ഇലകളുടെ ഓര്‍മ്മ ജലച്ചായത്തിലാണ്

ഇലകളുടെ ഓര്‍മ്മ ജലച്ചായത്തിലാണ്

ന്ന്:

കുഞ്ഞിക്കാലുകള്‍കൊണ്ട്
കാടും കുന്നും കേറി
ഇലകള്‍ ശേഖരിക്കും.

കുഞ്ഞിക്കൈകള്‍കൊണ്ട്
കൂട്ടിക്കൊണ്ടുവരുന്ന
പൂവുകള്‍ പങ്കുവെക്കും.

അനുരാധ,
ആകാശത്തോളം
അഴകുള്ളവള്‍.

അതുകളിലിരിക്കും
ദൈവത്തെപ്പോലെ
അതിശയമായവള്‍

രണ്ട്:

ഇരുണ്ടുതീരാത്ത 
രാത്രിയില്‍ ഞങ്ങള്‍
തമ്മില്‍ ചേര്‍ന്നിരുന്നു.

പാടിയിട്ടും പാടിയിട്ടും
പതിയാത്ത പാട്ടുകള്‍
പറഞ്ഞുതീര്‍ത്തിരുന്നു.

പത്തൊന്‍പതിന്റെ 
പരിവേദനങ്ങളില്‍
പിടികിട്ടാതെയലഞ്ഞു.

ഇരുപതിന്റെ
ഇരുണ്ട വളവുകളില്‍
ഇണപിരിയാതെ കഴിഞ്ഞു.

മൂന്ന്:

ഇരുപത്തിയെട്ടില്‍
ഞങ്ങള്‍ അകന്നു.

ഇരുപത്തിയൊന്‍പതില്‍
പിരിഞ്ഞു.

പച്ചനിറമുള്ള
ഓര്‍മ്മകളെല്ലാം
ജലച്ചായത്തില്‍ പടര്‍ന്നു.

ഒറ്റവരിയുള്ള
ഈണങ്ങളെല്ലാം 
ഒറ്റയടിക്ക് മറന്നു.

നാല്:

മുതിര്‍ന്നപ്പോള്‍
അവള്‍ ചിത്രകാരിയായി.
ഞാന്‍ ഒറ്റുകാരിയും.

കുതിര്‍ന്നപ്പോള്‍
അവള്‍ വര്‍ണ്ണങ്ങള്‍ വിതറി
ഞാന്‍ പലതായി ചിതറി.

ജനാലയ്ക്കരികില്‍
അവള്‍ വരയ്ക്കുമ്പോള്‍
പുഴയൊഴുക്കില്‍
ഞാന്‍ മരിക്കുകയായിരുന്നു.

അവളുടെ ചിത്രത്തിനും
എന്റെ ശവത്തിനും
അങ്ങനെയാണ്
ജലം മാധ്യമമായത്.

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com