെയില്‍വേ പുറമ്പോക്കിലാണ് കുഞ്ഞിനു ജന്മം നല്‍കിയതും സ്വശരീരം വെടിഞ്ഞതും. ആധുനികതയുടെ പാഞ്ഞെത്തുന്ന തീവണ്ടിയാല്‍ മരണം കാംക്ഷിച്ച നീലിയെ സ്പര്‍ശിക്കാതെ ഒരേസമയം ജനനത്തിനും മരണത്തിനും സാക്ഷിയായി തീവണ്ടി കടന്നുപോയി. എന്നാല്‍, നീലി മരിച്ച കാലത്ത് ജനിച്ച നിര്‍മ്മാല്യത്തിലെ അമ്മിണി ശ്രദ്ധാപൂര്‍വ്വം ഓരോ ചുവടും വെച്ചുകൊണ്ട് വീടിനു പുറത്തിറങ്ങുമ്പോള്‍ വഴിയില്‍ പലതരം ശാസനകള്‍ അവളെ കാത്തുനില്‍ക്കുന്നുണ്ട്.
നിര്‍മ്മാല്യത്തില്‍ തീവണ്ടിയില്ല. താന്നിക്കുന്നിന്റെ നെറുകയില്‍ നിന്നാല്‍ പുഴയുടെ മറുകരയിലൂടെ പോകുന്ന തീവണ്ടിയുടെ കാഴ്ചയെപ്പറ്റി എം.ടി. എഴുതിയിട്ടുണ്ടെങ്കിലും ആ തീവണ്ടിയെ സിനിമയില്‍ കൊണ്ടുവന്നിട്ടില്ല. നിര്‍മ്മാല്യത്തിലെ പ്രധാന പൊതുസ്ഥലവും ആധുനികതയുടെ സ്ഥാനവും ഒരു പോസ്റ്റോഫീസാണ്. അവിടെ കത്തുകള്‍ വാങ്ങാന്‍ ആളുകളെത്തുന്നു. ബ്രഹ്മദത്തന്‍ നമ്പൂതിരിയും അവിടെ ചെന്നു തനിക്കുള്ള കത്തുകള്‍ കൈപ്പറ്റുന്നു.
നിര്‍മ്മാല്യത്തില്‍ തീവണ്ടിയില്ല. താന്നിക്കുന്നിന്റെ നെറുകയില്‍ നിന്നാല്‍ പുഴയുടെ മറുകരയിലൂടെ പോകുന്ന തീവണ്ടിയുടെ കാഴ്ചയെപ്പറ്റി എം.ടി. എഴുതിയിട്ടുണ്ടെങ്കിലും ആ തീവണ്ടിയെ സിനിമയില്‍ കൊണ്ടുവന്നിട്ടില്ല. നിര്‍മ്മാല്യത്തിലെ പ്രധാന പൊതുസ്ഥലവും ആധുനികതയുടെ സ്ഥാനവും ഒരു പോസ്റ്റോഫീസാണ്. അവിടെ കത്തുകള്‍ വാങ്ങാന്‍ ആളുകളെത്തുന്നു. ബ്രഹ്മദത്തന്‍ നമ്പൂതിരിയും അവിടെ ചെന്നു തനിക്കുള്ള കത്തുകള്‍ കൈപ്പറ്റുന്നു. കേരളത്തിലെങ്ങും ഗള്‍ഫ് യാത്രകള്‍ക്കു തുടക്കം കുറിച്ച അക്കാലത്ത് വിദേശത്തുനിന്നുള്ള കത്തുകളും ഡ്രാഫ്റ്റുകളും വേഗത്തില്‍ കൈപ്പറ്റാന്‍ പോസ്റ്റോഫീസില്‍ ആളുകള്‍ നേരിട്ടെത്തുമായിരുന്നു. നിര്‍മ്മാല്യത്തില്‍ നാനാമതസ്ഥര്‍ ഒത്തുകൂടുന്ന ഇടങ്ങളിലൊന്നും അതാണ്. നീലക്കുയിലില്‍ പോസ്റ്റ്മാനാണ് നവോത്ഥാനത്തിന്റെ ആകെ സ്ഥാനം ഏറ്റെടുത്തത്. നിര്‍മ്മാല്യത്തില്‍ പോസ്റ്റോഫീസ് തന്നെയാണ് നവോത്ഥാന ഇടങ്ങളിലൊന്ന്.
