

ദുഃഖവെള്ളിയാഴ്ചകളിലാണ് ഞങ്ങള്‍ കുട്ടികള്‍
ഓന്തുവേട്ടക്കാരായി ഇറങ്ങിപ്പുറപ്പെടാറ്
പീലാത്തോസിന്റെ പടയാളികളെപ്പോലെ
കമ്പും കവണയുമായി എല്ലാ മുള്‍വേലികളും
ഞങ്ങള്‍ കൂകിയാര്‍ത്തു കാടിളക്കും
കവണയ്ക്കു വീഴ്ത്തിയും വിലാപുറത്തു കുത്തിയും
അര്‍ദ്ധപ്രാണനാക്കിയ ഓന്തിനെ ഞങ്ങള്‍
നിര്‍ദ്ദയം വിചാരണ ചെയ്യും,
'ഇവന്‍, ഗീവര്‍ഗ്ഗീസിന്റെ കന്യകകളെ ശാപ്പിടുന്നവന്‍,
കുരിശേറിയ ദൈവപുത്രന് മൂത്രം കൊടുത്തവന്‍...'
ആ സാത്താന്റെ സന്തതിയെ ക്രൂശിക്കും മുന്‍പ്
ഞങ്ങളവനെ കമ്മട്ടിപ്പശ1 കുടിപ്പിക്കും
ഭ്രാന്തിളകിയ നീതിമാനായ ഓന്ത്
ഗാഗുല്‍ത്തായിലെ വേലിപ്പൊത്തുവരെ പരക്കംപായും
പിന്നെ, വാഴപ്പോളയില്‍ തീര്‍ത്ത വിശുദ്ധ കുരിശില്‍
അവന്റെ കൈകളും വാലും വലിച്ചുചേര്‍ത്ത്
കാരമുള്ളിന്റെ ആണി ഞങ്ങള്‍ അടിച്ചുകയറ്റും
മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാതിരിക്കാന്‍
അവന്റെ കുഴിമാടത്തിനു മുകളില്‍ ഞങ്ങള്‍
വലിയ പാറക്കല്ലുകള്‍ ഉരുട്ടിവയ്ക്കും.
കായേലിന്റെ സന്തതികളായ ഞങ്ങള്‍
ദൈവഭയത്തോടെ കാരമസോവു2കളായി വളര്‍ന്നു
ഞായറാഴ്ച കുര്‍ബ്ബാനയിലെ പുരോഹിതന്റെ ചീര്‍ത്ത വാക്കുകള്‍
യേശുവിന്റെ ഗിരിപ്രഭാഷണം പോലെ ആസ്വദിച്ചു
മേടകളുടെ വളര്‍ത്തുമക്കളായ ഞങ്ങള്‍
വ്യാപാരക്കടലിലെ കപ്പലോട്ടക്കാരായി,
അരക്കെട്ടില്‍ അണലിപ്പാമ്പു തലയുയര്‍ത്തി കിടക്കുന്ന
ഘോര പ്രഘോഷകരായി,
സമുദായത്തിലും സഭാമന്ദിരങ്ങളിലും ചുംബനംകൊണ്ട്
ബലിക്കുള്ളവരെ തെരഞ്ഞെടുക്കുന്നവരായി...
കുട്ടിക്കാലത്തെ വിശുദ്ധ വിനോദമായിരുന്ന ഓന്തുവേട്ട
ഞങ്ങളിപ്പോഴും മറന്നിട്ടില്ല
ഷൈലോക്കി3ന്റെ അനന്തരവന്മാരായ ഞങ്ങളിന്ന്
രക്തം പൊടിയാതെ മാംസം മുറിച്ചെടുക്കാന്‍
മിടുക്കുള്ളവരാണ്.
1 ഒരിനം പാലയുടെ പശ
2 ദസ്‌തെയേവ്‌സ്‌കിയുടെ വിഖ്യാത നോവല്‍, കാരമസോവ് സഹോദരന്മാര്‍
3 ഷേക്‌സ്പിയര്‍ കഥാപാത്രം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates