ഡി. യേശുദാസ് എഴുതിയ കവിത ‘സ്വപ്നദംശനങ്ങള്‍’

ഇല്ലസ്ട്രേഷന്‍
ഇല്ലസ്ട്രേഷന്‍സചീന്ദ്രന്‍ കാറഡുക്ക
Updated on
1 min read

തീച്ചന്തമായിരുന്നു ശകുന്തളേച്ചിക്ക്.

പ്രാണനായിരുന്നു ശകുന്തളേച്ചിയെ,

എന്നിട്ടും

ശേഖരേട്ടൻ വിഷമടിച്ചു മരിച്ചു

ജീവിതത്തിന്റെ ഒത്തനടുക്കുവെച്ച്

പരമകുടിയനായ പച്ചപ്പാവം

ഒരു പാറപ്പുറത്തു കമിഴ്ന്നടിച്ചു കിടന്നു

പാറയുടെ കഴുത്തിൽ ഉമ്മവയ്ക്കുംപോലെ.

പിടികിട്ടാമട്ടിൽ മരണപ്പാറയിൽ

കൈകൾ കുഴഞ്ഞുകിടന്നു

എണീൽക്കാനുള്ള കാലുകളിലെ ശ്രമം

പെരുവിരലിൽ ഉന്നിനിന്നു

ഒരല്പം ചോര മൂക്കിൽ കണ്ണിമച്ച്

തലച്ചോറിൽ ഉറക്കം ചുറ്റിക്കിടന്നിട്ടും

കണ്ണുകളിൽ ചാരത്തൂളിച്ച തോന്നീട്ടും

വീടിന്റെ ഇറമ്പത്ത് ശേഖരേട്ടനെ

ഇടിമിന്നൽ വെട്ടത്തിൽ ശകുന്തളേച്ചി

പലതവണ സ്വപ്നം കണ്ടു.

ഒരു ദിവസം

മരിച്ചീനി പിഴുതോണ്ട് വരുന്നു ശേഖരേട്ടൻ. വേറൊരിക്കൽ

ചക്ക വെട്ടിയിടുന്നു ശേഖരേട്ടൻ.

പിന്നൊരിക്കൽ കുട്ടനിറയെ

മാമ്പഴം കൊണ്ടുവരുന്നു ശേഖരേട്ടൻ.

ഒരു രാത്രി മഴ നനഞ്ഞുവന്ന

ശേഖരേട്ടനെ കണ്ട് ശകുന്തളേച്ചി

“സ്നേഹക്കൊതിയൻ, എന്നെ

വിട്ടുപോകുന്നില്ല സ്വപ്നത്തിലും”

എന്ന് ആറിച്ചിരിച്ചു.

“മരിച്ചിട്ടും ഞാനില്ലാതെ ജീവിക്കാൻ കഴിയാത്തോൻ”

മരിച്ചോന്റെ പ്രണയമൂർച്ചയിൽ

ആണുങ്ങളോടൊരലിവും ഉണ്ടായിവന്നു

ഒരിക്കൽ

ഒരുകെട്ടു വയ്‌ക്കോലും ചുമന്ന്

സ്വപ്നത്തിൽ വന്ന ശേഖരേട്ടനെ

കണക്കിനു ശകാരിച്ചു:

“എന്തിനാപ്പോ ഇതും കെട്ടിക്കൊണ്ട് വരണേ.

മരിച്ചോരൊന്നും ഇങ്ങോട്ട് വരണ്ട”

“എനിക്ക് ജീവിതം കൊതിയായിരുന്നെടി.

എനിക്ക് നിന്നെ മതിയായില്ലെടി

പക്ഷേ, ഒരു പരവേശമായിരുന്നെടി

എപ്പോഴും വിട്ടുപോകാനൊരു തിക്കുമുട്ടായിരുന്നെടി”

പട്ടി മോങ്ങുംപോലെ മോങ്ങി

ജീവിച്ചിരിക്കെ

ഒരു മുട്ടായിപോലും കൊണ്ടുവരാത്തവൻ

ഇപ്പോ ഇതാ ഒരു പ്ലാസ്റ്റിക് കൂട് നിറയെ

ജാമ്പയ്ക്ക കൊണ്ടുവച്ചിട്ട് പോയിരിക്കുന്നു.

പിന്നൊരിക്കൽ

“ശകുന്തളേ ശകുന്തളേ

ശേഖരേട്ടാ ശേഖരേട്ടാ”

എന്ന് വിളിക്കുമൊരു തത്തമ്മയെ കൂട്ടിലാക്കി

മുറ്റത്തെ പേരമരത്തിൽ ഞാത്തിയിരിക്കുന്നു

അത് മാറി മാറി പേര് വിളിക്കുന്നു

“ഇയാളെ ഞാൻ കൊല്ലും”

ശകുന്തളേച്ചി പറഞ്ഞു

വെള്ളമടിച്ചു പുഴയിൽ വീണ്

ഇളയമോൻ മരിച്ചിട്ട്

ഒന്നു കാണാൻ കൂടി ശേഖരേട്ടൻ വന്നില്ല.

“തന്ത എന്നും പറഞ്ഞു കറങ്ങിനടന്നാൽ തന്തയാകുമോ

ഉണ്ടാക്കിയിട്ടിട്ട് പോയില്ലേ,

നേരെ ചൊവ്വേ വളർത്താൻ ആരാ ഉള്ളത്

പറഞ്ഞതെല്ലാം പഞ്ഞിപോലെ പോയില്ലേ”

ശകുന്തളേച്ചി അലറിക്കരഞ്ഞു

പിന്നെ ഏറെക്കാലം കഴിഞ്ഞാണ്

സ്വപ്നസ്ഥൻ വന്നത്

ഏതോ ദീർഘയാത്ര കഴിഞ്ഞുവരുന്ന

ഒരാളെപ്പോലെ ക്ഷീണിച്ചിരുന്നു.

നര പടർന്ന താടിയും മുടിയും.

കണ്ണിൽ ഏതോ ദൂരം ഓളംവെട്ടി.

കാണാതിരുന്നു കാണുന്നപോലെ

സന്തോഷം തിളങ്ങി.

കൊണ്ടുവന്ന കരിവള ചാന്ത്

കണ്മഷി മാല കമ്മൽ കണ്ട്

ശകുന്തളേച്ചി ഒന്നു വീർപ്പുമുട്ടി.

ഒരു കുറ്റബോധച്ചിരി അയാളിൽ നിന്നുറന്നു

അന്നവർ ഒന്നുമേ മിണ്ടിയില്ല;

“പോയിട്ട് ഇതെത്ര കാലമായി

ഇപ്പോഴെങ്കിലും വരാൻ തോന്നിയല്ലോ”

എന്നുപോലും.

പിന്നെയൊരുത്സവകാലത്താണ്

ശേഖരേട്ടൻ വന്നത്

രാവിലെ വീടാകെ കൊഴുന്നിന്റെ മണം

വരാന്തയിൽ ഒരു കെട്ട് കൊഴുന്നിരിക്കുന്നു

ശേഖരേട്ടനെ എങ്ങും കാണുന്നില്ല

എല്ലാടവും ശകുന്തളേച്ചി പരവേശപ്പെട്ടു നോക്കി

“ഒരു ഗ്ലാസ് ചായയെങ്കിലും കുടിച്ചിട്ട് പൊയ്ക്കൂടേ

ഈ പ്രാന്തന്”

ശകുന്തളേച്ചിക്ക് ദേഷ്യം വന്നു

പിറ്റേന്ന് കണ്ടു

ഒരു ഉപ്പൻകാക്ക മരിച്ചുകിടക്കുന്നു

ശകുന്തളേച്ചിയുടെ അവത കേട്ടു മുതിർന്ന

തെങ്ങും കമുകും മാവും കുരുമുളകും

മിണ്ടാട്ടം മുട്ടിയപോലെ നിൽക്കുന്നു

ആരെയോ കണ്ടപോലെ പശു

അമർത്തിക്കരയുന്നു

ശകുന്തളേച്ചി പിന്നെ

സ്വപ്നങ്ങളൊന്നും കണ്ടില്ല

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com