നീലക്കുയിലിലെ പൊതുസ്ഥലം
നീലക്കുയിലില്‍ നീലിയിലൂടെയും അവരുടെ കുടുംബത്തിലൂടെയും ദൃശ്യത കൈവരിച്ച ദളിത സമൂഹം നിര്‍മ്മാല്യത്തില്‍ പുഴയ്ക്കക്കരെ പാട്ടുപാടി മറയുന്ന ഒരു വിദൂര ദൃശ്യമാണ്. അവരിലാരുടേയും മുഖം ദൃശ്യമല്ല. ഉണ്ണിനമ്പൂതിരി വിടപറഞ്ഞു മറയുന്ന വറ്റിയ പുഴയുടെ ദൃശ്യത്തിനു പരഭാഗഭംഗി ചേര്‍ക്കുന്നതാണ് ആ നാടന്‍ പാട്ടിന്റെ യുക്തി. നവോത്ഥാനത്തിന്റെ ഭാവനകളില്‍ ദളിത് ജീവിതത്തിന് ലഭ്യമായിരുന്ന ഇടം പില്‍ക്കാലത്ത് നിലനിര്‍ത്തപ്പെടുകയുണ്ടായില്ല.
നമ്മുടെ നാട്ടില്‍ സിനിമാ ടാക്കീസുകള്‍ക്കൊപ്പം സ്ഥാനം നേടിയ പൊതു ഇടങ്ങളിലൊന്ന് ചായക്കടകളാണ്. 'പന്തിഭേദങ്ങളില്ലാതാക്കിയ സ്ഥല'മെന്ന് സി.എസ്. വെങ്കിടേശ്വരന്‍ നിരീക്ഷിക്കുന്ന ചായക്കടകളില്‍ നാടിന്റെ പൊതുവിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇന്നത്തെ ഫേസ്ബുക്കിന്റെ സ്ഥാനമാണ് ഒരുകാലത്ത് ചായക്കടകള്‍ നിര്‍വ്വഹിച്ചത്.
നീലക്കുയിലിലെ പ്രധാനപ്പെട്ട പൊതുസ്ഥലം നാണുനായര്‍ നടത്തുന്ന 'ഭഗവതി സഹായം ടീഷോപ്പ്' എന്ന ചായക്കടയാണ്. അതിന് 'നായര്‍ കാപ്പി ക്ലബ്ബ്' എന്നൊരു ഉപശീര്‍ഷകവുമുണ്ട്. നായരുടെ ചായക്കട എന്നാണ് അറിയപ്പെടുന്നതെങ്കിലും അത് അന്നാട്ടിലെ പ്രധാന പൊതുസ്ഥലങ്ങളിലൊന്നാണ്. അവിടെ എല്ലാവര്‍ക്കും പ്രവേശനമുണ്ട്. നാട്ടിലെ പൊതുകാര്യങ്ങളും വിശേഷങ്ങളുമെല്ലാം ചര്‍ച്ച ചെയ്യുന്നത് അവിടെയാണ്. പോസ്റ്റ്മാന്‍ ശങ്കരന്‍ നായരുടേയും ഉല്‍പ്പതിഷ്ണുവും രസികനുമായ മൊയ്തുവിന്റേയും പ്രധാന സങ്കേതം ചായക്കടയാണ്. അവിടെയിരുന്നുകൊണ്ടുതന്നെ ചായയുടെ കുറ്റം പറയാം. നായരെന്നും മാപ്ലയെന്നും പോസ്റ്റ്‌മേനോനെന്നുമൊക്കെ വിളിക്കാം. ശ്രീധരന്‍ നായരുടെ സാന്നിദ്ധ്യം അവിടെ തീരെയില്ല എന്നത് വൈരുദ്ധ്യമായി തോന്നാം.
യാദൃശ്ചികമെങ്കിലും നിര്‍മ്മാല്യത്തിലെ ചായക്കടയുടെ പേരും 'ഭഗവതി സഹായം ടീഷാപ്പ്' എന്നുതന്നെയാണ്. ഊണ്‍ & കാപ്പി ക്ലബ്ബ് എന്ന ഉപശീര്‍ഷകം അതിനു കീഴിലുണ്ട്. ക്ഷേത്രവൃത്തികൊണ്ട് ജീവിതം അസാദ്ധ്യമായതിനാലാണ് നിര്‍മ്മാല്യത്തിലെ നമ്പൂതിരി ചായക്കട നടത്താന്‍ ഇറങ്ങിപ്പുറപ്പെട്ടത്. എന്നാല്‍, രണ്ടു ചായക്കടകളും തമ്മില്‍ കാലഗതിക്കു വിരുദ്ധമായ അന്തരം അനുഭവപ്പെടും. നീലക്കുയിലിലെ ചായക്കടയിലെ വിഭവവൈവിദ്ധ്യവും ജനാധിപത്യവുമൊന്നും ഇവിടെയില്ല. അയിത്താചരണത്തിന്റെ ശേഷിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടാണ് നമ്പൂതിരി ചായക്കട നടത്തുന്നത്. അതുകൊണ്ടുതന്നെ അതൊരു പൊതു ഇടമായി മാറുന്നതുമില്ല. പാത്രവില്‍പ്പനക്കാരന് അയാള്‍ ചായഗ്ലാസ്സ് കയ്യില്‍ കൊടുക്കുന്നില്ല. വെളിച്ചപ്പാട് അവിടെ വന്ന് ഒരു ഗ്ലാസ്സ് വെള്ളം വാങ്ങിക്കുടിക്കുകയും ചെയ്യുന്നു. കാവിലെ ഉത്സവത്തിനു പിരിവു ചോദിക്കുമ്പോള്‍ അയാള്‍ എട്ടണ നാണയം നല്‍കുകയും തന്റെ തൊഴിലിനെത്തന്നെ ഇകഴ്ത്തി സംസാരിക്കുകയും ചെയ്യുന്നു. നമ്പൂതിരിക്കും പുതിയ പ്രവൃത്തി ആനന്ദം നല്‍കുന്നതായി തോന്നുന്നില്ല. സാമൂഹ്യബന്ധങ്ങള്‍ കുറഞ്ഞൊരാളാണ് നിര്‍മ്മാല്യത്തിലെ ചായക്കടക്കാരനെങ്കില്‍ നീലക്കുയിലില്‍ അയാള്‍ വ്യത്യസ്തനാണ്. എന്നാല്‍, തന്റെ പുരോഗാമിത്വത്തിന് അയാള്‍ അതിര് നിശ്ചയിച്ചിട്ടുണ്ട്. നീലിയുടെ കുഞ്ഞിനെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന ശങ്കരന്‍ നായരെ അതില്‍നിന്നു ജാതിയുടെ പേരുപറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നവരിലൊരാള്‍ നാണുനായരാണ്. നീലക്കുയിലില്‍ ഒരു ചായക്കട വര്‍ത്തമാനത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന വെളിച്ചപ്പാട് നിര്‍മ്മാല്യത്തില്‍ മുഖ്യ കഥാപാത്രമാണ്. നീലക്കുയിലില്‍ പോസ്റ്റ്മാനാകേണ്ടിയിരുന്ന പി.ജെ. ആന്റണി നിര്‍മ്മാല്യത്തില്‍ വെളിച്ചപ്പാടായി മികച്ച നടനുള്ള ഭരത് പുരസ്‌കാരവും നേടി (പോസ്റ്റ്മാന്റെ റോളില്‍ പി.ജെ. ആന്റണിയെ സങ്കല്പിച്ചു നോക്കുന്നത് കൗതുകകരമാണ്).
