

വഴിയരുകിൽ അനാഥയായ
ഒരു പൂച്ചയെ കണ്ടു.
ദയതോന്നി ഞാനതിനെ
വീടെന്ന് വിളിക്കാനാവാത്ത
കഷ്ടതയിലേയ്ക്ക് കൊണ്ടുപോന്നു.
സുഖമായുറങ്ങി...
തെരുവും ആൾക്കൂട്ടവും
പേടിയുള്ള പൂച്ച
ഇല്ലായ്‌മയിലും.
ഞാനൊരാളെ അഗാധമായ്
പ്രണയിക്കുന്നുണ്ടായിരുന്നു.
പ്രണയത്തിൽ കേട്ടിരിക്കാനും
കൂട്ടായും പൂച്ചയുണ്ടായിരുന്നു.
രാവിലെ ഉണർത്തി.
കാൽതൊട്ട് മുഖം വരെ
അതിന്റെ മുഖമുരസി
അവന്റെ പ്രണയത്തിനു മുൻപേ
എന്നെ സ്നേഹിച്ചാൽ മതിയെന്ന്
വിലപിച്ചുകൊണ്ടിരുന്നു.
പൂച്ച നന്ദിയില്ലാത്ത മൃഗമെന്ന്
കാമുകൻ കാതിൽ മുരളും.
പൂച്ചയെപ്പോഴും കൂടെയിരുന്നു.
ഒരിക്കൽ പ്രണയം നിലച്ച്
എന്നെയുപേക്ഷിച്ച് കാമുകൻ പോയി.
നിലയില്ലാക്കയത്തിലാഴ്ന്ന്
കണ്ണുനീരില്ലാതെ
രാത്രി പകലറിയാതെയിരുന്നു.
തെരുവിന്റെ അശാന്തതയിൽ
ഞാനതിനെയെടുത്തപോൽ
ഒച്ചവച്ച് ഉമ്മവച്ച് ചേർത്ത്പിടിച്ച്
പൂച്ചയെന്നെ ജീവിതത്തിലേയ്ക്ക്
തിരികെ വിളിച്ച് നന്ദികാട്ടി.
കുറച്ച് നാൾ കഴിയുമ്പോൾ
എനിക്ക് നല്ലകാലം വന്നു.
വീടെന്ന കഷ്ടതയ്ക്കപ്പുറമായിരുന്നത്
ജയിക്കാനുള്ളയാസക്തിയാൽ
പൂച്ചയെ കോരിയെടുക്കാതെ
കഷ്ടതയുടെ
വീട്ടുവരാന്തയിലുപേക്ഷിച്ച്
നല്ലകാലത്തിലേക്ക്
ഞാനിറങ്ങിപ്പോന്നു.
എനിക്ക് ഇരുട്ടിലും തിളങ്ങുന്ന കണ്ണ്
കപടതയുടെ മുരൾച്ച
ഉപേക്ഷിച്ച് കടന്നുകളയുന്നവന്റെ
ജാഗ്രതയുടെ വാലനക്കങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
