അനില്‍ മുട്ടാര്‍ എഴുതിയ കവിത 'പെരപ്പുറത്തെ പൂച്ച'

അനില്‍ മുട്ടാര്‍ എഴുതിയ കവിത 'പെരപ്പുറത്തെ പൂച്ച'
Updated on
1 min read

വർഷങ്ങൾ പലതിലേക്കെത്തുന്ന ഒരിക്കലാണ്

ആ കറുത്ത കണ്ടൻ പൂച്ച

പെരപ്പുറത്തേക്ക് ഓടിക്കയറുന്നത്...

അങ്ങനെയൊരു ദിവസത്തിലാണ്

അമ്മമണം മായാത്ത

പുകക്കറമൂടിയ അടുക്കള ചായ്‌പും

തുലാമഴകൾ കുടിച്ചു ചീർത്തയോലകൾ തുളച്ച്

തുള്ളിക്കൊരു കുടമായ്

ചാണകത്തിണ്ണയിലേക്ക് കുത്തിയിറങ്ങുമ്പോഴാണ്

പുരമേയണമെന്ന ചിന്ത വരുന്നത്...

പക്ഷേ,

വൃശ്ചിക തണുപ്പിലെല്ലാം മറക്കും

കുംഭമാസ നിലാവുകൾ

മുഖത്തു വെള്ളപൂശുമ്പോൾ

പിന്നെ

മീന സൂര്യൻ വിയർപ്പുകൊണ്ട്

ഉടലു പൊള്ളിക്കുമ്പോൾ

മെടഞ്ഞുതീർത്ത ഓലക്കെട്ടുകൾ

ഒന്നൂടെ വെയിലു കൊള്ളിച്ചു

പുതിയോലയിൽ പഴയോല കുത്തി

പെരപ്പുറം മേയുന്ന ദിവസം

കറുത്ത കണ്ടൻ പൂച്ചയ്ക്ക് ഓർമ്മയാണ്...


മുറ്റത്തെ പ്ലാവിൻ ചുവട്ടിലെ

അടുപ്പുകല്ലുകൾ തീ കായുന്നതും...


ചായ്പ്പിലെ തട്ടിൽ പുകക്കറ തിന്നു

കറുത്ത അലൂമിനിയം പാത്രങ്ങൾ

കിണറ്റിൻകരയിൽ ചാരത്തിൽ മുങ്ങി വെളുക്കുന്നതും...

അരിക്കലമൊന്നു നിവർന്നു

നിറഞ്ഞു തിളച്ചുതൂവുന്നതും...

മീനുളുമ്പിന്റെ മണം

ചട്ടിയിൽ ചുറ്റിപ്പിടിക്കുന്നതും

നോക്കി പെരപ്പുറത്തു പൂച്ച നോക്കിയിരിക്കും...


മൂത്ത തെങ്ങിൻ കള്ളിന്റെ ചൂരടിക്കുമ്പോൾ

കാറ്റിലൊരു ഓലക്കീറ്

മെടഞ്ഞുകുത്തിയ ഓലമടയിലേക്ക് തലകുത്തിവീഴും...

പെരപ്പുറത്തെ അടയ്ക്കാ വാരിക്കമ്പുകൾ

കൂട്ടിക്കെട്ടുന്ന പുതുകയറുകൾക്കും

കള്ളു തൂവിയ മണമാണ്...

വെയിലു മൂക്കും മുന്‍പേ

പെരമേഞ്ഞു തീർക്കാൻ

ഇറച്ചിവെന്തമണം

കാറ്റുകൾ ദിശതെറ്റാതെ

പെരപ്പുറത്തേക്കേറ്റിവിടുന്നു...

ഓല കുത്തിപ്പാകുന്നതിന്റെ വേഗം കൂടിയവസാനം

പെരപ്പുറത്തെയുച്ചിയിൽ വാരിക്കമ്പുകുത്തുമ്പോൾ

താഴെ കൗഡിപ്പിഞ്ഞാണികൾ കൂട്ടിമുട്ടുമ്പോൾ

പെരപ്പുറത്തൂന്ന് കണ്ടൻ പൂച്ച ചാടിയിറങ്ങും

പിന്നെ

തെക്കേമൂലയിൽ പതികൾക്കു വെച്ച

വാഴയിലയിലെ

കള്ളു തളിച്ച ഇറച്ചിയും ചോറും തിന്ന്

ഇലയോരത്തുതന്നെ കണ്ടൻ പൂച്ച ചുരുണ്ടുറങ്ങും...


ഉറക്കമുണർന്നാൽ വീണ്ടും പെരപ്പുറത്തേക്കു നോക്കും...


ഇനിയെത്ര വർഷത്തിലേക്കെത്തണം

ഈ പെരപ്പുറത്തേക്കോടിക്കയറാൻ...

പുകക്കറ പിടിച്ച പെരക്കകത്തിരുന്നു

കുംഭമാസനിലാവു കാണാൻ...

മഴത്തുള്ളികൾ രാത്രിയുടെ ഉറക്കം കെടുത്താൻ...

വെയിൽവട്ടങ്ങൾ മുഖത്തേക്കു

ചാഞ്ഞൊന്നുപ്പൊള്ളിക്കാൻ...


വർഷങ്ങൾ ഓർമ്മകളായി

കാറ്റേറ്റു കെടുമ്പോൾ

ഓലമണം പഴയകാലത്തെ

കവിതച്ചൂരായിന്നു നെഞ്ചു പൊള്ളിക്കുമ്പോൾ

ഓലയും ഓടുമിറങ്ങിപ്പോയ വീടിനുള്ളിലെ

കരിമണം മാഞ്ഞ അടുക്കളച്ചുമരിൽ

ഓരോ മുഖങ്ങളും എങ്ങുമെത്താതെ

പ്രഷർകുക്കറിന്റെ

മൂന്നാമത്തെ വിസിലിൽ വെന്തുവീഴുന്നു...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com