'കായലരികത്ത്' എന്ന പാട്ടുപാടുകയും ചെണ്ടക്കാരനെ തോടിന്റെ മറുകരയെത്താന്‍ സഹായിക്കുകയുമൊക്കെ ചെയ്യുന്ന നീലക്കുയിലിലെ മൊയ്തു ഉപജീവനാര്‍ത്ഥം മീന്‍പിടുത്തവും കച്ചവടവും പണയത്തിനു പണം കടം കൊടുക്കലുമായി ഗ്രാമജീവിതത്തില്‍ അര്‍ത്ഥവും ആശയങ്ങളും ചംക്രമണം ചെയ്യുന്ന ആളാണ്. അയാള്‍ നാട്ടിലെ മാറ്റങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിക്കുകയും പോസ്റ്റ്മാനു സര്‍വ്വ പിന്തുണ നല്‍കുകയും ചെയ്യുന്നു. നീലിയുടെ മകനെ വളര്‍ത്താന്‍ ധൈര്യപ്പെട്ട ശങ്കരന്‍ നായര്‍ക്ക് ഒരു ചായ വാങ്ങിക്കൊടുക്കുന്നു. എന്തുകൊണ്ടോ നീലി മരിച്ചു കിടക്കുന്ന രംഗത്തില്‍ മൊയ്തുവിന്റെ സാന്നിദ്ധ്യമില്ല. മൊയ്തുവിന്റെ അനന്തര തലമുറയായ നിര്‍മ്മാല്യത്തിലെ മയമുണ്ണി ചെറുകിട കച്ചവടങ്ങളും പലിശയ്ക്ക് പണം കടം കൊടുക്കലുമൊക്കെയായി കഴിയുന്നു. വെളിച്ചപ്പാടും അയാളുടെ കടക്കാരനാണ്. മയമുണ്ണിക്ക് ഇടപെടാനവസരമുള്ള പൊതുകാര്യങ്ങളൊന്നും നിര്‍മ്മാല്യത്തില്‍ സംഭവിക്കുന്നില്ല. എങ്കിലും നാട്ടിലെ സാമ്പത്തിക ജീവിതം ചെറുതായെങ്കിലും ചലിപ്പിക്കുന്ന കണ്ണിയാണ് മയമുണ്ണി. മൂലകഥയിലില്ലാത്ത മയമുണ്ണിയെ സിനിമയ്ക്കായി എം.ടി. സൃഷ്ടിച്ചെടുത്തതാണ്.
നീലക്കുയിലിന്റേയും നിര്‍മ്മാല്യത്തിന്റേയും ഗ്രാമംവിട്ട് നീണ്ട യാത്ര നടത്തി നഗരത്തിലെത്തിയ കൊടിയേറ്റത്തിലെ വിശ്വവും സീതയും വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുക എന്ന വിദ്ധ്വംസക പ്രവൃത്തി സ്വയംവരിച്ചവരാണ്. എല്ലാവര്‍ക്കും ഇടമുള്ള നഗരം അവരേയും ഉള്‍ക്കൊണ്ടുവെങ്കിലും വലിയ സൗമനസ്യമൊന്നും കാട്ടിയില്ല. നാട്ടില്‍ കിട്ടാത്ത നീതി നഗരത്തിലും കിട്ടിയില്ലെന്നു മാത്രം. രാഷ്ട്രീയ പ്രകടനത്തില്‍ നിന്നൊഴിഞ്ഞുമാറിയ വിശ്വത്തിനു പിരിച്ചുവിടപ്പെട്ട ഒരു തൊഴിലാളിയുടെ സ്ഥാനത്ത് ജോലിയില്‍ കയറിപ്പറ്റേണ്ടി വന്നു. രാഷ്ട്രീയത്തില്‍ നിന്നൊഴിഞ്ഞുനില്‍ക്കാന്‍ ശ്രമിച്ച വിശ്വത്തെ രാഷ്ട്രീയം പിന്നില്‍നിന്നു പിടികൂടി. എങ്കിലും നാട്യപ്രധാനം നഗരമെന്നും നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്നുമുള്ള വരികള്‍ വീണ്ടുമുദ്ധരിക്കാനുള്ള സന്ദര്‍ഭമൊന്നും സിനിമ സൃഷ്ടിക്കുന്നില്ല.
നീലിയുടെ മകന്‍ മോഹനെ ഒരു വലിയ മനുഷ്യനായി വളര്‍ത്താനുള്ള ആഹ്വാനത്തോടെ 'ട്രാജഡി'യാകുമെന്നു കരുതിയെങ്കിലും 'കോമഡി'യായി മാറിയ നീലക്കുയിലിന്റെ മാതൃകയല്ല സ്വയംവരവും നിര്‍മ്മാല്യവും പിന്തുടര്‍ന്നത്.
വിശ്വാസനഷ്ടങ്ങള്‍ വെളിച്ചപ്പാടിനെയെന്നപോലെ സ്വയംവരത്തിലെ വിശ്വത്തേയും ബലികൊടുത്തു. നീലിയുടെ ബലിയിലൂടെയാണ് ശ്രീധരന്‍ നായര്‍ ശുദ്ധീകരിക്കപ്പെടുന്നതും മോഹന്‍ പുതിയ പൗരത്വത്തിലേക്കുയര്‍ത്തപ്പെടുന്നതും. വെളിച്ചപ്പാടിന്റെ ബലിയില്‍ ഒരു ഗ്രാമമാകെ ശുദ്ധീകരിക്കപ്പെടുന്നു. വിശ്വത്തിന്റെ മരണം സീതയെ പുതിയൊരാളാക്കുന്നു. സ്വതന്ത്ര ഇന്ത്യയിലും ഐക്യകേരളത്തിലും യുവതലമുറ നേരിടുന്ന തൊഴിലില്ലായ്മയുടെ തീക്ഷ്ണത രണ്ടു രീതിയില്‍ സ്വയംവരവും നിര്‍മ്മാല്യവും രേഖപ്പെടുത്തുന്നു. വിശ്വമില്ലാത്ത വീട്ടില്‍ സീതയ്ക്ക് പുതിയ തെരഞ്ഞെടുപ്പുകള്‍ ആവശ്യമാണ്. പുറത്തു മഴപെയ്യുമ്പോള്‍ കാറ്റുവന്നടിക്കുന്ന വാതിലിന്റെ സാക്ഷയിലേക്ക് നോക്കിയിരിക്കുന്ന സീതയുടെ ദൃശ്യം ട്രാജഡിയോ കോമഡിയോ അല്ലാത്തൊരു പര്യവസാനം സിനിമയ്ക്ക് നല്‍കുന്നു.
നീലക്കുയിലിന്റെ ഭിന്നരീതിയിലുള്ള തുടര്‍ച്ചകളാണ് ചെമ്മീനും ഓളവുംതീരവും നിര്‍മ്മാല്യവും സ്വയംവരവും മറ്റു പല സിനിമകളും ആവിഷ്‌കരിച്ച കേരളീയതകള്‍. സിനിമയെപ്പോലെ കേരളിയതയും ഒരു ചലനവ്യവസ്ഥയാണെന്ന വസ്തുത ഒരോ സിനിമകളും ഓര്‍മ്മിപ്പിക്കുന്നു. നീലക്കുയിലില്‍ ആവിഷ്‌കരിക്കപ്പെട്ട കേരളീയതയുടെ പ്രതീകങ്ങളൊന്നും നിര്‍മ്മാല്യത്തിന്റെ കാലത്ത് ദൃശ്യമല്ല. ഇരുപതു കൊല്ലം മുന്‍പുള്ള കഥയിലെ കാഴ്ചകളല്ല സിനിമ രേഖപ്പെടുത്തിയത്. അതേകാലത്തുതന്നെ സ്വയംവരത്തിലൂടെ അവതീര്‍ണ്ണമായ നഗരങ്ങളും അവിടെ നിലനിന്ന അപരിചിത ജീവിതവുമെല്ലാം ചേര്‍ന്ന കേരളീയത മറ്റൊന്നായിരുന്നു. അവയില്‍ ആവഷ്‌കരിക്കപ്പെട്ട പ്രണയസന്ദര്‍ങ്ങള്‍ 'കേരളീയ'മെന്നപോലെ അത്രമേല്‍ വൈരുദ്ധ്യങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞവയുമായിരുന്നു.
കേരളീയതയ്ക്ക് അര്‍ത്ഥമാറ്റം സംഭവിച്ചൊരു കാലത്താണ് നീലക്കുയിലിലേയും നിര്‍മ്മാല്യത്തിലേയും കേരളീയഭൂതങ്ങളെ നാം അന്വേഷിക്കുന്നത്. കേരളീയതയെ നിശ്ചയിച്ചിരുന്ന സ്ഥലം, കാലം അവയില്‍നിന്നുരുത്തിരിഞ്ഞ ജീവിതവൃത്തികള്‍ എന്നിവയെല്ലാം ഇന്ന് മറ്റൊന്നാണ്. നീലക്കുയിലിലെ കാര്‍ഷികജീവിതം നിര്‍മ്മാല്യത്തില്‍ ഓര്‍മ്മ മാത്രമാണ്. നീലക്കുയിലില്‍ തന്നെ തകരുന്ന ജന്മിത്തവും മരുമക്കത്തായവുമാണ് കേരളീയതയുടെ ചിഹ്നങ്ങള്‍. സ്വയംവരത്തിലെ വിശ്വവും സീതയും നഗരത്തിലിരുന്ന് തങ്ങളുടെ ഗ്രാമകേരളം ഓര്‍ക്കുന്നു.
ഭൂതകാലത്തിന്റെ അതിരും ആകാശവുമല്ല ഇന്നത്തെ കേരളത്തെ നിര്‍ണ്ണയിക്കുന്നത്. വാള്‍ട്ടര്‍ ബെഞ്ചമിന്‍ പറയുംപോലെ ചരിത്രം ഭൂതകാല സംഭവങ്ങളുടെ എണ്ണിപ്പറയലോ എതെങ്കിലും കാലത്തിന്റെ പുനരുജ്ജീവനത്തിനുള്ള ശ്രമമോ അല്ല. ഘോരമായ ഒരാപത്തിന്റെ നിമിഷത്തില്‍ മിന്നിമറയുന്ന ഒരോര്‍മ്മയെ കയ്യെത്തിപ്പിടിക്കലാണ്. 'കേരള സ്റ്റോറി'കള്‍ മലയാളവും ഓര്‍മ്മകളുമില്ലാത്ത കേരളത്തെ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. ചരിത്രവും ഭൂതകാലവും അപ്രസക്തമാകയാല്‍ നീലക്കുയിലും അതിന്റെ പിന്തുടര്‍ച്ചകളും അവയിലെ സംഘര്‍ഷപൂര്‍ണ്ണമായ ജീവിതങ്ങളും പ്രണയങ്ങളുമൊന്നും ആ കേരളത്തിന്റെ ഓര്‍മ്മയില്‍ മിന്നിമറയുന്നില്ല. ഭൂതമില്ലാത്തതിനാല്‍ തന്നെ വര്‍ത്തമാനവും ഭാവിയും അതിലില്ല.
റഫറന്‍സ്:
1. Jenons Joseph/Revisiting Neelakkuyil: On the Left's cultural vision, Malayali nationalism and the questions of 'regional cinema.'
2. ഡോ. ടി. അനിതകുമാരി(എഡി.)/സിനിമ ആസ്വാദനത്തിന്റെ ചരിത്രവഴികള്‍.
3. വിജയകൃഷ്ണന്‍/മലയാള സിനിമയുടെ കഥ.
4. ഡോ. സി.എസ്. വെങ്കിടേശ്വരന്‍/ചായക്കടയിലെ മിശ്രഭോജനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
